Image

ആന്‍ഡ്രുവിനോട് റീന ചരിത്രം ചോദിക്കുന്നു ( (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 28- സാംസി കൊടുമണ്‍)

Published on 22 July, 2024
ആന്‍ഡ്രുവിനോട് റീന ചരിത്രം ചോദിക്കുന്നു ( (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 28- സാംസി കൊടുമണ്‍)

സാം രാവിലെ റീനയെ കിടക്കയില്‍ കാണാതെ പുറത്തേക്കിറങ്ങിയപ്പോള്‍ റീന ബാല്‍ക്കണിയില്‍ കസേരയില്‍ നല്ല ഉറക്കത്തിലായിരുന്നു.

''റീന നിനക്കെന്തുപറ്റി''സാം അല്പം തൃതിപ്പെട്ടുചോദിച്ചു.

റീന മെല്ല ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് ചുറ്റിനും നോക്കി എന്നിട്ട് സ്ഥലകാല ബോധം വീണ്ടെടുത്തവളെപ്പോലെ പറഞ്ഞു:

''വലിയ സ്വപ്നങ്ങള്‍ എന്നെ വിഴുങ്ങി.അവര്‍ എന്നെ ഇവിടെ ഛര്‍ദിച്ച് എങ്ങോട്ടോ പടിയിറങ്ങി....സാം നീ പേടിക്കണ്ട... നമുക്ക് പോകണ്ടെ... നീ ഒരുങ്ങ്... വലിയ സമരങ്ങള്‍ നമ്മൂടെ മുന്നില്‍ വായും പിളര്‍ന്ന് കിടക്കുന്നു... ''റീന എന്തോക്കയോ പറയാന്‍ വന്നതിനെ ഉപേക്ഷിച്ച് എഴുനേറ്റു.

വാഷിംഗ്ടനിലേക്കുള്ള ബസ്സില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു സീറ്റില്‍,സാമിന്റെയും ആന്‍ഡ്രുവിന്റെയും നടുവിലായി റീന ഇരുന്നു. വെളിയിലെ കാഴ്ചകള്‍അതാരുടെയും കാഴ്ചയിലേക്ക് കടക്കുന്നതായി തോന്നിയില്ല. ഏകദേശം നാല്പതു പേരടങ്ങുന്ന ബസ്സിലെ കൂട്ടം എല്ലാംഅവരവരുടെ ലോകത്തില്‍ ആയിരുന്നു. ഒട്ടുമിക്കവരുടെയും കയ്യില്‍ കാപ്പിയും, ക്രീംചീസ് പുരട്ടിയ ടോസ്റ്റഡ് ബേഗിളുംഉണ്ടായിരുന്നു.ബേഗിളിന്റെ മണം എപ്പോഴും അമ്മയുടെ ഓര്‍മ്മകളായാണ് തന്നിലേക്കു പ്രവേശിക്കുന്നതെന്നു റീന ഓര്‍ത്തു. ഇപ്പോള്‍ ഈ വണ്ടിയില്‍ എവിടെയോ അമ്മയുള്ളപോലെ. അമ്മ അടുത്തുള്ളപ്പോഴൊക്കെ ചുട്ടു പഴുത്ത ഓവന്റെയും, അതില്‍ വേവുന്ന ബേഗിളുന്റെയും മണമാണ് . ആ മണത്തില്‍ തലപൂഴ്തി ഉറങ്ങാന്‍ നല്ല രസമായിരുന്നു. വളരെ അപൂര്‍വ്വമായി കിട്ടിയ അത്തരം ഓര്‍മ്മകള്‍ ഇടയ്ക്കുണരുമ്പോള്‍ ആരൊടൊക്കയോ പക ഉള്ളില്‍ ജനിക്കും. അമ്മയുടെ ജീവിതം പൊരുത്തക്കേടുകളുടേതായിരുന്നു. ആരിലും ഒന്നിലും ഉറച്ചില്ല. നാലുപേരിലായി നാലുമക്കള്‍.ആരൊടും ഒന്നും ചോദിച്ചില്ല. എപ്പോഴും സ്വയം എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കും. ഒരു മായ ലോകത്തില്‍ എന്നപോലെയായിരുന്നു ജീവിതം. ആരുടെയും മുന്നില്‍ തനകുനിക്കില്ല. തെറ്റന്നു തോന്നുന്നതിനെ ചോദ്യം ചെയ്യും എന്നതിനാല്‍ ചിലര്‍ക്കെല്ലാം അമ്മയെ ഭയമായിരുന്നു. എന്നാല്‍ അമ്മയെ ഇഷ്ടപ്പെട്ടവരും ചിലരെങ്കിലും ഉണ്ടായിരുന്നു. പ്രത്യേകച്ചും വെളുത്തവരായ ചില അയല്‍ക്കാര്‍ എന്നും അമ്മയുമായി ചെങ്ങാത്തത്തില്‍ ആയിരുന്നു. പല അപകടങ്ങളില്‍ നിന്നും അവര്‍ അമ്മയെ രക്ഷപെടുത്തിയിട്ടുണ്ട്. പാട്ടഭൂമിയില്‍ കോണ്‍കൃഷി ചെയ്ത അമ്മ വിളവെടുക്കാന്‍ ചെന്നപ്പോള്‍ ഭൂമിയുടെ ഉടമ, നേരത്തെ പറഞ്ഞ പത്തില്‍ നാലെന്ന കരാര്‍ സമ്മതിക്കതെ, പത്തിന് രണ്ടെന്നാക്കി. പഴുത്തു വിളഞ്ഞ ചോളം കളപ്പുരയില്‍ കൂമ്പാരമായി കൂട്ടിയിരിയ്ക്കുന്നു. അതിന്റെ മഞ്ഞ നിറം കൊതിപ്പിക്കുന്നതാണ്. ചോളം പൊഴിച്ച് മണികളാക്കി ഉണങ്ങി പൊടിക്കാനായ് മില്ലിലേക്കു പോകുന്നതിനു മുമ്പായിരുന്നു ഈ തര്‍ക്കം. മറ്റുള്ള കൃഷിക്കാരും എന്തുചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കേ അമ്മ ഉച്ചത്തില്‍ പറഞ്ഞു.' പറഞ്ഞുറപ്പിച്ച വിഹിതം കിട്ടാതെ ഇതില്‍ ഒരു കോണ്‍ പോലും നിങ്ങള്‍ തൊടാന്‍ പോകുന്നില്ല. പെട്ടന്ന് ആ ശബ്ദം മറ്റുള്ളവര്‍ ഏറ്റുപിടിച്ചു. ഒടുവില്‍ മുതലാളി എല്ലാവര്‍ക്കും പത്തില്‍ നാല് വിഹിതം കൊടുത്ത് പ്രശ്‌നം പരിഹരിച്ചെങ്കിലും, ആ പ്രശ്‌നം അമ്മയെ വല്ലാതെ ബാധിച്ചു. ആദ്യം മുതലാളിയുടെ പോലീസ് കെയ്യേറ്റത്തിനും, കവര്‍ച്ചക്കും കേശെടുത്തു. കോടതിയില്‍ അതു വിജയിക്കാതെ വന്നപ്പോള്‍ മുതലാളിയുടെ ഗുണ്ടകള്‍ അമ്മയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ തുടങ്ങി. അപ്പോഴൊക്കെ അമ്മയെ രക്ഷപെടുത്തിയത് നല്ലവരായ അമ്മയുടെ വെളുത്ത അയല്‍ക്കാരാണ്.

'ആന്‍ഡ്രു മനുഷ്യന്‍ എന്നു പറയുന്ന ഈ ജന്തുവിന്റെ അടിസ്ഥാന സ്വഭാവം എന്താണ്....എന്തുകൊണ്ടാണ് ഇവര്‍ നല്ലവരും ദുഷ്ടരും ആയിമാറിയത്.. വെളുത്തവരും... കറുത്തവരും...., അടിമയും ....ഉടമയും....കുടിയേറ്റക്കാരും, സ്വദേശികളും...എനിക്കൊന്നും മനസിലാകുന്നില്ല. വെളുത്തവര്‍ എല്ലാം കറുത്തവനെതിരെന്ന് എങ്ങനെ പറയും... എത്രയോ വെളുത്തവര്‍ നല്ലവരായിട്ടുണ്ട്...എത്രയോ കരുണയുള്ളവരുടെ കഥകള്‍ ഇനിയും പറായത്തതായിട്ടുണ്ട്...അമ്മയുടെ കൂട്ടുകാരി ലിസയെക്കുറിച്ച് എത്രപേര്‍ക്കറിയാം.... അവരുടെ നന്മയെക്കുറിച്ച് അമ്മയെത്രയോ പറഞ്ഞിരിക്കുന്നു. അതുപോലെ എത്രയോ കറുത്തവര്‍ യജമാനനുവേണ്ടി ജീവന്‍ കൊടുത്തു. അങ്കിള്‍ ടോമിലെ ടോം ഒരു കഥാപാത്രമായിരുന്നുവോ...അതു ജീവിച്ച ഒരു മാതൃകയില്‍ നിന്നും കണ്ടെടുത്ത കഥാപാത്രമായിരുന്നില്ലെ.എനിക്ക് ഒരെത്തും പിടിയും കിട്ടാത്ത ഈ മനുഷ്യ സ്വഭവത്തെക്കുറിച്ച് നിന്റെ കണ്ടെത്തല്‍ എന്താണ്.'റീന ആന്‍ഡ്രുവിനോടായി ചോദിച്ചു. അവര്‍ തമ്മില്‍ ഇത്തരം സംഭാഷണങ്ങള്‍ ഇടവേളകളില്‍ ഉണ്ടാകാറുണ്ട്. അതു ചിലപ്പോള്‍ വാക്കുതര്‍ക്കമായി ലഞ്ചുറൂമില്‍ എല്ലാവരും പങ്കെടുക്കുന്ന സംവാദമായി മാറാറുണ്ട്.

''റീന ഞാന്‍ എന്താണു പറയേണ്ടത്...ഇത്തരക്കാരെ ലോകത്തെല്ലായിടവും, എല്ലാ കാലത്തും കണ്ടെത്താം. ഒരു രാജ്യത്തിന്റെയോ, ഒരു പ്രദേശത്തിന്റെയോ പ്രത്യേകതയല്ല. മനുഷ്യന്‍ അടിസ്ഥാനപരമായി സ്വാര്‍ത്ഥതയുടെ സന്താനമാണ്. ദൈവമാണു മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍ ദൈവം എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത്....? എന്തുകൊണ്ടവന്‍ എല്ലാവരേയും തുല്ല്യരായി സൃഷ്ടിച്ചില്ല എന്ന റീനയുടെ അടിസ്ഥാന ചോദ്യം ഞാനും നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ബലവാനും, ബലഹീനനും, സ്വാര്‍ത്ഥനും, നിശ്വാര്‍ത്ഥനും, സഹോദരനോടു കാരുണ്യമുള്ളവനും, സഹോദരനെ വെറുക്കുന്നവരും. ദൈവത്തിന്റെ രണ്ടാം തലമുറയെന്നു പറയാവുന്ന ആദമിന്റെ രണ്ടുമക്കളില്‍ ഒരുവന്‍ മറ്റവനെ കൊന്നില്ലെ... ഞാന്‍ പലപ്പോഴും ദൈവത്തെ കുറ്റപ്പെടുത്തുന്നത് അതുകൊണ്ടാണ്. പക്ഷേ മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ ചിലപ്പോള്‍ ദൈവം ശരിയായിരിക്കാം. മനുഷ്യനു തിരഞ്ഞെടുപ്പിനുള്ള അവകാശത്തെ കൊടുത്ത്, ഒന്നിലും ഇടപെടാത്ത നിഷ്പക്ഷതയുടെ മുഖാവരണവുമായി അവന്‍ മാറിനില്‍ക്കുകയായിരിക്കാം. പക്ഷേ മനുഷ്യന്‍ അവനെ വിടാതെ പിടികൂടിയിരിക്കുന്നു. മനുഷ്യന്‍ അവന്റെ എല്ലാ തിന്മകളിലും അവനെ ഒപ്പം ചേര്‍ക്കുകയും, ആ തിന്മകളിലൊക്കെ അവനെ പങ്കാളിയാക്കി അവന്‍ എന്റെ പക്ഷം എന്നുറക്കെ പറഞ്ഞ്, അവനു നേര്‍ച്ചകളും, കാഴ്ചകളുമായി അവനെ ദേവാലയങ്ങളില്‍ കുടിയിരുത്തി, സ്വാര്‍ത്ഥതയുടെ പങ്കുകാരനാക്കി. ഇനി ദൈവത്തിന് മോചനമില്ല... അവര്‍ ദൈവത്തിന്റെ പേരില്‍ വചനങ്ങള്‍ ഉണ്ടാക്കി, വചനങ്ങളില്‍ തങ്ങള്‍ക്കനുകൂലമായതിനെ ഒക്കെ ഒളിപ്പിച്ച്, ഒരോ കാലത്തും കാലത്തിനൊപ്പിച്ച് പൊരുള്‍ത്തിരിക്കാന്‍, ദൈവത്തിന്റെ മൊത്തവ്യാപാരികളെ ഏര്‍പ്പാടാക്കി...'' ആന്‍ഡ്രു പറയാന്‍ തുടങ്ങിയത് എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ റീനയെ നോക്കി.റീനയൊന്നു ചിരിച്ചു.

''ആന്‍ഡ്രു നീ പതിവുപോലെ കാടുകയറി എന്നെ ഉത്തരം മുട്ടിക്കാനാണു ശ്രമിക്കുന്നത്... എന്റെ ചോദ്യം വളരെ ലളിതമാണ്. ദൈവം മനുഷ്യനെ എന്തിനാണ് സൃഷ്ടിച്ചത്...? ഇരുപത്തിനാലു മണിക്കുറും അവനെ സ്തുതിച്ചുകൊണ്ടിരിക്കാനുള്ള കുറെ കളിപ്പാവകളായിരുന്നുവോ വേണ്ടത്. പാസ്റ്റര്‍ പറയുന്നതങ്ങനെയാണ്. പക്ഷേ ആദ്യമൊക്കെ പാസ്റ്റര്‍ക്കൊപ്പം ഞാനും ഹാലേലുയ്യയും, ആമേനും പറഞ്ഞു....ഒരേ പല്ലവിതന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സര്‍വ്വശക്തന്റെ കരുണ തനിക്കുവെണ്ടി ജയ് വിളിക്കുന്നവര്‍ക്കു മാത്രമെന്നു് ദൈവം പറഞ്ഞിട്ടുണ്ടോ... പിന്നെ ദൈവത്തിന്റെ കൂട്ടിക്കൊടുപ്പുകാരായ ഇവര്‍ക്കെങ്ങനെ അതു പറയാന്‍ പറ്റും. ഈ ചോദ്യം ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ്, അറിവിന്റെ വൃക്ഷത്തിന്റെ ഫലത്തേല്‍ കയറിത്തൊടെല്ലേ എന്നു പറഞ്ഞതിന്റെ പൊരിള്‍ എനിക്കു തെളിഞ്ഞുവന്നത്... ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ടാകില്ല. വചനത്തൊഴിലാളികളുടെ വ്യാഖ്യനങ്ങളായിരിക്കാം എല്ലാം. എങ്ങനെയൊക്കെ ചിന്തിച്ചാലും ദൈവത്തെ ഇത്തരം ചുവരുകളില്‍ തളച്ചിടാന്‍ എനിക്കു കഴിയുന്നില്ല....'' റീന ആന്‍ഡ്രൂവിന്റെ കണ്ണുകളിലേക്ക് നോക്കി കടുപ്പത്തില്‍ ചോദിച്ചു.

'ഞാനും എന്റെ വംശവും യഹോവയ്ക്കെതിരെ എന്തു തെറ്റാണു ചെയ്തത്..... ഞാനും എന്റെ കുടുംബവും യഹോവക്കെതിരെ ചെയ്ത കുറ്റം എന്താണ്.... ആര്‍ക്കെങ്കിലും പറയാമോ...സാം നിനക്കറിയാമോ...ഇവിടെയുള്ള ആര്‍ക്കെങ്കിലും പറയാമോ...? റീന കലിബാധിച്ചവളെപ്പോലെ ഉച്ചത്തില്‍ അലറി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായപ്പോള്‍ ആന്‍ഡ്രു എല്ലാവരോടുമായിപ്പറഞ്ഞു:

'കാര്യമാക്കണ്ട... റീന കഴിഞ്ഞ രാത്രിയില്‍ നന്നായി ഉറങ്ങിയിട്ടില്ല.

പക്ഷേആ ബസ്സില്‍ ഉണ്ടായിരുന്ന എല്ലാവരും ഒരേ നൊമ്പരങ്ങള്‍ കൊണ്ടു നടക്കുന്ന ഇരകളുടെ പിന്മുറക്കാര്‍ ആയിരുന്നതിനാല്‍ റീനയുടെ നിലവിളി അവരിലേക്കിറങ്ങി നെടുവീര്‍പ്പുകളായി പുറത്തേക്കു വന്നു. സാം റീനയുടെ പുറം തലോടി അവളെ സ്വത്വത്തിലേക്ക് വീണ്ടെടുക്കാന്‍ ശ്രമിച്ചു.

അപ്പോള്‍ അവര്‍ ജോര്‍ജ്ജ് വാഷിംഗ്ടന്‍ ബ്രിജിലേക്കു കടക്കാനുള്ള ട്രാഫിക്കില്‍ ആയിരുന്നു. ആന്‍ഡ്രു ബസ്സിന്റെ പുറത്തെ കാഴ്ചകള്‍ കാണാനെന്ന മട്ടില്‍ പുറത്തേക്ക് നോക്കിയിരുന്നു. അമേരിയ്ക്കയുടെ ആദ്യ പ്രസിഡന്റിന്റെ പേരിലുള്ള ഈ ബ്രിഡജ് തീര്‍ച്ചയായും ഒരു വലിയ ആദരവുതന്നെ. ഒരു വലിയ യുദ്ധം നയിച്ച് അമേരിയ്ക്കന്‍ ഐക്യനാട് എന്ന ഒരു രാജ്യം സ്ഥാപിച്ച യുദ്ധനായകന്‍ എന്ന പേരില്‍ മാത്രമല്ല, ആജീവനാന്തം ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റു പദവിയില്‍ ഇരിക്കാന്‍ മൊത്തം ജനതയ്ക്കും സമ്മതന്‍ ആയിരുന്നിട്ടും, രണ്ടുതവണകഴിഞ്ഞ് മൂന്നാം തവണ അതിനു തയ്യാറാകാതിരുന്ന ജനാധിപത്യ ചിന്തയുടെ നന്മ ആ ഉള്ളില്‍ ഉണ്ടായിരുന്നു. തന്റെ കീഴിലുണ്ടായിരുന്ന അടിമകളെ ഭാര്യയുടെ മരണശേഷം മോചിപ്പിക്കണം എന്നു വില്പത്രം എഴുതിവെച്ച ആളായിരുന്നു. ഇത് ലിങ്കനു മുമ്പ് ഏകദേശം നൂറുവര്‍ഷം മുമ്പാണന്നോര്‍ക്കുമ്പോള്‍ ആ മനസിന്റെ വലുപ്പം ചെറുതായിക്കാണണ്ട.എപ്പോഴും സ്ലേവ് ഉടമകളോട്, ഒരു വിശ്വപൗരന്റെ മാനവിക മനോഭാവത്താല്‍ പ്രേരിതനായി ശത്രുത പുലര്‍ത്തിയിരുന്ന ആന്‍ഡ്രുവിന്റെ മനസ്സ് ഈ വലിയ കടത്തുപാലത്തിലേക്ക് കടക്കാന്‍ തിക്കിത്തിരക്കുന്ന ആയിരക്കണക്കിനു വാഹനങ്ങളുടെ ഞെരുക്കത്തില്‍ ഇരുന്നുകൊണ്ട് മാറിച്ചിന്തിക്കാന്‍ തുടങ്ങി. പാലത്തിലേക്ക് അനേകം കൈവഴികളിലൂടെ ഞുഴഞ്ഞു കയറ്റക്കാരേപ്പോലെ രണ്ടു വണ്ടികള്‍ക്കിടയില്‍ ഒരു കൈവിരല്‍ വിടവ്കിട്ടിയാല്‍ അതിലേക്ക് ഇഴഞ്ഞിഴഞ്ഞ് കയറി തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നവര്‍ പിന്നെ രണ്ടു തട്ടുകളിലായി ഹഡ്‌സനു കുറുകെ നാലുവരികകളിലേക്ക് പരക്കുന്നു. ഇപ്പോള്‍ ടോള്‍ബൂത്തുകള്‍ക്കു പകരം ഈസിപാസുകളും, അതിനെ ദൂരെനിന്നുതന്നെ തിരിച്ചറിയുന്ന ക്യാമറകളും പുതിയ സാങ്കേതിക വിദ്യകളും സ്ഥാപിച്ചിരിക്കുന്നതിനാല്‍ അരമണിക്കൂറെങ്കിലും ലാഭിക്കാം. ന്യൂജേഴ്‌സി ടേണ്‍പൈക്കില്‍ കയറിയാല്‍ പിന്നെ ഐ നയന്റിഫൈ സൗത്തില്‍ നാലുമണിക്കുര്‍... ബസ്സ് പാലം കടക്കുന്നതിനു മുമ്പുതന്നെ മനസ്സ് വഷിങ്ങ്ടണില്‍ എത്തി. മനസ്സിന്റെ വേഗതയില്‍ അത്ഭുതപ്പെട്ട് റീനയെ ഒന്നു പാളിനോക്കി. അവള്‍ സാമിന്റെ തലോടലില്‍ ശാന്തതപ്പെട്ടപോലെ കണ്ണും അടച്ചിരിക്കുന്നു. ആന്‍ഡ്രു സാമിനെ നോക്കി, സാമിന്റെ ചുണ്ടിലെ ചിരിയുടെ പൊരുള്‍ തേടി. ചിലപ്പോള്‍ സാം റീനയുമൊത്തുള്ള നല്ല നിമിക്ഷങ്ങളുടെ ഓര്‍മ്മയില്‍ ആയിരിക്കാം.

''ബ്രദേഴ്‌സ് ആന്റ് സിസ്റ്റേഴ്‌സ് ഇന്ന് നമ്മള്‍ പങ്കെടുക്കാന്‍ പോകുന്ന റാലി എന്താണെന്നും, എന്തിനുവേണ്ടിയുള്ളതാണെന്നും നിങ്ങള്‍ക്കറിയാമല്ലോ...'' ബഞ്ചമിന്‍ ജൂനിയര്‍ മെഗാഫോണിലൂടെ, റീനയുടെ വികാരവിസ്‌പോടനം സ്തൃഷ്ടിച്ച അന്തരീക്ഷത്തിന്റെ ഘനം ഒന്നു കുറയ്ക്കാനെന്ന മട്ടില്‍ ചോദിച്ചു. എല്ലാവരും ഒന്നനങ്ങിയിരുന്നു. പലര്‍ക്കും ക്രിത്യമായി അതറിയില്ലായിരുന്നു. ''ഇന്ന് നമുക്ക്... അടിമകളായിരുന്നവര്‍ക്ക്..... ബ്ലാക്ക് ആഫ്രിക്കന്‍ അമേരിയ്ക്കന്‍സിന്...അല്ലെങ്കില്‍ അടിമക്കണ്ണിന്റെ മക്കള്‍ക്കള്‍ക്ക്പെരുനാളിന്റെ ആഘോഷ ദിവസമാണ്. പ്രസിഡന്റു ബൈഡന്‍ അടിമകളായിരുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ ദിവസം ഫെഡറല്‍ ഫോളിഡേയായി പ്രഖ്യാപിക്കുന്നതിന്റെ ദൃക്‌സാക്ഷികളാകാന്‍ നമുക്കാണവസരം കിട്ടിയതെന്നത് ചരിത്രത്തില്‍ എക്കാലവും കാണില്ലെ. എത്രയോ തലമുറകളുടെ സ്വപ്നമായിരുന്നു കറുത്തവനെ അംഗികരിക്കാന്‍ ഒരു അവധി. ഇവിടുത്തെ തദ്ദേശ്യരെ കൂട്ടത്തോടെ ചുട്ടെരിച്ച് നാടുകടത്തിയ, അടിമവ്യാപാരത്തിനു കപ്പല്‍ പാതയൊരുക്കിയ, അനേകം കൊടും ക്രൂരതകളുടെ മുഖമായ കൊളമ്പസിന് ഇവിടെ അവധിയും സ്മാരകവും ഉണ്ട്. നമുക്ക് ആകെയുള്ളത് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ പേരിലുള്ള ഒരവധിയാണ്. നമുക്കുവേണ്ടി രക്തസാക്ഷിയായ അനേകരുണ്ട്. അതില്‍ വെളുത്തവരും കറുത്തവരും ഉണ്ട്. അബോളിഷ്ണിസ്റ്റ് ജോണ്‍ ബ്രൗണും മക്കളും നമ്മുടെ മനസ്സില്‍ നിന്നും മായരുത്...അവര്‍ക്കെല്ലാവര്‍ക്കുംവേണ്ടി ഈ അവധിപ്രഖ്യാപനം നമുക്ക് ആഘോഷിക്കാം. നമുക്ക് ഒരു പാട്ടുപാടി നമ്മുടെ ഉള്ളിലെ കാര്‍മേഘങ്ങളെ തുടച്ചുമാറ്റാം. ഒരു അസിസ്റ്റ്ന്റ് പാസ്റ്റുകൂടിയായ ബെഞ്ചമന്‍ ജൂനിയര്‍ 'ലെറ്റ് ഉസ് റിജോയിസ് ഇന്‍ ദ നെയിം ഒഫ് ജീസസ്, എന്ന പാട്ടിന്റെ വരികള്‍ പാടി. എല്ലാവരും അതേറ്റു പാടി. പാടാനുള്ള ഏതവസരവും അവര്‍ക്ക് സന്തോഷമെന്ന് ആന്‍ഡ്രു ഓര്‍ത്തു. റീന പാട്ടുകാരനായ സ്വന്തം സഹോദരനെ ഓര്‍ത്ത് ഉള്ളില്‍ തേങ്ങി മൗനിയായി. ഈ യാത്രയുടെ കോര്‍ഡിനേറ്റേഷ്‌സ് റീനയും, ബെഞ്ചമനും ആയിരുന്നു. റീനയുടെ മൗനം എന്തേ എന്ന് എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കി പരസ്പരം ചോദിച്ചു.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനു ശേഷം വീണ്ടും സജീവമായ‘ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ’സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നവരായിരുന്നു അവര്‍.

ബെഞ്ചമിന്‍ ജൂനിയര്‍ പറയാന്‍ വന്ന്, വഴിമാറി പാട്ടിലേക്ക് തെന്നിവീണപ്പോള്‍ ജുണ്‍റ്റീന്റെ ചരിത്ര കഥ ആന്‍ഡ്രു പണ്ടെങ്ങോ വായിച്ചത് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കയായിരുന്നു. എബ്രഹാം ലിങ്കന്‍ ഏറെകൊതിച്ച 'എമാന്ന്‌സ്പിക്കേഷന്‍ ഡിക്ലറേഷന്‍ നിയമമായത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു ശേഷമായിരുന്നു. എന്നാല്‍ ചരിത്ര പ്രാധാന്യമുള്ള ആ വലിയ പ്രഖ്യാപനം അടിമകളുടെ പ്ലന്റേഷനുകളില്‍ എറെയൊന്നും എത്തിയില്ല. അറിഞ്ഞ ഉടമകള്‍, അടിമകളെ ഒട്ടുമേ അറീയ്ച്ചതുമില്ല. ടെക്‌സാസിലെ പ്ലാന്റേഷന്‍ മുതലാളിമാര്‍, അടിമകള്‍ തമ്മില്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ അവരെ ചര്‍ച്ചുകളില്‍ നിന്നും അകറ്റി. പാസ്റ്റമാരുടെ ആഴ്ച സന്ദര്‍ശനം മുടക്കി അവരെ പാടങ്ങളില്‍ തിരക്കുള്ളവരാക്കി.

ചില പാസ്റ്റര്‍മാരുടെ നിരന്തര സമ്മര്‍ദ്ധ പ്രകാരം ആയിരത്തി എണ്ണൂറ്റിയറുപത്തഞ്ച് (1865) ജൂണ്‍ പത്തൊമ്പതിന് ഫെഡറല്‍ ട്രൂപ്പ് ടെക്‌സസ്സിലെ ഗാല്‍വെസ്റ്റൊണില്‍ എത്തി സ്റ്റേറ്റിന്റെ ചുമതല അവരില്‍ നിന്നും എറ്റെടുക്കുകയും മുഴുവന്‍ അടിമകളേയും സ്വതന്ത്രരാക്കുകയും ചെയ്തതിന്റെ ഓര്‍മ്മക്കായി ആ ദിവസം ടെക്‌സാസ്, ‘ജുണ്‍റ്റിത്ത്’ എന്ന പേരില്‍ ആഘോഷിച്ചു പോന്നു. ആ ദിവസമാണ്, വര്‍ഷങ്ങളുടെ നിരന്തരമായ ആവശ്യപ്പെടലിനൊടുവില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്‍ ഫെഡറല്‍ ഹോളിഡേയായി പ്രഖ്യാപിക്കാന്‍ പോകുന്നത്.

അമേരിക്കന്‍ ചരിത്രത്തില്‍ എന്നും രണ്ടും പാര്‍ട്ടികളും എതിര്‍ധ്രുവങ്ങളില്‍ ആയിരുന്നു. ആയിരത്തി എണ്ണൂറ്റി അന്‍പത്തേഴില്‍ (1857) റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രൂപീകരണം തന്നെ ഡെമോക്രറ്റുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെയുള്ള ശബ്ദമായിട്ടായിരുന്നു. പുരോഗമനചിന്താഗതിക്കാരുടെ വലിയ ഒരു കൂട്ടാഴ്മയായിരുന്നു ആ പാര്‍ട്ടി.അടിമകളെ ഏറ്റവും കൂടുതല്‍ അടിമകളാക്കി നിലനിര്‍ത്താന്‍ ആഗ്രഹിച്ചത് തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ സ്വാധീനമുള്ള ഡെമോക്രറ്റുകളായിരുന്നു. ആയിരത്തി എണ്ണൂറ്റി അമ്പതുകളിലെ (1850) ഫുജറ്റീവ് സ്ലേവ് ലോ... ഓടിപ്പോയ സ്ലേവുകളെ എവിടെനിന്നും പിടിക്കാനും, തിരികെ ഉടമകളെ ഏല്പിക്കാനുമുള്ള നിയം. പിന്തുടര്‍ന്നു പിടിക്കാനുള്ള സ്ലേവ് ഹണ്ടേഴ്‌സിന്റെ ഒരു വലിയ നിര തന്നെ അവര്‍ ഉണ്ടാക്കി. അതിനു മുമ്പ് ഒരോ സ്റ്റേറ്റിനും അടിമനിയമങ്ങള്‍ പ്രത്യേകം പ്രത്യേകമായിരുന്നു. അടിമവ്യാപാരം നിരോധിച്ച സ്റ്റേറ്റുകളില്‍ ഒളിച്ചോടി വന്ന അടിമകളെ വീണ്ടെടുക്കാന്‍ നിയമങ്ങള്‍ ഇല്ലായിരുന്നു. ഡെമോക്രറ്റുകള്‍ ഇന്ന് കറുത്തവന് അനുകൂലമായപ്പോള്‍, ഇന്നത്തെ റിപ്പബ്ലിക്കന്‍ കറുത്തവനെ വീണ്ടും അടിമകളാക്കാന്‍ കൂട്ടു നില്‍ക്കുന്നു. ഇതു കാലത്തിന്റെ ഒളിച്ചുകളിയോ...മാറിവന്ന നേതൃത്വത്തിന്റെ ചീഞ്ഞ മനസ്സോ...? റീന നീ എന്തു പറയുന്നു. കരണം മറിഞ്ഞ പാര്‍ട്ടിനയങ്ങളെക്കുറിച്ച് അറിയാനെന്നമട്ടില്‍ ആന്‍ഡ്രു റീനയോടു ചോദിച്ചു. അപ്പാഴും സാമിന്റെ കൈ റീനയെ ഒരു കൊച്ചു കുട്ടിയെന്നപോലെ തഴുകുന്നുണ്ടായിരുന്നു.

റീന തന്റെ മനസിന്റെ സമനിലവീണ്ടെടുത്തവളെപ്പോലെ പറഞ്ഞു: ''ആന്‍ഡ്രു... ഞാന്‍ ചരിത്രത്തെയോ, കാലാകാലങ്ങളില്‍ മാറിവരുന്ന മനുഷ്യമനസിന്റെ രാസപ്രക്രിയകളെക്കുറിച്ചോ പഠിച്ചിട്ടില്ല. എന്റെ ചെറിയ അറിവിലും നിരീക്ഷണത്തിലും ഞാന്‍ കണ്ടെത്തിയതെന്തെന്നാല്‍; മനുഷ്യന്‍ സ്ഥിരതയില്ലാത്ത ഒരു ജീവിയാണ്.അവന്‍ കാലാവസ്ഥക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്നു. അവനില്‍ മാറാത്തതായി ഒന്നേ ഞാന്‍ കണ്ടുള്ളു...; സ്വാര്‍ത്ഥത. എല്ലാം കയ്യടക്കി സ്വന്തമാക്കനുള്ളസ്വാര്‍ത്ഥതയുടെ താക്കോല്‍ അധികാരത്തിലാണെന്ന കണ്ടെത്തല്‍... ആദ്യമനുഷ്യന്‍, ബലവാനയവന്റെ കൈക്കരുത്ത് ബലഹീനനെ കീഴടക്കി. എന്നാല്‍ കാലം മാറിയപ്പോള്‍, തന്ത്രങ്ങളിലൂടെ, മന്ത്രങ്ങളിലൂടെ, ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ് ബലഹീനന്റെ വിശ്വാസം നേടി, അവനെ എന്നേക്കും പ്രത്യയശാസ്ത്രങ്ങള്‍ തങ്ങളുടെ ആവശ്യമനുസരിച്ച് മാറ്റിയെഴുതുന്നവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അടിമയാക്കി. അതില്‍ മതങ്ങള്‍ക്കും മതനേതാക്കള്‍ക്കും നല്ല പങ്കുവഹിക്കാന്‍ കഴിയുമെന്ന കണ്ടെത്തലില്‍ രണ്ടു കൂട്ടരും പരസ്പര സഹായസഹകരണ സംഘങ്ങളായപ്പോള്‍ ജനാധിപത്യം ഇല്ലാതായി അതാണു സംഭവിക്കുന്നതെന്ന് ആന്‍ഡ്രു നീ സമ്മതിക്കുമല്ലോ...'' റീനയുടെ അവതരണ രീതിയില്‍ വന്ന മാറ്റം ശ്രദ്ധിച്ചിരിക്കുന്ന ആന്‍ഡ്രുവിനെ നോക്കി റീന ഒന്നു ചിരിച്ചു പറഞ്ഞു; ''ഞാന്‍ നിന്റെ പലപദങ്ങളും കടമെടുത്തിട്ടുണ്ട്. ചാണക്യതന്ത്രവും, പ്രത്യയശാസ്ത്ര അടിമ, പരസ്പരസഹായസഹകരണ സംഘം, ഇതൊക്കെ നീ പ്രത്യേകം ശ്രദ്ധിച്ചുവോ... ഞാന്‍ കാര്യങ്ങള്‍ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ്. ''

''റീന നീ പെട്ടന്നു കാര്യങ്ങളുടെ പൊരുള്‍ തിരിച്ചറിയുന്നു... ഏതൊരു രാഷ്ട്രീയ വിദ്ദ്യാര്‍ത്ഥിയും അങ്ങനെ ആവണം. ഞാനും ഇതിനെക്കുറിച്ചൊക്കെ മനസിലാക്കാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ നാട്ടിലെ രാഷ്ട്രീയ വിദ്യാഭ്യാസം വേറൊരു രീതിയിലാണ്. അവിടെ എല്ലാവരും ഏതെങ്കിലും രാഷ്ട്രിയ പ്രസ്ഥനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും അവര്‍ അഭിപ്രായം പറയും.

ഇവിടെ എല്ലാവരും മറ്റൊരു ലോകത്തിലാണെന്നു പ്രത്യക്ഷത്തില്‍ തോന്നും. അവര്‍ ഭക്ഷണത്തെക്കുറിച്ചും, പെണ്ണിനെക്കുറിച്ചും പറയും. സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ഒരോ ചലനങ്ങളും അവര്‍ നിരീക്ഷിക്കും. പെട്രോളിനു വിലകൂടിയാല്‍, പലചരക്കു സാധങ്ങളുടെ വിലവര്‍ദ്ധിച്ചാല്‍ അവര്‍ക്കതു സഹിക്കില്ല. മുതലാളിത്ത സംസ്‌കൃതിയില്‍ അവരെ വളര്‍ത്തിയതിനാല്‍ അവര്‍ക്ക് രാഷ്ട്രിയ ബോധം ഇല്ല എന്നാണു ഞാന്‍ കരുതിയത്.അതു തെറ്റായിരുന്നു എന്നെനിക്കു തോന്നുന്നു... ഒരുത്തനും തന്റെ അയല്‍ക്കാരനെ വിശ്വാസമില്ലാത്തതുകൊണ്ടാണതെന്ന് ഞാനിപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആധുനിക ജനാതിപത്യത്തിലെ ഏറ്റവും പഴക്കമുള്ള ഒരു രാജ്യം ഇപ്പോഴും ജനാധിപത്യമായ തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍, ഈ രാജ്യം ഒരേകാധിപത്യ രാജ്യമാകാനുള്ള വിധൂര സാദ്ധ്യതപോലും എന്റെ മനസ്സില്‍ ഈ അടുത്തകാലം വരെ ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്കാശങ്കകളുണ്ട്... കഴിഞ്ഞ തിരഞ്ഞെടുപ്പം, അതിനെ അംഗീകരിക്കാത്ത അധികാരക്കൊതിയനായ മുന്‍പ്രസിഡന്റും അനുയായികളും നടത്തിയ അട്ടിമറിശ്രമങ്ങളും, ഈ രാജ്യത്തെക്കുറിച്ചുള്ള എന്റെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചിരിക്കുന്നു. പക്ഷേ ഒരു കാര്യം... ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ അട്ടിമറി ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. അതിനെയൊക്കെ അധീജീവിച്ചവള്‍ ഇനിയും മുന്നോട്ട് നമ്മെ കൊണ്ടുപോകും എന്നു കരുതാം'' ആന്‍ഡ്രൂ ഒന്നു നിര്‍ത്തി റീനയെ നോക്കി...അവള്‍ വാക്കുകള്‍ ഇല്ലാതെ വായും പിളര്‍ന്ന് സാമിനേയും ആന്‍ഡ്രുവിനേയും മാറി മാറി നോക്കിയതെയുള്ളു.

''ആന്‍ഡ്രു... ഞാനൊരു രാഷ്ട്രിയ പണ്ഡിതനൊന്നുമല്ലെങ്കിലും ചോദിക്കട്ടെ മുന്‍കാലത്തെ രാഷ്ട്രിയ കാലാവസ്ഥയാണോ ഇപ്പോള്‍...നോക്കു...ഈ അട്ടിമറിക്കു കൂട്ടു നിന്നവര്‍ ആരൊക്കയാണെന്നു ഇഴപിരിച്ചു നോക്കു അപ്പോള്‍ മനസിലാകും മതവര്‍ഗ്ഗിയതയും, അതിന്റെ ഒപ്പം വളരുന്ന വംശീയ വര്‍ഗ്ഗിയതയും എത്രമാത്രം ആഴത്തില്‍ വേരുന്നിയിരിക്കുന്നു എന്ന്. പണ്ട് കുടിയേറ്റക്കാരായിരുന്നവര്‍ അവകാശികള്‍ എന്നു പറയുന്നു. ആ അവകാശം തൊലിവെളുത്തതാണെങ്കില്‍ ആരും ചോദ്യം ചെയ്യാന്‍ പാടില്ല. യൂറോപ്യന്‍ വംശാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തില്‍, മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടെ ആരേയും വേണ്ടന്നു പറയുന്ന രാഷ്ട്രിയ നേതാക്കന്മാരുടെ എണ്ണം കൂടുകയും, അവരൊക്കെ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുകയും ചെയ്യുന്നത് എന്തിന്റെ സൂചനയാണ്... ലോകമെമ്പാടുമുള്ള വര്‍ഗ്ഗീയ ശക്തികള്‍ അതാതു വര്‍ഗ്ഗിയതയുമായി ഒരോ നാടുകളിലും കൂടുപണിയാന്‍ തുടങ്ങിയതിന്റെ് പരിണിതഫലമാണോ ഇത്. ഫ്രഞ്ചില്‍ (അല്ലെങ്കില്‍ മറ്റെവിടെനിന്നോ) നിന്നും ക്രിസ്തിയ വര്‍ഗ്ഗിയത 'ക്യുനോണ്‍' എന്ന നാമത്തില്‍ കള്ളങ്ങളുടെ നുണപ്രചരണ ചുമതല ഏറ്റ് സൈബര്‍ ഇടങ്ങളിലൂടെ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് നുണകളുടെ ആയിരക്കനക്കിനു വാര്‍ത്തകള്‍ അയ്ക്കുമ്പോള്‍ അവരുടെ ആശയമുള്ള പത്തുപേരെ കിട്ടുമെന്നവര്‍ കരുതുന്നു; അതു ശരിയാണുതാനും. അതില്‍ വീണുപോകുന്ന ധാരാളം ആളൂകള്‍ ഉണ്ട്. പിന്നെ അവര്‍ ഇപ്പോള്‍ നേതാവായി അവരോധിച്ചവന് ആശയങ്ങളല്ല അധികാരം ആണു വേണ്ടത്. മുസ്ലിം വിരോധവും, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരു വായാടി അവസരോചിതമായി, അധികാരത്തില്‍ തുടരാനുള്ള ശ്രമം.അയാളുടെ പിന്നില്‍ ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ ആയുധവുമായി അണിനിരക്കുന്നവര്‍ എന്നെങ്കിലും ക്രിസ്തുവിനെ അറിഞ്ഞവരാണോ...വാളെടുക്കുന്നവര്‍ വാളാലെ എന്നു പറഞ്ഞ ക്രിസ്തുവിന്റെ നാമത്തിലാണവര്‍ തെരുവില്‍ തോക്കുമായി നില്‍ക്കുന്നത്. ക്രിസ്തു ഇവിടെ പരാജയപ്പെട്ടു എന്നു ഞാന്‍ കരുതുന്നു.” സാം പറഞ്ഞതത്രയും ശരിയെന്ന മട്ടില്‍ ആന്‍ഡ്രു രണ്ടുപേരേയും നോക്കി. ഈ വിഷയും ആഴത്തില്‍ മനസിലാക്കേണ്ടിയിക്കുന്നു എന്ന മട്ടില്‍സ്വയം ചിരിച്ചു.

''നമ്മള്‍ പറഞ്ഞുവന്നത് ഒരു കാലത്തെ പുരോഗമന പാര്‍ട്ടി, അടിമയുടെ ഒപ്പം നിന്ന് അവന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ പാര്‍ട്ടി ഇപ്പോള്‍ അവര്‍ക്കതിരെ എന്തിനു വാളെടുക്കുന്നു എന്ന വിഷയമാണ്. സാം ഇപ്പോള്‍ പറഞ്ഞ ആ നേതാവ് ഒരിക്കലും ഒരു രാഷ്ട്രിയക്കാരന്‍ ആയിരുന്നില്ല. രാഷ്ട്രിയം പണമുണ്ടാക്കാനുള്ള വഴിയും, അധികാരവും തരുമെന്നു തിരിച്ചറിഞ്ഞപ്പോള്‍; തന്റെ സാമ്ര്യാജ മുദ്ര ചരിത്രത്തില്‍ സ്ഥാപിച്ചടുക്കാനുള്ള ശ്രമം എന്ന രീതിയില്‍, മാനവികത എന്തെന്നറിറയാത്തവന്റെ മുദ്രാവാക്യത്തിനൊപ്പം കൂടിയവരെ റിപബ്ലിക്കന്‍സ് എന്ന് എങ്ങനെ വിളിക്കാം. ലിങ്കന്‍ ആ പാര്‍ട്ടിയെ വിഭാവന ചെയ്തത് അങ്ങനെ ആയിരുന്നില്ല. എവിടേയും ഇത്തിക്കണ്ണികള്‍ അവസരവാദികളായി ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും കയ്യടക്കാറുണ്ടല്ലോ... ഇവിടെയും അതുതന്നെ സംഭവിച്ചു. തെക്കന്‍ സംസ്ഥാനങ്ങളിലെ പണക്കാരായ വര്‍ഗ്ഗിയ വാദികള്‍ നുഴഞ്ഞുകയറ്റക്കാരായി ആ പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്തു. അവര്‍ ജനാധിപത്യത്തിലല്ല വിശ്വസിക്കുന്നത്. ആയുധങ്ങളാണ് അവരുടെ അധികാര ചിഹ്നം.

ആയിരത്തി എണ്ണൂറ്റി എഴുപത്തി ഏഴിലെ (1877) ഒരു ചരിത്ര പ്രധിസന്ധിയെക്കുറിച്ച് ഞാന്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു. ഇതു പറയാന്‍ കാരണം അധികാരത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുന്നവര്‍അല്ലെങ്കില്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്നവര്‍ വരാന്‍ പോകുന്ന തലമുറക്ക് അവര്‍ കൊടുക്കുന്ന പാഠംങ്ങള്‍ എന്തെന്നു തിരിച്ചറിയണം എന്നു പറയാന്‍ വേണ്ടിയാണ്. ചരിത്രം ഇങ്ങനെയാണ്; ' 1877 ല്‍ റിപ്പ്ബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റല്‍ സ്ഥാനാര്‍ത്ഥി റൂത്തര്‍ഫോര്‍ഡ് ബി. ഹെയിസ് പോപ്പുലര്‍ വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നുവെങ്കിലും ഇലക്ടറല്‍ ്‌കോളെജ് വൊട്ടുകളില്‍ ഭൂരിപക്ഷം നേടിയിരുന്നില്ല. അതൊരു നിയമപോരാട്ടത്തിലേക്കും ഭരനഘടനാ പ്രതിസന്ധിയിലേക്കും നയിക്കുമെന്നു മനസിലാക്കിയ ഡെമോക്രറ്റുകളും, റിപ്പബ്ലിക്കന്‍സും സന്ധിസംഭാഷണത്തില്‍ പരസ്പരധാരണയില്‍ എത്തി. പ്രസിഡന്റു പദവി റിപ്പബ്ബ്‌ളിക്കനു കിട്ടുമ്പോള്‍ പകരം സൗത്ത് കരോളിനയിലേയും, ലൂസിയാനയിലേയും ഫെഡറല്‍ ട്രൂപ്പിനെ പിന്‍വലിക്കണം.. അതോടുകൂടി സ്ലേവുകളുടെ ഇടയില്‍ പുരുഷന്മാര്‍ക്ക് അനുവദിച്ചിരുന്ന വോട്ടവകാശങ്ങള്‍ വിനയോഗിക്കാന്‍ വെളുത്തവര്‍ അനുവദിച്ചില്ല. മാത്രമല്ല ആ കരാര്‍പ്രകാരം തെക്കന്‍ സംസ്ഥാനങ്ങളുടെ ഭരണത്തില്‍ കേന്ദ്രം ഇടപെടില്ല എന്നതും തത്വത്തില്‍ അടിമരാജ്യത്തിന്റെ തിരിച്ചുവരവായിരുന്നു. അധികാരത്തിനുവേണ്ടി ഒരു ജനതയുടെ അവകാശങ്ങളെ തീറെഴുതിയതിന്റെ ന്യായം എന്തായിരുന്നു. ക്രിസ്തുവിനെ പീലാത്തോസ് വിധിച്ച് കൈകഴുകൈയതുപോലെ, അടിമകളെ വീണ്ടും വര്‍ഗ്ഗീയവാദികള്‍ക്ക് ഏല്പിച്ചു കൊടുക്കയായിരുന്നില്ലെ...? എനിക്കങ്ങനെയാണു തോന്നുന്നത്.

വെളുത്തവര്‍ക്കായുള്ള ഒരു വര്‍ഗ്ഗിയസംഘടനയുടെ വിത്തുപാകി ടെന്നസിയില്‍, 1866 ല്‍ തുടങ്ങിയ സോഷ്യല്‍ ക്ലബിന്റെ സ്ഥാപകന്‍ ജനറല്‍ നഥാന്‍ ബെഡ്‌ഫൊര്‍ഡ് ഫോറസ്റ്റ് ആയിരുന്നു. ക്ലബിന്റെ പേര് കു ക്ലക്‌സ് ക്ലാന്‍. ആ ഗ്രീക്ക് വാക്കിന്റെഅര്‍ത്ഥം സൈക്ലോസ് അഥവാ സര്‍ക്കിള്‍.1877 ആയപ്പോഴേക്കും ആ സോഷ്യല്‍ ക്ലബിന്റെ ആശയം തെക്കന്‍ സംസ്ഥനങ്ങളില്‍ എല്ലാം പടര്‍ന്ന് ഒരു വര്‍ഗ്ഗിയ സംഘടനയായി മാറിയിരുന്നു. ചെസ്സ് കളിയിലെ നൈയ്റ്റ് എന്നു പറയുന്ന വിളക്കിനു സമാനായമായ രൂപകല്പനയില്‍, അടിമുതല്‍ മുടിവരെ മറയ്ക്കുന്ന വെളുത്ത കുപ്പായം. തലമൂടുന്ന തൊപ്പി സര്‍ക്കസിലെ ബഫൂണ്‍ തൊപ്പിമാതിരി കൂര്‍ത്തിരിക്കും. കണ്ണുകളുടെ കാഴ്ച്ചക്കായി തൊപ്പിയില്‍ വെട്ടിയ കണ്ണുകള്‍... ആ വിടവില്‍ക്കൂടി കാണുന്നതു മാത്രമാണവരുടെ കാഴ്ച. അതുകൊണ്ടായിരിക്കും വ്യത്യസ്ഥരായ മനുഷ്യരെ അവര്‍ക്കു കാണാനോ ഉള്‍ക്കൊള്ളാനോ കഴിയാത്തതെന്നെനിക്കു തോന്നുന്നു. ക്ലാന്‍ മെമ്പേഴ്‌സ് ആരെന്നാര്‍ക്കും അറിയില്ല. അവരുടെ റാലിയിലും, പ്രത്യേക ചടങ്ങുകളിലുമേ അവര്‍ അംഗവസ്ത്രങ്ങള്‍ ഉപയോഗിക്കാറുള്ളു. ആയുധവം രക്തവും അവരുടെ പ്രധന ആരാധന വസ്തുക്കള്‍ എന്നെനിക്കു തോന്നുന്നു. ഈ സംഘടനയുടെ ഉള്ളറിയാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കാരണം ഞാന്‍ ജനിച്ചു വളര്‍ന്നിടത്ത് അങ്ങനെ ഒന്നില്ലായിരുന്നു. പക്ഷേ വടക്കെ ഇന്ത്യയില്‍ അങ്ങനെ ഒന്നു വളരുന്നുണ്ടായിരുന്നു.”ആന്‍ഡ്രു താന്‍ പറയുന്നതാരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കാതെ വെറുതെ വെളിയിലേക്ക് നോക്കിയിരുന്ന്, ന്യൂ ജേഴ്‌സിയുടെ വഴിയോരക്കാഴച്ചകള്‍ കാണുന്നതിനിടയില്‍ തുടര്‍ന്നു.

'' 1920 ല്‍ ആണെന്നു തോന്നുന്നു ഇന്നു കാണുന്ന ആധുനിക ക്ലാന്‍ യൂണിഫോമിലേക്കവര്‍ മാറിയത്. ആ കാലം ലോകത്തെല്ലായിടവും ഫാസിസത്തിന്റെ അടിവേരുകള്‍ മുളച്ചുവരുന്നുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധവും, കമ്മ്യുണിസ്റ്റ് റക്ഷ്യയുടെ പിറവിയും, പുത്തന്‍ ആശയങ്ങളാല്‍ പ്രചോതിതരായ പുത്തന്‍ തലമുറയുടെ വളര്‍ച്ചയും, വര്‍ഗ്ഗിയചിന്താഗതിക്കാരുടെ ഉറക്കം കെടുത്തിയിട്ടുണ്ടാകും. മാത്രമല്ല എനിക്കു തോന്നുന്നത്, ഇന്നലകളില്‍ മരിച്ചുപോയ വര്‍ഗ്ഗിയവാദികള്‍ കാലങ്ങളില്‍ വീണ്ടും ജനിച്ച് കൂടുതല്‍ ആളുകളെ അവരുടെ ആശയപ്രചരണത്തിനായി നിയോഗിക്കുന്നതാണൊ എന്നാണ്... '' ആന്‍ഡ്രു ഒന്നു നിര്‍ത്തി സ്വയം ചിരിച്ചു.'' ഒരു യുക്തിവാദിയുടെ ചിന്തയല്ല ഞാന്‍ പറയുന്നതെന്നല്ലെ റീന ഇപ്പോള്‍ ചിന്തിക്കുന്നത്.'' ആന്‍ഡ്രു റീനയോടായി ചോദിച്ചു. റീന ഇയാള്‍ക്കിതെന്തുപറ്റി എന്ന മട്ടില്‍ നോക്കിയതെയുള്ളു.ആന്‍ഡ്രു തുടര്‍ന്നു; ''ഞാന്‍ ഒരു യുക്തിവാദിയുടെ ഉടയാടകള്‍ മാറ്റി വെറുതെ ചിന്തിച്ചതാണ്.എന്തുകൊണ്ട് കാലാകാലങ്ങളില്‍ ഇത്തരം ശിഥിലശക്തികള്‍ വളരുന്നു. കാലചക്രത്തിന്റെ കളികളാണോ... ഒന്നിനും സ്ഥിരതയില്ലാതെ മാറിമാറി വരുന്ന കാലഗതി...അതെന്തായാലും വെറുപ്പും, പകയും, വിദ്വേഷവും എന്ന സ്വഭാവം മനുഷ്യ മൂലകങ്ങളിലെ അടിസ്ഥാന ഘടകം എന്നു കരുതുന്നതില്‍ തെറ്റില്ലായിരിക്കും. ആദ്യകാല വേദങ്ങളിലെ വെറുപ്പിന്റെയും, കുടിപ്പകയുടെയും, ശുദ്ധരക്തത്തിന്റെയും കഥകള്‍ കേട്ടുവളരുന്ന ഒരു തലമുറയുടെ ഹൃദയത്തില്‍ ആ കാലത്തിലേക്കു തിരിച്ചുപോകാനുള്ള മനസ്സുവളരുകയാകാം. ഇതൊക്കെ ന്യായങ്ങള്‍ കണ്ടുപിടിക്കലാണ്. അയല്‍ക്കാരനോടുള്ള വെറുപ്പാണ് അടിസ്ഥാനം. ഞാന്‍ സ്വന്തമായി വളച്ചുകെട്ടിയ കുടിയേറ്റഭൂമിയുടെ അവകാശി ഞാന്‍ മാത്രമാണ്. നീ അന്യ മതവും, സംസ്‌കാരവുമായി എന്തേ എന്റെ വേലിക്കരുകില്‍ ...?വര്‍ഗ്ഗിയ വിദ്ദ്വേഷികളെ നമുക്ക് ഇങ്ങനെ ലഘൂകരിക്കാന്‍ പറ്റുമോ... ? എക്കാലത്തും ഈ മനോഭാവക്കാര്‍ തങ്ങളുടെ ശുദ്ധരക്തത്തെ കലര്‍പ്പില്ലാതെ സൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരോ പ്രദേശത്തും ഒരോ രീതികളിലാണെങ്കിലും സാരാംശത്തില്‍ അവര്‍ ഒന്നായിരുന്നു. ''

''ഒന്നാം ലോകമഹായുദ്ധത്തിലേക്കു നയിച്ചതിന്റെ അടിയൊഴുക്കുകളില്‍ മതപരമായ വര്‍ഗ്ഗിയതക്ക് ഒരു അലിയ പങ്കുണ്ടായിരുന്നു എന്ന് കരുതുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്. ഇറ്റലിയിലെ മുസോളിനിയുടെ വളര്‍ച്ച വര്‍ഗ്ഗിയവാദികള്‍ക്കു വലിയ ഉണര്‍വ്വ് ഉണ്ടാക്കി എന്നതും സത്യമായിരുന്നു. അതാണ് ഇവിടേ ക്ലാന്‍ വീണ്ടും ശക്തിപ്രാപിക്കാന്‍ ഒരു കാരണം എന്നു ഞാന്‍ വിലയിരുത്തുന്നു. ഇന്ത്യയിലും ഇക്കാലത്ത് വര്‍ഗ്ഗിയ ശക്തികള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്ക് സമാന്തരമായി വളരാന്‍ തുടങ്ങിയിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലില്‍ (1924)ആണെന്നു തോന്നു ഇന്ത്യയില്‍വര്‍ഗ്ഗിയ സംഘടനയായ ആര്‍. എസ്. എസ്. (രാഷ്ട്രിയ സ്വയം സേവക് സംഘ്) രൂപം കൊണ്ടത്. അതില്‍ മുസോളിനിയുടെ ആശയ സ്വാധീനം ഉണ്ടായിരുന്നതായി ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. ഹിന്ദു എന്ന വലിയ വേദ/ഉപ്നിഷ്ദ് സംസ്‌കാരത്തെ സാങ്കുചിത ഹിന്ദുത്വ മതത്തിലേക്ക് ചുരുക്കി വെറുപ്പിന്റെ മുക്കാലിയില്‍ മുസ്ലിംവിരോധംകൊളുത്തിയപ്പോള്‍, അകത്തിരിക്കുന്നവരുടെ ബ്രാഹ്മിണ മേധാവിത്വം എന്ന ആശയത്തെ ഒളിപ്പിച്ചതിന്റെ ചിരി പുറം ലോകം തിരിച്ചറിയാന്‍ കാലം ഏറെവേണ്ടിവന്നു. പിന്നെ ഇന്ത്യയില്‍ ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ച നിങ്ങള്‍ക്കറിയാം. ഞാന്‍ ഇതു പറയുന്നത്, 1866 രൂപം കൊണ്ട ക്ലാന്‍ ഇവിടെ ഒരു വലിയ ശക്തിയായി വളരാഞ്ഞതിന്റെ കാരണം എന്തേ എന്നുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.ഇതുവരെക്ലാന്‍ക്കാരെ പരസ്യമായി അനുകൂലിക്കുന്ന ഒരു രാഷ്ട്രിയ പാര്‍ട്ടി ഇല്ലായിരുന്നു എന്നുള്ളതായിരിക്കാം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി എങ്ങനേയും അധികാരത്തില്‍ തുടരാന്‍ വേണ്ടി കൂട്ടുപിടിച്ചിരിക്കുന്ന വര്‍ഗ്ഗിയതയില്‍ ക്ലാന്‍ മുഖ്യപങ്കാളിയാണ്. വര്‍ഷങ്ങളായി അവര്‍ രഹസ്യമായി വളര്‍ത്തിയ ആശയം ഏറ്റെടുക്കാന്‍ ക്രിത്യാനികള്‍ അവരവരുടെ സാംസ്‌കാരിക പൈതൃകത്തെ മറന്ന് മുന്നോട്ടുവന്നിരിക്കുമ്പോള്‍, അവറിയാത്ത ഒരു കാര്യമുണ്ട്, അവര്‍ കത്തോലിക്കനെ ശത്രുവായിക്കാണുന്നു...പിന്നെ യഹൂദനും, അടിമകളയിരുന്ന കറുത്ത വംശക്കാര്‍ക്കൊപ്പം എല്ലാ കുടിയേറ്റക്കാരും അവരുടെ ശത്രുക്കളാണ്. പോപ്പിന്റെ സഭയെ വെറുക്കാന്‍ എന്താണാവോ കാര്യം... പ്രോട്ട്സ്റ്റന്റെ വിശ്വാസികളുടെ ഒരു വലിയ കൂട്ട്‌ഴമയായിരിക്കും അവര്‍ക്കൊപ്പമുള്ളത്. പക്ഷേ സാധാരണ ക്രിസ്ത്യാനികള്‍,പ്രത്യേകിച്ചും തെക്കന്‍ സംസ്ഥങ്ങളിലുള്ളവരിലധികവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തുണയ്ക്കുമ്പോള്‍അവരറിയാതെ തന്നെ ക്ലാനിനെ തുണക്കുന്നവര്‍ എന്നു മുദ്രകുത്തപ്പെടുമോ...?

''വെറുപ്പില്‍ കുരുപ്പിച്ച മുളകള്‍ എത്രമാത്രം വളരും... വളര്‍ന്നാല്‍ തന്നെ എത്രമാത്രം നിലനില്‍ക്കും. ഇപ്പോള്‍ അതു ചോദ്യങ്ങള്‍ മാത്രമാണ്... ക്ലാനിന്റെ മുളകളത്രയും വെറുപ്പിലാണു മുളച്ചത്. ഇരുട്ടിലാണു വളരുന്നത്. അവരുടെ അംഗവസ്ത്രം തന്നെ വെറുപ്പിന്റെ പ്രതീകമാണ്. ഹാളൊവിന്‍ കോസ്റ്റൂമുകളെഅനുസ്മരിപ്പിക്കുന്ന പ്രേത വേഷങ്ങളില്‍ അവര്‍ സിവില്‍ വാറിലെപട്ടാളക്കാരുടെ പ്രേതങ്ങള്‍ എന്നു സ്വയം വിശ്വസിച്ച്, തെക്കിനെ കീഴടക്കിയവരോടുള്ള പകയില്‍ നിറയുന്നു. വെള്ള ശീലക്കുപ്പായം അണിയിച്ച് കുരിശിനെ കത്തിക്കുന്നത് വടക്കന്‍ പാട്ടാളക്കാരുടെ പ്രേതങ്ങളെ കത്തിക്കുന്നു എന്ന സങ്കല്പത്തിലോ...?അതോ ക്രിസ്തുവിന്റെ കബറിനെ ഓര്‍ത്തോ. പ്രൊട്ട്സ്റ്റന്റു കാര്‍ക്ക് കുരിശ് ആരാധന വസ്തു അല്ല കുരിശിനെ ആരാധിക്കുന്ന കാത്തലിക്കനെ വെറുക്കാന്‍ അതാണോ കാരണം... അവരുടെ രഹസ്യങ്ങള്‍ ആരറിയുന്നു. എന്തായാലും ക്രിസ്തുമാര്‍ഗ്ഗം അവര്‍ എന്നേ ഉപേക്ഷിച്ചുണ്ടാകും അതായിരിക്കും അവര്‍ തോക്കിനെ ആരാധിക്കുന്നത്.ആരാധന എന്നു പറയുമ്പോള്‍, ആയുധങ്ങളേയും അതില്‍ പുരളുന്ന രക്തത്തേയും അവര്‍ ഇഷ്ടപ്പെടുന്നപോലെ... എന്തായാലും നമുക്ക് ആശങ്കപ്പെടാന്‍ ഏറെയുണ്ട്. ''

ഇവിടെ വിഭാഗിയത വളരുകയാണ്. ഇതെങ്ങനെയൊക്കെ ആയിത്തിരുമെന്നാര്‍ക്കാറിയാം. വീണ്ടും ഒരാഭ്യന്തരയുദ്ധത്തിലേക്കാണൊ നാം പോകുന്നത്....?അശങ്കയുണ്ട് റീന... നാം പേടിക്കണം. തോക്കുകള്‍ക്കു മുന്നില്‍ എത്രപേര്‍ക്ക് ചെറുത്തു നില്‍ക്കാന്‍ കഴിയും.പക്ഷേ ഒന്നുണ്ട്... ഒരു വര്‍ഗീയ വാദി ജനിക്കുമ്പോള്‍ രണ്ടു ജനാധിപത്യ കാംഷികളും ജനിക്കും.അതാണു ലോകം ഇത്രയും നിലനില്‍ക്കുന്നത്.. ഇതെന്റെ കണ്ടെത്തലാണ്. അല്ലെങ്കില്‍ സ്വയം സമാധാനിക്കാനായി ഞാന്‍ എന്നോടു തന്നെ പറയുന്നത്. മറ്റൊന്ന് ക്രിസ്ത്യാനികളെന്ന് അഭിമാനിച്ച് റിപ്പബ്ബ്‌ളിക്കന്‍ പാര്‍ട്ടിക്കായി വോട്ടു ചെയ്യുകയും, പണം മുടക്കുകയും ചെയ്യുന്ന എന്റെ നാട്ടുകാരായ ഏറെപ്പേരുണ്ട്.... ഇവിടെ ഒരു തിരിത്തുണ്ട്....അതായത് അവര്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോ ഡെമോക്രാറ്റ് പാര്‍ട്ടിയോ എന്തെന്നോ ഏതെന്നോ അറിയില്ല.കാരണം അവര്‍ രാഷ്ടിര വിദ്യാഭ്യാസം ഉള്ളവരല്ല. അവരുടെ ജോലി, വീട്, ബാങ്ക്, ചര്‍ച്ച് ഇതാണവരുടെ ലോകം. ചര്‍ച്ചിലെ പാസ്റ്റര്‍ പറയുന്നതൊക്കെ അവര്‍ അനുസരിക്കും. പാസ്റ്ററുടെയും, ചര്‍ച്ചിന്റേയും അടിമകളാണവര്‍. പാസ്റ്റര്‍ പറഞ്ഞു അയാള്‍ അയക്കപ്പെട്ട ദൈവപുരുഷന്‍ എന്ന്; അവര്‍ അതു വിശ്വസിച്ചു. സ്വര്‍ഗ്ഗരാജ്യത്തിലെ അവരുടെ ഇടം ഉറപ്പിക്കുന്നതിനൊപ്പം മുസ്ലീംങ്ങള്‍ തങ്ങളുടെ അയല്‍ക്കാരായി വരെരുതെന്ന സ്വാര്‍ത്ഥതയും അവരെ അങ്ങനെ ആക്കി. അതില്‍ കവിഞ്ഞ രാഷ്ടിയമൊന്നും അവര്‍ക്കില്ല. ഒന്നിലധികം കെട്ടി ഒഴിഞ്ഞവനും, പണത്തിനുവേണ്ടി എന്തു ചെയ്യുന്നവനും, സ്വന്തമായി നുണ ഫാക്ടറി പണിത് നുണപ്രചരണം നടത്തുന്നവനുമായവന്റെ ദൈവികത എത്രമാത്രം എന്നു ചോദ്യം ചെയ്യാനുള്ള ബുദ്ധിബലം വളര്‍ന്നിട്ടില്ലാത്ത മതക്കാരണവര്‍... അവരെ വെളുത്ത ശുദ്ധവംശിയക്കാര്‍ എങ്ങനെ സ്വീകരിക്കും. അവരുടെ അയല്‍ക്കാരായി ഇവരെ കൈക്കൊള്ളുമോ...?തൊലിയുടെ നിറം അവര്‍ കാണാതിരിക്കുമോ...?സ്വര്‍ഗ്ഗത്തിലെ അവരുടെ സ്ഥാനം എന്തായിരിക്കും...? '' വണ്ടി ഒരു റെസ്റ്റേറിയയിലേക്ക് കയറി.

ഇനിസമ്മേളന നഗരിയിലെക്ക് ഒന്നരമണിക്കൂര്‍. ബസ്സില്‍വീണ്ടും ഒരൊരുത്തരും അവരവരുടെ മൗനങ്ങളില്‍ ആയി. അടിമവംശത്തിന്റെ എല്ലാനൊമ്പരങ്ങളും അവരില്‍ വായിച്ചെടുക്കാമെന്ന് ആന്‍ഡ്രു ഒരോരുത്തരെയായി നോക്കി ഉള്ളില്‍ നിരുപിച്ചു. റീനയുടെ കണ്ണുകളില്‍ ഉറക്കം തിരമാലകണക്കെ അലയടിയ്ക്കുന്നു. എങ്കിലും അവളുടെ ഉള്ള് കടലുപോലെ പ്രക്ഷുബ്ധമായിരുന്നു. ഒരു ജീവിതം ജീവിച്ച വഴികള്‍ അവള്‍ വായിച്ചെടുക്കകയോ... ? ആയിരിക്കാം റീനയെ അവളുടെ വിചാരങ്ങളിലേക്ക് വിട്ട് ആന്‍ഡ്രുവും സാമും റോഡിനിരുവശങ്ങളിലേയും കാഴ്ചകളിലേക്കിറങ്ങി അടഞ്ഞുവരുന്ന കണ്ണുകളെ പ്രധിരോധിക്കാന്‍ ശ്രമിച്ചു. റീന ജോര്‍ജ്ജിയയിലെ തന്റെ രണ്ടുമുറി അപ്പാര്‍ട്ടുമെന്റിലെ പതിനാറുകാരിയായി. കൊല്ലപ്പെട്ട സഹോദരനും, അവനുവേണ്ടി പ്രതികാര പ്രതിജ്ഞ ചെയ്ത് ഒളിവിലായ സഹോദരനും അവളില്‍ വീദൂരമായ ഓര്‍മ്മകള്‍ മാത്രമായി മാറിയെങ്കിലും, അവളുടെ പ്രഞ്ജയില്‍ അവര്‍ ഉണ്ട്.അവളിലും പ്രതികാരത്തിനുവേണ്ടിയുള്ള ദാഹം ഉണരാറുണ്ട്.... പക്ഷേ സ്വയം നിയന്ത്രിക്കും. ഒരാളെ കൊല്ലാന്‍ എളുപ്പമായിരിക്കാം; കൊലകൊണ്ട് ഏതെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടുണ്ടോ.വ്യക്തികളെ ഇല്ലാതാക്കിയതുകൊണ്ട് ആശയം ഇല്ലാതാകുമോ...?എന്റെ സഹോദരനെ കൊന്നതുകൊണ്ട് അവന്റെ സംഗീതത്തെ കൊല്ലാന്‍ കഴിഞ്ഞുവോ...? അവന്റെ സ്‌നേഹതര്‍ ആ സംഗീതത്തെ പ്രണയിച്ചു ആയിരങ്ങളിലേക്കതൊഴുകിയപ്പോള്‍ വെറുപ്പിന്റെ തേരട്ടകളെ വളര്‍ത്തുന്നവര്‍ പരസ്പരം നോക്കി പല്ലിറുമ്മിയതെയുള്ളു. പഴയതുപോലെ തോക്കുമായി വന്ന് വെടിവെച്ചിടുവാന്‍ കഴിയാതെവണ്ണം കറുത്തവന്റെ കരുത്ത് വളര്‍ന്നു. വെളുത്തവന്റെ അഹന്തയെ ചോദ്യം ചെയ്യാന്‍, അവന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ അടിമായിരുന്നവന്റെ തലമുറകള്‍ കരുത്തുകാട്ടിയപ്പോള്‍,., വര്‍ഗ്ഗിയവാദികള്‍ തങ്ങളുടെ അടവുനയം മാറ്റി നമ്മെ സ്‌നേഹിക്കുന്നതായി നടിച്ചു. എന്നാല്‍ വര്‍ഗ്ഗിയതയെ തിന്മയായി കണ്ട കുറെ വെളുത്തവരിലെ നന്മയെ എന്തിനു കാണാതിരിക്കണം. അങ്ങനെ ഉള്ളവര്‍ എന്നും ഒപ്പം ഉണ്ടായിരുന്നു.


Read: https://emalayalee.com/writer/119


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക