കഴിഞ്ഞ ദിവസം കർണ്ണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജ്ജുൻ എന്ന മലയാളി ട്രക്ക് ഡ്രൈവർ ഉൾപ്പെടെ എട്ടോ പത്തോ പേർ ഇരച്ചു വന്ന മൺകൂനയുടെ കുത്തൊഴുക്കിൽ ഒലിച്ചു പോയി. 15 ദിവസങ്ങൾ നീണ്ട 'സാഹസികമായ' രക്ഷാ ദൗത്യത്തിനു ശേഷം അർജ്ജുനോ അദ്ദേഹം ഓടിച്ചിരുന്ന 8 ടൺ ഭാരമുള്ള ട്രക്കോ എവിടെയാണെന്ന് പോലും കണ്ടുപിടിക്കാനാകാതെ ദൗത്യം ചുമതലപ്പെട്ടവർ അവസാനിപ്പിച്ചു. നിരവധി മണ്ണു മാന്തി യന്ത്രങ്ങൾ, പ്രത്യേക മുങ്ങൽ വിദഗ്ദ്ധർ, ഡ്രോൺ, റഡാർ, സോണാർ സ്‌കാനർ എന്നിവയൊക്കെ ഈ തെരച്ചിലിന്റെ ഭാഗമായി ഉപയോഗിച്ചെങ്കിലും ഗംഗാവലി പുഴയിലെ അടിയൊഴുക്ക് തടസ്സമായി. ടീവി ചാനലുകൾക്കു പ്രത്യേക വാർത്തയൊന്നും ഇല്ലാതിരുന്ന അവസരത്തിൽ വീണു കിട്ടിയ ചാകരയായിരുന്നു അർജ്ജുൻ എന്ന മലയാളിയുടെ തിരോധാനം. എല്ലാ ചാനലുകളും മത്സരിച്ചാണ് ഷിരൂരിൽ തമ്പടിച്ചു പ്രക്ഷേപണം ചെയ്‌തു കൊണ്ടിരുന്നത്. ചാനൽ ചർച്ചകൾ 'വിദഗ്ധരെ' കൊണ്ടു നിറഞ്ഞു. കേരളാ മുഖ്യമന്ത്രി കർണ്ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി. അതിലെ മഷി ഉണങ്ങുന്നതിനു മുൻപ് തന്നെ കർണ്ണാടക സർക്കാർ ദൗത്യം അവസാനിപ്പിച്ചു.
ആകെ 'ഠ' വട്ടത്തിൽ 'അത്യാധുനിക’ സജ്ജീകരണങ്ങളുമായി തെരച്ചിൽ നടത്തിയിട്ടും കണ്ടു പിടിക്കാനായില്ലെന്നുള്ള ന്യായീകരണത്തിൽ അന്വേഷണം അവസാനിപ്പിച്ചപ്പോൾ ഇന്ത്യ എത്രമാത്രം മറ്റു ലോകരാഷ്ട്രങ്ങളെക്കാൾ ടെക്നോളജിയിൽ പിൻപിലാണെന്നു തെളിഞ്ഞു. ഫ്രാൻസ്, നെതർലൻഡ്‌സ്, നോർവേ, സ്വീഡൻ മുതലായ ചെറിയ രാജ്യങ്ങൾ പോലും വെള്ളത്തിനടിയിലുള്ള ഗവേഷണത്തിൽ ഉപയോഗിക്കുന്ന ടെക്നോളോജിയെപ്പറ്റി നമുക്കറിയില്ലെന്നുണ്ടോ?
ടൈറ്റാനിക് കപ്പൽ അറ്റലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്നത് 12,800 അടി താഴ്ച്ചയിലാണ്. അവിടത്തെ ജലസമ്മർദ്ദം എന്നു പറയുന്നത് ചതുരശ്ര ഇഞ്ചിന് 5800 പൗണ്ടാണ്. ലളിതമായി പറഞ്ഞാൽ, മനുഷ്യ ശരീരത്തിൽ ഓരോ ഇഞ്ചു സ്ഥലത്തും ഒരു ആന കയറി നിന്നാൽ ഉണ്ടാകുന്ന സമ്മർദ്ദം. എന്നിട്ടുപോലും അവിടെ പ്രത്യേക വാഹനത്തിൽ ആളുകൾ പോയി കൃത്യമായി കാര്യങ്ങൾ ഗ്രഹിച്ചു. അത്യധികം സമ്മർദ്ദം നേരിടാൻ കഴിവുള്ള റോബോട്ടുകളും റിമോട്ട് ക്യാപ്സ്യൂളുകളും കിലോമീറ്ററുകൾ താഴ്ച്ചയിൽ കിടക്കുന്ന സാമഗ്രഹികളെ സമുദ്രോപതലത്തിൽ നിന്നുകൊണ്ടു തന്നെ തിരിച്ചറിയുന്ന സ്‌കാനറുകളും ഇന്ന് ലഭ്യമാണ്. എന്നിട്ടും വെറും 60 അടിയിൽ താഴെ മാത്രം ആഴമുള്ള ഗംഗാവലിപ്പുഴയിൽ ട്രക്ക് കണ്ടുപിടിക്കാൻ നമുക്കായില്ല.
വലിയ മലകൾക്കു മുകളിൽ നിന്നുകൊണ്ട് നൂറു കണക്കിന് അടി ഉള്ളിലുള്ള തുരങ്കങ്ങളും അതിനുള്ളിലുള്ള സാധനങ്ങളും വരെ സ്‌കാൻ ചെയ്‌തു കണ്ടു പിടിക്കാനുള്ള ആധുനിക സാങ്കേതിക വിദ്യ ഇസ്രയേലിന്റെ കൈവശമുണ്ട്. സമുദ്രോപതലത്തിൽ നിന്നും നൂറുകണക്കിന് അടി താഴ്ച്ചയിൽ കൂടി സഞ്ചരിക്കുന്ന അന്തർവാഹിനി കപ്പലിന്റെ ചലനങ്ങൾ പോലും നിരീക്ഷിക്കാൻ പറ്റുന്ന സാങ്കേതിക വിദ്യ ഒരുവിധപ്പെട്ട എല്ലാ രാജ്യങ്ങളുടെയും കയ്യിലുണ്ട്. എന്നിട്ടും 15 ദിവസം തിരഞ്ഞിട്ടും ആ ട്രക്ക് അവിടെയുണ്ടോ എന്നുപോലും കണ്ടുപിടിക്കാൻ നമുക്കായില്ല. ചന്ദ്രനിൽ വരെ പോയി ലാൻഡ് ചെയ്‌ത നമ്മുടെ സാങ്കേതിക വിദ്യ ഇത്രയ്ക്കേയുള്ളോ? അതോ, അർജ്ജുൻ ഒരു പാവപ്പെട്ട ട്രക്ക് ഡ്രൈവർ ആയതുകൊണ്ട് മാത്രമോ? എന്തായാലും നമുക്ക് ലജ്ജിക്കാൻ മാത്രമേ കഴിയൂ.
ഇനി വയനാട്ടിലേക്ക് വരട്ടെ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൻമല, അട്ടമല, വെള്ളിമല എന്നിവിടങ്ങളിൽ ഇന്നലെ ഉണ്ടായത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. ഏതാണ്ട് 140 ഓളം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഇനിയും ഈ നമ്പർ വളരെ കൂടുമെന്നാണ് അനുമാനം. നൂറു കണക്കിന് ആളുകൾ ആശുപത്രികളിൽ കഴിയുന്നു. മൂവായിരത്തിൽ പരം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു. ഇതിനകം തന്നെ ചൂരൻമലയിലെ രക്ഷാദൗത്യം പൂർത്തീകരിച്ചു കഴിഞ്ഞു എന്നാണറിയിച്ചിരിക്കുന്നത്. രാത്രിയിൽ 1:30 നും 4 നുമിടയിലാണ് കലശലായ ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു നാടൊന്നാകെ ഒലിച്ചു പോയതിന്റെ ഞെട്ടൽ കേരളം ഒന്നാകെയാണ് പ്രതിഫലിച്ചത്.
രാവിലെ തന്നെ പോലീസും ഫയർ ഫോഴ്‌സും ആർമിയും എയർ ഫോഴ്‌സും തുടങ്ങി രക്ഷാദൗത്യ സേന ഉണർന്നു പ്രവർത്തിച്ചു എന്നത് അഭിമാനകരമാണ്. ഇവിടെ വളരെ കൃത്യമായി വിവിധ സേനകൾ ഏകോപിച്ചു നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ രക്ഷാ പ്രവർത്തനം അഭിനന്ദനമർഹിക്കുന്നു. ഇതിന്റെ 'ക്രെഡിറ്റ്' എടുക്കാൻ താമസിയാതെ പലരും മുൻപോട്ടു വരും. ഇതിന്റെ രാഷ്ട്രീയ നേട്ടം കൊയ്യാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കും. പോലീസിനെയും ഫയർ ഫോഴ്‌സിനെയും ഉടനടി കർത്തവ്യ നിർവ്വഹണത്തിനു നിയോഗിച്ച മുഖ്യമന്ത്രിയും കേരളത്തിലെ ദുരന്തത്തിൽ താങ്ങാകുവാൻ എയർ ഫോഴ്‌സിനും നേവിക്കും ഉടനടി ഉത്തരവിടുകയും മലയാളിയായ സഹമന്ത്രിയെ സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്‌ത പ്രധാനമന്ത്രിയും അഭിനന്ദനമർഹിക്കുന്നു. അതുപോലെ തന്നെ, പ്രളയത്തിനു പിരിച്ചതുപോലെ ഇനി വയനാട്ടിലെ പുനരധിവാസത്തിനും പിരിവുണ്ടാകും. ഇതെങ്കിലും പ്രളയ ഫണ്ട് വഴിമാറി ഒലിച്ചു പോയതുപോലെ പോകയില്ലെന്നു വിശ്വസിക്കാം. അതവിടെ നിൽക്കട്ടെ.
അവസരത്തിനൊത്തുയർന്ന കേരള സർക്കാരും കേന്ദ്ര സർക്കാരും മറ്റു നേതാക്കന്മാരും നാട്ടുകാരും ഒരു കാര്യം തെളിയിച്ചു. ഏകോപിതമായി പ്രവർത്തിച്ചാൽ നാട്ടിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാം. അതിലും വലിയൊരു പാഠം ഈ ദുരന്തം കൊണ്ട് പ്രകൃതി മനുഷ്യനെ പഠിപ്പിച്ചു. അമ്പലവും പള്ളിയും പള്ളിക്കൂടവും എല്ലാം ഒലിച്ചുപോയതിൽ പെടും. കുത്തിയൊലിച്ചു വന്ന കല്ലും മണ്ണും മലവെള്ളപ്പാച്ചിലുമൊന്നും തടഞ്ഞു നിർത്താൻ ഈ ദൈവങ്ങൾക്കായില്ല. എന്നാൽ ആ തുരുത്തിൽ ഒറ്റപ്പെട്ടു പോയ അഞ്ഞൂറോളം പേരെ സുരക്ഷിതസ്ഥലത്തേക്ക് എത്തിക്കാൻ ജാതി മത വ്യത്യാസമില്ലാതെ കൂട്ടായി പ്രവർത്തിച്ച മനുഷ്യർക്ക് സാധിച്ചു.
ഇനിയെങ്കിലും മതഭ്രാന്ത് പേറി നടക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം. ജാതിയോ മതമോ നോക്കാതെ അയൽക്കാരനെ സ്നേഹിക്കുക. അവനായിരിക്കും ദൈവത്തിന്റെ രൂപത്തിൽ സഹായമായി അവതരിക്കുക. പക്ഷേ, രണ്ടു നാൾ കഴിയുമ്പോൾ നാം ഇതൊക്കെ മറക്കും. വീണ്ടും മതം ഫണം വിടർത്തും. പ്രളയ സമയത്തു നാം കണ്ട ഐക്യം എത്ര പെട്ടെന്നാണ് മറന്നത്. നമ്മിലെ മാനവികതയും അവശ്യമായ മനുഷ്യത്വവും ഉണർത്തുവാൻ ഓരോ ദുരന്തങ്ങൾ ആവശ്യമായി വന്നാൽ പ്രകൃതി ആ കടമ നിർവ്വഹിച്ചുകൊണ്ടേയിരിയ്ക്കും.
___________________