ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ റെഡ് അലര്‍ട്ട് അടക്കം അതീവജാഗ്രതാ മുന്നറിയിപ്പിലായിരുന്നു വയനാട് ജില്ല. എന്നാല്‍ ഉറങ്ങിക്കിടക്കവേ സംഹാരതാണ്ഡവമാടി ഒരു വന്‍മല തന്നെ തങ്ങളെ വന്നു മൂടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല ദുരന്തബാധിത മേഖലയായ മുണ്ടക്കൈ, വെള്ളരിമല, ചൂരല്‍മല പ്രദേശത്തെ ജനങ്ങൾ. പ്രദേശത്ത് രണ്ടുതവണയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് വിവരം. രാത്രി രണ്ടുമണിയോടെയായിരുന്നു ആദ്യ ഉരുള്‍പൊട്ടൽ , പിന്നീട് പുലർച്ചെയും .
ചുറ്റുമുയരുന്ന നിലവിളികൾക്കിടെ മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനീങ്ങുന്നതു കണ്ട ഞടുക്കത്തിലാണ് പ്രദേശ നിവാസികള്‍. ചുറ്റിലും ചിന്നിച്ചിതറിയനിലയിൽ മൃതദേഹങ്ങൾ .ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന പലരും കഴുത്തറ്റം ചെളിയിലായിരുന്നു. പ്രിയപ്പെട്ടവരെ രക്ഷിക്കാനാകാതെ നിസഹായരായി നില്‍ക്കേണ്ടി വന്നു പലർക്കും . വീടടക്കം ഉള്ളതെല്ലാം നഷ്ടമായവർ.
ആശുപത്രിയിൽ നിരത്തിക്കിടത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് പൊട്ടിക്കരയുന്ന ബന്ധുക്കൾ .എങ്ങും ആംബുലൻസുകളുടെ സൈറണുകൾ , ഉറ്റവരെ തിരഞ്ഞ് കണ്ണീരോടെ യെത്തുന്നവർ . നിലവിളികളോടെ ഉറ്റവരെ തേടി അലയുന്ന നിരവധിപേരെയാണ് ചൂരല്‍മലയിലും മേപ്പാടിയിലും ദൃശ്യമാകുന്നത്.
മണ്ണിനടിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട് . എത്രപേർ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നതിനും വ്യക്തതയില്ല.നൂറിലേറെപ്പേരെ കാണാനില്ലന്നാണ് വിവരം .
രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തിൽ ദുരന്തമുഖത്തേക്ക് എത്തിപ്പെടാന്‍ പോലും സാധിച്ചില്ല എന്നതാണ് വലിയ പ്രതിസന്ധിയായത് . നിലവിൽ സൈന്യവും പോലീസും സന്നദ്ധപ്രവർത്തകരുമെല്ലാം ചേർന്ന് രാത്രിയിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നുണ്ട്.
മുണ്ടക്കൈ ഗ്രാമം ആകെ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. വീടുകള്‍ക്ക് പകരം പാറക്കെട്ടുകളും ചെളിക്കൂമ്പാരവുമാണ് ശേഷിക്കുന്നത് . വന്‍പാറകളും ഒലിച്ചെത്തിയ മരത്തടികളുമായി മലവെള്ളപ്പാച്ചില്‍ എത്രപേരുടെ ജീവന്‍കവര്‍ന്നെന്ന് ഇപ്പോഴും വ്യക്തതയില്ല. മുണ്ടക്കൈയും ചൂരല്‍മലയും അടങ്ങുന്ന വലിയ ഒരു പ്രദേശം പാടെ തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ് . ദുരന്തം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പലയിടത്തും ആളുകള്‍ ചളിയില്‍ പുതഞ്ഞു കിടക്കുന്നുണ്ടായിരുന്നു. രക്ഷപെടുത്താനാവാതെ നിസഹായരായി നില്‍ക്കുകയായിരുന്നു ജനം .
മുണ്ടക്കൈയില്‍ മണിക്കൂറുകളോളം രക്ഷക്കായി നിലവിളിച്ചു കൊണ്ടിരുന്ന ഒരു ജീവൻ ഏറെ സാഹസികമായാണ് രക്ഷാപ്രവർത്തകർ രക്ഷിച്ചെടുത്തത് .
കുത്തിയൊലിച്ചൊഴുകുന്ന പുഴയ്ക്ക് അരുകിലേക്ക് പോലും നാട്ടുകാര്‍ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ചൂരല്‍മലയില്‍ പാലം തകര്‍ന്നതോടെ ദുരന്തമേഖലയിലേക്ക് ആര്‍ക്കും എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. താല്കാലികപാലം നിർമ്മിച്ചാണ് ഏറ്റവുമൊടുവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് . ഹാരിസന്റെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളില്‍ ഒന്നുപോലും കാണാനില്ലെന്ന് പ്രദേശവാസികൾപറയുന്നു.
മുണ്ടക്കൈ പൂര്‍ണമായും ഉരുൾപൊട്ടലിൽ ഒഴുകിപ്പോയെന്നാണ് വിവരം. മൃതദേഹങ്ങൾ ഒഴുകിനടക്കുന്നു . കിലോമീറ്ററുകള്‍ അകലെ ചാലിയാറില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുന്നത്.
മേപ്പാടി ആശുപത്രി അടക്കം നാലിടങ്ങളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ആശുപത്രിയില്‍ മൃതദേഹങ്ങള്‍ നിരത്തികിടത്തിയിരിക്കുന്ന ഹൃദയഭേദകമായ കാഴ്ച ആരുടേയും കണ്ണുകളെ ഈറനണിയിക്കും . ആരാണ് മരിച്ചതെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് . കുഞ്ഞുങ്ങള്‍ അടക്കം നിരവധിപേരെ കാണാനില്ലെന്ന നിലവിളികൾ എവിടെയും ഉയരുന്നു. എങ്ങും, കാണാതായ പ്രിയപ്പെട്ടവരെ തേടിയുള്ള കുടുംബാംഗങ്ങളുടെ നിലവിളികൾ . ദുരന്തം ജീവനെടുത്തവർ ആരൊക്കെയെന്ന് ആര്ക്കുമറിയാത്ത അവസ്ഥ. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. അട്ടമല, ചൂരല്മല മേഖലകളും ഇല്ലാതായി. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരൽമല.
'ഏതു നിമിഷവും എന്തും സംഭവിക്കാം. വീടുകള്‍ക്കുള്ളില്‍ ധാരാളം പേർ കുടുങ്ങിക്കിടപ്പുണ്ട്. അവർക്ക് ജീവനുണ്ടോ എന്നറിയില്ല. അവരെ രക്ഷിക്കാൻ ആവാത്ത നിസഹായാവസ്ഥയിലാണ്'. പ്രദേശവാസികൾ പറയുന്നു.
സാധാരണക്കാരും തോട്ടം തോഴിലാളികളും പാര്‍ക്കുന്ന സ്ഥലമാണ് ചൂരല്‍മല. ചൂരല്‍മല സ്‌കൂളിനോട് ചേര്‍ന്ന് ഒഴുകുന്ന പുഴയിലുടെ എത്തിയ മലവെള്ളപ്പാച്ചിലില്‍ സ്‌കൂളിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലായി. സ്കൂളിലെ ഇരുപതിലേറെ കുട്ടികളെ കാണാനില്ലെന്നാണ് അറിയുന്നത്.
ഹാരിസണ്‍സ് തേയില എസ്റ്റേറ്റ് കമ്ബനിയുടെ സ്ഥലമാണ് ചൂരല്‍മലയിലെ ഭൂരിഭാഗവും.
ഉരുള്‍പൊട്ടലില്‍ പാലങ്ങള്‍ തകർന്നുപോയതിനാല്‍ രക്ഷാപ്രവർത്തകർക്ക് പ്രദേശത്ത് കൃത്യസമയത്ത് എത്തിപ്പെടാൻ പറ്റാത്ത സ്ഥിതിയായിരുന്നു. മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി.
നിർത്താതെ പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. കിലോമീറ്ററുകള്‍ അകലെയുള്ള ചാലിയാർ പുഴയിലൂടെ മൃതദേഹങ്ങള്‍ ദൂരേക്ക് ഒഴുകിയെത്തിയത് ദുരന്ത ഭീകരത എത്രയെന്ന് വ്യക്തമാക്കുന്നു.
see also: മരണം പെയ്തിറങ്ങി വയനാട്ടിൽ വീണ്ടും മഹാ ദുരന്തം;ഗാഡ്ഗിലിനു ഉത്കണ്ഠ (കുര്യൻ പാമ്പാടി)
നിർത്താതെ പെയ്ത കനത്ത മഴ; 2018 -നു ശേഷം ഏറ്റവും വലിയ ദുരന്തം
കേരളം തേങ്ങുന്നു; മരണം 107 ആയി: നിരവധി പേര്‍ മണ്ണിനടിയിലെന്ന് സംശയം