Image

റോസാ പാര്‍ക്ക് (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 30- സാംസി കൊടുമണ്‍)

Published on 05 August, 2024
റോസാ പാര്‍ക്ക്  (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 30- സാംസി കൊടുമണ്‍)

''റോസാ പാര്‍ക്കിനെക്കുറിച്ച് ആന്‍ഡ്രു കേട്ടിട്ടുണ്ടോ...?''വെളിയിലേക്കു നോക്കിയുള്ള റീനയുടെ ശബ്ദം ഏതോ യുഗങ്ങളില്‍ താണ്ടിയുള്ള ശബ്ദവീചികളായി ആന്‍ഡ്രു കേട്ടു. നമ്മള്‍ ഇപ്പോള്‍ ജുന്റിന്തില്‍ നില്‍ക്കുന്നതല്ലെ ഉള്ളു റീന. ആതായത് 1860 കളില്‍ അന്ന് നിങ്ങള്‍ക്കനുവദിച്ച സ്വാതന്ത്ര്യം എന്തായിരുന്നു എന്ന് ഇന്നും അറിയാത്തവരുടെ സമ്മേളത്തിലേക്ക് പോകുന്ന നമ്മള്‍ പെട്ടന്ന് 1955 കളിലേക്ക് എങ്ങനെ എടുത്തുചാടി.ആന്‍ഡ്രുവിന്റെ ചോദ്യം പുറത്തുവന്നില്ലെങ്കിലും റീന അതുകേട്ടതുപോലെ പറയുകയാണ്.

''ആന്‍ഡ്രു നമ്മളൊക്കെ വര്‍ത്തമാനകാല ചരിത്രത്തില്‍ ജീവിക്കുന്നവരാണ്. ഇന്നലത്തെ നമ്മുടെ ജീവിതം ചരിത്രത്തില്‍ രേഖപ്പെടുത്തത്തക്കപോലെ പ്രാധാന്യമുള്ളതല്ലായിരുന്നതിനാല്‍ നമ്മള്‍ ഒരിക്കലും ചരിത്രത്തില്‍ വരില്ല. ഒരോ ജീവിത നിമിക്ഷങ്ങളെയും തിരിച്ചറിഞ്ഞ്, അവസരത്തിനൊപ്പം ഉയര്‍ന്നവനെ ചരിത്രത്തില്‍ ഇടമുള്ളു. ഇന്നുവരെ ചരിത്രത്തില്‍ ഇടം കിട്ടിയവരൊക്കെ ചരിത്രം സൃഷ്ടിച്ചവരോ, ചരിത്രത്തിലേക്കെന്നറിയാതെ അതിലേക്ക് എടുത്തു ചാടിയവരോ ആണ്. അതെങ്ങനെ ആണെന്നോ... എബ്രാം ലിങ്കനും, ഹാരിയറ്റ് ടബ്മാനും, ജോണ്‍ ബ്രൗണും, പിന്നെ അനേകം ചരിത്രനേതാകളും ഒക്കെ ചരിത്രം രചിക്കുന്നു എന്ന ചിന്തയില്ലാതെ ചരിത്രം സൃഷ്ടിച്ചവരാണ്. എന്നാല്‍ റോസാ പാര്‍ക്ക് ചരിത്രത്തിലേക്ക് എടുത്തെറിയപ്പെട്ട് ചരിത്രമായവളാണ്. ഞാന്‍ ഒരു ഉദാഹരണം പറയാം; ഇപ്പോള്‍ ഈ ബസിനു നേരെ വെളുത്ത വൈറ്റ് സുപ്രമിസ്റ്റുകള്‍, നമ്മുടെ ഈ ചരിത്ര മുഹൂര്‍ത്തത്തെ ഇഷ്ടപ്പെടാത്തവര്‍, ഒളിഞ്ഞിരുന്ന് വെടിവെയ്ക്കുന്നതായി കരുതുക.നമ്മളില്‍ പലരും അപ്പോള്‍ ബസ്സിന്റെ സീറ്റിനടിയില്‍ ഒളിച്ച് സ്വയം രക്ഷപെടനല്ലെ ശ്രമിക്കു. എന്നാല്‍ ഒരുവന്‍ സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ, സന്ദര്‍ഭത്തിനൊപ്പം ഉയര്‍ന്ന്, എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ബസ്സ്‌ഡ്രൈവറെ ഉത്തേജിപ്പിച്ച്, ബസ്സ് ഇടവഴികളിലേക്ക് തിരിച്ച് രക്ഷപെടലിന്റെ വഴിയൊരുക്കകയോ, അല്ലെങ്കില്‍ കൈയ്യിലെ തോക്കുകൊണ്ട് എതിരാളികളെ വെടിവെച്ചിടുകയോ ചെയ്ത് ചരിത്രത്തിലേക്ക് കടന്നു കയറുന്നു. മുന്‍കൂട്ടി അറിയാതെയുള്ള ചരിത്രരചനയാണത്. റോസാ പാര്‍ക്കും അങ്ങനെയെന്നു ഞാന്‍ കരുതുന്നു.

ജനകീയ വിപ്ലവത്തിന്റെ മാതാവ് എന്നറിയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നുവോ... ഒരിക്കലും അങ്ങനെ ഒന്ന് അവരുടെ ചിന്തകളില്‍ ഇല്ലായിരുന്നു. എങ്കിലും ചുറ്റും നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ നിശബ്ദം പ്രതികരിച്ചുകൊണ്ടിരുന്ന ഒരു മനസ്സിന്റെ പൊട്ടിത്തെറിയായിരിക്കാം അന്നു സംഭവിച്ചത്. കറുത്ത വര്‍ഗ്ഗത്തിനു നേരെയുള്ള വിവേചനം ഏറെ അനുഭവിച്ചവളുടെ പ്രതികരണം എന്നായാലും തരക്കേടില്ല. ഹൈസ്‌കുള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പേ ജീവിതം തുടങ്ങേണ്ടിവന്നവള്‍ നിത്യ ജീവിതത്തില്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കറുത്തവനു കുടിക്കാന്‍ പ്രത്യേകം വെള്ളവും, അവനു യാത്രചെയ്യാന്‍ ബസ്സില്‍ പ്രത്യേക ഇരിപ്പടവും മാത്രമല്ല അവളെയും അവളെപ്പോലെയുള്ളവരേയയും ചൊടിപ്പിച്ചത്….‘പട്ടിക്കും, ബ്ലാക്കിനും, യഹൂദനും’… പ്രവേശനമില്ല എന്ന പരസ്യപ്പലകയും, അതു പ്രതിനിധാനം ചെയ്യുന്ന തൊട്ടുകൂടാഴ്മയുടെ അയിത്തവും മനസ്സിനെ വീര്‍പ്പുമുട്ടിക്കാത്ത കറുത്തവന്റെ മുഖത്തുനോക്കി കാറിത്തുപ്പാന്‍ അവള്‍ മടിച്ചിട്ടില്ല. ഒരദ്ധ്യാപികയുടെ മകളായി 1905ല്‍ ജനിച്ചവള്‍ ഒരു ബാര്‍ബറുടെ ഭാര്യയായി, ഒരു തുന്നക്കാരിയായി ജീവിതം തുടങ്ങി. ബാര്‍ബറായ ഭര്‍ത്താവിന് കറുത്തവന്റെമേല്‍ അടിച്ചേല്പിക്കുന്ന എല്ലാ അനീതിയോടും വിജോയിപ്പുള്ളവനും അവരുടെ വോട്ടവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനിയിലെ പ്രവര്‍ത്തകനും ആയിരുന്നെങ്കിലും, റോസയുടെ സുരക്ഷയെ കരുതി അവളെ അതില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നിട്ടും, ജീവിതത്തില്‍ തന്റെ വര്‍ഗ്ഗത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ തയ്യല്‍ ജോലി ഉപേക്ഷിക്കാതെ തന്നെ ഭര്‍ത്താവിന്റെ സംഘടയിലെ സെക്രട്ടറിയായി അവിടെയുള്ള എഴുത്തുകുത്തുകളുടെ ചുമതലക്കാരിയായി.അയിത്തത്തെ ജിംക്രോ എന്നും, സെഗ്രിഗേഷന്‍ എന്നും അവര്‍ വിളിച്ചു.

ജീവിതത്തിന്റെ ഒരോ തുറകളിലും അനുഭവിക്കുന്ന അയിത്തത്തിനെതിരെ പോരാടാന്‍ കറുത്തവന്റെ കരുത്ത് അവനും വോട്ടിങ്ങിനുള്ള അവകാശം നേടിയെടുക്കുക എന്ന പൊതു ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ അസോസിയേഷന്‍ ഫൊര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള്‍' എന്ന സംഘടനയുടെ പ്രാദേശിക പ്രസിഡന്റിന്റെ ഒപ്പമുള്ള ജോലിയില്‍ റോസാ ഇന്നലെവരെ അറിയാത്ത ഏറെ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. റെയില്‍വേയിലെ ഒരു പോര്‍ട്ടറായ എഡ്ജ് ഡാനിയേല്‍ നിക്‌സനെ അറിയപ്പെട്ടിരുന്നത് കറുത്തവരുടെ വക്കീല്‍ എന്നാണ്. അന്ന് 42 വയസുള്ള റോസ് പാര്‍ക്ക് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് അമേരിക്കയുടെ സിവില്‍ റൈറ്റ് മൂവെമെന്റിന്റെ തുടക്കവും, വലിയൊരു വിപ്ലവത്തിന്റെ തുടക്കവുമാണന്നവര്‍ അറിഞ്ഞിരുന്നില്ല. 1955 ഡിസംബര്‍ ഒന്നിനായിരുന്നു ആ അറസ്റ്റ്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന 'മൊന്റ്‌ഗോമറി ബസ്സ് ബോയിക്കോട്ട്' എന്നറിയപ്പെടുന്ന ആ വലിയ സമരം അമേരിക്കന്‍ സിവില്‍ റൈറ്റ് പ്രസ്ഥാനത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്. വെളുത്തവന്റെ തൊട്ടുകൂടാ നയങ്ങള്‍ക്കെതിരെ വീര്‍പ്പുമുട്ടിനിന്ന ഒരു ജനതയുടെ മുന്നില്‍ റോസാ പാര്‍ക്കിന്റെ തന്റേടവും അവകാശബോധവും, അതിനുവേണ്ടിയുള്ള ചെറുത്തു നില്പും വലിയ ആവേശമായി.

'ജിം ക്രൊ' നിയമങ്ങള്‍ കറുത്തവന്റെ കാലുകളില്‍ ചാര്‍ത്തിയ അദൃശ്യമായ അടിമച്ചങ്ങലതന്നെ ആയിരുന്നു. കറുത്തവര്‍ അല്ലെങ്കില്‍ മുന്‍അടിമകള്‍ ഒരു കാലത്തും സ്വാതന്ത്ര്യിയത്തിനും തുല്ല്യാവകാശത്തിനും യോഗ്യരല്ലന്ന വെളുത്ത ഭരണാധികാരികളുടെ മേലാളചിന്തയുടെ ഭാഗമായിരുന്നു, അയിത്ത നിയമങ്ങള്‍ അടിച്ചേല്പിക്കുന്ന ഭരണകൂടതന്ത്രം. നിങ്ങള്‍ അടിമകള്‍ എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ ശരീരവും,അദ്ധ്വാനവും, സമ്പത്തും വെളുത്തവന് അയിത്തമല്ലായിരുന്നു.അവകാശങ്ങള്‍ക്ക് വേലിക്കെട്ടുകള്‍ തീര്‍ത്തവര്‍ അവന്റെ ഒരോ നീക്കങ്ങള്‍ക്കും തടയണകള്‍ പണിതുകൊണ്ടേയിരുന്നു.ഒരു നീഗ്രോക്ക് കടയില്‍ വരാന്‍ പ്രത്യേക സമയം ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിക്കു ശേഷം ഒരു നീഗ്രോയെ തെരിവില്‍ കണ്ടാല്‍ അറസ്റ്റുചെയ്യാനും, ശിക്ഷിക്കാനും നിയമങ്ങള്‍ ഉണ്ടായിരുന്നു. ഒരു വെളുത്തവന്‍ പറയുന്ന സാക്ഷ്യത്തിനായിരുന്നു, ആയിരം കറുത്തവന്‍ പറയുന്നതിലും വിലയെന്നിരിക്കെ പിടിക്കപ്പെടുന്ന നീഗ്രോ പലപ്പോഴും ചെയ്യാത്ത കുറ്റത്തിന് തൂക്കിലേറ്റപ്പെടുകയോ, ജെയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിരുന്നു.

ജീവിതത്തിന്റെ എല്ലാ വിനാഴികകളിലും അടിമയായിരുന്നവന്‍ അങ്ങനെതന്നെ മതിയെന്നു പറയുന്നവരുടെ തീര്‍പ്പിനെ എതിര്‍ക്കാന്‍ ആര്‍.അവന്‍ ഇനിയാരുടെയും അടിമയായിരിക്കേണ്ടന്നു പറഞ്ഞ രാജ്യത്തിന്റെ സര്‍വ്വാധികാരിയെപ്പോലും വെടിവെച്ചുകൊല്ലാന്‍ മടിക്കാത്തവരുടെ വര്‍ണ്ണവെറിയുടെ ആഴം തിരിച്ചറിയണം. അവരാണെപ്പോഴും അധികാരത്തില്‍. പേരിനു ജനഹിതമെന്നും, ജനാധിപത്യം എന്നൊക്കെ വിളിക്കുമെങ്കിലും; വെളുത്തവന്റെ വര്‍ണ്ണാധിപത്യമാണിവിടെ നടക്കുന്നത്. ഒരോ സ്റ്റേറ്റിനും പ്രത്യേക നിയമങ്ങളുള്ളപ്പോള്‍ ഫെഡറല്‍ സംവിധാനത്തിനു സ്വന്തമായി പരിമിതികള്‍ ഏറെയായതിനാല്‍ സ്റ്റേറ്റുകളുടെ നിയമങ്ങളെ മറികടക്കാന്‍ പലപ്പൊഴും കഴിയാറില്ല എന്നതിനാല്‍ അടിമയ്ക്കുവേണ്ടി വെറും സഹതാപതരംഗം സൃഷ്ടിക്കാം എന്നേയുള്ളു. മാത്രമല്ല തീവ്രവലതുപക്ഷ സെനറ്ററന്മാര്‍ എന്നും കറുത്തവനെതിരായിരുന്നു. അവര്‍ റെഡ്‌സ്റ്റേറ്റുകളില്‍ നിന്നും ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ ഒരു നിയമങ്ങളും പാസ്സാകില്ല.കറുത്തവര്‍ കൂടുതല്‍ ബോധവന്മാരാകുകയും, അവരുടെ മനസ്സിന്റെ അടിമമനോഭാവത്തില്‍ നിന്നും ഇറങ്ങി സമന്മാരെന്നു കാണിക്കണമെങ്കില്‍ വേട്ടുചെയ്ത് സ്വന്തം സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണം. വൊട്ടവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു റോസാ പാര്‍ക്കും സംഘടനയും.

റോസാ പാര്‍ക്ക് അറസ്റ്റു ചെയ്യപ്പെട്ടതെന്തിനായിരുന്നു. ബസ്സിലെ തന്റെ ഇരിപ്പടം വെള്ളക്കാരനായ ഒരുവനുവേണ്ടി ഒഴിഞ്ഞുകൊടുക്കാത്തതിന്റെ പേരില്‍. കാര്യങ്ങള്‍ അത്ര നിസാരമായിരുന്നുവോ...? അല്ലെങ്കില്‍ അവര്‍ എന്തിന് ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കണം.? അവശനോ രോഗിയോ ആയ ഒരാള്‍ക്കുവേണ്ടിയോ അതുമല്ലെങ്കില്‍ കൈക്കുഞ്ഞുമായി വന്ന ഒരാള്‍ക്കുവേണ്ടിയോ അല്ല ബസ്സ് ഡ്രൈവര്‍ സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ആജ്ഞാപിച്ചത്. റോസാ പാര്‍ക്കെന്നവളുടെ നിറമായിരുന്നു പ്രശ്‌നം.അതെ കറുത്തവരുടെമേലുള്ള ആധിപത്യം ഉറപ്പിക്കലിന്റെ അധികാരദണ്ഡായിരുന്നു വെളുത്തവനായ ഡ്രൈവര്‍ ഉയര്‍ത്തിക്കാട്ടിയത്. അന്നത്തെ സെഗ്രിഗേഷന്‍ നിയമങ്ങള്‍ അയാള്‍ക്ക് അതിനുള്ള അധികാരം കൊടുത്തിരുന്നുവത്രേ...!കറുത്തവരുടെ ഇരിപ്പിടം ബസ്സിനു പുറകില്‍ നിന്നും പുറകിലെ വാതിലുവരെയുള്ള മൂന്നു നിരയായിരുന്നു. അതും വെളുത്തവര്‍ ആരെങ്കിലും വന്നാല്‍ എഴുനേറ്റുകൊടുക്കണം. എത്ര അവശതയുള്ളവനായാലും ഒഴിഞ്ഞ മറ്റുസീറ്റുകളില്‍ ഇരിയ്ക്കാന്‍ തൊലികറുത്തുപോയി എന്ന ഒറ്റക്കാരണത്താല്‍ അവകാശമില്ലാത്തവരുടെ ശബ്ദം ആരെങ്കിലും കേട്ടോ...? ആരുകേട്ടാലും ഇല്ലെങ്കിലും അവന്റെ ഉള്ളില്‍നിന്നും ആ ചോദ്യം നിരന്തം ഉയരുന്നുണ്ടായിരുന്നു. ഒരോ ബസ്സുയാത്രകളിലും അവന്‍ അനുഭവിക്കേണ്ടി വരുന്ന, നിനക്കിവിടെന്തുകാര്യം എന്ന മനോഭവത്തില്‍ കണ്ണില്‍ നിറയുന്ന നോട്ടം...പിന്നെ എന്റെ ഔദാര്യം ഒന്നു കൊണ്ടുമാത്രം വേണമെങ്കില്‍ ബസ്സിന്റെ പുറകിലൊരു കോണില്‍ മിണ്ടാതെ നിന്നോ എന്ന ഭാവം. 'ഇച്ചീച്ചി' കണ്ടമാതിരിയൊരു നോട്ടം. ഇതൊക്കെ റോസ പാര്‍ക്കിനെ എന്നും നൊമ്പരപ്പെടുത്തി. ജീവിതത്തിന്റെ സമസ്ത മേഘലയിലും നിത്യവും തൊട്ടുകൂടാഴ്മയുടെ കവചങ്ങളും അണിഞ്ഞ് വരുന്നവന്റെ കണ്ണുകളിലെ വെറുപ്പ് അനുഭവിക്കുമ്പോള്‍ പ്രതികരിക്കാന്‍ എനിക്കെന്തേ കഴിയാത്തതെന്ന് റോസ തേങ്ങി.

ഒരു നീഗ്രോ ബസ്സില്‍ കയറിയാല്‍ ബസ്‌ഫെയര്‍ ഡ്രൈവറെ ഏല്പിച്ചാല്‍ പിന്നെ കയറിയതുപോലെ മുന്നിലെ വാതില്‍ക്കൂടി ഇറങ്ങി പുറകിലെ വാതിലിലൂടെകയറണം. പലപ്പോഴും നല്ലമഴയുള്ള ദിവസങ്ങളില്‍ ഡ്രൈവര്‍ ബസുകൂലി അടച്ചവര്‍ പുറംവാതിലിലൂടെ അകത്തുകയറുന്നിടത്തോളം കാക്കാതെ മനപ്പൂര്‍വ്വം വണ്ടിവിട്ടുപോകാറുണ്ട്. അങ്ങനെയുള്ള ദിവസങ്ങളില്‍ മഴയും നനഞ്ഞ് മുന്നില്‍ പോകുന്ന ബസ്സിനേയും നോക്കി നില്‍ക്കും. റോസക്ക് ഒന്നുരണ്ടവസരങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബ്ലേക്കിന്റെ വണ്ടിയില്‍ കയറുന്ന ദിവസങ്ങളില്‍. ബ്ലേക്ക് ഒരു തികഞ്ഞ വര്‍ഗ്ഗിയവാദിയായിരുന്നു. അന്നു റോസ് വളരെ ക്ഷീണിതയായിരുന്നു. നീണ്ട ദിവസത്തിന്റെ ജോലിയുടെ ക്ഷീണത്തിനൊപ്പം കൂടിയ മനസ്സിന്റെ ചില അസ്വസ്ഥതകളും തലവേദനയായി മാറി. ബസ്സിന്റെ ഡ്രൈവര്‍ ബ്ലേക്കാണന്നു കണ്ടപ്പോള്‍ തന്നെ മനസ്സില്‍ ആശങ്കയുടെ ഒരു വേലിയേറ്റം ഉണ്ടായി. ഇയാളുടെ ബസ്സില്‍ കയറണമോ വേണ്ടയോ എന്ന്. പിന്നെ സ്വയം ബലപ്പെടുത്തി... എന്തിനു മറ്റുള്ളവന്റെ വിവേചനത്തിനു നിന്നുകൊടുക്കണം. ബസ്സിലെ ഒരെണ്ണം ഒഴിച്ച് മറ്റു സീറ്റുകളെല്ലാം നിറഞ്ഞിരിക്കുന്നു. ശരീരത്തിന്റെ ക്ഷീണം ഒന്നിരിക്കാന്‍ കൊതിപ്പിച്ചതിനാല്‍ ഒഴിഞ്ഞസീറ്റില്‍ ഇരുന്നു. അതു കറുത്തവരുടെ അതിരിനു തൊട്ടുമുമ്പുള്ളതായിരുന്നു. ബ്ലേക്കിന്റെ തുറിച്ചുനോട്ടം അവഗണിച്ച് സീറ്റില്‍ ഉറച്ചിരുന്നു. മറ്റുയാത്രികരും തുറിച്ചു നോക്കുന്നു. കറുത്തവര്‍ പുറകിലെ സീറ്റില്‍ ഇരുന്ന് ഇനി എന്തേ എന്ന മട്ടില്‍ പരസ്പരം നോക്കി.

ബ്ലേക്കെന്തെല്ലാമോ തീരുമാനിച്ചുറച്ചവനെപ്പോലെ ഡ്രൈവേഴ്‌സ് സീറ്റില്‍ നിന്നും എഴുനേറ്റ്, കണ്ണുകള്‍ റോസില്‍ ഉറപ്പിച്ച് നടന്നടുക്കുന്നു. അയാളുടെ കണ്ണില്‍ അധികാരത്തിന്റെ തോക്ക് തന്നിലേക്കുറപ്പിച്ചതായി റോസിനു തോന്നിയിട്ടുണ്ടാകും. കഴിഞ്ഞ നാനൂറ്റിച്ചില്വാനും വര്‍ഷങ്ങളിലെ അടിമജീവിതത്തിന്റെ സഹനങ്ങളത്രയും അവളുടെ കണ്ണിലും ജ്വലിച്ചിട്ടുണ്ടാകും. അവളുടെ മനസ്സ് പെട്ടന്നുണര്‍ന്ന് ഒരു പോരുകോഴിയെപ്പോലെ ബ്ലേക്കിനെ നോക്കി. സീറ്റ് ഒരു വെളുത്തവനുവേണ്ടി ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതിച്ചവളുടെ മുടിക്ക് കുത്തിപ്പിടിച്ച് തറയില്‍ തള്ളി. അതപ്രതീക്ഷിതമായിരുന്നു. ബസ്സിലുള്ള ആരും പ്രതികരിച്ചില്ല. സീറ്റ് അവകാശമായി കിട്ടിയ വെളുത്തവന്‍ ഒരു വിജയിയെപ്പോലെ അതില്‍ ഇരുന്ന് എല്ലാവരേയും നോക്കി ബ്ലേക്കിനു നന്ദിയറിയിച്ചു. ഇപ്പോഴും ഈ രാജ്യത്തെ നീതിന്യായം നടപ്പാക്കുന്നതില്‍ നിങ്ങളെപ്പോലുള്ളവര്‍ക്ക് അവാര്‍ഡുതരാന്‍ ഞാന്‍ ഗവര്‍ണ്ണര്‍ക്ക് കത്തുകൊടുക്കാന്‍ മറക്കില്ലെന്നയാള്‍ ബ്ലേക്കിനോട് പറയാന്‍ മറന്നില്ല.

റോസിനെ പുറത്താക്കി ബസ്സുവിടാന്‍ ശ്രമിച്ച ബ്ലേക്കിന്റെ എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. നീതിനടപ്പാക്കുന്നതില്‍ തടസം സൃഷ്ടിച്ചതിന്റെ പേരില്‍ റോസിനെ അറസ്റ്റുചെയ്ത് കേസെടുക്കുകയായിരുന്നു. മാപ്പുപറഞ്ഞ് വേണമെങ്കില്‍ അവര്‍ക്ക് കേസൊഴിവാക്കാമായിരുന്നു എന്നു പിന്നീട് പലരും പറഞ്ഞുകേട്ടിരുന്നുവെങ്കിലും, റോസാ പാര്‍ക്ക് പൊരുതാന്‍ തീരുമാനിച്ചു. അതൊരു തുടക്കമായിരുന്നു. വലിയ ജനകീയസമരങ്ങളുടെ തുടക്കം. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളുടെ തുടക്കം കുറിച്ചവള്‍ എന്ന നിലയില്‍ അവരെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ അമ്മ, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആദ്യവനിതഎന്നീ ബഹുമതികള്‍ കൊടുത്ത് അമേരിക്കന്‍ ഗവര്‍ണ്‍മ്മന്റ് ആദരിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന മോന്റ്‌ഗോമറി ബസ് ബഹിഷ്‌കരണ പ്രസ്ഥാനം വിജയിച്ചതിന്റെ കാരണം മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്ന യുവ പാസ്റ്റര്‍ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സമരം ഏറ്റെടുത്തതുകൊണ്ടാണ്. ഗാന്ധിയന്‍ ആശയമായ അഹിംസാ പ്രസ്ഥാനത്തില്‍ വിശ്വസിച്ചിരുന്ന മാര്‍ട്ടിന്‍ലൂഥര്‍ കിംഗ് അമേരിക്കയില്‍ തോക്ക് എടുക്കാതെ എങ്ങനെ ജനകീയ സമരങ്ങള്‍ നയിക്കാമെന്നും വിജയിപ്പിക്കാം എന്നും കാണിച്ചുകൊടുത്തു.പക്ഷേ അദ്ദേഹത്തിന്റെ അന്ത്യം....? തോക്ക് അധികാരത്തിന്റേയും കീഴടക്കലിന്റേയും അടയാളമായി കാണുന്ന അമേരിക്കന്‍ ഭൂരിപക്ഷത്തിന് അതില്‍ കവിഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയില്ല.”

“റോസാ പാര്‍ക്ക് മോന്റ്‌ഗൊമറി ബസ്സ് ബഹിഷ്‌കരണത്തിനു തുടക്കം കുറിച്ചു. 17000 ത്തോളം കറുത്തവര്‍ ബസ്സില്‍ കയറാതെ നടന്നും, കുതിരവണ്ടിയിലും, മറ്റുമാര്‍ഗ്ഗങ്ങളിലുടെയും തങ്ങളുടെ തൊഴില്‍ സ്ഥലങ്ങളിലേക്ക് പോയി. സാമ്പത്തികമായി തകര്‍ന്ന കമ്പിനിക്ക് കോടതിവിധിയും എതിരായി.ആ വിജയംകറുത്തവന്റെ സമരം ചെയ്യാനുള്ള ആത്മവീര്യം ഉണര്‍ത്തി.'' റീന ഒന്നു നിര്‍ത്തി സാമിനേയും ആന്‍ഡ്രുവിനേയും നോക്കി. സാമില്‍ നിന്നും ഒരു പ്രതികരണം റീന പ്രതീക്ഷിച്ചില്ല. ആന്‍ഡ്രു അങ്ങനെയല്ല ചരിത്രത്തിന്റെ ഇടനാഴികളില്‍ കയറിയിറങ്ങുന്നവനെന്ന് അയാളില്‍ നിന്നും പലപ്പോഴുംകേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്. ആന്‍ഡ്രു റീനയെനോക്കി അവള്‍ കടന്നുപോകുന്ന ചരിത്ര കാലവും വുക്തികളേയും ചികഞ്ഞെടുക്കാന്‍ ശ്രമിച്ചു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കഥള്‍ വായിച്ചപ്പോള്‍ എന്നോ റോസാ പാര്‍ക്കിന്റെയും മറ്റുചിലരുടെയും പേരുകള്‍ കേട്ടതോര്‍മ്മവന്നു. ഗാന്ധിജിയുടെ മാര്‍ഗ്ഗം പിന്‍പറ്റുന്ന ഒരു കറുത്തവര്‍ഗ്ഗ നേതാവെന്ന നിലയിലും, ഗാന്ധിയെപ്പോലെ തോക്കിനിരയായ ഒരു രക്തസാക്ഷി എന്ന നിലയിലും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന് മനസ്സില്‍എന്നും ഒരു സ്ഥാനം ഉണ്ടായിരുന്നു. റീന ഇടക്കെപ്പോഴോ ചോദിച്ചു നിങ്ങളുടെ നാട്ടിലും സെഗ്രി ഗേഷന്‍ എന്ന അവസ്ഥ ഉണ്ടോ..? റീന ചോദിച്ച കാലം 1955 നും 1965 നും ഇടയ്ക്കുള്ള കാലത്തേക്കുറിച്ചാണന്ന തിരിച്ചറിവില്‍ ആന്‍ഡ്രു പറഞ്ഞു;“ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇന്ത്യയിലെ അയിത്താചരണത്തില്‍ കാതലായ മാറ്റം ഉണ്ടായി എന്നാലും തീരെ ഇല്ലാതില്ല. പ്രത്യേകിച്ചും വിദ്യയുടെ വെളിച്ചം കടന്നുചെല്ലാത്ത ഗ്രാമങ്ങളില്‍ തൊട്ടുകൂടാഴ്മയും തീണ്ടലും നിലനിന്നിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ സമരങ്ങളും, ഒപ്പം മറ്റനേകം സാമൂഹ്യ പരിഷ്‌കര്‍ത്തക്കളുടേയും നിരന്തര പ്രവര്‍ത്തനം ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നു. പ്രത്യേകിച്ചുംതേക്കേ ഇന്ത്യ എന്നു വിളിക്കുന്ന പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ നവോത്ഥാനം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇന്നും വെളുത്തവനു കറുത്തവനോടെന്നപോലെ ഒരു മനോഭാവം ജാതിവ്യവസ്ഥയുടെ ഭാഗമായി എല്ലാവരുടെയും മനസ്സില്‍ ഇപ്പോഴും ഉണ്ടെന്നുതന്നെയാണു ഞാന്‍ കരുതുന്നത്. എന്നാല്‍ വടക്കേ ഇന്ത്യയിലെപ്പോലെ പ്രകടമാകുന്നില്ല എന്നു മാത്രം.

1860 കളില്‍ അമേരിയ്ക്കയില്‍ എബ്രഹാം ലിങ്കന്‍ അടിമവ്യാപരം നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന കാലത്ത് കേരളത്തില്‍ അടിമകളെപ്പോലെ ആയിരുന്ന കീഴാളര്‍ എന്നു വിളിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതിയും മെച്ചമായിരുന്നില്ല. കീഴാളര്‍ താമസിച്ചിരുന്ന സ്ഥലം സ്ലേവ് ക്യാബിനുകള്‍ എന്നു വിളിച്ചില്ലെങ്കിലും, ചാളക്കുടിലുകള്‍ എന്നൊ, പുലക്കുടിയെന്നൊ, അല്ലെങ്കില്‍ ആതാതു ജാതിചേര്‍ത്തുള്ള കൂരകളെന്നോ വിളിച്ചു. വിളിപ്പേരുപോലെ അതു ഓലമറച്ചവെറും ചെറ്റക്കുടിലുകള്‍. അവര്‍ കൂട്ടങ്ങളായാണു കൂരവെച്ചത്. അല്ലെങ്കില്‍ അവര്‍ക്ക് അതിനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളു. ഒരോ ജന്മിമാരും അവരുടെ അടിയാന്മാര്‍ക്ക് കൂരവെയ്ക്കാനുള്ള സ്ഥലം കൊടുത്തു. ചിലരെല്ലാം കുടിലുകള്‍ കെട്ടിക്കൊടുക്കും. പാടങ്ങളില്‍ പണിയെടുക്കുന്നതിന് നാമമാത്രമായ കൂലി നെല്ലായി കൊടുക്കും. ചുരുക്കത്തില്‍ സ്ലേവുക്യാബിനുകളില്‍ താമസിക്കുന്ന അടിമക്ക് നാഴി ചോളം അന്നത്തെ ആഹാരത്തിനു കിട്ടുന്നപോലെ... പക്ഷേ ഒരു വ്യത്യാസമുണ്ട് സ്ലേവു കാബിനുകളില്‍ ആളോഹരി കിട്ടിയിരുന്നു. ചെറ്റക്കുടിലില്‍ പണിയെടുക്കുന്നവനെ കൂലി ഉള്ളായിരുന്നു. വീട്ടില്‍ ആറോ ഏഴോ കൂട്ടികള്‍ ഉണ്ടായാല്‍ ജന്മിക്ക് അവരെയെല്ലാം പോറ്റേണ്ട ചുമതലയില്ലായിരുന്നുവെങ്കില്‍, അടിമക്കുണ്ടാകുന്ന ഒരോ ജനനവും യജമാനന്റെ സ്വത്തിനെ വര്‍ദ്ധിപ്പിക്കുകയും,അതും കൃഷിപോലെയുള്ള ഒരുല്പന്നമായി കാണുകയും ചെയ്തിരുന്നു. രണ്ടിടത്തേയും അടിമജീവിതത്തിലെ ഉടമസ്ഥാവകാശമായിരുന്നു പ്രഥാനവ്യത്യാസം എന്നെനിക്കു പറയാന്‍ കഴിയും. അവിടെ അടിമ എന്നു വിളിച്ചില്ല. പകരം കീഴാളന്‍ എന്നു വിളിച്ചു. അവനെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ശ്രമിച്ചു.

1863ല്‍ തിരുപനന്തപുരം ജില്ലയില്‍ അയ്യന്‍ എന്ന പുലയനു ജനിച്ച കാളി എന്ന പുലയ പയ്യന്‍ എങ്ങനെ ചരിത്രത്തെ മാറ്റിയെഴുതി... ഇവിടെ അന്നു അബോളിഷ്‌മെന്റെ മൂവുമെന്റുകള്‍ നടക്കുന്ന കാലം. ഞാന്‍ പറഞ്ഞുവരുന്നത്, ലോകത്തെല്ലായിടവും ചരിത്രം ഒരേ കാലത്ത്ഒരുപോലെയാണു സംഭവിക്കുന്നത്; ചില പ്രാദേശിക മാറ്റങ്ങള്‍ ഒഴിച്ചാല്‍.” ആന്‍ഡ്രു താന്‍ പറഞ്ഞതു ശരിയല്ലെ എന്ന മട്ടില്‍ റീനയെ നോക്കി. റീന ആന്‍ഡ്രു പറയുന്ന കഥകളിലെഅമേരിക്കന്‍ അടിമ ജീവിതവുമായുള്ള സമാനതക്കളെ തിരിച്ചറിഞ്ഞ് അത്ഭുതപ്പെടുകയായിരുന്നു.

''19ാം നൂറ്റാണ്ട് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ കാലമായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവിടെ അബോളിഷ്ണിസ്റ്റ് മൂവ്‌മെന്റുകള്‍ ആരംഭിച്ചപ്പോള്‍, അവര്‍ അവിടെ സ്‌കൂളുകള്‍ തുടങ്ങി ജനങ്ങളെ വിദ്യയുടെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നതിനൊപ്പം വലിയ രക്ഷകന്റെ സുവിശേഷം അറീയ്ക്കുകയും, കീഴാളരായവരെ വലിയ തോതില്‍ മതം മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. കീഴാളരില്‍ ആ മതം മാറ്റും വലിയ പരിവര്‍ത്തനമാണുണ്ടാക്കിയത്. തങ്ങളുടെ കുട്ടികള്‍ക്ക് അതുവരെ വിദ്യനിക്ഷേധിച്ചവര്‍ക്കു മുന്നില്‍ പാതിരിമാരുടെ പള്ളിക്കുടങ്ങളില്‍ അവരെ ചേര്‍ത്തു. അതുപോലെ അതുവരെ കീഴാളരായിരുന്നവര്‍ തുല്ല്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. അതംഗീകരിക്കാന്‍ മേലാളന്മാര്‍ക്ക് സമ്മതമായിരുന്നില്ലെങ്കിലും ചെറുത്തു നില്‍പുകളെ ഭയന്ന് അവര്‍ ചെറിയ ചെറിയ ഒളിപ്പൊരുകളില്‍ കീഴാളരെ കീഴാളന്മാരായി നില നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും, സായിപ്പന്മാരുടെ സംരക്ഷയില്‍ കീഴാളാന്‍ ഒന്നു കൂടി ബലപ്പെട്ടു. ഇതു മിഷനറിമാര്‍ എത്തപ്പെട്ട ഇടങ്ങളിലെ കഥ. എന്നാല്‍ അയ്യങ്കാളി ചരിതത്തില്‍ മറ്റൊരു കഥയാണ്. എങ്ങനെ അയ്യങ്കാളിഒറ്റക്ക് മേലാളാന്മാരോടു പൊരുതി എന്ന കഥയാണ്. അസധാരണമായ സ്വത്വബോധം അയ്യങ്കാളിയുടെ പ്രേരകശക്തിയായിരുന്നിരിക്കാം ഞാന്‍ ആരുടെയും അടിമയല്ല എന്ന ബോധം... അത്തരം ചില ആളുകളെ ഇവിടുത്തെ അടിമ വംശചരിത്രത്തിലും വായിച്ചിട്ടുണ്ടാകില്ലെ. ഒരേ കാലത്ത് ഒരേ മനസ്സുള്ളവര്‍ ലോകത്തെല്ലായിടവും ഉണ്ടാകുന്നു എന്ന അഭിപ്രായത്തെ ഒന്നുകൂടി ഉറപ്പിക്കാനാ ഞാന്‍ ഇതു പറയുന്നത്. ചിലപ്പോള്‍ ഭൂമിയില്‍ എല്ലായിടവും വീശുന്ന കാറ്റ് ഒന്നുതന്നെയായിരിക്കും.

നവോത്ഥാനകാല കാറ്റ്ചിലപ്പോള്‍ അയ്യങ്കാളിയെ തൊട്ടുവിളിച്ചതാകാം. ആ കാറ്റ് എറ്റുവളരാന്‍ അയ്യന്‍ എന്ന അപ്പന്‍, കാളിയ്ക്കവസരം ഒരുക്കി എന്ന് ഞാന്‍ പറയും. അല്ലെങ്കില്‍ അഞ്ചേക്കറു പുരയിടത്തിന്റെ ഉടമയായ അയ്യനില്‍ നിന്നും ആ നവോത്ഥാനം തുടങ്ങിയിരുന്നു. അക്കാലത്ത് ഒരു കീഴാളന് സ്വന്താമായി സ്വത്തവകാശം ഉണ്ടായിരുന്നുവോ...? അങ്ങനെ ഉള്ള ആരും ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടില്ല. അതിന് ജന്മിമാര്‍ സമ്മതിക്കുമായിരുന്നില്ല. എന്നിട്ട് അയ്യന്‍ എങ്ങനെ ഉടമയായി...? അയ്യന്റെ ജന്മി നല്ലവനായതുകൊണ്ടുമാത്രമായിരിക്കില്ല. അയ്യന്റെ ഉള്ളിലെ പുതിയകാലത്തിലേക്കുള്ള എത്തിനോട്ടം അല്ലെങ്കില്‍ എന്നും ജന്മിയുടെ അടിയാനായി ഇരുന്നാല്‍ പോരാ എന്ന ചിന്തയായിരിക്കും സ്വയം സ്വത്തിനു ഉടമയാകണം എന്ന സ്വപ്നത്തില്‍ എത്തിച്ചത്.അന്ന് കൂടെപ്പണിത അരെങ്കിലും അങ്ങനെ ഒരു സ്വപ്നം കൊണ്ടുനടന്നിരുന്നുവോ... അയ്യന്‍ എപ്പോഴെങ്കിലും ജന്മിയോടു തന്റെ സ്വപ്നത്തെക്കുറിച്ചു പറഞ്ഞിരുന്നുവോ...? അതോ ജന്മിക്ക് അയ്യന്‍ ചെയ്തുകൊടുത്ത, വിലമതിക്കാന്‍ കഴിയാത്ത എന്തെങ്കിലും ഉപകാരങ്ങള്‍ക്കായുള്ള പ്രത്യുപകാരമോ... ചരിത്രത്തില്‍ അത്തരം ചോദ്യങ്ങള്‍ പാടില്ല. ചരിത്രത്തെ ക്രിത്യമായി അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരുവന്റെ ചോദ്യമായി കണ്ടാല്‍ മതി.

ഉടയനില്ലാത്ത ജന്മിയോടു ചേര്‍ന്നു കിടക്കുന്ന അനേകം ഏക്കര്‍ ഭൂമികാടുവെട്ടി ജന്മിക്ക് ചേര്‍ത്തുകൊടുത്ത അയ്യന് സ്‌നേഹോപഹാരമായി അഞ്ചേക്കര്‍ ജന്മിപതിച്ചുകൊടുത്തു എന്നു പറയുമ്പോള്‍ ജന്മിയുടെ നല്ല മനസ്സിനെ കാണാതിരിക്കണ്ട.ഒരുപക്ഷേ അയ്യന്‍ അങ്ങനെ ആവശ്യപ്പെട്ടിരുന്നുവോ...? അയ്യന്‍ ആവശ്യപ്പെട്ടിരുന്നോ എന്നതല്ല കാര്യം. അതൊരു വലിയ വിപ്ലവത്തിന്റെ തുടക്കമായിരുന്നില്ലെ... സ്വന്തമായി ഭൂമിയുള്ള ഒരു കീഴാളന്‍. ഒരു കീഴാളന് അന്ന് ഭൂമിപതിച്ചുകൊടുക്കാന്‍ ഒരു റവന്യു ഉദ്ദ്യോഗസ്ഥനം തയ്യാറാകില്ല എന്നതിനാലയിരിക്കാം ജന്മിയുടെ സഹായം ആവശ്യമായി വന്നത്. അക്കാലത്തെ സാമുഹ്യവ്യവസ്ഥയെക്കുറിച്ചറിഞ്ഞെങ്കിലെ അതിലെ വിപ്ലവത്തിന്റെ വലുപ്പം മനസ്സിലാകു. ഒരു കീഴാളന് വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്തകാലത്ത്, ജന്മിയുടെ അടുക്കളപ്പുറത്തെ മുറ്റത്ത് കുത്തിയ കുഴിയില്‍ ഇലവെച്ച് കഞ്ഞിയും പുഴുക്കും കഴിക്കുന്ന കീഴാള ജീവിതകാലത്ത്, മുട്ടിനു മുകളില്‍ അരമറച്ച്, മാറുമറയ്ക്കാന്‍ അവകാശമില്ലാത്ത ജനതയുടെ ജീവതത്തില്‍ അഞ്ചേക്കറിന്റെ ഉടമയായ ഒരു കീഴാളന്‍ ഉയര്‍ത്തിയ വിപ്ലവക്കൊടി പിഴുതെറിയാന്‍ എല്ലാജന്മിമാരും ഒറ്റെക്കെട്ടായി മുന്നോട്ടുവന്നിട്ടുണ്ടാകില്ലെ. അയ്യന്‍ പൊരുതിയുട്ടുണ്ടാകും. ഒരൂ ജന്മിക്കും തന്റെഅദ്ധ്വാനം ഇനി തീറെഴുതില്ല എന്ന തീരുമാനത്തില്‍ സ്വന്തം പറമ്പില്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തിയവന്റെ പടയോട്ടത്തിന്റെ വിപ്ലവ വീര്യം മൂത്ത മകനായ അയ്യങ്കാളിയിലേക്കും പകര്‍ന്നിട്ടുണ്ടാകും. ആരെയും കൂസാത്ത, എന്തിനേയും നേരിടാന്‍ കരുത്തുള്ളവനായിട്ടായിരുന്നു അയ്യങ്കാളിയുടെ വളര്‍ച്ച. അക്കാലത്ത് ജന്മിക്ക് അടിയാനെ തല്ലാനുള്ള അവകാശം ഉണ്ടായിരുന്നു. പക്ഷേ അയ്യങ്കാളിയെ തല്ലിയവരെ തിരിച്ചുതല്ലും എന്ന തിരിച്ചറിവില്‍ പലരും ഒളിപ്പോരാളികളെ ഏര്‍പ്പാടാക്കിയെങ്കിലും അയ്യങ്കാളിയെ ഒതുക്കാന്‍ കഴിയാതെ നിരാശപ്പെട്ടു.

പൗരഷത്തിന്റെ അടയാളമായി ഇംഗ്ലീഷ് വിദ്യാഭ്യസം കിട്ടിയ ചെറുപ്പക്കാര്‍ മേല്‍മീശ വെച്ചുതുടങ്ങിയപ്പോള്‍, നാട്ടില്ലാകെ ചെറുപ്പക്കാര്‍ അതനുകരിക്കാന്‍ തുടങ്ങിയപ്പോള്‍, അതും വിപ്ലമാറ്റങ്ങളെന്നു കണ്ട മഹാരാജവ് മീശവെയ്ക്കണമെങ്കില്‍ കരം കൊടുക്കണെമെന്നു നിയമമുണ്ടാക്കിയപ്പോള്‍ നിയമ ലംഘനത്തിനേറെപ്പേര്‍ മുന്നോട്ടുവന്നു. അയ്യങ്കാളി ആയിരിക്കാം അദ്യ മേല്‍മീശക്കാരനായ കീഴാളന്‍. അതെന്റെ ഒരൂഹം മാത്രമാണ്.ജാതിശ്രേണിയില്‍ ചില വര്‍ഗ്ഗക്കാരുടെ പെണ്ണുങ്ങള്‍ക്ക് മാറുമറയ്ക്കാന്‍ നിയമമില്ലായിരുന്നു...

മാറുമറയ്ക്കാത്ത സുന്ദരികളെതങ്ങള്‍ക്ക്കൂട്ടുവിളിക്കുന്ന ജന്മിമാര്‍ ആ നിയം പിന്തുടരാന്‍ നിര്‍ബന്ധം

പിടിച്ചപ്പോള്‍ പുരോഗമനവാദികള്‍ എതിര്‍ത്തു. അങ്ങനെ മാറുമറച്ചവര്‍ മുലക്കരം കൊടുക്കണം എന്ന നിയമം ഉണ്ടായി. ഇങ്ങനെയൊന്ന് ലോകത്തെവിടെയെങ്കിലും ഉണ്ടായിരുന്നുവോ എന്നറിയില്ല.. അപ്പോഴും ഒരു കീഴ്ജാതിക്കാരിക്ക് മാറു മറയ്ക്കാനുള്ള അവകാശം ഇല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു കഥ പറഞ്ഞുകേട്ടത് ശരിയോ എന്ന് ചോദിക്കരുത്.പക്ഷേ ആ കഥ ഒത്തിരിയേറെ ചോദ്യങ്ങളുമായി ഇന്നും നമ്മുടെ മുന്നില്‍ ഉണ്ട് എന്നതിനാലായിരിക്കാം തലമുറകളിലേക്ക് അതു പറഞ്ഞു പരക്കുന്നത്. ഒരിക്കല്‍ ഒരു പാടത്തു ഞാറുനടാന്‍ ഇറങ്ങിയ കീഴാളപ്പുതുപെണ്ണിനോട് ജന്മിക്ക് മോഹം. ഞാറുനടാന്‍ കുനിഞ്ഞ പെണ്ണ് ജന്മിയുടെ തുറിച്ചു നോട്ടത്തില്‍ സഹികെട്ട് തന്റെ മുലയറുത്ത് ജന്മിക്കുനേരെ എറിഞ്ഞു എന്നാ കഥ. അത്രയ്ക്കൊന്നും നടന്നിട്ടുണ്ടാകില്ല.പക്ഷേ ആ കലത്തെ സാമൂഹ്യ നീതിയെക്കുറിച്ചുള്ള ഒത്തിരി ചോദ്യങ്ങള്‍ തുടരുന്നു.

അയ്യങ്കാളിഒരു കീഴാളനായിരുന്നതിനാല്‍ സ്‌കൂള്‍ ജീവിതം നിക്ഷേധിക്കപ്പെട്ടവന്‍ പിന്നീട് സ്വന്തമായി സ്വസമുദായത്തിനായി കുടിപ്പള്ളിക്കുടങ്ങള്‍ തുടങ്ങി. കീഴാളനു വിലക്കിയിരുന്നതെല്ലാം സ്വയം ചെയ്ത് വിപ്ലവം കാണിച്ചുകൊടുത്തു.കീഴാളനു പൊതു നിരത്തില്‍ വഴിനടക്കാന്‍ അവകാശമില്ലാതിരുന്നകാലത്ത് ഒരു വെല്ലുവിളിയായി സ്വന്തമായി ഒരു വില്ലുവണ്ടിയും കാളയേയും വാങ്ങി വെള്ളമുണ്ടും, കയ്യുള്ളവെള്ളബനിയനും ഇട്ട് തലേക്കെട്ടുമായി വണ്ടിയോടിച്ച നിഷേധിയായ അയ്യങ്കാളിക്കു ചുറ്റും വടിയും വാളൂമായി കൂടിയ ജന്മിഗുണ്ടകള്‍ക്കു നേരെ എളിയില്‍ തിരുകിയിരുന്ന കഠാരിയുമായി വണ്ടിയില്‍ നിന്നും ചാടിയിറങ്ങിയവന്റെ നേരെ നില്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നത് ഇതുവരെ പറഞ്ഞുപോരുന്ന കഥയറിവുകള്‍. 1913 ലെ കാര്‍ഷിക സമരം അയ്യങ്കാളി ഒറ്റക്കേറ്റെടുത്ത സമരം ആയിരുന്നു. കീഴാള കുട്ടികളെ മറ്റുള്ളവര്‍ക്കൊപ്പം സ്‌കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ പാടങ്ങളിലൊക്കെ കാരവളരും എന്നു പ്രഖ്യാപിച്ച് തുടങ്ങിയ സമരം ഒരുവര്‍ഷത്തോളം നിന്നു. കുടിലില്‍ തീ പുകയാതെ വരുമ്പോള്‍ അവര്‍ തനിയെ പണിക്കുവരും എന്നു പറഞ്ഞ ജന്മിമാരെ വെല്ലുവിളിച്ച്, എന്നും പട്ടിണികിടുക്കുന്നവന്‍ ഇനി ഒരുവര്‍ഷം കൂടി പട്ടിണി കിടന്നാലും ഒന്നും വരാനില്ലെന്നു പറഞ്ഞു.ആരും സമരത്തില്‍ നിന്നു പിന്മാറിയില്ല. ആരും പാടത്തു നടാന്‍ ഇറങ്ങിയില്ല. ജന്മിയുടെ പത്തായങ്ങള്‍ ഒഴിയാന്‍ തുടങ്ങിയപ്പോള്‍ സമരം ഒത്തുതീര്‍പ്പായി. എല്ലാ കീഴാളര്‍ക്കുമായി സ്‌കൂളുകള്‍ തുറന്നു.അയ്യങ്കാളി നടത്തിയ എല്ലാസമരങ്ങളും വിജയിച്ച് ഒരു ജനകീയ നേതാവായി. ഇങ്ങനെ ഉള്ള മേല്‍ജാതിയില്‍ പെട്ട ചിലരുടെ കഥകളും പറയാനുണ്ട്…” ആന്‍ഡ്രു മറ്റാരുടെയൊ കഥ പറയ്യാനുള്ള തയ്യാറെടുപ്പിലേക്കു കടക്കവെ ബസ്സ് സമ്മേളന നഗരിക്കുള്ള ബസ്സുകള്‍ പാര്‍ക്കുചെയ്യാനുള്ള മൈതാനിയിലേക്കു കടന്നു. എല്ലാവരും ബസ്സില്‍ നിന്നും ഇറങ്ങാനുള്ള തിരക്കില്‍ ആയി. തിരികെ വരേണ്ട സംയവും, ബസ്സു പാര്‍ക്കുചെയ്യുന്ന ‘ബേ’ നംബരും റീന അനൗണ്‍സു ചെയ്യ്ത് അത്ര തിരക്കില്ലാത്തവളായി നിന്നു. എന്നും വളരെ ഉത്സാഹവതിയായി കാണപ്പെടുന്ന റീനക്കെന്തുപറ്റി എന്നു സാം ചിന്തിക്കാതിരുന്നില്ല.

റീനയുടെ മനസ്സുമുഴുവന്‍ അമ്മയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളില്‍ ആ ശബ്ദം ഉയര്‍ന്നുതന്നെ നിന്നു. ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചിലെ മൊന്റ്‌ഗോമറി ബസ് ബോയിക്കോട്ട് സമരത്തില്‍ അമ്മ പങ്കെടുത്തിട്ടുണ്ടോ...? അറിയില്ലഅമ്മ ആ സമരത്തെക്കുറിച്ച് പറഞ്ഞുട്ടുണ്ട് തീര്‍ച്ച. പിന്നിടു തുടര്‍ച്ചയായി നടന്ന അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലൊക്കെ അമ്മയും പങ്കാളിയാണ്.പക്ഷേ അതല്ല അമ്മെയെക്കുറിച്ചുള്ള ഓര്‍മ്മകളിലെ തിളക്കം. അമ്മയെന്ന പോരളി തന്റെ കുഞ്ഞുങ്ങള്‍ക്കായി നടത്തിയ സമരങ്ങളെ ആരെങ്കിലും ചരിത്രത്തില്‍ കുറിച്ചിട്ടുണ്ടോ ആവോ....?ചരിത്രത്തിന്റെ ഇടനാഴിയിലെ അനേകം ഗര്‍ത്തങ്ങളിലെവിടെയെങ്കിലും അമ്മയുടെ കഥകള്‍ കാലുതെറ്റിവീണിട്ടുണ്ടാകും. എല്ലാ അടിമകളുടെയും കഥകള്‍ അങ്ങനെയാണ്. ആര്‍ക്കും അതറിയണമെന്നില്ല. അറിഞ്ഞതിനെയൊക്കെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തില്‍ വേറെന്തുപ്രതീക്ഷിക്കാന്‍.

Read: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക