വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ പാടത്തേക്കു ചെന്നു. പാടവരമ്പത്തെ കറുകപ്പുല്ലിന്റെ പുറത്തു വിരിച്ച ഉണങ്ങിയ ഓലപ്പുറത്തിരുന്നു ബിനീഷ് മറ്റു രണ്ടു കൂട്ടുകാരായ ഹരീഷിനോടും ജയദേവനോടും സംസാരിക്കുകയായിരുന്നു. ക്രിക്കറ്റ് കളിക്കാൻ വരുന്നവർ ആരെയും കണ്ടില്ലല്ലോ ആരും വന്നില്ലേ? നേരം വൈകിയിട്ടും കാണുന്നില്ലല്ലോ? എന്റെ ചോദ്യങ്ങൾക്കു മറുപടി തരാതെ ബിനീഷ് പുതിയ സ്കൂളിലെയും ക്ലാസിലുണ്ടായ സംഭവങ്ങളെക്കുറിച്ചും അവരോടു വാചാലനായി തുടർന്നു. പ്രതിപാദ്യ വിഷയം അവന്റെ ദൃഷ്ടിയിൽ പതിഞ്ഞ തരുണീമണികളായിരുന്നു. ചുറ്റുമൊന്നു കണ്ണോടിച്ചു ആരും ഇനി വരാനില്ലെന്ന ധാരണയിൽ ഞാനും അവർക്കൊപ്പമിരുന്നു. യൗവന തീക്ഷ്ണതയിൽ ദർശനവും പുണ്യമായി കണ്ടിരുന്ന കാലത്തേ കുൽസിതങ്ങളുടെ പരിണാമസരണിയിൽ വിഹരിച്ച വാക്കുകളുടെ പര്യായങ്ങൾ ബിനീഷ് സദ്യയ്ക്ക് നാക്കിലയിൽ തൊടുകറികൾ വിളംബുന്നപോലെ ഓരോ പെണ്ണിനെക്കുറിച്ചും വിളമ്പുന്നുണ്ടായിരുന്നു. ബിനീഷ് പറഞ്ഞു തീരുന്നുകഴിഞ്ഞാൽ എന്റെ നേർക്ക് അവന്റെ ചോദ്യങ്ങളുയരുമെന്നു എനിക്ക് ഉപ്പായിരുന്നു. പക്ഷേ അവനെപ്പോലെ പൊടിപ്പും തൊങ്ങലും ചാർത്തി വിവരിക്കാൻ എനിക്ക് വശമില്ലായിരുന്നു. ശ്രവണസുഖമുളവാക്കിയ വാക്കുകൾ ഞങ്ങൾ അക്ഷമരായി കേട്ടിരുന്നു.
എഴുപുന്ന സ്വദേശിയും അതീവ സുന്ദരിയും ഭൗതികശാസ്ത്രത്തിൽ ബിരുദാന്തര ബിരുദവും ഇടിവെട്ട് പേരിനു ഉടമയുമായ ഷേർളി തരകനായിരുന്നു എന്റെ ക്ലാസ് ടീച്ചർ. അപരിചിതമായ അന്തരീക്ഷത്തിൽ ശ്വാസംമുട്ടിയ ക്ലാസ്സ്മുറിയിലെ ആദ്യദിനം ഓരോരുത്തരുടെ പേരും സ്ഥലവും സ്വയം പരിചയപ്പെടുത്തുന്ന ദിനം കൂടിയായിരുന്നു. ക്ലാസ്സിലെ മൂന്നാം ബെഞ്ചിൽ നാലാമനായിരുന്ന എന്റെ വിശേഷങ്ങൾ ഞാനും ഓരോന്നായി പറഞ്ഞു. ക്ലാസ്സിലെ സുന്ദരികളായ പെൺകുട്ടികളെക്കുറിച്ചായിരുന്നു ബിനീഷിനു കൂടുതൽ അറിയേണ്ടിരുന്നത്. ബിനീഷിന്റെ വായിനോട്ടത്തിന്റെ മേന്മകൊണ്ടു ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ ഗിരിരാജൻകോഴിഎന്നായിരുന്നു വിളിച്ചിരുന്നത്. കൂടുതൽ വിവരിക്കാതെ വിരലിലെണ്ണാവുന്ന സുന്ദരികൾ ക്ലാസ്സിൽ ഉണ്ടായിരുന്നെന്ന് പറഞ്ഞു. പക്ഷേ എന്റെ മനസിനെ കീറിമുറിക്കുന്ന സിമിയുടെ സൗന്ദര്യം ഒരു പെണ്ണിലും ഞാൻ കണ്ടില്ല. സിമി അത്രയ്ക്ക് സുന്ദരിയല്ലെങ്കിലും പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്നവസ്ഥയിൽ അവളുടെ കണ്ണുകൾക്കും കുറുകിയ കഴുത്തിലെ വരകളും ചുവന്ന ചുണ്ടുകളിൽ വിരിയുന്ന ചിരികൾക്കും എന്നെ പ്രേമബദ്ധനാക്കുന്ന പ്രണയാസ്ത്രം അവളിൽ നിക്ഷിപ്തമായിരുന്നു. പിന്നീട് ബിനീഷ് സിമിയുടെ കാര്യങ്ങൾ അന്വേഷിച്ചു. നേരിയ നിരാശ കലർന്ന ഭാവത്തിൽ ഞാൻ പറഞ്ഞു. അവൾ ഏതു സ്കൂളിൽ ചേർന്നെന്നോ എവിടെയാണെന്നോ എനിക്കറിയില്ല. ആകാശ നീലിമയിലേക്കു കറുപ്പ് പുതയ്ക്കാൻ തുടങ്ങിയിരുന്നു. പിന്നീട് കാണാമെന്നു പറന്നു ഞങ്ങൾ പിരിഞ്ഞു. വഴിയിലൂടെ പുന്നോട്ടു പോകുന്നതിനിടയിൽ എന്റെ മനസ്സു മുഴുവൻ സിമിയിലേക്കുള്ള ചിന്തകളിലേക്ക് നീന്താൻ തുടങ്ങിയിരുന്നു.
മത്സരബുദ്ധിയോടെ ഇരവുപകലുകൾ കടന്നുപോയി. ക്ലാസും സൗഹൃദവലയവും കൂടുതൽ ബലപ്പെട്ടു. ചിരികളും തമാശകളും കളിയാക്കലുകളും വീർപ്പുമുട്ടിക്കുന്ന പാഠ്യവിഷയങ്ങളും താളുകൾ മറിയുന്നപോലെ മറിഞ്ഞുകൊണ്ടിരുന്നു. പുതിയകാവ് ലൈബ്രറിയിൽ നിന്നും ഞാൻ വായിക്കാൻ എടുത്തുകൊണ്ടുവന്ന എല്ലാം പുസ്തകങ്ങളും വായിച്ചു തീർത്തു. പുസ്തക വായനയിൽ പുതിയവ ഉൾക്കൊള്ളിക്കാൻ വേണ്ടി ശനിയാഴ്ച ദിവസം ലൈബ്രറിയിലേക്ക് പോയി. പഴ പുസ്തകങ്ങൾ രാജേന്ദ്രൻ ചേട്ടനെ തിരിച്ചേൽപ്പിച്ചു. പുസ്തകത്തിന്റെ പേരോ എഴുത്തുകാരനെയോ നോക്കാതെ റാക്കിൽ നിന്നും നാലോ അഞ്ചോ കയ്യിലെടുത്തു. പുസ്തകങ്ങളുടെ വിവരങ്ങൾ രാജേന്ദ്രൻ ചേട്ടൻ രജിസ്റ്ററിൽ കുറിക്കുമ്പോൾ കൂട്ടത്തിൽ സിമിയുടെ കാര്യം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. നാളുകൾക്കു മുന്നേ സിമി എല്ലാ പുസ്തകവും തിരിച്ചേൽപ്പിച്ചു പിന്നെ ഇങ്ങോട്ടേക്കു വന്നിട്ടില്ല എന്ന അദ്ദേഹത്തിന്റെ മറുപടി എന്നിൽ ആശങ്കയുണർത്തി. പുസ്തകങ്ങളെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന സിമി ലൈബ്രറിയിൽ വരാതാകുന്നത് എന്തുകാരണത്താലാകുമെന്നുള്ള എന്റെ സംശയങ്ങൾ കൂടുതൽ വഴി തിരയുവാൻ തുടങ്ങി. ഇനിനു മുൻപും മൂന്ന് നാലു തവണ ഞാൻ അവളുടെ വീടിനുമുന്നിൽ പോയി അന്വേഷിച്ചിരുന്നു പക്ഷേ കാണാൻ കഴിഞ്ഞിരുന്നില്ല. ഒന്ന് കൂടി അവളുടെ വീടിനു മുന്നിലൂടെ പോയി നോക്കിയാലോ എന്ന ചിന്തയും ഉടലെടുത്തു. പിന്നെ വേണ്ടാന്ന് വെച്ച് വീട്ടിലേക്കു നടന്നു തുടങ്ങി.
തിരിച്ചു വരുന്ന വഴിയിൽ ആരെയോ കാത്തുനിൽക്കും വിധം ബിനീഷ് റോഡരുകിൽ നിൽക്കുന്നത് കണ്ടു. എന്റെ മുഖത്തെ വിഷാദത്തിനു എരിതീയിൽ എണ്ണയൊഴിക്കും വിധം സംസാരം തുടങ്ങുന്നതിനിടയിൽ അവൻ സിമിയുടെ കാര്യങ്ങൾ അവതരിപ്പിച്ചു. അവൾക്കു ആരോ നൽകിയ പ്രേമലേഖനം അവളുടെ അച്ഛൻ വീട്ടിൽ കണ്ടെന്തി വഴക്കും ബഹളവുമായി അവളെ ആലപ്പുഴയിലെ ഏതോ സ്കൂളിൽ ചേർത്തു. ഇപ്പോൾ അവൾ അമ്മയുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത് എന്ന് പറഞ്ഞതും എന്നെ നിമിഷവേഗത്തിൽ മൗനത്തിലാക്കി. ലൈബ്രേറിയന്റെ വാക്കും ഞാൻ സിമിയെ തിരഞ്ഞിട്ടു അവളെ കാണാതിരുന്നതും ബിനീഷ് പറഞ്ഞുവെച്ച വാക്കുകൾക്ക് ബലം നൽകി. അവൻ അറിഞ്ഞ കാര്യങ്ങൾ എങ്ങിനെ അറിഞ്ഞെന്നോ? ആര് പറഞ്ഞെന്നോ? ഞാൻ അവനിൽ നിന്നും ചോദിച്ചറിയാൻ ശ്രമിച്ചില്ല. ആ പ്രേമലേഖനം നൽകിയ വ്യക്തി ഞാനാണെന്ന കാര്യം ബിനീഷിനോടുപോലും പറഞ്ഞിരുന്നില്ല. ദീർഘനേരത്തെ മൗനം വെടിഞ്ഞു പിന്നീട് പരസ്പരം പറയാൻ വാക്കുകളില്ലാതെ പോകുന്നു എന്ന് പറഞ്ഞു അവൻ പുതിയകാവ് കവലയിലേക്കും ഞാൻ വീട്ടിലേക്കും നടന്നു.
അഗാതപ്രണയത്തിൽ കുരുത്ത ഹൃദയ ഭാഷ്യമായി വെള്ളത്താളുകളിൽ ആദ്യമായി ഞാൻ എഴുതിയ പ്രേമലേഖനത്തെ ഞാൻ ശപിച്ചു. അങ്ങനെ എഴുതിരുന്നില്ലായിരുന്നു എങ്കിൽ ഇപ്പോൾ എനിക്ക് സിമിയെ കാണുകയെങ്കിലും ചെയ്യാമായിരുന്നു എന്ന് ആത്മഗതം പറഞ്ഞു. നെരിപ്പോടിൽ നീറുന്ന കനലുപോലെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം നേരിൽ പറയുക മാത്രമായിരുന്നു ഉചിതമെന്നു തോന്നിപോയി. ഭാവനയ്ക്കും ചിന്തകൾക്കും നിശബ്ദ പ്രണയത്തിനും ആർക്കും തടയിടാനാകില്ലല്ലോ.? രേഖകളാകുമ്പോഴല്ലേ എല്ലാം ചരിത്രത്തിന്റെ വഴികളിലേക്ക് തിരിഞ്ഞു വകഭേദം വരുത്തി ചിക്കി ചികയാൻ കഴിയു. എന്നോർത്ത് ഞാൻ വിലപിച്ചു. നിദ്ര നഷ്ടപ്പെട്ടവന്റെ അന്ത്യയാമങ്ങളിൽ ഞാൻ ജനൽ വാതിലൂടെ പുറത്തേക്കു കണ്ണുകൾ പായിച്ചു. എന്റെ മുന്നിലെ ആകാശത്തു ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനെയും ഭൂമിയിൽ പരിമളം പടർത്തി വിരിയാൻ തുടങ്ങുന്ന പാരിജാത പുഷ്പ്പത്തേയും കണ്ടു. എന്നോടുള്ള ആത്മാർത്ഥ പ്രണയം സിമിയിലും നിലനിൽക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് ലഭിക്കുന്നത് ഒരേ നിലാവെളിച്ചം തന്നെയാകുമെന്നു ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഗന്ധർവ സംഗീതംപോലെ ഏതോ പ്രേമഗാനത്തിന്റെ ഈരടികൾ എന്നിലേക്ക് ഇളം തെന്നലായി തൊട്ടു തലോടി എന്നെ ഒന്നിക്കിളിപ്പെടുത്തി കടന്നു പോയി.
ഓണവും ക്രിസ്മസും പുതുവർഷവും കടന്നുപോയി. ഇതിനിടയിൽ എപ്പോഴൊക്കെയോ സിമി അവളുടെ വീട്ടിൽ വന്നുപോയിരുന്നു എന്ന് ഞാൻ അറിഞ്ഞു. പക്ഷേ എനിക്ക് അവളെ നേരിൽ കാണാൻ ഭാഗ്യം കിട്ടിയില്ല. വീണ്ടുമൊരു കത്തെഴുതാൻ എനിക്ക് ധൈര്യം വന്നില്ല. അല്ലെങ്കിലും ചിലതു അങ്ങനെയാണ് ആവേശത്തോടെ എടുത്തു ചാടും നഷ്പ്പെട്ടുകഴിയുമ്പോൾ കുറ്റബോധം വേട്ടയാടും അത് മനുഷ്യ സഹജമാണ്. പലപ്പോഴും തിരിച്ചറിവിലൂടെ അനുഭവങ്ങൾ തന്നുവെയ്ക്കുന്ന കാലത്തിന്റെ കയ്യൊപ്പുകളായി സാക്ഷ്യപ്പെട്ടു കിടക്കും. എന്റെ ക്ലാസ്സിലെ അതിരയ്ക്കു എന്നോട് ഇഷ്ടമുണ്ടെന്നു തോന്നുന്നുയെന്നു ഉറ്റസുഹൃത്തായിരുന്ന നന്ദഗോപൻ ഒരു സംശയം പ്രകടിപ്പിച്ചു. സിമിയോടുള്ള ഇഷ്ടവും നടന്ന വിഷയങ്ങളും ഞാൻ അവനോടു തുറന്നു പറഞ്ഞു. എല്ലാ ആൺകുട്ടികളുടെയും ആദ്യ പ്രണയം നഷ്ടപ്രണയമാണ് ചുരുക്കം ചിലർ അതിൽ രക്ഷപെടും നഷ്ടപ്രണയത്തിലല്ല ജീവിക്കേണ്ടത്. വീണ്ടും പ്രണയമുണ്ടാകും നഷ്ടപ്പെടുത്തിയതിനേക്കാൾ സുന്ദരമായ പ്രണയം നീ അത് വിട്ടു കളയൂ എന്ന് അവനിൽ നിന്നും ലഭിച്ച വാക്കുകൾ എന്റെ ചിന്തകളെ സ്പർശിക്കാൻ ശ്രമങ്ങൾ നടത്തി. പക്ഷേ എന്നിട്ടും ഞാൻ എന്റെ ആദ്യ പ്രേമം കുഴിച്ചു മൂടിയില്ല. ഓരോ രാവും പകലും സിമി അകലെയായിരുന്നിട്ടും ഞങ്ങൾ നടന്ന ഓർക്കളുടെ ഇടനാഴിയിലൂടെ വീണ്ടും നടന്നു പോയിക്കൊണ്ടിരുന്നു.
(തുടരും.....)
Read: https://emalayalee.com/writer/278