പ്രാഗിലേക്കുള്ള ഞങ്ങളുടെ റോഡ് സുഡിടെന്‍ ലാന്‍ഡ്, ബൊഹീമിയ, മൊറേവിയ, ജര്‍മ്മനി എന്നിവയുടെ ഓരങ്ങളിലൂടെയാണ് പോകുന്നത്. ഇവിടം എല്ലാം ജര്‍മ്മന്‍കാര്‍ തലമുറയായി വസിച്ചിരുന്ന പ്രദേശങ്ങളായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ചെക്ക് ഭൂപ്രദേശം ഹിറ്റ്‌ലര്‍ ജര്‍മ്മനിയോട് ചേര്‍ത്തു. സുഡിടെന്‍ ലാന്‍ഡില്‍ ചെക്ക് - ജര്‍മ്മന്‍ ശത്രുതയ്ക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്നു.
1945 ലെ വസന്തകാലമായപ്പോഴേക്കും അവരുടെ വീടുകള്‍ വിട്ട് മിക്കവാറും എല്ലാ ജര്‍മ്മന്‍കാരും ഓടിപ്പോയിരുന്നു. ഞങ്ങളുടെ സൈക്കിളില്‍ ഞങ്ങള്‍ ആദ്യമെത്തിയത് ലാന്‍ഡ്ഷട്ട് ല്‍ - ചെക്ക് - ജര്‍മ്മന്‍ ബോര്‍ഡറിലുള്ള ഒരു ചെറുഗ്രാമത്തില്‍ - ആയിരുന്നു. അവിടെയാണ് എല്‍ബി നദി ഒഴുകുന്നത്. എനിക്കും ബുഷിക്കും സൈക്കിള്‍ ചവിട്ടുന്നത് ആയാസകരം ആയിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ മറ്റു നാലു കൂട്ടുകാരും വളരെ വേഗം തളര്‍ന്നു പോയതു കാരണം ഞങ്ങള്‍ക്ക് അവര്‍ക്കൊപ്പം സൈക്കിള്‍ ഉരുട്ടിക്കൊണ്ടു പോകേണ്ടിവന്നു.
ഒഴിഞ്ഞു കിടന്ന ഒരു വീടിന്റെ പേര് കണ്ട് ഞങ്ങള്‍ മനസ്സിലാക്കി, ക്‌നാപ്പ് കുടുംബം അവിടെ താമസിച്ചിരുന്നു എന്ന്. കള്ളന്മാര്‍ കയറി സര്‍വ്വവും കൈക്കലാക്കിയ ആ വീട്ടില്‍ ഞങ്ങള്‍ മേയ് പത്താം തിയതി രാത്രികഴിച്ചു. ഞങ്ങളുടെ കൈവശം കവര്‍ച്ച വസ്തുക്കള്‍ ധാരാളമുണ്ടായിരുന്നു. അവ പാകം ചെയ്ത് ഭക്ഷിക്കുമ്പോള്‍ ഞങ്ങള്‍ക്കു കിട്ടിയ പുതിയ സ്വാതന്ത്ര്യത്തിന് ഞങ്ങള്‍ നന്ദിപറഞ്ഞു. എങ്കിലും ഞങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള ആധികള്‍ വിശേഷിച്ചും പുരുഷന്മാരെക്കുറിച്ചുള്ളത് ഞങ്ങളുടെ സന്തോഷത്തിന് പരിധിയിട്ടു.
മേയ് 11ന് ഞങ്ങള്‍ 'ക്‌നാപ്പ്' വീടുവിട്ടിറങ്ങി. കുറെ ദൂരം സഞ്ചരിച്ചപ്പോള്‍ ആരുമില്ലാത്ത ഒരു ഫാം ഹൗസ് കണ്ടു. ബൈക്കുകള്‍ മരങ്ങള്‍ക്കിടയില്‍ മറച്ചുവെച്ചിട്ട് ഞങ്ങള്‍ വളരെ സൂക്ഷ്മതയോടെ ഫാം ഹൗസിലേക്കു കയറി. അതിന്റെ കതകുകള്‍ മലര്‍ക്കെ തുറുന്നു കിടന്നിരുന്നു, പശുക്കിടാങ്ങള്‍ വീടിനകത്ത് ഓടുന്നു. മാത്രമല്ല അവിസ്മരണീയമായ മറ്റൊരു കാഴ്ച ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ആ വീടിനകത്താണ് പട്ടാളക്കാര്‍ രാത്രി കഴിച്ചത് എന്നു ഞങ്ങള്‍ക്ക് മനസ്സിലായി കോഴികളെ ബെഡ്‌റൂമില്‍ ഇട്ട് കൊന്നിരുന്നു. എല്ലാ വീട്ടുസാമാനങ്ങളും തല്ലിയൊടിച്ച് നശിപ്പിച്ചിരുന്നു. തൂവല്‍ക്കിടക്കകള്‍ വെട്ടിമുറിച്ച്, ബഡ്ഷീറ്റുകള്‍ കീറിക്കളഞ്ഞിരുന്നു. കുപ്പികളില്‍ സൂക്ഷിച്ചിരുന്ന കേടുവരാത്ത സാധനങ്ങള്‍ എല്ലാം തുറന്ന്, മിക്കതും അവര്‍ ഭക്ഷിച്ചിരുന്നു. വലിയ തുണികഴുകുന്ന തൊട്ടികളില്‍ എണ്ണമില്ലാത്ത കോഴികളെ കൊന്ന് വേകിച്ച് ഭക്ഷിച്ചിരുന്നു. വീടുനിറയെ കോഴിത്തൂവല്‍! പുഴുങ്ങിയ ഉരുളക്കിഴങ്ങുകള്‍ അടുപ്പിലെ പാത്രത്തില്‍ ചെറുചൂടോടെ കിടന്നിരുന്നു. ആ കള്ളന്മാരുടെ ചെലവില്‍ ഞങ്ങള്‍ക്ക് വയറുനിറച്ചും ഭക്ഷണം കഴിക്കാന്‍ സാധിച്ചു. പിന്നെ ഞങ്ങള്‍ ലീബായിലേക്ക് തിരിച്ചു.
ലീബായില്‍ ഞങ്ങള്‍ ചെറിയൊരു വീടുകണ്ടു. വാതിലിനു മുട്ടിയപ്പോള്‍ കതകു തുറന്ന വൃദ്ധയോട് ഞങ്ങള്‍ അഭയം ചോദിച്ചു. അവര്‍ ഞങ്ങളെ അകത്തേക്കു കയറ്റി. ഒറ്റയ്ക്കു താമസിച്ചിരുന്ന ആ സ്ത്രീയ്ക്ക് റഷ്യന്‍ പട്ടാളക്കാരെ ഭയമുണ്ട്. സന്ധ്യയ്ക്ക് ഞങ്ങള്‍ വസ്ത്രങ്ങള്‍ ഊരി കഴുകുമ്പോള്‍ കതക് തള്ളിത്തുറന്ന് ഒരു പട്ടാളക്കാരന്‍ അകത്തേക്ക് കയറി. ഞങ്ങള്‍ അവിടെ കണ്ടതെല്ലാം വാരിയെടുത്ത് നഗ്നത മറയ്ക്കാനൊരു ശ്രമം നടത്തി. ബുഷി മാത്രം കണ്ണുകള്‍ തള്ളി അനങ്ങാനാവാതെ അയാളെ തുറിച്ചു നോക്കി നിന്നു. (തല മൊട്ടയടിച്ച ഹൗവ്വായെപ്പോലെ.) ഒന്നിലധികം യൗവ്വനയുക്തകളെ കണ്ടിട്ടാണോ, അതോ അയാളുടെ അഭിരുചിക്ക് യോഗ്യരാവാത്തതു കൊണ്ടാണോ അയാള്‍ തിരിഞ്ഞു പുറത്തിറങ്ങി. പിന്നില്‍ നിന്ന് കതകടച്ച് ഉറക്കെ ദീര്‍ഘമായി ശ്വാസം കഴിച്ച് തുണികള്‍ കഴുകാന്‍ തുടങ്ങി.
ഞങ്ങള്‍ കടന്നുപോയ ചെറിയ ടൗണുകളിലും ഗ്രാമങ്ങളിലും യുദ്ധത്തിന്റെ നാശങ്ങളൊന്നും കണ്ടില്ല. അവ ആളൊഴിഞ്ഞ് നിശ്ശബ്ദമായി കിടന്നിരുന്നു. മനുഷ്യരോ കാറുകളോ ട്രക്കുകളോ, കുതിരവണ്ടികളോ ഒന്നുമവിടെ ഉണ്ടായിരുന്നില്ല. വീടുവിട്ട് ഓടിപ്പോകാത്തവര്‍ വീടിനകത്തുതന്നെ ഒളിച്ചു താമസിച്ചിരുന്നു. കുട്ടികളെ കണ്ടതായി ഞാന്‍ ഓര്‍മ്മിക്കുന്നില്ല. ചെക്കുകളും ജര്‍മ്മന്‍കാരും അപ്പോഴും യുദ്ധം ചെയ്തിരുന്നു എന്ന് വെടിയൊച്ചകള്‍ കേട്ട് ഞങ്ങള്‍ മനസ്സിലാക്കി.
മേയ് 12ന് ഞങ്ങള്‍ ബിന്‍സ്‌ഡോര്‍ഫ് എന്നു പേരുള്ള ഒരു ഗ്രാമത്തിലെത്തി. പകല്‍സമയം ഞങ്ങള്‍ ആഹാരമന്വേഷിച്ചു നടന്നു. ഞങ്ങളുടെ വയറുനിറയ്ക്കാനുള്ളത് മോഷ്ടിക്കാന്‍ (ഓര്‍ഗനൈസ് ചെയ്യുവാന്‍) ഞങ്ങള്‍ മിടുക്കരായിരുന്നു. പ്രൈവറ്റ് വീടുകളിലും കടകളിലും കയറിച്ചെല്ലാനും ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ചോദിച്ചുവാങ്ങാനും ഞങ്ങള്‍ക്ക് ഒരു മടിയും തോന്നിയില്ല. അതുപോലെ ധാന്യശേഖരസ്ഥലങ്ങളിലും വീടുകളിലും കയറിച്ചെല്ലാനും ഞങ്ങള്‍ക്ക് ആവശ്യമുള്ളത് കൈക്കലാക്കാനും.
മേയ് 13-നു ഞങ്ങള്‍ ഗോള്‍ഡനോള്‍ എന്നു പേരുള്ള മറ്റൊരു ചെറിയ സ്ഥലത്തെത്തി. ഞങ്ങള്‍ക്ക് 'ഫില്‍സ്' എന്നു പേരുള്ള ആ ചെക്കോസ്ലോവോക്യന്‍ കുടുംബത്തിലെത്താനും അവരുടെ ആതിഥ്യമനുഭവിക്കാനും ഭാഗ്യമുണ്ടായി. അവര്‍ ഞങ്ങളോട് സ്‌നേഹപൂര്‍വ്വം പെരുമാറി; സഹതാപപൂര്‍വ്വം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഞങ്ങള്‍ക്ക് കിടപ്പിടവും ഭക്ഷണവും തന്ന ജര്‍മ്മന്‍കാര്‍ ഞങ്ങളെ പേടിച്ചിട്ടാണ് ഞങ്ങള്‍ക്ക് അഭയം തന്നത്; പകയോടെ. ഞങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിച്ചതെന്ന്, ഏതൊക്കെ കഷ്ടതകളിലൂടെ ഞങ്ങള്‍ക്ക് കടന്നുപോകേണ്ടിവന്നു എന്ന് അവര്‍ക്ക് അറിയേണ്ട കാര്യമില്ലായിരുന്നു. ''ഓ! ഞങ്ങള്‍ നാസികളല്ല, ഞങ്ങള്‍ക്ക് അവരെപ്പറ്റി ഒന്നുമറിഞ്ഞുകൂടാ, അറിയാമെങ്കില്‍ പോലും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല, എന്നിട്ടിപ്പോള്‍ ഞങ്ങള്‍ കിടന്നു കഷ്ടപ്പെടുകയാണ്'' അവര്‍ പരാതി പറഞ്ഞു.
ഫില്‍സ് കുടുംബത്തില്‍ ഞങ്ങള്‍ എഡ്മണ്ട് എന്നു പേരുള്ളൊരു പോളിഷ് യഹൂദനെ കണ്ടു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട അയാള്‍ ചെക്കോക്കാരുടെ ഓംലറ്റ് ഉണ്ടാക്കാന്‍ ഞങ്ങളെ സഹായിച്ചു. ഓംലറ്റിനകത്തു വയ്ക്കാന്‍ ആ വീട്ടില്‍ തന്നെ ഉണ്ടാക്കിയ ജാം തരികയും ചെയ്തു. ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് ധാരാളം ഭക്ഷണം കഴിച്ചു. ആ സമയത്ത് അയാളുടെ ക്യാമ്പിലെ അതിഭയങ്കരമായ അനുഭവങ്ങള്‍ അയാള്‍ പറഞ്ഞു കേള്‍പ്പിച്ചു. എന്റെ പപ്പായെ, എന്റെ വാള്‍ട്ടറിനെ ജീവനോടെ കാണാനാവും എന്ന നേരിയ ആശയും എന്നില്‍ നിന്ന് നഷ്ടമായി.
ഞങ്ങള്‍ പിറ്റേദിവസം അവിടെ നിന്ന് ഇറങ്ങി. എഡ്മണ്ട് അവന്റെ കുടുംബത്തെ തെരഞ്ഞ് കിഴക്കോട്ട് യാത്ര ചെയ്തു. ഞങ്ങള്‍ ചെക്കോസ്ലോവാക്യയിലേക്കും. ചെക്ക് ഒളിപ്പോരാളികള്‍ ജര്‍മ്മന്‍കാരെയും നാടുവിടാത്ത നാസികളെയും അന്വേഷിച്ചു നടന്നു. ഞങ്ങള്‍ക്ക് ചെക്ക് ഭാഷ അറിഞ്ഞു കൂടായ്കയാല്‍ ഞങ്ങളും കുരുക്കിലായി. ഒളിപ്പോരാളികള്‍ക്ക് ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവരെല്ലാം ശത്രുക്കളാണ്. പക്ഷെ ഞാനും ബുഷിയും ഞങ്ങളുടെ ചെക്ക് ഭാഷ സംസാരിക്കുന്ന കൂട്ടുകാരോടൊപ്പം സുരക്ഷിതരായിരുന്നു. ഞങ്ങള്‍ക്കു വേണ്ടിയും അവര്‍ സംസാരിച്ചു.
മേയ് 14-നു ഞങ്ങള്‍ ട്രാട്ടനൗവില്‍ എത്തി . അവിടെ വച്ച് ഹന്നായ്ക്ക് അസുഖമായി. അവള്‍ക്ക് നേരെ നില്‍ക്കാന്‍ പോലും വയ്യായിരുന്നു, കഠിനമായ നെഞ്ചുവേദനയും. ഞങ്ങള്‍ക്ക് അവളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. അവള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായതാണെന്നും നീണ്ട ചികിത്സ വേണ്ടിവരും എന്നും ആശുപത്രി ഡോക്ടര്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങളോട് പൊയ്‌ക്കൊള്ളാന്‍ അവര്‍ നിര്‍ബന്ധിച്ചു. ഭയങ്കര വേദനയുണ്ടാക്കുന്ന ഒരു തീരുമാനമാണ് ഞങ്ങള്‍ക്ക് എടുക്കേണ്ടി വന്നത്. വളരെ മനഃസ്താപത്തോടെ ദുഃഖപൂര്‍വ്വം ഞങ്ങള്‍ അവളെ ട്രാട്ടനൗ ആശുപത്രിയില്‍ വിട്ടിട്ട് യാത്ര തുടര്‍ന്നു.
ഞങ്ങള്‍ അഞ്ചുപേരും പട്ടണത്തിന്റെ അരികിലുള്ള കൃഷിക്കാരന്‍ കിന്‍ഡ്‌ലറുടെ വൈക്കോല്‍ തുറുവിനടുത്ത് അന്തിയുറങ്ങി. അടുത്ത ദിവസം ബെക്കര്‍ കുടുംബം ഞങ്ങളെ അവരുടെ വീട്ടില്‍ കുളിക്കാന്‍ അനുവദിച്ചു. ഞങ്ങള്‍ അവരോട് ഒരുപാട് നന്ദിയുള്ളവരായി, കാരണം കുളിയെന്നത് ഞങ്ങള്‍ക്ക് ഒരു ആര്‍ഭാടം ആയിരുന്നു. ഞങ്ങള്‍ ജര്‍മ്മന്‍കാരെയും ഡച്ചുകാരെയും അവിടെ കണ്ടു. യഹൂദരല്ലാത്ത കോണ്‍സെണ്‍ട്രേഷന്‍ ക്യാമ്പ് തടവുകാരായിരുന്നു അവര്‍. പ്രാഗിലേക്ക് പോകരുത് എന്നവര്‍ മുന്നറിയിപ്പു നല്‍കി. വിദേശികളെയും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലായിരുന്ന തടവുകാരെയും പിടിച്ച് ട്രാന്‍സിറ്റ് ക്യാമ്പുകളില്‍ ഇടുകയാണത്രേ അവിടെ. പരസ്പരം കുറെയേറെ നേരം സംസാരിച്ചശേഷം ബുഷിയും ഞാനും കൂടി ചെക്ക് കൂട്ടുകാരെ വിട്ട് ലിപ്പ്ബര്‍ഗിലേക്ക് പോകാമെന്ന് തീരുമാനിച്ചു.
സത്യത്തില്‍ വളരെ സങ്കടത്തോടെയാണ് ഞങ്ങള്‍ എല്ലാവരോടും യാത്ര പറഞ്ഞത്. ഞങ്ങള്‍ വളരെ അടുത്തിരുന്നു. പരസ്പരം ഉത്തരവാദികള്‍ ആയിരുന്നു. ഞങ്ങള്‍ ഇനിയൊരിക്കലും അവരെ കാണില്ല എന്ന് ഉള്ളില്‍ ഭയപ്പെട്ടു. ഞങ്ങളെ ചേര്‍ത്തിരുന്ന കണ്ണി മുറിഞ്ഞുപോയി. പരസ്പരം നല്‍കിയിരുന്ന താങ്ങ് ഇനിയൊരിക്കലുമുണ്ടാവില്ല. ഇനി ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രം.
ബുഷിയോ ഹന്നായോ ഡീനയോ ഞാനോ ഹങ്ക, ഹില്‍ഡ് എന്നിവരെ പിന്നെ ഒരിക്കലെങ്കിലും കാണുകയോ അവരെപ്പറ്റി കേള്‍ക്കുകയോ ചെയ്തില്ല.
ബുഷിയും ഞാനും കുറച്ചുനേരം സൈക്കിള്‍ ഓടിച്ചപ്പോഴാണ് ആദ്യത്തെ ടയര്‍ പംക്ചര്‍ ആയത്. ഞങ്ങള്‍ സൈക്കിളിനെ തലകുത്തനെ നിര്‍ത്തി അതിന്റെ ടയര്‍ നന്നാക്കാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് ജോര്‍ജ്ജ് അവന്റെ സൈക്കിളില്‍ അതുവഴി വന്നു. ബല്‍ജിയത്തില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന് തടവുകാരനാക്കിയ, ഇപ്പോള്‍ സ്വതന്ത്രനായ, അവന്‍ സഹായിക്കാമെന്നേല്‍ക്കുകയും വിദഗ്ദ്ധമായി ടയര്‍ ശരിയാക്കിത്തരികയും ചെയ്തു. അവന്‍ ഞങ്ങള്‍ക്ക് നന്മ നേരുകയും ബുഷിയും ഞാനും യാത്ര തുടരുകയും ചെയ്തു.
ജര്‍മ്മന്‍കാര്‍ റഷ്യന്‍ പട്ടാളത്തെ ഭയന്നിരുന്നു. ബലാല്‍സംഗങ്ങളും അതുപോലുള്ള പ്രതികാരപ്രയോഗങ്ങളും കാരണം ജര്‍മ്മന്‍കാര്‍ക്ക് അവരുടെ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും ഇട്ടെറിഞ്ഞ് പടിഞ്ഞാറോട്ട് ഓടേണ്ടിവന്നു. അവര്‍ പലതും ഉപേക്ഷിച്ചിട്ടാണ് ഓടിയത്. ബുഷിയും ഞാനും വളരെ സൂക്ഷിച്ച് ആ വീടുകളില്‍ കയറി. ഭക്ഷ്യയോഗ്യമായതും ഉപയോഗമുള്ളതുമായ പലതും എടുക്കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയും തോന്നിയില്ല. ഞങ്ങളുടെ സൈക്കിളുകള്‍ക്ക് ഭാരം കൂടുമ്പോള്‍ ഞങ്ങള്‍ വലിയ അത്യാവശ്യമൊന്നുമില്ലാത്ത ചിലത് എറിഞ്ഞുകളയും. ഏതോ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഞങ്ങള്‍ക്ക് എഴുതാന്‍ പേപ്പറുകളും പേനകളും കിട്ടി. വീട്ടില്‍ നിന്ന് പിടിച്ച് ഡീപോര്‍ട്ട് ചെയ്തശേഷം എനിക്ക് എന്താണ് സംഭവിച്ചത് എന്ന് എഴുതണമെന്ന ആഗ്രഹമുണ്ടായത് അപ്പോഴാണ്. ക്യാമ്പില്‍ ആയിരുന്നപ്പോഴുണ്ടായ അനുഭവങ്ങള്‍ ആദ്യമായി ഞാന്‍ എഴുതിയത് റോഡില്‍ വിശ്രമിക്കുമ്പോഴാണ്. പലപല ആഴ്ചകള്‍ എടുത്താണ് ഞങ്ങള്‍ ലിപ്പ്‌ബോര്‍ഗില്‍ എത്തിയത്. വിശ്രമിക്കുമ്പോഴെല്ലാം ഞാന്‍ ഓര്‍മ്മയിലുള്ളത് എഴുതി.
റോഡുകള്‍ ശൂന്യമായിരുന്നു. ചെക്ക് ഒളിപ്പോരുകാര്‍ ബോര്‍ഡറുകളില്‍ ജര്‍മ്മന്‍കാരോട് യുദ്ധം ചെയ്യുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നു. വലിയ ഹൈവേകളിലൂടെ യാത്ര ചെയ്യരുതെന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നു.
ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ടശേഷം മനോഹരമായ കാലാവസ്ഥയായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്. താഴ്‌വാരങ്ങള്‍ പൂത്തുലഞ്ഞു കിടന്നിരുന്നു. മരങ്ങള്‍ ഇലകളും പൂക്കളും കൊണ്ട് നിറഞ്ഞിരുന്നു. കാട്ടുപൂക്കള്‍ കണ്ണെത്താത്ത ദൂരം കണ്ണിന് കുളിര്‍മ്മയേകി. നട്ടുച്ചക്ക് ചില ദിവസങ്ങളില്‍ വലിയ ചൂടായിരുന്നു, വിശേഷിച്ചും പര്‍വ്വതപ്രാന്തങ്ങളിലൂടെയുള്ള റോഡുകളില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍. നിര്‍ഭാഗ്യവശാല്‍ സുഡിറ്റെന്‍ലിന്‍ കൂടുതലും പര്‍വ്വതങ്ങളായിരുന്നു.
കുത്തനെയുള്ള ഒരു കുന്നും പ്രദേശത്തുകൂടി സൈക്കിള്‍ ചവിട്ടിയശേഷം മരങ്ങള്‍ ധാരാളമുള്ള ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. അവിടെ ഞങ്ങള്‍ ഒരു ജര്‍മ്മന്‍ പടയാളി മരിച്ചുകിടക്കുന്നത് കണ്ടു. മടിച്ചുമടിച്ചാണെങ്കിലും ഞങ്ങള്‍ അയാളുടെ പോക്കറ്റുകള്‍ തപ്പി. അപ്പോള്‍ ജര്‍മ്മനിയുടെ ഒരു പട്ടാളമാപ്പ് കണ്ടുകിട്ടി. അതില്‍ സ്വസ്തിക അച്ചടിച്ചിട്ടുണ്ടായിരുന്നെങ്കിലും അത് ഞങ്ങള്‍ക്ക് ജീവരക്ഷക്ക് ഉതകി. വളരെ വിസ്തരിച്ച് അടയാളപ്പെടുത്തിയ ആ മാപ്പില്‍ ഗ്രാമങ്ങളിലേക്കുള്ള വഴികളും വേണ്ടിവന്നാല്‍ ഉപയോഗിക്കാവുന്ന കുറുക്കുവഴികളും ഉണ്ടായിരുന്നു. ഭൂപടം നോക്കാന്‍ എന്നേക്കാള്‍ സമര്‍ത്ഥ ബുഷിയായിരുന്നു. ഞങ്ങള്‍ ഒരു യാത്രാപരിപാടിയുണ്ടാക്കി. അതില്‍ വ്യത്യാസങ്ങള്‍ വരുത്തേണ്ടിവരുമെന്ന് ഞങ്ങള്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. മാപ്പ് നോക്കിയപ്പോഴാണ് ഞങ്ങള്‍ക്ക് വളരെ വളരെ ദൂരം യാത്ര ചെയ്യേണ്ടതുണ്ടെന്ന് മനസ്സിലായത്.
ഞങ്ങള്‍ കഷ്ടപ്പാടൊന്നുമില്ലാതെ നിരപ്പായ ഒരു റോഡില്‍ സാവധാനത്തില്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു പറ്റം റഷ്യന്‍ പടയാളികള്‍ കുതിരപ്പുറത്ത് ഞങ്ങളെ കടന്നത്. അവരുടെ ഏഷ്യന്‍ മുഖലക്ഷണം കണ്ടിട്ട് ഉഗ്രന്മാരാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. പെട്ടെന്ന് അതിലൊരുത്തന്‍ കുതിരപ്പുറത്തു നിന്നും ചാടിയിറങ്ങി എന്റെ സൈക്കിളിന്റെ കാരിയറില്‍ പിടിച്ചു വലിച്ചു. എനിക്ക് സൈക്കിളില്‍ നിന്ന് ചാടിയിറങ്ങേണ്ടിവന്നു. അയാളുടെ കൂടെയുള്ള ചിലരും ഒപ്പമെത്തി. അവര്‍ നാക്കുകൊണ്ട് ക്ലിക്ക് ശബ്ദമുണ്ടാക്കുകയും റഷ്യന്‍ ഭാഷയില്‍ ഞങ്ങളോട് അലറുകയും ചെയ്തു. അവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ പേടിച്ച് സ്തംഭിച്ചു. എന്റെ ബൈക്കില്‍ പിടിച്ചു വലിച്ച മീശക്കാരന്‍ എന്റെ അടുത്തേക്ക് വരികയാണ്. അയാള്‍ എന്നെ തൊടാന്‍ തുടങ്ങിയതും ഒരു റഷ്യന്‍ ഓഫീസര്‍ ഞങ്ങളുടെ അടുത്തെത്തി. ബുഷി അവളുടെ മൊട്ടത്തലയില്‍ ചുറ്റിയിരുന്ന തുണി അഴിച്ചു മാറ്റി, എന്നോടും അഴിച്ചുമാറ്റാന്‍ പറഞ്ഞു. ഞങ്ങളുടെ മൊട്ടയടിച്ച തല കാണിച്ച് ഞങ്ങള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടവരാണെന്ന് അവരെ അറിയിച്ചു. ''ഡച്ച്, ഹോളണ്ട്.'' ബുഷി ഉറക്കെ പറഞ്ഞു.
കുതിരപ്പുറത്തിരുന്ന ഓഫീസര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് എന്നെ തൊടാന്‍ വന്ന പടയാളിയെ കുതിരയുടെ ചാട്ടവാര്‍ കൊണ്ട് അടിച്ചു. എന്നിട്ട് ഞങ്ങളോട് പൊയ്‌ക്കൊള്ളാന്‍ ആംഗ്യം കാട്ടി. ഞങ്ങളുടെ ഭയമകലാന്‍ കുറെയേറെ സമയമെടുത്തു. ഭാഗ്യവശാല്‍ അത്തരമൊരു സംഭവം പിന്നീടുണ്ടായില്ല. (ഉണ്ടായ അനുഭവം ഞങ്ങള്‍ ഒരിക്കലും മറന്നുമില്ല.)
ഞങ്ങള്‍ ഹോഹന്‍ബ് എന്ന ടൗണില്‍ എത്തി. അവിടെ ഒരു ചെറിയ റസ്റ്റോറന്റില്‍ നിന്ന് അതുവരെ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും രുചികരമായ സൂപ്പ് കഴിച്ചു. അതുകഴിഞ്ഞ് ഞങ്ങള്‍ എടുത്തത് ഒരു തെറ്റായ വഴിയായിരുന്നു. ഹെന്നസ്‌ഡോര്‍ഫ് ഞങ്ങള്‍ക്കു പോകേണ്ട വഴിയായിരുന്നില്ല. എന്നാലും ഭാഗ്യം ഞങ്ങളോടൊപ്പമായിരുന്നു. വയസ്സായ ഒരു സ്ത്രീ ഞങ്ങളെ അവരുടെ വീട്ടില്‍ സ്വാഗതം ചെയ്തു. ഞങ്ങള്‍ക്ക് ആഹാരവും രാത്രിയില്‍ ഉറങ്ങാനുള്ള സൗകര്യവും തന്നു.
മേയ് 16ന് ഞങ്ങള്‍ വീണ്ടും ഹോഹന്‍ബിലേക്ക് തിരികെ വന്നു. പിന്നെ ഞങ്ങള്‍ ടാന്‍വാള്‍ഡ് എന്ന ചെറിയ ടൗണില്‍ എത്തി. അവിടെ വച്ച് ഞങ്ങള്‍ക്ക് കുത്തനെയുള്ള ലെയ്‌സര്‍ പാസ്സ് കടക്കേണ്ടിയിരുന്നു. വിയര്‍ത്ത് തളര്‍ന്ന് ഞങ്ങള്‍ സൈക്കിളില്‍ പാസ്സ് കടന്നു. അഞ്ചുപ്രാവശ്യം ഞങ്ങളെ ഒളിപ്പോരാളികള്‍ തടഞ്ഞു നിര്‍ത്തി. അവര്‍ നാസികളെ തെരയുകയായിരുന്നു. ഞങ്ങളെ വിശ്വസിക്കാന്‍ അവര്‍ക്ക് പ്രയാസവുമായിരുന്നു. എന്റെ മനസ്സില്‍ അവരോട് വിദ്വേഷമുണ്ടായില്ല, എങ്കിലും ഞങ്ങള്‍ വളരെ ഭയന്നുപോയി. ഞാനത് പുറത്തു കാട്ടാതിരിക്കാന്‍ ശ്രമിച്ചു.
ട്രാട്ടിനൗ വരെ ഞങ്ങള്‍ ചെക്ക് കളാണെന്ന് അഭിനയിച്ചു. പിന്നെ ഞങ്ങള്‍ക്കത് സാധിക്കാതായി. കാരണം ചെക്ക് ഭാഷ ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. മുന്‍പു ഞാന്‍ പറഞ്ഞതുപോലെ ജര്‍മ്മന്‍ ആയിരിക്കുന്നതും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നതും ആപത്തായിരുന്നു. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഡച്ചുകാരാണ്. വായ തുറന്ന് ഒരക്ഷരം പറയരുതെന്ന് ബുഷി എന്നോട് ശഠിച്ചു. കാരണം എനിക്ക് ഡച്ചും സംസാരിക്കാനറിയില്ല. മിക്കവാറും 'ചെക്കു'കള്‍ക്ക് ജര്‍മ്മന്‍ ഭാഷ സംസാരിക്കാനറിയാം. അവര്‍ക്ക് മനസ്സിലാവുകയും ചെയ്യം. ജര്‍മ്മനും ഡച്ചിനും കുറച്ച് സാമ്യമുണ്ട്. ബുഷി ഒളിപ്പോരുകാരുമായി കൈയ്യാംഗ്യം കാട്ടിയും അറിയാവുന്ന ഡച്ച് സംസാരിച്ചും എന്നെ നോക്കി പറഞ്ഞു ''ഇവള്‍ ഇപ്പോഴും ഷോക്കിലാണ്. സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു.'' തിരിച്ചറിയാനുള്ള പേപ്പറുകള്‍ ഒന്നും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. ഒളിപ്പോരാളികളും ഞങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി, കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ഗാര്‍ഡുകള്‍ ചുറ്റുപാടും ഉണ്ടെന്നും അവരും തല ക്ഷൗരം ചെയ്ത് പഴയ ക്യാമ്പ് തടവുകാരാണെന്ന് അഭിനയിച്ചു നടക്കുന്നുണ്ടെന്നും. റോഡില്‍ കാണുന്ന ഒരാളെയും വിശ്വസിക്കരുത്,അവര്‍ പറഞ്ഞു.
ഞങ്ങള്‍ ഒരു ചെക്ക് കുടുംബത്തോടൊപ്പം രാത്രി കഴിച്ചു. ജര്‍മ്മന്‍ ഭാഷയേ അറിയില്ല എന്ന് അഭിനയിക്കുകയും ചെയ്തു. ആഹാരം പാകം ചെയ്യാന്‍ അവര്‍ അനുവാദം തന്നു. ഞങ്ങള്‍ സൂപ്പും, ഉരുളക്കിഴങ്ങു പുഴുങ്ങിയതും കോഫിയും ഉണ്ടാക്കി കഴിച്ചു. കിടക്കാന്‍ തന്ന സോഫ തീരെ വീതിയില്ലാത്തത് ആയിരുന്നുവെങ്കിലും ഞങ്ങള്‍ സുഖമായി ഉറങ്ങി.
മേയ് 17ന് ഞങ്ങളെ രണ്ടുപ്രാവശ്യം മോര്‍ഗന്‍സ്റ്റണില്‍ പിടിച്ചു നിര്‍ത്തി. ഒളിപ്പോരാളികള്‍ ഞങ്ങളുടെ ശരീരത്തില്‍ 'ടാറ്റു' ഉണ്ടോ എന്നു നോക്കി. മൊട്ടയടിച്ച തലയല്ലാതെ ഞങ്ങള്‍ക്ക് കാണിക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ടാറ്റു കുത്താത്ത ഞങ്ങള്‍ക്ക് ചെക്ക് ഭാഷയും സംസാരിക്കാനറിയില്ല എന്നു കണ്ടപ്പോള്‍ അവര്‍ക്ക് സംശയമായി. കൂടുതല്‍ കൂടുതല്‍ അസ്വസ്ഥരായി ഞങ്ങള്‍ സൈക്കിളോടിച്ചു. ഞങ്ങള്‍ക്ക് സഡിറ്റല്‍ ഏരിയായില്‍ നിന്ന് രക്ഷപ്പെട്ടാന്‍ മതിയെന്നായി. ഞങ്ങള്‍ കുറച്ച് വെള്ളയും നീലയും ചുവപ്പും നിറങ്ങളിലുള്ള തുണിത്തുണ്ടുകള്‍ കണ്ടുപിടിച്ചു. ഡച്ച് പതാകയുടെ നിറം വെള്ളയും ചുവപ്പും നീലയും ചേര്‍ന്നതായിരുന്നു. ഞങ്ങളത് പതാകയുടെ രൂപത്തിലാക്കി ഞങ്ങളുടെ പുറം വസ്ത്രങ്ങളില്‍ തയ്ച് പിടിപ്പിച്ചു.
ഒളിപ്പോരാളികളില്‍ നിന്ന് വീണ്ടും ഒരു ദുരനുഭവമുണ്ടായപ്പോള്‍ എനിക്ക് തലയ്ക്കു സുഖമില്ലാത്തവളായി അഭിനയിക്കേണ്ടിവന്നു. എനിക്ക് ബുഷിയോട് ദേഷ്യമായി. ഞാന്‍ ചോദിച്ചു ''ഞാനൊരു ഇഡിയറ്റ് ആണെന്നാണോ നീ കരുതുന്നത്? ഞാന്‍ എന്റെ പാടു നോക്കി പൊയ്‌ക്കൊള്ളാം. വരുന്നതു വരട്ടെ. എനിക്കു മതിയായി.'' ഞാന്‍ സൈക്കിള്‍ ഓടിച്ചുപോയി. ബുഷി എന്നെ പിന്‍തുടര്‍ന്നു. അവള്‍ എന്റെ ഒപ്പമെത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു. ചുംബിച്ചു. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കാലമത്രെയും പരസ്പരം സ്‌നേഹിക്കുമെന്ന് സത്യം ചെയ്തു. എനിക്കു തോന്നുന്നത് ബുഷിയും ഞാനും കൂടി ശണ്ഠകൂടിയത് ആ ഒരു സമയത്തു മാത്രമാണെന്നാണ്.
്യൂഞങ്ങള്‍ക്ക് തിരിച്ചറിയില്‍ പേപ്പര്‍ ഏറ്റവും അത്യാവശ്യമായിരുന്നു. പലവട്ടം ശ്രമിച്ചപ്പോള്‍ ഒരു റഷ്യന്‍ മിലിട്ടറി ഓഫീസറെക്കൊണ്ട് ഒരു 'അണ്‍ഒഫിഷ്യല്‍ ട്രാവല്‍ പാസ്സ്' എഴുതി വാങ്ങാന്‍ ബുഷിക്ക് സാധിച്ചു; ഒരു തുണ്ടു വൃത്തിയില്ലാത്ത പേപ്പറില്‍ 'ഒഫിഷ്യല്‍ ലുക്കിംഗ് സ്റ്റാമ്പ്' പതിപ്പിച്ചത്. അതില്‍ ഞങ്ങളുടെ പേരുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ആ പേപ്പര്‍ കാണിച്ച് ഗ്രാമങ്ങളില്‍ നിന്ന് ആഹാരം കൈക്കലാക്കി. രാത്രി ഷെല്‍ട്ടറും. ഒരു റഷ്യന്‍ പേപ്പറിനെ ധിക്കരിച്ചിട്ട് ഗ്രാമത്തിന് ഞങ്ങളോട് എന്തെങ്കിലും ചെയ്യാനാവുമോ? ആ പേപ്പര്‍ അത്ഭുതങ്ങളാണ് പ്രവര്‍ത്തിച്ചത്.
ഞങ്ങള്‍ ഷബ്‌ളോന്‍സിലൂടെയും റൈക്കന്‍ ബര്‍ഗിലൂടെയും കടന്നുപോയി. റൈക്കന്‍ ബര്‍ഗില്‍ നിന്ന് ബോഡല്‍ ബാക്കിലേക്കുള്ള ഒരു ചരക്കുവണ്ടിയില്‍ ഞങ്ങള്‍ കയറി. വൈകിട്ട് ഏഴുമണിയോടെ അവിടെ എത്തിയപ്പോള്‍ അവിടെയുള്ള കമ്മ്യൂണിറ്റി ബില്‍ഡിംഗിന്റെ തറയില്‍ കിടന്നുറങ്ങാന്‍ അനുവാദം ലഭിച്ചു. ഞങ്ങളുടെ മെര്‍ഡോര്‍ഫ് ക്യാമ്പിന്റെ ബ്ലാങ്കറ്റ്, കോണ്‍സെണ്‍ട്രേഷന്‍ ക്യാമ്പിന്റെ നമ്പരുള്ളത് - ആ രാത്രി ഉപകാരപ്പെട്ടു. ഞങ്ങള്‍ ആ ബ്ലാങ്കറ്റ് ജര്‍മ്മനിയിലുടനീളം വലിച്ചു കൊണ്ടുപോയി. ധഞങ്ങളുടെ വിമോചനം കഴിഞ്ഞിട്ട് അന്‍പതിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും ആ ബ്ലാങ്കറ്റ് എന്റെ കൈവശമുണ്ട്.പ
മേയ് മാസം പതിനെട്ടാം തിയതി ഞങ്ങള്‍ ബോഡന്‍ബക്കില്‍ നിന്ന് തിരിച്ചു. പെട്ടെന്ന് ഞങ്ങളുടെ സൈക്കിളിന് കേടുവന്നു. ടയര്‍ പങ്ചര്‍ ആയി. ഞങ്ങള്‍ ബോഡന്‍ ബക്കിലേക്ക് തിരിച്ചു പോയി. ഉച്ചകഴിഞ്ഞ് മൂന്നുമണിയായപ്പോഴാണ് ടയര്‍ നന്നാക്കി കിട്ടിയത്. ബൈക്ക് നന്നാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഒരാളെ പരിചയപ്പെട്ടു. മുപ്പതു വയസ് പ്രായം വരും. സ്വയം പുകഴ്ത്തുന്ന ആ മനുഷ്യന് ഞങ്ങള്‍ കോമ്രേഡ് ത എന്നു പേരിട്ടു. താനൊരു സ്വാധീനമുള്ള കമ്മ്യൂണിസ്റ്റുകാരനാണെന്നും ധാരാളം പ്രധാനപ്പെട്ട ബന്ധങ്ങള്‍ രാഷ്ട്രീയത്തിലുണ്ടെന്നും അയാള്‍ പറഞ്ഞു. രണ്ടു സ്ത്രീകള്‍ തനിയെ ആളൊഴിഞ്ഞ റോഡുകളിലൂടെ യാത്രചെയ്യുന്നതിനേക്കാള്‍ നല്ലത് അയാളോടൊപ്പം പോകുന്നതാവും എന്ന് ഞങ്ങള്‍ തീരുമാനിച്ചു.
ഞങ്ങള്‍ ഡ്രെസ്ഡണിന്റെ പകുതി ഭാഗം എത്തി. ആ സിറ്റി മുഴുവന്‍ നശിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു. ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എല്ലായിടത്തും കിടന്നിരുന്നു.
ചില കെട്ടിടങ്ങളുടെ മുന്‍വശം നില്ക്കുന്നുണ്ടായിരുന്നെങ്കിലും ബാക്കിയെല്ലാം പൊടിഞ്ഞു കിടന്നിരുന്നു. ഒരുതരം ഭൂതബാധിത പ്രദേശം പോലെയായിരുന്നു ആ സിറ്റി. റോഡുകളെല്ലാം കുണ്ടും കുഴിയുമായിരുന്നു. കാറുകള്‍ക്കോ, കാല്‍നടക്കാര്‍ക്കോ സഞ്ചാരയോഗ്യമായിരുന്നില്ല. വഴിവിളക്കുകള്‍ വളഞ്ഞ് വൈക്കോലിന്റെ ആകൃതിയില്‍ നിന്നിരുന്നു. ഈ നാശങ്ങളെല്ലാം കണ്ടിട്ടും ഡ്രെസ്ഡണ്‍ എന്ന വലിയ സിറ്റിയുടെ നാശത്തില്‍ ഞങ്ങള്‍ക്ക് ഒരു സഹതാപവും തോന്നിയില്ല. അവിടെ നിന്നും ജീവനും കൊണ്ടോടിയ ജനത്തോടും.
അമേരിക്കന്‍ അതിര്‍ത്തി രേഖയില്‍ ഞങ്ങള്‍ക്ക് ഉണ്ടാകാവുന്ന പ്രയാസങ്ങളെക്കുറിച്ച് ഓര്‍ത്ത് ഞങ്ങള്‍ ആകുലപ്പെട്ടു. അതിര്‍ത്തി കടന്നുകിട്ടാന്‍ വളരെ പ്രയാസമാണ്. കാരണം മള്‍ഡ് നദീതീരത്തുള്ള റോച്ച്‌ലിറ്റ ടൗണിലുള്ള ബോര്‍ഡര്‍ അടച്ചുകളഞ്ഞിരുന്നു. ആ ഫ്‌ളാറ്റ് ടയര്‍ കാരണം ഞങ്ങളുടെ സമയം ഒരുപാടു നഷ്ടമായി. ഉച്ചകഴിഞ്ഞു മൂന്നു മണിക്കേ ഞങ്ങള്‍ക്ക് യാത്ര തുടരാന്‍ സാധിച്ചിരുന്നുള്ളുവെങ്കിലും ഞങ്ങള്‍ 70 കിലോമീറ്റര്‍ ചവിട്ടി, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുതിയ യാത്രക്കാരനോടൊപ്പമെത്താന്‍ വളരെ കഷ്ടപ്പെടേണ്ടിവന്നു.
ഞങ്ങള്‍ ഡ്രെസ്ഡണ്‍ ലോഖ്‌വിറ്റ്‌സിലെ ഒരു വീട്ടില്‍ അന്തിയുറങ്ങി. അവിടെ മൂന്നു കിടക്കകള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ആഹാരസാധനങ്ങള്‍ പാകം ചെയ്തു. ആ വീട്ടിലെ സെല്ലാറില്‍ നിന്നും കുറച്ചു പഴച്ചാര്‍ കിട്ടിയതും കഴിച്ച് ഞങ്ങള്‍ കിടക്കയിലേക്കു വീണു. കോമ്രേഡ് ത ഞങ്ങളെ രാവിലേ വിളിച്ചെഴുന്നേല്‍പ്പിച്ചു. 6.30 ആയപ്പോഴേക്കും ഞങ്ങള്‍ യാത്ര തുടര്‍ന്നു. വിയന്നയില്‍ നിന്നും ബ്രീമെനില്‍ നിന്നും ഉള്ള രണ്ടു ചെറുപ്പക്കാരെ ഞങ്ങള്‍ കണ്ടുമുട്ടി. അവരുടെ കഴിഞ്ഞകാല ചരിത്രമൊന്നും ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ ചോദിച്ചുമില്ല. ആ ചെറുപ്പക്കാര്‍ കോമ്രേഡ് ത മായി വലിയ ചങ്ങാത്തത്തിലായി. എന്തിനധികം മൂന്നും കൂടി ഞാന്‍ 'ഓര്‍ഗനൈസ്' ചെയ്തു വച്ചിരുന്ന കോട്ടും തട്ടിക്കൊണ്ട് കടന്നുകളഞ്ഞു.
ഞങ്ങള്‍ അന്‍പത് കിലോമീറ്റര്‍ കൂടി ബൈക്ക് ചവിട്ടി. മൊബെന്‍ഡോര്‍ഫിലെ ഗ്രാമത്തിലെത്തിയപ്പോഴേക്കും ഞങ്ങള്‍ തളര്‍ന്നു. ആദ്യം കണ്ട ഒരു വീടിന്റെ ബല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന 'ഫ്രീന്‍ണ്ട്' കുടുംബം ഞങ്ങളെ അവരോടൊപ്പം രാത്രികഴിക്കാന്‍ അനുവദിച്ചു.
പിറ്റേദിവസം മേയ് 20, ഒരു ഹോളിഡേ ആയിരുന്നു. വിസുണ്‍ഡൈറ്റ് ഞങ്ങള്‍ രാവില 10.30 വരെ കിടന്നുറങ്ങി. പിന്നെ ഞങ്ങള്‍ റോഖ്‌ലിറ്റിംലേക്ക് തിരിച്ചു. വഴിയില്‍ ഞങ്ങള്‍ പഴയ രണ്ട് അമേരിക്കന്‍ യുദ്ധത്തടവുകാരെ കണ്ടു. ഞങ്ങളെ അവര്‍ 'ഒരു ബിയര്‍ കുടിക്കാന്‍' ക്ഷണിച്ചു. എനിക്കു തോന്നുന്നു ബുഷി ബീയര്‍ ആസ്വദിച്ചു എന്ന്. എനിക്കതിന്റെ രുചി ഇഷ്ടമായില്ലെങ്കിലും പുറമേ കാട്ടിയില്ല. ഞാന്‍ രണ്ടു അമേരിക്കന്‍ പട്ടാളക്കാരെ ഇംപ്രസ്സ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നല്ലോ. ഞാന്‍ അവരോട് ഇംഗ്ലീഷില്‍ സംസാരിച്ചു. വളരെ സന്തോഷം തോന്നി എനിക്ക്. ഞങ്ങള്‍ അവര്‍ക്ക് 'വെരി നൈസ് ഗൈസ്' എന്ന് പേരുകൊടുത്തു.
ബുഷിയും ഞാനും ആ രാത്രിയില്‍ കൃഷിക്കാരന്‍ സ്റ്റ്യൂട്ടന്റെ വൈക്കോല്‍പ്പുരയില്‍ കിടന്നുറങ്ങി. മേയ് 21ന് ഞങ്ങള്‍ റോഖ്‌ലിറ്റ്‌സില്‍ അമേരിക്കയുടെയും റഷ്യയുടെയും അതിര്‍ത്തി രേഖയിലെത്തി. ഈ രേഖ മള്‍ഡി നദിയുടെ മധ്യത്തിലൂടെയാണ് പോകുന്നത്. റഷ്യന്‍ പട്ടാളക്കാര്‍ നദിയുടെ കിഴക്കുവശത്തും അമേരിക്കന്‍ പട്ടാളക്കാര്‍ നദിയുടെ പടിഞ്ഞാറും നിന്നിരുന്നു. രേഖ കടക്കുന്നത് അനുവദനീയമല്ല. ഞങ്ങള്‍ രാവിലെ ആറുമണിക്ക് രേഖ കടക്കാന്‍ ശ്രമിച്ചു. ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്ന റഷ്യന്‍ പാസ്സ് അവരെ കാണിച്ചു. അപ്പോള്‍ റഷ്യന്‍ പടയാളികള്‍ ഞങ്ങളെ വിട്ടയച്ചു. പക്ഷെ പാലത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഞങ്ങളെ തടഞ്ഞു. ഞങ്ങള്‍ അവരോട് പലവട്ടം സംസാരിച്ചു. പാലം കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവസാനം ബുഷി ആ പട്ടാളക്കാരനോട് പേഴ്‌സണലായി എന്തോ പറഞ്ഞു. മറ്റൊരു പട്ടാളക്കാരന്‍ അയാളുടെ പോസ്റ്റില്‍ നിന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അയാളോട്, ഞങ്ങള്‍ ആരാണെന്നും എവിടുന്നു വരുന്നു എന്നും എങ്ങോട്ട് പോകുന്നു എന്നും പറഞ്ഞു. ''ഞാനും യഹൂദനാണ്'' അയാള്‍ പറഞ്ഞു. ''നിയമം നിയമമാണ് ഞങ്ങള്‍ക്ക് കര്‍ശനമായ ഓര്‍ഡര്‍ ഉണ്ട്.'' പിന്നെ അയാള്‍ പറഞ്ഞു ''8.15 ആവുമ്പോള്‍ ഇവിടം കടക്കാമെങ്കില്‍ കടന്നോളൂ. അപ്പോഴാണ് ഞങ്ങള്‍ ഗാര്‍ഡുകളെ മാറ്റുന്നത്. ഇപ്പോള്‍ നിങ്ങളിവിടെ നിന്നു പോകണം.''
8.15 ആയപ്പോള്‍ ഞങ്ങള്‍ പാലം കടന്നു. ആ രണ്ടു പട്ടാളക്കാര്‍ ഫോണിലൂടെ ഉറക്കെ സംസാരിക്കുകയായിരുന്നു. കണക്ഷന്‍ കിട്ടുന്നില്ലെന്നു പറഞ്ഞ് പരസ്പരം അലറുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ അവര്‍ ഞങ്ങളുടെ നേര്‍ക്ക് നോക്കിയതേയില്ല. ''വേഗം പൊക്കോ ഇവിടുന്ന്'' ഒരാള്‍ പറഞ്ഞു. പിശാച് പിടിക്കാന്‍ വരുന്നെന്ന് പേടിച്ചിട്ടെന്നപോലെ ഞങ്ങള്‍ സൈക്കിള്‍ പായിച്ചു. അമേരിക്കന്‍ സോണില്‍ എത്തി.
ഗെയ്ത്തില്‍ ഗ്രാമത്തിലൂടെ പോകുമ്പോള്‍ ഞങ്ങള്‍ ഒരു ബേക്കറിയില്‍ നിന്ന് റൊട്ടി വാങ്ങി. റഷ്യന്‍ പാസ്സ് കാണിച്ചിട്ടും ബേക്കറിക്കാരന്റെ ഭാര്യ ഞങ്ങള്‍ക്ക് റൊട്ടി തരില്ലെന്നു വാശിപിടിച്ചു. ബുഷി ഉറക്കെ പറഞ്ഞു : ''ഇതൊരു റഷ്യന്‍ ഓര്‍ഡറാണ്. ഞങ്ങള്‍ ആവശ്യപ്പെടുന്നതു തന്നില്ലെങ്കില്‍.....'' പെട്ടെന്ന് ആ സ്ത്രീ മനസ്സുമാറ്റി. സത്യത്തില്‍ ആ പാസ് പലകാര്യങ്ങള്‍ക്കും ഉപകാരപ്രദമായി. ജര്‍മ്മനിയിലെ അമേരിക്കന്‍- ഇംഗ്ലീഷ് ആധിപത്യത്തിലുള്ള സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ പാസ് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു.
മെര്‍ഡോഫില്‍ നിന്ന് സ്വതന്ത്രരായശേഷം ജര്‍മ്മന്‍ - ചെക്ക് അതിര്‍ത്തികളിലൂടെ ഡ്രസ്ഡണില്‍ എത്തിച്ചേരുന്നതുവരെയുള്ള യാത്രയില്‍ ഞങ്ങള്‍ സ്വതന്ത്രരാണെന്ന് ഞങ്ങള്‍ക്കു തോന്നി. ജര്‍മ്മന്‍കാര്‍ ജീവരക്ഷക്കായി ഓടിയൊളിച്ച ഈ പ്രദേശങ്ങള്‍ ഞങ്ങള്‍ക്ക് ഒരു ഭീഷണി ആയിരുന്നില്ല. പക്ഷെ, അമേരിക്കയുടെ അധികാരത്തില്‍ കീഴിലുള്ള ജര്‍മ്മനിയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ സുഖകരമായ ഒരു അനുഭവം ആയിരുന്നില്ല അത്. ഒരുതരം വ്യത്യസ്ഥമായ ഫീലിംഗ്. അവിടെ ഞങ്ങള്‍ക്ക് സ്വാഗതം ഇല്ലാത്തതുപോലെ. എന്നാല്‍ ആരുമൊട്ടങ്ങനെ പറഞ്ഞുമില്ല. അവരുടെ ഭാവത്തില്‍ നിന്ന് എനിക്കു തോന്നിയത് ഞങ്ങള്‍ ഏതോ ശത്രുതയുള്ള വിദേശവാസികള്‍ ആണെന്നും. ജര്‍മ്മനിയില്‍ കടന്നുകയറിയവരാണെന്നും ആണ്. ആ ജര്‍മ്മന്‍കാരാണ് എന്റെ ശത്രുക്കള്‍. ഞങ്ങളെ ഉപദ്രവിച്ചവര്‍. എന്റെ പപ്പായെയും വാള്‍ട്ടറിനെയും കൊന്നവര്‍. ഈ ഒരു വികാരം യുദ്ധത്തിനു ശേഷമുള്ള എന്റെ രണ്ടു വര്‍ഷത്തെ ജര്‍മ്മനിയിലെ ജീവിതത്തില്‍ ഒരിക്കലും എന്നെ വിട്ടുമാറിയിട്ടില്ല.
ലിപ്പ്ബര്‍ഗിലേക്കുള്ള ഞങ്ങളുടെ യാത്രയില്‍ നേരെയുള്ള റോഡുകളിലൂടെയല്ല സഞ്ചരിച്ചത്. ധാരാളം ചെറിയ സ്ഥലങ്ങളിലൂടെ കടന്നു പോകേണ്ടിയിരുന്നു. പലതും മരിച്ച ജര്‍മ്മന്‍ പട്ടാളക്കാരന്റെ ജഢത്തില്‍ നിന്നുമെടുത്ത ഭൂപടത്തില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ബോര്‍ണ്ണയില്‍ എത്തി. അമേരിക്കന്‍ സോണിന്റെ വളരെ അകലെയല്ലായിരുന്നു ബോര്‍ണ്ണ .അവിടെ കാപ്റ്റന്‍ റോഗിന്‍സ് എന്നൊരു അമേരിക്കന്‍ ഓഫീസര്‍ അയാളുടെ ഓഫീസില്‍ ചെന്ന് അയാളെ കാണാന്‍ അനുവദിച്ചു. അയാള്‍ മേശപ്പുറത്ത് രണ്ടു കാലുകളും ഉയര്‍ത്തിവച്ചാണ് ഇരുന്നത്. ഞങ്ങളോട് സംസാരിച്ച സമയമെല്ലാം അയാള്‍ ആ ഇരിപ്പു തുടര്‍ന്നു. ഞങ്ങള്‍ക്ക് അയാളുടെ പെരുമാറ്റം ഇഷ്ടമായില്ല എങ്കിലും അമേരിക്കയിലെ രീതി അങ്ങനെയായിരിക്കും എന്ന് വിചാരിച്ചു. കാപ്ടന്‍ ഞങ്ങളെ ഒരു മുന്‍കാല മജിസ്രേട്ടിന്റെ വില്ലയിലേക്ക് അയച്ചു. ആ വില്ല അയാള്‍ കണ്ടുകെട്ടിയതാണ്.നാസികള്‍ ലേബര്‍ ക്യാമ്പിലേക്ക് നാടുകടത്തിയ ഡച്ചുകാര്‍ക്കു വേണ്ടി. ആ ഡച്ചുകാരെ അവരുടെ നാട്ടിലും വീട്ടിലും എത്തിക്കാനായി വണ്ടി അറേഞ്ച് ചെയ്യുകയായിരുന്നു.
എനിക്ക് വീണ്ടും മൂകയും ബധിരയും ആയി അഭിനയിക്കേണ്ടിവന്നു. ഡച്ചുകാരുടെ ഇടയില്‍ ഡച്ചു ഭാഷ സംസാരിക്കാനറിയാത്ത എന്റെ അവസ്ഥ ഭയാനകമായിരുന്നു. ബുഷി അവരോട് തീര്‍ത്തു പറഞ്ഞു, ഞാനൊരല്പം വട്ടാണെന്ന്. ബുഷി ഒരു ഡച്ച് യുവതിയുമായി സൗഹൃദത്തിലായി. അവള്‍ പ്രാഗില്‍ നിന്നു വന്നവള്‍ ആയിരുന്നു. ഞങ്ങളെ അവരോടൊപ്പം വണ്ടിയില്‍ കയറ്റണമെന്ന് അവര്‍ പരസ്പരം പറഞ്ഞൊത്തു. ഞങ്ങളെ വണ്ടിയില്‍ കയറ്റി. എന്റെ മൂക-ബധിര അവസ്ഥയില്‍ എന്നെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും ഡച്ചുകാര്‍ ശ്രമിക്കുന്നത് സത്യത്തില്‍ എനിക്ക് അരോചകമായാണ് തോന്നിയത്. എന്നോടവര്‍ നിര്‍ത്താതെ ഡച്ചുഭാഷയില്‍ സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ കാട്ടിയ സഹതാപത്തില്‍ ഞാന്‍ കൂടുതല്‍ മനസ്സിടിഞ്ഞവള്‍ ആയതേയുള്ളു. ഈ അവസരമുപയോഗിച്ച് ഞാന്‍ ബുഷിയെ ഹോളണ്ടില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ അവള്‍ എന്നെ വിട്ടുപോവില്ല എന്ന് വാശിപിടിച്ചു. ലിപ്പ്ബര്‍ഗിലേക്ക് അവള്‍ എന്റെ ഒപ്പം വരികതന്നെ ചെയ്യും എന്നവള്‍ സത്യം ചെയ്തു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അവളുടെ ഡച്ചു കൂട്ടുകാരില്‍ നിന്ന് അകന്നു മാറി. ''ഇവള്‍ക്ക് ട്രാന്‍പോര്‍ട്ട് വണ്ടിയെയും ക്യാമ്പിനെയും പേടിയാണ്. നിങ്ങളോടൊപ്പം വന്നാല്‍ ഇവളുടെ അവസ്ഥ മോശമാകും. രോഗം വീണ്ടും മൂര്‍ച്ഛിക്കും. അതുകൊണ്ട് ഞങ്ങളെ മറന്നേക്കൂ'' ബുഷി അവരോട് പറഞ്ഞു.
ഞങ്ങള്‍ വീണ്ടും റോഡിലിറങ്ങി. പള്‍ക്കൗ വിലും പെരേസിലും കൂടി കടന്നുപോയി.ഭാഗ്യവശാല്‍ അന്നു രാത്രി ഞങ്ങള്‍ വാതിലില്‍ മുട്ടിയ വീട് നല്ല മനുഷ്യരുടേതായിരുന്നു. അവിടെ ഞങ്ങള്‍ക്ക് ഭക്ഷണവും കിടക്കകളും ലഭിച്ചു.
മേയ് 22ന് രാവിലെ അഞ്ചുമണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് അവിടെ നിന്നുമിറങ്ങി. വിസന്‍ഫെല്‍സും വിത്തൗവും വഴി സൈക്കിളോടിച്ച് മിസ്. ഫിലിപ്പ് സിഗിന്റെ വീട്ടിലെത്തി. ഒരു പ്രത്യക സ്വഭാവക്കാരിയായിരുന്നു ആ വൃദ്ധ അവരുടെ ഡബിള്‍ ബെഡില്‍ അവര്‍ ഞങ്ങളെ കിടത്തി. റൊട്ടിയും മൃഗക്കൊഴുപ്പും അവര്‍ ഞങ്ങള്‍ക്ക് തന്നയച്ചു. മേയ് 23 ന് ഞങ്ങള്‍ നാംബര്‍ഗിലേക്ക് യാത്ര ചെയ്തു. വഴിയില്‍ നിരവധി തവണ പട്ടാളക്കാര്‍ പിടിച്ചുനിര്‍ത്തി. ഐഡന്റിഫിക്കേഷന്‍ പേപ്പറുകള്‍ ചോദിച്ചു. ''വിദേശികള്‍ കളക്ഷന്‍ ക്യാമ്പിലേക്ക് പോകണം'' അവര്‍ ഞങ്ങളോട് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു. അമേരിക്കന്‍ മിലിട്ടറി പോലീസിന് ഞങ്ങളുടെ റഷ്യന്‍ പാസ്സുകളില്‍ തീരെ തൃപ്തി തോന്നിയില്ല.
ഞങ്ങള്‍ യു.എസ്. മിലിട്ടറി ഗവണ്‍മെന്റ് ഓഫീസില്‍ പോയി. അവിടെ നിന്ന് ഞങ്ങള്‍ക്ക് പാസ്സ് തരില്ല എന്ന് തീര്‍ത്തു പറഞ്ഞു. ഞങ്ങള്‍ അടുത്ത കളക്ഷന്‍ ക്യാമ്പില്‍ പൊയ്‌ക്കൊള്ളാം എന്നു പറഞ്ഞിട്ട് ഫ്രേബര്‍ഗിലേക്കും ബിബ്രയിലേക്കും സൈക്കിളോടിച്ചു.
ബിബ്രയില്‍ ഒരു റസ്റ്റോറണ്ടില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കയറി. അവര്‍ ഞങ്ങള്‍ക്ക് നല്ല ഭക്ഷണം തന്നു. നല്ല ഫ്രെഷ് ആസ്പരാഗസ് ഉള്ള ഭക്ഷണം. ഞങ്ങള്‍ ആസ്പരാഗസ് കഴിച്ചിട്ട് വര്‍ഷങ്ങളായിരുന്നു.
നോക്കുന്നിടത്തെല്ലാം പൂക്കള്‍ വിരിഞ്ഞു നിന്നിരുന്നു. റസ്റ്റോറന്റിന്റെ പുറത്തുള്ള ചെടിച്ചട്ടികളിലും ചെറിയ ഗ്രാമങ്ങളിലെ പൂന്തോട്ടങ്ങളിലും താഴ്‌വരകളിലും മരങ്ങളിലും വൃക്ഷങ്ങളിലുമെല്ലാം. എല്ലാ പ്രഭാതങ്ങളിലും ഞങ്ങള്‍ ഗ്രാമപ്രദേശങ്ങളിലൂടെ സൈക്കിളോടിച്ച് മനോഹരത്വം ആസ്വദിച്ചു.
മേയ് 24 ഒരു ചീത്ത ദിവസമായിരുന്നു. കുലീഡ യിലേക്കുള്ള വഴിയില്‍ നാലുതവണ ഞങ്ങളെ പിടിച്ചു നിര്‍ത്തി. പേപ്പറുകളൊന്നും കൈയില്‍ ഇല്ലാത്തതിനാല്‍ അവിടത്തെ യു.എസ്. ഓഫീസറെ പോയി കാണാന്‍ പറഞ്ഞു. ഓഫീസര്‍ ഒരു ലെഫ്ടനന്റ് ബ്രൗണ്‍ഫില്‍ഡ് ആയിരുന്നു. ഞങ്ങള്‍ക്ക് ഒരു പാസ്സ് തരണമെന്ന് ഞങ്ങള്‍ കെഞ്ചി. ആ വൃത്തികെട്ടവന്‍ ഞങ്ങളെ പുറത്താക്കി.
ഞങ്ങള്‍ വളരെ ആശങ്കാകുലരായി, ഏതെങ്കിലും ക്യാമ്പില്‍ തന്നെ ചെന്നു ചേരുമോ എന്ന ഭയം ഞങ്ങളില്‍ നിറഞ്ഞു. റോഡു ബ്ലോക്കുകളിലും ചെക്ക് പോയിന്റുകളിലും ഞങ്ങളെ അവര്‍ പിടിച്ചു നിര്‍ത്തി. പട്ടാളക്കാര്‍ ഞങ്ങളെ ക്യാമ്പുകളുടെ നേര്‍ക്ക് തരിച്ചു വിട്ടു. അവരുടെ നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കാമെന്ന് ഞങ്ങളവര്‍ക്ക് വാക്കുകൊടുത്തു. പക്ഷെ അതു പാലിക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല.
ഞങ്ങള്‍ മേയ് 25 ന് ബാഡ്‌ടെന്‍സ്റ്റട്ടില്‍ എത്തി അവിടെ നിന്ന് ഞങ്ങള്‍ക്കു കിട്ടിയ ചീസ്‌കേക്ക് ചീത്തയായ പാലില്‍ നിന്നുണ്ടാക്കിയതായിരുന്നു. ഞങ്ങള്‍ വഴിയില്‍ വേറൊരു ഡച്ചുകാരനെ കണ്ടു അപ്പോള്‍ എനിക്ക് വീണ്ടും മൂകയും ബധിരയുമായി അഭിനയിക്കേണ്ടിവന്നു. ബാഡ്‌ടെന്‍സ്റ്റട്ടിലെ മെയര്‍ ആയിരുന്ന മിസ്റ്റര്‍ ആല്‍ബേഴ്‌സ് ഒരല്പം കരുണയുളളവനാണെന്നു തോന്നി. അയാള്‍ ഞങ്ങള്‍ക്ക് ഒരു പാസ്സ് തന്നു. പത്തുകിലോമീറ്റര്‍ വരെ ആ പാസ്സുമായി സഞ്ചരിക്കാം. അതിനു വെളിയില്‍ ഈ പാസ്സിന് ഒരു ഉപയോഗവുമില്ല. ഞങ്ങള്‍ ഡച്ചു പതാകകള്‍ തുന്നി സൈക്കിളുകളില്‍ ചേര്‍ത്തു വച്ചു. ഞങ്ങള്‍ വിചാരിച്ചു ഈ പതാകകള്‍ ഞങ്ങള്‍ക്ക് പാസ്സ് ആയി തീരുമെന്ന്.
ഞങ്ങള്‍ ഗ്രോസ്‌ഗോട്ടേര്‍ണിലേക്ക് പോയി, പതാകയും പറപ്പിച്ച്. ഞങ്ങളെ ഇരുപതു വട്ടം മിലിട്ടറി പോലീസ് പിടിച്ചു നിര്‍ത്തി. ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും, ഈ ഇരുപതുവട്ടവും പോലീസ്‌കാര്‍ ഞങ്ങളെ വിട്ടയയ്ക്കുകയാണുണ്ടായത്.
ബുഷി ഒരു നല്ല ഓര്‍ഗനൈസര്‍ ആയിരുന്നു. ഞാന്‍ ഞങ്ങളുടെ സൈക്കിളും നോക്കി ഒരിടത്ത് ഒളിച്ചിരിക്കും. ബുഷി വീടുകളുടെയും കടകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും മുന്നിലൂടെ നടന്ന് ഉടമസ്ഥരോട് ജര്‍മ്മന്‍ ഭാഷയില്‍ സംസാരിക്കും. വളരെ പൊളൈറ്റായി, വിവേകപൂര്‍വ്വം അവള്‍ ആഹാരവും കിടപ്പിടവും ചോദിക്കും. അവര്‍ എല്ലാവരോടും, ഞങ്ങളെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അടച്ചിരിക്കയായിരുന്നു എന്നും, ഞങ്ങളിപ്പോള്‍ ഹോളണ്ടിലേക്ക് പോവുകയാണെന്നും പറയും. ഞാന്‍ ബൈക്ക് നോക്കി ഇരിക്കുന്നിടത്തേക്ക് അവള്‍ വരുമ്പോള്‍ എനിക്കവളുടെ മുഖം നോക്കിയാലറിയാം അവള്‍ക്ക് ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നേടാന്‍ സാധിച്ചോ ഇല്ലയോ എന്ന്. ദൂരെനിന്നു വരുമ്പോള്‍ പോലും അവളുടെ മുഖത്തെ പുഞ്ചിരി എനിക്കു കാണാം. നല്ല ആഹാരവും കിടക്കാനൊരിടവും അവള്‍ സമ്പാദിച്ചിട്ടുണ്ടാവും.
സന്ധ്യയാവാറായ സമയത്താണ് ഞങ്ങള്‍ ഫ്‌ളാര്‍ചൈമിലെ ഒരു വീട്ടിലെത്തി കതകിനു മുട്ടിയത്. അവര്‍ തീരെ രസിക്കാത്തമട്ടില്‍ 'നിങ്ങള്‍ക്കെന്തുവേണം?' എന്നു ചോദിച്ചു. ''ഞങ്ങള്‍ക്ക് അന്തിയുറങ്ങണം, അതുകഴിഞ്ഞ് വീട്ടിലേക്ക് പോകണം'' ബുഷി പറഞ്ഞു. ''വഴിയിലൊന്നും ഒരിടവും ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല'' വൈരം പ്രകടിപ്പിച്ച് അവര്‍ ഞങ്ങളെ അകത്തുകയറ്റി. ഉടനേ അവരുടെ ഭര്‍ത്താവ് കതകിനരികില്‍ വന്നു നിന്നു. അയാള്‍ ഞങ്ങളെ സംശയദൃഷ്ടിയോടെ നോക്കി. എന്നിട്ട് മറ്റൊരു മുറിയിലേക്ക് കയറിപ്പോയി. ഒരു തുറന്ന സ്ഥലത്ത് കിടക്കുന്ന സോഫ ചൂണ്ടിക്കാട്ടി, അവിടെ കിടന്നോളാന്‍ പറഞ്ഞു. ആ വീട്ടിലാണ് ഞങ്ങള്‍ വളരെ മനഃസ്താപത്തോടെ കിടന്നുറങ്ങിയത്. നേരം പുലരാന്‍ കാത്തിരുന്നു അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍.
മേയ് 26-ന് ഞങ്ങള്‍ ഷെവെബ്ഡാ യില്‍ എത്തി. അവിടെ ഞങ്ങള്‍ ഒരു ബേക്കറിയില്‍ രാത്രി കഴിച്ചു. അവര്‍ ഒരു കൊച്ചു മുറിയും ഒരു ബഡും തന്നു. ഫ്‌ളാര്‍ചൈമിലെ വീട്ടിലെപ്പോലെ ഞങ്ങള്‍ വിഷമിച്ചില്ല ആ ബേക്കറിയിലെ കൊച്ചുമുറിയില്‍. ആ ബേക്കറിക്കാരുടെ സംസാരത്തില്‍ നിന്ന് അവര്‍ മുന്‍കാലത്ത് നാസികളായിരുന്നോ എന്ന് ഞങ്ങള്‍ക്ക് സംശയം തോന്നി. ഞങ്ങള്‍ വീടിനു വെളിയിലുള്ള അവരുടെ ലാട്രിനില്‍ പോയപ്പോള്‍ അവിടെ ന്യൂസ്‌പേപ്പറുകള്‍ ടോയ്‌ലറ്റ് പേപ്പറിനു പകരം ആണിയടിച്ച് തൂക്കിയിരുന്നു. ആ ന്യൂസ്‌പേപ്പര്‍ തുണ്ടുകള്‍ ഞാന്‍ വായിച്ചു. ഒന്നിന്റെ ഹെഡിംഗ് ''ഫ്രം എസ്‌വീജ്'' എന്നായിരുന്നു. ഞാന്‍ ബുഷിയോടു പറഞ്ഞു, എന്റെ വകയില്‍ ഒരു ഗ്രാന്‍ഡ്മദര്‍ ഈ ഏരിയായില്‍ നിന്നാണ് വന്നത്, ഗ്രാന്‍ഡ്മായുടെ സഹോദരനും ഈ ടൗണില്‍ ഗ്രാന്‍ഡ്മായോടൊപ്പം താമസിച്ചിരുന്നു, എന്നെ നാടുകടത്തുന്നതിനു മുന്‍പ് എന്ന്. ഹൈന്റിച്ച് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
മേയ് 27- ഞങ്ങള്‍ രാവിലെ എസ്‌വീജ്‌ലേക്ക് പോയി. ആ സ്ഥലം വളരെ ദൂരെയല്ലായിരുന്നു എന്നു മാത്രമല്ല ലിപ്പ്‌ബോര്‍ഗിന് പോകുന്ന വഴിയിലുമായിരുന്നു. ഫ്യൂള്‍ഗ്രാഫ് കുടുംബത്തെ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടായില്ല. ആ വൃദ്ധര്‍ ഞങ്ങളെ ആവേശത്തോടെ സ്വീകരിച്ചു. എന്തു ചെയ്തുതന്നിട്ടും മതിയാവുന്നില്ല അവര്‍ക്ക്. ഞങ്ങള്‍ വളരെ റിലാക്‌സ്ഡ് ആയി അവിടെ അവര്‍ സ്വന്തം ഫാമിലിയോടെന്ന വിധം ഞങ്ങളോട് പെരുമാറി. വൈകിട്ട് ഞങ്ങള്‍ കുറച്ചുനേരം നടക്കാന്‍ പോയി. മനോഹരമായ പൂക്കള്‍ പറിച്ചു. മെര്‍ഡോര്‍ഫ് വിട്ടതിനു ശേഷം ആദ്യമായാണ് ഞങ്ങള്‍ ഇത്ര റിലാക്‌സ്ഡ് ആയത്. വീട്ടില്‍ പാചകം ചെയ്ത നല്ല ആഹാരം അവര്‍ ഞങ്ങള്‍ക്ക് വിളമ്പി, ചൂടുവെള്ളം രണ്ടുപേര്‍ക്കും കുളിക്കാന്‍ തന്നു. അവരുടെ ആകെയുള്ള ഒരു ബഡ്‌റൂമില്‍ ഞങ്ങള്‍ നാലുപേരും കിടന്നു. ഞങ്ങള്‍ വളരെ ക്ഷീണിതരായിരുന്നിട്ടും ഹൈന്റിച്ചിന്റെ ഭാര്യ ഞങ്ങളോട് വൃത്തികെട്ട തമാശകള്‍ പറഞ്ഞു. മിക്കതും എനിക്കു മനസ്സിലായില്ല. പക്ഷെ ബുഷിക്കു മനസ്സിലായി. ബുഷി അവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ ''നിന്റെ വള്‍ഗര്‍ റിലേറ്റീവ്‌സ്'' എന്നാണ് പറഞ്ഞിരുന്നത്. ധപിന്നീട് ഞാന്‍ എന്റെ ഗ്രാന്റ്മദറിനോട് പറഞ്ഞപ്പോള്‍ ഗ്രാന്‍ഡ്മാ ചിരിച്ചില്ല. ''എന്തായാലും അവള്‍ക്ക് മാറ്റമൊന്നുമുണ്ടായില്ല. എങ്കിലും അവര്‍ നിന്നെ നന്നായി നോക്കിയല്ലോ, ബുഷിയെയും. എനിക്കതുമതി.''
ഞങ്ങള്‍ 28 മേയില്‍ അവിടം വിട്ടു. ഡച്ച് കൊടികള്‍ എല്ലാം മാറ്റണമെന്ന മുന്നറിയിപ്പ് കിട്ടി. ''എല്ലാ വിദേശികളെയും ഇപ്പോള്‍ പിടിച്ച് ക്യാമ്പിലിടുന്നു.'' ഞങ്ങള്‍ ഫ്രിഡയില്‍ എത്തി. അവിടെ ഞങ്ങള്‍ക്ക് ആവ് നദി സൈക്കിളില്‍ കടക്കേണ്ടിവന്നു ഞങ്ങളുടെ യാത്ര മുറുക്കിക്കെട്ടിയ കയറിലൂടെയാണെന്നു തോന്നി. ലാംഗന്‍ഹൈന്‍ വില്‍മീഡെന്‍ നില്‍ ഒരു വയസ്സായ സ്ത്രീ ഞങ്ങള്‍ക്ക് രാത്രിയില്‍ കിടക്കാനിടം തന്നു. അവര്‍ തന്നതുപോലെ അത്രയും രുചിയുള്ള കേക്ക് ഞാന്‍ ഒരിക്കലും കഴിച്ചിട്ടില്ലായിരുന്നു. അവിടം വിട്ട് ചെക്ക് പോയിന്റുകള്‍ ഇല്ലാത്തയിടത്തുകൂടി യാത്ര ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചു; വിശേഷിച്ചും ക്യാമ്പുകള്‍. റോമ റോഡില്‍ ഞങ്ങള്‍ വളരെ കുത്തനെയുള്ള റോഡുകളിലൂടെ യാത്ര ചെയ്തു. അങ്ങനെ കുറെ ചെക്കിംഗുകള്‍ കൂടാതെ കഴിഞ്ഞു.
ഞങ്ങള്‍ റോഡില്‍ നിരവധി സംസ്‌കാരമുള്ള മതപരവും രാഷ്ട്രീയവുമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരെ കണ്ടു. യുദ്ധത്തടവുകാര്‍, ലേബര്‍ ക്യാമ്പുകളിലും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലും ഉണ്ടായിരുന്നവര്‍, പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആയി കുടുംബത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടവര്‍. ഞങ്ങള്‍ അവരുടെയൊക്കെ കഥകള്‍ കേട്ടു. ചിലതൊക്കെ വിശ്വസിച്ചു, മറ്റുചിലത് ചോദ്യമുദിപ്പിക്കുന്നവയായിരുന്നു. ഈ നല്ലവരായി അഭിനയിക്കുന്നവരില്‍ കുറച്ചു പേരെങ്കിലും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ഗാര്‍ഡുകള്‍ ആയിരിക്കുമോ? ചിലരില്‍ നിന്നു കിട്ടിയ അറിവുകള്‍ വഴി ഞങ്ങള്‍ക്ക് റോഡ് ബ്ലോക്കുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു എന്ന കാര്യം മറക്കുന്നില്ല. ഞങ്ങള്‍ ഹെല്‍സായിലൂടെ യാത്ര തുടര്‍ന്നു. ഒബര്‍ക്കംഫുജനില്‍ ഞങ്ങള്‍ക്ക് ഒരു നല്ല മുറി കിട്ടി. മേയ് 30 ന് ഞങ്ങള്‍ കാസെലിന്റെ അതിര്‍ത്തിയിലെത്തി. എല്ലാ പാലങ്ങളും തകര്‍ക്കപ്പെട്ടിരുന്നതിനാല്‍ ഒരു കടത്തു വള്ളത്തിലാണ് ഫുള്‍ഡാ നദി കടന്നത്. ഡ്രസ്ഡണെപ്പോല തന്നെ കാസ്സലും കാണപ്പെട്ടു. വലിയ തോതിലുള്ള നഷ്ടം അതിനും ഏല്‍ക്കേണ്ടി വന്നിരുന്നു. കഴിയുന്നത്ര ഞങ്ങള്‍ ആ സിറ്റിയെ ഒഴിവാക്കി.
ഞങ്ങള്‍ വാര്‍ബര്‍ഗിലേക്ക് യാത്ര തുടര്‍ന്നു. ഏകദേശം മുപ്പതു വയസ്സുപ്രായം തോന്നുന്ന ഒരു സ്ത്രീ ഞങ്ങളെ അവരുടെ വീട്ടില്‍ സ്വാഗതം ചെയ്തു. അവരുടെ സ്വീകരണമുറിയും ബഡ്‌റൂമും അവരുടെ യൂണിഫോറമണിഞ്ഞ ഭര്‍ത്താവിന്റെ ഫോട്ടോകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അയാള്‍ ഈസ്റ്റേണ്‍ ഫ്രണ്ടില്‍ യുദ്ധം ചെയ്യുകയാണ്. ഞങ്ങള്‍ക്ക് ആഹാരവും കിടപ്പിടവും തരാന്‍ അവര്‍ ഒരുക്കമായിരുന്നു. തന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് അവര്‍ ഭയപ്പെട്ടിരുന്നു. അവരുടെ ഭര്‍ത്താവ് ആരുടെയെങ്കിലും വാതില്‍ക്കല്‍ മുട്ടി ഭക്ഷണം ചോദിക്കാന്‍ ഇടയായാല്‍ ആരെങ്കിലും അയാളെ സഹായിക്കുമായിരിക്കും എന്ന പ്രതീക്ഷയാണവര്‍ക്ക്. എനിക്ക് അവരോട് സഹതാപം തോന്നി. അവര്‍ക്ക് ഞങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ താല്പര്യമുണ്ടായിരുന്നു. മറ്റു പല ജര്‍മ്മന്‍കാരികളെയും പോലെ ''എനിക്കറിയില്ലായിരുന്നു'' ''എനിക്ക് എന്തുചെയ്യാന്‍ സാധിക്കുമായിരുന്നു'' എന്നൊക്കെയുള്ള പറഞ്ഞു പഴകിയ വാചകങ്ങള്‍ അവര്‍ ഉരുവിട്ടില്ല.
''എനിക്കറിയില്ലായിരുന്നു'' എന്ന വാചകം കേള്‍ക്കുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. അവരുടെ കുട്ടികള്‍ ഹിറ്റ്‌ലര്‍ യൂത്ത് സോംഗുകള്‍ പാടുമ്പോള്‍ അവര്‍ അറിഞ്ഞില്ലേ കഥകളെല്ലാം? ഒരുപാട് പ്രാവശ്യം ഞാന്‍ കേട്ടിട്ടുള്ള പാട്ട് ഞാന്‍ ഓര്‍മ്മിക്കുകയായിരുന്നു. അതിന്റെ ഒന്നാമത്തെ പദ്യഭാഗം ഇങ്ങനെയാണ്. ''യഹൂദ രക്തം കത്തിയില്‍ നിന്ന് ചീറ്റിത്തെറിക്കുമ്പോള്‍'' ഒരുപാട് ജര്‍മ്മന്‍കാര്‍ തങ്ങള്‍ നാസികളെല്ലെന്ന് ഞങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ വലിയ നാസി റാലികള്‍, കുട്ടിയായിരുന്നപ്പോഴും ടീനേജര്‍ ആയിരുന്നപ്പോഴും ഞാന്‍ കണ്ടിരുന്നത് ഓര്‍മ്മയില്‍ ഓടിയെത്തും. എനിക്കു കാണാം നൂറായിരക്കണക്കിനു ജര്‍മ്മന്‍കാര്‍, എല്ലാ സിറ്റിയിലും ടൗണിലും വില്ലേജുകളിലും നിന്നുള്ളവര്‍, ചെറുപ്പക്കാരും വയസ്സരും, കൈകള്‍ ഹിറ്റ്‌ലര്‍ സല്യൂട്ടില്‍ ഉയര്‍ത്തിപ്പിടിച്ച് റാലികളില്‍ പങ്കെടുക്കുന്നത്. ഒരുതരം മോഹനിദ്രയിലെന്ന പോലെ, എന്തുതരം ആജ്ഞയും, എത്ര നീചമായതായാലും അനുസരിക്കാന്‍ തയ്യാറായി ഭവിഷ്യത്തുകളെക്കുറിച്ച് ഓര്‍ക്കാതെ ജീവിച്ച ജര്‍മ്മന്‍കാര്‍!! അവര്‍ അവരുടെ വെറുപ്പിന്റെ പാട്ടുകള്‍ പാടി. ലോകത്തെ കാല്ക്കീഴാക്കുന്ന രംഗങ്ങളെക്കുറിച്ചു പാടി. യഹൂദന്റെ രക്തം ചൊരിയുന്നതിനെക്കുറിച്ചു പാടി.
മറ്റൊരു ഹിറ്റ്‌ലര്‍ യൂത്ത് പാട്ട് ഞാനോര്‍ക്കുന്നു.
We shall continue to march on
Even if everything goes to ruin
For today Germany is ours
And tomorrow the whole world
അവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു പോലും!!
ജ്യൂയിഷ് ബിസിനസ്സുകളും സ്റ്റോറുകളും ഇല്ലാതായപ്പോള്‍ സിനഗോഗുകളും സ്‌കൂളുകളും അവരുടെ കണ്‍മുന്നില്‍ വച്ച് നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തപ്പോള്‍ നാസികളായ കുറ്റവാളികള്‍ യഹൂദരെ തല്ലിച്ചതച്ചപ്പോള്‍ യഹൂദരല്ലാത്തവരോടൊപ്പം ജോലിചെയ്യാന്‍ യഹൂദനെ അനുവദിക്കാതിരുന്നപ്പോള്‍ അങ്ങനെ അവര്‍ക്ക് ജോലിചെയ്യാന്‍ നിര്‍വ്വാഹമില്ലാതായപ്പോള്‍, സ്റ്റേറ്റ് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കാന്‍ യഹൂദര്‍ക്ക് അനുവാദമില്ലാതായപ്പോള്‍, യഹൂദന് പ്രവേശനമില്ലെന്ന് കെട്ടിടങ്ങളിലും സിനിമാതീയറ്ററുകളിലും മറ്റു പ്രധാനസ്ഥലങ്ങളിലും ബോര്‍ഡ് തൂക്കിയിട്ടപ്പോള്‍ ഈ ജര്‍മ്മന്‍കാര്‍ക്ക് ഒന്നുമറിയില്ലായിരുന്നുപോലും!!
യഹൂദന് മഞ്ഞനിറത്തിലുള്ള ദാവീദിന്റെ നക്ഷത്രം പുറവസ്ത്രങ്ങളില്‍ അണിഞ്ഞു നടക്കേണ്ടി വന്നപ്പോള്‍ പേരിനോടൊപ്പം ഇസ്രായേല്‍ എന്നോ സാറ എന്നോ ചേര്‍ക്കേണ്ടി വന്നപ്പോള്‍, തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഓടിപ്പോകുന്ന യഹൂദന് ട്രെയിനിലോ മറ്റ് പബ്ലിക് വാഹനങ്ങളിലോ കയറാന്‍ പാടില്ലെന്ന് നിയമം വന്നപ്പോള്‍, യഹൂദനെ മൃഗവണ്ടിയില്‍ നാടുകടത്തിയപ്പോള്‍ ജര്‍മ്മന്‍കാര്‍ക്ക് ഒന്നുമറിയില്ലായിരുന്നോ.....?
നാസികള്‍ ചെയ്യുന്ന ക്രൂരകൃത്യങ്ങള്‍ പരസ്യമായി എതിര്‍ത്ത ജര്‍മ്മന്‍ രാഷ്ട്രീയ നേതാക്കളെ, സോഷ്യല്‍ ഡെമോക്രാറ്റ്‌സിനെ, കമ്മ്യൂണിസ്റ്റുകാരെ പരസ്യമായി കൊന്നപ്പോള്‍, ധൈര്യശാലികളായ ജര്‍മ്മന്‍ ബുദ്ധിശാലികളെ, എഴുത്തുകാരെ, ആര്‍ട്ടിസ്റ്റുകളെ, ടീച്ചര്‍മാരെ, പാസ്റ്റര്‍മാരെ കൊന്നുമുടിച്ചപ്പോള്‍, ജര്‍മ്മന്‍കാര്‍ എല്ലാം കണ്ടു, കേട്ടു, പത്രങ്ങളില്‍ വായിച്ചു. അവര്‍ക്ക് എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു. അവര്‍ക്കത് സമ്മതിക്കാന്‍ വയ്യ. ഒരിക്കലും അവരത് സമ്മതിക്കില്ല.
ഞങ്ങളെ ഔഷ്‌വിറ്റ്‌സിലേക്ക് അയച്ച് കൊല്ലിക്കാതെ മെര്‍ഡോര്‍ഫിലേക്ക് കൊണ്ടുപോയി രക്ഷിച്ച രണ്ട് ജര്‍മ്മന്‍ പട്ടാളക്കാരെ ഞാന്‍ ഓര്‍ക്കുന്നു. അവര്‍ ഭയങ്കരമായ ആപത്തില്‍ അകപ്പെട്ടു കാണുമോ എന്ന് ഞാന്‍ ഭയക്കുന്നു.
Read More: https://emalayalee.com/writer/24