കര്‍ഷകനായ ശീമോന്‍ചേട്ടന്‍ ഒരു മുന്‍കോപിയാണ്. അയാളുടെ സഹോദരങ്ങളൊക്കെ നാട്ടിലെ വസ്തുവിറ്റ് മലബാറില്‍ പോയെങ്കിലും മകള്‍ റോസിലിയെ നാട്ടില്‍ ആരെക്കൊണ്ടെങ്കിലും വിവാഹം കഴിപ്പിച്ചിട്ടേ അങ്ങോട്ടുള്ളൂ എന്ന തീരുമാനത്തിലാണ് ശീമോന്‍. അതിനുവേണ്ടി ബ്രോക്കര്‍ ഇക്കോച്ചേട്ടനെ അയാള്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കിഴക്കുദിക്കില്‍ നിന്ന് ഉണക്കമീന്‍ വ്യാപാരിയായ ഔതക്കുട്ടി എന്ന ചെറുപ്പക്കാരനുമായുള്ള വിവാഹാലോചനയുമായി ഇക്കോച്ചന്‍ എത്തി. ചെറുക്കന്റെ ഫോട്ടോ കണ്ടപ്പോള്‍ കറുത്തതും പല്ലുന്തിയതും ആണെന്നു മനസ്സിലായതിനാല്‍ ഔതക്കുട്ടിയുടെ കാര്യത്തില്‍ ആര്‍ക്കും താല്‍പര്യമില്ല. എങ്കിലും ഇക്കോച്ചേട്ടന്‍ വാക്കുപറഞ്ഞു പോയതിനാല്‍ വന്ന് പെണ്ണുകാണല്‍ നടത്തി പോകട്ടേയെന്ന് തീരുമാനിച്ചു.
അയലത്തെ സമ്പന്നനായ പൗലോച്ചേട്ടനാണ് മലബാറില്‍ പോയ ശീമോന്റെ സഹോദരന്റെ സ്ഥലം ചുളുവിലയ്ക്ക് തട്ടിയെടുത്തത്. റോസിലിയുടെ സ്ത്രീധന പ്രശ്‌നം വരുമ്പോള്‍ ശീമോന്റെ വസ്തുകൂടി തട്ടിയെടുക്കാമെന്നാണ് അയാളുടെ പ്ലാന്‍.
ഇതിനിടെ പൗലോച്ചന്റെ മകന്‍ കറിയാക്കുട്ടിയും റോസിലിയും തമ്മില്‍ കാണുവാനും സംസാരിക്കുവാനും ഇടയായി. സാമ്പത്തികമായി വലിയ അന്തരം ഉണ്ടായിരുന്നെങ്കിലും അവര്‍ ഇരുവരുടെയും മനസ്സില്‍ അനുരാഗത്തിന്റെ നാമ്പുകള്‍ മുളച്ചുപൊന്തി. കറിയാക്കുട്ടിയുടെ സഹോദരി ജാന്‍സി റോസിലിയുടെ കൂട്ടുകാരി ആയിരുന്നതിനാല്‍ അവര്‍ക്കു തമ്മില്‍ കൂടുതല്‍ അടുക്കുന്നതിനുള്ള അവസരങ്ങളും ലഭിച്ചു.
ഇതിനിടെ ഔതക്കുട്ടി റോസിലിയെ പെണ്ണുകാണാന്‍ എത്തി. അതിസുന്ദരിയായ റോസിലിയില്‍ ഭ്രമിച്ചു പോയ ഔതക്കുട്ടി സ്ത്രീധനം പോലും വാങ്ങാതെ അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണ്.
എന്നാല്‍ റോസിലിക്ക് അവനെ ഇഷ്ടമായില്ല. കറുമ്പനാണെങ്കിലും സ്ത്രീധനച്ചെലവില്ലാത്തതിനാല്‍ ശീമോന് താല്‍പര്യവും.
റോസിലിയുടെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞ് അവരുടെ പുരയിടം വാങ്ങാന്‍ പൈലോച്ചേട്ടന്‍ ഇടനിലക്കാരെ വിട്ടു. എന്നാല്‍ ഒരു കാരണവശാലും ആ വസ്തു പൗലോച്ചേട്ടനു വില്‍ക്കില്ലെന്നായിരുന്നു ശീമോന്റെ നിലപാട്.
ഇതിനിടെ കറിയാക്കുട്ടിയും റോസിലിയുമായി കൂടുതല്‍ അടുത്തു. അപ്പന്‍ നിര്‍ബന്ധിച്ച് ഔതക്കുട്ടിയുമായി വിവാഹം നടത്തിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും കറിയാക്കുട്ടി എങ്ങനെയും തന്നെ തുണയ്ക്കണമെന്നും അവള്‍ ആവശ്യപ്പെടുന്നു.
കറിയാക്കുട്ടിക്ക് മജിസ്‌ട്രേറ്റിന്റെ മകളുടെ വിവാഹാലോചന എത്തുന്നു. പൗലോച്ചന് അതില്‍ താല്‍പര്യമായെങ്കിലും കറിയാക്കുട്ടിക്ക് റോസിലിയെ മറക്കാനാവില്ല. അവന്‍ കല്യാണബ്രോക്കര്‍ക്കു കുറെ പണം നല്‍കി റോസിലിക്ക് മറ്റൊരു കാമുകനുണ്ടെന്ന് ഔസക്കുട്ടിയോടു പറയിച്ചു. എന്നാല്‍ ഒന്നു പിഴച്ചു പെറ്റതാണെങ്കില്‍ക്കൂടി ഔസക്കുട്ടിക്ക് ആ റോസിലിയെ മാത്രം മതിയത്രെ!
ഇതിനിടെ കറിയാക്കുട്ടിയും റോസിലിയും തമ്മിലുള്ള അടുപ്പം പുറത്തായതോടെ രണ്ടുപേരുടെയും മാതാപിതാക്കള്‍ തമ്മില്‍ ഒരു ശണ്ഠയും നടന്നു. അയല്‍ക്കാര്‍ ഇടപെട്ട് അവരെ സമാധാനിപ്പിച്ചു. എങ്കിലും കള്ളക്കേസു കൊടുത്ത് പൗലോച്ചന്‍ ശീമോനെ പോലീസ് കസ്റ്റഡിയിലാക്കി. കറിയാക്കുട്ടി അപ്പനറിയാത അയാള്‍ക്കു തുണയായെത്തി.
ഔസക്കുട്ടി റോസിലിയെ മാത്രമേ വിവാഹം കഴിക്കൂ എന്നു മനസ്സിലാക്കിയ കറിയാക്കുട്ടി ആ വിവാഹം എങ്ങനെയും മുടക്കാന്‍ തീരുമാനിച്ചു. വീണ്ടും കുറെ പണം കല്യാണബ്രോക്കര്‍ക്കു നല്‍കി ഔസക്കുട്ടിക്ക് ഒരു രഹസ്യഭാര്യയും കുട്ടികളുമുണ്ടെന്ന് ശീമോന്‍ ചേട്ടനെ അറിയിച്ചു. എന്നാല്‍ കല്യാണം മുടക്കികളുടെ വെറും അപവാദം എന്ന നിലയില്‍ അയാളത് പുച്ഛിച്ചുതള്ളി.
ഔസക്കുട്ടി സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുമെന്നും ശീമോന് വസ്തു വില്‍ക്കേണ്ടിവരില്ലെന്നും അറിഞ്ഞതോടെ പൗലോച്ചനും ആ വിവാഹം എങ്ങനെയെങ്കിലും മുടക്കണമെന്നായി. അതിനുവേണ്ടി റോസിലിയെ തട്ടിക്കൊണ്ടുപോകാന്‍ വരെ ആലോചിച്ചു. കറിയാക്കുട്ടിയാണെങ്കില്‍ ഔസക്കുട്ടിയുടെ കാലു തല്ലിയൊടിക്കാനാണ് വാടക ഗുണ്ടകളെ തേടിയത്, അവളെ സ്വന്തമാക്കാന്‍ താന്‍ പല അടവുകളും പ്രയോഗിക്കുമെന്ന് കറിയാക്കുട്ടി റോസിലിയോടു പറഞ്ഞു.
തുടര്‍ന്ന് ശീമോന്റെ വീട്ടുപടിക്കല്‍ ഒരു സ്ത്രീയും രണ്ടു കുട്ടികളും സത്യഗ്രഹത്തിനെത്തി. അവര്‍ ഔസക്കുട്ടിയുടെ രഹസ്യഭാര്യയും കുട്ടികളുമാണത്രെ. ആ കപടനാടകം പൊളിക്കാന്‍ ഔസക്കുട്ടിയും സംഘവും എത്തി. നാട്ടുകാര്‍ അവനെ മര്‍ദ്ദിച്ചു. ആ പെണ്ണിനെ അവന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അവന്റെ പോക്കറ്റിലെ പണം പിടുങ്ങിയിട്ട് അവള്‍ തടിയൂരി.
കറിയാക്കുട്ടിയും മജിസ്‌ട്രേറ്റിന്റെ മകള്‍ മോളിക്കുട്ടിയുമായി ഉള്ള വിവാഹ കാര്യങ്ങള്‍ വീട്ടുകാര്‍ നിശ്ചയിച്ചു. എന്നാല്‍ അവന് അതിനോട് എതിര്‍പ്പായിരുന്നു.
പാതിരാത്രിയില്‍ റോസിലിയുടെ വീട്ടില്‍ നിന്ന് കരച്ചില്‍കേട്ട് കറിയാക്കുട്ടി അവിടേക്കോടി. ശീമോനെയും ഭാര്യയെയും ആരോ തൂണില്‍ കെട്ടിയിട്ടിരിക്കുന്നു. റോസിലിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ കറിയാക്കുട്ടി മര്‍ദ്ദിച്ചു. റോസിലിയെ ഒത്തിരി ഇഷ്ടപ്പെട്ടുപോയ ഔസക്കുട്ടിയായിരുന്നു അതിനെല്ലാം പിന്നില്‍! എന്തായാലും തങ്ങളെ രക്ഷിച്ച കറിയാക്കുട്ടിയോട് ശീമോനും മറ്റും പ്രീതിയായി.
എന്നാല്‍ പിറ്റേന്നത്തെ പത്രത്താളുകളില്‍ വാര്‍ത്ത വന്നത് കറിയാക്കുട്ടിയെ പെണ്‍വാണിഭക്കേസില്‍ പ്രതിയാക്കുന്ന രീതിയിലാണ്. അതോടെ മജിസ്‌ട്രേറ്റിന്റെ മകളുമായുള്ള അവന്റെ വിവാഹ തീരുമാനം അലസി. മാത്രമല്ല അവന് ഉടനെ മറ്റൊരു വിവാഹം നടക്കാനാവാത്ത സ്ഥിതിയുമായി.
കൂടാതെ പോലീസ് വേഷധാരികളായ ചിലരെത്തി പൗലോച്ചനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതോടെ പൗലോച്ചന്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറായി. പള്ളീലച്ചനും നാട്ടുപ്രമാണികളുമൊക്കെ അയാളുടെ വീട്ടില്‍ ഒത്തുകൂടി. അവരുടെ കൂടി അഭിപ്രായമംഗീകരിച്ച് കറിയാക്കുട്ടിയുടെയും റോസിലിയുടെയും വിവാഹത്തിന് പൗലോച്ചന്‍ സമ്മതം മൂളുന്നതോടെ കഥയ്ക്ക് ശുഭാന്ത്യമായി.
Read More: https://emalayalee.com/writer/285