കർക്കിടകമാസം ഇന്നു അവസാനിക്കുന്നു. (ആഗസ്ത് 16). അതോടെ രാമായണപാരായണവും പര്യവസാനിക്കും. പർവ്വതങ്ങൾ നിലനിൽക്കുന്നേടത്തോളം പുഴകൾ ഒഴുകുന്നേടത്തോളം രാമായണം ഉൽക്കർഷം പ്രാപിച്ചുകൊണ്ടിരിക്കുക്കുമെന്നാണ് രാമായണത്തെപ്പറ്റി പറയുന്നത്. പുരാതന ചൈനയിലെ ലാവോസി എന്ന ദാർശനികൻ പറഞ്ഞിരിക്കുന്നത് പർവ്വതത്തെപോലെ ഇളകാതെ നിൽക്കുക പുഴ പോലെ ഒഴുകുക എന്നാണു. ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം വെള്ളം പോലെ ആകുക എന്ന് അദ്ദേഹം പറയുന്നു. അതായത് മാറ്റങ്ങൾക്കൊപ്പം നമ്മൾ മാറുക ഒരിക്കലും ഒരു നിശ്ചിത രൂപത്തിൽ കഴിയാതിരിക്കുക. തിന്മ എത്ര ശക്തിമാൻ ആയാലും നന്മ അതിനെ ജയിച്ചിരിക്കുമെന്നാണ് രാമായണം എന്ന ഇതിഹാസ ഗ്രൻഥം പഠിപ്പിക്കുന്നത്
രാമായണപാരായണം പലർക്കും പല സംശയങ്ങളും ഉണ്ടാക്കിയെന്നതിൽ അത്ഭുതമില്ല. കാരണം അത്തരം സംശയങ്ങൾ പണ്ടേ മുതൽ ഉണ്ട്. വളരെ പ്രധാനമായ സംശയങ്ങളിൽ ഒന്ന് ശ്രീരാമൻ എന്തിനു സീതയെ കാട്ടിൽ ഉപേക്ഷിച്ചു? അവർ അഗ്നിശുദ്ധി തെളിയിച്ചിട്ടും ഏതോ മണ്ണാന്റെ വാക്കുകൾ കേട്ട് ധർമ്മനിഷ്ഠനായ രാജാവ് ഭാര്യയെ കാട്ടിൽ ഉപേക്ഷിക്കാമോ? പ്രജാതല്പരനായ രാജാവിന് സ്നേഹസമ്പന്നനായ ഭർത്താവിന് അതിനു കഴിയുമോ? ഇത് ധർമ്മത്തിന് എതിരാണെന്ന് പ്രകടമായിരിക്കവേ ശ്രീരാമചന്ദ്രൻ അങ്ങനെ ചെയ്യുമോ? ഹിന്ദുപുരാണങ്ങളിൽ എല്ലാം ധർമ്മത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ധർമ്മോ രക്ഷതി രക്ഷതു അതായത് ധർമ്മത്തെ രക്ഷിക്കുന്നവരെ ധർമ്മം രക്ഷിക്കുമെന്നാണ് മഹാഭാരതം പറയുന്നത്. ധർമ്മങ്ങൾ പലവിധമുണ്ട്. ഗുരുധർമ്മം, പിതൃധർമ്മം, ശിഷ്യധർമ്മം, ഭാര്യ-ഭർതൃ ധർമ്മം, പ്രജാധർമ്മം അങ്ങനെ. ധർമ്മനിഷ്ഠയുള്ള രാജാക്കന്മാർ ഭരിച്ചിരുന്ന ഭാരതം സമ്പത്സമൃദ്ധമായിരുന്നുവെന്നു ചരിത്രം പറയുന്നു.
“ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ”
ഇത് വാൽമീകി നാരദനോട് ചോദിച്ച ചോദ്യമാണ്. ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഉള്ള മനുഷ്യരുണ്ടോ ഈ ഭൂമിയിൽ? അതിനു നാരദൻ പറഞ്ഞ മറുപടിയാണ് രാമന്റെ കഥ. അങ്ങനെ മാതൃകാപുരുഷൻ, മര്യാദാപുരുഷോത്തമൻ എന്നീ വിശേഷണങ്ങൾ ഉള്ള ശ്രീരാമചന്ദ്രന്റെ പേരിലും ജനം കളങ്കം ചാർത്തുന്നു. ശ്രീരാമനെപ്പറ്റി നമ്മൾ രാമായണത്തിൽ നിന്നറിയുന്നത് അദ്ദേഹം പല സ്‌ത്രീകൾക്കും പുനരധിവാസത്തിന് സാഹചര്യം ഒരുക്കിയെന്നാണ്. വ്യഭിചാരകുറ്റം ചാർത്തി ഭർത്താവായ മുനി ശപിച്ച് ശിലയാക്കിയ അഹല്യയെ പാദസ്പർശം കൊണ്ട് പുണ്യവതിയാക്കി ജീവിതത്തിലേക്ക് കൊണ്ടുവന്നയാളാണ് ശ്രീ രാമൻ. താഴ്ന്ന ജാതിയായി ജനിക്കാൻ വിധിക്കപ്പെട്ട ശബരി രുചിച്ചുനോക്കിയ ഫലങ്ങൾ രാമൻ വാങ്ങി കഴിക്കുന്നുണ്ട്. രാവണന്റെ ഭാര്യയായിപോയതിൽ വെറുപ്പ് ഏറ്റുവാങ്ങേണ്ടിവന്ന മണ്ഡോദരിക്കുപോലും രാമൻ സാന്ത്വനം നൽകുന്നുണ്ട്.
രാമായണത്തിന്റെ കഥ രാമന്റെ കിരീടധാരണത്തിൽ തീരുന്നു. അതുകൊണ്ടാണ് വാൽമീകി യുദ്ധകാണ്ഡത്തോടെ രാമായണം കഥ അവസാനിപ്പിച്ചതായി ഫലശ്രുതി കൊടുത്തിരിക്കുന്നത്.അതുകൊണ്ട് ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട് കൂട്ടിച്ചേർത്തതാകണം. ഭാരതീയ സാഹിത്യകൃതികളിൽ കഥ ശുഭപര്യവസായിട്ടാണ് അവതരിപ്പിക്കുക. ഉത്തരകാണ്ഡം അവസാനിക്കുന്നത് ദുഃഖപര്യവസായിയായിട്ടാണ്. ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. എന്നാൽ മറ്റു കാണ്ഡങ്ങളിൽ രാമൻ സാധാരണ മനുഷ്യനാണ്. ബാലകാണ്ഡത്തിന്റെ ഒന്നാം സർഗ്ഗത്തിൽ നാരദമുനി വാല്മീകിക്ക് രാമായണ കഥ ചുരുക്കത്തിൽ പറഞ്ഞുകൊടുക്കുന്നുണ്ട്. അതിൽ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങൾ ഒന്നും തന്നെ ഇല്ല. ബാലകാണ്ഡവും ഉത്തരകാണ്ഡവും പ്രക്ഷിപ്തങ്ങളാണെന്നു പണ്ഡിതമതം.
വാല്‌മീകിരാമായണത്തിൽ നിന്നും വളരെ വ്യത്യസത്യമായിട്ടാണ് മറ്റു കവികൾ രാമകഥ പറയുന്നത്. അവര് തമ്മിലും വ്യത്യാസങ്ങൾ കാണാം. വാൽമീകി രാമായണത്തിൽ രാവണവധവും വിഭീഷണ പട്ടാഭിഷേകവും കഴിഞ്ഞു ശ്രീരാമൻ സീതയെ കാണുമ്പോൾ വളരെ കഠിനമായ വാക്കുകളാൽ അവരെ വേദനിപ്പിക്കുന്നുണ്ട് ഒരു ഉദാഹരണം രാമൻ സീതയോട് പറയുന്നു "നിന്റെ സ്വഭാവത്തിൽ സംശയം ജനിപ്പിച്ചുകൊണ്ട് നീ എന്റെ മുന്നിൽ നിൽക്കുമ്പോൾ എനിക്കത് വളരെ അസഹനീയമായി തോന്നുന്നു കണ്ണുദീനമുള്ളവന്റെ മുന്നിലെ വിളക്കുപോലെ: ഇതിനെക്കുറിച്ചുള്ള വ്യാഖ്യാനം ഇങ്ങനെയാണ്. ഇവിടെ സീത പ്രകാശമാനമായ വെളിച്ചമാണ്. കണ്ണിനു കേടുള്ളതുകൊണ്ട് രാമന് വെളിച്ചം കാണാൻ കഴിയുന്നില്ല. അത് പ്രകാശത്തിന്റെ കുറ്റമല്ല. അപവാദം പറയുന്നവരെ പരിഹസിക്കയാണ് രാമൻ. പക്ഷെ കേൾക്കുന്നവർക്ക് രാമൻ സീതാദേവിയോട് കഠിനമായ വാക്കുകൾ പറയുന്നവെന്നു തോന്നുകയും. അധ്യാത്മരാമായണത്തിൽ ഇങ്ങനെ ഒരു സംഭാഷണമില്ല. മറിച്ച് സീതാദേവി ലക്ഷ്മണനോട് ചിതയൊരുക്കാൻ പറയുന്നു. അങ്ങനെ മായാസീത അഗ്‌നിയിൽ പ്രവേശിക്കുന്നു യഥാർത്ഥ സീത അതിൽ നിന്നും പുറത്തു വരുന്നു.
ഉത്തരകാണ്ഡം തീർച്ചയായും ആരോ എഴുതിച്ചേർത്തതായിരിക്കണമെന്നതിനു ഉദാഹരണമാണ് . രാമൻ മര്യാദാപുരുഷനല്ലെന്നു വായനക്കാർക്ക് തോന്നുംവിധമുള്ള പരാമർശങ്ങൾ. കൂടാതെ മറ്റു കാണ്ഡങ്ങളിലൊന്നും ഒരു ജാതി മറ്റു ജാതിക്ക് മീതെയാണെന്നും പറയുന്നില്ല. ഉത്തരകാണ്ഡത്തിൽ ശ്രീരാമൻ ശാംഭൂകൻ എന്ന ശൂദ്രനെ കൊല്ലുന്നതായി പറയുന്നുണ്ട്. കാരണം ഒരു ബ്രാഹ്മണബാലൻ പ്രസ്തുത ശൂദ്രന്റെ തപസ്സു മൂലം മരിച്ചുപോയിപോലും. അതൊരുപക്ഷേ ബ്രാഹ്മണമേധാവിതവും ജാതിചിന്തകകളും ഉയർത്താൻ വേണ്ടി എഴുതിച്ചേർത്തതാകാം. ബാലമരണം രാമൻ ഭരിക്കുമ്പോൾ ഉണ്ടായിരുന്നില്ലെന്ന് യുദ്ധകാണ്ഡത്തിൽ പറഞ്ഞു അവസാനിപ്പിച്ച വാൽമീകി പിന്നെ ഉത്തരകാണ്ഡത്തിൽ അങ്ങനെയുണ്ടെന്നു എഴുതുമോ എന്ന് വായനക്കാർ ആലോചിക്കണം.
എഴുത്തച്ഛൻ എഴുതിയ അധ്യാത്മരാമായണത്തിലെ യുദ്ധകാണ്ഡം അവസാനിക്കുന്നത് കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി എന്ന് പറഞ്ഞുകൊണ്ടാണ്.
ലോകാന്തരസുഖമേന്തോന്നിതിൽപ്പരം
വൈകുണ്‌ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മരുവിനാർ
രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു. ഒടുവിൽ തന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച ശേഷം ശ്രീരാമൻ സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.
യുദ്ധകാണ്ഡത്തിൽ എഴുത്തച്ഛൻ ഇങ്ങനെ എഴുതിയിരിക്കുന്നു.
ജാനകീദേവിയോടും കൂടി രാഘവ-
നനന്ദമുൾക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു
വിശാപവിത്രായാം കീർത്തിയും പൊങ്ങിച്ചു
നിശ്ശേഷസൗഖ്യം വരുത്തി പ്രജകൾക്ക്
വിശ്വമെല്ലാം പരിപാലിച്ചരുളിനാൻ
വൈധവ്യദുഃഖം വനിതാമാർക്കില്ലൊരു
വ്യാധിഭയവും ഒരുത്തർക്കുമില്ലല്ലോ
സസ്യപരിപൂർണ്ണായല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാർ നരന്മാർ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
വർണ്ണാശ്രമങ്ങൾ തനിക്കുതനിക്കുള്ള-
തൊന്നുമിളക്കം വരുത്തുകയില്ലാരുമേ
എല്ലവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാർക്കുമേ
നോക്കുമറില്ലാരുമീ പരാദരങ്ങ-
ളോർക്കയുമില്ല പരദ്രവ്യമാരുമെ
ഇങ്ങനെ രാമഭരണത്തിന്റെ മഹത്വം വിവരിച്ചതിനുശേഷം ഉത്തരകാണ്ഡത്തിൽ ഇതിനു നേർ വിപരീതമായി ആദികവി ഒന്നുമെഴുതുകയില്ലെന്നു പല ഗ്രൻഥങ്ങളിലെയും വിവരങ്ങൾ ശേഖരിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം. തന്നെയുമല്ല ഈ കഥ നടക്കുന്നത് ത്രേതായുഗത്തിലാണ്. നാമിപ്പോൾ ആ യുഗവും കഴിഞ്ഞു പിന്നെ ദ്വാപരയുഗവും കഴിഞ്ഞു കലിയുഗത്തിലാണ്. ത്രേതായുഗത്തിലെ വിശ്വാസങ്ങളും നിയമങ്ങളും ഇന്നത്തെ പരിതസ്ഥിതി വച്ച് അളക്കുന്നതും ഓരോ നിഗമനത്തിലെത്തുന്നതും പൂർണ്ണമായി ശരിയാകണമെന്നില്ല. വാസ്തവത്തിൽ എല്ലാ മതക്കാരും അവരുടെ മതഗ്രൻഥങ്ങൾ പറയുന്നതിൽ ഭൂരിപക്ഷം യോജിക്കുന്നില്ലെങ്കിൽ അതിനെ വാദിച്ച് വഷളാക്കാതെ ഓരോരുത്തരുടെ വിശ്വാസത്തിനു വിട്ടുകൊടുക്കയാണ് വേണ്ടത്. ഉത്തരകാണ്ഡം പ്രക്ഷിപ്തമാണെന്നു വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. ആരാണ് ശരിയെന്നു നിർണ്ണയിക്കുക പ്രയാസം. വിവരങ്ങളുടെ സ്വഭാവം വച്ച് ഒരു പഠനം ആവാമെന്നല്ലാതെ ആരുടെ വാദം ശരിയെന്നു ഉറപ്പിക്കാൻ ശ്രമിക്കാതിരിക്കുന്നത് സമാധാനം നിലനിർത്താൻ സഹായിക്കും. എഴുത്തച്ഛൻ എഴുതിയിരിക്കുന്ന ഫലശ്രുതി:-
അധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യജ്ഞയപ്രോക്തം
അദ്ധ്യയനം ചെയ്കിൽ മർത്ത്യനാജന്മനാ
മുക്തി സിദ്ധിക്കുമതിനില്ല സംശയം
ജയ് ശ്രീറാം.
ശുഭം