ചുവരുകളിലാരോ
ചിത്രം വരയ്ക്കുന്നു.
കരി കറുപ്പ്പരത്തുന്നു
നിഴലുകൾക്ക് നിറം നഷ്ടപ്പെട്ട രാത്രികൾ
ജീവിതത്തെ വെള്ളത്തുണികളാൽ
പൊതിയുന്നു.
ഉപ്പെവിടെ?, കർപ്പൂരമെവിടെ?
തിളയ്ക്കുന്ന കട്ടൻ കാപ്പിയ്ക്ക് നിൻ്റെ നിറം
ഇതിലിടാൻ പഞ്ചസാരയെവിടെ?
ഓ, മറന്നു
ഞാനതൊക്കെ വാങ്ങാൻ
നീ ബ്ലൗസിനുള്ളിൽ ഒളിപ്പിയ്ക്കുന്ന
ചില്ലറ വല്ലതും കയ്യിലുണ്ടോ.?
മധുരമില്ലെങ്കിൽ ഈ കട്ടൻ കാപ്പിയും
നമ്മുടെ ജീവിതം പോലെ രുചിയില്ലാതാകും.
നാക്കു തന്നെയാണ് കുറ്റക്കാരൻ
രുചികൾ പഠിച്ചും, ശീലിച്ചും
ഞാനെന്നും കീശകൾ തിരയുന്നു.
ഞാനെപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു
എൻ്റെ ചൂടിൽ നീയും വേവുന്നു.
വസന്തത്തിൻ്റെ കാറ്റോ
ശൈത്യത്തിൻ്റെ ലക്ഷണമോ കാട്ടാതെ
വീടിതര പ്രപഞ്ചങ്ങൾ. മുറ്റത്തുലാത്തുന്നു
ഈ മഴയിൽ
ഒരു പഞ്ചവർണ്ണ തത്തയും
കരിങ്കാക്കയും ജലത്തിൽ സൗന്ദര്യം നോക്കുന്നു.
കുഴിയാന കുഴികളുപേക്ഷിച്ച്
വീടുകളന്വേഷിക്കുന്നു
കാട്ടുപന്നികൾ കാടുപേക്ഷിച്ച്
നാട്ടിൽ രാപാർക്കുന്നു.
ആനകൾ വാഴക്കുമ്പിൽ നിന്നും
തേൻ നുകരുന്നു.
നക്ഷത്രങ്ങൾ ആകാശത്ത് ചമയങ്ങൾ തീർക്കുന്നു
ഉൽക്കകളും വാൽനക്ഷത്രങ്ങളും
ചന്ദ്രന് കൂട്ടിരിക്കുന്നു
ഭൂമിയിൽ നിന്നുമകലം പ്രാപിക്കാത്ത
തിരമാലകൾ തീരത്ത് കവടി നിരത്തുന്നു.
ആരോ ഭാവിയും വർത്തമാനവുമെഴുതുന്നു.
ചതുപ്പുകൾ നികത്തിയ റോഡരുകിൽ
എഴുന്നേറ്റു നില്ക്കുന്ന ബഹുനിലകൾ
ചിന്തകളിൽ പുതിയ ഭാരം സൃഷ്ടിക്കുന്നു
ഓലമേഞ്ഞ ഓരോ കുടിലിനേയും
നഗരം ഒളിച്ചു പിടിയ്ക്കാൻ ശ്രമിക്കുന്നു.
ചുട്ടുപൊള്ളുന്ന വെയിൽ
മരച്ചീനിയുടെ കൂമ്പു വാട്ടുന്നു.
നഗരത്തിലൊരു ഓക്സിജൻ പാർക്ക്
നമുക്കായ് കാത്തിരിക്കുന്നു.
വഴിയറിയുന്ന ഗൂഗിൾ
എന്നെ തോടിനക്കരെയെത്തിക്കുന്നു
എനിക്ക് പോകേണ്ടത് കടവിനപ്പുറം
ഇവിടെ ഒരു പാലം മാത്രം
എത്രയോ കാലത്തെ സ്വപ്നമാകുന്നു.
ഞാനിപ്പോൾ നീന്താൻ പഠിക്കുന്നു.
നഗരങ്ങളിൽ രാപ്പാർക്കാനും
ഗ്രാമങ്ങളെ കവിതയിൽ മുക്കി
ഉറക്കാനിടാനും ശീലിക്കുന്നു
എല്ലാ കേട്ടുകേൾവികളും
സത്യമല്ലെന്നു പറയുന്നവരുടെ കാലം
ഇതാ മുമ്പിൽ
വസന്തങ്ങൾ ചെറുതായി ചെറുതായി
കേട്ടുകേൾവികൾ മാത്രമാകുമെന്ന്
ഞാനിന്ന് വിശ്വസിക്കുന്നു..