ഉറങ്ങാന്‍ കിടന്ന കിടപ്പില്‍ത്തന്നെ മരണത്തിലേക്കങ്ങുപോകുക !.പറയാന്‍ എന്തെളുപ്പം.
അത് സുഖമരണങ്ങളല്ലായിരുന്നെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം.ഗാഢനിദ്രയില്‍ ,കിടപ്പിറവാതില്‍ തകര്‍ത്ത് ചളിയും വെള്ളവും ഇരച്ചുകയറി കട്ടിലില്‍നിന്ന് കോരിയെടുത്തു പുറത്തേക്കൊരേറ്.പിന്നാലെ പാഞ്ഞുവന്ന കൂറ്റന്‍ മരങ്ങളും പാറക്കല്ലുകളും അമ്മാനമാടി ശരീരം പല കഷണങ്ങളാക്കി മണ്ണിനടിയിലേക്കും ചാലിയാറിലേക്കുമൊക്കെയായി ...ഭൂമുഖത്തുനിന്ന് ഒറ്റനിമിഷംകൊണ്ട് ഗ്രാമങ്ങളെ തുടച്ചുനീക്കിയ ഉരുളിന്റെ മാജിക്ക്..പല ശരീരങ്ങളും വീടിനുള്ളില്‍ ചെളിയില്‍പ്പുതഞ്ഞ് കസേരയില്‍ ഇരിക്കുന്ന അവസ്ഥയിലോ,കിടക്കുന്ന രീതിയിലോ ആയിരുന്നു .കഴിഞ്ഞ ചൊവ്വാഴ്ച രാവിലെത്തന്നെ ഞാനെന്റെ വയനാട് സുഹൃത്തുക്കളെ ഓരോരുത്തരെയായി വിളിച്ചു.മറുതലയ്ക്കല്‍നിന്ന് ഒരു ഹലോ കേള്‍ക്കുന്നതുവരെ എന്റെ നെഞ്ച് പടപടാന്ന് മിടിച്ചുകൊണ്ടിരുന്നു.വിളിച്ചവര്‍ ഒക്കെ സുഖമായിരിക്കുന്നു എന്നറിഞ്ഞിട്ടും സന്തോഷിക്കാന്‍ ഒന്നുമില്ലായിരുന്നു.അവരില്‍ പലരുടെയും ബന്ധുജനങ്ങളോ സുഹൃത്തുക്കളോ പരിചയക്കാരോ ഉരുള്‍പോട്ടലില്‍ സര്‍വ്വം നഷ്ടപ്പെട്ടവരായിരുന്നു.അവരിലൊരാളാണ് പി.ജി.ലത എന്ന സുഹൃത്ത്.അവര്‍ വയനാട്ടിലെ സാമൂഹ്യപ്രവര്‍ത്തകയാണ്,അറിയപ്പെടുന്ന എഴുത്തുകാരിയും .
ലതയും മകനും താമസിക്കുന്നിടത്ത് കുഴപ്പമില്ലായിരുന്നു.പക്ഷേ ലതയുടെ അനുജത്തി സുനിതയും കുടുംബവും ഉരുള്‍പ്പിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരാണ്.ലത, അനുജത്തി സുനിത പറഞ്ഞത് എന്നോട് പറയുമ്പോള്‍ കരയുന്നുണ്ടായിരുന്നു.കണ്‍മുന്നില്‍നിന്ന് കൂട്ടുകാരിയെ ജലപ്രവാഹം തട്ടിപ്പറിച്ചതിന്റെ ആഘാതത്തില്‍നിന്ന് സുനിത ഇനിയും കരകയറിയിട്ടില്ല. സുനിതയുടെ ഭര്‍ത്താവ് പ്രശാന്ത് ചൂരല്‍മലയിലെ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.ആദ്യത്തെ ഉരുള്‍പൊട്ടിയപ്പോള്‍ ഭാര്യയേയും മക്കളെയും അയല്‍ക്കാരെയും കൂട്ടി പ്രശാന്ത് പുറത്തിറങ്ങി.അടുത്തടുത്ത വീട്ടുകാരെയൊക്കെ വിളിച്ചിറക്കി.അടുത്തുള്ള ഉയര്‍ന്ന സ്ഥലത്തെ വീടുകളിലേക്ക് പലരും ഓടിക്കറി.ഇലക്ട്രിസിറ്റിയില്ല.ഒന്നും കാണാന്‍ വയ്യ.ഉരുള്‍പൊട്ട് ഏതുഭാഗത്തുകൂടിയാണ് വരുന്നതെന്നോ എങ്ങോട്ട് ഓടി രക്ഷപ്പെടണമെന്നോ ആര്‍ക്കും ധാരണയില്ല.സുനിതയുടെ തൊട്ടയല്‍പക്കത്തുള്ള കൂട്ടുകാരിയും അച്ഛനും അമ്മയും അവര്‍ക്കൊപ്പം ഇരുട്ടിലേക്ക് ഓടി.് എങ്ങോട്ടെന്നില്ലാതെ കൂട്ടമായുള്ള ഓട്ടം.തകര്‍ത്തുപെയ്യുന്ന മഴ,മിന്നല്‍ വെളിച്ചംമാത്രം.അടുത്ത ഉരുള്‍ വിഴുങ്ങാനെത്തുംമുമ്പ് പ്രാണന്‍ കൈയ്യില്‍പിടിച്ചുള്ള ആ ഓട്ടത്തിനിടെ പിന്നില്‍നിന്ന് അടുത്തൊരു ഹുങ്കാരശബ്ദം ഉയര്‍ന്നു. അടുത്ത മാത്രയില്‍ പ്രവാഹം വന്നുമൂടി.സുനിതയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ ഉരുള്‍ ഒഴുക്കിക്കൊണ്ടുപോകുന്നത് അവരറിഞ്ഞു.മോളേന്നുള്ള ഒരു നിലവിളി ആ അമ്മയില്‍നിന്നുയര്‍ന്നു. മോളേ എന്ന് വിളിച്ചു തിരിഞ്ഞുനിന്ന അച്ഛനോട് , ' ചേട്ടാ,നില്‍ക്കല്ലേ ,ഓട് ',എന്ന് പ്രശാന്ത് അലറിപ്പറഞ്ഞു.എങ്ങും പ്രാണനുവേണ്ടി പരക്കംപായുന്ന മനുഷ്യര്‍.നമ്മള്‍ ചിന്തിക്കുപോലെ വെറും ചെളിവെള്ളമല്ല ഒഴുകിവരുന്നത്.ഉരുള്‍ പൊട്ടിവരുന്ന വഴിയിലെ കൂറ്റന്‍പാറക്കല്ലുകളും വന്‍മരങ്ങളും തകര്‍ന്ന വീടിന്റെ ഭാഗങ്ങളും മിന്നല്‍വേഗത്തില്‍ ഒഴുകിവരുകയാണ്. അടുത്ത വീട്ടിലെ പ്രായമായ ഒരു മനുഷ്യന്റെ കൈയ്യ് പിടിച്ചായിരുന്നു പ്രശാന്തിന്റെ ഓട്ടം.അടുത്തനിമിഷം ഒഴുക്ക് പ്രശാന്തിനെ അടിച്ചുതെറിപ്പിച്ചു. ആ മനുഷ്യന്‍ പ്രശാന്തില്‍നിന്ന് പിടിവിട്ടുപോയി.അദ്ദേഹത്തെ രക്ഷിക്കാന്‍ പ്രശാന്തിനായില്ല.രണ്ടു മക്കളുടെയും കൈയ്യില്‍ പിടിച്ചായിരുന്നു സുനിതയുടെ ഓട്ടം.ഒഴുക്ക് പ്രശാന്തിനെ വലിച്ചെറിഞ്ഞത് അടുത്തൊരു വീട്ടിന്റെ തറയിലേക്കായിരുന്നു.എവിടാക്കെയോ മുറിവും ചതവും.എന്നിട്ടും പരസ്പരം പേരുവിളിച്ചും തപ്പിത്തടഞ്ഞും മൊബൈല്‍ഫോണിന്റെ ഇത്തിരി നുറുങ്ങുവെട്ടത്തിലും ഏതുവഴിയെന്നറിയാതെ അവര്‍ നടന്നുതുടങ്ങി.കാട്ടിലെ തിളങ്ങുന്ന കണ്ണുകളും ഇടയ്ക്കവരെ ഭീതിയിലാഴ്ത്തി.അത് കാട്ടുപോത്താണെന്ന് കാടിനെ നന്നായി അറിയാവുന്ന പ്രശാന്തിനു മനസ്സിലായെങ്കിലും മക്കളെയും ഭാര്യയേയും ഭയചകിതരാക്കാതിരിക്കാന്‍ മിണ്ടിയില്ല.കാട്ടുപോത്ത് ശല്യമൊന്നുമുണ്ടാക്കിയുമില്ല !.
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബാങ്കുദ്യോഗസ്ഥൻ പ്രശാന്തും കുടുംബവും
പ്രഭാതം അങ്ങകലെയാണ്.രണ്ടരമണിക്കു തുടങ്ങിയ ഓട്ടവും നടത്തവും നേരം പരപരാന്ന് വെളുത്തുതുടങ്ങിയപ്പോഴാണ് അവസാനിച്ചത്.കാപ്പിത്തോട്ടങ്ങളും കാട്ടുപ്രദേശവും പിന്നിട്ട് ആ രാത്രിയില്‍ എത്രയോ കിലോമീറ്ററുകള്‍ അവര്‍ നടന്നുകഴിഞ്ഞിരുന്നു.നദിയുടെ ഇരമ്പല്‍ കേട്ടപ്പോള്‍ ആ ഭാഗത്തേക്കു അവര്‍ നടന്നു.ആര്‍ത്തലയ്ക്കുന്ന കലക്കവെള്ളം,വന്‍മരങ്ങളും വീടുകളുമൊക്കെ ഒഴുക്കില്‍ പായുന്നുണ്ട്.അതുവരെ ശാന്തമായ ചെറിയൊരു പുഴയായിരുന്നത് രൗദ്രതയുള്ള ആറായി കലങ്ങിച്ചുവന്ന് ...നോക്കിനില്‍ക്കെ ഒരു കുഞ്ഞിത്തല മുങ്ങിപ്പൊങ്ങി ഒഴുകി വരുന്നപോലെ പ്രശാന്തിനു തോന്നി.ഭാര്യയെ വിളിച്ചു കാണിച്ചപ്പോഴേക്കും അത് അടുത്തെത്തിയിരുന്നു.അതൊരു കുട്ടിയാണെന്ന് അവര്‍ക്കു മനസ്സിലായി.പിന്നൊന്നും നോക്കിയില്ല,പ്രശാന്ത് എടുത്തുചാടി.കുത്തൊഴുക്ക് തന്നെയും കീഴ്‌പ്പെടുത്തുകയാണെന്ന് ഒരു ഘട്ടത്തില്‍ അദ്ദേഹത്തിനു മനസ്സിലായി.വളരെ പാടുപെട്ട് കുട്ടിയുടെ അരികിലേക്കു നീന്തി,ആ കുഞ്ഞിക്കൈയ്യില്‍ പിടികിട്ടി.തിരിച്ചുനീന്തി കരപറ്റുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ,നെഞ്ചിടിപ്പോടെ സുനിത കരയില്‍ നോക്കിനില്‍പ്പുണ്ട്.മക്കള്‍ രണ്ടുപേരും ഭയന്ന് നില്‍ക്കയാണ്.സുനിതയുടെ കൈയ്യിലേക്ക് കുഞ്ഞിനെ ഏല്‍പ്പിക്കുമ്പോള്‍ കുട്ടി തണുത്ത് കിടുകിടാ വിറയ്ക്കുകയായിരുന്നു.അതൊരു പെണ്‍കുഞ്ഞായിരുന്നു.ഒരു സ്വറ്റര്‍മാത്രമായിരുന്നു അവളുടെ വേഷം.കുട്ടി ആകെ ഭയന്നുപോയിരുന്നു.അവള്‍ ഉമ്മായെന്നു വിളിച്ചു കരയാന്‍തുടങ്ങി
.ദൈവത്തിന്റെ ഒരു കളിയേ,ഏറെനേരം വെള്ളത്തിലൂടെ ഒഴുകിയിട്ടും ആ കുഞ്ഞിന് പറയത്തക്ക പരിക്കുകളൊന്നും പുിറമെ കാണാനുണ്ടായിരുന്നില്ല.ഏറെ സമയത്തിനു ശേഷമാണവള്‍ ശാന്തമായത്.സുനിതയുടെ പത്താംക്‌ളാസ്സുകാരന്‍ മകനുമായി കുഞ്ഞ് ഇണങ്ങി,അവന്റെ തോളിലായി പിന്നെ യാത്ര.നടത്തത്തിനിടെ വഴിയില്‍ നടുവിന്പരിക്കേറ്റുകിടന്ന ഒരു സ്ത്രീയെയും എടുത്തുകൊണ്ടായിരുന്നു പ്രശാന്തിന്റെ യാത്ര. ആളുകള്‍ ഉരുള്‍ ഭീതിയില്‍ ഓടിപ്പോയ ഒരു വീട്ടില്‍നിന്നെടുത്ത ബെഡ്ഷീറ്റില്‍ തൊട്ടില്‍പോലെ കെട്ടി അവരെ വഹിച്ചാണ് മുന്നോട്ടു നടന്നത്.നേരം പുലര്‍ന്നപ്പോഴേക്കും സേവാഭാരതിപ്രവര്‍ത്തകര്‍ വാഹനങ്ങളുമായി രക്ഷാദൗത്യവുമായി റോഡിലിറങ്ങിയിട്ടുണ്ടായിരുന്നു.അവരാണ് പ്രശാന്തിനെയും കൂട്ടരെയും വിംസ് ആസ്പത്രിയില്‍ എത്തിച്ചത്.ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട അമ്മമാരുണ്ടെന്നും അവരുടെ ആരുടെയെങ്കിലും കുട്ടിയായിരിക്കുമെന്നും സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു. അപ്പോഴേക്കും പരിക്കേറ്റവരുടെ വന്‍പടതന്നെയുണ്ടായിരുന്നു ആസ്പത്രിയില്‍.എവിടെയും ആംബുനല്‍സിന്റെ സയറണ്‍ മുഴക്കംമാത്രം..നഴ്‌സുമാരാണ് സംശയം ഒരു പറഞ്ഞത്.വാരിയെല്ലുകള്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍ കണ്ടെത്തിയ ഒരു സ്ത്രീയുടെ സര്‍ജറി നടക്കുകയാണെന്നും ബോധം തെളിഞ്ഞാല്‍ കുട്ടിയെ അവരെ കാണിച്ചുനോക്കാം എന്നും.കുഞ്ഞിന് അവകാശികളാരും ശേഷിക്കുന്നില്ലെങ്കില്‍ താനവളെ ഏറ്റെടുത്തുകൊള്ളാമെന്ന് പറഞ്ഞ് സുനിത തന്റെ ഫോണ്‍ നമ്പര്‍ നഴ്‌സുമാര്‍ക്ക് കൈമാറി.മണിക്കൂറുകള്‍ അവര്‍ കുഞ്ഞുമായി കാത്തുനിന്നു.സ്ത്രീയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ കുട്ടിയെ കണ്ടതും അവര്‍ വാവിട്ടു കരയാന്‍ തുടങ്ങി.ആ രണ്ടര വയസ്സുകാരി അവരുടെ കുഞ്ഞായിരുന്നു.ആ കുഞ്ഞുമാത്രമേ ആ സ്ത്രീയ്ക്ക് ശേഷിക്കുന്നുള്ളൂ എന്ന പിന്നീടറിഞ്ഞു.
ഒപ്പമോടിയ തൊട്ടയല്‍ക്കാരുടെ മൃതശരീരങ്ങളാണ് പ്രശാന്തിനും കുടുംബത്തിനും പിന്നീട് കാണാനായത്.ബാങ്ക് ജീവനക്കാരനായതിനാല്‍ നാട്ടുകാര്‍ മിക്കവരുമായും പ്രശാന്തിന് ഏറെ അടുപ്പം ഉണ്ടായിരുന്നു.പലരുടെ ജീവനറ്റുകൊണ്ടുവരുന്ന ശരീരങ്ങളെ തിരിച്ചറിയാന്‍ ആസ്പത്രിയില്‍ പ്രശാന്ത് തുടരേണ്ടിവന്നു. പത്രത്തിലും ടിവിയിലും വരുന്ന സന്നദ്ധസേവകരുടെ അനുഭവങ്ങള്‍ നമ്മള്‍ അറിയുന്നു.എത്രയോ പേരുടെ ജീവന്‍ സ്വന്തം പ്രാണനെ അവഗണിച്ചും രക്ഷപ്പെടുത്തിയ പ്രശാന്തിനെപ്പോലെ ചെറുപ്പക്കാരുടെ പകരംവയ്ക്കാനില്ലാത്ത സേവനം ആരും അറിയുന്നില്ല.അറിയാന്‍ വേണ്ടിയല്ല അവരൊക്കെ അതു ചെയ്യുന്നതും.മുണ്ടക്കൈയ്യിലും ചൂരല്‍മലയിലും പുഞ്ചിരിമട്ടത്തിലും ജീവന്‍ പണയംവച്ചും കഴിഞ്ഞ ദിവസങ്ങളില്‍ രാപ്പകല്‍ സേവനംചെയ്ത നൂറുകണക്കിന് യുവാക്കളുണ്ട് .നമ്മുടെ പ്രതീക്ഷ അവരിലാണ്.
ഇനി ഇത്തിരി മുലപ്പാല്‍ മാഹാത്മ്യം!
അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നപോലെ ഇടുക്കിജില്ലയില്‍നിന്നും വയനാട്ടിലേക്കെത്തിയ ഒരു കുടുംബത്തെപ്പറ്റി പറയാതെ വയ്യാ.രണ്ടു പൊടിക്കുഞ്ഞുങ്ങളുമായി ഇത്രദൂരം അവര്‍ യാത്ര ചെയ്തത് അമ്മമാര്‍ നഷ്ടപ്പെട്ടതോ,മാരകമായി പരിക്കേറ്റ അമ്മമാരുടെയോ പിഞ്ചു കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാനായിരുന്നു.തന്റെ ഭാര്യ അത്തരം അനാഥാവസ്ഥയിലായ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ തയ്യാറാണെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടശേഷമാണ് ഇടുക്കിയില്‍നിന്ന് വയനാട്ടിലേക്കു തിരിച്ചത്.പിന്നെ നമ്മള്‍ കണ്ടത് സോഷ്യല്‍മീഡിയയില്‍ എന്തെന്തു പുകിലുകള്‍.അശ്‌ളീല കമന്റുകളും മറുപടികളും.സോഷ്യല്‍ മീഡിയയിലൂടെ മുലകുടിക്കണമെന്ന ആശ അറിയിച്ചവനെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്ത് കുഞ്ഞുന്നാളില്‍ അവര്‍ കുടിച്ച മുലപ്പാല്‍വരെ ചര്‍ദ്ദിപ്പിച്ചു.വളരെ നല്ല കാര്യം.ഒരു പെണ്ണിന്റെ നെഞ്ചില്‍ വളരുന്ന അരക്കിലോ മാംസക്കഷണം മാത്രമാണ് മുലകളെന്ന് ധരിച്ചുവച്ചിരിക്കുന്ന വിടന്‍മാരെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ല.സാധാരണ ഭക്ഷണം ദഹിക്കാന്‍ ശിശുവിന് പ്രായമാകുംവരെയുള്ള ആഹാരമായി അമ്മയുടെ ശരീരത്തില്‍ ഈശ്വരന്‍ തന്നെ സൃഷ്ടിച്ച അമൃതാണ് മുലപ്പാല്‍.അമ്മയുള്ള ഏതുമനുഷ്യജന്‍മവും ആദ്യം നുകരുന്നതും മുലപ്പാലാണ്.സസ്തനികളിലെല്ലാം നമ്മളത് കാണുന്നുണ്ട്.മുല എന്നത് പുരുഷനു കാമം ഉണരാന്‍ വേണ്ടിമാത്രം ഉള്ള വസ്തു ആണെന്നു ചിന്തിച്ചു പ്രാന്തിളകിയവരെപ്പറ്റി എന്തുപറയാന്‍..അവരും കുടിച്ചുവളര്‍ന്നത് ഒരമ്മയുടെ മുലപ്പാല്‍ തന്നെയല്ലേ.അവന്റെ ഭാര്യ കുഞ്ഞിനു നല്‍കുന്നതും മുലപ്പാല്‍തന്നെയല്ലേ..കാട്ടുമൃഗങ്ങള്‍ പ്രസവിച്ച് മിനുട്ടുകള്‍ കഴിയുംമുമ്പേ അതിന്റെ കുഞ്ഞ് വേച്ചുവേച്ച് എണീറ്റ് അമ്മയുടെ അകിടിലേക്ക് വായ് ചേര്‍ക്കുന്നത് നമ്മള്‍ പല വീഡിയോകളിലും കണ്ടിട്ടുണ്ട്.ഒരു മുത്തശ്ശിമൃഗവും അതിനെ അമ്മയുടെ അകിടിലേക്ക് ചേര്‍ത്തുവച്ചുകൊടുക്കാനില്ല.അവിടെ മുഖംചേര്‍ത്തു പരതിയാല്‍ മുലക്കണ്ണുകളുണ്ടെന്നും കുടിക്കാന്‍ പാല്‍ കിട്ടുമെന്നും പ്രകൃതി തന്നെ അതിനെ പഠിപ്പിക്കയാണ് .ചിന്തിച്ചാല്‍ എന്തൊരു അത്ഭുതമാണ്.ഏതോ നാട്ടിലെ അമ്മ നഷ്ടപ്പെട്ട ഏതോ ഒരു കുഞ്ഞിന്റെ വിശപ്പു മാറ്റാന്‍ ,എന്റെ കുഞ്ഞിന്റെ ആഹാരത്തിന്റെ ഒരു പങ്ക് പങ്കിടാമെന്നു പറഞ്ഞ് മുന്നോട്ടുവന്നതിനെ മഹാപുണ്യമെന്നു കരുതുന്നതിനു പകരം അവരെ അവഹേളിക്കുന്ന നീചത്തം. ഇടുക്കിയിലെ ആ കുടുംബത്തോട് നമ്മള്‍ക്ക് മാപ്പു പറയാം.
പണ്ട് നാട്ടിന്‍പുറത്തെ ദൈവീകമരുന്നായിരുന്നു മുലപ്പാല്‍.ധൈര്യപൂര്‍വ്വം മുലപ്പാല്‍ ചോദിക്കാമായിരുന്ന കാലമായിരുന്നു അത്. കണ്ണിന് അസുഖം വന്നാല്‍ അയല്‍വീടുകളിലെ ചെറിയ കുഞ്ഞുങ്ങളുള്ള യുവതികളുടെ അടുത്തേക്ക് ഓടും.കാര്യംപറഞ്ഞാലുടന്‍ വൃത്തിയുള്ള പ്‌ളാവിലകുമ്പിളില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് അവര്‍ മടിയോ ലജ്ജയോ കൂടാതെ കൊടുത്തിരുന്നു.അന്ന് ചോദിക്കുന്നവനും കൊടുക്കുന്നവ്#ക്കും അതില്‍ അശ്‌ളീലം കണ്ടില്ല.ഇന്നോ ?.
ഒരു ഗ്രാമത്തെതന്നെ ഭൂമുഖത്തുനിന്നു നക്കിത്തോര്‍ത്തിയ ഇത്തരമൊരു അത്യന്തം സങ്കടകരമായ അവസ്ഥയില്‍പ്പോലും കാമമുണരുന്ന ചിന്തകളും കമന്റുകളുമായി പൊതു സമൂഹത്തില്‍ ഇറങ്ങിയ നരാധമന്‍മാരെ തല്ലി മുലപ്പാല്‍ ചര്‍ദ്ദിപ്പിച്ച എല്ലാ സഹോദരന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍.പറഞ്ഞിട്ടു കാര്യമില്ല.
പുത്തുമലയിലെ 64 സെന്റില്‍ കൂട്ട മൃതസംസ്‌കാരം നടക്കുന്നു.കുഴികള്‍ തികയാതെ വീണ്ടുംവീണ്ടും എടുക്കുന്നു.വെറും ശരീരഭാഗങ്ങളായി മാത്രം എത്തുന്ന മൃതന്‍മാര്‍,സര്‍വമതപ്രാര്‍ത്ഥനകള്‍...ജാതിയില്ല ,മതമില്ല,തീവ്രവാദമില്ല ,എവിടെയും കണ്ണീര്‍മാത്രം.അപ്പോഴും ചില അധമന്‍മാര്‍ അവിടെ തേര്‍വാഴ്ച നടത്തി.പട്ടാളക്കാരുടെയും പൊലീസിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ച് രാത്രിയുടെ മറവില്‍ നടത്തിയ ഉരുള്‍ ഭൂമിയില്‍ നടത്തിയ മോഷണം.ഉരുള്‍പൊട്ടിയപ്പോള്‍ ജീവന്‍കൈയ്യില്‍പ്പിടിച്ച് ഓടിയവന്റെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച അസുരന്‍മാരും നമ്മള്‍ക്കിടയിലുണ്ടെന്നത് വലിയ തിരിച്ചറിവാണ്.മരണത്തിനിടയിലും കവര്‍ച്ച .
പക്ഷേ,അതിലും വലിയ കൊള്ളയെയാണ് ഞാന്‍ ഇപ്പോള്‍ പേടിക്കുന്നത്.ഒറ്റ ആഗ്രഹമേയുള്ളൂ.നമ്മളൊക്കെ പങ്കുവയ്ക്കുന്ന തുകകള്‍...പലതുള്ളികള്‍ അതിവേഗം പെരുവെള്ളമാകുകയാണ്.അത് അര്‍ഹിക്കുന്ന വിധത്തില്‍ വയനാടിന് പ്രയോജനമാകുമോ ?അതവരുടെ പുനരധിവാസത്തിന് ഉതകുമോ ?അതോ അതും കൊള്ളയടിക്കപ്പെടുമോ ?..