തന്റെ ആദ്യജാതന് കൊല്ലപ്പെട്ടപ്പോള്‍ ഒറ്റയാന് പട്ടാളത്തെപ്പോലെ നീതിക്കായി പൊരുതി. പോലീസ് ആരെയൊക്കയോ അറസ്റ്റ്ചെയ്ത് കേസ് തേച്ചുമായിച്ചു. വെളുത്ത മതതീവ്രവാദികളെ തൊടാന്‍ പോലീസിനു ഭയമാണ്. അമ്മയുടെ നിഗമനം അങ്ങനെയായിരുന്നു. അതില്‍ ശരിയും ഉണ്ടായിരുന്നു. നീതിപാലകരത്രയും വെളുത്തവര്‍ ആയിരുന്നു. വെളുത്തവര്‍ വെളുത്തവന്റെ നീതിക്കായി നിലകൊള്ളുന്നു. വളരെ അപൂര്‍വ്വമായി ഒന്നൊ രണ്ടോ വെളുത്തവര്‍ മുഖമില്ലാത്ത നീതിദേവതക്കൊപ്പം കണ്ടു എന്നുവരാം. പക്ഷേ അവര്‍ ഒറ്റപ്പെട്ടവരാണ്. അതിനുശേഷമാണ് അമ്മ പൗരാവകാശ വേദികളുമായി സഹകരിക്കാന്‍ തുടങ്ങിയത്. മാര്ട്ടിന് ലൂഥര്‍ കിംഗ് സിവില്‍ റൈറ്റ് മൂവ്മെന്റിന്റെ അമരക്കാരനായത് റോസാ പാര്‍ക്ക് തുടങ്ങിവെച്ച ബസ്സ് ബോയിക്കോട്ട് സമരത്തില്‍ നിന്നായിരുന്നു എന്നു ചരിത്ര രേഖയില്‍ ഉണ്ടോ എന്നെനിക്കറിയില്ലെങ്കിലും അതായിരുന്നു തുടക്കം. നീഗ്രോയും മനുഷ്യനാണെന്നും, രാജ്യത്തെ മറ്റുള്ളവര്‍ അനുഭവിക്കുന്ന മറ്റെല്ലാ അവകാശങ്ങളും അവര്‍ക്കും അനുവദിക്കണം എന്ന ആവശ്യവുമായി രജ്യത്തിന്റെ എല്ലാ നഗരങ്ങളിലും സംഘടിപ്പിച്ച അവബോധ പ്രചരണ പരിപാടിക്ക് അമ്മയും പോകാറുണ്ടായിരുന്നു. അന്ന് പെണ്‍കുട്ടികളായ ഞങ്ങള്‍ പലപ്പോഴും വീട്ടില്‍ ഒറ്റയ്ക്കായിരിക്കും. മൂത്ത മകന്റെ മരണം അമ്മയില്‍ എല്ലാത്തിനോടും ഒരു ഉദാസീന മനോഭാവം വളര്‍ത്തിയിരുന്നു. രണ്ടാമത്തവന് എങ്ങോട്ടെന്നില്ലാതെ വീടുവിട്ടുപോകുകയും ചെയ്ത ആ കാലത്ത് അമ്മ ഒരു വിഷാദരോഗിയേപ്പോലെയായിരുന്നു. പള്ളിയില്‍ പാസ്റ്റര്‍ക്കൊപ്പം ചിലവഴിച്ച സമയങ്ങളില്‍ അമ്മ എല്ലാം മറന്നിരിക്കാം. ഒപ്പം സാമൂഹ്യ വിഷങ്ങളിലെ ഇടപെടലും ആയിരിക്കാം അമ്മയെ ഒരു ഭ്രാന്തി ആക്കാതിരുന്നത്. എന്നിട്ടും അമ്മ ഭ്രാന്തിയായി..! എങ്ങനെ...?
ഒരു നീഗ്രോ ബലാല്ക്കാരം ചെയ്യപ്പെടുന്നത് ഒരു വാര്‍ത്തയല്ല.നൂറ്റാണ്ടുകളായി അവളുടെ ജീവിതം അങ്ങനെ ആയിരുന്നു. ആര്‍ക്കും അവളെ യഥേഷ്ടം ഉപയോഗിക്കാം. ചിലപ്പോള്‍ യജമനനും മക്കള്‍ക്കും ഒരേ സമയം അവള് ഭോഗവസ്തുവാകുന്നു. ഒരുക്രിസ്തീയ വാദിയും അതിലെ സദാചാരത്തെക്കുറിച്ച് വേവലാതി പൂണ്ടവരായി കണ്ടില്ല. അവരെല്ലാം ഒരേ സാംസ്കാരിക ചരടില്‍ കോര്ത്തിണക്കപ്പെട്ടവര് ആയിരുന്നു അടിമ അവര്‍ക്ക് മനുഷ്യരല്ലായിരുന്നു. സംസാരശേക്ഷിയുള്ള മൃഗങ്ങള്‍!...പക്ഷേ ലോകമെല്ലാം പുരോഗതിയിലുടെ മുന്നേറുമ്പോള്‍ അമേരിക്കയുടെ മുഖം തിളിങ്ങിയിരുന്നുവെങ്കിലും അവളുടെ ഉള്ളില്‍ ഇരുളിന്റെ മാറാലകളായിരുന്നു. അതില്‍ വെറുപ്പിന്റെ കൊടിതോരണങ്ങള്‍ കൊളുത്തിയിട്ടിരിയ്ക്കുന്നത് ആരും കാണില്ലന്നവര് കരുതിയിട്ടുണ്ടാകും. എന്നാല്‍ ഒരു കറുത്തവനു വെളുത്തവളെ സ്നേഹിക്കാനോ അവളോടൊപ്പം ഇണചേരാനോ അവര്‍ അനുവദിച്ചിരുന്നുവോ... പക്ഷേ അങ്ങനെ സംഭവിച്ചിരുന്നു. വെളുത്തവര്‍ക്ക് കറുത്ത ചെറുപ്പക്കാരോട് ആവേശമായിരുന്നത്രേ... പലകൂട്ടുകാരികളും അതു തുറന്നു പറഞ്ഞിട്ടുള്ളത്റീന ഓര്‍ത്തു.
യജമാനന്റെ അടുക്കളത്തോട്ടത്തിലും, കുതിരാലയങ്ങളിലും നിയമിക്കപ്പെട്ട കൗമാരക്കാരായ ആണ് പിറന്നവര്‍ പലപ്പോഴും യജമാനന്റെയും, അകത്തളങ്ങളിലെ കൊച്ചമ്മമാരുടേയുംരതിവൈകൃതങ്ങളുടെ ഇരയാകുറുണ്ട്. അങ്ങനെയുള്ളു ഒരു കഥ 'ഒരുടിമജീവിതത്തിലെ മുരിയ്ക്കിന് മുള്ളുകള്‍' എന്ന കഥയില്‍ വായിച്ചതായി റീന ഓര്ത്തതെന്തിന്. തന്റെ ആത്മകഥയിലെ പൊള്ളുന്ന ഒരദ്ധ്യായത്തില്‍ നിന്നും ഓര്‍മ്മകളെ തിരിച്ചുവിടാനോ...? എങ്ങനെയെല്ലാം ഓടിയാലും ഓര്‍മ്മകളുടെ ഏടുകളില്‍ നിന്നും ഒളിച്ചോടാന്‍ എങ്ങനെ കഴിയും.
റീന മുറിവേറ്റ തന്റെ മനസ്സിന്റെ നൊമ്പരങ്ങളില്‍ നഷ്ടപ്പെട്ടവളായി സ്വയം പറഞ്ഞു. അയാള്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അമ്മനേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും അമ്മയുടെ അയാളോടുള്ള പെരുമാറ്റത്തിലും, ശരീരഭാക്ഷയിലും അയാള്‍ തന്റെ അച്ഛനെന്നു വായിച്ചിരുന്നു. അമ്മ ആദ്യമായി ബേഗിള്കടയില് ജോലിക്കു പോയതും തന്റെ പ്രായവും ഏകദേശം ഒത്തുവരുന്നുണ്ടെന്ന കണക്കില്‍ അമ്മയെനോക്കി ചിരിക്കും ബേഗിള്‍ കടയില്‍ പോയാല്‍ അയാളെ ഏറെനേരം നോക്കി നില്ക്കും. ഒരു നീഗ്രോക്കുട്ടിയുടെ അച്ഛന് സങ്കല്പം അയാളില്‍ സ്ഥാപിച്ചെടുക്കാനുള്ള അബോധമസ്സിന്റെ പ്രചോദനം ആയിരുന്നിരിക്കാം. മിക്കപ്പോഴും ഒരു ചോക്കളറ്റ് അയാള്‍ തനിക്കായി കരുതിയിട്ടുണ്ടാകും. കടയില്‍ ആരും ഇല്ലെങ്കില്‍ തന്നെ തലോടുകയും ചുംബിക്കുകയും ചെയ്യും. തന്റെ ശരീരത്തിന്റെ വളര്‍ച്ചയില്‍ അയാളിലെ അച്ഛന്ഭാവം മാറുന്നതും, അയാളുടെ മനസ്സില്‍ കിളിര്‍ത്തുവരുന്ന കൊമ്പുകള്‍ ചെന്നികളില്‍ കിളിര്‍ത്ത് തന്നെ ആ കൊമ്പുകളില്‍ കേര്‍ക്കാന്‍ കൊതിക്കുന്നവന്റെ കണ്ണുകളിലെ ഭാവം തിരിച്ചറിയാന്‍ തുടങ്ങുന്നതിനുമുമ്പേ താന്‍ ഇരയാക്കപ്പെട്ടു. ഒരു നീഗ്രോക്ക് അച്ഛനില്ലെന്ന സത്യം തിരിച്ചറിഞ്ഞ് വീട്ടിവന്ന് ഇരുട്ടിന്റെ കോണില്‍ ഇരുന്നു വിതുമ്പുന്ന തന്നെ കണ്ട് അമ്മ കരഞ്ഞുവോ. പക്ഷേഎരിയാന് തുടങ്ങിയപ്രതികാരത്തിന്റെ അഗ്നിയുമായി, രാത്രിമുഴുവന്‍ ഉറങ്ങാത്ത അമ്മ രാവിലെ തന്നെ അയാളുടെ കടയിലേക്കു പോയി. കയ്യില്‍ കരുതിയിരുന്നആഫ്രിക്കന് കത്തി അയാള്‍ക്കുനേരെ വീശി. തന്റെ മുന്‍ തൊഴിലാളിയായിരുന്നവളുടെ കലിഒച്ച അയാള്‍ കേട്ടോ എന്തോ. അല്ലെങ്കില്‍ അതുകേട്ട് നാണിക്കാനുള്ള മനുഷ്യനായി അയാള്‍ വളര്‍ന്നിരുന്നില്ല.അയാള്‍ തന്നെ ചോദ്യം ചെയ്തവളെ, ബേഗിള്‍ ഓവനിലെ കനലിളക്കാന് ഉപയോഗിക്കുന്ന ഇരുമ്പുചട്ടുകം കൊണ്ട് അടിച്ചുവീഴ്ത്തി അഭിമാനം പൂണ്ട് ഒരടിമയോട് ഇങ്ങനെയൊക്കെ ആകാം എന്ന മട്ടില്‍ നിന്നു.
അടിയേറ്റ് ഇടതുതലപൊട്ടിയ അമ്മയെ ആരെല്ലമോ തൊഴിച്ച് പുറത്തേക്കിട്ടു. ബേഗിള്‍ കട ചര്‍ച്ചിനോടു ചേര്‍ന്നായതിനാല്‍ എപ്പൊഴോ പുറത്തിരങ്ങിയ പാസ്റ്റര്‍ അമ്മയെ ചര്‍ച്ചിലേക്ക് കൂട്ടി മുറിവ് വെച്ചുകെട്ടി. അപ്പോഴേക്കും അമ്മ എന്തൊക്കയോ ഓര്‍മ്മകളുടെ ചുഴിയില്‍ അകപ്പെട്ടവളായി പിച്ചും പേയും പറയാന്‍ തുടങ്ങി.ഏറയും ആഫ്രിക്കയിലെ പൂര്വ്വപിതാക്കന്മാരുടെ ഗോത്ര കഥകളായിരുന്നു.അമ്മ അതാരില്‍ നിന്നും കേട്ടതായിരിക്കില്ല. സ്വന്തം ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയതായിരിക്കാമെങ്കിലും ആ കഥയില്‍ അമ്മയും അമ്മയുടെ ഗോത്രവും ഉണ്ടായിരുന്നു. ഗോത്ര ഭാക്ഷയും, ഗോത്ര ആരാധനയും അമ്മ ഉരുവിടാന്‍ തുടങ്ങിയപ്പോള്‍ പാസ്റ്റര്‍ അമ്മയെ ഒരു മെന്റല്‍ അസേലിയത്തില് ആക്കി. പിന്നെ ഒന്നോ രണ്ടോ വട്ടമെ അമ്മയെ കണ്ടിട്ടുള്ളു. കാണുമ്പോഴോക്കെ അമ്മ എല്ലാവിധ ഓര്‍മ്മകളില്‍ നിന്നും വിടുതല്‍ നേടിയവളായി കെട്ടുകള്‍ പൊട്ടിയ ഒരു കെട്ടുവള്ളം മാതിരി ഓളങ്ങളില്‍ ആടിയുലയുന്നതായി തോന്നി.അമ്മയുടെ കൂട്ടുകാരന് അപ്പാര്‍ട്ട്മെന്റ് ഉടമ അമ്മയുടെ അവസ്ഥയില്‍ സഹതപിച്ചു. ആമ്മയെ ആശുപത്രിയിലാക്കാന്‍ പാസ്റ്റര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്തിനാണ് അയാളെക്കുറിച്ച് ഇപ്പോള്‍ ഓര്‍ത്തത്. എങ്ങനെ ഓര്‍ക്കാതിരിക്കും. മനുഷ്യന്റെ മനസ്സ് അങ്ങനെനെയാണ് ഒന്നിലും ഉറയ്ക്കാതെ ഒഴുകിക്കൊണ്ടിരിക്കും. ചില പാറക്കെട്ടുകളിലും, ഓവുചാലുകളിലും ഇടം കിട്ടി എന്ന മട്ടില്‍ സ്വസ്ഥതയെ കണ്ടെത്തിയെന്നു നിരൂപിക്കും. പക്ഷേ വീണ്ടും ഒഴുക്കില്‍ പെട്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകും. അമ്മയും അങ്ങനെ തന്നെ ആയിരുന്നിരിക്കും. അപ്പാര്‍ട്ടുമെന്റ് ഉടമയുടെ കിടക്കവിരിപ്പില്‍ ഒരിടം കണ്ടു എന്നു വിചാരിച്ചിരുന്നപ്പൊഴായിരിക്കും മറ്റൊരു തീരം മാടിവിളിച്ചത്. അപ്പാര്‍ട്ടുമെന്റ് ഉടമയുടെ ഉള്ളില്‍ സ്നേഹത്തിന്റെ ഒരു തിരി അണയാതെ കത്തുന്നുണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. വെളുത്തവന് എന്ന പൊതുബോധത്തില്‍ ആ വര്ഗ്ഗത്തിനൊടു മൊത്തമായി വെറുപ്പു തോന്നിയിരുന്ന ആ കാലത്ത് അയാളാണു സ്നേഹത്തിന്റെ വെളിച്ചം തനിക്കു കാണിച്ചു തന്നത്. ബേഗിളുകടക്കാരനും, അപ്പര്ട്ട്മെന്റുടമയും ഒരേവംശത്തിലെ രണ്ടു ധ്രൂവങ്ങളിലുള്ളവരായിരിക്കും... ഒരാള്‍ വംശീയ വര്‍ഗ്ഗീയതയുടെ വക്താവാകുമ്പോള്‍ മറ്റയാള്‍ മാനവസ്നേഹത്തിന്റെ കണ്ണിയായി, ക്രിസ്തുവിന്റെ സ്നേഹിതനായി. അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അയാള്‍ ഒത്തിരിയേറെ ചെയ്തു.റെന്റില്ലാതെ എത്രകാലം വേണമെങ്കിലും അവിടെ താമസിക്കാന്‍ അയാള്‍ പറഞ്ഞു. ഒരു പക്ഷേ ബേഗിള്കടക്കാരനില് താന്‍ പിതാവിനെ കണ്ടെത്താന്‍ ശ്രമിച്ചത് ശരിയായിരിക്കില്ല. അപ്പാര്ട്ട്മെന്റുടമായായായിരിക്കാം തന്റെ അച്ഛന്. അല്ലെങ്കില്‍ അങ്ങനെയൊരാളായിരുന്നു തന്റെ അച്ഛന് ആകേണ്ടിയിരുന്നതെന്നാഗ്രഹിച്ചു പോയി. ഇതൊന്നും തിരഞ്ഞെടുപ്പുകള്‍ അല്ലല്ലോ...
അമ്മ മരിക്കുന്നതുവരെ അപ്പാര്‍ട്ട്മെന്റില്‍ കൂടി പതിനാറുവയസുള്ള ഒരു നീഗ്രോയുടെ ജീവിതം തെരുവോരങ്ങളില്‍ ഇരുളിന്റെ മറവിലെ അഴുക്കു ചാലിലെന്ന് കണക്കുകൂട്ടി ചിലരെല്ലാം ചുറ്റിനും പതുങ്ങിക്കൂടിയെങ്കിലും, പാസ്റ്ററുടെയും, അപ്പാര്ട്ടുമെന്റുടമയുടെയും കരുതലിനാല്‍ അങ്ങനെയൊന്നും വേണ്ടിവന്നില്ല. അടുത്തുള്ള ഒരു ഡിപ്പാര്‍ട്ട്മെന്റു സ്റ്റോറിലെ ജീവനക്കാരിയായി. അനുജത്തിയെ നോര്‍ത്ത് കരോലീനയിലെ , ഫോസ്റ്റര്കുട്ടികളെ ദത്തെടുക്കുന്ന ഒരു സ്ഥലത്തേക്ക് പാസ്റ്റര്തന്നെ മാറ്റിപ്പാര്‍പ്പിച്ച് തന്റെ സ്വാതന്ത്ര്യത്തിന്റെ വഴികള്‍ തുറന്നവര്‍, തനിക്ക് ഉറ്റവളും, ഉടയവളും ആയിരുന്ന അവളെ ഇനിയൊരിയ്ക്കലും കാണാന്‍ പറ്റാത്ത ഒരു തീരത്തേക്കണയച്ചതെന്നോര്ത്തോ.കുറെക്കാലം പാസ്റ്ററില്‍ നിന്നു വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. പിന്നെ ന്യൂയോര്‍ക്കില്‍ എത്തിയതിനുശേഷം പാസ്റ്ററുമായുള്ള ബന്ധം മുറിഞ്ഞു. പാസ്റ്റര്‍ മരിച്ചുകഴിഞ്ഞ്, അവളെ വീണ്ടെടുക്കാന്‍, പണ്ടത്തെ വിലാസങ്ങളില്‍ ഏറെ തിരക്കി... എല്ലാവരും എങ്ങോട്ടൊക്കെയോ ഓടിപ്പോയിരിക്കുന്നു. എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടാകും....പ്രതീക്ഷിക്കാം... ബെഞ്ചമിന്‍ മെഗാഫോണുമായി റീനയെനോക്കി. അറീയിപ്പുകള്‍ സാധാരണ റീനയാണു പതിവ്. ഉറച്ച മുഴക്കമുള്ള സാധാരണ സ്ത്രീകളുടേതിനെക്കാള്‍ ഉറപ്പുള്ള ശബ്ദത്തിന്റെ ഗാംഭിര്യത്താലെന്നവണ്ണം കൂടെയുള്ളവര്‍ അതു ശ്രദ്ധിക്കും എന്നാണ് ബെഞ്ചമന് പറയുന്നത്. ''ഒന്നിനും ഒരുന്മേഷം തോന്നുന്നില്ല ബെഞ്ചമിന്‍ ഇന്നു നീ തന്നെ എല്ലാം ചെയ്യണം..'' റീന സമരക്കാര്‍ക്കും, ഇത്തരം ആഘോഷവേളകളിലെ കൂടിവരവുകാര്ക്കുമായി വൈറ്റ് ഹൗസിനടുത്തായി ഒഴിച്ചിട്ടിരിക്കുന്ന മൈതാനിയില്‍ ഒഴുകിയെത്തുന്ന ജനങ്ങളെ നോക്കി പറഞ്ഞു. അപ്പോള്‍ റീനയുടെ ഉള്ളില്‍ അമ്മയുടെ കൈപിടിച്ച് വര്‍ഷങ്ങള്‍ക്കു മുന്നെ എന്നോ മാര്ട്ടിന് ലൂഥര്‍ കിംഗിനെ കേട്ടതിന്റെ ഓര്‍മ്മകള്‍ തെളിഞ്ഞു.
മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയറുമായി അമ്മയുടെ ജീവിതത്തെ എന്തിനു കൂട്ടിയിണക്കുന്നു എന്ന് മനസ്സ് ചോദിക്കുന്നതായി റീനക്കു തോന്നി. പകലത്രയും റീനയുടെ മനസ്സ് പലവക ചിന്തയിലായിരുന്നു. ബസ്സ് തിരിച്ചുപോക്കിനുള്ള ഒരുക്കത്തില്‍ ആയിരുന്നു. ഒരു അടിമയുടെ ജീവിതത്തില്‍ കിട്ടാവുന്ന ഒരു വലിയ അംഗീകാരത്തിന് സാക്ഷിയാകാന്‍ പോയിട്ടും മനസ്സിനു വലിയ നിറവുണ്ടായില്ലല്ലോ എന്ന് റീന ഓര്‍ത്തു. റീനയുടെ മൗനം ബസ്സില്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സാധാരണ റീനയാണ് എല്ലാവരേയും ഉത്സാഹിതരാക്കുന്നത്. റീന അടുത്തുവരുമ്പോള്‍ എല്ലാവരിലേക്കും ഉണര്‍വിന്റെ ഉത്സാഹം പ്രവഹിക്കുന്നതായി തോന്നും. ചിലയാത്രകളില്‍ യാദൃച്ഛികമായി അവളില്‍ നിന്നും ആഫ്രിക്കയുടെ ഗോത്ര ഗാനം ഒഴുകും. അത്തരം പാട്ടുകള്‍ അടിമവംശത്തിലെ പുതുതലമുറകളില്‍ അധികമാരും കേട്ടിട്ടില്ല. ജാക്സന് അവന്യുവിലെ വീട്ടുമുറ്റത്ത് തന്റെ സഹോദരന് ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അന്നു ശരിക്കും മനസ്സിലായില്ലെങ്കിലും അതിന്റെ ഈണം അന്നേ തലയില്‍ കയറിയിട്ടുണ്ടായിരുന്നു. സഹോദരനെക്കുറിച്ചുള്ള കടുത്ത വിഷാദം മനസ്സില്‍ കയറുമ്പോഴൊക്കെ ആ ഈണം ഉറക്കെ മൂളും. അപ്പോള്‍ മറന്ന വരികള്‍ അമ്മ പൂരിപ്പിക്കും. രണ്ടുപേരും കണ്ണില്‍ കണ്ണില്‍ നോക്കും. ഒരടിമജീവിതത്തിന്റെ നൊമ്പരങ്ങളുടെ താളമായിരുന്നതില്. ഒരു വിമോചകന് വരുമെന്നും നാമവനെ സ്വീകരിക്കാന്‍ മടിക്കെരുതെന്നും, ഈ കാടൊക്കെ നമ്മുടെ സ്വന്തമാണെന്നും, നാമിനി ആരുടേയും അടിമയല്ലന്നും പാടിയവനെ അവര്‍ കൊന്നു.
ഇനിയും ഒരു വിമോചകനു പിറക്കാനുള്ള ഇടം ഈ മണ്ണില്‍ ഇല്ല. അങ്ങനെ ആരിലെങ്കിലും വിമോചകന്റെ ശബ്ദം കേട്ടാല്‍ അവനെ അവര്‍ കൊല്ലും. അതു റോമാക്കാരുടെ തന്ത്രമാണ്. ക്രിസ്തുവില്‍ അവര്‍ വിമോചകനെ കണ്ടപ്പോള്‍ അവനെ കൊന്ന്, ഉയര്‍പ്പിച്ച് ആത്മീയ പരിവേഷം അണിയിച്ച് സിംഹാസനത്തില്‍ ഇരുത്തി. ആര്‍ക്കും അതിലെ തന്ത്രം നാളിതുവരെ മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. നാവില്ലാത്തവന്‍ മറ്റുള്ളവരുടെ നാവിലൂടെ അവനായപ്പോള്, വചനങ്ങളൊക്കേയും അവര്ക്കുവെണ്ടതുമാത്രം ആയി.ആന്‍ഡ്രു പറയുന്നതുവരേയും റീനയും അതു തിരിച്ചറിഞ്ഞില്ല. മാര്‍ട്ടില്‍ ലൂഥര്‍ കിംഗ് ജൂനിയറിനെക്കുറിച്ചുള്ള ചര്‍ച്ചാവേളയിലാണ് ആന്‍ഡ്രു അതു പറഞ്ഞത്. അതും ഇതുപോലെ ഒരു ബസ്സ് യാത്രയില്‍, 1986 പ്രസിഡന്റ് റോണാള്‍ഡ് റേഗണ് മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍ ഡേ ഒരു ഫെഡറല്‍ ഹോളിഡേ ആയി പ്രഖ്യാപിക്കുന്നതിനു സാക്ഷിയാകാന്‍ പോയവരുടെ കൂട്ടത്തില്‍ ആന്‍ഡ്രുവും റീനയും ഉണ്ടായിരുന്നു. എങ്ങനെ ആന്‍ഡ്രു അടിച്ചമര്‍ത്തപ്പെട്ടവന്റെ വര്ഗ്ഗസമരങ്ങളിലെ കൂട്ടാളിയായി. ആന്‍ഡ്രു പറയുന്നത് നീതിക്കായി ദാഹിക്കുന്നവരുടെ നിലവിളി എങ്ങനെ കേള്ക്കാതെപോകും. ശരിയാണ്. അയാളില്‍ നീതിക്കായി ദാഹിക്കുന്ന ഒരു ഹൃദയം ഉണ്ടെന്ന തിരിച്ചറിവിനാന്‍ അയാളോടു കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചപ്പോഴോക്കെ വളരെ ശ്രദ്ധാപൂര്വ്വവമായ ഒരകലം പാലിച്ച് നല്ല സുഹൃത്തായി. ആദ്യമൊക്കെ അല്പം നീരസം തോന്നിയെങ്കിലും പിന്നീട് അതാണു ശരിയെന്നു തോന്നി. അന്ന് ആന്‍ഡ്രു ആരെന്നറിയില്ലായിരുന്നു. ഒരു ഇന്ത്യാക്കാരനും നമ്മുടെ വര്‍ഗ്ഗസമരത്തില്‍ ഒപ്പമുണ്ടല്ലോ എന്ന കൗതുകമായിരുന്നു. മന്‍ഹാട്ടനില്‍ നിന്നും ഒരു സുഹൃത്തിനൊപ്പം ചരിത്രം കാണാന്‍ വന്നവനെന്നു പരിചയപ്പെടുത്തി. പിന്നിട് സാമിലുടെ അയാളെ കൂടുതല്‍ അറിഞ്ഞു. ജോലിയില്‍ അയാള്‍ തനിക്ക് സൂപ്പര്‍വൈസര്‍ ആയി.
എല്ലാ യാത്രകളും യാതൃച്ഛികമായ കണ്ടെത്തലുകളാണ്. സാമും, ആന്ഡ്രുവുമൊക്കെ അങ്ങനെ വന്നുചേര്ന്നവരാകാം.റീന ഓര്‍ത്തു. ആന്‍ഡ്രു കേരളാ കുടിയേറ്റക്കാരിലെ രണ്ടാംതലമുറയിലെ ഒന്നാമന് എന്നാണു സ്വയം വിലയിരുത്തുന്നത്. ചിലപ്പോഴൊക്കെ ഓര്‍മ്മകള്‍ എന്ന മട്ടില്‍ സ്വന്തം കഥ അയാള്‍ പറയാതിരുന്നിട്ടില്ല. അമ്മ മിലിട്ടിറി ഹോസ്പിറ്റലിലെ മിഡ്വൈഫ് ആയിരുന്നു. പ്രസവ വാര്‍ഡിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകം.അമേരിയ്ക്കന്‍ കുടിയേറ്റം പെട്ടെന്നൊത്തുവന്ന ഒരവസരത്തില്‍ ചാടിപ്പിടിച്ചുള്ള ഒരു യാത്രയായിരുന്നു എന്ന് അപ്പന് പറയുമായിരുന്നു. അപ്പന് എന്നും അവസരങ്ങളെ വേണ്ടതുപോലെ ഉപയോഗിച്ചിരുന്നതിനാലാകും, ഹോസ്പിറ്റലിലെ അറ്റന്ററായിരുന്നവന് മിഡ്വൈഫിനെ നോട്ടമിട്ടതും, വിവാഹിതനായി അമേരിയ്ക്കക്കു പോകാന്‍ കിട്ടിയ അവസരം ഉപയോഗിച്ചതും. അന്‍ഡ്രു ഇതു പറയുമ്പോള്‍ ഒരു കുറ്റപ്പെടുത്തലിന്റെ സ്വരഭേതം വേണമെങ്കില്‍ വായിച്ചെടുക്കാം. കേളേജ് പഠനം പൂര്‍ത്തിയാക്കാതെ ഇവിടെയെത്തിയതിലുള്ള നീരസം പുറത്തു പറയാതെ പറയുകയായിരുന്നു. ബി. എ. പൂര്‍ത്തിയാക്കി ഇംഗ്ലീഷില്‍ മാസ്റ്റേഷ്സ് ഒരു മോഹമായിരുന്നു. പക്ഷേ പലതുകൊണ്ടും ഡല്‍ഹി വിടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്കൊപ്പം പോന്നു. പോന്നേ മതിയാകുമായിരുന്നുള്ളു. അത്രമാത്രം കുഴപ്പങ്ങളിലേക്കുള്ള യാത്രായിരുന്നു തന്റെ മുന്നില്‍ എന്ന് തിരിച്ചറിഞ്ഞ ഒരു കാലമായിരുന്നത്. എഴുപതുകളിലെ ബുദ്ധിജീവി ജീവിതത്തിന്റെ നെല്ലും പതിരും തിരിയുന്നതിനുമുമ്പ് നക്സല്‍ പ്രസ്ഥാനങ്ങളുടെ വേരുകള്‍ ചെറുപ്പക്കാരിലെക്കു വളരുകയും, അടിയാന്തരാവസ്ഥക്കെതിരെയുള്ള കലാപക്കൂട്ടാഴ്മയുടെ കണ്ണിയാകുകയും ചെയ്തതോട് പോലീസ് കോട്ടേഴ്സില് കയറിയിറങ്ങാന്‍ തുടങ്ങി. അനുജന്റെയും പെങ്ങളുടെയും സുരക്ഷ ആയിരുന്നു അപ്പന്റെയും അമ്മയുടെയും ആവലാതികളില്‍ ഏറെയും. അമേരിയ്ക്കക്ക് ഒരവസരം ഒത്തുവന്നപ്പോള്‍, പള്ളിയില്‍ വരുന്ന ഡെല്ഹിപോലീസിലെ ഒരുയര്‍ന്ന ഉദ്ദ്യോഗസ്ഥന് അപ്പന്റെ കണ്ണീരീനു മുന്നില്‍ ക്രിമിനല്‍ രേഖകളില്‍ നിന്നും പേരുനീക്കി എംബസിക്കുള്ള രേഖകള്‍ തന്നു. അതു നല്ലതിനായിരുന്നുവോ...ആന്‍ഡ്രു ഇപ്പോഴും സന്ദേഹിയാണ്.അവിടെയായിരുന്നുവെങ്കില്‍ താന്‍ ഇന്നാരാകുമായിരുന്നു... ഇവിടെ താന്‍ ആരായി... ആന്‍ഡ്രു ആരൊടെന്നില്ലാതെ ചോദിക്കും.
്്്് റീനക്ക് ആന്‍ഡ്രുവിന്റെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. ഒന്നും ഒളിച്ചുവെയ്ക്കാത്ത തുറന്നു പറച്ചില്. ഒരടിമയ്ക്കും ഒന്നും ഒളിച്ചുവെയ്ക്കാന് ഇല്ല എന്ന ലെമാര്‍ അങ്കിളിന്റെ വാക്കുകള്‍ ഓര്‍മ്മ വരും. അതാണു ശരി. മറകളില്ലാത്ത ജീവിതം. ഒരടിമ സ്ത്രീയെ ബലാല്ക്കാരം ചെയ്യുമ്പോള്‍ പോലും ഒരു മറയ്ക്കുപിന്നിലേക്കവളെ ഓടിച്ചു കയറ്റാറില്ല. ഒരു കുതിരയോ പശുവോ ഇണചേരുന്നത് അടച്ച മുറിയിലോ എന്നതാണു ന്യായം. അവളുടെ മൂല്യം അത്രയേ ഉള്ളായിരുന്നു. റീന ചിലപ്പോഴൊക്കെ സ്വയം കലഹിക്കും.അങ്ങനെയുള്ള ദിവസങ്ങളില്‍ അന്ഡ്രുവിനോട് ജീവിത കഥ പറയാന്‍ പറയും. അല്പം ആലോചനയില്‍ ആന്‍ഡ്രു പറയും ഒരു കഥയും പൂര്‍ണ്ണമല്ല... ഇങ്ങനെ ആയിരുന്നുവെങ്കില്‍ അങ്ങനെ ആകുമായിരുന്നു എന്നു നമുക്ക് കഥകളെ പുനര്‍സൃഷ്ടിക്കാന്‍ കഴിയുമോ... എന്റെ ജീവിതം തന്നെ എടുക്കു. ഞാന്‍ എന്താകാന്‍ ആഗ്രഹിച്ചു... ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു സൂപ്പര്‍വൈസര്‍... അതിനു വിലയില്ലന്നല്ല.... അതു ചെയ്യാന്‍ എന്നെപ്പോലെ ഒരാളുടെ ആവശ്യം ഇല്ല എന്നുള്ളതാണ്. സ്വയം കണ്ടെത്താനെന്നവണ്ണം ന്യൂയോര്‍ക്കു പട്ടണത്തിന്റെ തെരുവുകളില്‍ കുറെ അലഞ്ഞു. അലഞ്ഞു എന്ന വാക്ക് ശരിയല്ല. അന്വേഷണം എന്നു പറയുന്നതാകും ശരി. ആന്‍ഡ്രു സ്വയം വിലയിരുത്തുന്നതങ്ങനെയാണ്. കവിതയോടും, സാഹിത്യത്തോടും, ചരിത്രത്തോടും ഒക്കെ നല്ല താല്പര്യം ഉണ്ടായിരുന്നതിനാല്‍ പൂര്‍ത്തിയാക്കാത്ത പഠനം ഉള്ളില്‍ ഇരുന്നു കരയാന്‍ തുടങ്ങി. ഇവിടെ ഒരു നന്മ കണ്ടത്; ഒരാളുടെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല എന്നതാണ്. കഠിനമായി അദ്ധ്വാനിച്ചാല്‍ അസാദ്ധ്യമായതൊന്നും ഇല്ല. നേരല്ലെ എന്ന മട്ടില്‍ ആന്‍ഡ്രു റീനയെ നോക്കി.റീന പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കാത്തവളെപ്പോലെ തലയാട്ടി ഒരടിമയും ഒന്നും ആയിട്ടില്ലെന്നു സ്വയം പറഞ്ഞു.
“വരേണ്യനിവിടെ അവസരങ്ങളുണ്ട്. ബാങ്ക് കടം കൊടുക്കും. ഒരു നീഗ്രോക്ക് ആരുണ്ട് സഹായം. ഏതെങ്കിലും വിധത്തില്‍ അവന് ഒരു കോണിപ്പടികയറാന് ശ്രമിക്കുന്നതു കണ്ടാല്‍ പിന്നെ അവനു ചുറ്റും പോലീസും, അന്വേഷണങ്ങളുമായി. ആരെകൊന്നാണു നീ പണമുണ്ടാക്കിയത്. മയക്കുമരുന്നിന്റെ കടത്തുകാരനല്ലെ...ജയില്‍ നിനക്കായി ഞങ്ങള്‍ പണിതിരിക്കുന്നു ഇതാണുസമൂഹത്തിന്റെ നിലപാട്.സാഹചര്യങ്ങള്‍ അവനെ കുറ്റവാളിയാക്കിക്കൊണ്ടേ ഇരിക്കുന്നു. നിങ്ങള്‍ പറയുന്നപോലെ അവനുകിട്ടുന്ന അവസരം ഒരോ ജയില്‍വാസം കഴിയുംന്തോറും വലിയ കുറ്റവാളിയാകാനുള്ള ഏണിപ്പടികളാണ്. പൊതുവേ നീഗ്രോകള്‍ കുറ്റവാളികളെന്ന മുദ്രചാര്ത്തിക്കിട്ടിയവന്റെ ജീവിതം വെളുത്തവനുവേണ്ടി, അഞ്ചോ പത്തോ ഡോളറിനുവേണ്ടി വീണ്ടും വീണ്ടും കുറ്റം ചെയ്യുന്നു.” റീനയുടെ മനസ്സിന്റെ അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞിട്ടും, അതിലെ പൊള്ളുന്ന സത്യം തിരിച്ചറിയാത്തവനെപ്പോലെ ആന്‍ഡ്രു പറഞ്ഞു:
“റീന ഞാനൊരു പൊതു തത്വം പറഞ്ഞതാണ്. 'ലാന്റ് ഓഫ് ഓപ്പര്‍ച്ചൂണിറ്റി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നാട്ടില്‍ ഞാന്‍ എന്റെ ഭാഗ്യം തേടി. പൂര്‍ത്തിയാകാത്ത വിദ്യാഭ്യാസം ആയിരുന്നു ആദ്യത്തെ സ്വപ്നം. അപ്പനേയും അമ്മയേയും ഭാരപ്പെടുത്താതെ സ്വന്തമായി പഠിക്കാന്‍ ആഗ്രഹിച്ച്, റസ്റ്ററന്റുകളിലും, ഫാസ്റ്റ്ഫുഡ് കടകളിലും ജോലിചെയ്ത് കുറച്ചു പണം കയ്യില്‍ വന്നപ്പോള്‍ ഈവനിങ്ങ് ക്ലാസുകളുള്ളു കോളജുകള്‍ അന്വേഷിച്ചു. ഫോര്‍ത്ത് സ്റ്റ്രീറ്റിലെ എന്‍.വൈ. യു വില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയാകുമ്പോള്‍, ബാങ്കുകാര് കുറച്ചു ലോണ്‍ അപ്പന്റെ ജാമ്യത്തില്‍ അനുവദിച്ചിരുന്നു. ബാക്കി തുക പാര്‍ട്ട് ടൈം ജോലിയില്‍ നിന്നും കണ്ടെത്താം എന്ന ആത്മവിശ്വാസമായി തുടങ്ങി. യുണിവേഴ്സിറ്റിയുടെ നാലതിരുകളും റെസ്റ്റോറന്റുകളുടെ നീണ്ട നിരയാണ്.ലോകത്തിലുള്ളതെല്ലാം അവിടെ കിട്ടി. വൈകിട്ട് നാലഞ്ചുമണിമുതല് തെരുവുകള്‍ നിറയാന്‍ തുടങ്ങും. വെളുപ്പിനെ നാലുമണിവരെ അവിടെ ആഘോഷങ്ങളാണ്. മദ്യവും മയക്കുമരുന്നും അതിനോടൊപ്പം ചേരുവയായി പെണ്ണും അത്രേ സാധാരണക്കാര്‍ക്കു ചിന്തിക്കാന്‍ കഴിയു. എന്നാല്‍ അകത്തളങ്ങളില്‍ എല്ലാം ഉണ്ടായിരുന്നു. ഗേയും ലെസ്ബിയനുകളും മാത്രമായി ഒത്തുചേരുന്ന റെസ്റ്ററന്റിലെ പാര്‍ട്ട് ടൈം ജോലി നാലിനു തുടങ്ങി പത്തിനു തീരും. പക്ഷേ ജീവിതം സമയനിഷ്ഠകളെ മറന്നു. ഡെല്‍ഹി ജീവിതത്തിലെ ദിവസങ്ങള്‍ തിരിച്ചുവരാന്‍ തുടങ്ങി. മയക്കുമരുന്ന് ശീലമായപ്പോള്‍ തന്റെ ഉള്ളില്‍ എവിടെയോ ഒരു ഗേ ഉള്ളതുപോലെ ഒരു തോന്നല്‍. റെസ്റ്ററന്റിലെ മേശതുടയ്ക്കുമ്പോഴും, ആഹാരം സെര്‍വു ചെയ്യുമ്പോഴും ചില സുന്ദരന്മാരുടെ ശൃംഗാരച്ചിരി ആദ്യമൊക്കെ മറ്റാരും കണെരുതെന്നുണ്ടായിരുന്നുവെങ്കിലും, ക്രമേണ അതിന്റെ രീതികള്‍ മനസിലാക്കിയപ്പോള്‍ തിരിച്ച് ചിരിക്കാന്‍ നാണമില്ലാതെയായി. പലതരത്തിലുള്ളവര്‍ ഒരു പങ്കാളിയെ കിട്ടാനായി അവടെ ഭക്ഷണത്തിനു വരും. ജീവിതത്തില്‍ ആരും ചിന്തിക്കാത്തത്ര ഉയരങ്ങളില്‍ ഉള്ളവര്‍ അവിടെ എത്തും. ജഡ്ജിമാരും, രഷ്ട്രിക്കാരും, കോളേജ് പ്രൊഫസര്മാരുംതങ്ങളുടെ മുഖം മൂടി മാറ്റിവെച്ച് അവിടെ വെറും കാമുകന്മാരാകുന്നു. കവികളും സാഹിത്യകാരന്മാരും ഇക്കൂട്ടരില്‍ കുറവായിരുന്നില്ല. അങ്ങനെ ഒരു കവിയെ പരിചയപ്പെട്ടു.ആഫ്രിക്കന്‍ സംഗീതത്തിന്റെ വേരുകള്‍ അയാളില്‍ ഉണ്ടായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ കവിതകളില്‍ ഏകാതിപതികള്ക്കെതിരെയുള്ള വിപ്ലവമുണ്ടായിരുന്നു.
ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ കവിതള്‍ ചര്‍ച്ചചെയ്തു. ആഫ്രിക്കന്‍ കവിതകളിലെ അടിമകാല ജീവിത നൊമ്പരങ്ങളെ വേര്‍തിരിച്ച്...പഴയകാല നക്സല്‍ ഉയര്‍ത്തിയ.. ചില വിപ്ലവ കവിതകള്‍ ഓര്‍മ്മകളില്‍ നിന്നും ഇംഗ്ലീഷില്‍ ചൊല്ലി. കവിത ആരുടേതെന്നു ആരും ചോദിച്ചില്ല. സ്വന്തം രചനയെന്നു പറയാനുള്ള ആത്മബലം ഇല്ലായിരുന്നു. പെട്ടന്ന് പഠനത്തോടൊരു വിരക്തി. ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ.ഗേ എന്ന കുറ്റബോധത്തില്‍ അപ്പന്റെയും അമ്മയുടെയും മുന്നില്‍ പോകാന്‍ ഭയം. മയക്കുമരുന്ന് ഒരു മാറാരോഗമായി.അത്മഹത്യ... മരണം മറുകരെ ഇരുന്നു മാടിവിളിക്കുന്നു. ഉള്ളിലെ മനുഷ്യന് ചെറുക്കാന്‍ ശ്രമിച്ചിട്ടും അതു സംഭവിച്ചു. ഏറ്റവും എളുപ്പമുള്ളമാര്ഗ്ഗം; ഒരു ബ്ലെയിഡുകൊണ്ട് കൈ പോന്തി. കത്തെഴുതാന്‍ മറന്നില്ല. നാളിതുവരെ ചെയ്യാത്ത കുമ്പസാരമായിരുന്നത്. ക്യൂന്‍സ് ജനറലില്‍ കണ്ണുതുറന്നപ്പോള്‍ അമ്മ മാത്രമേ അടുത്തുണ്ടായിരുന്നുള്ളു. അനേകം കുട്ടികളെ ഈ ലോകത്തിലേക്ക് ആദ്യമായി കൈകളില്‍ ഏറ്റുവാങ്ങിയിട്ടുള്ള അമ്മക്ക് അവരൊക്കെ എങ്ങനെ ആയി എന്നറിയില്ല. എങ്കിലും തന്റെ മകനെന്തെ ഇങ്ങനെ ആയി എന്ന ചിന്തയില്‍ മൗനിയായി ഒന്നു നോക്കിയതെയുള്ളു. ആ ഹൃദയം കത്തുന്നതു കാണാന്‍ വാക്കുകള്‍ വേണ്ടിയിരുന്നില്ല. പിന്നിടുള്ള കാലം തിരുത്തലുകളുടെതായിരുന്നു.കുറെ തെറാപ്പിയും ഉറച്ച തീരുമാനവും പുത്തന്‍ വഴികളിലേക്കു നടത്തി.
അപ്പന് നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു കല്ല്യാണത്തിനു സമ്മതിക്കുമ്പോള്‍, പെണ്ണിനെക്കുറിച്ചുള്ള സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പകരം ഒരു മാറ്റം ആവശ്യമാണെന്നും ഒരു കൂട്ട് വേണമെന്നും ഉള്ള ചിന്തയായിരുന്നു മുന്നില്‍. വന്നവള്‍ സുന്ദരിയായിരുന്നുവോ... നോക്കിയില്ല. നീണ്ടുമെലിഞ്ഞവളുടെ പല്ലുകള്‍ ഉന്തിയതാണെന്നത് ഒരു പോരാഴ്മയായി കണ്ടില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റേഴ്സ് നേടിയവള്‍, അവളോടൊത്തുള്ള ജീവിതം അത്ര സുതാര്യമായിരുന്നില്ല, തന്റെ പൂര്‍വ്വകഥകളുടെ അറ്റവും മൂലയും അവള് കണ്ടെത്തി കലഹങ്ങളായി രൂപം കൊള്ളുമ്പോള്‍ അപ്പന്റെ മുഖപേശികള്‍ വലിഞ്ഞുമുറുകുന്നതു കണ്ടിട്ടുണ്ട്. ഒരു നാള് അപ്പന് ഹൃദയാഘാതത്താല്‍ മരിച്ചു. മകനെ നീ എന്റെ ജീവിതത്തിലെ ഒരു തെറ്റായിരുന്നു എന്ന ഭാവമായിരുന്നുവോ മരിച്ചു കിടന്ന അപ്പന്റെ മുഖത്തിനെന്ന ചിന്ത വീണ്ടും കുറവുകളെ പരിഹരിക്കാനുള്ള ചിന്തകള്‍ക്ക് വഴിവെച്ചു. സ്ഥിരം ജോലിയും, ഒപ്പം മുടങ്ങിയ പഠനവും പൂര്‍ത്തിയാക്കി അപ്പനോടുള്ള സ്നേഹം കുഴിമാടത്തില്‍ ഒപ്പിസുചൊല്ലി തീര്‍ത്തു. ഭാര്യയുടെ സ്വാതന്ത്ര്യത്തില്‍ ഇടപെട്ടില്ല. രണ്ടുമക്കള്‍ ജനിച്ചപ്പോള്‍ അതു സ്നേഹത്തിന്റെ കായ്ഫലമാണന്നു സന്തോഷിച്ചില്ല. ജീവിതം അവതാളങ്ങളുടെ കൈമണിമുഴക്കുമ്പോഴും എല്ലാം ഒന്നിച്ചുകൊണ്ടുപോകണം. ഒരു നിഷേധിയുടെ തിരിച്ചറിവുകളാണ്...ഇപ്പോള്‍ ഞങ്ങള്‍ തുല്ല്യ പങ്കാളികളായ സ്നേഹിതരാണ്... ഞങ്ങളുടെ സ്നേഹത്തിനു ഇന്ത്യന്‍ പാരമ്പര്യ മാമുലുകളൊന്നും ഇല്ല. കാപട്യത്തിന്റെ സിന്ദൂരപ്പൊട്ടും ഇല്ല. എപ്പോള്‍ വെണമെങ്കിലും ഞങ്ങള്‍ക്ക് പിരിയാം. അതുകൊണ്ടുമാത്രം ഞങ്ങള്‍ പിരിയുന്നുമില്ല. ..”. ആന്‍ഡ്രു പലപ്പൊഴായി പറഞ്ഞ ജീവിത കഥകളെ റീന പല കാലങ്ങളിലൂടെ വായിച്ചത് ഇങ്ങനെയാണ്. ആന്‍ഡ്രു ഒരു വിചിത്ര മനുഷ്യന്... പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറം. ... റീന സ്വയം ചിരിച്ചു.
Read More: https://emalayalee.com/writer/119