Image

ഫണ്ട് വിനിയോഗവും പുസ്തക വ്യാപാരവുമാകരുത് ലക്ഷ്യം ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും 9 - പ്രകാശൻ കരിവെള്ളൂർ )

Published on 02 August, 2024
ഫണ്ട് വിനിയോഗവും പുസ്തക വ്യാപാരവുമാകരുത് ലക്ഷ്യം ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും 9 - പ്രകാശൻ കരിവെള്ളൂർ )

പുസ്തകം വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യാൻ ആർക്കും സ്വാതന്ത്ര്യമുണ്ട് . എന്നാൽ , മലയാളം വായിക്കാനും എഴുതാനും അറിയുന്ന ഒരു മലയാളി അയാളുടെ കണ്ണിൻ്റെയോ മനസ്സിൻ്റെയോ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ലാതിരുന്നിട്ടും ഒരു പുസ്തകവും വായിക്കാൻ താല്പര്യം കാണിക്കുന്നില്ലെങ്കിൽ നമ്മുടെ നാട്ടിലെ സാമൂഹ്യ -സാംസ്കാരിക മണ്ഡലം അതൊരു പ്രശ്നമായി കണക്കാക്കേണ്ടതുണ്ട് . മുതിർന്ന ആളുകളിൽ - തൊഴിൽ ചെയ്യുന്ന - കുടുംബം നോക്കുന്ന - അത്തരക്കാരിൽ ഇങ്ങനെയൊരു ഇടപെടൽ അത്ര എളുപ്പമായെന്നു വരില്ല . എന്നാൽ വിദ്യാർത്ഥി പ്രായത്തിലുള്ള ബാല്യ കൗമാരങ്ങളിൽ തീർച്ചയായും ചിലത് ചെയ്യാൻ നമ്മൾ ശ്രമിക്കുക തന്നെ വേണം . വായിക്കാനറിഞ്ഞിട്ടും ഒന്നും വായിക്കാൻ താല്പര്യം കാണിക്കാത്ത കുട്ടികളെ കണ്ടെത്താൻ സ്കൂളുകൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമാണ് . ആ കുട്ടികൾക്ക് അവരുടെ പ്രായത്തിനും അഭിരുചിക്കും ഇണങ്ങുന്ന പുസ്തകങ്ങൾ സ്കൂൾ അധി: കൃതരും പരിസരത്തെ ലൈബ്രറികളും വിചാരിച്ചാൽ എത്തിച്ചു നൽകാൻ തീർച്ചയായും സാധിക്കും . ഇത് ഒരു അടിച്ചേൽപ്പിക്കൽ പ്രവർത്തനമായി കുട്ടികൾക്ക് അനുഭവപ്പെടാതിരിക്കാൻ മുതിർന്നവർ കുറച്ചൊന്ന് മയത്തിലും നയത്തിലും പെരുമാറേണ്ടതുണ്ട് . ഇത് ഏറ്റവും ഫലപ്രദമാക്കാൻ ഒരു മൂന്ന് - നാല് ക്ളാസ് പ്രായത്തിൽ തന്നെ ആരംഭിക്കണം . അവരുടെ പാഠഭാഗങ്ങളുമായി വല്ല ബന്ധമുള്ളതും എന്നാൽ പാഠത്തേക്കാൾ ലളിതവും രസകരവുമായ കഥയോ കവിതയോ കുറിപ്പോ ആണെങ്കിൽ സ്വാഭാവികമായും കുട്ടികൾ അതിലേക്ക് ആകർഷിക്കപ്പെടും . ഇത് പഠനപിന്തുണാ പ്രവർത്തനമെന്ന് കരുതി , പഠനത്തിനപ്പുറം യാതൊന്നും പ്രധാനമെന്ന് തോന്നാത്ത രക്ഷിതാക്കളും അതിൽ താല്പര്യം കാണിക്കും . ഇങ്ങനെ പ്രൈമറി പ്രായത്തിലുള്ള കുട്ടികൾക്ക് അവർക്കിണങ്ങുന്നതും അവർ മുമ്പ് കേട്ടിട്ടില്ലാത്തതുമായ കഥാപുസ്തകങ്ങളോട് ബന്ധിപ്പിക്കുകയാണെങ്കിൽ വിദ്യാർത്ഥിവായനയ്ക്ക് ഒരു അടിത്തറയായി എന്ന് പറയാം . അവരിൽ ചിലർ സ്വാഭാവികമായിത്തന്നെ അത് ചെയ്യും . ചില രെ പ്രേരിപ്പിക്കേണ്ടി വരും . പ്രേരണാപ്രവർത്തനങ്ങളിൽ ഏറ്റക്കുറച്ചിലും വേണ്ടി വരും . എന്തായാലും വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള വായനാ പ്രവർത്തനങ്ങളിൽ സ്കൂളും പ്രദേശത്ത് ലൈബ്രറികളുണ്ടെങ്കിൽ അവരും സഹകരിച്ചു പ്രവർത്തിക്കുന്നത് കുറച്ചൊക്കെ പ്രായോഗികവും ഏറെ  ഫലപ്രദവുമായ കാര്യമാണ് .

ഒന്നോ രണ്ടോ മാസം കൊണ്ട് തന്നെ അവരുടെ വായനയോടുള്ള ആഭിമുഖ്യം എത്രത്തോളം - എങ്ങനെ എന്നൊക്കെ വിലയിരുത്താൻ കഴിയണം . വായനയുടെ ആദ്യ ഘട്ടങ്ങളെ പരമാവധി എഴുത്തുമായി ബന്ധിപ്പിക്കാൻ ശ്രമിക്കരുത് . വായിക്കലും പറയലും മാത്രം നടക്കട്ടെ അവിടെ . പറയാൻ മടിയുള്ളവരെ കൂടുതൽ നിർബന്ധിക്കണ്ട . അവരിൽ ചിലർ പുസ്തകത്തിൽ വായിച്ച ഭാഗത്തു നിന്ന് ഒരു ചിത്രം വരച്ചേക്കും അങ്ങനെയുമാവാം . രണ്ടും ചെയ്യാത്തവർ പിന്നിലായിപ്പോയി എന്ന തോന്നൽ അവരിലുണ്ടാക്കാതെയും നോക്കണം .

കുട്ടികളുടെ വായനയും ക്ളാസ്സും വലുതാവുന്നതിനുസരിച്ച് അവർക്ക് നൽകുന്ന പുസ്തകങ്ങളും വലുതാവണം .ധാരാളം പേജുള്ള തടിച്ച പുസ്തകം എന്നല്ല ഉദ്ദേശിക്കുന്നത് . ബാലമാസികകളിൽ നിന്ന് ബാലസാഹിത്യത്തിലേക്ക് - ചിത്രപുസ്തകങ്ങളിൽ നിന്ന് ചിത്രങ്ങളില്ലാത്ത പുസ്തകത്തിലേക്ക് . ആ രീതിയിലാണ് വേണ്ടത്. വായന വർധിക്കുന്നതിനനുസരിച്ച് പ്രോത്സാഹനത്തിനായി ക്വിസ് - കുറിപ്പ് ചില മത്സരങ്ങളാവാം . അവ യാന്ത്രികമായി മാറിയാൽ ആ പാകത്തിലേക്ക് മാറിപ്പോവും കുട്ടികളുടെ വായനയും . അതുകൊണ്ട് വ്യത്യസ്തവും വിവിധവും രസകരവുമായ വഴികളിലാവണം മത്സരങ്ങൾ . വായനാ സന്ദർഭങ്ങളെ ഒരിക്കലും വീഡിയോയോട് ബന്ധിപ്പിക്കരുത് . കുട്ടികളുടെ ശ്രദ്ധ അതിലേക്ക് മാറിപ്പോകും . എന്നാൽ ഓഡിയോയുടെ ഉചിതമായ പ്രയോഗം ആവാം . അതും കുറച്ച് കുറച്ച് കൊണ്ട് വരണം . പരമാവധി വായിക്കൽ തന്നെയാവട്ടെ പ്രവർത്തനം.

ലൈബ്രറി കൗൺസിൽ അനുവദിക്കുന്ന ഫണ്ട് ഏതൊക്കെയോ പുസ്തക വ്യാപാരികളുടെ പുസ്തകം വാങ്ങി ഷെൽഫി സൂക്ഷിക്കാൻ വേണ്ടിയല്ല . ഒരു പ്രദേശത്തെ വായന ആ പ്രദേശത്തുള്ള ലൈബ്രറിയെക്കൊണ്ട് കഴിയും വിധം വളർത്താൻ വേണ്ടിയാണ് . പല ലൈബ്രറികളും വാങ്ങിക്കൂട്ടുന്നത് ബെസ്റ്റ് സെല്ലർ എന്ന് വാഴ്ത്തപ്പെട്ട ചിലതും പിന്നെ കമ്മീഷൻ ധാരാളം കിട്ടുന്ന / അതിനു കൂടി പുസ്തകങ്ങൾ കിട്ടുന്ന പ്രസാധകരുടെ പലതുമാണ് . വിദ്യാർത്ഥികൾക്കിണങ്ങിയ മികച്ച കൃതികൾ - ബാലസാഹിത്യം മാത്രമല്ല  - മറ്റുള്ളവയും അന്വേഷിച്ച് കണ്ടെത്തി വാങ്ങിക്കൊണ്ടു വരാനുള്ള ശ്രമകരമായ പ്രവർത്തനം ലൈബ്രറികൾ ത്യാഗപൂർണമായി ഏറ്റെടുക്കേണ്ടതുണ്ട് . ഓരോ വായനാദിനത്തിലും ലൈബ്രറിയിൽ നിന്ന് നിത്യേന പുസ്തകമെടുത്ത് വായിക്കുന്ന വിദ്യാർത്ഥികളെ ( എൽ പി / യൂ പി / ഹൈസ്കൂൾ / പ്ളസ്ടു / ) അവരറിയാതെ നിരീക്ഷിച്ച് വിലയിരുത്തി മികച്ച വായനക്കാർക്ക് വർഷം തോറും ഒരു അവാർഡ് കൊടുക്കുകയാണെങ്കിൽ ഒരു പാട് വിദ്യാർത്ഥികൾ താല്പര്യത്തോടെ വന്നെത്തുമെന്ന് തീർച്ച . 

( തുടരും )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക