ഇന്നലെ രാവിലെ നാട്ടിൽനിന്നുവന്ന തീർത്തും അപ്രതീക്ഷിതമായ മറ്റൊരു രസകരമായ ഫോൺ കോളിനെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്
‘ഹലോ , ഹലോ എന്നെ മനസ്സിലായോ '
ഇല്ലല്ലോ,
' സാറിത്ര പെട്ടന്ന് മറന്നോ '
'കുന്നംകുളത്തു കഴിഞ്ഞതവണ ഒരു പ്രോഗ്രാമിനു വന്നപ്പോൾ ആ കേസില്ലാവക്കീലിന്റെ വീട്ടിൽ കൂടിയതും കവിത ചൊല്ലിയതും ഒക്കെ ഇത്രപെട്ടെന്നു മറന്നോ '
അതുകൊള്ളാം കേസ്സില്ലാവക്കീൽ, അതിൽനിന്നുതന്നെ അയാളുടെ സ്വഭാവം ഏതാണ്ടൊക്കെ മനസിലായി. ആ സംസാരത്തിൽ ഏച്ചുകെട്ടിയ പരദൂഷണം ഞാൻ ശ്രദ്ധിച്ചിരുന്നു.
അമേരിക്കയിലും നാട്ടിലും ഏതു പരിപാടിക്കു പോകുബോഴും ധാരാളം ആളുകളെ കണ്ടുമുട്ടാറുണ്ട് അവരുടെയൊക്കെ പേരോർത്തിരിക്കുക എന്നത് അത്ര എളുപ്പമല്ലന്നറിയാമല്ലോ
എന്നാലും അതറിയിക്കാതെതന്നെ ഞാൻ പ്രതികരിച്ചു.
' അതുപിന്നെ മറക്കാൻ പറ്റുമോ വക്കീലിന്റെ വീട്ടിൽ കൂടിയ കുടിപാർട്ടിയല്ലേ, പക്ഷെ ഫോണിൽ താങ്കളുടെ പേര് ഡിസ്‌പ്ലേയിൽ കാണുന്നില്ലല്ലോ‘
അപ്പോൾ പേരറിയാൻവേണ്ടിതന്നെയാ ഞാനാ കുബുദ്ധി പ്രയോഗിച്ചത്.
' ഞാൻ ത്രിവിക്രമൻ, അയാൾ പറഞ്ഞു
' ഓ.. ത്രിവിക്രമൻ, ഇപ്പോൾ മനസ്സിലായി ഒരു പേരിൽ മൂന്നുപേരല്ലേ ഒളിഞ്ഞിരിക്കുന്നത്, പിന്നെങ്ങനെ മറക്കും. ഞാനതു സൂചിപ്പിച്ചിരുന്നല്ലോ'
'അതെ അതുകൊണ്ട് എന്നെ മറക്കില്ലന്നറിയാം'
' ആളൊരു വിക്രമനാണെന്നൊന്നും ആദ്യംകണ്ടപ്പോൾ തോന്നിയില്ല '
' അതു തമ്പിസാറെനിക്കിട്ടൊന്നു
വെച്ചതാണല്ലോ '
' ഒരിക്കലുമല്ല വെറുതെ ഒരു തമാശക്ക് പറഞ്ഞുവന്നപ്പോൾ പ്രാസമൊപ്പിച്ചങ്ങു പറഞ്ഞു അത്രയേയുള്ളൂ'
' അതാ എനിക്കീ എഴുത്തുകാരോടുള്ള അസൂയ അവരുടെയീ അർഥംവച്ചുള്ള തമാശ , എനിക്കതിനുള്ള കഴിവൊന്നുമില്ല സാറേ. ഒരെഴുത്തുകാരനാകണമെന്നായിരുന്നു എന്റെയും ആഗ്രഹം. എന്തിനുപറയുന്നു. തൊട്ടയൽപക്കത്തു കിടന്ന മറ്റൊരെഴുത്തുകാരൻതന്നെ മുളയിലേ നുള്ളിക്കളഞ്ഞു, അസൂയ അല്ലാതെന്ത് '
'അതാരാ '
'തൽക്കാലം തളത്തിൽ ദിനേശൻ എന്നുപറയുന്നു, ശരിക്കുള്ള പേരു പറഞ്ഞാൽ എല്ലാവരും അറിയുന്ന ആളാ, പക്ഷേ കാര്യം പറയാം'
ആ പേര് എവിടെയോ കേട്ടിട്ടുണ്ട് . ശ്രീനിവാസന്റെ ഏതോ സിനിമയലാണന്നാണ് എന്റെ ഒരോർമ്മ. അതിപ്പം എന്തെങ്കിലുമായാകട്ടെ. എന്നൊക്ക ഓർത്തിരുന്നപ്പോൾ അയാൾ തുടർന്നു.
' പ്രീഡിഗ്രിക്കു പടിക്കുമ്പോഴാ ഞാൻ എന്റെ ആദ്യത്തെ കഥയെഴുതുന്നത്, ഉള്ളൊഴുക്ക് '
' അതൊരു സിനിമയുടെ പേരല്ലേ'
' അതിപ്പൊഴല്ലേ, ഇതാ എഴുത്തുകാരോടെന്തെങ്കിലും പറഞ്ഞാലുള്ള കുഴപ്പം, പറയുന്ന വാക്കിലാ ശ്രദ്ധ'
' ഓ ഞാനിങ്ങനെ ഒരു രസത്തിന് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ പറയുന്ന ആളാണെന്നങ്ങു കരുതിയാൽമതി'
'അതുപിന്നെ എനിക്കറിയരുതോ, കള്ളുപാർട്ടിയാണങ്കിൽ പിന്നെ പറയുകയും വേണ്ട. നല്ല കീറാരുന്നല്ലോ വക്കീലിന്റെ വീട്ടിലിരുന്നു കീറിയത്' കള്ളു കുടിക്കുന്നതിന്റെ നാടൻഭാഷയാണ് ഈ കീറുന്നുള്ള പ്രയോഗം. പൊൻകുന്നം കാഞ്ഞിരപ്പള്ളി ഭാഗതൊക്ക ഇപ്പോഴും പ്രയോഗത്തിലുണ്ട്.
അതുനേരാ ഞാൻ രണ്ടെണ്ണം വിട്ടു എന്നുള്ളതു ശരിയാ. ഞാനൊരു മുക്കുടിയാനാണെന്ന് ഈ പരദൂഷണം ഇതിനകംതന്നെ ഒരുപത്തുപേരോടെങ്കിലും പറഞ്ഞുകാണുമെന്നുറപ്പുണ്ട്. അതറിയാമെങ്കിലും അതൊന്നും അറിയാത്തമട്ടിൽത്തന്നെ ചിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
“പക്ഷെ ത്രിവിക്രമൻ, നല്ല പൂശു പൂശിയിട്ടല്ലേ അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകളൊക്കെ' തട്ടിവിട്ടത് . എല്ലാം കാണാപാടമാണല്ലോ.
ഞാൻ നിലവിലുള്ള ന്യൂജൻ ഭാഷയായ പൂശി എന്ന പ്രയോഗത്തിൽത്തന്നെ പറഞ്ഞു. പുശിനു സിനിമാക്കാരുടെ ഇടയിൽ വേറെയും അർത്ഥങ്ങളുണ്ട്. അതൊന്നും അയാളോടു പറഞ്ഞില്ല.
‘ ഞാൻ പറഞ്ഞില്ലേ എന്റെ നടക്കാത്ത സ്വപ്നമായിരുന്നു സാഹിത്യകാരൻ ’
‘സസ്പെൻസിൽ നിർത്താതെ കാര്യംപറ വിക്രമാ ’
പിന്നെ ഒരനക്കവുമില്ല. ഞാൻ ഹെലോ ഹെലോ എന്നു ഒറക്കെപ്പറഞ്ഞപ്പോൾ പ്രതികരിച്ചു.
‘ ഞാനിവിടെ ഉണ്ട്, വെറുതെ ആ പഴയ കാര്യങ്ങളൊക്കെ ഓർക്കുകയായിരുന്നു’
‘പറയൂ എന്നാലല്ലേ ഒരു പരിഹാരം നിർദ്ദേശിക്കാൻ സാധിക്കുകയുള്ളു ’
‘സത്യം പറഞ്ഞാൽ എന്റെ ഉള്ളൊഴുക്ക്
എന്ന ആദ്യത്തെ ചെറുകഥ പ്രസിദ്ധീകരിച്ചതാ. അതും നാലുപേരറിയുന്ന പ്രസിദ്ധീകരണത്തിൽ. വീക്കിലി കയ്യിൽകിട്ടിയപ്പോൾ സന്തോഷംകൊണ്ട് എനിക്കിരിക്കാന്മേലായിരുന്നു‘
’അതിനിപ്പം ഒന്നോടിയാൽ തീരാവുന്നതല്ലേയുള്ളു ' ഞാൻ വീണ്ടും ഒരു തമാശ പറയാനുള്ള ശ്രമമായിരുന്നു. പക്ഷേ അയാളതു ശ്രദ്ധിച്ചതേയില്ല.
’ അതെ ഞാൻ ഒറ്റ ഓട്ടമായിരുന്നു'
' എന്നിട്ടോ എവിടെങ്കിലും എത്തിയോ'
' എത്തിയോന്നോ ഞാൻ നേരത്തെ പറഞ്ഞില്ലേ ആ അറിയപ്പെടുന്ന എഴുത്തുകാരൻ അയാളുടെ വീട്ടിലെത്തിയാ ശ്വാസം വിട്ടത്'
'അതേതായാലും നന്നായി ശ്വാസംമുട്ടി ചത്തില്ലല്ലോ,
അതുപറഞ്ഞു ഞാൻ ചിരിച്ചെങ്കിലും വിക്രമനിഷ്ടപ്പെട്ടില്ലന്നു തോന്നുന്നു. അതുകൊണ്ടു ഞാൻതന്നെ സംഭാഷണം തുടർന്നു.
‘വലിയ എഴുത്തുകാരൊക്കെ വായിച്ചാൽ കഥയുടെ നിലവാരമെങ്കിലും അറിയാമല്ലോ. ചുമ്മാ വായിക്കാതെ പുകഴ്ത്തിപ്പറയുന്നവരാ കൂട്ടുകാരൊക്കെ'
‘അയാളു രണ്ടെണ്ണം വിട്ടേച്ചിരിക്കുകയായിരുന്നു എന്നു പിന്നീടാണ് എനിക്കു മനസിലായത്’
‘അതിനെന്താ മഹാപ്രതിഭ തളത്തിൽ ദിനേശനല്ലേ, വൈകുന്നേരം രണ്ടെണ്ണം കഴിച്ചില്ലെങ്കിലാ കുഴപ്പം.
' അതുതന്നെയാ കുഴപ്പമായത് , അയാളത്
ഒറ്റയിരുപ്പിൽ വായിച്ചു എന്നുള്ളത് ശരിയാ, ഞാനാണെങ്കിൽ ശ്വാസം പിടിച്ചിരിക്കുകയായിരുന്നു'
അദ്ദേഹം വായിച്ചിട്ടു വീക്കിലി എന്റെ കയ്യിൽതന്നിട്ടു ചിരിച്ചു. എന്തിനാ ചിരിച്ചതെന്നൊന്നും എനിക്കങ്ങോട്ടു പിടികിട്ടിയില്ല. 'അഭിപ്രായം അറിയാനുള്ള ആകാംഷകൊണ്ട് ഞാൻ തന്നെ അൽപ്പം അഹങ്കാരത്തോടെ ചോദിച്ചു'
'എങ്ങനെയുണ്ടു സാർ'
വീണ്ടും ചിരിച്ചുവെങ്കിലും ഒരുമാതിരി ആക്കിയുള്ള ഒരു ചിരി. അതൊരു കൊലച്ചിരിപോലെയാ എനിക്കപ്പോൾ തോന്നിയത് '
അപ്പോഴേക്കും എന്റെയും ക്ഷമകെട്ടു .
' വിക്രമാ കാര്യപറ അയാളെന്തുപറഞ്ഞു'
' കഥ കുഴപ്പമില്ല, ഇതു നമ്മുടെ (ഒരു പ്രശസ്ത എഴുത്തുകാരന്റെ പേരുപറഞ്ഞു ) അയാളുടെ അതെ ശൈലി. സ്വന്തമായിട്ട് എന്തെങ്കിലും കൈയിൽ ഇല്ലെങ്കിൽ എഴുത്തു നിർത്തുന്നതാ നല്ലത് '
‘ എന്നിട്ടോരാത്മഗതം’
ഓ ഒരെഴുതുകാരൻ വന്നിരിക്കുന്നു എന്ന്. ഇതു പ്രസിദ്ധീകരിച്ച പത്രാധിപനെ എന്റെകയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ കരണകുറ്റിനോക്കി l കൊടുത്തേനെ എന്നും പറഞ്ഞു വീണ്ടും അതെ കൊലച്ചിരി.
ഇതു കേട്ടിട്ടായിരിക്കണം അയാളുടെ ഭാര്യ അഭിരാമി ( ശരിക്കുള്ള പേരല്ല കേട്ടോ ) അകത്തൂന്നുവന്ന് അയാളുടെ നേരെ കലിതുള്ളികൊണ്ടു വന്നു. എന്നിട്ട് നല്ല ഉച്ഛത്തിൽ പറഞ്ഞു.
' ഇതാ ഇതിയാന്റെ കുഴപ്പം, ഈ മനുഷ്യൻ ഒറ്റ ഒരുത്തൻ കാരണമാ എന്റെ സാഹിത്യജീവിതം അവസാനിച്ചത്. പ്രണയലേഖനങ്ങളിലെ കവിതയൊക്കെ വായിച്ചിട്ട് എന്നെ ഒരുപാട് പുകഴ്ത്തിപ്പറഞ്ഞിട്ടുള്ള ആളാ. ഉള്ളിന്റെ ഉള്ളിൽ പ്രതിഭയുണ്ട് എന്നൊക്ക എത്ര കത്തിൽ എഴുതിയിരുന്നു. അതെല്ലാം ആദ്യരാത്രി കഴിഞ്ഞപ്പോഴേ തീർന്നു. പിന്നെപറയുന്നത് ഉള്ളിന്റെ ഉള്ള് വെറും ഉള്ളി തൊലിച്ചതുപോലെയാ, ഒരു മണ്ണാങ്കട്ടയുമില്ല. തലക്കകത്തു നിലാവെളിച്ചമാ എന്നൊക്ക പറഞ് എത്ര പ്രാവശ്യം പീഡിപ്പിച്ചിരിക്കുന്നു. അങ്ങനെ കല്യാണംകഴിഞ്ഞനാൾമുതൽ തുടങ്ങിയ ചൊറിച്ചിലാ എന്നെ ഈ അടുക്കളയിൽ തളച്ചിട്ടത്. അതോടെ എന്റെ എഴുത്തുകാരി എന്ന സ്വാപ്നവും പൊലിഞ്ഞു‘
പിന്നെ എന്റെ നേരെ തിരിഞ്ഞു. ഞാൻ ഈയ്യപാറ്റാ പോലെ വിറക്കുന്നുണ്ടായിരുന്നു അപ്പോൾ.
’ ഇന്നുമുതൽ നിന്റെകാര്യത്തിലും ഒരു തീരുമാനമായി‘ എന്നും ആ പെണ്ണുപിള്ള പറഞ്ഞു. അതോടെ എനിക്കു മതിയായി.
' പിന്നെ എന്റെ മുന്നിൽകിടന്നായിരുന്നു രണ്ടുപേരുംകൂടെ ഒച്ചയും ബഹളവും, അയാളുടെ അടിവീഴുമെന്ന് ഏതാണ്ടുറപ്പായപ്പോൾ ഞാൻ പിൻവാതിലിലൂടെ ഇറങ്ങി ഓടി'
' അതു മോശമായിപ്പോയി. അവിടെനിന്നു അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പ്രോത്സാഹിപ്പിക്കാമായിരുന്നു'
' ഓ പിന്നെ ഞാനടുത്ത ഗിയർ കൊടുത്തു. തിരിഞ്ഞുനോക്കാതെ ഒറ്റ ഓട്ടമായിരുന്നു.
' ദിനേശൻ കള്ളും കഞ്ചാവുമടിച്ചിട്ട് എന്തോ വിവരക്കേടു പറഞ്ഞെന്നുംപറഞ്ഞന്നല്ലേയുള്ളു. എന്നാലും എഴുത്തു തുടരാമായിരുന്നു'
പക്ഷെ എന്തെങ്കിലും എഴുതാൻ തുടങ്ങുബോൾ അയാളുടെ ആ പ്രതികരണം തികട്ടി തികട്ടി വരും. അഭിരാമിചേച്ചി പറഞ്ഞതുപോലെ, അയാൾ തുടക്കത്തിലേ എന്റെയും കൂമ്പടച്ചു‘
എന്നാലും ഒന്നു പ്രോത്സാഹിപ്പിക്കാനായി ഞാൻ പറഞ്ഞു.
’ ആരെയും ബോധ്യപ്പെടുത്താനായിയല്ല ഒരെഴുത്തുകാരൻ എഴുതേണ്ടത്. ഉള്ളിൽ തോന്നുന്നത് ധൈര്യപൂർവം എഴുതുക‘
ഏറ്റവുമധികം തോന്ന്യവാസവും കള്ളവുമെഴുതുന്നത് എഴുത്തുകാരാണ്. അതുകൊണ്ട് വീണ്ടും എഴുത്തു തുടരുക.മറ്റൊരെഴുത്തുകാരണനോടല്ല ചോദിക്കേണ്ടത്. വായനക്കാരുടെ പ്രതികരണമാണറിയേണ്ടത്‘
' അതുനേരാ ഒരു പട്ടിക്ക് ഒരുപറ്റിയെ കാണുബോൾ ഒന്നു ചാടിക്കുരച്ചില്ലെങ്കിലേ അത്ഭുതമുള്ളു"
' അതൊക്കെ മറക്കുക ധൈര്യമായി പേനയെടുക്കുക.ആഗ്രഹിച്ചാൽ സാധിക്കാത്ത കാര്യം ഒന്നുമില്ല എന്നോമറ്റോ പൈലോ കൊയിലോ പറഞ്ഞതൊന്നും മറക്കേണ്ട'
‘സാറുതരുന്ന ഈ ആത്മവിശ്വാസം മാത്രംമതി എനിക്കിപ്പോൾ’
‘അപ്പോൾ ധൈര്യമായി മുന്നോട്ടു പോവുക എല്ലാം ശരിയാകും. വീണ്ടും എഴുതിത്തുടങ്ങുക ശുഭരാത്രി. നാളെ ഒരുനല്ല ദിവസമാകട്ടെ എഴുത്തുകാരാ.
അങ്ങനെ ആ എപ്പിസോട് അവസാനിച്ചു. 😂