Image

പ്രണയത്തിന്റെ ഇടനാഴി- (നോവൽ - ഭാഗം - 22-വിനീത് വിശ്വദേവ്)

Published on 05 August, 2024
പ്രണയത്തിന്റെ ഇടനാഴി- (നോവൽ - ഭാഗം - 22-വിനീത് വിശ്വദേവ്)

പുതിയകാവ് ക്ഷേത്രത്തിലെ ദേവസ്വം കമ്മറ്റിയിൽ അച്ഛൻ അംഗമായിരുന്നതിനാൽ അമ്പലത്തിൽ വഴിപാട് രസീതെഴുതാനിരിക്കുന്ന ഗംഗാധരൻ ചേട്ടന്റെ നിർബന്ധത്തിൽ കമ്മറ്റി അംഗങ്ങൾക്കും അമ്പലത്തിലെ ജീവനക്കാർക്കും മാത്രം ഉണ്ടായിരുന്ന അത്താഴ സദ്യയിൽ നിന്നും ഞാൻ ഭക്ഷണം കഴിച്ചു. ഉത്സവത്തിന്റെ ഭാഗമായി അമ്പലത്തിലെ സ്റ്റേജിൽ നടന്നിരുന്ന കലാപരിപാടികളിൽ ചേർത്തല സാംബന്റെ കഥാപ്രസംഗത്തിന്റെ പാതിയും നേരം വൈകിയതിനാൽ കലാമണ്ഡലം ഗോപിയുടെ ദുര്യോധനവധം പകർന്നാടിയ കഥകളിയുടെ പാതിയും കണ്ടുതിനുശേഷം ഞാൻ വീട്ടിലേക്കു മടങ്ങി. പേടികൂടാതെ നടവഴിയിലൂടെ മുന്നോട്ടുപോകാൻ നിലാവെളിച്ചം തുണച്ചു. വീട്ടിൽ എത്തിയപ്പോഴേക്കും പത്തരകഴിഞ്ഞിരുന്നു.  മണിയേട്ടനും ശാന്തേടത്തിയും അച്ഛനും കൂടി വീട്ടുമുറ്റത്തു സംസാരിച്ചിരിക്കുകയായിരുന്നു. അമ്പലത്തിൽ പരിപാടി കാണാൻ പോകുമെന്ന് മുൻകൂട്ടി പറഞ്ഞതിനാൽ വൈകിയതിനെക്കുറിച്ചു അച്ഛനിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായില്ല. കഴിക്കാനുള്ള ആഹാരം മേശപ്പുറത്തു വിളമ്പി വെച്ചിട്ടുണ്ടെന്നു പറഞ്ഞ ശാന്തേടത്തിയോട് ഞാൻ അമ്പലത്തിൽ നിന്ന് കഴിച്ചുയെന്നു പറഞ്ഞു. പിന്നീട് അവർ ആശുപത്രിയിലെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സംസാരം തുടർന്നു. ഞാൻ കിടക്കാൻ റൂമിലേക്കും പോയി.

കൈയ്യിലിരുന്ന കവർ മേശപ്പുറത്തേക്കു വെയ്ക്കുന്നതിനിടയിൽ മുറിക്കുള്ളിലെ അറുപത് വാട് മഞ്ഞവെളിച്ചത്തിൽ എം. ടി. വാസുദേവൻനായരുടെ രണ്ടാമൂഴം എന്ന പുസ്തകം എന്നെ നോക്കി പുഞ്ചിരിച്ചു. പുസ്തകവായന ഇഷ്ടപ്പെട്ടുതുടങ്ങുന്നവന്റെ മുന്നിൽ വരുന്ന ഓരോ പുസ്തകവും എവിടെ കണ്ടാലും സുഹൃത്തുക്കളെപ്പോലെ പുഞ്ചിരിക്കുമെന്നു ഞാൻ തിരിച്ചറിഞ്ഞു. അൽപനേരം നിശബ്ദനായി നിൽക്കുന്നതിനിടയിൽ ചിന്തകളെവിടെയ്ക്കോ ഓടി. മനുഷ്യരെ അനുരാഗിയാക്കുന്ന ഒരു കഥയോ കവിതയോ ഏതാനും വരികളോ വാക്കുകളോ പോലും കാമുകന്മാരിൽ പുണ്യജൻമം ആത്മാവിലേക്കാവാഹിക്കാറുണ്ടെന്നു എവിടെയോ വായിച്ചിരുന്നു. എല്ലാ മനുഷ്യനെയും ആഹ്ലാദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും പ്രണയസ്വപ്നങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് പ്രേമകാവ്യങ്ങൾ എടുത്തെറിയും ചെയ്യാറുണ്ട്. ജ്വലിക്കുന്ന പ്രണയത്തിന്റെ ഹൃദയത്തുടിപ്പുകൾ എന്നിൽ താണ്ഡവമാടാൻ തുടങ്ങി. സിമി എനിക്കുവേണ്ടി നൽകിയ പൊതി ഞാൻ കവറിൽ നിന്നും പുറത്തെടുത്തു.

എന്റെ കണ്ണുകളിലെ ജിജ്ഞാസയുടെ മുനയമ്പുകൾ ആ പൊതിയെ കുത്തിക്കീറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ വേവോളം കാത്തിരിക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട് അറോളവും കാത്തിരുന്നുകൂടാ എന്ന ചിന്തയിൽ ഞാൻ പതിയെ ആ പൊതി തുറന്ന് തുടങ്ങി. പാതി തുറന്ന ജനൽ വീഥിയിലൂടെ അകത്തേക്ക് അരിച്ചിറങ്ങിയ നനുത്ത കാറ്റും നിലാവും രാത്രിയിൽ എന്റെ പ്രണയത്തിനു സാക്ഷിയായി നിലനിന്ന  ചന്ദ്രനും നക്ഷത്രങ്ങൾക്കും മുൻപാകെ ന്യൂസ്‌പേപ്പർകൊണ്ട് മേലങ്കിയണിയിച്ച കടലാസ് മാറ്റി. വർണ്ണശബളമായ ഗിൽറ്റുപേപ്പറിനുമേൽ ബെസ്ററ് വിഷസ് കാർഡിൽ സ്നേഹപൂർവ്വം സിമി എഴുതിയിരിക്കുന്നു. സ്നേഹത്തിലേക്ക് വീഥിയൊരുക്കുന്ന ഹൃദയം ആ പൊതിക്കുള്ളിലുണ്ടോന്ന് ഞാൻ വിരലുകൾ തലോടി തുറന്നു. ആംഗലേയ ഭാഷയും മാതൃഭാഷയെയും ബന്ധിപ്പിക്കുന്നതിനും എന്റെ ഭാഷ പ്രയോഗങ്ങൾക്കു നേർവഴിയൊരുക്കാൻ  ഉതകുന്നതുമായ ഇംഗ്ലീഷ് മലയാളം ഭാഷ നിഘണ്ടു. അത്രയും വലിയ പുസ്തകം കണ്ടപ്പോൾ ആദ്യം ദേഷ്യം തോന്നി. പക്ഷേ സിമി എനിക്ക് വേണ്ടി വാങ്ങി തന്നതാണെന്ന പ്രണയ വികാരം എന്നിലെ കാമുകന് സന്തോഷിക്കാൻ കാരണമായി.  കൈകളിലൂടെ താളുകൾ മറിഞ്ഞു. പ്രണയം എന്ന വാക്കു തിരഞ്ഞ എന്റെ കണ്ണുകളിൽ കാമമെന്ന വാക്കിന്റെ ഇംഗ്ലീഷ് പദം ലസ്റ്റ് എന്ന് തെളിഞ്ഞു കണ്ടു.

പ്രണയമില്ലാതെ കാമം മാത്രമായി ഒതുങ്ങുമ്പോഴാണ് പരസ്പര സ്നേഹബന്ധങ്ങൾ നശിക്കുന്നതെന്നു ആരോ മനസ്സിൽ പറഞ്ഞു തുടങ്ങി. ഹൃദയസംബന്ധമായ കാര്യങ്ങൾ പലപ്പോഴും സങ്കീർണ്ണമാണ്, സ്നേഹവും കാമവും എന്ന സമാന പദങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത് എളുപ്പമാണ് പക്ഷേ രണ്ടും വിഭിന്ന കോണുകളിലാണ് മനുഷ്യനിൽ കുടികൊള്ളുന്നത്.  എനിക്കായി മറ്റെന്തെങ്കിലും സിമി കരുതി വെച്ചിരിക്കുമോ എന്ന് പുസ്തക താളുകൾ ഞാൻ മറിച്ചുകൊണ്ടിരുന്നു. കല്യാണം എന്ന വാക്കിനെ  പ്രതിനിധാനം ചെയ്യുന്ന മാരേജ് എന്ന വാക്കു വരുന്ന പേജിൽ എത്തി. അതിൽ എനിക്ക് വേണ്ടി ഒരു എഴുത്തു കാത്തിരിക്കുന്നു. ഇല്ലെന്റ് ലെറ്ററിൽ അഡ്രസ്സിൽ എന്റെ പേരുമാത്രം ഉരുണ്ട കൈയ്യക്ഷരത്തിൽ രേഖപ്പെടുത്തിരിക്കുന്നു. പെറ്റുവീണ പിഞ്ചു കുഞ്ഞിനെ കൈയ്യിലെക്കു ഏറ്റുവാങ്ങുന്നപോലെ ഞാൻ ആ കത്തെടുത്തു പതിയെ ചുംബിച്ചു. മേശക്കരികിൽ നിന്നും കത്തുമായി ഞാൻ കട്ടിലിലേക്ക് ചാഞ്ഞു കിടന്നു കത്ത് വായിക്കാനായി തയ്യാറെടുത്തു. പാതി വിടരാൻ കൊതിച്ച പൂമൊട്ടിനെ ചുംബിച്ചു പ്രണയ പുഷ്പയ്ക്കുവിധം ഞാൻ ആ കത്ത് തുറന്നു വായിക്കാൻ തുടങ്ങി.  

പ്രിയപ്പെട്ട വിഷ്ണുവിന്,

എന്റെ ഹൃദയത്തിലെ ചില സത്യങ്ങൾ ഈ കത്തിലൂടെ നിന്നോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. നിന്റെ സാന്നിധ്യവും വാക്കുകളിലെ കരുതലും സ്നേഹവും എന്റെ ജീവിതത്തിൽ എത്രമാത്രം അനുഭവങ്ങളാക്കിയെന്നോ എനിക്ക് വാക്കുകളിൽ വിവരിക്കാനറിയില്ല. ഇപ്പോൾ ഞാൻ നിന്നിൽ നിന്നും ദൂരെയായി നിൽക്കുമ്പോൾ നിന്റെ കൂടെ ചെലവഴിച്ച ഓരോ നിമിഷവും എത്ര മനോഹരമാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. നിന്റെ ഹൃദയത്തിൽ എന്നോടുള്ള സ്നേഹം എത്ര വിലപ്പെട്ടവയെന്ന് മനസ്സിലാക്കാൻ നിന്റെ കത്തിലൂടെ എനിക്ക് സാധിച്ചിരുന്നു. പക്ഷേ........ ആ വരികൾ എന്റെ കയ്യിൽ ഇല്ലെങ്കിലും ഹൃദയത്തിൽ കുറിക്കപ്പെട്ടിട്ടുണ്ട്. ഇത് വായിക്കുമ്പോൾ എനിക്ക് നിന്നോട് സ്നേഹമുണ്ടെന്ന് നീ പ്രതീക്ഷിക്കുമെന്നും എനിക്കറിയാം. സ്നേഹത്തിന്റെ മുന്നിൽ ചിലപ്പോൾ രക്തബന്ധങ്ങൾപോലും തോറ്റുപോകും. നിന്റെ സാന്നിധ്യം സ്നേഹവും നിന്റെ കൂടെ ചെലവഴിച്ച ഓരോ നിമിഷവും ഞാൻ ഇനിയും ഒരുപാടു ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് മുന്നിൽ നിരവധി പ്രതിബന്ധങ്ങളുണ്ട്. ജീവിതമെന്ന മഹാകാവ്യത്തിലേക്കു നമ്മൾ കടക്കുന്നതിനു എല്ലാ പ്രതിബന്ധങ്ങളും താണ്ടണം. അനുഭവങ്ങളും, വാക്കുകളും, വിശ്വാസങ്ങളും പകർന്നു കാത്തിരിക്കേണ്ടി വരും. അന്നും ഈ പ്രണയം നിന്നിൽ ഇതുപോലെ ദൃഢമായി കുടികൊള്ളുന്നുണ്ടെങ്കിൽ ഒരുപാട് സന്തോഷം പങ്കുവെക്കുവാനും ഒരുമിച്ച് ഭാവി സൃഷ്‌ടിക്കുവാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചുകൊണ്ടു നിർത്തുന്നു. നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഇനി എന്ന് എപ്പോൾ എന്നറിയില്ല. സ്നേഹിച്ച നിന്റെ കണ്ണുകളിലേക്കു ഞാൻ ഒളിമറയുന്നു.

എന്ന്
സ്നേഹത്തോടെ 
സിമി ഗിരീശൻ

സിമിയുടെ കത്ത് ഞാൻ പല ആവർത്തി വായിച്ചു. ഓരോ വാക്കും എന്റെ ഹൃദയത്തിന്റെ ഇടനാഴിയിൽ അവളുടെ കാൽപ്പാടുകളായി പതിഞ്ഞു. ഹൃദയതാളം മുറുകുന്നതോടൊപ്പം മന്ത്രധ്വനിയായി എന്നിൽ "ഞാൻ കാത്തിരിക്കും... ഞാൻ കാത്തിരിക്കും" എന്ന് മുഴങ്ങുന്നുണ്ടായിരുന്നു. നീലനിശീഥിനിയിലെ താരങ്ങൾ എന്റെ ഹൃദയകാശത്തു പ്രകാശിച്ചു. ജാലക വാതിലിലൂടെ കുഞ്ഞിളം ചെന്നാൽ മേലാകെ തഴുകി തലോടി. മുറ്റത്തു വിടരാൻ കൊതിച്ചു നിന്ന പാരിജാതം എന്നിലേക്ക്‌ പരിമളം പടർത്തി തന്നു. ജീവിതത്തിൽ നിന്നും സ്വപ്നങ്ങളുടെ തേരിലേറി ഞാൻ സിമിയുമായുള്ള ജീവിതമെന്ന മഹാസാഗരത്തിലേക്കു യാത്രയായി.  

വീട്ടിൽ അമ്മയില്ലാതിരുന്നതിനാൽ രാവിലെ എഴുന്നേറ്റു വന്നപ്പോഴേക്കും അച്ഛൻ കടയിലേക്ക് പോയിരുന്നു. ദിനപത്രം വരാന്തയിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു. എടുത്തു വായിക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ എഴുന്നേൽക്കാൻ കാത്തു നിന്നപോലെ പ്രഭാത ഭക്ഷണം കഴിക്കാനായി ശാന്തേടത്തി വേലിക്കൽ വന്നു നിന്ന് എന്നെ വിളിച്ചു. എഴുന്നേറ്റതെയുള്ളു ദിനചര്യകൾ കഴിഞ്ഞു വരാമെന്നു പറഞ്ഞു പത്രം ഓടിച്ചൊന്നു വായിച്ചു തീർത്തു. കുളികഴിഞ്ഞു അമ്പലത്തിലും പോകാനെന്നവണ്ണം അലമാരയിൽ നിന്നും നല്ല ഡ്രെസ്സെടുത്തു ധരിച്ചു. പിന്നീട് ശാന്തേടത്തിയുടെ വീട്ടിൽ ചെന്ന് ഇഡലിയും സാമ്പാറും കഴിച്ചതിനു ശേഷം അമ്പലത്തിൽ പോകാതെ സൈക്കിളെടുത്തു കടയിലേക്ക് പോയി. കടയിലെ നേർച്ചപ്പെട്ടിപോലുള്ള ഒരു രൂപ നാണയമിട്ടു വിളിക്കുന്ന പബ്ലിക് കോൾ ഓഫീസ് ഫോണിലേക്കു ആശുപത്രിയിൽ നിന്നും 'അമ്മ വിളിച്ചു. ആനന്ദവല്ലിയമ്മയെ ഡിസ്ചാർജ് ചെയ്യാൻ പോകുകയാണെന്നും സഹായത്തിനായി ആശുപത്രിയിലേക്ക് അച്ഛനോ ഞാനോ ചെല്ലാൻ വിളിച്ചു. ഹോസ്പിറ്റലിൽ നിന്നും ആനന്ദവല്ലിയമ്മയെ ഡിസ്ചാർജ് ചെയിതുകൊണ്ടുപോരുന്നതിനു വയലാർ കവലയിലുള്ള മുരളിയുടെ അംബാസിഡർ കാർ അച്ഛൻ വിളിച്ചു വരുത്തി. സിനിമകളിൽ കാണുന്നപോലെ ഞാൻ അംബാസിഡർ കാറിന്റെ പിൻസീറ്റിലിരുന്നു രാജകീയ പ്രൗഢിയോടെ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് യാത്രയായി.

(തുടരും.....)

Read More:  https://emalayalee.com/writer/278

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക