Image

ബാലമാസികകൾ ചിത്രമാത്രകഥകളാവുമ്പോൾ ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും 8 - പ്രകാശൻ കരിവെള്ളൂർ )

Published on 27 July, 2024
ബാലമാസികകൾ ചിത്രമാത്രകഥകളാവുമ്പോൾ ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും 8 - പ്രകാശൻ കരിവെള്ളൂർ )

വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ ആരുടെയും നിർബന്ധമില്ലാതെ, അക്ഷരമറിയുന്ന പണ്ടത്തെ കുട്ടികൾ ആവേശത്തോടെ തേടിപ്പിടിച്ച് വായിച്ചിരുന്ന കുറേ ബാലമാസികകളുണ്ടായിരുന്നു - അമ്പിളി അമ്മാവൻ , പൂമ്പാറ്റ , കുമ്മാട്ടി , തത്തമ്മ , മലർവാടി , ബാലചന്ദ്രിക , ബാലമംഗളം ,ബാലരമ , ബാലഭൂമി ... അവയിൽ ചിലതെല്ലാം ഇപ്പോഴുമുണ്ട് .കുട്ടികൾ കൂടുതൽ ബാലിശമാകുന്നത് മനസ്സിലാക്കിയിട്ട് മിന്നാമിന്നിയും കളിക്കുടുക്കയും വന്നു . എന്നാൽ , കേരളത്തിൽ  കുട്ടികളുളള എത്ര വീടുകളിൽ എത്രയിടത്ത് ഇവയിൽ ഒന്നെങ്കിലും എത്തുന്നുണ്ട് ?  ഒന്നിലധികം എത്തിയാലും എത്ര കുട്ടികൾ അവ വായിക്കുന്നുണ്ട്? ഒരു പതിറ്റാണ്ടിനുള്ളിൽ ബാലപ്രസിദ്ധീകരണങ്ങളുടെ പ്രചാരം അമ്പത് ശതമാനം കുറഞ്ഞു എന്നാണ് കണക്കുകൾ പറയുന്നത് . അന്ന് നൂറ് കോപ്പി പൂമ്പാറ്റ അമർച്ചിത്രകഥ ചെലവായാൽ നൂറ് കുട്ടികൾ വീട്ടിൽ നിന്ന് വായിച്ച് അവ സ്കൂളിൽ കൊണ്ട് കുട്ടികൾ കൈമാറി , ക്ളാസുകൾ കൈമാറി മുപ്പതിനായിരം കോപ്പിയുടെ ഫലം ചെയ്തിരുന്നു . കുട്ടികളുള്ള ചില വീടുകളിൽ പത്തും പതിനഞ്ചും വർഷത്തെ ബാലരമകൾ നിധി പോലെ കാത്തു സൂക്ഷിച്ചിരുന്നു . എത്രയോ തലമുറകൾ അവ വായിച്ച് രസിച്ചിരുന്നു .
ഇന്ന് , വൻകിടപ്പത്രക്കാർ അടിച്ചിറക്കുന്ന ബാലപ്രസിദ്ധീകരണങ്ങൾ ഏതൊക്കെയോ ബുക്സ്റ്റാളുകളിലും പത്ര ഏജൻ്റിൻ്റെ വീട്ടിലും കെട്ടിക്കിടക്കുകയാണ് . കുട്ടികൾ കഥാപുസ്തകം ബേഗിലിട്ട് കൂട്ടുകാർക്ക് വായിക്കാനായി സ്കൂളിൽ കണ്ടു വരുന്ന കാലം മിക്കവാറും അസ്തമിച്ചു . വീട്ടിൽ വരുന്നത് തന്നെ പലരും വേണ്ടത്ര വായിക്കുന്നു എന്ന് ഉറപ്പിക്കാനും പറ്റില്ല .
കുട്ടികളുടെ വായനാ വൈമുഖ്യം കൊണ്ട് പ്രസാധകരും അടവ് മാറ്റി . പരമാവധി ചിത്രങ്ങളും ചിത്രകഥകളുമാണ് . വായിക്കാൻ കുറച്ചേ ഉണ്ടാവൂ .കുത്തുകൾ യോജിപ്പിക്കലും കളർ കൊടുക്കലും കുസൃതിച്ചോദ്യവുമാണ് കൂടുതൽ . കുട്ടിച്ചാനലുകളിലെപ്പോലെ ആനിമേഷൻ കോമിക്സും കാർട്ടൂൺ പരമ്പരകളും ജനപ്രിയ സിനിമകളുടെ പാരഡി കൊണ്ടും  ദൃശ്യമാധ്യമ ലോകത്തോട് ബന്ധമില്ലാതെ നില നിൽക്കാൻ കഴിയാത്ത ദുരവസ്ഥ ! 
നമ്മൾ കപീഷിനെയും മായാവിയേയും ശിക്കാരി ശംഭുവിനേയും കുറിച്ചോർക്കുന്നതു പോലെ ഒരു സൂത്രനും ഒരു ഷേരുവും ഇവരുടെ ഓർമ്മയിലില്ല . എത്രയെത്ര ബെൻട്ടനും ഡോറയും ഹുമങ്കസോറും വരുന്നു - പോകുന്നു . കയ്യിൽ ഒരു മൊബൈൽ കിട്ടിയാലുടൻ അമ്മയും അച്ഛനും പോലും വേണ്ട . പിന്നല്ലേ കഥാപുസ്തകം ?
കുട്ടികളെ കുറ്റം പറയണ്ട . നമ്മുടെ മക്കളല്ലേ ? നമ്മളാരെങ്കിലും എപ്പഴെങ്കിലും ഒരു നോവൽ വായനയിലോ കഥാവായനയിലോ മുഴുകിയ രംഗം വീട്ടിൽ ഒരിക്കലെങ്കിലും കാണാൻ കുട്ടികൾക്ക് അവസരമുണ്ടായിട്ടുണ്ടോ ? എന്നാൽ മണിക്കൂറുകളോളം അമ്മയോ അച്ഛനോ ഏട്ടനോ ചേച്ചിയോ ( ചിലപ്പോൾ എല്ലാവരും ) മൊബൈലിൽ കളിക്കുന്ന കാഴ്ച്ച അവർക്ക് മുന്നിലുണ്ട് !
നമ്മൾ മുതിർന്നവർക്കിനി കോഴ്സുകൾ കഴിയണ്ട , എൻട്രൻസിന് പോണ്ട , പി എസ് സി എഴുതണ്ട . എന്നാൽ കുട്ടികളുടെ കാര്യം അതല്ല . പരീക്ഷകൾ പലതുണ്ട് . ചോദ്യം വായിച്ച് മനസ്സിലാക്കലും ഉത്തരം എഴുതി ഫലിപ്പിക്കലുമാണ് സാധാരണമട്ടിൽ മിക്ക പരീക്ഷകളും നേരിടാൻ വേണ്ട കഴിവ് . അതിന് ഭാഷ വേണം . ഓർമ്മ വേണം . വായന മിനിമമെങ്കിലുമില്ലാതെ ഇതൊന്നുമുണ്ടാകില്ല . അതു കൊണ്ട് ഭാവിയിലെ സാംസ്കാരിക ഘടാഘടിയർ ആയില്ലെങ്കിലും വിദ്യാർത്ഥി ജീവിതം ശരാശരിയെങ്കിലും ജീവിക്കാൻ ഒരു കുട്ടിക്ക് ചെറുതായെങ്കിലും ഒരു വായന ശീലം നിർബന്ധമാണ് . രക്ഷിതാക്കളും അധ്യാപകരും അടിയന്തിരമായി ഇടപെടേണ്ട ഒരു ഗുരുതര പ്രശ്നമാണിത് .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക