Image

ഹാരി ഹൈൻസ് -8 (മീനു എലിസബത്ത്)

Published on 08 August, 2024
ഹാരി ഹൈൻസ് -8 (മീനു എലിസബത്ത്)

നാല്പത്തിനാലു  വർഷത്തിനാലെ-8

വന്ന കാലങ്ങളിലൊക്ക അമ്മയായിരുന്നു എന്റെ ഉടുപ്പുകൾ തയിച്ചിരുന്നത്. അതിനുള്ള തുണികൾ മുറിച്ചു  വാങ്ങാൻ പോകുന്നതു ഡാളസിലെ ഹാരി ഹൈൻസ്  എന്ന പേരുള്ള തെരുവിന്റെ  കിഴക്കു ഭാഗത്തുള്ള ചില തുണിക്കടകളിലാണ്. അന്നൊക്ക നാലും അഞ്ചും വർഷം കൂടി നാട്ടിലേക്ക് ‌ പോകുമ്പോൾ  ഇവിടെ നിന്ന് പാന്റ് തുണികളും ഉടുപ്പ് തുണികളുമൊക്ക ആൾക്കാർ വാങ്ങിക്കൊണ്ടു പോകും. അതൊരു പതിവ് ചടങ്ങാണ്.

ഈ തുണിക്കടകളിലേക്കുള്ള യാത്രകളിൽ ഹാരി ഹൈൻസിന്റെ തെരുവുകളിൽ സ്ഥിരം കാണുന്ന കാഴ്ചകൾ വളരെ വിചിത്രമായിരുന്നു.   രാവെന്നോ പകലെന്നോയില്ലാതെ  അൽപ്പ വസ്ത്രധാരികളായ സ്ത്രീകളുടെ പരേഡും ശരീര പ്രദർശനവും അവിടെ പതിവാണ് . വഴിക്ക് രണ്ടു വശത്തുമുള്ള കടകളിൽ പലതും പോൺ മൂവിശാലകളോ ലൈവായി ലൈംഗികത പ്രദർശിപ്പിക്കുന്ന കെട്ടിടങ്ങളോ  ആണ്.  സെക്സ് ടോയിസും  അത് പോലെയുള്ള സാമഗ്രികളും  വിൽക്കുന്ന കടകളും ധാരാളം. കസ്റ്റമേഴ്സിനെ മാടി വിളിക്കുന്ന  കോൾ ഗേൾസിനെയും, പുരുഷ വേശ്യകളെയും മയക്കുമരുന്ന് കച്ചവടക്കാരെയും പിമ്പുകലെയുമൊക്ക   അവിടെ കാണാം.  ഇത് കൂടാതെ പഴയ സ്പെയർ പാർട്സ് കടകൾ,  ടയർ കടകൾ,  ചൈനാക്കാരുടെ ചൂത് ശാലകൾ ഇവയും ചുറ്റിലുമുണ്ട്.

ഇന്നും ആ തെരുവ് ഇങ്ങനെയൊക്കെത്തന്നെ.
മറ്റേതു തൊഴിലിൽ നിന്നും  വ്യത്യസ്തമായി,   ലോകം ഉണ്ടായ കാലം മുതലുള്ള  വ്യഭിചാരം അവിടെ തകൃതിയായി നടന്നു പോരുന്നു.

ചൂതുകളിയുടെ തലസ്ഥാനമായ ലാസ് വെഗസ്  സ്ഥിതി ചെയ്യുന്ന നെവാഡ സ്റ്റേയ്റ്റിൽ  മാത്രമേ  വേശ്യാവൃത്തി നിയമപരമായി അംഗീകരിച്ചിട്ടുള്ളു. നിലവിൽ, നിയന്ത്രിത വേശ്യാലയങ്ങളുടെ രൂപത്തിൽ - നിയമപരമായ വേശ്യാവൃത്തി അനുവദിക്കുന്ന ഏക സംസ്ഥാനമാണ്  നെവാഡ.

ടെക്‌സാസിലെ   നിയമങ്ങൾ അനുസരിച്ച്  വേശ്യാവൃത്തിക്ക് കുറ്റം  തെളിയിക്കപ്പെട്ടാൽ  രണ്ട് വർഷം വരെ  ജയിൽ ശിക്ഷയും  10,000 ഡോളർ വരെ  പിഴയും ലഭിക്കാം‌. സെക്സ്‌ സോളിസിറ്റിങ്ങിനുള്ള കുറ്റം   തേർഡ് ഡിഗ്രി ഫെലണിയായി  കണക്കാക്കുകയും  ജയിൽവാസവും പിഴയും  അനുഭവിക്കുകയും ചെയ്യേണ്ടി വരും. കാശു കൊടുത്തു സെക്സ് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതാണ് ഇവിടെ കുറ്റകരം. എന്നാൽ  രണ്ടു വ്യക്തികൾ തമ്മിലുള്ള ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധം അമേരിക്കയിൽ കുറ്റകരമല്ല താനും. ഇന്ത്യയിലും ഇപ്പോൾ അത് പോലെയുള്ള നിയമങ്ങൾ വന്നു തുടങ്ങി.  

വെടിവയ്പ്പും, പിടിച്ചുപറിയും, പട്ടാപ്പകൽ മോഷണവും മഗ്ഗിങ്ങും ഈ തെരുവിൽ നിത്യസംഭവം തന്നെ. ഇത്തരക്കാരുടെ  ശല്യം വല്ലാതെ കൂടുമ്പോൾ ഇടക്ക് പോലീസുകാർ മഫ്ത്തിയിലിറങ്ങും. ചില അറസ്റ്റുകൾ രേഖപ്പെടുത്തും. പിഴയൊടുക്കി ജാമ്മ്യമെടുത്തു ആൾക്കാർ ഇറങ്ങി പോരും.

നമ്മുടെ കഥ നടക്കുന്നത്  ഒരു  വേനൽകാലത്താണ്. വളരെ സാധാരണ  ജീവിതം നയിച്ച് വന്നിരുന്ന ഒരു മലയാളി കുടുംബം. അവിടുത്തെ   ഭാര്യയും മക്കളും അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നു.   ഗൃഹനാഥനായ കുരുവിളക്ക്  അവധി ശരിയാകാഞ്ഞതിനാൽ അദ്ദേഹം പോയതുമില്ല. കുരുവിളക്കങ്ങിനെ വലിയ കൂട്ടുകെട്ടുകളോ കമ്പനികൂടലോ ഒന്നുമില്ല. കുടുംബവും വീടുമായി കഴിയുന്ന ഒരാൾ. ഭാര്യയും മക്കളും കൂടെയില്ലാത്തതിനാൽ  ഒരു മ്ലാനതയാണ് ആൾക്ക്.  പള്ളിയിൽ പോലും പോകാൻ അദ്ദേഹത്തിന് താല്പര്യമില്ല. പിന്നെ കടം ഉണ്ടാവരുതല്ലോ എന്നോർത്ത്  പോകും. ജോലിക്ക് പോകുക - വരുക. പച്ചക്കറികൾക്ക് വെള്ളമൊഴിക്കുക. ന്യൂസ് കാണുക. ഇത്രേ ഒള്ളു കുരുവിളയുടെ ദിനചര്യകൾ.  അക്കാലത്തൊന്നും മലയാളം ചാനലുകൾ നാട്ടിൽ നിന്നും വന്നിട്ട് പോലുമില്ല. ഇന്ത്യൻ കടയിൽ നിന്നും വിഡിയോ കാസറ്റ് എടുത്ത് കാണുന്നതാണ് ആകെ വിനോദം.  കുരുവിളയിങ്ങനെ ഭാര്യയും മക്കളും പോയതിന്റെ വിഷമത്തിൽ കഴിഞ്ഞു വരവേയാണ് ആ ഫോൺ വിളി വരുന്നത്.

“എടാ കുരുവി!! ഇത് ഞാനാടാ!”
ശബ്ദം കേട്ടപ്പോഴേ കുരുവിളക്ക്   ആരാണെന്നു  മനസിലായി!  തന്നെ കുരുവിന്ന് വിളിക്കുന്ന ചുരുക്കം ചില കൂട്ടുകാരിൽ ഒരാൾ. കോളജിൽ തന്റെ കൂടെ പഠിച്ച  രഘു.

“എടാ അളിയാ .. നീ എവിടെയാ ഇപ്പോൾ” !

അൽപ്പം അമ്പരപ്പോടും അതിലധികം ആഹ്ലാദത്തോടും  കുരുവിള ചോദിച്ചു.  രഘുവെന്ന രാഘവൻ നമ്പുതിരി! നമ്പുവെന്നാണ് വിളിപ്പേര്. അന്നേ ഒരു റിബലായിരുന്നു കക്ഷി. നമ്പൂതിരി കുടുംബത്തിലെ ബ്ലാക്ക് ഷീപ് എന്നാണ് തന്നെക്കുറിച്   രഘു സ്വയം  വിശേഷിപ്പിച്ചിരുന്നത്. കോട്ടയത്തെ രാജധാനി ബാറിൽ ആദ്യമായി തനിക്കൊരു പെഗ് ഒഴിച്ച് ഹരിശ്രീ കുറിപ്പിച്ചയാൾ. സാമാന്യം നല്ല  ഉഴപ്പൻ.
അന്നങ്ങിനെയൊക്കെയായിരുന്നു അയാൾ. കോളജ് പഠനത്തിന് ശേഷം ആശാനെക്കുറിച്ചു ഒരു വിവരവുമില്ല!

“കുരുവി, ഞാനിവിടെ നിന്റെ സ്‌ഥലത്തു തന്നെയുണ്ട് ഇർവിങ്ങിൽ.. എയർ പോർട്ടിനടുത്ത്’!  സിംഗപ്പൂർ ആണ് സെറ്റിലായിരിക്കുന്നത്. അവിടെ ഒരമേരിക്കൻ കമ്പിനിയിലാണ് ജോലി. ബിസിനെസ്സ് ആവശ്യങ്ങൾക്കായി ഡാലസിൽ വന്നതാ, അടുത്ത തിങ്കളാഴ്ച്ച വരെ ഇവിടെയുണ്ട്”!

“ആഹാ, കൊള്ളാല്ലോ .. നീയെന്നാൽ ഇങ്ങോട്ടു വാ  .. അനിലേം പിള്ളേരും നാട്ടിൽ പോയിരിക്കുവാ. ഞാനിവിടെ ഒറ്റക്കെ ഒള്ളു.  എന്റെ പാചകമൊക്ക കണക്കാ. നമുക്കൊപ്പിക്കാം. നീ വാ”!

കുരുവിള കൂട്ടുകാരനെ ആത്മാർത്ഥമായി ക്ഷണിച്ചു. കേട്ടപാതി രഘു പെട്ടിയുമെടുത്തു ഒരു  ടാക്സിയും പിടിച്ചു കുരുവിളയുടെ വീട്ടിലേക്കു പോന്നു. അതൊരു വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു.
വര്ഷങ്ങള്ക്കു ശേഷം കാണുന്ന സുഹൃത്തുക്കൾ! എന്താ  ഒരു  സന്തോഷം! മദ്യക്കുപ്പികളുടെയും ചിക്കൻ കാലുകളുടെയും എരിവുള്ള മെക്സിക്കൻ ഭക്ഷണങ്ങളുടെയും  അകമ്പടിയോടെ രണ്ടു പേരും വര്ഷങ്ങളുടെ വിടവ് നികത്തി. ടെക്സസുകാരുടെ ടക്കിലാ, ഷോട്ടടിച്ചു. പഴയ കോളജ് ഓർമ്മയ്ക്ക് ഗോവൻ ഫെനി കിട്ടുന്ന കള്ളുകട തിരഞ്ഞു പോയി.

പറഞ്ഞിട്ടും തീരാത്ത വർഷങ്ങളുടെ വിശേഷങ്ങൾ!
താൻ പ്രേമിച്ച പെണ്ണൊരു കന്യാസ്ത്രീ മഠത്തിൽ ചേർന്നപ്പോളാണ് അനിലയുടെ അമേരിക്കൻ ആലോചന വന്നതെന്നും ഇപ്പോൾ താൻ വളരെ ഹാപ്പിയാണെന്നും കുരുവിള പറഞ്ഞു.
പ്രേമിച്ച പെണ്ണിനെ തന്നെ താൻ കെട്ടിയെങ്കിലും  രണ്ടു വർഷം കഴിഞ്ഞു തന്റെ ജീവിതം തകർത്ത്  അവളൊരു പോലീസുകാരന്റെ കൂടെ ഒളിച്ചോടിപ്പോയെന്നു  രഘു  വിലപിച്ചു .. രണ്ടാമതിപ്പോൾ പെണ്ണ് നോക്കുന്നുണ്ട്. ഒന്നും ശരിയാകുന്നില്ല.
വിശേഷങ്ങളും കാര്യങ്ങളും പറഞ്ഞു രണ്ടു പേരും ഉറങ്ങിയപ്പോൾ ഡാലസിൽ  വെള്ള കീറി.

പിറ്റേന്ന് ശനിയാഴ്ച. തലേ ദിവസത്തെ കെട്ടുവിട്ടു കൂട്ടുകാർ എഴുന്നേറ്റപ്പോൾ നേരം ഉച്ച.

“എടാ ഡാളസ് വരെ വന്നിട്ട് നീ ഡൌൺ ടൌൺ കാണാതെ പോകരുത്. അവിടെയല്ലേ കാഴ്ചകൾ.. കുരുവിള നിർദേശിച്ചു.
രഘു തലകുലുക്കി.
ഫ്രിഡ്ജിലിരുന്നതെന്തൊക്കെയോ ചൂടാക്കി കഴിച്‌, ബാക്കി വന്ന മദ്യം  നിപ്പനടിച് അവർ  ഡാളസ് ഡൌൺ ടൌൺ കാണുവാൻ  പോയി. പ്രസിഡണ്ട് കെന്നഡിക്കു  വെടിയേറ്റ സ്‌ഥലവും റീ യൂണിയൻ ടവറും   മറ്റും കണ്ടു മടങ്ങുമ്പോൾ  ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാലെന്നോണം അടുത്ത്  കണ്ട ഡാൻസ് ബാറിലേക്കവർ നുഴഞ്ഞു കയറി.  അവിടെ വള്ളിയും പുള്ളിയും മാത്രമുള്ള അരച്ചാൺ വസ്ത്രധാരികളായ സുന്ദരികൾ. പോൾ ഡാൻസ്, മടിയിലിരുന്ന് ഡാൻസ്,  മദ്യം, മയക്കുമരുന്ന് എന്ന് വേണ്ട സകല സംഭവങ്ങളും ഉണ്ട്. ഡോളർ  കൊടുത്താൽ മതി.

തലക്കല്പ്പം വെളിവ് വന്നപ്പോളാണ് സ്വതവേ ഒരൽപം പിശുക്കനായ കുരുവിളക്ക് ഇനി കൂടുതൽ സമയം അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയത്. ഒരു വിധത്തിൽ അയാൾ കൂട്ടുകാരനെയും കൊണ്ട് വണ്ടിയിൽ കയറി. അപ്പോളാണ് മദ്യത്തിൽ  കുഴഞ്ഞ ചോദ്യം രഘു ചോദിക്കുന്നത്.
“എടാ കുരു .. നമ്മളിങ്ങനെ തനിയെ .. എത്രയാണന്നു വെച്ചാ?  ഇവളുമാരെയൊക്ക  കണ്ടിട്ട് പോയിക്കിടന്നാൽ ഇനി എങ്ങിനെ ഉറക്കം വരും”?

കുരുവിള രഘുവിനെ നോക്കി നെറ്റി ചുളിച്ചു..
രഘു തുടർന്നു..::..
“എടാ നീ ചുമ്മാ പൊട്ടൻ കളിക്കാതെ.. നിനക്കണേൽ പെണ്ണുംപുള്ളേം കൂടെയില്ല. എനിക്കാണെ പെണ്ണും പെടക്കോഴിയുമില്ലാതായിട്ടു വര്ഷങ്ങളായി. എന്നും പട്ടിണി തന്നെ! ടെക്സാസിലെ ഈ നീലക്കണ്ണുള്ള സുന്ദരികൾ എങ്ങിനെയുണ്ടെന്നു  ഞാനുമൊന്നറിയട്ടെ മച്ചാ!  സിംഗപ്പൂരിലെ ചീമ്പക്കണ്ണികളെ മടുത്തു”.
അയാളുടെ ശബ്ദം ഇടറി യാചനാ രൂപത്തിലായിരുന്നു.

മനുഷ്യനല്ലേ! കൂടാതെ മദ്യലഹരിയിലും. അതാണ് കൂട്ടുകെട്ടിന്റെ ശക്തിയെന്നു പറയുന്നത്! തനിയെ ചെയ്യാൻ ധൈര്യമില്ലാത്ത കാര്യങ്ങളൊക്കെ കൂട്ട് കെട്ടുകൾ വരുമ്പോൾ ചെയ്യാൻ മനുഷ്യൻ  ധൈര്യം കാണിക്കും.

കൂട്ടുകാരന്റെ യാചനയിൽ  വീണു പോയ കുരുവിള പിന്നെയൊന്നും ആലോചിച്ചില്ല. അയാൾ  രഘുവിനേയും കൊണ്ട് നേരെ വണ്ടി വിട്ടു പോയത് ഡാളസിലെ  കുപ്രസിദ്ധ വ്യഭിചാരത്തെരുവായി അറിയപ്പെടുന്ന  ഹാരി ഹൈൻസിൽ തന്നെ. അവിടെയാകുമ്പോൾ കുറച്ചു ചീപ്പായിരിക്കും. ബാർ സുന്ദരികളെ വേണമെങ്കിൽ ഡോളർ നന്നായി എറിയണ്ടി വരും.  മുൻപ് പോയിട്ടില്ലെങ്കിലും കുരുവിളക്ക് കാര്യങ്ങളൊക്ക അറിയാം.  അതോ അയാൾ പോയിട്ടുണ്ടോ?

ഹാരി ഹൈൻസിന്റെ  തെരുവിനരികിലേക്ക്  കാർ നിർത്തുകയും അവരുടെ കാറിനരികിലേക്ക് മന്ദം മന്ദം കുണുങ്ങി കുണുങ്ങി പല വർണ്ണത്തിലുള്ള  ലാസ്യ വിലാസിനിമാർ  തങ്ങളുടെ പ്രോഡക്റ്റുമായി വന്നു പ്രദർശനം തുടങ്ങി. വസ്ത്രം തീരെയില്ലാത്ത നീലക്കണ്ണുള്ള ഒരു  സ്വർണ്ണതലമുടിക്കാരിയിൽ രഘുവിന്റെ നോട്ടം ചെന്ന് നിന്നപ്പോൾ കുരുവിള അവളോട് വിലപേശൽ നടത്തി. അവളുടെ ആക്‌സെന്റ് കേട്ടിട്ടൊരു റഷ്യൻ ചുവ.  
വിലയുറപ്പിക്കലിന് ശേഷം റഷ്യക്കാരി നീലക്കണ്ണി  കാറിലേക്ക് ചാടി കയറി. “സ്വപ്നത്തിലോ നമ്മൾ സ്വർഗ്ഗത്തിലോ” യെന്ന പാട്ടു മൂളാൻ വരി ഓർക്കുകയായിരുന്ന രഘുവിനെ “ യു ആർ അണ്ടർ അറസ്റ്റ്” എന്ന് മദാമ്മ പറയുമ്പോഴും അത് മദാമ്മയുടെ ചില പ്രത്യേക  ഐറ്റം ആയിരിക്കുമെന്നല്ലാതെ അവളൊരു അണ്ടർ കവർ  പോലീസുകാരി ആയിരിക്കുമെന്ന്  രണ്ടു പേരും നിനച്ചിരുന്നില്ല.  സമയ ദോഷം!

എന്തായാലും സെക്സ് സോളിസിറ്റേഷനു രണ്ടു പേരെയും പോലീസുകാർ വിലങ്ങു വെച്ച് കൗണ്ടി ജയിലിലേക്ക് കൊണ്ട് പോയി. മഗ് ഷോട്ടെടുത്തു ഫിസിക്കലും കഴിഞ്ഞു ഓറഞ്ചു ഉടുപ്പെടുത്തു നീട്ടുമ്പോൾ പുറകിൽ നിന്നൊരു കിളി നാദം!
“അനിലേടെ ഹസ്ബന്റല്ലേ ? ഞങ്ങളൊരുമിച്ചു പാർക്ക് ലാൻഡിൽ ജോലി ചെയ്തിട്ടുണ്ട്,” കുരുവിള തലയുയർത്തിയതേയില്ല.

പിന്നെയാ  ചൂട് വാർത്ത ഡാളസ് മുഴുവൻ പരന്നു. അനിലയുടെ കൂട്ടുകാരി ജയിൽ നേഴ്സല്ലാതെ അത് പരത്താൻ പരുവത്തിലുള്ള  വേറെയും  മലയാളികൾ അന്നും ഡാളസ് കൗണ്ടി ജെയിലിൽ പല തരം ജോലികളിൽ ഉണ്ട്.  അന്ന് സെൽ ഫോണോ ഇന്റെർനെറ്റോ ഒന്നും ഇല്ലാതിരുന്ന കാലമായിട്ടും കൂടി അവരുടെയൊക്കെ സഹായത്തോടെ അറിയേണ്ടവരൊക്ക അറിഞ്ഞു.

അസൂയാർഹമായിരുന്ന കുരുവിളയുടെ കുടുംബ ജീവിതത്തിൽ കുശുമ്പിച്ചിരുന്ന പുരുഷന്മാർക്ക് ഉള്ളിൽ എന്തെന്നില്ലാത്ത ആനന്ദം. 'നിങ്ങളാ കുരുവിളെ കണ്ടു പഠിക്കെന്നും'  പറഞ്ഞു ഇനി തങ്ങളുടെ ഭാര്യമാർ വന്നാൽ പറയാമല്ലോ ഈ “കുരുവിള മാഹാത്മ്യം”എന്നോർത്തവർക്കു ഉൾപ്പുളകമുണ്ടായി. നിങ്ങളാ കുരിവിളയുടെ കൂട്ടുകാരനല്ലേയെന്ന ഭാര്യമാരുടെ ചോദ്യത്തിന്   'ഏത് കുരുവിള? എന്ത് കുരുവിളയെന്ന് പത്രോസ് ശ്ലീഹായെക്കാൾ വേഗത്തിൽ  അവർ അവനെ തള്ളിപ്പറഞ്ഞു. ചില കോഴികൾ ഒരു പ്രാവശ്യം മാത്രം ഒന്ന് കൂകി.

പല വട്ടം ഹാരി ഹൈൻസിൽ  പോയിട്ടും തങ്ങൾക്കൊരാപത്തും  സംഭവിക്കാതെ കാത്തതിന് പലരും ശബരിമലക്കും  പരുമലപ്പള്ളിക്കും പൊന്നും കുരിശ് മുത്തപ്പനും നേർച്ച നേർന്നു. കുരുവിളയെ അറിയാത്തവർ ആരെങ്കിലും അന്ന് ഡാലസിൽ ഉണ്ടായിരുന്നെങ്കിൽ അവരെയും  കൂടി ഈ കഥകൾ അറിയിക്കാൻ പലരും മത്സരിച്ചു.

നമുക്കൊരു വിഷമം വരുമ്പോഴാണ് ആരായിരുന്നു നമ്മുടെ ശത്രുക്കൾ എന്ന് നമ്മൾ തിരിച്ചറിയുകയുള്ളു.
എന്തായാലും കുരുവിളയുടെ നാട്ടിലിരുന്ന ഭാര്യ പോലും വിശേഷങ്ങൾ അറിഞ്ഞതിനാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ അവർ ഒരു തീരുമാനം ഉടനെ തന്നെ നടപ്പിലാക്കി. ഭർത്താവിന്റെ ഭാഗം ഒന്ന് കേൾക്കാൻ
പോലും തയാറാകാതെ  അവർ   മക്കളെയും കൊണ്ട് വേറെ ഏതോ സ്റ്റെയിറ്റിലേക്കു പോയെന്നും അവർ വിവാഹ മോചനത്തിനു കേസ് കൊടുത്തു എന്നെല്ലാം പിന്നീട് കേട്ടു.

നിർഭാഗ്യം ഓരോരോ വേഷം കെട്ടി വരുമെന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളു!  പള്ളിയിലും പോയി,  പച്ചക്കറിക്ക് വെള്ളോം ഒഴിച്ച്, മലയാളം പടങ്ങളും കണ്ടു വെറുതെ  വീട്ടിലിരുന്ന  കുരുവിളയുടെ ജീവിതം ആ ഒരൊറ്റ ഫോൺ കോളാൽ മാറി മറിയുകയായിരുന്നു! വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ! അത് എവിടെയാണെങ്കിലും വന്നിരിക്കും.
രാഘവൻ പിന്നീടൊരിക്കൽ പോലും ഡാലസിൽ വന്നു കാണാൻ വഴിയില്ല.

Read More: https://emalayalee.com/writer/14


 

Join WhatsApp News
Kokkodan 2024-08-08 02:10:08
ഞങ്ങളെ ജാഗരൂകരാക്കിയതിന് ഒത്തിരി നന്ദി 😊 Well enjoyed !
Abdul 2024-08-08 12:16:34
This എഗൈൻ reminding No ഈസ്‌ No. Exciting to റീഡ്.
ഇടിക്കരുത്, ഇത് ഞാനാ , കോളമാക്കരുതേ ഏട്ടാ 2024-08-08 13:30:50
ഇങ്ങനെയുള്ള വെടിക്കെട്ട് ശാലകളിൽ തലയിൽ മുണ്ടിട്ടു (തൊപ്പി , കറുത്ത കണ്ണട ) വച്ച് കയറിയ അച്ചായൻമാരും അമ്മാവന്മ്മാരും അകത്തു വച്ചു തമ്മിൽ കൂട്ടിയിടിച്ചിട്ടുള്ള കാര്യങ്ങളും അങ്ങാടി പാട്ടാണ്. അപ്പോൾ ചിരിച്ച വളിച്ച ചിരി വീണ്ടും ഓർക്കുക മർത്യാ നീ .അമേരിക്കയിൽ വന്നാൽ സാമ്പിൾ വെടിക്കെട്ടു കാണാൻ പോകുന്നത് എല്ലാ കുടിയേറ്റക്കാരുടെയും പോലെ , ഹേ നമ്മൾ അത്തരക്കാരല്ല.
Haridas Thankappan 2024-08-09 03:46:02
“അവർ അവനെ തള്ളിപ്പറഞ്ഞു. ചില കോഴികൾ ഒരു പ്രാവശ്യം മാത്രം ഒന്ന് കൂകി.” Hilarious narration! Looking forward for the next one!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക