വാഷിഗ്ടൺ : പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രസിഡന്റ് ബൈഡനും മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ രണ്ടു ഡിബേറ്റുകളാണ് മുൻപ് തീരുമാനിച്ചിരുന്നത്. ഒന്നാം ഡിബേറ്റിനു ശേഷം ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന മുറവിളി കൂടുതൽ ശക്തമാവുകയും ഒടുവിൽ ബൈഡൻ പിന്മാറുകയും പകരം വൈസ് പ്രസിഡന്റ് കമല ഹാരിസ് മത്സരിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി ഏതാണ്ട് തീരുമാനിച്ചിരിക്കുകയുമാണ്. സ്ഥാനാർത്ഥികൾ തമ്മിൽ നടക്കേണ്ട രണ്ടാമത്തേതും അവസാനത്തേതുമായ വാഗ്‌വാദം സെപ്തംബര് 10 നാണു നിശ്ചയിച്ചിരുന്നത്. എന്നാൽ ഹാരിസുമായി ഒരു ഡിബേറ്റിനു താൻ സന്നദ്ധൻ അല്ല എന്ന് നേരത്തെ പറഞ്ഞിരുന്ന ട്രംപ് അതെ നിലപാട് തന്നെ ആവർത്തിച്ചു. ഇതിനെതിരെ ഹാരിസിന്റെ പ്രചാരണ വിഭാഗം രംഗത്തു വന്നിരിക്കുകയാണ്. ആൺ ആണെങ്കിൽ ട്രംപ് വാക്കു പാലിച്ചു സെപ്തംബര് 10 നു ഹാരിസുമായി ഡിബേറ്റ് നടത്തുവാൻ തയ്യാറാകണം എന്നിവർ ആവശ്യപ്പെടുന്നു.
വാക്ക് പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യുന്നതിൽ ആൺ, പെണ്, മൂന്നാമത്തെ വിഭാഗവും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല. എല്ലാവരെയും എല്ലാ പ്രശ്നങ്ങളിലും തുല്യരായി കാണുന്ന ഒരു സമൂഹത്തിൽ ഇങ്ങനെ ഒരു തുലനത്തിന്റെ ആവശ്യം ഉണ്ടായിരുന്നുവോ എന്ന് നിരീക്ഷകർ സംശയിക്കുന്നു. വാക്കു പാലിച്ചു ഡിബേറ്റിൽ പങ്കെടുക്കേണ്ടത് ട്രംപിന്റെ ഉത്തരവാദിത്തം ആണ്. വിശ്വാസ്യത സൃഷ്ടിക്കേണ്ട ഉത്തരവാദിത്തവും ട്രംപിന് തന്നെ. എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ ഉന്നയിച്ചു ഡിബേറ്റിൽ നിന്ന് പിൻവലിയുകയാണെങ്കിൽ ട്രംപിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
ഫോക്സ് ബിസിനസ് ചാനലിൽ പ്രത്യക്ഷപെട്ടു തനിക്കു ഹാരിസുമായി ഡിബേറ്റ് നടത്തേണ്ട ആവശ്യം ഇല്ല എന്ന് ട്രംപ് പറഞ്ഞതാണ് ഹാരിസിന്റെ പ്രചാരണ വിഭാഗത്തെ ചൊടിപ്പിച്ചത്. ട്രംപിന് നേരിട്ട് ഹാരിസുമായി ഒരു വിവാദം നടത്താൻ ഭയമാണ് എന്നവർ പ്രതികരിച്ചു. തന്റെ പ്രചാരണം നേടിയ പിന്തുണയിൽ ട്രംപ് വിരണ്ടു പോയി എന്ന് അറ്റ്ലാന്റയിൽ സംഘടിപ്പിച്ച റാലിയിൽ ഹാരിസ് പറഞ്ഞു. എന്നാൽ ഇപ്പോഴും ഔദ്യോഗികമായി ബൈഡനാണ് സ്ഥാനാർഥി, അതിനാൽ ബൈഡനുമായി ഒരു ഡിബേറ്റിനു താൻ ഏത് സമയത്തും, എപ്പോൾ വേണമെങ്കിലും, എവിടെ വേണമെങ്കിലും പങ്കെടുക്കാൻ തയ്യാറാണെന്നതാണ് ട്രംപിന്റെ നിലപാട്.
രണ്ടാഴ്ചക്കുള്ളിൽ ട്രംപിന് ബൈഡനു മേൽ ഉണ്ടായിരുന്ന മുൻകൈ ഹാരിസിന്റെ വരവോടെ നഷ്ടമായി എന്നാണ് സർവേകൾ പറയുന്നത്. വെള്ളിയാഴ്ച ഫൈവ് തേർട്ടി എയിറ്റ് സർവേയിൽ ഹാരിസിന് 45 % വും ട്രംപിന് 43.5 % പിന്തുണ പ്രവചിച്ചു.
ട്രമ്പിന്റെയും വൻസിന്റെയും ടീമിനെ വിചിത്രം എന്ന് ഹാരിസിന്റെ പ്രചാരണ സംഘം വിശേഷിപ്പിച്ചതാണ് പുതിയ വാക്പോരിനു തുടക്കം കുറിച്ചത്. തന്നെ ഒരു വിചിത്ര വ്യക്തിയായി പല ദശകങ്ങളായി പലരും വിശേഷിപ്പിച്ചിരുന്നു എന്ന് ഒരു ട്രാൻസ് ജൻഡർ സ്ത്രീ പറഞ്ഞു. ട്രംപ് ടീമിന് നൽകിയ ഈ വിശേഷണം ചിലപ്പോൾ അവർക്കു ഗുണകരമായെന്നു വരാം. കാരണം ട്രാൻസ് ജൻഡേഴ്സിന് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ട്രംപ് ഒരു ജ്യൂയിഷ് റേഡിയോയെ അഭിസംബോധന ചെയ്തു ഡെമോക്രാറ്റ് ജൂതന്മാർ വിഡ്ഢികളാണെന്നു പറഞ്ഞത് വിവാദമായി. ട്രംപിന്റെ വലിയ വായ വീണ്ടും പ്രശനം സൃഷ്ടിക്കുന്നു.