കാറു എടുക്കാതെ ശരീരം എടുത്ത് നടന്നാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്നു മനുഷ്യർക്ക് ബോധ്യപ്പെട്ടതിനാൽ റോഡിൽ കാറുകൾ കുറവും സൈഡ്-വാക്കിൽ നടക്കാനിറങ്ങുന്നവരുടെ തിരക്കും സ്വാഭാവികം. ചിലരൊക്കെ വടി കുത്തിപിടിച്ചും, കെട്ടിപ്പിടിച്ചും, ചുമച്ചും കിതച്ചും, ചിലർ നായ്ക്കളുമായിട്ടാണ് എന്തോ വലിയ ഒരു ഗുണം കിട്ടാൻപോകുന്നപോലെ വാശി പിടിച്ച് മത്സരനടത്തത്തിൽ പങ്കു കൊള്ളുന്നത്. ഒന്നും, മൂന്നും നായ്ക്കളെ കൊണ്ട് വരുന്നവരാണ് കുഴപ്പക്കാർ. മരണദേവനായ യമരാജ് എഴുന്നെള്ളുമ്പോൾ അങ്ങേരുടെ രണ്ടു കാവൽനായ്ക്കൾ മുന്നിൽ നടക്കുന്നപോലെയാണ് കയ്യിൽ വലിയ ഒരു ചങ്ങലയുമായി നായ്ക്കളെ എഴുന്നള്ളിച്ച് വരുന്ന ഇക്കൂട്ടർ നടക്കുന്നത്. ഒരു കയ്യിൽ നായുടെ ചങ്ങലയും മറ്റേ കയ്യിൽ അതിന്റെ വിസർജ്ജം പൊതിഞ്ഞ സഞ്ചിയും തൂക്കിപിടിച്ചു നടക്കുന്ന ഇവരെകാണുമ്പോൾ "ഇതിനായി ഇവരൊക്കെ ചെയ്തതെന്തൊരു പാപം" എന്ന് ചോദിക്കാൻ തോന്നും. നാട്ടിലാണെങ്കിൽ നടക്കാൻ പോകുമ്പോൾ കടിക്കുന്ന നായ്ക്കളെ സൂക്ഷിക്കണം. ഇവിടെയുള്ള നായ്ക്കൾ ചങ്ങലയിലാണ്. പക്ഷെ നായയെ മറന്നു ഫോൺ ചെവിയിൽ വച്ചുവരുന്ന യമരാജാക്കളെ സൂക്ഷിക്കണം. അവരുടെ നായ നമ്മുടെ മേൽ എപ്പോൾ ചാടിവീഴുന്നു എന്ന് ഉറപ്പിക്കാൻ കഴിയില്ല
എനിക്കു സ്വപനം കണ്ടു നടക്കുന്നത് ഇഷ്ടമാണ്. പക്ഷെ മേല്പറഞ്ഞ ചന്തയിൽകൂടി അത് അസാധ്യമാണ്. കാരണം നായയുടെ കടിയേൽക്കാതെ നടക്കേണ്ടത് നമ്മുടെ ആവശ്യം. വാസ്തവത്തിൽ നമ്മുടെ നടത്തത്തിന്റെ വേഗതയും, നമ്മുടെ സുരക്ഷയും നമുക്ക് നേരെ നടന്നുവരുന്നവരുടെ പെരുമാറ്റം പോലെയാണ്. നമ്മൾ ഒരേ വേഗതയിൽ നടന്നുവരുമ്പോൾ കാണാം മധ്യവയസ്സ് കഴിഞ്ഞ രണ്ടു പഞ്ഞികെട്ടുകൾ കൈകോർത്തു നമ്മുടെ മുന്നിൽ. അവർ വഴി മാറില്ല. നമ്മളുടെ വേഗം കുറച്ച് നമ്മൾ സൈഡ്-വാക്കിൽ നിന്നും പുല്ലിലേക്ക് മാറണം. വിജയം കൈവരിച്ച വിജിഗീഷുവിനെപോലെ അവർ നമ്മെ നോക്കി ദൈവം യോജിപ്പിച്ചവരെ മനുഷ്യർ വേർപിരിക്കരുതെന്നു പറഞ്ഞു നടന്നു നീങ്ങുന്നു.
എന്നാലും മനസ്സ് മനോരാജ്യത്തിലേക്ക് എത്തിനോക്കികൊണ്ടിരിക്കും. പ്രഭാതത്തിൽ പ്രകൃതി ദാവുണി ഉടുത്ത ഒരു പതിനാറുകാരിയാണ്. അവളുടെ തുടു തുടുത്ത കുങ്കമകവിളുകളിൽ കോടി കോടി സ്വപ്നങ്ങളുടെ ഡാലിയപ്പൂക്കൾ വിരിയാൻ വെമ്പുന്നു. അവൾ അപ്പോൾ കവിത കേൾക്കാൻ കാതോർക്കുന്ന പാവാടക്കാരി. വേഡ്സ് വർത്ത് പറഞ്ഞിട്ടുണ്ട് പ്രകൃതിയെ പ്രണയിക്കു അവൾ വഞ്ചിക്കയില്ലെന്നു. അവൾ അടിവച്ചടിവച്ചു അടുത്തു വരികയാണ്. പരിസരം എത്ര മനോഹരം. വഴിയരികിലെ വീട്ടുമുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന പൂക്കൾ സ്വാഗതം പറയുന്നു. വണ്ടുകളുടെ മൂളലും അറിയിക്കുന്നത് ജീവിതം സുന്ദരം എന്നെപോലെ തേൻ കുടിക്കു എന്നാണു. ചുറ്റിലും.കണ്ണിനെ കുളിർപ്പിക്കുന്ന കാഴ്ചകൾ മനസ്സിൽ ഒരു പാട്ടുണരുന്നു. "നജാരോം കി രംഗോമേ ഷബ്‌നം മിലാകർ തേരി മാംഗ് ബർതും സുഹാഗൻ ബനാക്കർ (അർത്ഥം." ഈ വിശാലമായ കാഴ്ചയുടെ നിറങ്ങളിൽ തുഷാരബിന്ദുക്കൾ ചാലിച്ച് നിന്റെ സിന്ദൂരരേഖയിൽ നിറച്ച് നിന്നെ സുമംഗലിയാക്കും.) പ്രകൃതി അതുകേട്ട് വ്രീളാവിവശയാകുന്നു. അനുരാഗതേൻകണങ്ങളിൽ ഞാനെന്റെ തൂലിക മൂക്കുമ്പോൾ "ഭൗ ഭൗ" എന്ന കുര. കിന്നാരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നായയുടേ കുര കേട്ട് വേലിക്കരികിൽ നിന്നും വീട്ടിലേക്ക് ഓടിപ്പോയ കൗമാരകാരിയെപോലെ പ്രകൃതി അപ്രത്യക്ഷയായി. എന്റെ മുന്നിൽ ഒരു മദാമ്മയും കുരച്ചു ചാടുന്ന നായയും. മദാമ്മയുടെ സംഭാഷണം മലയാളത്തിൽ പകർത്തുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഞാൻ ഇതുവഴി നടക്കുന്നു. നിങ്ങളെ എപ്പോൾ കണ്ടാലും എന്റെ നായ കുരയ്ക്കുന്നു.നിങ്ങൾ ഒരു മൃഗസ്നേഹിയല്ല. സാധാരണഗതിയിൽ പ്രതിദിനം കാണുന്ന മനുഷ്യരെ കണ്ടാൽ നായ്ക്കൾ കുരയ്ക്കാറില്ല.
മനോഹരമായ ഒരു സ്വപ്നദൃശ്യത്തിന്റെ പിടിയിൽ നിന്നും മുക്തമാകാത്ത എന്റെ മനസ്സിന് നായയുടെ കുരയും മദാമ്മയുടെ കുരയും അസ്വസ്ഥതയുണ്ടാക്കി. എന്ത് പറയണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥ. എന്തായാലും മദാമ്മ കോപിഷ്ഠയല്ല. ചീത്ത പറയുന്നില്ല. അവർ അത്ഭുതം കൂറുകയാണ്. ഈ സംസാരത്തിനിടയിൽ നായ കുരച്ചുകൊണ്ടിരിക്കുന്നു. മദാമ്മ മുഴുവൻ ശക്തിയുപയോഗിച്ച് അതിനെ നിയന്ത്രിക്കുന്നു.
മല്ലീശ്വരന്റെ ഒടിഞ്ഞവില്ലുപോലെ ഒരു ഇന്ത്യൻ മദാമ്മ അപ്പോൾ മൂന്നു നായ്ക്കളെയും കൊണ്ട് നേരിട്ട് വരുന്നു. രണ്ടെണ്ണം അക്രമാസക്തരാണ്. ഒരെണ്ണം ഹിന്ദി സിനിമയിലെ ജോണി വാക്കറെപ്പോലെ പാടുന്നു. "ആജാ പ്യാരേ പാസ് ഹമാരെ, കാഹേ ഘബ് രായെ " (എന്റെ അടുത്തു വന്നോളൂ പൊന്നെ എന്തിനു പേടിക്കുന്നു) ഹാ.ഹാ. ആ രംഗം ആലോചിച്ച് ചിരിച്ചുപോയപ്പോൾ മദാമ്മ വീണ്ടും എന്തുകൊണ്ട് അവരുടെ നായ എന്നെക്കണ്ടു കുരയ്ക്കുന്നുവെന്ന ചോദ്യം ആവർത്തിച്ചു,
മദാമ്മ സുന്ദരിയായത്കൊണ്ട് മാത്രം'അവരെ ഒന്ന് മയക്കാമെന്നു കരുതി ഞാൻ പറഞ്ഞു നായ കുരയ്ക്കുന്നത് നമ്മൾക്ക് കാണാൻ കഴിയാത്തതു കാണാൻ നായക്ക് കഴിയുന്നതുകൊണ്ടാണ്. മദാമ്മ "എന്ത് കാണുന്നു" ഞാൻ പറഞ്ഞു. ഞാൻ ഹിന്ദു പുരാണത്തിലെ ബ്ലൂ ഗോഡാണ്. അവർ ഉടനെ പക്ഷെ നിങ്ങൾ വെളുത്തിരിക്കുന്നല്ലോ? എവിടെ നീല. ഞാൻ പല നിറത്തിലും പ്രത്യക്ഷപ്പെടും ഹരേ കൃഷണ എന്ന് കേട്ടിട്ട് ഇല്ലേ. ആ ദൈവമാണ് ഞാൻ. എന്റെ പിന്നിൽ പതിനാറായിരത്തിയെട്ട് ഗോപികമാർ അണിനിരക്കുന്നുണ്ട്. അവരുടെ മഞ്ജീരശിഞ്ജിതം;കേൾക്കുന്നില്ലേ; അവരെയും എന്നെയും കണ്ടിട്ടാണ് നായ കുരയ്ക്കുന്നത്. യമുനയുടെ തീരത്ത് നിന്ന് ന്യുയോർക്ക് നഗരം കണ്ടു ഗോപികമാർ ആനന്ദചിത്തരായി കൈകൊട്ടി കളി കളിക്കുകയാണ്. ചെവിയോർക്കു "കാർമേഘവർണ്ണന്റെ മാറിൽ മാലകൾ ഗോപികമാർ, പൂമാലകൾ കാമിനിമാർ, കൺകളിൽ പൂവിടും വെണ്ണിലാവോടവൻ വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ". മദാമ്മയെ പറ്റിക്കാൻ ഒരു കൊച്ചനുണക്കൂടി പറഞ്ഞു.
നിങ്ങളുടെ നായ കഴിഞ്ഞ ജന്മം ഗോപാലൻ എന്ന ഗോപി ആയിരുന്നു. പുറകിൽ നിൽക്കുന്ന ഗോപികമാരിൽ ഒരാളുടെ ഭർത്താവ്. അവൻ അവളെ കണ്ടു കുരയ്ക്കുന്നതാണ്. മദാമ്മയുടെ മിണ്ടാട്ടം മുട്ടി. അവർ പുഞ്ചിരി തൂകി.
അവർ നായയെ മാറോട് ചേർത്ത് എടുത്തു, ചോരയുടെ നിറമുള്ള ലിപ്സ്റ്റിക്ക് തേച്ച അവരുടെ ചുണ്ടിൽ നായ നക്കിക്കൊണ്ടിരുന്നു. നിനക്കൊക്കെ നായ നക്കിയതേ കിട്ടുകയുള്ളുവെന്നു അവരുടെ ഭർത്താവിന് ശാപം കിട്ടിക്കാണും. അവർ നായയ്ക്ക് ബിസ്കറ്റ് കൊടുത്തു. സൗഹൃദഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് കേൾക്കട്ടെ. എന്നിട്ട് എന്ന് സംസാരം തുടർന്നു. ഞാൻ പറഞ്ഞതെല്ലാം വിശ്വസിച്ചപോലെ എന്നെയും എന്റെ പുറകിലെ ഗോപികമാരെയും നോക്കി. അവരുടെ നീലക്കണ്ണുകളിൽ വിസ്മയം നിറഞ്ഞു. ഞാൻ ഒന്നും കാണുന്നില്ലെന്ന് അവർ നിഷ്കളങ്കമായി പറഞ്ഞു. ഭഗവൻ കൃഷ്ണനെക്കുറിച്ചും പുനർജന്മത്തെക്കുറിച്ചും സംസാരിക്കാൻ സമയം വേണം. ഇപ്പോൾ അത് സാധ്യമല്ലെന്നു പറഞ്ഞു ഞാൻ നടന്നപ്പോൾ അവർ ചോദിച്ചു നാളെയും ഈ നേരത്തു വരുമോ? ഞാൻ മനസ്സിൽ ആലോചിച്ചു. രാധിക കൃഷ്ണനെ വിളിക്കുമ്പോൾ കൃഷ്ണൻ പറയുന്നത് "താരണി മണിമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ" എന്നാണു. കൃഷ്ണാഅംശം ഉള്ള ഞാനും പറഞ്ഞു “നാളെ കാണാം.”.
ശുഭം
Read: https://emalayalee.com/writer/11