പ്രണയവും കുറ്റാന്വേഷണവും കൈകോര്‍ത്തു പോകുന്ന ഒരു മുട്ടത്തുവര്‍ക്കിക്കഥയാണ് ചട്ടമ്പിക്കവല. സിനിമയിലെത്തിയപ്പോള്‍ സത്യനും ശ്രീവിദ്യയുമൊക്കെ ഇതിലെ കഥാപാത്രങ്ങള്‍ക്കു ദൃശ്യഭാവം നല്‍കി.
പണ്ട് ആ ജംഗ്ഷന്‍ സ്വാമിക്കവല എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ചട്ടമ്പികളുടെ താവളമായതുകൊണ്ടാവാം നാലും കൂടിയ ആ കവലയ്ക്കു ചട്ടമ്പിക്കവല എന്ന പേരുണ്ടായത്. ഒട്ടേറെ കൊലപാതകങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. മാസത്തിലൊരിക്കലെങ്കിലും ആ കവലയില്‍ മനുഷ്യരക്തം വീഴും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരടി ലഹള നടക്കും. പോലീസ് ഡിപ്പാര്‍ട്ടുമെന്റിനുപോലും ആ പ്രദേശം ഒരു തലവേദനയാണ്.
പഴയ തവിടുകൊട്ട മത്തായി എന്ന ചട്ടമ്പി ഇപ്പോള്‍ അവിടെ മത്തായിച്ചന്‍ മുതലാളിയായി വിലസുന്നു. ഇന്ന് ആ ജംഗ്ഷനിലെ മിക്ക കെട്ടിടങ്ങളുടെയും ഉടമയായ മത്തായി വന്‍സ്വത്തിനുടമയാണ്. എങ്ങനെ ചട്ടമ്പി മത്തായി ഇത്ര വലിയ പണക്കാരനായി എന്നത് ഇന്നും ഒരു കടങ്കഥയാണ്.
എസ്റ്റേറ്റു വിറ്റു പണവുമായി പോയ സേട്ടുവിന്റെ കൊലപാതകവും, മത്തായുടെ ഭാര്യ റോസക്കുട്ടിയുടെ ലോഹ്യക്കാരനായിരുന്ന ഒരു സായിപ്പിന്റെ വില്‍പത്രവും ഈ സമ്പത്തുമായി ബന്ധപ്പെടുത്തി നാട്ടുകാര്‍ അടക്കം പറയാറുണ്ട്. പൂര്‍വ്വ ചരിത്രം എന്തായാലും ആള്‍ ഇന്നു നാട്ടിലെ മാന്യനാണ്. എന്നിട്ടും ചട്ടമ്പിക്കവയില്‍ ഒരു നാലംഗ ദാദാ സംഘത്തെ അയാള്‍ തീറ്റിപ്പോറ്റിപ്പോരുന്നു. അവരുടെ ചട്ടമ്പിത്തരങ്ങളില്‍ നാട്ടുകാര്‍ക്കു പ്രതിഷേധവുമുണ്ട്.
അന്ന് മത്തായിച്ചന്റെ ബംഗ്ലാവില്‍ ഫോറിന്‍ സാധനങ്ങള്‍ വില്‍ക്കുന്ന സുമുഖനായ ഒരു യുവാവ് എത്തി. ജോണ്‍ എന്ന ആ ചെറുപ്പക്കാരന്‍ പല സാധനങ്ങളും അവിടെ പിടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും മത്തായിച്ചന്റെയടുത്ത് ഒന്നും ചെലവായില്ല. എന്നാല്‍ മകള്‍ സൂസിക്ക് അതില്‍ പല സാധനങ്ങളോടും താല്‍പര്യമായിരുന്നു. മാത്രമല്ല കോമളനായ ആ യുവാവ് പ്രഥമദൃഷ്ട്യാ തന്നെ അവളുടെ മനസ്സില്‍ ഇടംപിടിക്കുകയും ചെയ്തു.
എന്നാല്‍ ഇത്തരം കാര്യങ്ങളിലൊന്നും തല്‍പരനല്ലായിരുന്ന മത്തായിച്ചന്‍ അവനെ അവഹേളിച്ചു പറഞ്ഞയയ്ക്കയാണുണ്ടായത്.
തുടര്‍ന്ന് മത്തായിച്ചന്‍ എസ്റ്റേറ്റിലേക്കു പോയിക്കഴിഞ്ഞപ്പോള്‍ താക്കോല്‍ക്കൂട്ടം മറന്നുവച്ചു എന്ന പേരില്‍ ജോണ്‍ വീണ്ടും അവിടെ വന്നു. ആ വരവില്‍ മത്തായിച്ചന്റെ മകന്‍ സണ്ണിക്കുട്ടിയുമായി അവന് ഏറ്റുമുട്ടേണ്ടി വന്നെങ്കിലും പിന്നീട് അവര്‍ സൗഹൃദത്തിലായി.
മാത്രമല്ല അവന്റെ പെരുമാറ്റത്തില്‍ ആകൃഷ്ടരായ റോസക്കുട്ടിയും മകള്‍ സൂസിയുമൊക്കെ അവന് അവിടെനിന്നും ഉച്ചഭക്ഷണം നല്‍കുകയും ചെയ്തു.
അപ്പോഴാണ് അപ്രതീക്ഷിതമായി മത്തായിച്ചന്റെ മടങ്ങിവരവ്. ധര്‍മ്മസങ്കടത്തിലായ അവര്‍ ജോണിനെ വീട്ടിനുള്ളില്‍ ഒളിപ്പിച്ചു.
മത്തായിച്ചനോടൊപ്പം എസ്റ്റേറ്റിലെ അക്കൗണ്ടന്റ് ചെറിയാനും എത്തിയിരിക്കുന്നു. അവന് സൂസിയോട് പൊടി പ്രേമവുമുണ്ട്.
എന്നാല്‍ ഇന്ന് ജോണ്‍ എന്ന ചെറുപ്പക്കാരനില്‍ ആകൃഷ്ടയായ സൂസി അവനെ മൈന്‍ഡു ചെയ്യുന്നതേയില്ല.
വീട്ടിലെ മുറികളിലൊന്നില്‍ ഒളിച്ചിരിക്കുന്ന ജോണ്‍ മത്തായിച്ചന്റെ കണ്ണില്‍പെടരുതേ എന്നായിരുന്നു അവരുടെ പ്രാര്‍ത്ഥന. ഒടുവില്‍ രാത്രി വൈകിയപ്പോള്‍ സൂസി ജോണിനെ റൂമിനുള്ളില്‍ നിന്നും മോചിപ്പിച്ചു.
എന്നാല്‍ അസമയത്ത് സൂസിയോടൊപ്പം അപരിചിതനായ ചെറുപ്പക്കാരനെ കാണാനിടയായ ചെറിയാന് സംശയമായി.
ചില പ്രശ്‌നങ്ങളാല്‍ പിറ്റേദിവസം അവിടുത്തെ വേലക്കാരിയെ പിരിച്ചുവിട്ടു. പകരം പുതിയ വേലക്കാരിയായി എത്തിയത് ത്രേസ്യാ എന്ന സുന്ദരിയായിരുന്നു.
പ്രണയനൈരാശ്യം ബാധിച്ച ചെറിയാന്‍ രാത്രിയില്‍ അന്യചെറുപ്പക്കാരനെ സൂസിയോടൊപ്പം കണ്ടതായി മത്തായിച്ചന്റെ ചെവിയില്‍ ഓതുന്നു. അതേസമയം ചെറിയാന്‍ കിടപ്പുമുറിയിലെത്തി തന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ചെന്നു സൂസി തിരിച്ചടിച്ചതോടെ അയാളുടെ പണി തെറിച്ചു.
പുതിയ വേലക്കാരിയുടെ നയപരമായ ഇടപെടല്‍ കൊണ്ടു ജോണിന് ആ വീട്ടില്‍ സ്വീകാര്യത ഏറി. ജോണ്‍ ഒരു കോടീശ്വരനണെന്നറിഞ്ഞതോടെ മത്തായിച്ചനും അവനെ ബംഗ്ലാവിലേക്കു സ്വാഗതം ചെയ്തു. സൂസിയെ അവനെക്കൊണ്ടു വിവാഹം കഴിപ്പിക്കാന്‍ പോലും അവര്‍ക്കിപ്പോള്‍ പ്ലാനുണ്ട്.
മത്തായിച്ചന്റെ എസ്റ്റേറ്റിലും സന്ദര്‍ശനം നടത്തിയ ജോണ്‍, സൂസിയുടെ സഹോദരന്‍ സണ്ണിക്കുട്ടിയുമായി കൂടുതല്‍ സൗഹൃദത്തിലായി.
ഒടുവില്‍ അക്കൗണ്ടിനെ പിരിച്ചുവിട്ട ഒഴിവില്‍ മത്തായിച്ചന്‍ ജോണിനെ നിയമിക്കുകയും ചെയ്തു. പണത്തിന് ആവശ്യമില്ലാത്ത അവന്‍ ശമ്പളമില്ലാതെ ആ ജോലി ചെയ്യാമെന്നും ഏറ്റു.
ജോണ്‍ ആ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായി. മത്തായിച്ചന്റെ വാടകഗുണ്ടകളെയും അവന്‍ ഒരുനാള്‍ ഇഷ്ടം പോലെ മദ്യം നല്‍കി സല്‍ക്കരിച്ചു. അതിനിടയില്‍ പഴയ ചില കൊലപാതകക്കഥകളുടെ രഹസ്യങ്ങളും അവരുടെ നാവില്‍നിന്ന് അറിയാതെ പുറത്തുവന്നു. സേട്ടുവിന്റെയും ഭാര്യയുടെയും കൊലപാതകവും തുടര്‍ന്ന് അപ്രത്യക്ഷരായ രണ്ടു ഗുണ്ടകള്‍ ഈ പുരയിടത്തിലെ പൊട്ടക്കിണറ്റിലുണ്ടെന്നുമൊക്കെ ഒരുത്തന്‍ മദ്യം കുടിച്ചിട്ടു വിളിച്ചു പറഞ്ഞു.
ലോഹ്യം കൂടിയപ്പോള്‍ സേട്ടുവിനെയും ഭാര്യയെയും ഡ്രൈവറെയും കൊന്നു പണവും സ്വര്‍ണ്ണവും തട്ടിയെടുത്തത് തന്റെ ഭര്‍ത്താവാണെന്നു റോസക്കുട്ടിയും ജോണിനോടു വെളിപ്പെടുത്തുന്നു. അതില്‍ പങ്കാളികളായ രണ്ടു ഗുണ്ടകളെ കൊന്നു കിണറ്റിലുമെറിഞ്ഞു.
എന്തായാലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ വീട്ടില്‍ രാത്രികാലങ്ങളില്‍ ഭീകരങ്ങളായ ചില അനുഭവങ്ങള്‍ ഉണ്ടായി. അതോടെ വീട്ടുകാര്‍ എല്ലാവരും ഭയചകിതരായി.
അതോടെ ആ ബംഗ്ലാവുമായി ബന്ധപ്പെട്ട കൊലപാതകകഥകള്‍ ഓരോന്നായി അവരുടെ നാവില്‍നിന്നു തന്നെ പുറത്തുവന്നു തുടങ്ങി. അവയൊക്കെ രഹസ്യമായി ജോണിന്റെ ടേപ്പ് റിക്കാര്‍ഡറിലേക്കും പകര്‍ത്തപ്പെട്ടു.
സൂസിയുമായുള്ള വിവാഹ തീരുമാനം ജോണ്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ മത്തായിച്ചന് അവനെക്കുറിച്ചും സംശയമായി. അവന്‍ നല്‍കിയ പേരും വിലാസവും വച്ചും അന്വേഷണം നടത്തിയപ്പോള്‍ അങ്ങനെ ഒരാള്‍ ആ നാട്ടിലെങ്ങും ഇല്ലെന്ന് അറിവായി.
അതോടെ മത്തായിച്ചനും ഗുണ്ടകളും ഒരു വശത്തും ജോണ്‍ മറുവശത്തുമായി ഏറ്റുമുട്ടി. അതിന്റെ അന്ത്യഘട്ടത്തില്‍ ജോണ്‍ നല്‍കിയ അറിയിപ്പനുസരിച്ചു പോലീസും എത്തി.
ജോണിന്റെയും ത്രേസ്യായുടെയും വേഷം ധരിച്ചെത്തിയത് സി.ഐ.ഡി ഉദ്യോഗസ്ഥരായ പാഷയും രേണുവും ആയിരുന്നു. പ്രമാദമായ സേട്ടു വധക്കേസിലെ മുഖ്യപ്രതിയായ മത്തായിച്ചനെ അവരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
സൂസിയുടെ സ്വപ്നം സൗധം തകര്‍ന്നുപോയി. ആ ബംഗ്ലാവു വിട്ടിറങ്ങുമ്പോള്‍ ധീരനായ പാഷയുടെ കണ്ണുകളും നിറഞ്ഞുപോയി.
Read More: https://emalayalee.com/writer/285