Image

പ്രണയത്തിന്റെ ഇടനാഴി- (നോവൽ - ഭാഗം - 21-വിനീത് വിശ്വദേവ്)

Published on 29 July, 2024
പ്രണയത്തിന്റെ ഇടനാഴി- (നോവൽ - ഭാഗം - 21-വിനീത് വിശ്വദേവ്)

നാളുകളായി മുറ്റമടിക്കാതെയുള്ള പ്രതീതി ഉണർത്തി മുറ്റത്തു പ്ലാവിലയും പുളിയിലയും വീണു കിടക്കുന്നുണ്ടായിരുന്നു. അച്ഛൻ കുളിച്ചു റെഡിയായി കടയിൽ ഓർഡർ കൊടുത്ത സാധനങ്ങൾ വരുമെന്നുപറഞ്ഞു കട തുറക്കാനായി വയലാർ കവലയിലേക്കു പോയി. ശരിയായ ഉറക്കം ലഭിക്കാത്തതിന്റെയും യാത്രയുടെ ക്ഷീണമകറ്റാനുമായി ദേഹശുദ്ധിവരുത്തി. ആശുപതിയിലേക്കു കൊണ്ടുപോകാനുള്ള ആഹാരം പാകം ചെയ്‌യുന്നതിനിടയിൽ മണിയേട്ടന്റെ ഭാര്യ ശാന്തേടത്തിയും മകൾ സൗമ്യയും ആശുപത്രിയിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി അടുക്കള ഭാഗത്തെത്തി. ആശുപത്രിയിലെ കാര്യങ്ങൾ പറഞ്ഞുവെയ്ക്കുന്നതിനിയടിയിൽ ശാന്തേടത്തി അടുക്കള കാര്യങ്ങളിൽ എല്ലാവിധ സഹായം ചെയ്തു. സൗമ്യയും കറിക്കുള്ള പച്ചക്കറി നുറുക്കിക്കുകയും പത്രങ്ങൾ കഴുകി മേശപ്പുറത്തു വെയ്ക്കുകയും ചെയിതു. ആശുപതിയിലേക്കു കൊണ്ടുപോന്നതിനായി അമ്മ അലമാരിയിൽ നിന്നും ആനന്ദവല്ലിയമ്മയുടെ രണ്ടു മൂന്നു ജോഡി ഡ്രസ്സ് മടക്കിയെടുക്കുന്ന കൂട്ടത്തിൽ എന്റെയും ഒരു ജോഡി ഡ്രസ്സ് കൂടി ബാഗിൽ എടുത്തുവെച്ചു. ആശുപത്രിയിലേക്കു പോകാനായി ഒരുങ്ങിയിറങ്ങുമ്പോഴേക്കും ആനന്ദവല്ലിയമ്മയ്ക്കുള്ള പൊടിയരിക്കഞ്ഞിയും ജീരകമിട്ടു തിളപ്പിച്ച വെള്ളവും പൊതിച്ചോറും എല്ലാം ശാന്തേടത്തി ബിഗ്‌ഷോപ്പറിൽ തയ്യാറാക്കി കഴിഞ്ഞിരുന്നു. ഭർത്താവു ശിവദാസൻ കടയടച്ചു വരുമ്പോൾ വീടിന്റെ താക്കോൽ കൊടുക്കുന്നതിനായി വീടുപൂട്ടി താക്കോൽ ശാന്തേച്ചിയെ ഏൽപ്പിച്ചു.

പുതിയകാവ് കവലയിൽ നിന്നും ടൗണിലേക്കുള്ള പ്രൈവറ്റ് ബസ്സിൽ കയറി. കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും നേരിട്ട് കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള ബസ്സ് തന്നെ കിട്ടിയത് യാത്രാമുഷിച്ചിലൊഴിവാക്കാനും സമയം ലഭിക്കാനും ഇടയാക്കി. വരാന്തയിലൂടെ നടന്നു വാർഡിലേക്ക് എത്തിയപ്പോഴേക്കും ചെറുമകനോട് ചെറു ചിരിയയോടെ ആനന്ദവല്ലിയമ്മ എന്തോ ലോഹ്യം പറയുന്ന കാഴ്ച മനസിനെ സന്തോഷിപ്പിച്ചു. ചില നിമിഷങ്ങളിങ്ങനെയാണ് ഓട്ടപ്പാച്ചിലിനിടയിൽ അവനവന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെയും സ്നേഹബന്ധങ്ങളെയും സസൂക്ഷ്മം വീക്ഷിച്ചാൽ സസന്തോഷം നൽകുന്ന നിമിഷങ്ങളുടെ താക്കോൽ കണ്ടെത്താൻ സാധിക്കുമെന്ന തിരിച്ചറിവുകൾ തന്ന വേദിയായി മാറി. കട്ടിലിന്റെ  അരികിലേക്ക്  നടന്നടുക്കുന്നതിനിടയിൽ വേദനകൾകൊണ്ട് പുളയുന്ന കിടപ്പുരോഗികളുടെ ഭാവവ്യത്യാസം തെല്ലു നൊമ്പരം എന്നിലേക്ക്‌ ഉടലെടുത്തതിനാൽ നടത്തിന്റെ വേഗത കുറഞ്ഞു. പതിയെ ആനന്ദവല്ലിയമ്മ കിടക്കുന്ന കട്ടിലിനരികിൽ എത്തി വിശേഷങ്ങൾ തിരക്കി. നേരിയ പക്വത വന്ന മുഖത്തോടും ഗൗരവത്തോടും ഇരിക്കുന്ന മകനെയും ഒരുനോക്കി വാത്സല്യത്തോടെ ചേർത്ത് നിർത്തി.

ഉച്ച നേരത്തേക്കുള്ള മരുന്നുമായെത്തിയ നഴ്സിനോട് ആനന്ദവല്ലിയമ്മയ്ക്കു ആഹാരം കൊടുക്കുന്നതിനെക്കുറിച്ചു 'അമ്മ ചോദിച്ചു. ലഘുവായ ആഹാരപദാർത്ഥങ്ങൾ കൊടുക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞതനുസരിച്ചു ആനന്ദവല്ലിയമ്മയ്ക്ക് പൊടിയരിക്കഞ്ഞി പാത്രത്തിൽ വിളമ്പി കൊടുത്തു. പാത്രം കയ്യിലേക്ക് വാങ്ങി ചുറ്റും കണ്ണുകൾ ഓടിച്ചു പുനർജന്മത്തിന്റെ അമൃതേത് കഴിക്കാൻ തുടങ്ങുന്ന സ്ത്രീയെപ്പോലെ തന്റെ ജീവിതത്തിന്റെ തിരിച്ചു വരവിനെ മൃത്യുഞ്ജയ മന്ത്രം ചൊല്ലി എതിരേറ്റു. "ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവ്വാരുകമിവ ബന്ധനാൻ-മൃത്യോർമുക്ഷീയ മാമൃതാത്." 'അമ്മ എനിക്ക് വേണ്ടി കൊണ്ടുവന്ന ഡ്രസ്സ് ബാഗിൽ നിന്നും എടുത്തു എന്റെ നേർക്ക് നീട്ടി. 
വാർഡിനു പുറത്തു നിലനിന്നിരുന്ന ശുചിമുറിയിൽ പോയി കയ്യും കാലുകളും കഴുകി ഡ്രസ്സ് മാറ്റി തിരികെ വന്നു. അൽപനേരത്തിനുശേഷം ആനന്ദവല്ലിയമ്മ കഴിച്ച പത്രങ്ങൾ കഴുകാൻ പോകുന്നതിനു മുന്നേ മരുന്നുകൾ നൽകുകയും എനിക്ക് പൊതിച്ചോറ് കഴിക്കാൻ എടുത്തു തരികയും ചെയിതു. അമ്മ കഴുകിയ പാത്രങ്ങളുമായി തിരിച്ചെത്തിയപ്പോഴേക്കും ആനന്ദവല്ലിയമ്മ ചെറിയ മയക്കത്തിലേക്കാകുകയും ഞാൻ ആഹാരം കാശിച്ചു കഴിയുകയും ചെയ്തിരുന്നു. ആനന്ദവല്ലിയമ്മയ്ക്ക് ആശുപതിയിൽ അമ്മ കൂട്ട് നിന്നോളാമെന്നു പറഞ്ഞതനുസരിച്ചു ഞാൻ അമ്മയിൽ നിന്നും വണ്ടിക്കൂലിക്കുള്ള പണവും വാങ്ങി വീട്ടിലേക്കു യാത്രയായി.

വീട്ടിലേക്കെത്തുന്നതിനു മൂന്ന് ബസ്സുകൾ മാറിമാറിക്കയറേണ്ടി വന്നു. ബസിന്റെ സൈഡ് സീറ്റിലിയുന്നു യാത്ര ചെയിത എനിക്ക് കല്ലറയിലെയും ഇടയാഴം വഴി വരുമ്പോഴുള്ള വിസ്തൃതമായി പരന്നുകിടക്കുന്ന വയലുകളും തണ്ണീർമുക്കത്തുള്ള വേമ്പനാട്ടു കായലിലൂടെ ഒഴുകി നടക്കുന്ന  കേട്ടുവള്ളങ്ങളും നയനമനോഹരമായ കാഴ്ചവിരുന്നൊരുക്കി. പുതിയകാവ് കവലയിൽ ബസ്സിറങ്ങിയ എന്നിലേക്ക്‌ ഉത്സവത്തിന്റെ ആരവങ്ങളും ഒച്ചപ്പാടും ഒഴുകിയെത്തി. സിമിയെ കാണാനുള്ള ആഗ്രഹം ഒരു ദിവസം കൂടി നീണ്ടുപോയി എന്നോർത്ത് ദുഃഖിച്ചില്ല. ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളോടും പൂർണ്ണവളർച്ചയെത്താത്ത മനുഷ്യൻ താതാത്മ്യം പ്രാപിക്കുന്നത് സാഹചര്യങ്ങളിൽ അവൻ കെട്ടുപിണഞ്ഞു കിടക്കുന്നതിനാലാണ് എന്ന ചിന്ത മനസ്സിൽ ഉടലെടുത്തു. വൈകുന്നേരം അമ്പലത്തിലെ ദീപാരാധനയ്ക്കു സിമി വരുമായിരിക്കുമെന്ന ചിന്തയിൽ ഞാൻ വീട്ടിലേക്കു നടന്നു. അകലെന്നു വരുന്ന എന്നെ കണ്ടു നിന്ന ശാന്തേച്ചിയുടെ മോൾ സൗമ്യ താക്കോൽകൊണ്ടുവന്നു തന്നു. ക്ഷീണവും ഉറക്ക ചടച്ചിലും മാറാൻ വീട്ടിലെ കുളത്തിൽ വിസ്തരിച്ചു കുളിച്ചു. ഡ്രെസ്സ് മാറിയതിനുശേഷം സൈക്കിളെടുത്തു ഞാൻ അച്ഛന്റെ കടയിലേക്ക് പോയി.

ആശുപത്രിയിലെ വിവരങ്ങൾ അന്വേഷിച്ച അച്ചോനോട് ആനന്ദവല്ലിയമ്മയ്ക്ക് എടുത്തു പറയത്തക്ക വിശേഷങ്ങൾ ഒന്നുംതന്നെയില്ലാത്തതിനാൽ ചിലപ്പോൾ നാളെ ഡിസ്ചാർജ് ചെയ്യുമെന്നു ഡോക്ടർ പറഞ്ഞതാണല്ലോന്നു അച്ഛനെ ഓർമ്മപ്പെടുത്തി. കടയിലിരുന്നു ചായകുടിക്കുന്നതിനിടയിൽ ആനന്ദവല്ലിയമ്മയുടെ കൂടെ ആശുപതിയിൽ അമ്മ നിന്നോളാമെന്നു പറഞ്ഞതുകൊണ്ടാണ് ഞാൻ വീളിലേക്കു പോന്നതെന്നും നമുക്കു രണ്ടുപേർക്കുമുള്ള അത്താഴം ശാന്തേടത്തി കൊണ്ടുവന്നു തരാമെന്നു പറഞ്ഞതായും അച്ഛനോട് പറഞ്ഞു. കടയിൽ ഉത്സവത്തോടനുബന്ധിച്ചു കച്ചോടത്തിരക്കു നേരിയതോതിൽ ഉള്ളതിനാൽ അച്ഛൻ രാത്രി കടയിൽ നിന്നും വരാൻ താമസിക്കുമെന്നും പറഞ്ഞു. കടയിൽ ഓടിച്ചിരുന്ന ഉത്സവ പരിപാടികളുടെ പട്ടികയിൽ ചേർത്തല സാംബന്റെ കഥാപ്രസംഗവും കലാമണ്ഡലം ഗോപിയുടെ മേജർ സെറ്റ് കഥകളിയും ഉള്ളതിനാൽ ഞാൻ പത്തുമണി വരെ അമ്പലത്തിൽ ഉണ്ടാകുമെന്നു അച്ഛനോട് പറഞ്ഞതിനുശേഷം ഞാൻ വീട്ടിലേക്കു പോന്നു. കവലയിൽ നിന്നും വീട്ടിലേക്കു പോരുന്നവഴി സിമിയുടെ അച്ഛൻ ഗിരീശൻ ചേട്ടനെ കണ്ടു. ചെറുപുഞ്ചിരിയോടെ വിശേഷങ്ങൾ തമ്മിൽ സംസാരിച്ചെങ്കിലും സിമിയെക്കുറിച്ചോ മറ്റു കൂടുതൽ വിശേഷങ്ങൾ സംസാരിക്കാനോ ഇടം നൽകാതെ ഞാൻ വീട്ടിലേക്കു യാത്രയായി.

കൈയ്യും കാലും കഴുകിവന്നു അലമാരിയിൽ നിന്നും കാവിമുണ്ടും ഇഷ്ടപ്പെട്ട നിറമായ നീലക്കളറിൽ വെള്ള നിറത്തിലുള്ള ചെക്കുകളോടുകൂടിയ ഷർട്ട് ധരിച്ചു കണ്ണാടിയിൽ നോക്കി ഞാൻ സിമിയോട് പ്രേമാർത്ഥധന നടത്തി. അപ്പോഴാണ് എന്റെ മനസ്സിൽ ആൽമരത്തറയിൽ ഇരുന്നുകൊണ്ട് സിമിയോട് പ്രേമം അഭ്യർത്ഥിച്ചതും അതേ ഷർട്ട് ധരിച്ചുകൊണ്ട് തന്നെയായിരുന്നു എന്ന ഓർമ്മ ഉദിച്ചത്. അർത്തുങ്കൽ പള്ളിയിൽ നിന്നും വാങ്ങിയ ജാസ്മിൻ സെന്റും കുട്ടിക്കൂറ പൗഡറും പരിമളലേപനംപോലെ മുഖത്തും ദേഹത്തും പൂശി കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നീട് വാതിൽ പൂട്ടി താക്കോൽ പതിവായി വെക്കാറുള്ള ചവുട്ടുമെത്തയുടെ കീഴിലൊളിപ്പിച്ചു ഞാൻ അമ്പലത്തിലേക്ക് നടന്നു. പോകുന്ന വഴിയിൽ പ്രേമസുരഭിലമായ നിമിഷത്തിന്റെ കമാനങ്ങളിലൂടെ എന്റെ ഹൃദയകാശത്തു സിമിക്ക് വേണ്ടിയുള്ള പൂച്ചെണ്ടുകൾ ഒരു വസന്തമായി പുത്തുവിടരുന്നുണ്ടായിരുന്നു. ചുറ്റമ്പലത്തിൽ വിളക്കുകളിൽ നിന്നുള്ള പ്രഭ എന്റെ മുഖത്ത് പടർന്നിരുന്നു.

നടനേരെ നിന്ന് തൊഴുതു ചുറ്റമ്പലത്തിനു വലംവെയ്ക്കുന്നതിനിടയിൽ കമ്മറ്റിയോഫീസിനു മുന്നിൽ ബിനീഷിനെ കണ്ടു. വലംവെച്ചു തൊഴുതു തീർന്നതിനുശേഷം ബിനീഷിന്റെ അടുത്തേക്ക് ചെന്നു. തലേദിവസം നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കു വിരാമമിട്ടു ബിനീഷ് പറഞ്ഞു തുടങ്ങി. സിമിയെ അമ്പലത്തിൽ വച്ച് കണ്ടു സംസാരിച്ച വിവരങ്ങൾ പറഞ്ഞു തുടങ്ങി. മൂകസാക്ഷിയെപ്പോലെ അക്ഷമനായി അവൻ സിമിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടുനിന്നു. രാവിലെ അവൾ ഒരു പൊതി എനിക്ക് തരാൻ അവനെ ഏൽപ്പിച്ചിട്ടുണ്ടെന്നും അത് വീട്ടിൽ ഭദ്രമായി കരുതിയിട്ടുണ്ടെന്നും പൊതിയിൽ എന്താണെന്നോ ഏതാണെന്നു ഒന്നും തുറന്നു നോക്കിയില്ലയെന്നും അവൻ പറഞ്ഞു നിർത്തി. മാസങ്ങൾക്കു ശേഷവും സിമി എനിക്ക് വേണ്ടി എന്താണ് കരുതിവെച്ചിട്ടുള്ളതെന്ന ചിന്ത എന്നെ അത്ഭുതപ്പെടുത്തി. എന്റെ ചിന്തകളെ അലോസരപ്പെടുത്തുന്ന ആ പൊതിയെടുക്കുന്നതിനു സൈക്കിളിൽ ബിനീഷിന്റെ വീട്ടിലേക്കു യാത്രയായി.

(തുടരും.....)
വിനീത് വിശ്വദേവ്

Read: https://emalayalee.com/writer/278

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക