നിങ്ങൾ എന്നെങ്കിലും എന്തിനെങ്കിലും വേണ്ടി ആർക്കെങ്കിലും ജ്യാമ്യം നിന്നിട്ടുണ്ടോ?. നിന്നിട്ടുണ്ടാവും. നിങ്ങളുടെ കക്ഷിയോടൊപ്പം ഏതെങ്കിലുമൊരു ബാങ്കിൽ പോയി, അ ല്ലെങ്കിൽ ഒരു ആധാരം എഴുത്തോഫീസിൽ പോയി അവർ വരച്ചു വച്ചിട്ടുള്ള നിരവധിയായ പെൻസിൽ കൊണ്ടുള്ള അടയാളങ്ങൾക്ക് മുകളിൽ സ്വന്തം കയ്യൊപ്പ് ചാർത്തിയിട്ടുണ്ടോ? അപ്പോൾ അതിനു മുകളിൽ എന്തെങ്കിലും എഴുതി വച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ അതു വായിച്ചു കൃത്യമായി മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ വല്ലാത്ത വിഡ്ഢിത്തരം ആണ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കുക. ഏതെങ്കിലും എഗ്രിമെന്റ് ഒപ്പിടുമ്പോഴും ഇത് ബാധകമാണ്. ചിലപ്പോൾ ഒന്നും തന്നെ എഴുതിയിട്ടുണ്ടാവില്ല. നിങ്ങൾ ഒപ്പിട്ടത്തിന് ശേഷം തല്പര കക്ഷികൾ അവർക്ക് വേണ്ടത് എഴുതി ചേർക്കും.. ഇത് എല്ലാ ഫീൽഡിലും ഉണ്ട്. ഒരു ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ പോലും എന്തു മാത്രം പേജുകളാണ് മറിഞ്ഞു മറിഞ്ഞു വരുന്നത്. മറിച്ചു കാണിക്കുന്ന ആൾ നല്ല തിരക്കിലാണ്. അത് കൊണ്ടു നിങ്ങളും നല്ല തിരക്കിൽ ഒപ്പിടണം. ചിലപ്പോൾ അത് ഫിംഗർ പ്രിന്റ്സ് തെരുതെരെ അങ്ങു കുത്തിച്ചു, കുത്തിച്ച് വിടുകയായിരിക്കും.
സ്ത്രീകളെ ഓർത്തിട്ടാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ജാമ്യം, ഈട് വയ്ക്കുക, ബാങ്ക് ലോൺ, ജപ്തി, ബാങ്ക് നോട്ടീസ്, ഗുണ്ടാസംഘ ആക്രമണം ഇവയെക്കുറിച്ചൊക്കെ പുരുഷന്മാർക്ക് കുറേക്കൂടി ലോക വിവരം ഉണ്ട്, എന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത വീട്ടമ്മമാർ ഉണ്ട്. മാത്രമോ, വിദ്യാഭ്യാസവും വിവരവുമുള്ള, സർക്കാർ ജോലി വരെയുള്ള സ്ത്രീകൾക്ക് പോലും ഇവയെക്കുറിച്ചൊന്നും യാതൊരു ധാരണയും ഇല്ല. ബാങ്ക് നോട്ടീസ് വന്നു കഴിയുമ്പോഴാണ് നിങ്ങൾ എത്രമാത്രം വലിയ ഒരു തുക ലോൺ എടുക്കുന്നതിനു വേണ്ടിയാണ് ജാമ്യം നിൽക്കുകയും ഇതിനായി പലപല ഇടങ്ങളിൽ ഒപ്പിട്ടതെന്നും മനസ്സിലാക്കുകയുള്ളൂ. തുടർന്നാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം. പ്രൈമറി ലോണിയെ അറ്റാക്ക് ചെയ്യാതെ പലപ്പോഴും ഇവർ ഇത്തരത്തിൽ ജാമ്യം നിൽക്കുന്നവരെയാണ് ആദ്യം ആക്രമിക്കുന്നത്. ഇത്തരം ആക്രമണത്തിന് വിധേയരായി കുഴഞ്ഞുവീണവരും, ഹൃദയസ്തംഭനം വന്നവരും,
തലച്ചോറിൽ രക്തം വാർന്നവരും ആയി ശിഷ്ടകാലം മാനസിക രോഗങ്ങൾക്കടിമപ്പെട്ടവരെ കാണുവാൻ ഇടയായിട്ടുണ്ട്..അവരുടെ നഷ്ട്ടങ്ങൾ വളരെ വലുതാണ്.
ഈ എഴുതുന്ന ഞാൻ പോലും വായിച്ചു നോക്കാതെ ഇങ്ങനെ ഒപ്പിട്ടിട്ടുണ്ട്. ഇതു ശ്രദ്ധിച്ച എന്റെ നല്ല പാതി അന്നു പറഞ്ഞു. " ഞാനാണ് കൊണ്ടുത്തരുന്നതെങ്കിൽ പോലും ഇങ്ങനെ വായിച്ചു നോക്കാതെ ഒരിടത്തും ഒപ്പിടരുത്." അതുകൊണ്ട് ഇപ്പോൾ എന്തുണ്ടായി?. ചാർടെർഡ് അക്കൗണ്ടന്റ് എന്തു കൊണ്ടുവന്നാലും, ടാക്സ് റിട്ടേൺ ഫയൽ ചെയ്തതാണെങ്കിൽ പോലും ഞാൻ സൂക്ഷ്മമായി വായിച്ചിട്ടല്ലാതെ ഒപ്പിടാറില്ല. ആശാൻ അങ്ങ് ചിരിച്ചു മാറി നിൽക്കും. അത്രതന്നെ. നമുക്കെന്താ .
ജാമ്യം നിൽക്കുമ്പോൾ പോലും നമ്മുടെ കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവു. ചതിക്കില്ല എന്ന് ഉറപ്പുള്ള ആളുകൾ പോലും പലപ്പോഴും തുക അടയ്ക്കാൻ പറ്റാതെ ആയിപ്പോകുന്ന അവസ്ഥകളുണ്ട്. വലിയവരുടെ പതനങ്ങളും വലുതായിരിക്കും. അപ്പോൾ നിങ്ങളാണ് ആ തുകയടക്കാൻ ബാധ്യസ്ഥർ. അതുകൊണ്ട് എഴുതിത്തള്ളാൻ മനസു കൊണ്ടെങ്കിലും പറ്റുന്ന തുകകൾക്ക് മാത്രമേ ജാമ്യം നിൽക്കാവൂ.. ജാമ്യം നിൽക്കരുത് എന്ന് ഞാൻ പറയുന്നില്ല. വീട്ടിലുള്ള വേണ്ടപ്പെട്ടവരോട് അനുവാദം ചോദിക്കുന്നതും നല്ലതാണ്. ചിലപ്പോൾ നിങ്ങൾ കരം കെട്ടിയ രസീത്, വീടിന്റെ ആധാരം, സാലറി സിർട്ടിഫിക്കറ്റ് ഒക്കെ സറണ്ടർ ചെയ്യേണ്ടിവരും..
ആരോഗ്യരംഗത്ത് പലപ്പോഴും പല പ്രൊസീജിയർസിനും നമ്മൾ 'കൺസെന്റ്' എടുക്കാറുണ്ട് രോഗിയുടെയോ അവരുടെ അടുത്ത ബന്ധുവിന്റെയോ. അവരും വായിച്ചു നോക്കി എല്ലാം മനസ്സിലാക്കിയ ശേഷമാണ് സമ്മതി പത്രത്തിൽ ഒപ്പു വയ്ക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിലും സ്പെഷ്യലാണ് 'ഇൻഫോംഡ് കൺസെന്റ്.' അപകട സാധ്യത സർജറിക്കും അനസ്തേഷ്യക്കും വളരെ കൂടുതലുള്ള രോഗികളോടോ
അവരുടെ ബന്ധുക്കളോടോ ഈ കൂടുതലായുള്ള അപകട സാധ്യതയെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിയ ശേഷം മാത്രമേ ഇൻഫോംഡ് കൺസെൻഡിൽ ഒപ്പ് വെപ്പിക്കാറുള്ളൂ. ഡോക്ടർ പറഞ്ഞതെല്ലാം ഞങ്ങൾക്കും മനസ്സിലായി എന്നുപോലും ആ കൺസെന്റ് വരികളിലുണ്ട്..
ഇതുപോലെ വലിയ വലിയ ബാങ്ക് ഇടപാടുകൾ, പണമിടപാടുകൾ, ലോൺ ഇടപാടുകൾ, സ്ഥലം വിൽപ്പന, വാങ്ങൽ ഇടപാടുകൾ അവസരങ്ങളിൽ എല്ലാം ഇത്തരത്തിൽ വേണ്ടപ്പെട്ടവർ ഇൻഫോംഡ് കൺസെന്റ് തന്നെ എടുക്കേണ്ടതാണ്.. പ്രത്യേകിച്ച് പ്രായമായ മാതാപിതാക്കളുടെ വിരലടയാളം വാങ്ങുമ്പോഴും, സീനിയർ സിറ്റിസൺസ് ഇതിൽ ഇൻവോൾഡ് ആകുമ്പോഴും. ലോൺ എടുത്ത ആൾ ലോൺ അടയ്ക്കാതെ ആയാൽ ജാമ്യം നിൽക്കുന്ന ആൾക്ക് വരാവുന്ന ബാധ്യതകളെകുറിച്ച് നന്നായി പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്ന നിയമം പോലുമുണ്ട്. കുറച്ച് അധികം സമയം എടുത്തിട്ടായാൽ പോലും എവിടെയെങ്കിലും ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടുന്നതിന് മുമ്പ് നിങ്ങൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഒന്നുമില്ലെങ്കിലും അപ്പോൾ 'റാംജി റാവു സ്പീക്കിങ്ങിലെ' പ്രശസ്ത ഗാനത്തിലെ ഈ വരികൾ ഓർക്കുക.
'അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെ ടുക്കുമ്പോൾ
ഗുലുമാൽ,... ഗുലുമാൽ.'.
ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ അറിവുകൾ പരിമിതങ്ങളാണ്. കൂടുതൽ ആധികാരികമായി എഴുതുവാൻ താല്പര്യമുള്ളവർ പ്ലീസ്....വരിക, എഴുതുക.