Image

ഒരു ഫൊക്കാന സാഹിത്യ അവാർഡ് കഥ; അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി..ടി. പൗലോസ്)

Published on 30 July, 2024
ഒരു ഫൊക്കാന സാഹിത്യ അവാർഡ് കഥ; അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി..ടി. പൗലോസ്)

ഒരു മഹോത്സവത്തിന്‍റെ മനോഹാരിതയോടെ വാഷിങ്ടൺ ഡി സി യിൽ കൊടിയിറങ്ങിയ  ഫൊക്കാന 2024 ദേശീയ കൺവെൻഷന്റെ ഹാങ്ങോവറിൽ ആയിരിക്കും പങ്കെടുത്തവരിൽ പലരുമിപ്പോൾ. ഫൊക്കാനയുടെ മെലിഞ്ഞുണങ്ങിയ സാഹിത്യവിഭാഗം ലേശം പുഷ്ടിപ്പെടുന്നത് ഈർപ്പമറ്റ മണ്ണിലേക്ക് പുതുമഴ പെയ്യുന്ന പ്രതീതി ഉളവാക്കി. ചിട്ടയായ നേതൃത്വം ഇപ്രാവശ്യം ഫൊക്കാന കൺവെൻഷനിൽ സാഹിത്യത്തിന് പ്രാധാന്യം നൽകി. അതിന് ഗീതാ ജോർജിന് ഒരു ബിഗ് സല്യൂട്ട്.  ഫൊക്കാന അവാർഡുകൾ സാഹിത്യ അക്കാദമി അവാർഡിന് തുല്യമാണ് എന്നുള്ള ഗീതാ ജോർജിന്റെ പത്രക്കുറിപ്പിലൂടെയുള്ള ഒരു ചെറിയ 'തള്ളല്‍' ആണ് സാഹിത്യത്തിന്റെ സർഗ്ഗവിശുദ്ധി നടത്തിപ്പുകാരുടെ വിവരക്കേടുമൂലം അശുദ്ധമാക്കപ്പെട്ട ഒരു പോയകാല സംഭവകഥ ഇപ്പോൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

2014 ജൂൺ അവസാന ആഴ്ചയിലെ ഒരു പ്രഭാതം. ഇങ്ങ് ന്യൂയോര്‍ക്കില്‍ താമസിക്കുന്ന എനിക്ക് അങ്ങ് ചിക്കാഗോയിൽ നിന്നും ഒരു   ഫോൺ കാൾ. ജൂലൈ 4 , 5 , 6  തിയതികളിൽ ചിക്കാഗോയിൽ നടക്കുന്ന ഫൊക്കാന ദേശീയ കൺവെൻഷന്റെ സാഹിത്യവിഭാഗം ചെയര്‍   ആണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ആ വർഷത്തെ ഫൊക്കാന സാഹിത്യ അവാർഡ് (ലേഖനം) ഞാനെഴുതിയ ''സി. ജെ. തോമസ് - മലയാള നാടക സാഹിത്യത്തിലെ പ്രതിഭാ വിസ്മയം'' എന്ന ലേഖനത്തിന് ആണെന്ന് അറിയിച്ചു. തന്നെയുമല്ല, സാഹിത്യ അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡ് കൂടി നൽകുവാൻ ഈ വർഷം തീരുമാനിച്ചിരിക്കുന്നു എന്നുകൂടി പറഞ്ഞു. കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അത്രയും ദൂരം പോകുവാൻ ഒന്നും അപ്പോൾ തീരുമാനിച്ചില്ല. ആ ആഴ്ചയിൽ അമേരിക്കയിൽ നിന്നും ഇറങ്ങിയ മിക്ക മലയാള അച്ചടി മാധ്യമങ്ങളിലും ഫൊക്കാന സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു എന്നും ഫലകവും ക്യാഷ് അവാർഡും ജൂലൈ 6 ന് ചിക്കാഗോയിൽ നടക്കുന്ന കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ വച്ചു നൽകുന്നതാണെന്നും അറിയിച്ചുകൊണ്ടുള്ള വാർത്തയും ഞാനുൾപ്പെടെയുള്ള അവാർഡ് ജേതാക്കളുടെ ഫോട്ടോയും ഉണ്ടായിരുന്നു. പിന്നെയും സാഹിത്യ വിഭാഗം മാഡത്തിന്റെ വിളി വന്നു. ക്യാഷ് അവാർഡ് ഒക്കെ ഉള്ളതാണ്., ഒരു കാരണവശാലും വരാതിരിക്കരുത്. സാഹിത്യത്തിനുള്ള അവാർഡ് ജൂലൈ 6 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ  വച്ചാണ് നൽകുന്നത്. അതനുസരിച്ച്  എത്തണമെന്നും  ഓർമ്മിപ്പിച്ചു. അങ്ങനെ ഞാൻ പോകാൻ തന്നെ മനസ്സിനെ പാകപ്പെടുത്തി.

ജൂലൈ 5 വെളുപ്പിന് തന്നെ ഞാൻ കുടുംബസമേതം ചിക്കാഗോയിലേക്ക് യാത്ര തിരിച്ചു. 17 മണിക്കൂർ ഡ്രൈവ് ചെയ്ത് വൈകുന്നേരം ചിക്കാഗോയിലെത്തി അവിടെ ഹോട്ടലിൽ തങ്ങി. ജൂലൈ 6 ന് രാവിലെ തന്നെ പറഞ്ഞതനുസരിച്ച് ഞാൻ കൺവെൻഷൻ നഗറിലെത്തി റിസപ്ഷനിൽ പറഞ്ഞു.

''ഞാൻ ന്യുയോര്‍ക്കില്‍ നിന്നും എത്തിയതാണ്. ഒരു അവാർഡ് ഉണ്ട് .  അത് സ്വീകരിക്കാൻ വന്നതാണ് ''

ഒരു ഫൊക്കാന ഐ ഡി അണിഞ്ഞ  ചേട്ടൻ ചോദിച്ചു.

'' എന്തിന്റെ അവാർഡ് ആണ് ?''

''സാഹിത്യം''

''സാഹിത്യമോ ?, കോപ്പ് . അതിന്റെ ആൾക്കാരോട് ആരോടെങ്കിലും ചോദിക്ക് ''

തലേദിവസത്തെ കെട്ടുവിടാതെ തന്നെയാണ് അയാൾ  അത് പറഞ്ഞത്. കുറെ അന്വേഷിച്ചു നടന്നതിനു ശേഷം സാഹിത്യവിഭാഗം മാഡത്തിനെ കണ്ടെത്തി. അവർ ഒരു പ്രത്യേക താൽപ്പര്യവും കാണിക്കാതെ പറഞ്ഞു.

''സാഹിത്യത്തിനുള്ള അവാർഡുകൾ ഞങ്ങൾ ഇന്നലെ കൊടുത്തുപോയി. ചില മാറ്റങ്ങൾ വരുത്തി ക്യാഷ് അവാർഡ് സാഹിത്യത്തിന് കൊടുക്കേണ്ടതില്ല എന്നും തീരുമാനിച്ചു.''

''ഇന്നല്ലേ എന്നോട് വരാൻ പറഞ്ഞത്? ''

''പക്ഷെ, കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടി പെട്ടെന്ന് തിരുത്തേണ്ടി വന്നു. താങ്കളെ അറിയിക്കാൻ പറ്റിയില്ല.''

''ഒന്നു ഫോൺ ചെയ്തുകൂടായിരുന്നോ ?''

''അതിന് താങ്കളുടെ ഫോൺ നമ്പർ തപ്പിയിട്ടു കിട്ടണ്ടേ ?''

പിന്നെ എന്റെ നിയന്ത്രണം അല്പം വിട്ടു. എന്റെ എല്ലാ സർഗ്ഗഭാവങ്ങളും 


തൽക്കാലം മാറ്റിവച്ച് എന്റെ ജന്മനാടായ കൂത്താട്ടുകുളത്തെ ചരിത്രപ്രാധാന്യമുള്ള കാളച്ചന്തയിലെ തനതായ ഭാഷയിൽ  സംസാരിക്കേണ്ടതായി വന്നു. അതോടെ മാഡം വിനീതവിധേയയായി. ഉടനെ സാഹിത്യവിഭാഗം മാഡം പ്രസിഡന്റ് മറിയാമ്മ പിള്ള മാഡവുമായി ബന്ധപ്പെട്ടു. പ്രെസിഡന്റിന്റെ കരുണാർദ്രമായ ഇടപെടൽ മൂലം തലേദിവസം എവിടെയോ വലിച്ചെറിഞ്ഞ എന്റെ സാഹിത്യ അവാർഡ് പൊടിതട്ടി പൊക്കിയെടുത്തു. അന്ന് വൈകുന്നേരം നടന്ന ഞാൻ ടിക്കറ്റെടുത്തു കയറിയ പൊതുസമ്മേളനത്തിൽ വിഐപി കൾക്ക് കൊടുത്ത അവാർഡുകൾക്കിടയിൽ രാഷ്ട്രീയ സാഹിത്യ സിനിമ മേഖലയിലെ പ്രഗത്ഭരുടെ സാന്നിദ്ധ്യത്തിൽ എനിക്കും കിട്ടി ഒരു ഫൊക്കാന സാഹിത്യ പുരസ്കാരം. അവാർഡ് വാങ്ങി പുറത്തിറങ്ങി ഫലകത്തിൽ നോക്കിയപ്പോൾ അതിലെഴുതിയിരിക്കുന്നത് പി. ടി. പൗലോസ് എന്ന എന്റെ പേരിനുപകരം ''പി. ഡി. പൗലോസ് ''. അവിടെ നിന്ന ഒരു സംഘടനാ പ്രവർത്തകനോട് ഞാൻ പറഞ്ഞു എന്റെ പേര് തെറ്റായിട്ടാണ് ഫലകത്തിൽ എഴുതിയിരിക്കുന്നത്. അപ്പോൾ അയാളുടെ മറുപടി ''അതെങ്കിലും കിട്ടിയല്ലോ. സമാധാനമായി പൊയ്‌ക്കോളൂ ''  അവാർഡ് ജേതാവിന്റെ പേരുപോലും ശരിക്ക് എഴുതാൻ  ശ്രദ്ധ കൊടുക്കാത്ത  സംഘടന അവാർഡ് കൊടുക്കുന്നതിന്റെ ഔചത്യം ഓർത്ത്  ഞാൻ മെല്ലെ ഹാൾ വിട്ടിറങ്ങി.

ഒരു കാര്യം കൂടി. എന്റെ ചെറുപ്പകാലത്ത് എന്റെ ജന്മനാട്ടിൽ ചിട്ടിക്കമ്പനിയും സ്വര്‍ണ്ണപണയ കച്ചവടവും ഒക്കെ നടത്തി പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാരുടെ
സ്വര്‍ണ്ണവും പണവുമായി മുങ്ങിയ ഇന്നും പിടികിട്ടാപ്പുള്ളിയായി കഴിടുന്ന ഒരു പി. ഡി. പൗലോസ് ഉണ്ടായിരുന്നു. ആ കാട്ടുകള്ളന്റെ പേരിലാണ് ഫൊക്കാന എനിക്ക് സാഹിത്യ അവാർഡ് തന്നത്. ന്യുയോര്‍ക്കില്‍ തിരിച്ചെത്തി ഈ സംഭവം അന്നത്തെ ഫൊക്കാന പ്രസിഡന്റ് സഹിതം എല്ലാ ഭാരവാഹികൾക്കും ഞാനെഴുതി. ആരെങ്കിലും ഖേദം പ്രകടിപ്പിച്ച് ഒരു വരി മറുപടി എഴുതിയിരുന്നെങ്കിൽ ഇപ്പോൾ ഈ കുറിപ്പ് ഞാനെഴുതുമായിരുന്നില്ല.

അവസാനമായി ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ,  ഞാൻ അവാർഡ് വാങ്ങാൻ ചിക്കാഗോക്ക് പോകുന്നു എന്ന് ന്യുയോര്‍ക്കിലെ ഒരു നല്ല എഴുത്തുകാരനായ എന്റെ സുഹൃത്തിനോട് പറഞ്ഞു. അപ്പോൾ  അദ്ദേഹം എന്നെ ഉപദേശിച്ചു. ഒരു കാരണവശാലും ഫൊക്കാന അവാർഡ്  വാങ്ങാൻ പോകരുത്. അദ്ദേഹത്തിന്  ഒരിക്കൽ ഫൊക്കാന അവാർഡ് കിട്ടിയതും അതിനോടനുബന്ധിച്ചുണ്ടായ ചില തിക്താനുഭവങ്ങളും അദ്ദേഹം  വിവരിക്കുകയും ചെയ്തു. എന്നാൽ ഈ വർഷത്തെ ലേഖനത്തിനുള്ള അവാര്ഡിന് എന്റെ ഈ സുഹൃത്ത് പുസ്തകം അയക്കുകയും അവാർഡ് മറ്റൊരാൾവഴി സ്വീകരിക്കുകയും ചെയ്തത് കാലത്തിന്റെ വ്യവസ്ഥയില്ലാത്ത വികൃതിയാകാം ,  അതും ഫൊക്കാനയുടെ ചരിത്രത്താളുകളിൽ ഇടം പിടിച്ചേക്കാം.
 

Join WhatsApp News
M S Kurup 2024-07-30 09:44:06
Very interesting story. Enjoyed.
Friend 2024-07-30 14:57:39
പൗലോസ് സാറേ, കൂൾ ഡൗൺ! ഫൊക്കാനയുടെ സാഹിത്യ അവാർഡ് എന്നു പറഞ്ഞാൽ കേരളാ സാഹിത്യ അക്കാദമിയല്ല കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡിന് തുല്യമാണ്. എന്റെ ഒരു സുഹൃത്ത് കൂടിയായ അറിയപ്പെടുന്ന ഒരു സാഹിത്യകാരൻ അന്നത്തെ അവാർഡിന് ന്യൂയോർക്കിൽ നിന്നും എത്തിയിരുന്നു. അദ്ദേഹം തന്നെ എന്നോട് പറഞ്ഞ കഥ കൂടി കേൾക്കുക. സാഹിത്യത്തിലെ മറ്റൊരു വിഭാഗത്തിൽ അദ്ദേഹത്തിനായിരുന്നു അവാർഡ് പ്രഖ്യാപിച്ചത്. ഫലകവും കാഷ് അവാർഡും ഉണ്ടാകുമെന്നറിയിച്ചു. ആദ്യം പോകണ്ടായെന്നു തീരുമാനിച്ചെങ്കിലും ഒരു ഫൊക്കാനാ നേതാവിന്റെ സ്നേഹമസൃണമായ സമ്മർദ്ദത്തിന്റെ പേരിൽ ഭാര്യയുടെ ഉപദേശം അവഗണിച്ച്‌ ഭാര്യയേയും കൂട്ടി അദ്ദേഹം ചിക്കാഗോയിലേക്കു തിരിച്ചു. അവിടെ ചെന്നപ്പോൾ തന്റെ മുറി ഏതാണെന്നു ചോദിച്ചപ്പോഴാണറിഞ്ഞത് ഹോട്ടലിൽ മുറിയൊക്കെ തന്നെ ബുക്ക് ചെയ്യണമെന്ന്. ഭാഗ്യത്തിന് ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടായിരുന്നതു കൊണ്ട് തെരുവിൽ കിടക്കേണ്ട ഗതികേടുണ്ടായില്ല. മുറിയിൽ കയറിയപ്പോൾ തന്നെ പെട്ടെന്നുണ്ടായ സാമ്പത്തിക ബാധ്യതയിൽ ആശങ്കപ്പെട്ട ഭാര്യയെ അദ്ദേഹം സമാധാനിപ്പിച്ചു. നാളെ കാഷ് അവാർഡ് കിട്ടുമ്പോൾ ഇതെല്ലം കൊടുക്കാമല്ലോ എന്ന ആശ്വാസത്തിലും അവാർഡ് കിട്ടുമ്പോഴുണ്ടാകുന്ന പ്രശസ്തിയും സ്വപ്നം കണ്ട് രണ്ടു രാത്രികൾ സുഖമായി ഉറങ്ങി. ഒടുവിൽ അവാർഡ് ദാന ചടങ്ങെത്തി. ശുഷ്കമായ സദസ്സും വേദിയും കണ്ടു ഞെട്ടിയ അദ്ദേഹത്തെ ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ വിളിച്ചു. കാഷ് അവാർഡായി ഒരു കവർ ആണ്‌ നൽകിയതു. കവർ പിടിച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ ഇടതും വലതും ഫൊക്കാനയുടെ നേതാക്കൾ ചിരിച്ചു കൊണ്ടു നിന്നു. ആകെ മനസ്സിൽ സന്തോഷത്തിന്റെയും സായൂജ്യത്തിന്റെയും തിരയിളകി. മുറിയിലെത്തിയപ്പോൾ തന്നെ കവർ തുറന്നു. ചെക്കാണ് തന്നിരിക്കുന്നതെന്നു പറഞ്ഞതു കൊണ്ട് ‘എത്രയായിരിക്കും' എന്നറിയാനുള്ള ജിജ്ഞാസയോടെ അദ്ദേഹം കവർ പൊട്ടിച്ചു. ചെക്കിലേക്കു നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി! അതിൽ ചെക്ക് ഉണ്ടായിരുന്നില്ല. വെറും ഒരു വെള്ള കടലാസു മാത്രം! അവർ ചെക്ക് വയ്ക്കാൻ മറന്നുപോയി എന്ന് ധരിച്ച അദ്ദേഹം വേഗം പോയി ഫൊക്കാനാ നേതാവിനെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. “അതൊക്കെ അങ്ങനെയാ. സ്പോൺസറിൽ നിന്നും പൈസ കിട്ടിയില്ല. അതുകൊണ്ടാ. ഏതായാലും നിങ്ങൾക്ക് അവാർഡ് കിട്ടിയല്ലോ. നാളെ പത്രത്തിലെല്ലാം ന്യൂസ് വരും. നിങ്ങൾ പ്രശസ്തനായില്ലേ!“ വിശദീകരികരണത്തിനു ശേഷം നേതാവ് അദ്ദേഹത്തിന് ഹസ്തദാനം ചെയ്തു അഭിനന്ദിച്ചു. മുറിയിൽ കാത്തിരിക്കുന്ന ഭാര്യയോട് എങ്ങനെ വിശദീകരിക്കും എന്ന ചിന്തയിൽ എലിവേറ്ററിൽ ഏതു ബട്ടൺ ആണ് അമർത്തേണ്ടത് എന്നദ്ദേഹം മറന്നു പോയി.
മോൻസി കൊടുമൺ 2024-07-30 18:50:34
പൗലോസ് ചേട്ടൻ ഫൊക്കാനയുടെ അവാർഡ് വാങ്ങിക്കു വാൻ അവിടെ വരുമ്പോൾ ഞാനും കുടുംബവും അവിടെ ഉണ്ടായിരുന്നു. എനിക്കും കവിതയ്ക്ക് ഫൊക്കാന അന്ന് അവാർഡ് തന്നിരുന്നു പൗലോസു ചേട്ടൻ വന്നതിനു തലേ ദിവസം എല്ലാവർക്കും അവാർഡ് നൽകിയിരുന്നു. എൻ്റപേരും അൽപം തെറ്റിയിരുന്നു ഫലകത്തിൽ മോൻസി കൊടുമൺ എന്നുള്ളത് കൊടുമൻ എന്നായിരുന്നു .ക്യാഷ് അവാർഡിനു പകരം അന്നത്തെ പ്രസിഡണ്ട് മറിയാമ്മപിള്ള റജിസ്ട്രേഷന് 250 ഡോളർ കുറച്ചു തന്നു. ജയ്ഹിന്ദ് വാർത്ത യുടെ കവിതാമത്സരത്തിൽ ഒന്നാംസ്ഥാനം നന്ദകുമാർ ചാണയിൽ രണ്ടാം സ്ഥാനം എനിക്കും ക്യാഷ് അവാർഡ് ഇന്നും മരീചികയായി കിടക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക