പുതിയകാവ് അമ്പലത്തിലെ ഉത്സവം സമാപിക്കുന്നതിനു രണ്ടുനാൾകൂടി മാത്രം ഉണ്ടായിരുന്നുള്ളു. പത്താമത്തേയും പതിനൊന്നാമത്തേയും ദിനങ്ങളിലെ ഉത്സവങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ തെക്കു വടക്കു ചേരുവാരാടിസ്ഥാനത്തിലായിരുന്നു നടത്തിരിക്കുന്നതു. ആനന്ദവല്ലിയമ്മയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയിതു കൊണ്ടുവന്നിരുന്നു. വൈകുന്നേരം അമ്പലത്തിലെ ദീപാരാധനയ്ക്കു പോയി തൊഴുതുവാരമെന്നു വിചാരിച്ചുകൊണ്ടു 'അമ്മ അടുക്കളയിലെ എല്ലാ പണികളും ധ്രുതഗതിയിൽ ചെയ്തുതീർക്കുകയായിരുന്നു. വർഷങ്ങളായി പുതിയകാവ് അമ്പലത്തിലെ ചേരുവാര ഉത്സവം അമ്മയും ആനന്ദവല്ലിയമ്മയും മുടക്കം വരുത്തിയിട്ടില്ല. ആനന്ദവല്ലിയമ്മയുടെ മുറിയിൽ നിന്നും ഹരിനാമകീർത്തനം ഉരുവിടുന്നു കേൾക്കുന്നുണ്ടായിരുന്നു. നീലക്കരയുള്ള മുണ്ടും ഷർട്ടും തേച്ചുവെടുപ്പാക്കി ഞാൻ അമ്പലത്തിലേക്ക് പോകാനായി ആറുമായിയായപ്പോഴേക്കും ഉടുത്തൊരുങ്ങി ഇറങ്ങി.
ഏഴു ആനയുടെ അകമ്പടിയോടെ ശീവേലി നടക്കുന്നുണ്ടായിരുന്നു. നാലമ്പലത്തിന്റെ ചുറ്റുവിളക്കുകൾ സ്വർണ്ണപ്രഭയോടെ കത്തിജ്വലിക്കുന്നതും ചെറുകാറ്റിൽ തീ നാളങ്ങൾ നൃത്തം വെയ്ക്കുന്നതും മനോഹരകാഴ്ചയായി മാറി. ചുറ്റമ്പലത്തിനു അകത്തേക്ക്‌കേറുന്നതിനു ജനത്തിരക്കുള്ള നീണ്ട വരികൾ കണ്ടതിനാൽ കൊടിമരച്ചുവട്ടിൽ നിന്ന് തൊഴുത്തിന് ശേഷം ഞാൻ ചുറ്റമ്പലം വലംവെച്ചു. പിന്നീട് ആൽത്തറയിലിരുന്നു ഉത്സവത്തിരക്കിലേക്കു നടന്നടുക്കുന്ന ആബാലവൃദ്ധം ജനങ്ങളെ നോക്കിയിരുന്നു. ഗോപുരനടയ്ക്കുമേലെ കൂട്ടമായി വലംവെയ്ക്കുന്ന അമ്പലപ്രാവുകൾപോലെ എവിടുന്നൊക്കെയോ ജനങ്ങൾ അമ്പലമുറ്റത്തേക്കു വന്നു ചേരുന്നുണ്ടായിരുന്നു. ദീപാരാധനക്കുള്ള സമയമടുത്തു മണിയേട്ടന്റെ മകൻ മനുകൃഷ്ണൻ ആൽത്തറയെ ലക്ഷ്യമാക്കി എന്റെ നേർക്ക് ഓടിവരുന്നു കണ്ടു. കിതപ്പോടെ വാക്കുകൾ മുഴുവിപ്പിക്കാതെ ഞാൻ വീട്ടിലേക്കു ചെല്ലാൻ അവൻ ആവശ്യപ്പെട്ടു. കാര്യം തിരക്കിയതും ആനന്ദവല്ലിയമ്മ വയ്യാതെ കട്ടിലിൽ നിന്നും താഴെവീണു. ഹോസ്പിറ്റലിൽ കൊണ്ടുപോകണം. അണ്ണനെ വിളിച്ചുകൊണ്ടു ചെല്ലാൻ എന്നെ പറഞ്ഞയച്ചതാണ് എന്ന് അവൻ ദീർഘശ്വാസമെടുത്തു പറഞ്ഞു നിർത്തി. പിന്നീട് അവിടെ നിന്നും ഞങ്ങൾ വീട്ടിലേക്കു വേഗത്തിൽ ഓടിയെത്തി.
വീട്ടുമുറ്റത്തു അയൽപക്കത്തുള്ളവരും മറ്റു ജനങ്ങളും കൂടി നിൽക്കുന്നു. എന്തെന്നറിയാതെ ഞാൻ അകത്തേക്ക് കയറിച്ചെന്നു. എന്നെ കണ്ടതും അമ്മയുടെ കരച്ചിൽ ഉച്ചത്തിലായി. ആനന്ദവല്ലിയമ്മ നമ്മളെ വിട്ടു പോയെടാ മോനേ.. വിഷ്ണു... നിമിഷങ്ങൾക്കുളിൽ ആനന്ദവല്ലിയമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞുയെന്നു വിശ്വസിക്കാനാകാതെ ഞാൻ നിശ്ചലനായി നിന്നു. ആനന്ദവല്ലിയമ്മ കിടക്കുന്ന കട്ടിലിന്റെ അരികിൽ ഞാൻ ചേർന്നിരുന്നു. എന്റെ മുഖത്തു ഒലിച്ചിറങ്ങിയ കണ്ണുനീർ ഞാൻ പതിയെ തുടച്ചുമാറ്റി. പാതിമാത്രം കണ്ണുകൾ അടഞ്ഞ ആനന്ദവല്ലിയമ്മയുടെ തോളിൽ ഞാൻ തട്ടി ആനന്ദവല്ലിയമ്മേ... എന്ന് രണ്ടു മൂന്നു ആവർത്തി വിളിച്ചു. എന്റെ വിളികൾക്കു മറുപടിയോ കണ്ണുചലിപ്പിച്ചു എന്റെ നേർക്ക് നോക്കുകപോലും ചെയ്തില്ല. അൽപസമയത്തിനുശേഷം അച്ഛൻ വയലാർ കവലയിലുള്ള റിട്ടയേഡായിരുന്ന ജഗൻമോഹൻ ഡോക്ടറെ കൂട്ടിക്കൊണ്ടുവന്നു ആനന്ദവല്ലിയമ്മയുടെ മരണം സ്ഥിരീകരിച്ചു. ഉത്സവപ്പറമ്പിൽ വിൽക്കുന്ന ആപ്പിൾ ബലൂണുകൾ ഊതി വീർപ്പിക്കുമ്പോൾ പൊട്ടിപോകുന്ന ലാഘവത്തോടെ ഒരു മനുഷ്യഹൃദയം പൊട്ടി മരണത്തിലേക്ക് കൂപ്പുകുത്തിയെന്ന യാഥാർഥ്യമാക്കി രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം എന്റെ വീട്ടിൽ കടന്നു വന്നു.
പിറ്റേദിവസം പണിനൊന്നുമണിക്കു ശവദാഹത്തിനുള്ള സമയം നിശ്ചയിച്ചുകൊണ്ടുള്ള സന്നാഹങ്ങൾ സാമുദായിക സംഘടനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുരോഗമിച്ചു. ബന്ധുക്കളെ വിവരമറിയിക്കുന്നതിനുള്ള ആളുകളെ ഓരോ ദിശകളിലേക്കും അച്ഛൻ പറഞ്ഞയച്ചു. അഞ്ചുതിരിയിട്ട നിലവിളക്കിന്റെ ചുവട്ടിൽ വെള്ളപുതച്ചു ഇനി ഒരിക്കലും ഉണരാത്ത നിദ്രയിലെന്നപോലെ ആനന്ദവല്ലിയമ്മ സുഖമായി ഉറങ്ങുന്നു. വരാന്തയിൽ ഇരുന്ന എന്റെ മുന്നിലൂടെ ആരൊക്കെയോ ആനന്ദവല്ലിയമ്മയുടെ കാൽനമസ്കരിച്ചു വിടപറയുന്നുണ്ട്. സ്നേഹത്തിന്റെയോ വേദനയുടെയോ തിരിച്ചു വരില്ലെന്ന സൂചനയുടെയോ പ്രതീകംപോലെ ചുറ്റിലിമിരിക്കുന്നവർ കണ്ണീർ പൊഴിക്കുന്നുണ്ട്. ആർക്കു എപ്പോൾ എന്ത് സംഭവിക്കുക എന്നവിധം മരണത്തെ ആർക്കും നിർവചിക്കാനാകില്ല എന്നപോലെ രാത്രി തീരാദുഖത്തിലാഴ്ത്തികൊണ്ടു ഇരുണ്ടു വെളുത്തു. പാതി മയങ്ങിയ കണ്ണുകളിൽ ചുവപ്പു നിറം കലർന്നിരുന്നു. പ്രിയപ്പെട്ടവരുടെ നഷ്ടം ഉണ്ടാക്കുന്ന ഹൃദയവേദനയേക്കാൾ വലുതല്ലല്ലോ ശരീര വേദനകൾ. ഒരു മനുഷ്യായുസ്സിന്റെ ജീവിതചരിത്രം വഹിക്കുന്ന ഓർമ്മയിലേക്ക് ചേക്കേറുവാൻ വീടിന്റെ തെക്കു ഭാഗത്തു ആനന്ദവല്ലിയമ്മയ്ക്കുള്ള പട്ടട സജ്ജമായിക്കഴിഞ്ഞിരുന്നു.
ആനന്ദവല്ലിയമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ ഒന്ന് മുഖം കാണിക്കുന്നതിനായി നിരവധിയാളുകൾ വന്നുപോയിക്കൊണ്ടിരുന്നു. സ്വയം കരഞ്ഞുകൊണ്ട് ജനിക്കുന്ന മനുഷ്യൻ മറ്റുള്ളവരെ കരയിച്ചുകൊണ്ടു യാത്രയാകുന്ന നിമിഷം. അനന്തവല്ലിയമ്മയെ ചിതയിലേക്ക് എടുക്കുന്ന നിമിഷത്തിൽ സിമി അവളുടെ അമ്മയുടെ കൂടെ നിൽക്കുന്നത് ഞാൻ നിറമിഴികളോടെ കണ്ടു. മരണവും പ്രണയവും തമ്മിൽ വിദൂരതയിലുള്ള വീക്ഷണകോണുകളിലെ കൺമുനയമ്പുകളുടെ നിമിഷനേരത്തെ ചലനം മാത്രമായി ഭവിച്ചിരുന്നു. പ്രിയപ്പെട്ടവരുടെയും ബന്ധുജനങ്ങളുടെയും മറ്റുജനങ്ങളുടെയും മുന്നിൽ ഒരു തീനാളമായി ആനന്ദവല്ലിയമ്മ എരിഞ്ഞടങ്ങാൻ തുടങ്ങി. മരണം നിഴലിച്ചു വീട്ടുമുറ്റത്തെ ആൾക്കൂട്ടം ഒഴിഞ്ഞു. കണ്ണീരുപ്പുപടർത്തിയ മുഖത്തോടെ എന്റെ വീട് നിശ്ശബ്ദതയിലേക്കു കൂപ്പുകുത്തി. പുതിയകാവ് അമ്പലത്തിലെ ഉത്സവത്തിന്റെ പെരുമേളം കലാശകൊട്ടിക്കേറിയ ദിനം ആനന്ദവല്ലിയമ്മയുടെ ഓർമ്മ ദിനമായി മാറി.
മരണാന്തര ചടങ്ങുകൾ കഴിഞ്ഞു. പ്രിയപ്പെട്ടവരുടെ മരണം നൊമ്പരങ്ങളും ഓർമ്മകളും സമ്മാനിക്കുമെന്നുള്ള അനുഭവ തന്ത്രിയിലൂടെ ഓരോ ദിനരാത്രങ്ങളും കടന്നുപോയിക്കൊണ്ടിരുന്നു. ഞാൻ സ്കൂളിലേക്കും അച്ഛൻ കടയിലേക്കും പോയ്ക്കഴിയുമ്പോൾ പകൽ സമയങ്ങളിൽ 'അമ്മ വീട്ടിൽ തനിച്ചായി. ഇഷ്ടപ്പെട്ടവരുടെ നഷ്ടപ്പെടലുകൾ മനസ്സിൽ ഏകാന്തത സൃഷ്ടിക്കാൻ ശ്രമങ്ങൾ നടത്തുന്നതുപോലെ കുറച്ചു നാളത്തേക്ക് ഞങ്ങളുടെ വീട് അകെ മൂകതയിൽ വസിച്ചുകൊണ്ടിരുന്നു. വറീതുമാപ്പളയുടെ മകൻ ഗൾഫുകാരൻ സിബിച്ചൻ തുടങ്ങിയ അച്ചാറുകമ്പനിയിൽ 'അമ്മ ജോലിക്കു പോയിത്തുടങ്ങി. പ്ലസ് ടു പരീക്ഷയ്ക്കുള്ളൻ പഠനത്തിരക്കിലേക്കായി ഞാനും മുഴുകി. പതിവുകൾപോലെ കടയിലെ കച്ചവടവും കൊടുക്കൽ വാങ്ങലുകളുടെ വ്യാപാര കണക്കുകളിലൂടെ അച്ഛനും കടന്നുപോയിക്കൊണ്ടിരുന്നു.
ആനന്ദവല്ലിയമ്മയുടെ മരണത്തിന്റെ അന്ന് സിമിയെ ഒരു നിഴൽപോലെ കണ്ട ഞാൻ പിന്നീട് കണ്ടതേയില്ല. പുസ്തകവായനയിലെ രണ്ടു കൊല്ലത്തിനിടയിൽ ഞാൻ നൂറിലധികം പുസ്തകങ്ങൾ വായിച്ചു പൂർത്തീകരിച്ചു. ജീവിതത്തിന്റെ ഒരു ചര്യയായി മാറിയ പുസ്തകയാണയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഞാൻ ചെറിയ കവിതകളും കഥകളും ഒരു ഡയറിയിൽ എഴുതി തുടങ്ങി. പ്രണയവും വിരഹവും നഷ്ടപ്പെടലും ഏകാന്തതയും സമ്മിശ്രണംപോലെ എഴുത്തിൽ പ്രതിഫലിച്ചു. ലൈബ്രെറിയിൽ പുസ്തകങ്ങൾ എടുക്കാൻ ചെല്ലുമ്പോൾ ഞാൻ നൽകിയിരുന്ന എന്റെ കഥകളുടെയും കവിതകളുടെയും കൈയ്യെഴുത്തുപ്രതി വായിച്ചിരുന്ന ലൈബ്രെറിയൻ രാജേദ്രൻ ചേട്ടൻ എന്റെ നിരൂപകനായ മാറി. തിരുത്തലുകളും പോരായ്മളെയും പറഞ്ഞു തന്നു ശ്രമങ്ങൾ തുടരാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽ എന്റെ "ഇടനാഴിയിലെ പ്രണയം" എന്ന കവിതയും "അന്തേവാസികൾ" എന്ന കഥയും ഞാൻ അറിയാതെ എന്റെ സമ്മതമോ കൂടാതെ അദ്ദേഹം കേരള കൗമുദി, ദേശാഭിമാനി എന്നി വാരികയ്ക്ക് അയച്ചുകൊടുത്തിരുന്നു. രണ്ടതും പ്രസിദ്ധികൃതമായതിന്റെ വരിക പതിപ്പുകൾ വീട്ടിൽ എത്തിയപ്പോഴാണ് ഞാനും എന്റെ വീട്ടുകാരും അന്താളിച്ചുപോയത്. കവിതയ്ക്കു 'അമ്മ പ്രാധാന്യം കൊടുക്കാതെ കഥ കുത്തിയിരുന്ന് വായിച്ചു തീർത്തു. കഥയിലെ പരാമർശങ്ങൾ എല്ലാം ആനന്ദവല്ലിയമ്മ ആശുപതിയിൽ ആയിരുന്ന സമയത്തു ഞാൻ നീരീക്ഷിച്ച ഓരോ കിടപ്പുരോഗികളുടെയും അവരുടെ യാതനകളുടെയും അനുഭവത്തെ ചുറ്റിപ്പറ്റിയുമുള്ളതായിരുന്നു. അച്ഛനും അമ്മയും രാജേദ്രൻ ചേട്ടനും എന്നെ അഭിനന്ദിച്ചു. ഇനിയും എഴുതണമെന്നു വീട്ടുകാരും വാത്സല്യപൂർവ്വം എന്നെ പ്രോത്സാഹിപ്പിച്ചു.
സയൻസ് വിഷയങ്ങൾ അഭിരമിക്കാതെ എന്റെ മനസിലേക്ക് മാതൃഭാഷയോടും അതിൽ ഡിഗ്രി പഠനം നടത്തണമെന്നുമുള്ള ആശ മുളയ്ക്കാൻ തുടങ്ങി. ജീവിതത്തിലെ മറ്റൊരു സുപ്രധാന പരീക്ഷണനിനു ഞാൻ വീണ്ടും തയ്യാറെടുക്കുകൾ നടത്തി. സ്പെഷ്യൽ ക്ലാസും നോട്സ് തയ്യാറാക്കി പഠനവുമൊക്കെയായി പ്ലസ് ടു പരീക്ഷ എന്ന കടമ്പ ഞാൻ കടന്നു കഴിഞ്ഞു. മനസ്സിലുണ്ടായിരുന്ന ഇങ്കിതം ഞാൻ രാജേദ്രൻ ചേട്ടനിലൂടെ അമ്മയെയും അച്ഛനെയും പറഞ്ഞു മനസിലാക്കാൻ ഉപയോഗപ്പെടുത്തുന്ന വഴികൾ പദ്ധതിയിട്ടു. പ്ലസ് ടു ഫലം വരുന്നതിനായി പിന്നീട് എന്റെ കാത്തിരുപ്പുകൾ.
(തുടരും.....)
https://emalayalee.com/writer/278