ഓർമ്മപ്പുസ്‌തകത്തിലെ കീറിയ താളുകളിൽ ഇനിയും മാഞ്ഞുപോകാത്ത ചിലതുണ്ട് . അത് ചിത്രമായും, എഴുത്തായും , വാക്കുകളായും അങ്ങനെ കിടക്കുന്നു . അതിലെല്ലാം ഒരു ചെറിയ പെൺകുട്ടി ഉണ്ട് , സ്വപനം കാണുന്ന, ഉത്തരധ്രുവത്തിൽ പോയി ജീവിക്കണം ജീവിക്കാൻ സാധിച്ചില്ലെങ്കിലും ഒരിക്കൽ അവിടെ മഞ്ഞുപാളികൾക്കിടയിലൂടെ ഒന്ന് നടക്കാൻ എങ്കിലും സാധിക്കണേ എന്ന് മോഹിച്ചവൾ ,
എന്തിനാണ് അന്ന് അങ്ങനെയൊക്കെ ആലോചിച്ചതെന്നു അറിയില്ല . എവിടെയോ വായിച്ചപ്പോൾ തോന്നിയ മോഹം .
വേനൽക്കാലത്ത് അർദ്ധരാത്രി സൂര്യനെ കാണാൻ , പിന്നെ ശൈത്യകാലത്ത് എവിടെയോ മറഞ്ഞ സൂര്യനെ കാത്തിരിക്കൽ.
ഇനി അവിടെ പോകാൻ സാധിച്ചില്ലെങ്കിൽ ഫിൻലാൻഡ് ആണെകിലും മതി അവിടെ പോകാൻ ആഗ്രഹിച്ചത് പ്രധാനമായിട്ടു റൊവാനിയമിയിലുള്ള (Rovaniemi ) സാന്റാ ക്ലൗസിന്റെ വീട് കാണാനാണ് .
കല്യാണം കഴിഞ്ഞപ്പോൾ ബെഞ്ചമിൻ ചോദിച്ചു "മെർലിന് ഹണിമൂണിന് എവിടെ പോകണം ?"
" എനിക്ക് അന്റാർട്ടിക്കയിൽ പോകണം അല്ലെങ്കിൽ ഫിൻലാൻഡ് ആണെങ്കിലും മതി
ഉത്തരം പറയാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു കുറച്ചു സമയത്തിന് ശേഷം
" തമാശ പറഞ്ഞതാ ? "
" തമാശ ഒന്നുമല്ല , എനിക്കറിയാം അവിടെയൊന്നും പോകാൻ പറ്റില്ലായെന്നു .. ചോദിച്ചപ്പോൾ ആഗ്രഹം പറഞ്ഞു എന്ന് മാത്രം "
" നമുക്ക് ഊട്ടി , കൊടൈക്കനാൽ ഈ സ്ഥലത്തെ തണുപ്പ് തത്കാലം മതി"
വർഷങ്ങളോളം ബെഞ്ചമിൻ അത് പറഞ്ഞു കളിയാക്കിയിരുന്നു .
" ഒരാൾക്ക് സാന്റാ ക്ലൗസിന്റെ വീട് കാണണംപോലും അതങ്ങു ഫിൻലാന്റിൽ " അതുകേൾക്കുമ്പോൾ സത്യത്തിൽ ദേഷ്യം വരും
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞപോലെ
"ഫിൻലൻഡിനെ കളിയാക്കരുത്, നിങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന ഈ നോക്കിയ ഫോൺ ഉണ്ടല്ലോ , അത് അവിടെ ഉണ്ടാക്കിയതാ , ആയിരം തടാകങ്ങളുടെ നാടാണത്"
വായന ഇല്ലാത്ത, പൊതുവിജ്ഞാനം ഒന്നും അറിയാത്ത ഈ പലചരക്കുകടക്കാരനെ ആണല്ലോ തനിക്കു ദൈവം വെച്ചിരുന്നത് " പക്ഷെ അമ്മച്ചിക്ക് ബഞ്ചമിനെ കുറ്റം പറയുന്നത് തീരെ ഇഷ്ടമില്ല . അമ്മയുടെ പ്രിയ മരുമകനാണ് ബെഞ്ചമിൻ .
മറ്റേ മരുമകനെപോലെയല്ല .ചില്ലിക്കാശ് കളയില്ല , ആഴ്ചയിൽ ഒന്നെങ്കിലും അമ്മച്ചിയെ കാണാൻ വരും , അമ്മച്ചിക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും കൈയ്യിൽ കരുതും. വയ്യാഴിക പറഞ്ഞാൽ ഡോക്ടറെ കാണിക്കാൻ കൂട്ടികൊണ്ടു പോകും , സ്വന്തം മകനുപോലുമില്ലാത്ത കരുതലാണ് .
ഇന്നു പലചരക്കു കടയുടെ സ്ഥാനത്തു രണ്ടു സൂപ്പർ മാർക്കറ്റ് . ഒന്നിനും ഒരു കുറവില്ല . ഇങ്ങനെ ഒരു മകനെ കിട്ടാൻ ഭാഗ്യം ചെയ്യണം ,
യാത്ര പോകുന്ന കാര്യം മാത്രം പറയേണ്ട . വർഷത്തിൽ ഒരിക്കൽ വേളാങ്കണ്ണിക്കല്ലാതെ എങ്ങും പോകില്ല , സമയമില്ല .
പെണ്മക്കളെ രണ്ടുപേരെയും അവരുടെ ഇഷ്ടത്തിന് പഠിപ്പിച്ചു , ഒരാൾ ടീച്ചർ ആയി , അവളുടെ കല്യാണം കഴിഞ്ഞു , രണ്ടാമത്തവൾ നഴ്സിംഗ് പഠിക്കുന്നു , അപ്പയുടെ സ്വന്തം അമ്മു , അമല ബെഞ്ചമിൻ .
പെട്ടെന്നാണ് ഒരു ദിവസം ബെഞ്ചമിൻ കുഴഞ്ഞു വീണത് , മസ്തിഷ്ക രക്തസ്രാവം, ഒരു മാസം ആശുപത്രിയിൽ കിടന്നു , തിരികെ ആംബുലൻസിൽ ബഞ്ചമിനെ തിരികെ കൊണ്ടുവന്നപ്പോൾ തൻ്റെ ജീവിതം അവിടെ അവസാനിച്ചു എന്ന് മെർലിൻ കരുതി .
തൻ്റെ ശാഠ്യത്തിനും , മാറുന്ന ഓരോ മാനസികാവസ്ഥക്കും കൂടെ നിന്നയാൾ. താമാശക്കു വല്ലതും പറയുമെന്നൊഴിച്ചാൽ ഒരിക്കലും കയർത്തുപോലും സംസാരിച്ചിട്ടില്ല .
സ്വന്തം കഠിനാദ്ധ്വാനംകൊണ്ട് മുൻപോട്ടു വന്നയാൾ . അല്ലേലും ദൈവം അങ്ങനെയാ , നല്ലവരെ വേഗം കൂട്ടിക്കൊണ്ടുപോകും .
ബെഞ്ചമിൻ ജീവിച്ചിരുന്ന കാലം സ്നേഹിക്കപ്പെടുന്നു എന്ന് തോന്നിയിട്ടില്ല , പക്ഷെ അയാൾ സ്നേഹം മാത്രമായിരുന്നു .
നമ്മൾ അർഹിക്കുന്നതിലും കൂടുതൽ കിട്ടുമ്പോൾ അതിനു വിലയില്ല എന്ന് മനസ്സിലായി . കുറച്ചുകൂടെ അയാളെ സ്നേഹിക്കാമായിരുന്നു , നല്ല വാക്കുകൾ പറയാമായിരുന്നുവെന്നു മെർലിന് തോന്നി .
" ഞാനുണ്ട് നിനക്കെന്നു " പറഞ്ഞയാൾ എവിടെ ?
നഷ്ടമായപ്പോൾ ഇല്ലാതായതു അസ്തിത്വവും നിഴലും അല്ല നിഴലിനും കൂട്ടായിരുന്ന മറ്റൊരു നിഴലായിരുന്നു ബെഞ്ചമിൻ .
ഒരു വർഷം കടന്നു പോയി , കടയിലെ കാര്യങ്ങൾക്കു മൂത്ത മരുമകനും , മകളും സഹായിച്ചു ..എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭാവം ഉണ്ടായി . അത് സ്വാഭാവികം .
ഒരു ദിവസം , ഓഫീസിലെ മേശയുടെ വലിപ്പിൽനിന്നും , ഒരു കവർ മരുമകന് കിട്ടി , കേരളത്തിലുള്ള കുറെ ട്രാവൽ ഏജൻസികളുടെ ലഘുലേഖകൾ.
" അപ്പ , അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകാൻ പ്ലാൻ ഇട്ടിരുന്നോ"
" ഇല്ല , എന്താ "
" ഫിന്ലാന്ഡിലെ യാത്രയുടെ വിവരങ്ങൾ അടങ്ങിയ കുറെ ബ്രോഷുർ ഒരു കവറിൽ കിട്ടി , പ്രത്യേകിച്ചു ലാപ്‌ലാന്റിലേക്കുള്ളത് "
മോൾ ആ കവർ മെർലിനെ ഏല്പിച്ചു ..
ഫിൻലാൻഡും , ലാപ്‌ലാൻഡും കൈയ്യിൽ ഇരുന്നു വിറച്ചു.
മക്കളോട് പഴയ ഒരു ആഗ്രഹത്തിന്റെ കഥ അപ്പനോട് പറഞ്ഞതവൾ പിന്നെയും ആവർത്തിച്ചു .
അപ്പക്ക് അമ്മയെ അവിടെ കൊണ്ടുപോകാൻ ആഗ്രഹം ഉണ്ടായിരുന്നു .
സ്കൂൾ അവധിയാകട്ടെ , നമ്മൾ അവിടെ പോയിരിക്കും "
ബെഞ്ചമിൻ ശേഖരിച്ചു വെച്ച കടലാസുകളിൽ മെർലിൻ കണ്ടത് , ആ ചിരിയായിരുന്നു .. ഞാനുണ്ട് എന്ന് പറഞ്ഞു പൊതിഞ്ഞു പിടിക്കുന്ന ആ കൈകൾ.
ഈ പ്രപഞ്ചത്തിന്റെ മുഴുവൻ സ്നേഹം പറയാതെ പോയ ബെഞ്ചമിൻ എന്തെല്ലാമോ പറഞ്ഞ് അവളെ കളിയാക്കി ചിരിച്ചു .
---- ----- -----
( ഫിൻലാൻഡ് സാന്താക്ലോസ്സിന്റെ രാജ്യം എന്ന് കൂടി അറിയപ്പെടുന്നു. രാജ്യത്തെ വടക്കൻ പ്രദേശമായ ലാപ്‌ലാന്റിലാണ് (Lapland) ക്രിസ്മസ് അപ്പൂപ്പൻ ജീവിക്കുന്നത് എന്നാണ് വിശ്വാസം.)