ഉച്ചവേനൽച്ചൂടിൽ
വാടിത്തൂങ്ങിയ ഇലകൾ കണ്ട്
അമ്മത്തണ്ടിന്റെ ധർമ്മോപദേശം:
“പിള്ളേർ വിശന്നുവശായി;
പോയി വല്ലതും കൊണ്ടുവാ.”
മണ്ണിരയാദി രസികപാതാളരുമായി
അക്ഷരശ്ലോകത്തിലായിരുന്ന
അച്ഛൻവേരിന്റെ പരിദേവനം:
“ഞാനിനി എവിടെപ്പൊയിയിരക്കാൻ!
ഇനിയും താഴുവതെങ്ങനെ?”
ശോകത്തിൽ നനഞ്ഞുപോയ
അടുത്ത ശ്ലോകം കേൾക്കാൻ കൂടിയ
മേഘങ്ങൾ മനസ്സലിഞ്ഞ് പെയ്തുതുടങ്ങി.