ചില പാട്ടുകൾ നമ്മുടെ സ്വകാര്യ സങ്കടങ്ങളെ വന്നു മെല്ലെ തൊട്ടുണർത്തും . 'പാഥേയം' എന്ന ചലച്ചിത്രത്തിലെ
"ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്-"
എന്നു തുടങ്ങുന്ന പാട്ട് അത്തരത്തിലൊന്നാണ് . കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ തൂലികത്തുമ്പിലൂടെ ഊർന്നിറങ്ങിയ ആ വരികൾ ഒരിക്കലെങ്കിലും ഒന്നു മൂളി നോക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല . മലയാളക്കര ഒന്നാകെ ഏറ്റെടുത്തു മൂളി നടന്ന പാട്ടുകളിലൊന്ന് . കാവ്യബിംബങ്ങളെല്ലാം തന്നെ വളരെ പുതുമയുള്ളതും. .
'ചന്ദ്രകാന്തക്കല്ല്' എന്നൊക്കെ കേട്ടിട്ടേയുള്ളൂ . ആ കല്ലു കൊണ്ടൊരു നാലുകെട്ട് .! നമ്മുടെ സങ്കൽപ്പങ്ങൾക്കെല്ലാമപ്പുറം ഭാവന കൊണ്ടു കവി നമുക്കു ചുറ്റുമൊരു കൊട്ടാരം തന്നെ പണിഞ്ഞു വയ്ക്കുന്നു . അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ കൂടി ചേർത്തു വച്ചൊരു കവിഭാവന എത്ര സുന്ദരം .! അതിലൂടെ എത്ര സാന്ദ്രമായാണ് അടുത്ത വരികളിലേക്കുള്ള കാവ്യബിംബങ്ങളെ ഈണവുമായി ചേർത്തു വച്ചിരിക്കുന്നതെന്നു നോക്കൂ .!
മണി മുത്തുകൾ പോലെ പൊഴിഞ്ഞു വീഴുന്ന അച്ഛൻ സ്നേഹത്തിനു താളമിട്ട് ശ്രുതി മീട്ടുന്ന മഴവിൽ തംബുരുവിന് എന്തൊരു ചേലാണ് .! അതിൽ നിന്നും ഉതിർന്നു വീഴുന്നതാകട്ടേ , സ്നേഹസ്വരങ്ങളുടെ പൂമഴയും ! പ്രകൃതി പോലും അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്നു എന്നറിയാൻ ആ പൂഞ്ചോലകളുടെ പാദസര കിലുക്കം തന്നെ ധാരാളം . മണിമുത്തുകളായി ചിതറിത്തെറിക്കുമാ ഗാന കല്ലോലിനിയിൽ, ഒരു മണിക്കുമ്പിളോളം സ്നേഹം നിറഞ്ഞിരിക്കുന്നു. അവിടെ അച്ഛനും മകളും മാത്രമായൊരു സ്വർഗ്ഗം പണിയുകയാണ്. ആകാശഗംഗയോളമെത്തുന്ന ആ സ്വപ്ന സാമ്രാജ്യത്തിൽ ഋതുക്കൾ ആമ്പൽക്കുളം തീർത്തിരിക്കുന്നു . ആ കൽപ്പടവുകളിലൊന്നിൽ , വെറുതേയൊന്നിരിക്കാൻ ആ വരികൾ മൂളുന്നവരെല്ലാമാഗ്രഹിച്ചുപോകും.
മനസ്സിടങ്ങളെ തൂലികത്തുമ്പിനാൽ സുതാര്യമാക്കുന്ന കാഴ്ച . മനസ്സിന്റെ നേർരേഖകൾ നേർത്തു നേർത്തു നേരിയതാകുന്ന പോലെ മാനസങ്ങൾ വെളിവാക്കപ്പെടുന്ന വരികൾ . മനോഹരമായ കാവ്യ ബിംബങ്ങളും നല്ല പദസമ്പത്തും കൊണ്ട് അനുഗ്രഹീതമായ ഒരു ഗാനം . മനസ്സിനുള്ളിലേയ്ക്കൊരു കുളിരായ് കിനിഞ്ഞിറങ്ങുന്ന സംഗീതം . മമ്മൂട്ടി എന്ന നടനിലെ അച്ഛൻ കഥാപാത്രം അവിടെ ശരിക്കുമൊരച്ഛനാകുന്നു . മകളെ തിരിച്ചു കിട്ടിയ അനുഭൂതി ആ മുഖത്തു നിന്നും വായിച്ചെടുക്കാനാവുന്നുണ്ട് . ആ സന്ദർഭത്തിനി ണങ്ങും വിധം വരികളെ സുന്ദരമായി , കാവ്യാത്മകമായി ക്രമീകരിച്ചിരിക്കുകയാണിവിടെ . ബോംബെ രവി എന്ന സംഗീത സംവിധായകന്റെ ഈണത്തിലേയ്ക്കിറങ്ങി നിൽക്കുന്ന വാക്കുകൾ . അഴകാർന്നൊരു ഭംഗിയിൽ അക്ഷരങ്ങളും വാക്കുകളും ആവർത്തിക്കുന്ന വരികൾ . ഈ ഈണത്തിലല്ലാതെ ആ പാട്ടിനെ നമുക്കു സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധമുള്ള ഇഴയടുപ്പം . എന്നും മധുരനൊമ്പരമായ് പെയ്തിറങ്ങുന്നൊരു പാട്ട് .
പ്രകൃതി പോലും അവരുടെ സന്തോഷത്തിൽ അലിഞ്ഞു ചേരുന്ന മായിക സ്വരത്തിൽ ഗാന ഗന്ധർവ്വൻ ആ വരികളെ അനശ്വരമാക്കി മലയാളികളുടെ മനസ്സിനകത്തു പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നു . ഉപമകളും ബിംബങ്ങളുമൊക്കെയായി അവരുടെ സന്തോഷം സ്വർഗ്ഗത്തോളമെത്തുന്നതു ആസ്വാദകരുടെ ഹൃദയത്തിലൂടെ കയറിയിറങ്ങിയാണ് .
ഒറ്റപ്പെടലിന്റെ അലസ ജീവിതത്തിലേക്കു തന്റെ മകൾ കടന്നു വരുന്നതോടെ മാറിമറിയുന്ന മനോവ്യാപാരങ്ങൾ. മകൾ കൂട്ടായി എത്തിയപ്പോൾ അദ്ദേഹം തീർത്ത പൊന്നൂഞ്ഞാൽ പെൺമക്കളുള്ള എല്ലാ അച്ഛൻമാരും തീർക്കുന്നതാണ് . മമ്മൂട്ടി എന്ന അച്ഛന്റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം മകളിലേക്കു പറ്റിച്ചേർന്നു നിൽക്കുകയാണിവിടെ .
സന്തോഷത്തിന്റെ ഭാവനകൾ ചാലിച്ചെഴുതിയ ലളിതമായൊരു പാട്ട് . പറയാനൊന്നുമില്ല . എന്നാൽ പറഞ്ഞാലൊട്ടു തീരുകയുമില്ല എന്ന രീതിയിൽ . ആ നാലുകെട്ട് അവിടെയുണ്ടോയെന്നറിയാൻ അറിയാതെയറിയാതെ , കൊതിപൂണ്ട് ഞാനുമാ ആകാശത്തിലേക്കൊന്നു നോക്കിപ്പോയി ! ആ നാലുകെട്ടൊന്നു കാണാൻ അത്രയും ആഗ്രഹം .! കാരണം ഒരച്ഛൻ തന്റെ മകൾക്കായി പണികഴിപ്പിച്ചതാണത് . ക്യാമറക്കണ്ണിലൂടെ മനോഹരമാകുന്ന ആ വരികൾ കേട്ട തൊട്ടടുത്ത നിമിഷം തന്നെ എന്നിലൊരു വിഷാദം വന്നു നിറഞ്ഞു . മനസ്സു വരണ്ടു വിണ്ടു കീറിപ്പോയി . 'അച്ഛൻ ' എന്ന വാക്കുപോലും ഉച്ചരിക്കാൻ നാവു വഴങ്ങുന്നതിനു മുന്നേ എനിക്കില്ലാതായിപ്പോയ ആ ഒരു സത്യത്തെ എനിക്കിങ്ങനെ ചില സങ്കൽപ്പങ്ങളിലൂടെ മാത്രമേ ഇനി കിട്ടുകയുള്ളൂ എന്ന യാഥാർത്ഥ്യം . എനിക്കു കൈയെത്തിപ്പിടിക്കുവാൻ കഴിയാത്തത്ര ഉയരത്തിലുളള ഒരു നക്ഷത്രമായേ അച്ഛനെ ഇനി കാണാൻ കഴിയൂ എന്ന ചിന്ത എന്റെ മനസ്സിനെ ചുട്ടു പൊള്ളിച്ചു .
എനിക്കു ഒരുപാടു കാശുണ്ടായിരുന്നെങ്കിൽ , ചിത്രം സിനിമയിൽ ഭർത്താവായി അഭിനയിപ്പിക്കുന്നതു പോലെ അച്ഛനായി ഒരു ദിവസമെങ്കിലും എന്നോടൊപ്പം താമസിച്ച് അഭിനയിക്കാൻ ഞാൻ ആരെയെങ്കിലും ഏർപ്പാടാക്കുമായിരുന്നു . ഏതെങ്കിലും ഒരു നാട്ടിൽ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ , എന്നെങ്കിലും വരും എന്നൊരു പ്രതീക്ഷയെങ്കിലും ബാക്കി ഉണ്ടായേനെ .
മനസ്സിനുള്ളിലേയ്ക്കൊരു കുളിരായി കിനിഞ്ഞിറങ്ങുന്ന സംഗീതം . മകളെ കണ്ണെഴുതി, പൊട്ടുതൊടുവിക്കുന്ന അച്ഛൻ ! പലതരം ഉടുപ്പുകൾ ഇടുവിച്ച് , അതെല്ലാം ഫോട്ടോയിൽ പകർത്തുമ്പോൾ അച്ഛൻ സ്നേഹത്തിന്റെ കുന്നോളം വാൽസല്യം വരികളിലും വന്നു നിറയുന്നു . കണ്ടിട്ടും കണ്ടിട്ടും മതിയാകാത്തൊരു മായിക കാഴ്ചയായിരുന്നു എനിക്കത് . ആ അച്ഛൻ ഒരു നിമിഷം സ്ക്രീനിൽ നിന്നിറങ്ങി വന്ന് എന്റെ കൈപിടിച്ചെങ്കിലെന്നു കൊതിച്ചു പോയൊരു കാഴ്ച . 'ഉസ്താദ്' സിനിമയിലെ
" വെണ്ണിലാ കൊമ്പിലെ രാപ്പാടീ ഇന്നു നീ ഏട്ടന്റെ ശിങ്കാരീ ..."
എന്ന പാട്ടും ഇതും . ഇന്നോളം എന്നെ കരയിക്കാൻ കഴിഞ്ഞിട്ടുള്ള രണ്ടു പാട്ടു സീനുകൾ . അച്ഛന്റെ വാൽസല്യ സ്നേഹവും ചേട്ടന്റെ കരുതലും എന്നെ കരയിക്കുമെന്ന കാരണത്താൽ അതിനി എനിക്കു കാണണ്ട എന്ന തീരുമാനത്തിൽ ആ സീൻ ടി.വി യിൽ കണ്ടാലുടൻ അതിൽ നോക്കാതെ ,
" ഓ ഇതൊക്കെയെന്ത് "?
എന്ന നിസ്സാര ഭാവത്തിൽ എനിക്കിഷ്ടമല്ലന്ന മട്ടിൽ മന:പൂർവ്വം മാറിയിരിക്കുമായിരുന്നു . .പക്ഷേ അപ്പോൾത്തന്നെ ,
'കിട്ടാത്ത മുന്തിരി പുളിക്കും '
എന്നൊരു പഴഞ്ചൊല്ലിൻ മറുകുറി കൂടി മനസ്സിന്റെ മുകൾപ്പരപ്പിലേയ്ക്കു കയറി വന്ന് നെഞ്ചിൽ തടഞ്ഞിരുന്നെന്നെ ശ്വാസം മുട്ടിക്കുകയും ചെയ്യും .
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
മഴവിൽതംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ്
സ്നേഹസ്വരങ്ങൾ പൂമഴയായ്
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
കുങ്കുമം ചാർത്തിയ പൊന്നുഷസന്ധ്യതൻ
വാസന്ത നീരാളം നീയണിഞ്ഞു
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനനശ്രീയായ് തുളുമ്പി വീണു
കാനനശ്രീയായ് തുളുമ്പി വീണു
അംബരം ചുറ്റും വലതു വെയ്ക്കാൻ
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ .