വിദ്യാലയങ്ങളിലും വായനശാലകളിലും മാത്രമല്ല, ഒരു A4 സൈസ് പേപ്പർ വയ്ക്കാൻ സൗകര്യമുള്ള ഏതു പൊതു ഇടത്തിരുന്നും ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയപ്പോൾ, കണ്ണൂർ പാട്യം സ്വദേശി പ്രമോദിനെ ചിലർ 'പേനവരയിലെ പേരെ'ന്നും, മറ്റു ചിലർ 'പ്രമോദ് ചിത്രം' എന്നും വിളിക്കാൻ തുടങ്ങി!
ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഫൗണ്ടൻ പേനയുടെ പകരക്കാരനായി ബോൾപോയൻ്റ് പെൻ പ്രചാരത്തിലെത്തിയതു മുതൽ പേനവരയുടെ കാലം ആരംഭിച്ചിരുന്നുവെങ്കിലും, പരിമിതികൾ അലട്ടിയ ഈ കലാശാഖ, ചിത്രരചനയുടെ ഇതര വിഭാഗങ്ങളെപ്പോലെ വളർന്നു പന്തലിച്ചില്ല. എന്നിരുന്നാലും പ്രമോദിൻ്റെ പ്രഥമ പ്രണയം പേനവരയോടു തന്നെ ആയത് ഒരുപക്ഷേ വ്യക്തിഗത അഭിരുചികളാണ് ഒരു ചിത്രകാരൻ്റെ ഏറ്റവും സ്ഥായിയായ ചാലകശക്തി എന്നതുകൊണ്ടായിരിക്കാം. പേനവരയിൽ പേരെടുത്ത പ്രമോദിനോടു സംവദിക്കുകയെന്നാൽ പെൻആർട്ട് രേഖാചിത്ര മേഖലയിലേയ്ക്കുള്ളൊരു ദ്രുതസഞ്ചാരമാണ്...
🟥 രണ്ടു ദശാബ്ദം മുമ്പേ...
തലശ്ശേരിയിലെ സ്കൂൾ ഓഫ് ആർട്ട്സിലായിരുന്നു ചിത്രരചനാപഠനം. 1995-ൽ കോഴ്സ് പൂർത്തിയാക്കി. 2002-ൽ അവിടെ സന്ദർശിച്ച അവസരത്തിലാണ് ആദ്യമായി ഒരു പേനവര ഉദ്യമം അരങ്ങേറിയത്. സ്ഥാപനത്തിൽ അപ്പോൾ പഠിച്ചിരുന്ന സീമ എന്ന കൂട്ടുകാരി രണ്ടു പേനകൾ സമ്മാനമായിത്തന്നു. നല്ല ഒഴുക്കോടെ വരക്കാൻ പറ്റുന്ന സുന്ദരമായ പേനകളായിരുന്നു അവ. അതു വരെ പഠനത്തിൻ്റെ ഭാഗമായി ഒരു ഹാൻഡ്ബുക്കിൽ ഡൈലി സ്കെച്ച് മാത്രം ചെയ്തുകൊണ്ടിരുന്ന എനിയ്ക്ക് വേറിട്ടെന്തെങ്കിലും ചെയ്യാൻ ചന്തമുള്ള ആ തൂലികകൾ പ്രചോദനമായി. തുടർന്ന്, ഒരു A4 പേപ്പറിൽ മിനിയേച്ചർ സ്റ്റൈൽ പേനവരയെക്കുറിച്ചു ആലോചിച്ചു. എന്തു വരക്കണമെന്നതായിരുന്നു അടുത്ത ചിന്തകൾ. ഒടുവിൽ ഒരു ഉൾപ്രരണ പോലെ, പേനകൾ നൽകിയ ആളെത്തന്നെ ഞാൻ സ്കെച്ചു ചെയ്തു. കൂട്ടുകാ൪ ചുറ്റും കൂടി. രേഖാചിത്രത്തിനു മുഖഛായ കിട്ടിയിട്ടുണ്ടെന്നു അവരെല്ലാം ഒരുമിച്ചു അഭിപ്രായപ്പെട്ടപ്പോൾ ഞാനൊരു മായാലോകത്തിലാണെന്നാണ് എനിയ്ക്കു തോന്നിയത്! ആ നിമിഷങ്ങളിൽ അനുഭവപ്പെട്ട ആത്മനിർവൃതി ഇന്നെനിയ്ക്ക് വാക്കുകളെക്കൊണ്ടു പ്രകടിപ്പിക്കാൻ കഴിയുന്നില്ല. പടത്തിൽ തെളിഞ്ഞുകണ്ട മിത്രത്തിനു തന്നെ എൻ്റെ കന്നിപ്പേനവര ഉപഹാരമായി നൽകി. സാമ്പത്തിക പരാധീനതകളെക്കൊണ്ടു പൊറുതിമുട്ടിയിരുന്ന പഠിപ്പു കാലത്ത് സഹപാഠി തന്ന ആ കൊച്ചു സമ്മാനത്തിന് യഥാർത്ഥത്തിൽ എൻ്റെ വരുംകാല കലോപാസനയുടെ മുഴുവൻ വിലയുണ്ടായിരുന്നു!
🟥 ആയിരക്കണക്കിൽ സ്പോട്ടുവരകൾ!
കൂട്ടുകാരുടെയും, മുഖപരിചയമുള്ളവരുടെയും, ചിലപ്പോൾ അപരിചിതരുടെയും അപേക്ഷകൾ മാനിച്ചുകൊണ്ടാണ് മിക്കവാറും എല്ലാ പേനവരകളും ചെയ്തിട്ടുള്ളത്. വില്ലേജാപ്പീസിൽ കരമടയ്ക്കാൻ പോയപ്പോഴും, ഗ്രാമത്തിലെ ഒറ്റപ്പെട്ട ചായക്കടയിൽ മഴയത്തു കയറി നിന്നപ്പോഴും, പേനവരക്കുള്ള അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്! എന്നെ അറിയുന്ന ആരെങ്കിലും അന്നേരം അവിടെ കാണും. വലിയ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ലാത്തൊരു കേഷ്വൽ ആർട്ട് ഫോം ആയതിനാലായിരിക്കാം പലരും ഇത്തരത്തിൽ ആവശ്യപ്പെടുന്നത്. അവർ കടലാസ്സ് ഏർപ്പാടാക്കും, യോജ്യമായ ഒരു പേന പതിവായി എൻ്റെ പോക്കറ്റിലുമുണ്ടാകും. മിക്കവർക്കുമിഷ്ടം സ്വന്തം മുഖം പേനവരയിൽ കാണാനാണ്. മറ്റു ചിലർക്ക് ബുദ്ധനും, ക്രിസ്തുവും, കൃഷ്ണനുമായിരിയ്ക്കും. നർത്തകിമാരുടെയും, രാജകുമാരിമാരുടെയും മറ്റുമുള്ള ക്ലാസ്സിക് പാറ്റേണുകൾ വരപ്പിയ്ക്കുന്നവരും ധാരാളമുണ്ട്. പ്രതിഫലം സ്വീകരിക്കണമെന്നു നിർബന്ധം പറയുന്നവരോട്, എൻ്റെ സൃഷ്ടി കേടുവരാതെ സൂക്ഷിച്ചുവച്ചാൽ അതു തന്നെ തക്കതായ പ്രതിഫലമെന്ന് മറുപടി പറയും.
എൻ്റെ അധ്വാനം, അല്ലെങ്കിൽ പേഷൻ, അവരുടെ ഭവനങ്ങളിൽ ചില്ലിട്ടു തൂക്കിയെന്നറിയിക്കുന്ന ഫോൺകാളുകളും, നേരിട്ടുള്ള അഭിനന്ദനങ്ങളും തുടർന്നുമുള്ള സ്പോട്ടുവരകൾക്കു പ്രേരണ നൽകുന്നു. ആധുനിക ബോൾപോയൻ്റ് പേന കണ്ടുപിടിച്ച ലാസ്ലോ ജോസെഫ് ബൈറോയെ വരക്കാമോയെന്ന് ഒരു എക്സിബിഷനിൽവച്ച് ഒരു മുതിർന്ന ചിത്രകാരൻ ആവശ്യപ്പെട്ടതും, ഞാൻ കോറിയിട്ട ബൈറോ ഇമേജിനെക്കുറിച്ചു അദ്ദേഹം പറഞ്ഞ അഭിപ്രായവും എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഞാൻ തന്നെ ചില്ലിട്ടു തൂക്കിയിട്ടിട്ടുണ്ട്! ഒരോ വരയും മാനസികമായി വലിയ ഉണർവാണ് എനിയ്ക്കു തരുന്നത്. വിഷാദചിന്തകൾ അസ്വസ്ഥമാക്കിയ നാളുകളിലാണ് ഞാൻ ഏറ്റവുമധികം സ്പോട്ടുവരകൾ ചെയ്തിട്ടുള്ളത്! ആയിരക്കണക്കിൽ പേനവരകൾ ഇതുവരെ ചെയ്തിട്ടുണ്ടെങ്കിലും, എൻ്റെ പക്കൽ അതിൻ്റെയൊരു ശേഖരമില്ല. എല്ലാം അപ്പപ്പോൾ തന്നെ ആവശ്യപ്പെട്ടവർക്ക് വരച്ചുനൽകിയല്ലൊ!
🟥 പേന, പേപ്പർ
വ്യക്തതയും ചന്തവുമാണ് പേനവരയുടെ മുഖ്യമായ അടയാളം. രേഖാചിത്രങ്ങൾക്കെല്ലാം ഇതു നിർബന്ധമാണ്. അതിനാൽ, ഓരോ സമയത്തും വിപണിയിൽ ലഭ്യമാകാറുള്ള പേനകൾ മാറിമാറി പരീക്ഷിച്ചു നോക്കിയാണ് ഗുണനിലവാരമുള്ള പേനകൾ തിരഞ്ഞെടുക്കുന്നത്. എഴുതുവാൻ ഉപയോഗിക്കുന്ന സാധാരണ പേനകളാണ് തുടക്കകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. കലയുമായി മുന്നോട്ടു പോയപ്പോൾ മഷിയുടെ ശോഭയും, അനായാസമായ ഒഴുക്കും, കട്ടിയും മറ്റുമെല്ലാം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. കുറച്ചു കാലമായി ഉപയോഗിക്കുന്നത് കേംലിൻ തോറ, ബോക്കെ മുതലായ കമ്പനികളുടെ ബോൾപോയൻ്റ് പേനകളാണ്. ഇടത്തരം ഫോട്ടോകോപ്പി പേപ്പറുകൾക്കുള്ളതിനേക്കാൾ മേന്മയുള്ള ഉപരിതലം വർണക്കൊഴുപ്പില്ലാത്ത പേനവരക്ക് അനിവാര്യമാണ്. 'ഐവറി A4 സൈസ്' ഇനത്തിൽ വരച്ചാൽ പ്രിൻ്റുചെയ്തതു പോലെ തോന്നും. മഷി പരക്കുകയുമില്ല. ഉദ്ദേശിച്ച ടോണും ക്വാളിറ്റിയും വർക്കിനു വന്നുചേരുമ്പോൾ വല്ലാത്തൊരു സംതൃപ്തിയാണ്! എന്നാൽ, മുന്തിയ ഇനം പേനയുടെയും പേപ്പറിൻ്റെയും ഉയർന്ന വില ഒരു പ്രതിബന്ധമായി തുടരുന്നു. നീണ്ട പേനവര സെഷനുകളുടെ ഇടവേളകളിൽ, ഒരു ചെയ്ഞ്ചിനു വേണ്ടി, ഇമ്പ്രഷനിസവും, എക്സപ്രഷനിസവും, അബ്‌സ്ട്രാക്ടും, അക്രിലിക്കും, ഓയിലും, വാട്ടറും, മിനിയേച്ചറുമെല്ലാം ചെയ്യാറുണ്ടെങ്കിലും, പേനവരയോടുള്ള പ്രണയം അഭംഗമായി തുടരുന്നു.
🟥 പേനവരയുടെ പരിമിതി
തിരുത്തലുകൾക്ക് അവസരമില്ലായെന്നതാണ് പേനവരയുടെ ഏറ്റവും വലിയ പരിമിതി.
പേനകൊണ്ടു നേരിട്ടു വരക്കുന്നതായതിനാൽ, ഒരു ചെറിയ പിശക് പറ്റിപ്പോയാൽ പോലും പടം പൂർണമായും മാറ്റി വരക്കേണ്ടിവരും! അക്രിലിക്ക് പെയ്ൻ്റിൽ ചെയ്യുന്ന ചിത്രങ്ങളിലെ തെറ്റു തിരുത്തൽ വളരെ ലളിതമാണ്. പിഴവുപറ്റിയതിനുമേൽ വീണ്ടും പെയ്ൻ്റു ചെയ്തു ശരിപ്പെടുത്തിയെടുക്കാം. പേനവര ഇത്തരമൊരു ആനുകൂല്യം ചിത്രകാരനു നൽകുന്നില്ല. അതീവ സൂക്ഷ്മതയോടുകൂടി, ധ്യാനസമാനമായ ഏകാഗ്രതയിൽ, ഒരു തെറ്റുമില്ലാതെ വര പൂർണമാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ആദ്യം തന്നെ മനസ്സിൻ്റെ പ്രതലത്തിൽ മുഴുവൻ ചിത്രവും, അതിൻ്റെ സകല മാനങ്ങളും ഉൾപ്പെടെ, സമഗ്രമായി സാക്ഷാൽകരിച്ചതിനു ശേഷം മാത്രമേ പോക്കറ്റിൽ നിന്നു പേനയെടുക്കാവൂ. വ്യക്തം, പേനവര ഏറ്റവും ദുഷ്കരമായൊരു വരരൂപം! ജലച്ചായചിത്രങ്ങളിലെ പിഴതിരുത്തലിനും ഇപ്പോൾ പുതിയ വഴികളുണ്ട്.
🟥 നിറവർധനവ്
വെള്ളക്കടലാസ്സിൽ കറുപ്പു മഷിയിൽ വരക്കുന്നതാണ് സാമ്പ്രദായികമായ പേനവര. മ്യൂറൽ പെയ്ൻ്റിങുകളും, റോയൽ പോർട്രൈറ്റുകളും, അമൂർത്ത ചിത്രശില്പങ്ങളും മാസ്മരിക നിറവിന്യാസത്തിൻ്റെ മാതൃകകളായി വാഴ്ത്തപ്പെടുന്ന ഇക്കാലത്ത്, കറുപ്പു-വെളുപ്പു പേനവരയ്ക്കു പിടിച്ചുനിൽക്കാനാകുമോ എന്നതൊരു അലട്ടുന്ന ചിന്തയാണ്. കഷ്ടം, കളർ പേപ്പർ ഉപയോഗിച്ചാൽ എല്ലായിടത്തും ഒരേ ഹ്യൂ! എന്നാൽ, കളർ-വാഷ് ചെയ്ത പേപ്പറിലെ രചനയും, അക്രിലിക് പെയ്ൻ്റിൻ്റെ പിൻതുണയും പേനവരയെ കുറെയൊക്കെ വർണശബളമാക്കുന്നുണ്ടെന്നാണ് എൻ്റെ അനുഭവം. യേശുദേവനെ പല കുറി വരച്ചിട്ടുണ്ടെങ്കിലും, ഈയിടെ ഒന്നു സാക്ഷാൽകരിച്ചതു കളർ-വാഷ് രീതിയിലാണ്.
പടത്തിനൊരു ആത്മീയ പരിവേഷം ലഭിച്ചു. ചിത്രം ഹിറ്റായി. ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. ആദ്യം പേനകൊണ്ടു ദൈവപുത്രൻ്റെ ഒരു സ്കെച്ച് വരക്കുകയും, തുടർന്നു മുഖത്തും ശരീരഭാഗങ്ങളിലും യെല്ലോ-ക്രിംസൺ, ഓറഞ്ച്, മുതലായ നിറങ്ങളിൽ വാഷ് ചെയ്യുകയും വേണം. തലയുടെ പുറകിൽ സാന്ദ്രത കുറച്ചു മഞ്ഞയും. പേപ്പർ തയ്യാറായിക്കഴിഞ്ഞു. ഇനിയാണ് പേനവര! പേനത്തുമ്പിൽ നിന്നെത്തുന്ന രൂപഭംഗിയിൽ, അക്രിലിക് ഉപയോഗിച്ചും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഈ മാറ്റം ആകസ്മികമായൊരു വിജയമായിരുന്നു. തെയ്യങ്ങൾ കണ്ണൂരിൻ്റെ സാംസ്കാരിക വികാരം. പോതിത്തെയ്യം നല്ല വില എനിയ്ക്കു നേടിത്തന്നു. പൊട്ടൻതെയ്യത്തിൻ്റെ ഒരു വർക്ക് കണ്ണൂർ സിവിൽ സ്റ്റേഷനിൽ, കളക്ടറുടെ ചേമ്പറിനു മുമ്പിൽ, അധികൃതർ പ്രദർശിപ്പിച്ചത് എൻ്റെ വരജീവിതത്തിലെ ഒരു നാഴികക്കല്ല്. വർണരാഹിത്യം വർണപ്പൊലിമയ്ക്കു വഴിമാറുന്നുവോ! വരയുടെ ബാലപാഠം എന്നിലേക്കാവാഹിപ്പിച്ച എൻ്റെ പ്രിയ പിതാവിന് സ്തുതി!
🟥 കുടുംബ പശ്ചാത്തലം
അച്ഛൻ, കെ.കെ.ജി നായർ, ചിത്രകാരനും, നാടകകൃത്തും, ഗാനരചയിതാവുമായിരുന്നു. 2005-ൽ യാത്രയായി. അമ്മ, പി.കമലാക്ഷിയമ്മ, വരയുടെ വഴിയിൽ എൻ്റെ നെയ്ത്തിരി വെട്ടം. രണ്ട് സഹോദരങ്ങൾ. പത്നി, ഷീന കെ.നായർ ചിത്രകാരിയാണ്, പാട്യത്ത് ഫോട്ടോ സ്റ്റുഡിയോ നടത്തിവരുന്നു.
---------------------