Image

ഗാനമേള ഇറ്റലിയിൽ : മിനി ആന്റണി

Published on 18 August, 2024
 ഗാനമേള ഇറ്റലിയിൽ : മിനി ആന്റണി

വെസ്റ്റേൺ മ്യൂസിക് എന്ന് കേട്ടിട്ടുണ്ട്. ചില ഹാസ്യപരിപാടികളിൽ അത് അനുകരിക്കുന്നത് കണ്ടിട്ടുമുണ്ട്. പക്ഷേ ലൈവായി ഒറിജിനൽ കാണുന്നത് ഇതാദ്യമാണ്.

ഫിഷ്യാനയിലെ മ്യൂസിക് ബാൻ്റിൻ്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് അവിടുത്തെ ഉദ്യാനത്തിൽ അടിപൊളി പരിപാടിയുണ്ടായിരുന്നു.  അടിപൊളി എന്ന് ഇറ്റാലിയൻസ് പറഞ്ഞുള്ള അറിവായിരുന്നു.

വൈകിട്ട് എട്ട് മുപ്പതിന് പരിപാടി തുടങ്ങുമെന്നാണ് അറിവ്.  നമ്മുടെ നാട്ടിലെപ്പോലെ വൈകാൻ സാധ്യതയുണ്ടെന്ന് കരുതി ഞാനെൻ്റെ സെഞ്ഞോറയോട് ആവുന്നതും പറഞ്ഞു. എട്ട് മുപ്പത് കഴിഞ്ഞിട്ട് പോയാ മതിയെന്ന്.

അതു പറ്റില്ല. ഇപ്പത്തന്നെപ്പോണം എന്ന് ഏഴേമുക്കാലായപ്പോഴേ തുടങ്ങി അവർ.  പിന്നെ അവരുടെ പിന്നാലെ നടക്കുക എന്നതാണല്ലോ എൻ്റെ ജോലി. അതുകൊണ്ട്  പോയേക്കാം എന്ന് കരുതി.   

"ഞാനി ഫോണൊന്ന് ചാർജ് ചെയ്തോട്ടെ " എന്ന് പറഞ്ഞിട്ട് അവരതും സമ്മതിച്ചില്ല. എട്ടു മണിയാവണേന് മുന്നേ ഇരുപത് ശതമാനം ചാർജുള്ള ഫോണുമായി ഞാൻ ഇറ്റാലിയൻ മ്യൂസിക് കാണാൻ യാത്രയായി.

സ്റ്റേജും ലൈറ്റും വാദ്യോപകരണങ്ങളും അതുപയോഗിക്കാനുള്ള പത്തു മുപ്പതാൾക്കാരും പിന്നെ അഞ്ചോപത്തോ കാഴ്ച്ചക്കാരും അവിടെയുണ്ടായിരുന്നു.

ബാൻഡ്മേളക്കാർ  ചൂടെടുത്തിട്ടായിരിക്കും കോട്ട് ഹേങ്കറിൽ തൂക്കിയിട്ട് ഒരു വൈറ്റ് ബനിയനുമിട്ട് കാറ്റുകൊള്ളുകയാണ്.

സമയം 8.30, 9  9.30  ഇങ്ങനെ കടന്നുപോയിക്കൊണ്ടിരുന്നു.  ഇരുപത് ശതമാനം ചാർജ്ജുളള ഫോൺ വെച്ച് എനിക്കൊന്നും ചെയ്യാനായില്ല.   വീഡിയോ പിടിക്കണം എന്ന ഉദ്ദ്യേശമുള്ളതിനാൽ ഫോണിൽ തോണ്ടി സമയം കളയാനൊക്കില്ലല്ലോ.

സെഞ്ഞോറയെ തുറിച്ചു നോക്കി ദേഷ്യം പ്രകടിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.

അങ്ങനെ പത്തുമണിയായപ്പോ സംഭവം തുടങ്ങി.  അപ്പോഴേക്കും  ഉദ്യാനം നിറയെ ആൾക്കാരുമായി. ചില പ്രസംഗങ്ങളും  മറ്റും കഴിഞ്ഞ് പാട്ട് തുടങ്ങി.

പാട്ട് കേട്ട് പുറത്തോട്ടുന്തിയ  കണ്ണിറുക്കിയടച്ചും  പാടുന്നവരോടൊപ്പം വായ് പൊളിച്ചും  ഇടക്ക് ചെവി പൊത്തിയും  പിന്നെ താടിക്ക് കൈകൊടുത്തും ഞാനന്തം വിട്ടിരുന്നു. ഓരോ പാട്ട് കഴിയുമ്പോഴും കയ്യടിക്കുന്നവരെ നോക്കി ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞിരുന്നു. മുന്നോട്ടും പിന്നോട്ടും ചാഞ്ഞിരുന്നു.

ഇടക്ക് ചില വീഡിയോകൾ പിടിച്ചു.

ഞാനൊരു നല്ല പാട്ടുകാരിയായിരുന്നെങ്കിൽ സ്റ്റേജിൽ കയറി ഇതാണ് പാട്ടെന്ന് ഒരു പാട്ടങ്ങ് കാച്ചിയേനെ എന്ന് മനോരാജ്യം കണ്ടു.  ഇവിടെയിരിക്കുന്ന ഒരേയൊരു ഇന്ത്യക്കാരിയെന്ന നിലയിൽ എന്നോട്  ഇന്ത്യയിലെ പേരെടുത്ത ഗായകൻ്റെ പേര് പറയാൻ പറഞ്ഞാൽ ഞാനെന്ത് പറയും എന്നാശങ്കപ്പെട്ടു.  ഒന്നും നടക്കില്ല എന്നറിയാമെങ്കിലും വെർതെ !

നമ്മടെ ദാസേട്ടൻ. ചിത്രേച്ചി. പിന്നെ ഈയടുത്തായി പരിചയമായ,   ഞാൻ അതികഠിനമായി പ്രണയിക്കുന്ന ഷഹബാസ് അമൻ.... ഇവരൊയൊക്കെ

കൈകൂപ്പി തൊഴുന്നു.

(NB.  സംഗീതത്തെ പറ്റിയും സംഗീതഞ്ജരെ പറ്റിയും ഒട്ടും വിവരമില്ലാത്തതിനാലായിരിക്കാം എനിക്കിതാസ്വദിക്കാനാവാത്തത്. 

പിന്നെ തീരെ സോഫ്റ്റായ ,

ശബ്ദത്തിലും നിശബ്ദമായ

പാട്ടുകളോടാണ് എനിക്ക് പ്രിയം എന്നതിനാലുമായിരിക്കാം.  സംഗീത പ്രേമികൾ എന്നോട് ക്ഷമിക്കണം.)

ചുവടെ ചേർക്കുന്ന വീഡിയോ നിങ്ങൾ കണ്ടും കേട്ടും ആസ്വദിക്കുമെന്ന് കരുതുന്നു.  നടുവിൽ നിന്ന് സംഗീതം നിയന്ത്രിക്കുന്നയാളാണ് ഇവിടെ പ്രമുഖർ എന്നാ തോന്നുന്നെ. 

ആ ചേച്ചി പാടുന്ന പോലാണ് മിക്ക പാട്ടുകളും.  പിന്നെ ബേക്ക് ഗ്രൗണ്ട് മ്യൂസിക്ക് കൊള്ളാമായിരുന്നു കേട്ടോ. കേട്ടിരിക്കാൻ കുഴപ്പമില്ല .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക