Image

റീ റിലീസിങ്ങ് ( കഥ : പ്രകാശൻ കരിവെള്ളൂർ )

Published on 16 August, 2024
റീ റിലീസിങ്ങ് ( കഥ : പ്രകാശൻ കരിവെള്ളൂർ )

സൗണ്ട് എഞ്ചിനീയറും എഡിറ്ററും കൂടി സുപ്രസിദ്ധ വ്യവസായ പ്രമുഖനായ കുബേർ കുഞ്ചിയെ കാണാൻ വീട്ടിലെത്തി . ക്യാമറാമാൻ കൂടി വേണം ചർച്ചയ്ക്ക് എന്ന് കുബേർ കുഞ്ചി അവരോട് പറഞ്ഞു . അതു പ്രകാരം എഡിറ്റർ ക്യാമറാമാനെ വിളിച്ചു . അര മണിക്കൂർ കൊണ്ട്  ക്യാമറൻ പറന്നെത്തി .

കുബേർ കുഞ്ചി ചർച്ച തുടങ്ങി - ബഡ്ജക്റ്റ് എത്രയായാലും പ്രശ്നമില്ല .

അതു കേട്ട് സിനിമാക്കാർക്ക് സന്തോഷമായി - ഫീൽഡിൽ ഏറ്റവും ക്ഷാമമുള്ള ജീവിവർഗം പ്രൊഡ്യൂസർമാരാണല്ലോ ....

ഇപ്പോഴത്തെ ട്രെൻ്റ് വിഎഫ്എക്സ് സൗണ്ട് ഇഫക്ടാണ് . അതിന് റീഷൂട്ടിൻ്റെ ആവശ്യമില്ല .

എന്നാൽ എനിക്ക് നായികയെ മാറ്റേണ്ടതുണ്ട് . അപ്പോൾ നാലുപേർക്കുള്ള ചായയുമായി ഒരു സ്ത്രീ  അവിടേക്ക് വന്നു .
ചായ ടീപ്പോയിൽ വച്ച് സ്ത്രീ പോയി .

കുബേർ കുഞ്ചി അവരെ ചൂണ്ടിക്കാട്ടി പറഞ്ഞു - ഇതാണ് പഴയ നായിക . ഇവളെ മാറ്റി ഒരു  ഇരുപതുകാരിയെ നായികയാക്കണം .

ക്യാമറാമാൻ ആകാംക്ഷയോടെ ചോദിച്ചു - അപ്പോ നായകൻ ?

കുബേർ കുഞ്ചി ചിരിച്ചു - അത് അന്നും ഇന്നും ഞാൻ തന്നെ . എന്താ സംശയമുണ്ടോ ? എന്നെ കണ്ടാൽ ആർക്കെങ്കിലും തോന്നുമോ - അമ്പതിലധികമായീന്ന് ?

സൗണ്ട് എഞ്ചിനീയർ ഒരു പടി കൂടി സുഖിപ്പിച്ചു - അയ്യോ . അമ്പത് തന്നെ തോന്നിക്കുന്നില്ല .

എഡിറ്റർ ചോദിച്ചു - ശരിക്കും എത്രയാണ് സാർ ?

കുബേർ കുഞ്ചി ക്ഷുഭിതനായി - എടോ സിനിമാക്കാരായിട്ടും നിങ്ങൾക്കറിഞ്ഞു കൂടേ , സൂപ്പർ താരങ്ങളുടെയും കോടീശ്വരന്മാരുടെയും വയസ്സ്  ചോദിച്ചു കൂടാന്ന് .

സോറി സാർ , സൗണ്ട് എഞ്ചിനീയറാണ് എഡിറ്റർക്ക് വേണ്ടി  ക്ഷമാപണം  നടത്തിയത് .

ക്യാമറാമേന് സംശയം തീർന്നിട്ടില്ല - അല്ല സാർ , ഏത് സിനിമയാണ് നിങ്ങൾ റീ  റിലീസിങ്ങിന്  ഉദ്ദേശിക്കുന്നത് ?

സിനിമയല്ല , 
കുബേർ കുഞ്ചി  പഴയൊരു വീഡിയോ കാസറ്റ് എടുത്ത് നീട്ടി . എന്നിട്ട് പറഞ്ഞു - ഇവിടെ  രണ്ടാം നിലയിൽ എനിക്ക് പ്രൈവറ്റായി ഒരു മൾട്ടിപ്ളക്സ് തീയറ്ററുണ്ട് . എല്ലാ ഇഫക്ടോടും കൂടി അവിടിരുന്ന് കാണാനാ .

ക്യാമറാമാൻ അമ്പരപ്പ് മാറാതെ കാസറ്റ് എഡിറ്റർക്ക് കൈമാറി .
അത് നോക്കിയ എഡിറ്റർ ഞെട്ടി -
കുബേർ കുഞ്ചിയുടെ കല്യാണ വീഡിയോ !


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക