“ ശശി തരൂർ ഇപ്പോൾ വോട്ടെണ്ണലിൽ പിന്നിലാണെങ്കിലും മൊത്തം വോട്ടെണ്ണിക്കഴിയുമ്പോൾ തരൂർ തന്നെ ജയിക്കും. കാരണം ന്യൂനപക്ഷ സ്വാധീന മേഖലകളിലെ വോട്ടു ഇനിയും എണ്ണാൻ ബാക്കിയുണ്ട്.”
“അമ്മോ ആരാ ഈ പറയുന്നത്?, അമ്മക്കതിനു രാഷ്ട്രീയം ഒക്കെ അറിയുമോ? അല്ലാ, ന്യൂനപക്ഷങ്ങൾക്കു സ്വാധീനം ഉള്ള ബൂത്തുകൾ ഏതൊക്കെയെന്നു അമ്മക്കെങ്ങനെയറിയാം, 'അമ്മ പത്രം ഒക്കെ വായിക്കാൻ തുടങ്ങിയോ?”
മകന്റെ ചോദ്യത്തിൽ ആശ്ചര്യം ആണോ, അതോ അവിശ്വസനീയമായതു എന്തോ കേട്ടതിന്റെ ഷോക്ക് ആണോ മുന്നിട്ടു നിൽക്കുന്നതെന്ന് അവൾക്കു മനസിലായില്ല.
ഒരു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചുവെച്ചിട്ടു അവൾ തന്റെ സാമ്രാജ്യത്തിലേക്കു തന്നെ നടന്നു .
സാമ്രാജ്യം എന്നൊക്കെ കേട്ട്, അവൾ ഏതോ വലിയ സംഭവത്തിന്റെ ചുരുളഴിക്കാൻ പോകുവാണോ എന്നൊന്നും വിചാരിക്കണ്ട കേട്ടോ.
അവൾ , ത്രേസിയാമ്മേ , എന്ന് കെട്ടിയവൻ നീട്ടിവിളിക്കുമ്പോൾ, എന്തോ എന്ന് വിളി കേട്ടുകൊണ്ട്, സാരിയുടെ മുന്താണിയിൽ കൈ തുടച്ചുകൊണ്ട് ഓടിവരും. അയലോക്കത്തെ കുട്ടികൾ , ത്രേസിയാമ്മച്ചേടത്തിയെ , രണ്ടു പേരയ്ക്ക പറിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ പിന്നാമ്പുറത്തു പറിച്ചുവെച്ചിരിക്കുന്ന അഞ്ചാറു പേരക്കകൾ കൂടി എടുക്കാൻ അവൾ തിരിഞ്ഞുനടക്കും.
ത്രേസിയാക്കൊച്ചേ, എന്നുള്ള നീട്ടിവിളി , ചിലപ്പോഴൊക്കെ അവ്യക്തമായി അവൾ കേൾക്കാറുണ്ട്. ഉറക്കത്തിൽനിന്നും ഉണർവ്വിലേക്കുള്ള ഏതാനും നിമിഷങ്ങളിൽ, സ്വപ്നത്തിൽ വന്ന് അവളുടെ അപ്പച്ചൻ വിളിക്കും. ആ വിളിക്കു എന്തോ എന്ന് മറുപടി പറയുന്നതിനുമുന്പിതന്നെ സ്വപ്നത്തിന്റെ രസച്ചരട് പൊട്ടി, അവൾ യാഥാർഥ്യത്തിലേക്ക് കണ്ണ് തുറക്കും.പിന്നെന്തോ നഷ്ടബോധത്തിൽ ഒരഞ്ചുമിനിട്ടു കൂടി കണ്ണുതുറന്നു, മച്ചിന്മേൽ നോക്കി അവൾ വെറുതെ കിടക്കും.
ഈ ചിങ്ങത്തിൽ അവൾക്കു എഴുപതു വയസ്സ് തികയും.
എഴുപതു വർഷങ്ങൾ. അടുക്കളയിൽ കറിക്കു അരിയുമ്പോൾ അവൾ ഓർത്തു. മകനും കുടുംബവും ഇംഗ്ലണ്ടിൽ നിന്നും അവധിക്കു എത്തിയിട്ടുണ്ട്. വെറും ഒരുമാസത്തെ അവധി. ഇപ്പോൾ തന്നെ പാതിയിലധികം ദിവസങ്ങൾ കഴിഞ്ഞു. വീടുസന്ദര്ശനങ്ങൾ, ഷോപ്പിംഗ് , യാത്ര , ഇതൊക്കെ കഴിഞ്ഞു അവനെ സൗകര്യമായിട്ടു ഒന്ന് കാണാൻ കിട്ടുന്ന അപൂർവ്വനിമിഷങ്ങൾ. അവനു വായ്ക്ക് രുചിയായി എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ?, അവിടൊക്കെ എങ്ങനെയാണോ ആവോ? എന്തെങ്കിലുമൊക്കെ ഉണ്ടാക്കി , പേരിനു കഴിച്ചിട്ട് പോകുവായിരിക്കും, പേരക്കുട്ടികൾ പറയുന്നത് ആണെങ്കിൽ തനിക്കും, താൻ പറയുന്നത് അവർക്കും മനസിലാകാറില്ല.
അടുക്കളയാകുന്ന തന്റെ സാമ്രാജ്യത്തിൽ, പാത്രങ്ങളും തവികളുമായുള്ള മൽപിടിത്തം ത്രേസ്യാ തുടർന്നു.
"പതിനേഴാമത്തെ വയസിൽ എന്റെ കല്യാണം കഴിഞ്ഞതാ. അന്ന് എന്നെ ഇവിടെ കൊണ്ടുവരുമ്പോൾ ,ഇവന്റെ അപ്പച്ചൻ പറഞ്ഞത് , ഇളയത്തുങ്ങൾ നാലുപേരെയും ഒരു കരക്കെത്തിക്കണം, അന്നുതൊട്ട് ഈ അടുക്കളയാ എന്റെ സാമ്രാജ്യം. പിന്നെ കുറച്ചു കോഴിയേയും പശുക്കളെയും ഒക്കെ വളർത്തി.ദോഷം പറയരുതല്ലോ, ഇവിടുത്തെ 'അമ്മ , ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ എന്നെ സമ്മതിച്ചിട്ടില്ല." മരുമോളോട് പറഞ്ഞുകൊണ്ട് , ചീനിച്ചട്ടിയിലെ തിളച്ച എണ്ണയിലേക്ക് ഇട്ട കടുകുകൾ ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് ഒരുനിമിഷം അവൾ നോക്കിനിന്നു.
“ഈ എഴുപതാം വയസിലും എഴുന്നേറ്റു നടന്നു ഈ പണിയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ. അത് തന്നെ വലിയ കാര്യം.കയറ്റം കേറുമ്പോൾ കാൽമുട്ടിന് ഒരു ചെറിയ പിടിത്തം ഉള്ളതൊഴിച്ചാൽ ദൈവം സഹായിച്ചു വേറെ കുഴപ്പം ഒന്നും ഇല്ല.”അവൾ തുടർന്നു പറഞ്ഞു.
എന്നാലും താൻ ഇലെക്ഷൻറെ അഭിപ്രായം പറഞ്ഞതിന്റെ ഗുട്ടൻസ് മോന് പിടികിട്ടിയിട്ടില്ല എന്ന് തോന്നുന്നു. ഒരാഴ്ച കൂടി കഴിയുമ്പോൾ, മോനും കുടുംബവും തിരിച്ചുപോകും. പിന്നെ ആളും ആരവവും ഒഴിഞ്ഞ ഒരു കിളിക്കൂടാകും ഈ വീട്. പിന്നെ കാത്തിരിപ്പ് , മകന്റെയും കുടുംബത്തിന്റെയും അടുത്ത വരവിനായി. ആ ഇടവേളകളിൽ, അവൾ തന്റെ സാമ്രാജ്യത്തിൽ നിന്നും വെളിയിൽ വരും, പണ്ടെങ്ങോ ഉപേക്ഷിച്ച തന്റെ വായനാശീലം പൊടി തട്ടിയെടുക്കും, പത്രത്തിലെ ഓരോ വാർത്തയും അരിച്ചുപെറുക്കും. അത് ഒരു രക്ഷപെടലാണ്, ഏകാന്തതയുടെ തുരുത്തിൽ നിന്നും, മകനെ പിരിഞ്ഞിരിക്കുന്നതിന്റെ സങ്കടത്തിൽ നിന്നും പറന്നകന്ന്, വായനയുടെ തുരുത്തിലേക്കുള്ള പ്രയാണം.
സാമ്രാജ്യത്തിൽനിന്നും തുരുത്തുകളിലേക്കുള്ള പ്രയാണം. ഇനി എത്ര നാൾ? ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരം തിരഞ്ഞെന്നോണം, ത്രേസ്യാമ്മ എന്ന എഴുപതുവയസുകാരി , ചൂലെടുത്തു അടുക്കളയുടെ ഓരോ മുക്കും മൂലയും അടിച്ചുവാരുവാൻ തുടങ്ങി.