Image

അപസ്വരങ്ങൾ ( കവിത : താഹാ ജമാൽ )

Published on 05 August, 2024
അപസ്വരങ്ങൾ ( കവിത : താഹാ ജമാൽ )

അസഹിഷ്ണുതകളുടെ ചിന്തകൾ
ഓരം തേടുന്ന കാറ്റത്ത്
പുഴയുടെ ഓളം നിശബ്ദതയല്ല.
നമ്മുടെ ചോരയിൽ 
ഭീഷണികളുടെ സ്വരങ്ങൾ
( നമ്മൾ എല്ലാ ജാതിക്കാരുമാണ്)
അതുകൊണ്ട് ശിരസ്സ് ഉയർത്തിപ്പിടിക്കുക.
നിനക്ക് വേണ്ടി വാദിയ്ക്കാൻ
മതക്കാർ, രാഷട്രീയക്കാർ റെഡിയാണ്
നിൻ്റെ കൊല അരുംകൊലയാവണമെന്ന് മാത്രം.

വിചാരങ്ങൾക്കൊണ്ട്
വികാരത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കരുത്
അടിമയായ് ജീവിക്കാൻ ആരും പഠിക്കരുത്
ശിരസ്സ് കുനിയ്ക്കരുത്
നമ്മുടെ തലയ്ക്ക് മീതേയല്ല
രാഷട്രീയ പതാകകൾക്ക് സ്ഥാനം
നമ്മളുടെ കാൽച്ചുവട്ടിലാണവയ്ക്ക് ഇടം

മനുഷ്യന്റെ വിശ്വസത്തിലും
അവകാശത്തിലും ഇടപെടുന്ന
അതിർവരമ്പുകൾ പിഴുതെറിയാൻ സമയമായി.
ഗർഭപാത്രത്തിലെ കുട്ടി
അമ്മയുടെ വയറ്റിൽ കടലു കാണുന്നു
അവൻ എത്ര സ്വസ്ഥമായി ചിരിയ്ക്കുന്നു
ഭൂമിയെക്കുറിച്ച് ചിന്തിക്കുന്നു
അമ്മയുടെ ശബ്ദം കേൾക്കാതാകുമ്പോൾ
അവൻ അമ്മ വയറ്റിൽ ചവുട്ടുന്നു
പൊക്കിൾക്കൊടി മുറിച്ച് അവൻ പുറത്ത് വന്നപ്പോളാണ്
ജാതി, മതം, വർഗ്ഗം, വർണ്ണം, ലിംഗം
അവനെ കൊന്നു തുടങ്ങുന്നത്. സ്വസ്ഥമാകാൻ അവനിപ്പോൾ
ഒരു ഗർഭപാത്രവും പാകമല്ല.

നേര് പറയുമ്പോൾ
എൻ്റെ നെഞ്ചിൽ ഒരു വടിവാൾ തറയ്ക്കുന്നു
കവിത കവചമായതിനാൽ
ഞാൻ നിലവിളിയ്ക്കാതെ മരിയ്ക്കുന്നു

ആദർശങ്ങളിൽ അമ്പ് തറച്ച്
അടിമയാക്കപ്പെട്ടവനാൽ
പലരും മരിച്ച് വീഴുന്നു.
അവന് ഗവൺമെൻ്റ് മുട്ടയും പാലും കൊടുത്ത്
ചേരാത്ത വീട്ടിൽ പാർപ്പിക്കുന്നു.

കപടതകൾ എടുത്തണിഞ്ഞ  
പൊയ്മുഖമങ്ങങ്ങളെ എങ്ങും കാണാം
അവർ സ്വാതന്ത്ര്യസമര സേനാനികളെപ്പോലെ
സംസാരിക്കുന്നു
അവരൊളിപ്പിച്ച ചിരിയിൽ
ചതിയുടെ കൊലനിലങ്ങൾ
തത്വങ്ങൾ മാത്രം കേട്ടു ശീലിച്ച
ജനങ്ങൾ സ്വത്വം മറന്ന് ഊമകളാക്കപ്പെട്ടിരിക്കുന്നു
അശരണരാക്കപ്പെട്ടവരുടെ മണ്ണിൽ
കുടിയൊരുപ്പിക്കലിൻ്റെ വിത്തുകൾ പാകുന്നു
പണം കൊമ്പുകുലുക്കി കുത്തിമറിയുന്നു
താഴ്വരകൾ, കൃഷിനിലങ്ങൾ, സമതലങ്ങൾ.
കൽക്കരിപ്പാടത്ത് കറുത്തു പോയവനെ അടിമയാക്കപ്പെടുന്നു.
വീറും വാശിയും വെട്ടിപ്പിടിക്കലും
ഉന്മത്തരായവർ ചവിട്ടിയ
ഉന്മാദ നൃത്തങ്ങളിൽ എത്രയെത്ര
ശവങ്ങൾ കഴുകന് നല്കുന്നു.
നമുക്കൊന്ന് അലറിക്കരയാം
മുകരിതമായ ശബ്ദങ്ങൾ കേട്ട്
ദൈവം കണ്ണു തുറക്കുമെന്ന് വിശ്വസിക്കാം.

നുണക്കഥകൾ
അവകാശങ്ങളുടെപെരുമ തേടി
ചരിത്രത്തിൽ കയറിക്കൂടിയവരാൽ
നശിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രമീമാംസകൾ.
വർഗ്ഗീയത ചുടലയക്ഷിയുടെ പിരിമുറുക്കമായ്
നാടുവാഴുന്ന നഗ്നതയ്ക്ക് മേൽ ആരാണ്
ഒരു മുഴം തുണിയിൽ സംസ്കാരത്തെ പൊതിയാൻ
മുന്നോട്ട് വരുന്നത്.

നമ്മൾ
പിന്നോട്ടു തന്നെയാണ്
ഒറ്റ വെട്ടിന് രണ്ടായിപ്പോയവരുടെ
തലയായും, ഉടലായും ജീവിക്കുന്നവർ.

വിദ്വേഷത്തിൻ്റെ മന്ത്രങ്ങൾ
ജപമാക്കി ഉരുവിട്ട് കല്ലായിപ്പോയവരെ
മാറ്റിയെടുക്കാൻ
എനിക്കൊരു കവിത കൂടി വേണം

കവിത സായുധവിപ്ളവമാകുന്ന കാലം
വരില്ലെങ്കിലും
ഈ അപസ്വരങ്ങൾക്കുനടുവിൽ
എനിയ്ക്ക് മരിയ്ക്കാൻ ഒരു കവിത വേണം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക