ബംഗ്ലാദേശിലെ അരാജകത്വം ഇന്ത്യയെ ആശങ്കപ്പെടുത്തിയിരിക്കയാണ്. അതിനു കാരണവുമുണ്ട്. ഇന്ത്യയുടെ അതിർത്തി ഒന്ന് പരിശോധിക്കാം. വടക്കു ചൈന, പടിഞ്ഞാറ് പാക്കിസ്ഥാൻ, തെക്കു ശ്രീലങ്ക, കിഴക്കു ബംഗ്ലാദേശ്. ചൈന നമുക്ക് പണ്ടേ പണി തരുന്നവരാണ്. പാക്കിസ്ഥാനാണെങ്കിൽ വിഭജന കാലം മുതൽ തന്നെ നമ്മെ ശത്രു രാജ്യമായി കാണുന്നവരാണ്. ശ്രീലങ്ക നമ്മുടെ സുഹൃത്‌രാജ്യമായിരുന്നു. പക്ഷേ, കഴിഞ്ഞ കുറെ നാളുകളായി അവരുടെ തല ചൈനയുടെ കക്ഷത്തിലാണ്. ശ്രീലങ്കയുടെ സാമ്പത്തിക നില തകരാറിലായതു കണ്ട് അതിൽ നിന്നും കരകയറാനായി അവരുടെ തുറമുഖം അന്താരാഷ്‌ട്ര നിലയിൽ ഉയർത്തിയാൽ മതി എന്നു ചൈന പറഞ്ഞതു വിശ്വസിച്ചു. പക്ഷെ തുറമുഖം പണിയാൻ ശ്രീലങ്കയുടെ കയ്യിൽ പണമില്ല. പിന്നെ എന്ത് ചെയ്യും? ഉടൻ തന്നെ ചൈന അവരുടെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു, "സാരമില്ല, പണം ഞങ്ങൾ മുടക്കാം. പണിയും ഞങ്ങൾ തന്നെ ചെയ്തു കൊള്ളാം." ശ്രീലങ്കയ്ക്കു സന്തോഷമായി. അങ്ങനെ അംബൻതോട്ട തുറമുഖം ചൈന പണം കടം കൊടുത്തു പണി തീർത്തു. ഇപ്പോൾ ശ്രീലങ്കയുടെ വിദേശ കടമായ 47 ബില്യൺ ഡോളറിന്റെ 52 ശതമാനം ചൈനയ്ക്കു കൊടുക്കാനുള്ളതാണ്. പണം തിരിച്ചു കൊടുക്കാനില്ലാത്തതു കൊണ്ട് ചൈന ആ തുറമുഖത്തിന്റെ ഉടമസ്ഥാവകാശം 99 വർഷത്തേക്ക് ശ്രീലങ്കയുടെ കയ്യിൽ നിന്നും എഴുതി വാങ്ങി അധികാരം ഉറപ്പിച്ചു. തുറമുഖത്തിന്റെ പണി നടക്കുമ്പോൾ ഒരു വർഷം തന്നെ ഏതാണ്ട് 35 പ്രാവശ്യം ചൈനയുടെ അന്തർവാഹിനി രഹസ്യമായി ശ്രീലങ്കൻ തീരത്തു വന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്താനായിരുന്നു എന്ന് പലരും വിശ്വസിക്കുന്നു. എന്തായാലും ഇനി ശ്രീലങ്കയിൽ ചൈനയുടെ സാന്നിധ്യം ഉറപ്പായിക്കഴിഞ്ഞു. ഈ സംഗതികളൊന്നും എന്തുകൊണ്ടോ ഇന്ത്യയുടെ ഇന്റലിജിൻസ് സർവീസോ ഇന്ത്യ തന്നെയോ വലിയ പ്രാധാന്യത്തോടെ കാണുന്നില്ല.
ഇനി വടക്ക് തൊട്ടുള്ള അയൽരാജ്യമായ നേപ്പാളിലേക്ക് നോക്കാം. ഭൂമിശാസ്ത്രപരമായി ഹിമാലയത്തിന്റെ ചുവട്ടിൽ കിടക്കുന്ന ഈ കൊച്ചു രാജ്യം എന്നും ഇന്ത്യയുടെ നല്ല സുഹൃത്ത് ആയിരുന്നു. ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികൾ. നാടെങ്ങും ഹൈന്ദവ ക്ഷേത്രങ്ങൾ. ഒരു വിധത്തിലും ഇന്ത്യയ്ക്ക് ഭയപ്പെടേണ്ട രാജ്യമല്ലായിരുന്നു. എന്നാൽ അവിടെയും ചൈന കയറി ആധിപത്യം സ്ഥാപിച്ചു. നേപ്പാളിലെ റോഡുകളും പാലങ്ങളും എയർപോർട്ടും ഒക്കെ പണിയാനായി സഹസ്ര കോടികൾ ചൈന ധനസഹായം ചെയ്‌തു. ഇപ്പോൾ പണം തിരിച്ചു കൊടുക്കാൻ നേപ്പാളിന്റെ കയ്യിൽ ഇല്ലാത്തതു കൊണ്ട് ചൈന പണിത പൊക്കാറ അന്തർദേശീയ വിമാനത്താവളം ഉൾപ്പടെ എല്ലാം അവരുടെ അധീനതയിൽ വച്ചിരിക്കയാണ്. അവിടെയും ചൈനയുടെ സാന്നിധ്യം വളരെ ദൃശ്യമാണ്.
ഇനിയാണ് ബംഗ്ലാദേശ്. പാക്കിസ്ഥാൻ വിഭജന കാലത്തു പടിഞ്ഞാറൻ പാക്കിസ്ഥാനും കിഴക്കൻ പാക്കിസ്ഥാനുമായിട്ടാണ് വേർതിരിച്ചത്. എന്നാൽ ഇത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചു. പാക്കിസ്ഥാനുമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യൻ സേനയ്ക്ക് പടിഞ്ഞാറും കിഴക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നു. ഇതിനൊരു പരിഹാരം കാണാൻ അന്നത്തെ കരസേനാ മേധാവിയായിരുന്ന ജന. സാം മനക്ഷായോട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടു. കിഴക്കൻ പാക്കിസ്ഥാനിൽ ആ രാജ്യം പാക്കിസ്ഥാനിൽ നിന്നും മാറി ഒരു സ്വതന്ത്ര രാജ്യമാകണമെന്ന് അവിടെയുള്ള കുറെപ്പേർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനു കാരണം പടിഞ്ഞാറൻ പാക്കിസ്ഥാൻ അവർക്കെതിരെ പല കാര്യത്തിലും വിവേചനപരമായി പ്രവർത്തിച്ചിരുന്നു. ഇങ്ങനെ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നിട്ടിറങ്ങിയവരെ പാക്കിസ്ഥാൻ അടിച്ചമർത്താൻ തുടങ്ങി.
ഇതിനെതിരെ കൂടുതൽ ജനങ്ങൾ അണിനിരന്നതോടെ പാക്കിസ്ഥാൻ ആർമി കർശനമായി നീങ്ങി. അതിനെതിരെ 'മുക്തി ബാഹിനി' എന്ന പേരിലുള്ള വിമോചന മുന്നണി പാക്കിസ്ഥാൻ സേനയ്‌ക്കെതിരെ ഒളിപ്പോര് ആരംഭിച്ചു. ഇവർക്ക് ഇന്ത്യ പരോക്ഷമായ പിന്തുണ നൽകി സഹായിച്ചു. ഇതിനെതിരെ 1971 ഡിസംബർ 3 ന് 'പ്രീ-എംപ്റ്റീവ്' ആയി 'ഓപ്പറേഷൻ ചെങ്ങിസ്ഖാൻ' എന്ന പേരിൽ പാക്കിസ്ഥാൻ ഇന്ത്യൻ വ്യോമസേനാ താവളങ്ങൾ ആക്രമിച്ചു. ഒരു കാര്യം നോക്കിയിരുന്ന ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മുക്തിബാഹിനിയ്ക്കു പരസ്യമായ പിന്തുണ നൽകി. പാക്കിസ്ഥാന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും അവരുടെ സാമഗ്രഹികൾ എത്തിച്ചേരുന്നതിനു മുൻപുതന്നെ വെറും 14 ദിവസം കൊണ്ട് കിഴക്കും പടിഞ്ഞാറും ഒരു പോലെ തിരിച്ചടിച്ചു മുന്നേറിക്കൊണ്ട് ഇന്ത്യ വിജയക്കൊടി പാറിച്ചു.
പാക്കിസ്ഥാൻ ജനറൽ ഖാൻ നിയാസിയുടെ നേതൃത്വത്തിൽ ഒന്നര ലക്ഷം പട്ടാളക്കാർ ഇന്ത്യൻ ജനറലിനു മുൻപിൽ നിരുപാധികം കീഴടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്രയധികം പട്ടാളക്കാർ ഒന്നിച്ചു കീഴടങ്ങുന്നത്. അങ്ങനെ 'ഈസ്റ്റ് പാക്കിസ്ഥാൻ' എന്നറിയപ്പെട്ടിരുന്ന രാജ്യം 'ബംഗ്ലാദേശ്' എന്ന പേരിൽ ലോക ഭൂപടത്തിൽ പേര് മാറ്റി എഴുതപ്പെട്ടു. ഇന്ത്യയുമായി അന്നുമുതൽ എല്ലാ നിലയിലും നല്ല ബന്ധം അവർ പുലർത്തിപ്പോന്നു.
ചൈനയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ കിഴക്കൻ തീരം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണെങ്കിലും അവർക്കു യാതൊരു സ്വാധീനവുമില്ലായിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടി വരുന്ന അന്താരാഷ്‌ട്ര ഷിപ്പിംഗ് ലൈനിന്റെ രണ്ടു വശവും ആംഡബാൻ-നിക്കോബാർ ദ്വീപുകൾ കൈവശമുള്ള ഇന്ത്യയുടെ സ്വാധീനത്തിലാണ്. ഇവിടെയാണ് ഇപ്പോൾ ഇസ്ലാമിക ഭീകരവാദികളുടെ പിന്തുണയോടെ ബംഗ്ലാദേശിലുണ്ടായ ഭരണമാറ്റം ശ്രദ്ധേയമാകുന്നത്. പഴയതുപോലെ ബംഗ്ലാദേശ് പാക്കിസ്ഥാന്റെ അധീനതയിലേക്കു വന്നാൽ അത് ഇന്ത്യയ്ക്ക് തലവേദനയാകുമെന്നതിനു സംശയമില്ല. പ്രത്യേകിച്ച് ചൈന പാക്കിസ്ഥാനെ നിരുപാധികം പിന്തുണയ്ക്കുമ്പോൾ.
ഇപ്പോൾ ബംഗ്ലാദേശിൽ തികഞ്ഞ അരാജകത്വമാണ്. പരക്കെ അക്രമം അഴിഞ്ഞാടുന്നു. പൊലീസിനേയും പട്ടാളത്തിനേയും മഷി ഇട്ടു നോക്കിയാൽ പോലും കാണാനില്ല. 17 കോടിയുള്ള ജനസംഖ്യയിൽ ഒരു കോടി 30 ലക്ഷം ഹിന്ദുക്കളാണ്. ഏതാണ്ട് ഒരു കോടി ബുദ്ധ മതക്കാരും അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികളുമുണ്ട്. പാശ്ചാത്യ മാധ്യമങ്ങളിൽ പോലും ബംഗ്ലാദേശിൽ ജനക്കൂട്ടം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തെരഞ്ഞു പിടിച്ചു വകവരുത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന ഹൃദയഭേദകമായ ചില വീഡിയോകൾ ഡാക്കയിൽ നിന്നാണെന്നു പറയുന്നെങ്കിലും സ്ഥിരീകരണമില്ലാത്തതു കൊണ്ട് കണക്കിലെടുക്കുന്നില്ല. രാജ്യം വിട്ടോടിയ പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ അഭയം കൊടുത്തതു കൊണ്ടാണ് ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതെന്ന് ഒരു മുസ്ലിം നേതാവ് പറയുന്നതു കണ്ടു. എന്നാൽ ബുദ്ധമതക്കാർ അധികം ആക്രമിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അമ്പതു വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ പട്ടാളക്കാർ ജീവൻ കൊടുത്തു വാങ്ങിക്കൊടുത്ത സ്വാതന്ത്ര്യത്തിന് ഇന്ത്യയ്ക്ക് നന്ദി പൂർവ്വം കൊടുക്കുന്ന സമ്മാനം നന്നായി. ഇത്, ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനു തന്നെ ഒരു പാഠമാണ്. ഇന്ത്യയിൽ ഇക്കാലമത്രയും ന്യൂനപക്ഷങ്ങൾ അനുഭവിച്ച സ്വാതന്ത്ര്യം ഭൂരിപക്ഷം ജനങ്ങളും ഹൈന്ദവ സംസ്‌കാരത്തിൽ വിശ്വസിക്കുന്നവരായതു കൊണ്ടാണ്. അതുകൊണ്ടാണ് ഭാരതത്തിന് അങ്ങനെ മതേതരത്വത്തിലൂന്നിയ ഒരു ഭരണഘടന പോലും ഉണ്ടായത്. ആ സത്യം ബംഗ്ലാദേശിലേക്ക് നോക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷം തിരിച്ചറിയേണ്ടതാണ്.
രാജ്യത്തിനേക്കാളും ജനതയെക്കാളും മതത്തിനു പ്രാധാന്യം കൊടുത്താൽ ആ നാട് നശിക്കും എന്നതിന് സംശയമില്ല. ബംഗ്ലാദേശിൽ ഇപ്പോഴത്തെ സ്ഥിതി അതീവ ഗുരുതരമാണ്. അതുകൊണ്ട് ബംഗ്ലാദേശ് കൈവിട്ടു പോകാതിരിക്കാൻ പ്രധാനമന്ത്രി എന്ത് നടപടി എടുത്താലും കക്ഷി ഭേദമെന്യേ എല്ലാവരും പിന്തുണയ്ക്കാൻ തയ്യാറാകണം. അമ്പലങ്ങൾ പണിയാനും ഈശ്വരന്മാർക്കു സംരക്ഷണം ഉറപ്പാക്കാനും നാം കാണിക്കുന്ന ശുഷ്ക്കാന്തി രാജ്യ സുരക്ഷയ്ക്കില്ലാതെ വന്നാൽ അപകടകരമാകുമെന്നു പറയേണ്ടതില്ലല്ലോ.
________________