ഞാൻ ബാലഗോപാലൻ.ഫിഷറീസിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ്. ഡയറി എഴുതുന്ന സ്വഭാവം എനിക്ക് പണ്ടൊരിക്കൽ ഉണ്ടായിരുന്നു.പണ്ട് എന്നു പറഞ്ഞാൽ എൻ്റെ അച്ഛൻ മരിക്കുന്നതിനു മുൻപ് ഞാൻ പത്താംതരത്തിൽ പഠിക്കുമ്പോൾ .അച്ഛന് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു.അതു കണ്ട് പ്രചോദനമുൾക്കൊണ്ടാണ് ഞാൻ ഡയറി എഴുത്ത് ശീലമാക്കിയത്.പിന്നെ അഛൻ പ്രോത്സാഹിപ്പിച്ചുവെന്നും കൂട്ടിക്കോളൂ. അച്ചൻ മരിച്ചപ്പോൾ ആ ശീലത്തിേ നോട് ഞാൻ താൽക്കാലികമായി വിട പറഞ്ഞു.
പിന്നെ ഇപ്പോൾ വീണ്ടും എഴുതാൻ എന്നെ പ്രേരിപ്പിച്ചതെന്താണെന്നല്ലേ? ഞാൻ വിവാഹിതനാകുകയാണ്. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നുവെന്ന്
ചുരുക്കം. ഇനിയെങ്കിലും എൻ്റെ ജീവിതത്തിലെ ഓരോദിവസവും വർഷങ്ങൾകഴിഞ്ഞാലും എനിക്ക്കൺമുന്നിൽ കാണണം.എൻ്റെ കുട്ടികൾ എൻ്റെ ജീവിതത്തിലെ കയറ്റങ്ങളും, ഇറക്കങ്ങളുംഅറിയണം.അപ്പോൾഞാൻ ഇടക്ക് മനസ്സിൽ
താഴിട്ടു പൂട്ടിയിരുന്ന ആ നല്ല ശീലം പൂട്ടുതുറന്ന് പുറെത്തടുക്കട്ടെ
ചിങ്ങം 20 സെപ്റ്റംബർ 5 അത്തംവ്യാഴാഴ്ച
ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ.വ്യാഴാഴ്ച. ഇന്നാണെൻ്റ വിവാഹം ഞാനെന്ന ബാലഗോപാലൻ്റെയും, നീരജ എന്ന പാലക്കാട്ടുകാരി പെൺകുട്ടിയുടേയും. സമയം രാവിലെ 6.30
ഉത്സാഹത്തോടെ എഴുന്നേറ്റു. കുളി കഴിഞ്ഞ് അടുത്തുള്ള
ദേവീക്ഷേത്രത്തിൽ അനിയൻ രാജഗോപാലിനൊപ്പം പോയി. മനസ്സുരുകി പ്രാർത്ഥിച്ചു.7.30 ന് വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ നല്ല തിരക്ക്.
8 മണിക്ക് മൂന്ന് ഇഡ്ഡലിയും, സാമ്പാറും
ചമ്മന്തിയും. ചായയും കഴിച്ചു.പിന്നീട് നവ വരനാകാനുള്ള ഒരുക്കം. പുരുഷ ചമയക്കാരൻ വിനോദി
നു എന്നെത്തന്നെ വിട്ടു കൊടുത്തു.11.30 നും 12 നും ഇടക്ക് മുഹൂർത്തം സ്ഥലം
മാംഗല്യ കല്യാണമണ്ഡപം. ഇനി
കല്യാണ തിരക്കാണ്.
ബാക്കി കാര്യങ്ങൾ
വൈകുന്നേരമെഴുതാം
കല്യാണ വിശേഷങ്ങൾ എഴുതി തുടങ്ങട്ടെ. രാവിലെ11.15. നവ വരനായ എന്നെ താലപ്പൊലിയോടും,ചെണ്ടമേളത്തോടും സ്വീകരിച്ച്, മണ്ഡപത്തിലിരുത്തി.അതിനു ശേഷം നീരജ യെ പന്തലിലേക്കു കൊണ്ടുവന്നു.കത്തിച്ചു വെച്ച നിലവിളക്കു പോലെയവൾ തിളങ്ങി.
ക്യത്യം 11 .45 ഞാൻ അവൾക്കു താലി ചാർത്തി. ഫോട്ടോ സെഷനും, സദ്യയുമൊക്കെ കഴിഞ്ഞ് കൃത്യം 3 മണിക്ക് എൻ്റെ വീട്ടിലേ
ക്കു യാത്ര തിരിച്ചു.3.30 ന് വീട്ടിലെ പൂജാമുറിയിൽ നീരജ
വിളക്കുമായ് പ്രവേശിച്ചു.ഒരു നവവധുവിൻ്റെ സന്തോഷമോ, നാണമോ ഞാനവളിൽ
കണ്ടില്ല. വീടുവിട്ടു പോന്നതു കൊണ്ടാവാം.5 മണിമു
തൽ 9 മണി വരെ അടുത്തുള്ള പള്ളിയുടെ പാരീഷ് ഹാളിൽ പാർട്ടി. നിറയെ ആളുണ്ടായിരുന്നു.എല്ലാവരും അസൂയയോടെ എന്നെ നോക്കി. നീരജയേപ്പോലെ ഒരു സുന്ദരിയെ ഭാര്യയായി കിട്ടിയതാണു കാരണം.പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ
മണി രാത്രി 10.
ഇന്ന് എൻ്റെ ആദ്യരാത്രി. എന്നിലെ അചുംബിത പുരുഷത്വത്തിന് അംഗീകാരം കിട്ടുന്ന രാത്രി .നീരജ മുറിയിലേക്കു വന്നു.സുതാര്യമായ ഒരു വെള്ള നൈറ്റി.കയ്യിൽ പാലുമായി നിൽക്കുന്ന അവളുടെ ചുണ്ടിൽ
ഒരു പാൽ പുഞ്ചിരി കണ്ടില്ല. നല്ല ക്ഷീണമുണ്ട്. ഞാൻകിടന്നോട്ടേ? അവൾചോദിച്ചു. നിരാശ തോന്നിയെങ്കിലും ഞാൻ സമ്മതം മൂളി. ധൃതി കാട്ടാൻ പാടില്ലല്ലോ.
ചിങ്ങം 2 1. സെപ്റ്റംബർ 6 ചിത്തിര വെള്ളിയാഴ്ച
6.30ന് ഉറക്കമുണർന്നു. നീരജ കിടക്കയിലില്ല. ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം. അവൾ കുളിക്കുകയായിരിക്കും. അല്പ സമയത്തിനു ശേഷം അവൾ പുറത്തുവന്നു. താൻ വാങ്ങിയ ഹൗസ്കോട്ടി ലവൾ സുന്ദരിയായിരിക്കുന്നു.
എന്നെ നോക്കി പുഞ്ചിരിച്ചിട്ടവൾ താഴേക്കു പോയി ഒരു കപ്പു കാപ്പിയുമായി വന്നു. ഞാൻ അവളെ ചേർത്തു പിടിച്ചു കട്ടിലിലിരുത്തി. അവൾ കുതറി മാറി.
ബാലേട്ടനെന്നോട്ക്ഷമിക്കണം.
എനിക്ക് പത്തു ദിവസ ത്തേക്ക് ഒരു കഠിന വ്രതമുണ്ട് .അതുവരെവിരൽത്തുമ്പിൽ പോലും തൊടാൻ പാടില്ല അപ്പോൾ അന്ന് തിരുവോണം. അന്നു
മുതലേ നമ്മൾ സ്പർശിക്കയുള്ളു. ഞാൻ യാന്ത്രികമായി തലയാട്ടി. അന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ അ
പ്പച്ചിയുടേയും, അമ്മാവൻ്റെയും വീടുകളിൽ പോയി. ഉച്ചക്ക് 1 മണിക്കു തിരിച്ചെത്തി. ഒരു ഉച്ചയുറക്കം പാസ്സാക്കി. വൈകുന്നേരം ഉറ്റ സുഹൃത്തായ അനിയുടെ വീട്ടിൽ പോയി.
അവൻ്റെ ആക്കിയുള്ള ഒരു നോട്ടം.അവിടെ നിന്നു വിഭവ സമൃദ്ധമായ കാപ്പി കുടി കഴിഞ്ഞ് നേരെ വീട്ടിലേക്ക്.തലേന്നാളത്തെ പോലെ ഒരു കട്ടിലിൽ അകലം പാലിച്ചു കിടന്നു.
ചിങ്ങം 22 .സെപ്റ്റംബർ 7 ചോതി ശനിയാഴ്ച
പതിവുപോലെ 6.30 ന് ഉറക്കമുണർന്നു. ഒരുത്സാഹവും തോന്നിയില്ല. നീരജ കുളി കഴിഞ്ഞു വന്നു. മുടി മുകളിലേക്കു തോർത്തു ചുറ്റിക്കെട്ടിവെച്ചിരിക്കുന്നു. അവളുടെ വെളുത്തു തുടുത്ത പിൻ കഴുത്തിൽ ചുംബിക്കാനായ് കുനിഞ്ഞപ്പോൾ അവൾ അകന്നു മാറിയിട്ട് പറഞ്ഞു, തിരുവോണ നാൾ. അന്ന് എൻ്റെ വക ഒരു സർപ്രൈസു ഞാൻ
ബാലേട്ടനു തരും. അതിനു മറുപടിയായി
ഞാൻ പറഞ്ഞു പകരം നിനക്ക് ഞാനൊരു സമ്മാനം തരും. ഇതു വരെ ഒരു ഭർത്താവും ഒരു ഭാര്യക്കും കൊടുത്തിട്ടില്ലാത്ത ഒരു സമ്മാനം.അതെന്താണ്? ആ ചോദ്യം ഞാൻ എന്നോടും ചോദിച്ചു .ഒരാവേശത്തിനു തട്ടി വിട്ടതാണ്.
രാവിലെ ഭക്ഷണം കഴിഞ്ഞൊരു മോണിംഗ് ഷോ. തീയേറ്ററിനുള്ളിലെ ശീതളിമ പരന്ന അരണ്ട വെളിച്ചത്തിലും അവൾ അകലം പാലിച്ചു.മടങ്ങി വന്നു. ഊണു കഴിഞ്ഞു .ഉച്ചമയക്കം. പിന്നെ ഞാൻ തനിയെ
ടൗൺ വരെ പോയി. വൈകുന്നേരം അത്താഴം, ഏകാന്ത നിദ്ര.
ചിങ്ങം 23 സെപ്റ്റംബർ 8 .വിശാഖം. ഞായറാഴ്ച
ഇന്നാണവളുടെ വീട്ടിൽ നിന്നും വിരുന്നിനായി വിളിക്കാൻ വരുന്നത്.രാവിലെ പതിവു പരിപാടികളൊക്കെ കഴിഞ്ഞു. 11 മണിയായപ്പോൾ അവരെത്തി.അമ്മ,
അഛൻ, അനിയത്തി ,അമ്മാവൻ ,അമ്മായി.അങ്ങനെ അഞ്ചു പേർ. രണ്ടുകൂട്ടും പായസം കൂട്ടി സദ്യ. അന്നാണ്
കല്യാണ സമ്മാനങ്ങളുടെ പൊതികൾ അഴിക്കുന്നത്. അവളുടെ അനിയത്തി നീരദയാണ് മുൻകൈ എടുത്തത് .നാലു മണി കഴിഞ്ഞപ്പോൾ എല്ലാവരുമായി നീരജയുടെ വീട്ടിലേക്ക്.
തനിക്ക്ശ്വാസം മുട്ടുന്നതായി തോന്നി .
നീരജ ആ പ്രദേശത്തേക്കേ വന്നില്ല. രാത്രി അത്താഴം കഴിഞ്ഞു.
താമസ സ്ഥലം മാറിയെങ്കിലും ഉറക്കം എന്നത്തേയും പോലെ. ഏകാന്ത നിദ്ര.
ചിങ്ങം 24 സെപ്റ്റംബർ 9. അനിഴം, തിങ്കളാഴ്ച
പതിവു ദിനചര്യ. വീടും, അന്തേവാസികളും മാത്രമേ മാറിയിട്ടുള്ളു.പിന്നെ എല്ലാവരും കൂടി ബന്ധു വീടു സന്ദർശനം. ഉച്ചക്കു വീട്ടിൽ മടങ്ങിയെത്തി. എനിക്കു വല്ലാത്തൊരു വീർപ്പുമുട്ടൽ. നീരജ യെ തൊടാൻ പറ്റിയില്ലെങ്കിലും അവൾ അടുത്തുണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു മോഹിച്ച്
ഉച്ചയുറക്കം.രാത്രി അത്താഴം കഴിഞ്ഞപ്പോൾ അവൾ മുറിയിൽ വന്നു. ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട്
സന്തോഷവതിയായാണു വന്നത്.ആരാ
ണെന്നു ഞാൻ ചോദിച്ചില്ല. പക്ഷേ അവൾ പറഞ്ഞു. ഞാൻ പറഞ്ഞില്ലേ, തിരുവോണത്തിന് ഫ്ര
ണ്ടു വരുമെന്ന് .ആ കക്ഷിയാണു വിളിച്ചത്.
അത്ഭുതങ്ങളൊന്നും സംഭവിക്കാതെ ആ രാത്രിയും കടന്നു പോയി.
ചിങ്ങം 25 സെപ്റ്റംബർ 10. കേട്ട ചൊവ്വാഴ്ച
രാവിലെ 6 മണിക്ക് എഴുന്നേറ്റു. നീരജ കസവു സെറ്റുമുടുത്ത് മുറിയിൽ വന്നു. ദേവീവിഗ്രഹം പോലെ വടിവൊത്ത ശരീരം. ദേവിയെ നമുക്കു തൊഴാനല്ലാതെ തൊടാൻ പാടില്ലല്ലോ
ബാലേട്ടൻ കുളിച്ചു റെഡിയാക് .ഞാനും അവളോടൊപ്പം അടുത്തുള്ള കൃഷ്ണ
ക്ഷേത്രത്തിലും, ശിവക്ഷേത്രത്തിലും പോയി. പ്രഭാതഭക്ഷണം കഴിഞ്ഞ് കല്യാണ ആൽബവും, കാസെറ്റുമൊക്കെ കണ്ടു. ഉച്ചമയക്കത്തിനു ശേഷം അവളുടെ കൂട്ടുകാരി നമിതയുടെ വീട്ടിൽ പോയി. തിരികെ വന്നു. അത്താഴം. ഉറക്കം.
ചിങ്ങം 26 സെപ്റ്റംബർ 11 മൂലം ബുധന ഴ്ച
ഞങ്ങൾ തിരികെ എൻ്റെ വീട്ടിലേക്ക്.പകുതി ദൂരം ഞാനും, പകുതിദൂരം നീരജയും ഡ്രൈവു ചെയ്തു.വീട്ടിൽ നിന്നിറങ്ങാർ നേരം നീരജ അവളുടെ
അഛൻ്റേയും, അമ്മയുടേയും കാൽ തൊട്ടു വണങ്ങി. അനിയത്തിയേ കെട്ടിപ്പിടിച്ച് രണ്ടു കവിളിലും ഉമ്മ വെച്ചു. എനിക്കത്ഭുതം. കല്യാണത്തിൻ്റന്നു യാത്ര പറഞ്ഞപ്പോൾ
പോലും കാണാത്ത ഒരു ചടങ്ങ്. തിരികെ
വീട്ടിലെത്തിയപ്പോൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു അവിടുത്തെ ആൽബവും, കാസെറ്റും കാണാൻ .
ഉറങ്ങാൻ കിടന്നപ്പോൾ
ഞാൻ ചോദിച്ചു " ഇന്ന് കല്യാണം കഴിഞ്ഞിട്ടൊരാഴ്ച്ചയായി. നീരജയുടെ തീരുമാനത്തിനു മാറ്റമൊന്നുമില്ലേ? ഇല്ല. അവൾ തറപ്പിച്ചു പറഞ്ഞു.തിരുവോണത്തിനിനി മൂന്നു ദിവസം. അതു വരെ ക്ഷമിക്കുക. ആശയടക്കി ഞാൻ ഉറക്കത്തിലേക്കവഴുതി വീണു.
ചിങ്ങം 27 സെപ്റ്റംബർ 12 പൂരാടം വ്യാഴാഴ്ച
രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ നീരജയുടെ ഫോണിലൊരു കോൾ ഞാനെടുത്തു. പ്രിയ കോളിംഗ്.അടുക്കളയിലായിരുന്ന നീരജ മുറിയിലേക്കു വന്നു.അവൾ ഫോണിൽ നോക്കിയിട്ടു പറഞ്ഞു. പ്രിയയാണ് ബാലേട്ടാ.
നമ്മുടെ തിരുവോണ ദിവസത്തെ അതിഥി.എത്തിയല്ലേ? യാത്ര സുഖമായിരുന്നോ? എന്നാൽ മറ്റന്നാൾ കാണാം. അവൾ ഫോൺ കട്ടു ചെയ്തു. എനിക്ക് ഉത്സാഹം തോന്നി. പ്രിയയുടെ വരവിലല്ല. ഒരു ദിവസം കൂടി കഴിഞ്ഞാൽ തിരുവോണം അന്നാണല്ലോ ഞങ്ങളുടെ ശാന്തി
മുഹൂർത്തം. അതിൻ്റെ ത്രില്ലിൽ അന്നു പൂർണ്ണ വിശ്രമം.
ചിങ്ങം 28 സെപ്റ്റംബർ 13 ഉത്രാടം വെള്ളിയാഴ്ച
രാവിലെ എഴുന്നേറ്റു. ചേച്ചിയുടെ കുട്ടികൾ ഒരുക്കിയ പൂക്കളം കണ്ടു. നീരജയും അവരോടൊപ്പം ഏറെ
ഉത്സാഹത്തിലാണ്. എൻ്റെ മനസ്സുമുഴുവൻ നാളെ നടക്കാനിരിക്കുന്ന ശാന്തി മുഹൂർത്തത്തിനേപ്പറ്റിയായിരുന്നു. സമയം പോകുന്നതേയില്ല. ദിവസത്തിന് നാൽപത്തിയെട്ടു മണിക്കൂർ ഉണ്ടെന്നു തോന്നി.
ചിങ്ങം 29 സെപ്റ്റംബർ 14 തിരുവോണം ശനിയാഴ്ച
രാവിലെ നേരത്തേ എഴുന്നേറ്റു. ഇന്നത്തെ പ്രഭാതത്തിനൊരു പ്രത്യേക അഴകുണ്ടൊന്നു തോന്നി. സൂര്യനു പതിവിലും തിളക്കം. നീരജയും വലിയ ഉത്സാഹത്തിലാണ്. കാപ്പി കുടി കഴിഞ്ഞപ്പോൾ നീരജ ക്ക് പ്രിയയുടെ വിളി വന്നു. പ്രിയ ഇങ്ങോട്ടുപുറപ്പെട്ടുവെന്ന്.ശരി
ഞാൻ ലൊക്കേഷനിടാം.
പീക്കോക്ക് നിറമുള്ള ചുരിദാറിൽ നീരജ അതീവ സുന്ദരിയായിരിക്കുന്നു. ഞാൻ ഓർത്തു. അഗ്നിനാളം പോലെ സുന്ദരിയായ അവൾ ഇന്നു മുതൽ എല്ലാ അർത്ഥത്തിലും എനിക്കു സ്വന്തം. പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഒരു ചുവന്ന ഹോണ്ടാ സിറ്റി
മുറ്റത്തു വന്നു. സീറ്റൗട്ടിൽ ഇരിക്കുന്നനീരജയുടെ വിളി കേട്ട് ഞാൻ പുറത്തേക്കു വന്നു. അടുക്കളയിൽ ഓണ സദ്യയൊരുക്കുന്നവരും മുൻവശത്തെത്തി.
കാറിൻ്റെ ഡ്രൈവർ ഡോർ തുറന്ന് സുമുഖനായ ഒരു ചെറുപ്പക്കാരനിറങ്ങി. പ്രിയയുടെ ഭർത്താവ്
മിടുക്കനാണല്ലോ. ഞാൻ പറഞ്ഞു.
അയ്യോ ബാലേട്ടാ ഇത് പ്രിയയുടെ ഭർത്താവല്ല. ഇതാണെൻ്റെ ഫ്രണ്ട് പ്രിയദർശൻ.ഞാൻ പ്രിയ എന്നു വിളിക്കും
എനിക്കൊന്നും മനസ്സിലായില്ല. അന്തം വിട്ടു നിൽക്കുന്ന എൻ്റെ അരികിലേക്കയാൾ വന്നു.ബാലൻ സാർ ഞങ്ങളോട് ക്ഷമിക്കണം. ഞാൻ
നീരജയുടെ ഭർത്താവാണ്. യു.കെയിൽ വെച്ച് ഞ
ങ്ങൾ വിവാഹിതരായതാണ്. നാലു മാസം മുൻപ്.പക്ഷേ ഇവളെ എന്നെ ഒന്നു കാണിക്കുക പോലും ചെയ്യാതെ വീട്ടുകാർ നാട്ടിലേക്കു കൊണ്ടു പോന്നു.. സാറുമായുള്ള വിവാഹ
വും നടത്തി.അതിനെ എതിർത്താൽ ഈ ജന്മം ഞങ്ങൾക്കൊരു മിക്കാൻ കഴിയില്ല.
അതു കൊണ്ടാണ്
ഞങ്ങൾ.. വാക്കുകൾ
അയാളുടെ തൊണ്ട
യിൽ തടഞ്ഞു.കാണി
ച്ചത് ക്ഷമിക്കാൻ
കഴിയാത്ത തെറ്റാണ് '
ഗതികേടുകൊണ്ടാ
ണ്. സാർ ഞങ്ങളേ
ശപിക്കല്ലേ. അവർ
ആഗ്രഹിച്ച ജീവി
തം കിട്ടണം.
അതിന് അവർ പാവം എന്നെ കരുവാക്കി. നീരജ സത്യമുള്ള കുട്ടിയാണ്. അതു കൊണ്ടാണല്ലോ എന്നെ വിവേകപൂർവം
ഒഴിവാക്കിയത്. നീരജപ്രിയനേയും കൂട്ടി എൻ്റെ അരികിലെത്തി.ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്.അപ്പോഴാ ണ് ഞാൻ വാക്കു കൊടുത്ത ഗിഫ്റ്റിനേക്കുറിച്ചോർത്തത്.ഒരാവേശത്തിന്
അങ്ങനെ പറഞ്ഞ എനിക്ക് ഈശ്വരൻ ഒരു വഴി കാണിച്ചു തന്നു.ഞാൻ പ്രിയൻ്റ
കൈ പിടിച്ചു നീരജ യേ എല്പിച്ചു. ഇതാണ് ഞാൻ പറഞ്ഞ സമ്മാനം.ലോകത്ത് ഒരു ഭർത്താവും ഇത്ര അമൂല്യമായ സമ്മാനം ഒരുഭാര്യക്കും കൊടുത്തു കാണില്ല.ഞാൻ വാക്കു
പാലിച്ചുനീരജ.ദിവസങ്ങൾ എണ്ണി ശാന്തി മുഹൂർത്തം കാത്തിരുന്ന ഞാൻ ആരായി? ചുറ്റും നിന്ന ബന്ധുക്കളേ നോക്കാതെ, ഞാൻ അകത്തേക്ക് നടന്നു. ഡയറി വലിച്ചു കീറിക്ക
ളയണമെന്നെനിക്കു തോന്നി. അന്യരുടെ ഡയറി വായിക്കുന്നതു തെറ്റാണെങ്കിലും എൻ്റെ സന്തോഷത്തിനു വേണ്ടി നിങ്ങൾ ഇതു വായിക്കില്ലേ. ചരിത്രത്തിൻ രേഖപ്പെടുത്താൻ യോഗ്യതയുള്ള ഈ
ഡയറി.