ഇന്ന് ചിങ്ങം 1. കർക്കിടകത്തിന്റെ കറുത്ത മേഘക്കീറുകൾക്കിടയിലൂടെ പുതുസൂര്യന്റെ കിരണങ്ങൾ ഭൂമിയിലേക്ക് എത്തി നോക്കുന്നു. പാട വരമ്പിലേക്ക് ചാഞ്ഞു കിടക്കുന്ന നെൽച്ചെടികളിൽ വിളവെടുപ്പിന്റെ ഉത്സാഹത്തിമിർപ്പ്. മഴപെയ്തു കുതിർന്ന ഗ്രാമവഴികളിലെ മൺ കുഴികളിൽ ചെളിവെള്ളം വറ്റിയിട്ടില്ല. പ്രളയം ഇല്ലാതാക്കിയ സ്വപ്നങ്ങളുടെ ഇറയത്ത് താടിക്ക് കൈയും കൊടുത്ത് ഗ്രാമത്തിലെ കുടിലുകളിൽ ഉയരുന്ന അന്തിവെളിച്ചത്തിലെ ചില നെടുവീർപ്പുകൾ.
ചിങ്ങം എന്നാൽ ഓണമാണ്, ഓണം മൂന്നോ നാലോ ദിവസമേ ഉള്ളൂവെങ്കിലും ചിങ്ങത്തിലെ ഓരോ ദിവസവും വിടരുന്നത് ഓണത്തിന്റെ സുഗന്ധവും പേറിയാണ്. മഞ്ഞണിഞ്ഞ വേലിപ്പടർപ്പുകൾ. പേരറിയാത്ത ഒരു കൂട്ടം പൂക്കൾ, മഹാബലിയെ പോലെ ഓണത്തിന് മാത്രം തൊടിയിലും പാടത്തും എഴുന്നെള്ളുന്ന തുമ്പയും മുക്കുറ്റിയും. ചക്രവർത്തിയല്ലെങ്കിലും വീട്ടുമുറ്റങ്ങളിൽ രാജകീയ സ്വീകരണം ലഭിക്കുന്ന ഹരിതഭംഗികൾ.
പൂക്കൾ പറിക്കാൻ നഗ്നപാദനായി മുൾവേലികൾ ചാടിക്കടന്ന് കുന്നുകയറിയ ഒരു ബാല്യം മനസ്സിൽ വഴിയറിയാതെ ഇരുട്ടിൽ തപ്പുന്നുണ്ട്. അകലെ ഗ്രാമത്തിന്റെ അതിർത്തിയിൽ നിന്നും ഒരു പാണൻ പാട്ടിന്റെ ശീലുകൾ തെക്കൻ കാറ്റിൽ ജാലക വിരികളിൽ പ്രതിധ്വനിക്കുന്നു. സ്വരവും ശ്രുതിയും ഇല്ലാതെ രാത്രിയുടെ നിശ്ശബ്ദതയിൽ ഒരു നിശാവിലാപമായി ഉയർന്നുകേട്ട പുഞ്ചപ്പാടത്തെ തേക്കുപാട്ടുകളെ പ്രളയം ആവാഹിച്ചിരിക്കുന്നു. രാത്രിയുടെ വിജനതയിൽ ചാണകം മെഴുകിയ ഉമ്മറമുറ്റത്ത് നിലാവിൽ കുളിച്ച് നിന്ന തൃക്കാക്കരപ്പൻ ഒരു വീടിന്റെ ഐശ്വര്യം മാത്രമായിരുന്നില്ല, വീടിന്റെ കാവൽക്കാരനായിട്ടായിരുന്നു നിഷ്കളങ്കമായ ബാല്യത്തിന് അനുഭവപ്പെട്ടത്.
ഉമ്മറക്കോലായിൽ തൂങ്ങിയാടുന്ന പൂക്കൂടകളിൽ പുഴകടന്നു വരുന്ന കൈയിൽ മുട്ടോളം കുപ്പിവളയിട്ട നീലിതള്ളയുടെ കരവിരുതുകൾ പതിഞ്ഞിരുന്നു. പല വലുപ്പത്തിൽ കൈതോലകൊണ്ട് നെയ്‌തെടുക്കുന്ന പൂക്കൂടകൾ, രാത്രി ഏറെ വൈകിയും കുന്നും മലകളും തോടുകളും താണ്ടി കൂട നിറയ്ക്കാനുള്ള ബദ്ധപ്പാട്. പക്ഷെ, വിഷം തീണ്ടാത്ത കാലത്തിന്റെ വിശുദ്ധികൾക്ക് തന്റെ കുട്ടി എവിടെപ്പോയി എന്ന വ്യാകുലത ഉണ്ടായിരുന്നില്ല.
അമ്മ പശു ചാണകം കൊണ്ട് ഉമ്മറമുറ്റത്ത് മെഴുകിയ വൃത്തത്തിൽ പല വർണ്ണങ്ങളിലും രൂപത്തിലും ചിത്രഭംഗി തീർക്കുന്ന പേരോ ഊരോ അറിയാത്ത പുഷ്പങ്ങളിൽ മഞ്ഞു തുള്ളികൾ വറ്റിയിരിക്കുന്നു, നഷ്ടബോധത്തിന്റെ ജലകണങ്ങൾ പൊടിയുന്നത് കൺ കോണുകളിലാണ്. തുമ്പയും തുളസിയും മുക്കുറ്റിയും ഓണപ്പൊലിമ തീർത്ത വിശാലമായ മുറ്റം ഇന്ന് കോൺക്രീറ്റ് ചൂടിൽ ശ്വാസം മുട്ടി പിടയുന്നു, അതിരുകളില്ലാതെ പരന്നു കിടന്ന ഗ്രാമത്തിലെ തൊടികളിൽ വീടോളം പൊക്കത്തിൽ കരിങ്കൽ മതിലുകൾ.
നഗരച്ചൂടിലെ ഉരുക്കുപാളങ്ങളിലൂടെ ഓർമ്മയുടെ കളിപമ്പരവും കറക്കി ചിങ്ങത്തിന്റെ ആദ്യകിരണങ്ങളെ തലോടി പതിവുയാത്രകൾ. കാലം മാറിയിട്ടും ബന്ധങ്ങൾ അന്യമായിട്ടും ജാതിമത ഭേദമില്ലാതെ സൗഹൃദവും ഒത്തൊരുമയും സ്നേഹവും പങ്കിട്ട ഒരു നല്ല കാലത്തിന്റെ ഓർമ്മയുണർത്തി ഓണം പതിവ് സന്ദർശനം നടത്തുന്നു, പരിഭവമോ പരാതികളോ ഇല്ലാതെ.