വയനാട് ദുരന്തത്തിൽ ഇപ്പോഴും നാടാകെ ദുഃഖം ഘനീഭവിച്ചു നിൽക്കയാണ്. എങ്ങും ഹൃദയം പിളർക്കുന്ന കാഴ്ചകൾ മാത്രം. എന്നാൽ അതിനിടയിൽ മനസ്സ് സന്തോഷിക്കുന്ന ചില രംഗങ്ങളും ഉണ്ടായി എന്ന് പറഞ്ഞാൽ പലരും നെറ്റി ചുളിക്കും.
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാവിലെ കാണുന്ന ആ ചിത്രം ഇന്നും ആവർത്തിച്ചു. തിരിച്ചറിയാൻ കഴിയാത്ത അനേകം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സർവ്വ മത പ്രാർത്ഥനയോടെ സംസ്‌ക്കരിച്ചു. കൃത്യമായി ആർക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്നു പ്രാർത്ഥന നടത്തുന്നവർക്കോ മരിച്ചവരുടെ ബന്ധുക്കൾക്കോ അറിയില്ല. മരിച്ചവരെ സംബന്ധിച്ചിടത്തോളം അറിയാൻ കഴിവുണ്ടായിരുന്നെങ്കിൽ 'എന്താണ് നടക്കുന്നതെന്ന്' അവരും സംശയിക്കുമായിരുന്നു. പ്രാർത്ഥനയിൽ വിവിധ മത പുരോഹിതന്മാർ ചേർന്നു നിന്നാണ് എല്ലാവരുടെയും പ്രാർത്ഥന നടത്തിയത്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കുഴിയെടുക്കുന്നതും മറവു ചെയ്യുന്നതും കുഴി മൂടുന്നതും എല്ലാം കുറെ ചെറുപ്പക്കാർ ഒന്നിച്ചു നിന്നാണ്. ഇവർ പ്രത്യേക രാഷ്ട്രീയ പാർട്ടികളെയോ മതങ്ങളെയോ പ്രതിനിധീകരിക്കുന്നവരാണെങ്കിലും അവരുടെ ഇടയിൽ രാഷ്ട്രീയമോ മതമോ ഇല്ല.
കുറച്ചു നാൾ മുൻപ് കാഞ്ഞിരപ്പള്ളിയിൽ ക്രിസ്ത്യാനിയായ ഒരമ്മച്ചിയും ഹിന്ദുവായ മറ്റൊരു അമ്മച്ചിയും ഒരേ ആശുപത്രിയിൽ മരിച്ചു. രണ്ടു പേരുടെയും ബന്ധുക്കൾ ശവശരീരം മോർച്ചറിയിൽ സൂക്ഷിച്ചു. മൂന്നു നാല് ദിവസങ്ങൾക്കു ശേഷം വിദേശത്തുള്ള മക്കളെല്ലാം എത്തിക്കഴിഞ്ഞപ്പോൾ ക്രിസ്ത്യാനി അമ്മച്ചിയുടെ മക്കൾ മൃതദേഹം ഏറ്റു വാങ്ങാൻ മോർച്ചറിയിൽ എത്തി. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഒരുക്കി റെഡിയാക്കി അമ്മച്ചിയെ മോർച്ചറിക്കാർ മക്കൾക്കു നൽകി. അമ്മച്ചിയെ കണ്ട മക്കൾ ഞെട്ടിപ്പോയി. അമ്മച്ചി പൊട്ടു കുത്തിയിരിക്കുന്നു! ഒറ്റ നോട്ടത്തിൽ തന്നെ മക്കൾ പറഞ്ഞു, "ഇത് ഞങ്ങളുടെ അമ്മയല്ല." വേറെ ഒരു 'ബോഡി'യും അവിടെയില്ലെന്നു മോർച്ചറിക്കാർ. അൽപ നേരത്തെ അന്വേഷണത്തിനു ശേഷം ആശുപത്രി അധികൃതർ ആ സത്യം ബന്ധുക്കളെ അറിയിച്ചു. "ഇന്നലെ ഹിന്ദുക്കൾക്കു കൊടുത്തുവിട്ട മൃതദേഹം അബദ്ധത്തിൽ മാറിപ്പോയി! നിങ്ങളുടെ അമ്മച്ചിയെയാണ് അവർ കൊണ്ടുപോയത്.”
ആശുപത്രി അധികൃതർ ആ ഹൈന്ദവ കുടുംബവുമായി ബന്ധപ്പെട്ടു. അവരുടെ ആചാരം അനുസരിച്ചുള്ള കർമ്മൾക്കു ശേഷം അവർ ആ അമ്മച്ചിയെ ഇന്നലെത്തന്നെ ദഹിപ്പിച്ചു! ആ അമ്മച്ചിക്ക് ഒൻപതു മക്കളുണ്ടായിട്ടും ഒരു മകനോ മകളോ ആ ബോഡി മാറിപ്പോയത് ശ്രദ്ധിച്ചില്ല. ആശുപത്രിയിൽ നിന്നും മൃതദേഹം ബന്ധുക്കൾ ഏറ്റു വാങ്ങിയപ്പോൾ ഒരു മകൾ ചോദിച്ചു, "ഞങ്ങളുടെ അമ്മയ്ക്ക് പൊട്ടുണ്ടായിരുന്നു. ആ പൊട്ടെവിടെ പോയി?" "ഇപ്പം ശരിയാക്കിത്തരാം” എന്നു പറഞ്ഞു മോർച്ചറിക്കാർ പൊട്ടുകുത്തി അമ്മച്ചിയെ സുന്ദരിയാക്കി വിട്ടു. അവർ കൊണ്ടുപോയി സന്ധ്യയോടെ ദഹിപ്പിച്ചു! പോരെ പൂരം!
മിനിറ്റിനുള്ളിൽ ഹൈന്ദവ അമ്മച്ചിയുടെ ബന്ധുക്കളും ആശുപത്രിയിൽ എത്തി. സംഘർഷ സാധ്യത കണക്കിലെടുത്തു പൊലീസുകാരെ ആശുപത്രിക്കാർ വിളിച്ചുവരുത്തി. സംഗതി ചൂടു പിടിച്ചു. എന്തും സംഭവിക്കാം എന്ന അവസ്ഥ. പോലീസിലെ ഉന്നതരുടെ നേതൃത്വത്തിൽ വലിയൊരു പോലീസ് സംഘം എന്തും നേരിടാൻ തയ്യാറായി നിന്നു. സർവ്വ ടീവി ചാനലുകാരും നിമിഷങ്ങൾക്കകം ഒഴുകിയെത്തി. കുറേപ്പേർക്ക് ആശുപത്രി അടിച്ചു തകർക്കണം. ഹിന്ദുക്കൾ ഞങ്ങളുടെ അമ്മച്ചിയെ കൊണ്ടുപോയി ഞങ്ങളുടേതല്ലാത്ത പ്രാർത്ഥന ചൊല്ലി മൃതദേഹം കത്തിച്ചു കളഞ്ഞു എന്നാരോപിക്കുന്ന കുറച്ചു പേർ. ഒൻപതു മക്കളുണ്ടായിട്ടും ആരും സ്വന്തം അമ്മയെ തിരിച്ചറിയാതിരുന്നതെങ്ങനെ എന്ന ന്യായമായ ചോദ്യവുമായി വേറെ കുറച്ചു പേർ. ഞങ്ങളുടെ അമ്മച്ചിയെ തിരിച്ചു കൊണ്ടുവരണമെന്ന് മക്കൾ. ഇന്നലെ ‘അമ്മയെ’ കൊണ്ടുപോയി വീട്ടുകാരും നാട്ടുകാരും എല്ലാം കണ്ട ശേഷം ദഹിപ്പിച്ചിട്ട് ഇന്നു വീണ്ടും ഞങ്ങൾ എങ്ങനെയാ ഒരമ്മച്ചിയെ കൊണ്ടുപോയി ദഹിപ്പിക്കുന്നത് എന്ന സംശയത്തിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന മക്കൾ. പ്രശ്‌ന പരിഹാരത്തിനായി പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. വീണ്ടും ചർച്ചകൾ.
അവരുടെയിടയിൽ ഈ ലേഖകനും ഉണ്ടായിരുന്നു. കാരണം, അബദ്ധം പറ്റി ദഹിപ്പിച്ച അമ്മച്ചി എന്റെ ഒരു ബന്ധു കൂടിയായിരുന്നു. ഏതായാലും ആ അമ്മച്ചിയുടെ മക്കൾ ക്ഷമയും വിവേകവും ഉള്ളവർ ആയിരുന്നതുകൊണ്ട് പ്രായോഗികമായി ചിന്തിച്ചു. ദഹിപ്പിച്ച അമ്മച്ചിയുടെ ചാരം പോലീസുകാർ ശേഖരിച്ചു ക്രിസ്ത്യാനി അമ്മച്ചിയുടെ വീട്ടിൽ എത്തിക്കും. അവിടെ ബാക്കി ശവസംസ്ക്കാര ശുശ്രൂഷ നടത്തി ദേവാലയ സെമിത്തേരിയിൽ പെട്ടി അടക്കം ചെയ്യുന്നു. ഇപ്പോൾ ബാക്കിയായ അമ്മച്ചിയെ അവരുടെ മക്കൾ കൊണ്ടുപോകുന്നു. അങ്ങനെ ആ സങ്കീർണ്ണമായ പ്രശ്നം പരിഹരിക്കപ്പെട്ടു.
"മായ, മായ, സകലതും മായ അത്രേ" എന്ന് ബൈബിളിൽ പറയുന്നു. മരിച്ചു കഴിഞ്ഞാൽ പിന്നെ ദഹിപ്പിച്ചാൽ എന്ത്? കുഴിച്ചിട്ടാൽ എന്ത്? ഏതു പ്രാർത്ഥന ചൊല്ലിയാൽ എന്ത് വ്യത്യാസം? എല്ലാം ഓരോ മതങ്ങൾ മനുഷ്യരുടെ ബുദ്ധിയിൽ ചെറുപ്പം മുതലേ ആലേഖനം ചെയ്‌തു വയ്ക്കുന്ന അബദ്ധജടിലമായ വിശ്വാസങ്ങൾ മാത്രം. മനുഷ്യർ ഉണ്ടാക്കിയ മതങ്ങൾ മനുഷ്യരുടെയും രാജ്യങ്ങളുടെയും ലോകത്തിന്റെ തന്നെയും സന്തോഷം തല്ലിക്കെടുത്തുമ്പോഴും ആ സത്യം ആരും തിരിച്ചറിയുന്നില്ല എന്ന് മാത്രം. അഥവാ, സ്വതന്ത്രമായി ചിന്തിക്കാൻ അവനെ മതങ്ങൾ അനുവദിക്കുന്നില്ല. ചൂരൻമലയിൽ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ അമ്പലവും പള്ളിയും മോസ്‌കും ഒലിച്ചുപോയി. മണ്ണിനടിയിൽ അവയുടെ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾ പുറത്തെടുക്കാനാവാതെ കെട്ടു പിണഞ്ഞു കിടക്കുന്നു. മതത്തിനു വേണ്ടി വെട്ടാനും കൊല്ലാനും നടക്കുന്നവർ ഇനിയെങ്കിലും തിരിച്ചറിയുമോ മതങ്ങൾ ബിസിനസ് ആണെന്നും മനുഷ്യനെ സഹായിക്കാൻ മനുഷ്യൻ തന്നെ വേണം എന്ന സത്യവും. വയനാട്ടിലെ ഉരുൾപൊട്ടൽ മനസ്സിൽ മൂടിയ കാർമേഘങ്ങൾക്കിടയിലും മതമില്ലാത്ത മനുഷ്യത്വത്തിന്റെ വെള്ളിരേഖ ആശ്വാസത്തിനു വക നൽകുന്നു.
Read More: https://emalayalee.com/writer/170