Image

വാവിന്റെ ഓർമ്മകൾ : പി. സീമ

Published on 03 August, 2024
വാവിന്റെ ഓർമ്മകൾ : പി. സീമ

ഓരോ വാവോർമ്മയും കൊണ്ട് ചെന്നെത്തിക്കുന്നത് ചരൽ പാകിയ മുറ്റം നിറയെ പൂക്കൾ വിരിഞ്ഞു നിന്ന, ഓടിട്ട വീട്ടിലെ  പടിഞ്ഞാറെ മുറിയിലേക്കാണ്.  മഴയത്തു പഴമുറം ചൂടി പിതൃക്കൾ വരുമെന്ന വിശ്വാസത്തിൽ കരിക്കും മറ്റ് വീഭവങ്ങളും നിരത്തി വെച്ചു മുറി വാതിൽ ചേർത്തടയ്ക്കും. പിന്നെ ഏത് വഴിയിലൂടെ ആണ് അവർ വരുന്നത് എന്ന്  കൗതുകത്തോടെ കാത്തിരുന്ന തിരിച്ചറിവില്ലാത്ത ബാല്യം..  കുറച്ചു നേരം കഴിഞ്ഞ് അവർ വന്നു പോയെന്നു പറഞ്ഞു വാതിൽ തുറന്ന്  ആ വിഭവങ്ങൾ  എല്ലാവരും കഴിക്കും.  

ഇപ്പോഴും ആ മുറി കാതോർക്കുന്നുണ്ടാവും അവിടെ നിന്നും എന്നെന്നേക്കുമായി മാഞ്ഞൂ പോയ കാലൊച്ചകളെ.... ആഹ്ലാദം  വീർപ്പുമുട്ടിച്ച ശബ്ദഘോഷങ്ങളെ  .എന്നോ മാവും പ്ലാവും തെങ്ങും കമുകും  നിറഞ്ഞു നിന്നിരുന്ന ഇപ്പോൾ അന്യമാക്കപ്പെട്ട  വിശാലമായ തൊടികളിൽ,  പത്തായങ്ങൾ ഉണ്ടായിരുന്ന  ഒരു ചില്ലോട്  മാത്രം വെളിച്ചം വീഴ്ത്തിയ മങ്ങിയ ഇരുൾ വീണ മച്ചകങ്ങളിൽ ആത്മാവുകൾ  ഇപ്പോഴും ആരെയോ തിരയുന്നുണ്ടാകുമോ?

കാലമേ നീ തന്നെ ഉത്തരം നൽകൂ... കവർന്നെടുക്കപ്പെട്ട  ഗതകാലസ്മരണകളിൽ നിന്നു വിട്ടു പോകാതെ അടർത്തിയെടുത്തവ   ഓരോന്നും ഹൃദയത്തോട് ചേർത്ത് വെച്ചു   ഒരിക്കൽ കൂടി നമസ്കരിക്കുന്നു..എല്ലാ പിതൃക്കളെയും.  അന്ന് അവർ കൊണ്ട വെയിൽ ആണല്ലോ  നാം ഇളവേറ്റ തണലായത് , അവർ നനഞ്ഞ മഴകൾ ആണല്ലോ നമുക്ക് കുടയായത്... ഇപ്പോൾ അവരുടെ തണലില്ലാതെ നനയുന്ന ഓരോ മഴയും കനൽക്കാട്  പൂക്കുന്ന തീയാകുന്നു. 

പ്രിയപ്പെട്ടവർ കൂടെ ഇല്ലാത്ത  ജീവിതത്തിന്റെ പൂമുഖവാതിൽ ചേർന്നടയുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക