പേര്: കൊച്ചു നാണു.
നാരായണെനെ
ചുരുക്കിപ്പറഞ്ഞേതോ ?
പക്ഷേ,
നാരായണപുരാവൃത്ത
ആഢംഭരമൊന്നുമില്ല.
ഓലകുത്തിയ കുടിൽ.
മക്കൾ: പട്ടിണിക്കോലങ്ങൾ
നല്ലപാതിയൊരെല്ലു പാതി.
കൊച്ചു നാണു ,
താഴെനിന്ന്
ഏതുയരത്തിലെയും
മരക്കായ്
എറിഞ്ഞു വീഴ്ത്തും.
കൊച്ചുനാണു,
ഏതുയരത്തിലും
സ്വപാർട്ടിയുടെ കൊടി
കെട്ടിപ്പൊക്കാൻ
കയറിത്തൂങ്ങും.
കൊച്ചുനാണു,
ആരോടുമെതിർ വാക്ക്
പൊഴിക്കാതെ
രാഷ്ട്രീയയെതിർ മൊഴികളെ
ഒരു ചിരി വരച്ചില്ലാതാക്കും.
കൊച്ചു നാണു,
ആഹാരം കഴിച്ചെന്ന്
നുണ പറഞ്ഞ്
പട്ടിണി കൊള്ളും.
കൊച്ചു നാണു,
പൊട്ടിച്ചിരിക്കുമ്പോൾ
പൊട്ടക്കുളത്തിലെ
തവളകളും,
കുറ്റിക്കാട്ടിലെ
കുറുക്കനും കുറുനരികളും
വളർത്തുനായും
പിന്നെ, അറിയാവുന്ന
സാധു മാലോകരും
പാലത്തേക്ക് കഴിച്ചെന്ന
അറിവ് മുഴക്കും.
കൊച്ചു നാണു
ഉച്ചത്തിൽ കരഞ്ഞാൽ,
ചുറ്റുവട്ടത്തിലാരോയൊരാൾ
വിശപ്പുകൊണ്ട് മുരളുന്നതിനാലോ,
വേദന കൊണ്ട്
പുളയുന്നതിനാലോ
കണ്ണീരിറ്റിറ്റ്
കടലാവുന്നതെന്ന്.......
കണ്ണടച്ച്
കുടിൽ ചാരിയൊന്ന്
മയങ്ങി
കൊച്ചു നാണു.
ഉണർന്നപ്പോൾ
മാടിമാടി വിളിച്ചു ,
കാറ്റാടി.
തൻ കൊടി മേപ്പോട്ട്
മേപ്പോട്ടുയർത്താൻ......
കൊടിയുയരെ,
കാറ്റാടിത്തുമ്പിലാടുമ്പോൾ
വലിയൊരു
കാറ്റിൻ ചിറകൊടിഞ്ഞവൻ
നിലം പതിക്കുന്നു ......
നിശ്വാസ പക്ഷിയെങ്ങോ
പറന്നുകലുന്നു.....
കാറ്റാടിക്കടയ്ക്കലൊരു
ചെറു ബോർഡ് വച്ചു....
കൊച്ചു നാണു മകൻ
കൊണ്ടു വച്ചു.
അതിൽ രണ്ടു വാക്കുകളിങ്ങനെ
ചുവന്നു വന്നു :
ഇതച്ഛൻ്റെ
കൊടിമര കാറ്റാടി....
കാറ്റിലൂയലാടുന്ന
ഞങ്ങൾ തൻ
കുടിൽ,
അത്താഴപഷ്ണി
മരം.... കാറ്റാടി.