രംഗം 1
പഠിക്കുമ്പോൾ എൻ്റെത്ര മാർക്ക് പോലും വാങ്ങാത്തവളാ... ഞായറാഴ്ച മഴയിൽ മൂടിപ്പുതച്ച് ഉറങ്ങുന്ന ഭർത്താവിനെ കുലുക്കി ഉണർത്തി ഭാര്യ പറഞ്ഞു.
അതിനെന്ത് പറ്റി? ആർക്കാ ഇത്ര പുലർച്ചെ മാർക്ക് കൂടിയത് ? ഭർത്താവ് ഉറക്കം നഷ്ടപ്പെട്ട അരിശത്തോടെ ചോദിച്ചു.
എൻ്റെ കൂടെ പഠിച്ചിരുന്ന സുലോചനയില്ലേ, അവളുടെ കാര്യമാ പറഞ്ഞത്.
അവൾക്കെന്ത് പറ്റി? ഭർത്താവിന് പിന്നേയും സംശയം
അവൾക്കൊന്നും പറ്റിയില്ല, അവളുടെ ടോയ്ലറ്റ് ഒക്കെ ഒന്ന് കാണണം, ഭാര്യ വിശദീകരിച്ചു
അവളുടെ ടോയ്ലറ്റ് നീയെങ്ങനെ കണ്ടു?
സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്, എന്താ ഒരു ഭംഗി, പൂജാമുറിയാണെന്ന് തോന്നും.
ടോയ്ലറ്റിൻ്റെ സ്റ്റാറ്റസോ ? അയ്യേ, പഴഞ്ചൻ ഭർത്താവിന് അതത്ര ബോധിച്ചില്ല
ടോയ്ലറ്റ് മാത്രമല്ല, ഇന്നലെ വീട്ടിലെ കോഴിക്കൂടിൻ്റെ സ്റ്റാറ്റസും ഇട്ടിരുന്നു, ഒന്ന് കാണേണ്ടത് തന്നെ, എന്ത് വൃത്തിയാന്നറിയോ, ക്ലാസ് പരീക്ഷക്ക് പോലും പാസ് മാർക്ക് കിട്ടാത്തവളാ. നല്ല ഭർത്താക്കൻമാരെ കിട്ടിയാൽ ഇങ്ങനിരിക്കും. ഭാര്യയുടെ വാക്കിൽ കുറ്റപ്പെടുത്തലിൻ്റെ ധ്വനി അയാളറിഞ്ഞു.
കോഴികൾക്കും പ്രത്യേക ടോയ്ലറ്റ് ഉണ്ടാവും, അതാ ഇത്ര വൃത്തി, പുതപ്പ് തലയിലൂടെ മൂടി ഭർത്താവ് ആത്മഗതം ചെയ്തു.
നിങ്ങക്കറിയോ, മിനിഞ്ഞാന്നിട്ട ബെഡ് റൂം സീൻ സ്റ്റാറ്റസിൽ ഭർത്താവിനെ യു ആർ മൈ ഫുൾ എന്നാ സുലോചന എഴുതിയിരിക്കുന്നത്.
അതെന്താ, അയാൾ ഒറ്റയടിക്ക് ഒരു ഫുൾ തീർക്കുമോ ? ഭർത്താവിന് സംശയം
അതല്ല, പങ്കാളിയെ ബെറ്റർ ഹാഫ് എന്ന് പറയില്ലേ, നിങ്ങൾ ഹാഫല്ല ഫുൾ തന്നെയാണെന്ന്, അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കൻമാരെ കിട്ടിയാൽ , ഭാര്യയുടെ സ്റ്റാറ്റസ് സങ്കടം പൊട്ടിയൊഴുകുകയാണ്.
രംഗം 2
ഭർത്താവ്: നീയെന്താ രാവിലെ ഇങ്ങനെ മൗനിയായിരിക്കുന്നത്. ഇന്ന് ആരുടേയും സ്റ്റാറ്റസ് നോക്കിയില്ലേ
ഞാനിന്നലെ പറഞ്ഞില്ലേ ഒരു സുലോചനയുടെ കാര്യം, അവൾ ഒരുത്തൻ്റെ കൂടെ ഓടിപ്പോയത്രെ. ഭാര്യ വിഷമത്തോടെ പറഞ്ഞു
അതെന്ത് പറ്റി ? മിനിഞ്ഞാന്നത്തെ സ്റ്റാറ്റസിൽ യു ആർ മൈ ഫുൾ എന്നൊക്കെ എഴുതിയിട്ട് ??
അത് മിനിഞ്ഞാന്നല്ലേ, ഇത് ഇന്നലെ ചാറ്റിൽ പരിചയപ്പെട്ട ആളുമായി പ്രണയത്തിലായതാ.
ഒറ്റ ദിവസം കൊണ്ട് ഒരാളുമായി പ്രണയത്തിലാവേ ? ദർത്താവിന് അതിശയം.
ഹാ, ലവ് അറ്റ് ഫസ്റ്റ് ചാറ്റ് എന്ന് പറയില്ലേ, അതാ സംഭവിച്ചത്.
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ്, ഫസ്റ്റ് ചാറ്റല്ല, ഭർത്താവ് തിരുത്താൻ ശ്രമിച്ചു
എന്തായാലും എന്താ, സ്കുളിൽ പഠിക്കുമ്പോൾ പെൺകുട്ടികളോട് പോലും മിണ്ടാത്ത സുലോചനയാ , ഇപ്പോൾ കണ്ടില്ലേ, എത്ര സ്മാർട്ടായി, നല്ല ആണുങ്ങളെ ഭർത്താക്കൻമാരായി കിട്ടിയാൽ ഏത് പെണ്ണും സ്മാർട്ടാകും. അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ ഭാര്യ പിറുപിറുത്തു.