Image

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് / ഗാന്ധിജി (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 32- സാംസി കൊടുമണ്‍)

Published on 18 August, 2024
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് / ഗാന്ധിജി (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 32- സാംസി കൊടുമണ്‍)

ആന്‍ഡ്രുവിന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനീയറിന്റെ കഥ അറിയാമായിരിക്കും. ഗാന്ധിയുടെ നോണ്‍ വയലന്റ് പ്രസ്ഥാനം അമേരിക്കയില്‍ പരീക്ഷിച്ച മാര്‍ട്ടിന്‍ ലൂഥറിനെ എങ്ങനെ അറിയാതിരിക്കും. റീന തന്റെ ഉള്ളിലെ പല വിചാരങ്ങളുമായി മടക്കയാത്രയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജുനിയര്‍ക്ക് ചെവികൊടുത്തു.

'അടിച്ചമര്‍ത്തപ്പെട്ടവന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയവന്‍ ഒരിക്കലും സ്വമേധയാ അനുവദിക്കില്ല. അടിച്ചമര്‍ത്തപ്പെട്ടവന്‍ അതു ചോദിച്ചുതന്നെ വാങ്ങണം.'

' നമ്മുടെ അവകാശങ്ങളെക്കുറിച്ചു മറക്കുന്ന ദിവസം തന്നെയാണ് നമ്മുടെ മരണ ദിവസവും'

'അനീതി എവിടെയായാലും അതെല്ലായിടവുംനീതിക്കൊരു ഭീക്ഷണിയാണ്'

'വെറുപ്പ് വെറുപ്പിനെ അകറ്റുന്നില്ല; സ്‌നേഹത്തിനു മാത്രമേ അതിനു കഴിയു'

വലതു കരണത്തടിക്കുന്നവന് നിന്റെ ഇടതുകരണം കൂടി കാണിച്ചു കൊടുക്കണം എന്നു പറഞ്ഞ ക്രിസ്തുവിന്റെ വചനങ്ങളെ ഹൃദയത്തില്‍ ഏറ്റിയവനുമാത്രമേ ഇത്ര ആഴത്തില്‍ അഹിംസാ വാദത്തില്‍ ഉറയ്ക്കാന്‍ സാധിക്കു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ചില വചനങ്ങളോര്‍ത്ത്, ആന്‍ഡ്രു റീനയുടെ ചോദ്യത്തിനുള്ള ഉത്തരം എന്നപോലെ പറഞ്ഞു. ഗാന്ധി എന്ന അഹിംസാ വാദിയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആകൃഷ്ടനാകാന്‍ കാരണം രണ്ടുപേരേയും ക്രിസ്തു തൊട്ടിട്ടുണ്ടാകും എന്നതിനാലായിരിക്കാം. ഒരു ക്രിസ്ത്യാനി അല്ലാത്ത (മതത്തിന്റെ സ്‌നാനം ഏറ്റിട്ടില്ലാത്ത) ഗാന്ധിജിയെ എങ്ങനെ ക്രിസ്തു തൊടും എന്നാണോ. എന്നെ അറിഞ്ഞവനില്‍ ഞാന്‍ വസിക്കും എന്നു ക്രിസ്തു പറഞ്ഞിട്ടുണ്ടാകും. ഗന്ധിജി ക്രിസ്തുവിനെ അറിഞ്ഞവനാണ്. അടിച്ചമര്‍ത്തപ്പെട്ടവനുവേണ്ടി ശബ്ദിച്ചവനാണ്. സത്യത്തെ മുറുകെപ്പിടിച്ചവനാണ്. സാധാരനക്കാരന്റെ ഹൃദയത്തിലേക്കിറങ്ങിയവനാണ്. അവന്റെ രാഷ്ട്രിയം സാധാരണക്കാര്‍ക്കുവേണ്ടിയായിരുന്നു.

എങ്ങനെമര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഒരു ഗാന്ധിയന്‍ ആയി...?

'' കിരീടമോ ചെങ്കോലോ ഇല്ലാതെ ... പണത്തിനോ പദവിക്കോ അല്ലാതെ ഒരു രാജ്യത്തിനുവേണ്ടി ചിരിച്ചുകൊണ്ട് പോരാടിയ ലോകത്തിലെ ഒരേ ഒരു അധികാരി'' അതായിരുന്നു ഗാന്ധി എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ മനസ്സിലാക്കിയിരുന്നു.ആ മാര്‍ഗ്ഗം ഒന്നു മാത്രമായിരിക്കും തന്റെ ജനതേയും നയിക്കാനുള്ള വഴിയെന്ന തിരിച്ചറിവ് ഒത്തിരിയേറെ വിചിന്തനങ്ങള്‍ക്കൊടുവില്‍ എടുത്ത ഉറച്ച തീരുമാനം ആയിരുന്നു. കോളേജിലെ പ്രൊഫസര്‍ പലപ്പോഴായി പറഞ്ഞ ഗാന്ധി കഥകള്‍ മനസ്സില്‍ ഉറയ്ക്കുകയായിരുന്നു. ഗാന്ധിയുടെ പ്രവര്‍ത്തികളും ക്രിസ്തുവിന്റെ വചനങ്ങളും ഒത്തുവരുന്നുണ്ട് എന്ന ചിന്ത ഒരു പാസ്റ്ററായ അച്ഛന്‍ പറയുന്ന ക്രിസ്തു വചനങ്ങളില്‍ നിന്നും തിരിച്ചറിയാന്‍ തുടങ്ങിയതായിരിക്കും കാരണം. ഗാന്ധിയെ അറിയാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഗാന്ധി കൊല്ലപ്പെട്ടിരുന്നു. രക്തസാക്ഷിയായ ഗാന്ധി മാര്‍ട്ടിനില്‍ കൂടുതല്‍ ശക്തനായവനായി അനുഭവപ്പെട്ടു. ആയുധമില്ലാതെ ഒരു സാമ്രാജ്യത്തോടു യുദ്ധംചെയ്ത ഗാന്ധിമാര്‍ഗ്ഗം ; അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനവഴികള്‍ക്കായി എന്തുകൊണ്ട് ഉപയൊഗിച്ചു കൂടാ...അതു ബോധപൂര്‍വ്വം എടുത്ത തീരുമാനം എന്നതിലുപരി മനസ്സിന്റെ അടിത്തട്ടില്‍ ഉറച്ചുപോയ ക്രിസ്തുവും ഗാന്ധിയും ഓതിക്കൊടുത്ത വഴികളായിരുനു. രക്തരഹിതമായ ഒരു വിപ്ലവം....!ആയുധംകൊണ്ട് മരിച്ചുവീണ ആയിരക്കണക്കിന് അടിമവംശപോരാളികളുടെ നിലവിളിയും മാര്‍ട്ടില്‍ ലൂഥര്‍ കേട്ടിട്ടുണ്ടാകും. ആയുധബലം കൊണ്ട് ഒരിക്കലും ഇവിടെയുള്ള മതവര്‍ഗ്ഗീയതെയെ നേരിടാന്‍ കഴിയില്ല എന്ന തിരിച്ചറിവും, നല്ല പുസ്ത്കത്തിലെ വചനപ്പൊരുളും അതാണു പറയുന്നത്.'വാളെടുക്കുന്നവന്‍ വാളാലെ എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ പരസ്പരം കൊല്ലരുതെന്നു തന്നെയായിരിക്കും പറയുന്നത്.

റീനയുടെ മനസ്സില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും, ആന്‍ഡ്രുവില്‍ ഗാന്ധിജിയും നിറഞ്ഞ് അവര്‍ പരസ്പരം സന്ധിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ പരസ്പരം കൂട്ടുമുട്ടി അവര്‍ ഒരേപാതയില്‍ എന്നു തിരിച്ചറിയുന്നു. സാം തനിക്കൊപ്പമുള്ളവരുടെ ചിന്തകളില്‍ എങ്ങും ഇല്ലാതെ ബസ്സില്‍ കരുതിയിരുന്ന ഒരു തണുത്ത ബീയറിനായി പുറകിലേക്കു നോക്കി. അപ്പോഴും അവിടെ ആറടി കോള്‍ഡ് സാന്‍ഡ്‌വിച്ചിന്റെ പങ്കിനായി ആളുകള്‍ കൈനീട്ടിക്കൊണ്ടിരുന്നു. ബെഞ്ചമനോട് ഒരു ബഡ്‌വൈസറിനുള്ള കൈക്രീയകാണിച്ച് സാം ക്ഷമയോട് കാത്തിരിക്കുമ്പോഴും, ഗാന്ധിജിയും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറും പരസ്പരം ചിരിച്ച് ഈ കഥയിലേക്കു കടക്കാനുള്ള ഒരു പഴുതിനായി കാത്തു.

ബസ്സ് മടക്കയാത്രയില്‍ തിരക്കുള്ള തെരുവുകള്‍ താണ്ടി ഹൈവേയിലേക്കു കടക്കുന്നതെയുള്ളു.''ഞാന്‍ ആദ്യം ഗാന്ധിജിയെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയാം. ഇപ്പോഴും ഇവിടെ ഗാന്ധിജിയെ അറിയാവുന്ന എത്രപേരുണ്ടെന്നെനിക്കറിയില്ല. ഞാന്‍ കണ്ടുമുട്ടിയവരൊക്കെ ഗാന്ധിജിയെ ബഹുമാനിക്കാത്തവരും ഗാന്ധിയെ അറിയാത്തവരും ആണ്. ഗാന്ധി ഇന്ത്യയിലെ ദരിദ്രനാരനന്മാരിലേക്ക് സ്വയം ഇറങ്ങി, ഉടുപ്പിലും, നടപ്പിലും മൊത്തമായി അവരില്‍ ഒരാളായപ്പോള്‍, ഗാന്ധിജീയുടെ വലുപ്പം മനസ്സിലാക്കാന്‍ തക്ക മാനസികവളര്‍ച്ച പ്രാപിച്ചവര്‍ ഈ നാട്ടില്‍ ഇല്ലാതെപോയി. സ്‌കൂളുകളില്‍ അവരെ ചരിത്രം പഠിപ്പിക്കുന്നവര്‍ പോലും അറിവില്ലാത്ത, ആവശ്യത്തിനു തുണിയുടുക്കാത്ത, കൈകൊണ്ട് ആഹാരം കഴിക്കുന്ന ഊണുമേശ എന്ന ആര്‍ഭാടം ഉപേക്ഷിച്ചവനെ പുച്ഛത്തോട് പരിചയപ്പെടുത്തുമ്പോള്‍ പുതുതലമുറ എന്താണു ചിന്തിക്കുക. ഗാണ്ടി എന്നവര്‍ നിസാരവല്‍ക്കരിച്ചവന്‍, സൂട്ടും, കോട്ടും മത്രമല്ലപടിഞ്ഞാറന്റെ എല്ലാ ആടയാഭരണങ്ങളുംസ്വയം ഉപേക്ഷിച്ചവനെന്ന് എത്രപേര്‍ക്കാറിയാം.തീരെക്കുറഞ്ഞത് ഇവിടെയുള്ള അവകാശങ്ങള്‍ ഇല്ലാത്തവരെങ്കിലും അതു മനസ്സിലാക്കണമായിരുന്നു.

ഇംഗ്ലണ്ടില്‍ പോയി ബാരിസ്റ്റര്‍ പരീക്ഷ പാസായവന്റെ ജീവിത വീക്ഷണം ഒരു ദിവസം കൊണ്ടു രൂപപ്പെട്ടതല്ല. നിരന്തരമായ സത്യാന്വേഷേണ പരീക്ഷണങ്ങളായിരുന്നു ആ ജിവിതം. ഇന്നു പഠിച്ച പാഠങ്ങളില്‍ തെറ്റുണ്ടെന്നു കണ്ടാല്‍ അതിനെ തിരുത്തി കൂടുതല്‍ ശരികളിലേക്കു നടക്കാനും, തന്റെ തെറ്റുകളെ ഏറ്റുപറയാനും അദ്ദേഹം മടിച്ചിരുന്നില്ല. എന്നും ശരികള്‍ക്കു പിന്നാലെയുള്ള ഒരുയാത്രയായിരുന്നു അത്. ജനിച്ചത് ഒക്ടോബര്‍ 2, 1869 ല്‍ (ഇവിടുത്തെ ചരിത്ര കാലം സിവില്‍ വാറിനു ശേഷം) ഇന്ത്യയില്‍.ഗുജറാത്ത് സംസ്ഥാനത്ത് പോര്‍ബന്ധര്‍ എന്ന നഗരത്തിന്റെ പ്രാഥാന മന്ത്രിയുടെ മകനായി. മുഴുവന്‍ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.സ്‌കൂള്‍ കാലത്തെ ഒരനുഭവും ആത്മകഥയില്‍ പറയുന്നത് അതിശയോക്തി എന്ന് തള്ളരുത്. 'ഹൈസ്‌കൂളിലെ ഒന്നാം വര്‍ഷം സ്‌കൂള്‍ ഇന്‍സ്പകഷനു വരുന്ന ഇന്‍സ്പക്ടടെ മുന്നില്‍ തന്റെ കുട്ടികള്‍ നല്ലമിടുക്കന്മാരെന്നു കാണിച്ച്, അത് തന്റെ അദ്ധ്യാപനത്തിന്റെ മെച്ചം കൊണ്ടാണെന്നു ബോധിപ്പിച്ച് ജോലി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകന്‍, അഞ്ച് ഇംഗ്ലിഷ് വാക്കുകള്‍ എഴുതാനായി പറഞ്ഞു. അതില്‍ കെറ്റില്‍ എന്ന വാക്ക് തെറ്റിച്ചാണു താന്‍ എഴുതിയിരിക്കുന്നതെന്ന് ഒളികണ്ണാല്‍ കണ്ട് അദ്ധ്യാപകന്‍ അടുത്തു നില്‍ക്കുന്ന കുട്ടിയുടെ സ്ലെയിറ്റില്‍ നിന്നും നോക്കിയെഴുതാന്‍ കാലിലെ ഷുമുനകൊണ്ട് ആഗ്യം കാണിച്ചിട്ടും ഞാനതു ചെയ്തില്ല; എന്നു മാത്രമല്ല തനിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും നൂറില്‍ നൂറായിരുന്നു. എന്റെ കാഴ്ചപ്പാടില്‍ അദ്ധ്യാപകര്‍ കുട്ടികള്‍ കോപ്പിയടിക്കാതെ നോക്കേണ്ടവര്‍ ആണ്. അതുകൊണ്ടുതന്നെ എനിക്കതു ചെയ്യാന്‍ കഴിഞ്ഞില്ല.' ഇങ്ങനെ ജീവിതത്തിലെ ഒരോ ചെറിയ സംഭവങ്ങളിലും സത്യസന്ധനാകണമെന്ന നിഷ്ട പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ ഗാന്ധിയെ പരിഹാസപാത്രമാക്കിയിട്ടുണ്ടെങ്കിലും അതിലൊന്നും തളരാതെ തന്റെ വാക്കിലും പ്രവര്‍ത്തിയിലും നീതിമാനാകാന്‍ ശ്രമിച്ച ഗാന്ധി മഹാത്മാവായത് ഒത്തിരിയേറെ ത്യാഗങ്ങളിലൂടെയാണ്.

' ലോകത്തില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ നിന്നു തന്നെ തുടങ്ങണം' എന്ന ഗാന്ധി വചനം സ്വയം ലോകത്തിനു കാണിച്ചു കൊടുത്ത ആ മഹാനില്‍ നിന്നും ഒത്തിരിയേറെ പഠിക്കാനുണ്ടെങ്കിലും, എത്രപേര്‍ക്ക് അദ്ദേഹത്തെ അനുഗമിക്കാന്‍ സാധിക്കും

' എന്റെ ജീവിതമാണെന്റെ സന്ദേശം ' എന്നു ഗാന്ധി പറയുമ്പോള്‍ തീര്‍ച്ചയായും ആ ജീവിതത്തില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു. 'സത്യം വെറുമൊരു വാക്കല്ല ജീവിതം മുഴുവന്‍സത്യമായി തീര്‍ക്കണം' എന്നു പറഞ്ഞ്; എനിക്കതു ബാധകമല്ല എന്ന മട്ടില്‍ ഗന്ധിജി ഒരിക്കലും അതില്‍ നിന്നും മാറിനിന്നില്ല. വാക്കും പ്രവര്‍ത്തിയും ഒന്നായിരുന്നവന്റെ പിന്നില്‍ ഒരു രാജ്യം ഒറ്റെക്കെട്ടായി. അതായിരുന്നു ഗാന്ധിജിയുടെ വിജയം. പലരും അദ്ദേഹത്തിനെതിരായപ്പൊഴും, എന്തിനു സ്വന്തം കുടുംബം പോലും അദ്ദേഹത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കിയോ...? വീട്ടുകാര്‍ക്ക് ഒരു നീതിയും, നാട്ടുകാര്‍ക്ക് മറ്റൊരു നീതിയും അദ്ദേഹത്തിനു സ്വീകര്യമായിരുന്നില്ല എന്നതായിരിക്കാം വീട്ടില്‍ മൂത്ത മകന്‍ ഉള്‍പ്പെടെ പലരും അദ്ദേഹത്തെ തിരിച്ചറിയാതിരുന്നത്. എന്നാല്‍ യൂറോപ്യന്‍സ് ഉള്‍പ്പടെ ഒരു വലിയ ജനം അദ്ദേഹത്തെ വിശ്വസിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തു . അതിനു കാരണം ഒളിച്ചുവെയ്ക്കാനൊന്നുമില്ലാത്തവന്റെ ഹൃദയത്തിന്റെ നൈര്‍മല്ല്യമായിരുന്നു. ലണ്ടന്‍ കാലത്തെ ചിലകാര്യങ്ങള്‍ അദ്ദേഹം തന്റെ 'സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകത്തില്‍ പറയുന്നതിന്റെ സാരാംശം മാത്രം പറയാം. പതിമൂന്നാം വയസില്‍ കാല്ല്യാണം കഴിച്ച് ഒരു കുഞ്ഞിന്റെ പിതവായതിനുശേഷമായിരുന്നു ലണ്ടനില്‍ ബാരിസ്റ്റര്‍ പഠിക്കനായി പോയത്. അവിടെ തന്റെ സമപ്രായക്കാരൊക്കെ ഗേള്‍ഫ്രണ്ടിനോപ്പം ജീവിതം ആഘോഷിക്കുമ്പോള്‍, കൂട്ടുകാരുടേയും, കൂട്ടുകാരികളുടെയും പ്രലോഫനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നന്നേ പാടുപെട്ട് മനസ്സിലെ പ്രകൃതിയെ ശകാരിച്ച് താന്‍ ഒരു ഭര്‍ത്താവും അച്ഛനും എന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു റസ്റ്ററണ്ടില്‍ പരിചയപ്പെട്ട ഒരു മദ്ധ്യവയസ്‌കയായ വിധവ പലപ്പോഴും അവരുടെ വീട്ടില്‍ കൂട്ടിക്കൊണ്ടു പൊകാറുണ്ടായിരുന്നത്, അവര്‍ക്കൊപ്പം പേയിംഗ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ പരിചയപ്പെടുത്തി തരുവാനായിരുന്നു. തന്റെ പൊതുവേയുള്ള അന്തര്‍മുഖത്വം മറ്റുള്ളവരുമായി അടുത്തിടപഴകുവാന്‍ ഒരു വിഘാതമായിരുന്നു. അതു മാറ്റിയെടുക്കാനും, തന്നിലെ അഥമബോധം മാറ്റി തന്നെ ഒരു ജന്റില്‍മാന്‍ ആക്കാനും ആ നല്ല സ്ത്രി ഒത്തിരി സഹായിച്ചിരുന്നു. എന്തുകൊണ്ടോ താന്‍ വിവാഹിതനെന്ന കാര്യം മറച്ചുവെച്ചു. പക്ഷേ കാര്യങ്ങള്‍ മറ്റൊരു വഴിക്കു പോകുന്നു എന്ന തിരിച്ചറിവില്‍, തന്നിലെ നീതിബോധം ഉണര്‍ന്നതായിരിക്കാം. ഇത്രനാള്‍ മറച്ചുവെച്ച സത്യം മുഖത്തുനോക്കി പറയുവാനുള്ള സങ്കോചത്താല്‍ വിശദമായി എഴുതി. എന്നോട് സത്യം മറച്ചതിനു നീരസം തോന്നരുത്. ഇനിയും പറയാതിരുന്നാല്‍, നിങ്ങള്‍ പരിചയപ്പെടുത്തിയ യുവതി എന്നില്‍ അനുരക്തയാകുന്നതു ഞാന്‍ അറിയുന്നു. എനിക്ക് എന്റെ ഭാര്യയേയും, ആ യുവതിയേയും വഞ്ചിക്കാന്‍ നിര്‍വാഹമില്ല. നിങ്ങള്‍ ക്ഷമിച്ചെങ്കില്‍ മാത്രം എനിക്കെഴുതുക. പിന്നത്തെ കൂടിക്കാഴ്ചയില്‍ എല്ലാവരും ഏറെപ്പറഞ്ഞു ചിരിച്ച് കളങ്കമില്ലാത്തവരായി. സംഭവത്തിന്റെ സാരംശം ഇങ്ങനെയാണ്. ഗന്ധിജി എന്ന മനുഷ്യനെ മനസ്സിലാക്കാന്‍ ഈ കഥ ഞാന്‍ എപ്പോഴും ഓര്‍ക്കും.

റീന ഞാന്‍ ഗാന്ധിജിയുടെ ഒരു ചിത്രം വരച്ചു കാണിക്കാന്‍ ശ്രമിക്കയാണ്.ഒരു ഇന്ത്യക്കാരനെ യുറോപ്യന്‍സ് എങ്ങനെയാണു കണ്ടിരുന്നതെന്ന് റീനക്കറിയാമോ... വെറും കൂലികള്‍... അങ്ങനെയാണവരെ വിളിച്ചിരുന്നത്. അതായത്അടിമകാളോട് അമേരിയ്ക്കയില്‍ മാസ്റ്റേഷ്‌സ് എന്നു വിളിക്കുന്ന വെളുത്തവര്‍ എങ്ങനെയാണോ പെരുമാറിയുരുന്നത് അതില്‍ നിന്നും ഒട്ടും മെച്ചമായിരുന്നില്ല. സൗത്താഫ്രിക്കയാണ് ഗാന്ധിയെന്ന മനുഷ്യനെ രൂപാന്തരപ്പെടുത്തിയത്. അവിടുത്ത അനുഭങ്ങളോട് ആത്മാഭിമാനമുള്ള ഒരു മനുഷ്യന്റെ ആത്മാവ് നൊന്തു. ലണ്ടനില്‍ വെള്ളക്കാരുമായി അടുത്തിടപഴകിയപ്പോള്‍ താന്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ ഇടപെടലുകളുടെ മാനം വ്യത്യസ്ഥമായിരുന്നു. പക്ഷേ സൗത്താഫ്രിക്കയിലെ വര്‍ണ്ണവിവേചനം ഒരു മനുഷ്യന്റെ അസ്ഥിത്വത്തെ പാടെതള്ളിക്കളയുന്നമട്ടില്‍ ആയിരുന്നു. ഒരാളുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ അവന്റെ സാമൂഹ്യ അവസ്ഥയെ അളക്കുന്ന വ്യവസ്ഥ ഒരു പക്ഷേ ലോകമെമ്പാടും യൂറോപ്യന്‍ കുടിയേറ്റക്കാരോടൊപ്പം സഞ്ചരിച്ചതാകാം. ഒരുപക്ഷേ ഇന്ത്യയില്‍ ചാതുര്‍വണ്ണ്യം എറെ മുമ്പേ നിലവിലുണ്ടായിരുന്നിരിക്കാം. അത് തികച്ചും തൊഴില്പരമായ വേര്‍തിരിക്കല്‍ എന്ന് വേണമെങ്കില്‍ നിസാരവല്‍ക്കരിക്കാം. ഒരു പക്ഷേ ഗാന്ധി അത്തരം വിവേചനത്തെക്കുറിച്ച് അന്ന് ബോധവനായിരുന്നോ... അറിയില്ല...

സൗത്താഫ്രിക്കയിലേക്കുള്ള യാത്ര തൊഴിലിന്റെ ഭാഗമായി ഒത്തുവന്നതാണ്. ഇന്ത്യയില്‍ ഒരു ബാരിസ്റ്ററായി ജോലിനോക്കണമെങ്കില്‍ ഒത്തിരി മാമൂലുകളിലൂടെ കടന്നുപോകേണ്ടിയിരുന്നു. നിയമപരമല്ലാത്ത ഇടത്താവളങ്ങള്‍ ഏറെയായിരുന്നു. ഒരു കേസുപിടിച്ചു തരുന്ന ഏജന്റിന് കമ്മിഷന്‍ കൊടുക്കണം എന്നത് താന്‍ പാലിച്ചുവന്ന തത്വങ്ങള്‍ക്ക് എതിരായതിനാല്‍ കേസുകള്‍ ഇല്ലാതെ അപേക്ഷകള്‍ എഴുതി തുച്ചമായ വരുമാനത്തില്‍ ജീവിക്കുന്നതില്‍, തന്നില്‍ ഏറെ പ്രതീക്ഷവെച്ചിരുന്ന ജേഷ്ഠ സഹോദരനെ ഏറെ വേദനിപ്പിച്ചു. അങ്ങനെ ഇരിയ്ക്കേയാണ് സൗത്താഫ്രിക്കയിലെ ഒരു ഇന്ത്യന്‍ കച്ചോട സ്ഥാപനത്തിനു് ഒരു വര്‍ഷത്തെ നിയമോപദേശം കൊടുക്കാനായി നേറ്റല്‍ എന്ന സ്ഥലത്തെക്കു വന്നത്. അതു ജീവിതത്തിന്റെ വഴിത്തിരിവായി. ജോലിയുടെ ഭാഗമായി ചെയ്യേണ്ടിവന്ന യാത്രകളില്‍ തിരിച്ചറിയുകയായിരുന്നു ഈ ലോകത്തിലെ വിവേചനങ്ങളുടെ ക്രൂരമുഖങ്ങള്‍. ഒരു ഇന്ത്യാക്കാരനായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഫസ്റ്റ്ക്ലാസില്‍ യാത്രചെയ്യാന്‍ കഴിയാത്തവന്റെ അപമാനിത ഹൃദയം നീറി. മറ്റുവെള്ളക്കാര്‍ക്ക് തന്നെ ഒപ്പം ഉള്‍ക്കൊള്‍ള്ളാന്‍ കഴിയുന്നില്ല എന്ന ചിന്തയില്‍ മനസ്സു വെണ്ണീറായെങ്കിലും പോരാടാന്‍ ഉറച്ച് ഇരുന്നിടത്തുതന്നെ ഇരുന്നു. പിന്നെ അവര്‍ ബലത്താല്‍ പെട്ടിയും കിടക്കയും ഉള്‍പ്പെടെ വെളിയില്‍ തള്ളി.കീഴടങ്ങാന്‍ തയ്യാറില്ലാത്ത മനസ്സ് പ്രതികരിച്ചു. പത്രങ്ങളിലൂടെ പ്രതികരിച്ചു. ഇന്ത്യക്കാര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ച് ഇതൊക്കെ ഞങ്ങളുടെ നിത്യ അനുഭവം എന്നു തേങ്ങി.ഗാന്ധി മെല്ലെ മറ്റനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട്...സംഘടനയിലൂടെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ തീരുമാനിച്ച്, മുഴുവന്‍ ഇന്ത്യക്കാരേയും തനിക്കൊപ്പം ചേര്‍ത്തു. ഇന്ത്യക്കാരന്റെ മേല്‍ ചുമത്തിയ തൊഴിള്‍ക്കരം സമരം തുടങ്ങാനുള്ള ആദ്യപടിയായി.പിന്നെ അവകാശങ്ങള്‍ ്ക്കുവേണ്ടിയുള്ള സമരങ്ങളുടെ പരമ്പരയായിരുന്നു. എങ്ങും തോറ്റില്ല. കാരണം താന്‍ പറയുന്നതില്‍ സത്യവും ന്യായവും ഉണ്ടെന്ന ഉത്തമബോദ്ധ്യമായിരുന്നു. പിന്നീടുള്ള ഗാന്ധിജിയുടെ ജീവിതം ചരിത്രമാണ്.

ഗാന്ധി വചനങ്ങള്‍.


1 ലോകത്തില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളില്‍ നിന്നു തന്നെ തുടങ്ങട്ടെ

2 ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും... എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം

3 പാപത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക.

4 സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം

5 ഒരു നല്ല വീടിനു തുല്ല്യം വെയ്ക്കാന്‍ ലോകത്ത് ഒരു സ്‌കൂളും ഇല്ല.നന്മയുള്ള മാതാപിതാക്കള്‍ക്ക് തുല്ല്യം വെയ്ക്കാന്‍ ലോകത്തൊരദ്ധ്യാപകരും ഇല്ല

6 നിങ്ങള്‍ ചിന്തിക്കുന്നതും, പറയുന്നതും, പ്രവര്‍ത്തിക്കുന്നതും ഒരുപോലെ ആകുമ്പോഴാണ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടനാണെന്നു പറയുന്നത്.

7 എന്തെങ്കിലും ചെയ്യും മുമ്പ് നിങ്ങള്‍ കണ്ടിട്ടുള്ള പാവപ്പെട്ടവരുടെ മുഖങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരിക . നിങ്ങള്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തികൊണ്ട് അവര്‍ക്കെന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്നു ചോദിക്കുക.

8 സ്വാതന്ത്ര്യം എന്നത്, തെറ്റുകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുന്നതല്ലെങ്കില്‍ അതു പാഴാണ്

9 മനുഷ്യരാശിയുടെ ഏകതയില്‍ ഞാന്‍ വിശ്വസിക്കുന്നു യഥാര്‍ത്ഥ മൂലധനം വെള്ളിയോ സ്വര്‍ണമോ അല്ല: അദ്ധ്വാനശേഷിയും, ബുദ്ധിശക്തിയുമാണ്

10 ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല; അതു തോല്‍വിയാണ്

11 ചെയ്ത തെറ്റിനെപ്പറ്റിയുള്ള കുറ്റസമ്മതം ചപ്പുചവറുകള്‍ നീക്കം ചെയ്തു ഉപരിതലം കൂടുതല്‍ വൃത്തിയക്കുന്ന ചൂലുപോലെയാണ്

12 എന്തു ത്യാഗം സഹിച്ചുംചെയ്യേണ്ടത് ചെയ്യാന്‍ ധൈര്യപ്പെടുകയാണ് ശരിയായ ധര്‍മ്മം

13 അഹിംസയുടെ സജീവമായ അവസ്ഥയാണ് സ്‌നേഹം

14 ഏതു ജോലിയും വിശുദ്ധമാണ്

15ദാരിദ്ര്യമാണ് കുറ്റങ്ങളുടെ അമ്മയെങ്കില്‍ വിവേകശൂന്യതയാണ് അവയുടെ അച്ഛന്‍

16 നമുക്ക് നീതി ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം അപരനോട് നീതി കാണിക്കുകയാണ്

17 എന്റെ ജീതമാണ് എന്റെ സന്ദേശം

18 ചിന്തയേക്കാള്‍ വലിയ ശക്തിയില്ല

19 എവിടെ ചിന്ത ഉദാത്തവും പരിശുദ്ധവും ആകുന്നുവോ, അവിടെ എല്ലായ്‌പ്പോഴും ഫലവും ഉദാത്തവും പരിശുദ്ധവും ആയിരിക്കും

20 സത്യവും അഹിംസയും എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന സിദ്ധാന്തങ്ങളാണ്

21 സ്വന്തം ഭാഷയില്‍ നാം അഭിമാനം കൊള്ളണം.

22 നിങ്ങളുടെ ഭാഗധേയം നിങ്ങളില്‍തന്നെയാണ് അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്

23 എവിടെ സ്‌നേഹമുണ്ടോ അവിടെ മാത്രമേ ജീവിതമുള്ളു. വിദ്ദ്വേഷം നശിപ്പിക്കുന്നതാണ്

24 നാം നമ്മുടെ മതത്തെ ആദരിക്കുന്നപോലെ മറ്റുള്ളവരുടെ മതങ്ങളെയും ആദരിക്കണം.

25 എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്


ഗാന്ധി ചരിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ ഒന്നുരണ്ടു കാര്യങ്ങളുടെ സൂചിപ്പിച്ച് ഞാന്‍ മാര്‍ട്ടില്‍ ലൂഥര്‍ കിങ്ങിനെ കേള്‍ക്കാം. എന്റെ നിരീക്ഷണം ശരിയോ എന്നെനിക്കറിയില്ല. ഒരപരിചിതനെ എന്നപോലെ നോക്കിയിരിക്കുന്ന റീനയുടെ കണ്ണുകളിലേക്ക് നോക്കി, ഒരു ബീയറിന്റെ തണുപ്പിനെ നുകരുന്ന സാമിനെ ശ്രദ്ധിക്കാതെ ആന്‍ഡ്രുപറഞ്ഞു; ക്രിസ്തുവും, ഗാന്ധിയും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും ഒരേ നേര്‍ രേഖയില്‍ പലകാലങ്ങളിലായി സഞ്ചരിച്ചവരാണ്. മൂന്നു പേരുടെയും അന്ത്യവിധി ഒന്നു തന്നെയായിരുന്നു. ക്രിസ്തു ഗാന്ധിയെ സാധീനിച്ചിരുന്നുവോ...ഉണ്ട് എന്നുവേണമെങ്കില്‍ പറയാം. തീര്‍ച്ചയായും ഗാന്ധിജിക്ക് ക്രിസ്തുമാര്‍ഗ്ഗം അറിയാമായിരുന്നു. ഇംഗ്ലണ്ടില്‍ വെച്ചും, സൗത്താഫ്രിക്കയില്‍ വെച്ചും പലരും അദ്ദേഹത്തെ ക്രിസ്തുമാര്‍ഗ്ഗത്തില്‍ കൊണ്ടുവരാനും, മതം മാറ്റാനും ശ്രമിച്ചു.ഈ പറയപ്പെടുന്ന ക്രിസ്ത്യാനികളേക്കാള്‍ നന്നായി ക്രിസ്തുമാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഒരാള്‍ എന്തിനു മതം മാറണം. ഗാന്ധിജി അവരോടു പറഞ്ഞത്, ഈ ലോകത്തില്‍ അനേകം മതങ്ങളും ദൈവങ്ങളും ഉണ്ട്... ഒരോ മതങ്ങളും തങ്ങളുടേത് ശ്രേഷ്ഠമെന്നു വിശ്വസിക്കുന്നു. എനിക്ക് എന്റെ മതത്തെക്കുറിച്ച് ഒന്നും അറിയില്ല. അതുകൊണ്ട് ഞാന്‍ എന്റെ മതത്തെ നന്നായി മനസിലാക്കിയിട്ട്, അതു മോശമെന്നു തോന്നിയാല്‍ അപ്പോള്‍ പറയാം എന്നായിരുന്നു. എന്തായാലും ഗാന്ധി സ്വന്തം മതമായ ഹിന്ദു മതത്തെകൂറിച്ച് നന്നായി പഠിച്ചു. അതില്‍ വേണ്ട മുക്തിമാര്‍ഗ്ഗം കണ്ടെത്തി എന്നു മാത്രമല്ല തുടര്‍ന്നുള്ള തന്റെ രാഷ്ടിയ സമരങ്ങളുടെ കൊടിയും അതില്‍ കെട്ടി. അപ്പോഴും അദ്ദേഹം എല്ലാമതങ്ങളേയും ഇഷ്ടപ്പെട്ടു. ഒന്ന് മറ്റൊന്നിനേക്കാള്‍ സ്രേഷ്ടം എന്നു പറഞ്ഞില്ല. എല്ലാ മതങ്ങള്‍ക്കുമായി ഞാനെന്റെ വാതയനെങ്ങളെ തുറന്നിട്ടിരിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്. പക്ഷേ അതദ്ദേഹത്തിനു വിനയായി. മുസ്ലീമിനേയും, ക്രിസ്ത്യാനിയേയും വെറുക്കാതിരുന്നതിന് കൊടുക്കേണ്ടി വന്ന വില അദ്ദേഹത്തിന്റെ ജീവന്‍ തന്നെയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ഉറപ്പാകുന്നതുവരെ മതവര്‍ഗ്ഗിയവാദികള്‍ കാത്തു 1948 ജനുവരി 30ന് അവര്‍ അദ്ദേഹത്തെ വെടിവെച്ചു കൊന്നു.

ഇനി ക്രിസ്തുവിന്റെ കാര്യം നോക്കിയാലോ...? പീലാത്തൊസ് നീതിമാന്റെ രക്തത്തില്‍ പങ്കില്ലെന്നു പറഞ്ഞു കൈകഴുകിയതായി രേഖയില്‍ ഉണ്ട്.പക്ഷേ ആ കൈകഴുകല്‍ സത്യമായിരുന്നുവോ....? യഹൂദനു ക്രിസ്തു ഒരു ഭീക്ഷണിയായിരുന്നുവോ... മതത്തിലെ തിന്മകളെ വെടിഞ്ഞ് നവീകരണം പ്രസംഗിച്ചവനോടവര്‍ക്ക് എതിര്‍പ്പുകാണാം. കൊലചെയ്യരുതെന്നും, മോഷ്ടിക്കരുതെന്നും നിയമമുണ്ടെങ്കിലും, കണ്ണിനു പകരം കണ്ണും, പല്ലിനു പകരം പല്ലും പ്രമാണമാക്കിയവരോട്, നിന്റെ അയല്‍ക്കാരനേയും നിന്നെപ്പോലെ സ്‌നേഹിക്ക എന്നു പറഞ്ഞവനെ വെച്ചുപൊറുപ്പിക്കില്ല എന്നു ന്യായം പറയാമെങ്കിലും, റോമായുടെ കീഴില്‍ നിയമം നടത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നുവോ...? അവന്‍ ഒരു ജനകീയ നേതാവായി തങ്ങള്‍ക്കെതിരെ കലാപം നയിക്കുമെന്ന മുന്‍കാഴ്ചയായിരിക്കും, യഹൂദനും റോമാക്കാരനും ഒന്നായി ഗൂഡാലോചന ചെയ്ത് അവനെ ഇല്ലാതാക്കിയത്. മരിച്ചവന്‍ ജീവിച്ചിരിക്കുന്നവനെക്കാള്‍ ശക്തനാകുന്നു എന്നു കണ്ടപ്പോള്‍ അവനെ ഉയര്‍പ്പിച്ച്, അവരുതന്നെ അവരുടെ ദൈവമാക്കി, പീലാത്തോസിനു കൈകഴുകാന്‍ കിണ്ടിയും പിഞ്ഞാണവും എഴുതിച്ചേര്‍ത്തിട്ടുണ്ടാകും.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെക്കുറിച്ച് എനിക്കേറെയൊന്നും അറിയില്ല അതു റീന പറയുന്നതല്ലെ ശരി.ആന്‍ഡ്രു ഒരു ചോദ്യഭാവത്തില്‍ റീനയെ നോക്കി. റീന ഒന്നു ചിരിച്ചു; ഒരു ഇടവേളയിലെ ചിന്തകള്‍ക്കൊടുവില്‍ പറഞ്ഞു;“കഴിഞ്ഞ നാനൂറില്‍ പരം വര്‍ഷങ്ങള്‍ അടിമക്കണ്ണിന്റെ ഏതുമക്കളാണു ചരിത്രം പറഞ്ഞിട്ടുള്ളത്. അല്ലെങ്കില്‍ അടിമക്കെന്തു ചരിത്രമാണുള്ളത്. അച്ഛന്‍ ആരെന്നുറപ്പിച്ചു പറയാന്‍ ഏതടിമപ്പെണ്ണിനു കഴിയുമായിരുന്നു. മക്കളെ ജനിപ്പിച്ചവര്‍ക്ക് സ്‌നേഹിക്കാനോ ചരിത്രം കുറിക്കാനോ കഴിയുമായിരുന്നുവോ... അവരുടെ ചരിത്രം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ... ഞങ്ങളുടെ പാട്ടുകളില്‍ മാത്രം അവര്‍ ജീവിക്കുന്നു.ആന്‍ഡ്രു ... ലോകത്തിലെ എറ്റവും നെറികെട്ട ചരിത്രത്താളുകളിലൂടെ കടന്നുവന്നവരാണു ഞങ്ങള്‍. അമേരിയ്ക്ക ലോകത്തിന്റെ നെറുകയിലാണ്.അമേരിയ്ക്കയെക്കുറിച്ച് ഞാന്‍ അഭിമാനം കൊള്ളണം പോലും... എന്തിന്...? ചന്ദ്രനില്‍ പോയതിന്റെ പേരിലോ...അതോ ആറ്റം ബോംബിന്നാല്‍ ലോകത്തെ വരുതിയില്‍ നിര്‍ത്തി, അകത്തും പുറത്തും തോക്കുചൂണ്ടി, അധികാരത്തിന്റെ ഗര്‍വ്വുകാണിക്കുന്നതിന്റെ പേരിലോ... എനിക്കു മനസില്ല... അടിമയുടെ രക്തത്തിലും മാംസത്തിലും പടുത്തുയര്‍ത്തിയ സമ്പത്തിനാലാണിവര്‍ക്ക് ഇതൊക്കെ സാധിച്ചെതെന്ന കേവല സത്യം മറന്നവരുടെ നേട്ടങ്ങളില്‍ ഞാനെന്തിനഭിമാനിക്കണം.ഞാനിന്നും അടിമയാണവര്‍ക്ക്.... അതാണവരുടെ മനോഭാവം. എന്റെ വംശം അവരുടെ മുന്നില്‍ നടുകുനിച്ചു നിന്നുകൊടുക്കണം. ഞങ്ങളുടെ രാജ്യം ഏത്...? ആന്‍ഡ്രു ഞങ്ങള്‍ ആരാണ് ഞങ്ങളുടെ സ്വര്‍ഗ്ഗം ഇനിയും ആരും ചൂണ്ടിക്കാണിച്ചില്ല. ഇതുവരെ അവര്‍ കാണിച്ചു തന്നതൊക്കെ അവരുടെ സ്വര്‍ഗ്ഗമാണ്. വെളുത്തവന്റെ സ്വര്‍ഗ്ഗം. അവിടെ ഞങ്ങള്‍ക്ക് പ്രവേശനമില്ല. ഉണ്ടെങ്കില്‍ അതു തൂക്കാനും തുടയ്ക്കാനുമുള്ള വേലയ്ക്കുവേണ്ടിയല്ലാതെ മറ്റെന്തിന്.

ഇപ്പോള്‍ ഞങ്ങളില്‍ പലരും മാല്‍ക്കംഎക്‌സിനെ പോലെ മാറിച്ചിന്തിക്കുന്നു. ആരാണ് മാല്‍ക്കമെക്‌സ് എന്നാണോ... അതു ഞാന്‍ വഴിയെ പറയാം. നിങ്ങളുടെ സ്വാതന്ത്ര്യ സമരത്തിലെ ഭഗത് സിങ്ങ്, സുഭാഷ് ചന്ദ്രബോസ് മുതലായവരെക്കുറിച്ച് പറഞ്ഞപ്പൊഴൊക്കെ ഞാന്‍ മാല്‍ക്കമെക്‌സിനേയും കൂട്ടാളികളേയും ഓര്‍ക്കതിരുന്നില്ല. അവര്‍ തോക്കില്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ അഹിംസയില്‍നിന്നും അകന്ന അവര്‍ തീവ്രനിലപാടുകളുമായി വെള്ളപ്പന്നികളെ (അങ്ങനെയാണവരെ അടയാളപ്പെടുത്തുന്നത്) കൊന്നൊടുക്കണമെന്നു പ്രതിജ്ഞയെടുത്തു ബ്ലാക്ക് പാന്തേഴ്‌സ് കൊല്ലാനും ചാവാനും മടിയില്ലാത്ത ചാവേറുകളായിരുന്നവര്‍. അവരുടെ വഴി തെറ്റോ ശരിയോ എന്നെനിക്കറിയില്ല. പക്ഷേ വെളുത്തവര്‍ക്ക് അവരെ ഭയമായിരുന്നു. ക്ലാന്‍ അവരുടെ രക്തത്തിനായി പതിയിരുന്നു. അവസരം കിട്ടുമ്പോഴോക്കെ അവര്‍ പരസ്പരം കൊന്നു. വെളുത്തവന്റെ ദൈവം, അവരെ മാത്രം സംരക്ഷിക്കുന്ന വരേണ്യ ദൈവം എന്നവര്‍ തിരിച്ചറിഞ്ഞിട്ടോ, വെളുത്തവന്‍ സൃഷ്ടിച്ച മതം അവന്റെ സ്വാര്‍ത്ഥതയുടെ കാവല്‍ക്കാരന്‍ മാത്രമെന്ന തിരിച്ചറിവിനാലോ ആയിരിക്കാം മാല്‍ക്കമക്‌സും ആയിരക്കണക്കിന് അനുയായികളും ഇസ്ലാം മതം സ്വീകരിച്ചത്. ഇന്ത്യയില്‍ ബുദ്ധമതം സ്വീകരിച്ച ഡോക്ടര്‍ അംബേദ്ക്കറിന്റെ നിലപാടിന്റെ സ്വാധീനം ഈ മതപരിവര്‍ത്തനത്തിനുണ്ടായിരുന്നുവോ എന്നെനിക്കറിയില്ല. എങ്കിലും രണ്ടിലും സമാനതകള്‍ ഏറെയുണ്ടായിരുന്നു.മറ്റൊന്ന് അന്നത്തെ പുരോഗമന വാദികള്‍ തങ്ങളുടെ തണ്ടപ്പേരുപേക്ഷിക്കാന്‍ തുടങ്ങി. മിക്കപ്പോഴും ആ തണ്ടപ്പേരില്‍ തങ്ങള്‍ ആരുടെ അടിമയായിരുന്നു എന്നു തിരിച്ചറിയാനുള്ള മന്ത്രം ഒളിപ്പിച്ചിരുന്നു. ഞങ്ങള്‍ ആരുടെയും അടിമയല്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു ആ ചരിത്ര നീരാസത്തിലെ നേട്ടം. എന്നാല്‍ അച്ഛന്‍ ആരെന്നുറപ്പുള്ളവര്‍ അച്ചന്റെ തണ്ടപ്പേരുപയോഗിച്ചെങ്കിലും, അതുമറ്റൊരു പ്ലാന്റേഷന്‍ ഉടമ ചാര്‍ത്തിക്കൊടുത്ത പേരായിരുന്നു എന്നവര്‍ തിരിച്ചറിഞ്ഞിരുന്നുവോ... ഒരടിമക്ക് ഒരിക്കലും അവന്റെ പാരമ്പര്യങ്ങളില്‍ നിന്നും മോചനമില്ലായിരിക്കും.'' റീന ചെറുതായൊന്നു നിശ്വസിച്ച് തുടര്‍ന്നു.

''മാര്‍ട്ടില്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ കോളേജ് പഠനകാലത്താണ് തന്റെ പ്രൊഫസറില്‍ നിന്നും ഗാന്ധിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ഒരു പാസ്റ്ററുടെ മകനായ മാര്‍ട്ടിനില്‍ അതുപെട്ടെന്നു വേരൂന്നിയത് അത് ക്രിസ്തുമാര്‍ഗ്ഗവുമായി ഒത്തുപോകുന്നുണ്ടല്ലോ എന്ന തിരിച്ചറിവിനാല്‍ ആയിരിക്കാം. ഒരു ഹിന്ദു മതവിശ്വാസിയായ ഗാന്ധിയില്‍ എങ്ങനെ ക്രിസ്തു പ്രവേശിച്ചു എന്ന ചോദ്യം പലപ്പോഴും മാര്‍ട്ടിന്‍ സ്വയം ചോദിച്ചിട്ടുണ്ടാകും. എന്തുത്തരമാണൊ കിട്ടിയിട്ടുണ്ടാകുക. ഗാന്ധിയെ മനസിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ആത്മകഥവായിക്കണമെന്ന് ആന്‍ഡ്രു പറഞ്ഞതു ഞാന്‍ ഓര്‍ക്കുന്നു. അതിനു ശേഷം ഞാന്‍ കുറെയൊക്കെ വായിച്ചുവെന്നാലും എല്ലാമൊന്നും മനസിലായിട്ടില്ല. ഒരു കാര്യം എനിക്കു മനസിലായാത് ആ ജീവിതം ഒരു പരീക്ഷണം തന്നെയായിരുന്നു. സത്യാന്വേഷണ പരീക്ഷണം.നിരന്തരം തെറ്റുകള്‍ തിരുത്തി പുതുക്കപ്പെടുന്ന ജീവിതം. ബ്രിട്ടനില്‍ വെച്ചും, സൗത്താഫ്രിക്കയില്‍ വെച്ചും ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ മതം മാറാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. മതം മാറാതെതന്നെ ക്രിഷ്ണനെ എന്നപോലെ ക്രിസ്തുവിനേയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. സത്യവും അഹിംസയുമായിരുന്നു ആ ജീവിതത്തെ നയിച്ച വലിയ ദര്‍ശനങ്ങള്‍. സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തിക്കാണിക്കാന്‍ കഴിഞ്ഞപ്പോള്‍ ലോകത്തിലെ വലിയ ആയുധ ശക്തിയായ ബ്രിട്ടന് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കാനെ കഴിഞ്ഞുള്ളു എന്നത് ചരിത്രമാണ്. ആ ചരിത്രം അറിയാനായി മാര്‍ട്ടിന്‍ ഇന്ത്യയില്‍ പോയി ആ പാദസ്പര്‍ശമേറ്റമണ്ണില്‍ തൊട്ടതെന്തിനാണ്. നേരില്‍ കാണാന്‍ കഴിയാത്തവന്റെ ആത്മാവിനെ തൊട്ടറിയാനോ... അതോ വരാന്‍ പോകുന്ന അന്ത്യം ഒരുപോലെ എന്ന ഉള്‍ക്കാഴ്ച്ചയാലോ...

സൗത്താഫ്രിക്കയിലെ ഗാന്ധി ജീവിതത്തില്‍ വെള്ളക്കാരില്‍ നിന്നും നേരിട്ട തിക്താനുഭവങ്ങള്‍ ഒരു നീഗ്രോയുടെ; അടിമയുടെ അനുഭവങ്ങളുമായി ഒത്തുപോകുന്നു... അതായിരിക്കാം മാര്‍ട്ടിനെ ആകര്‍ഷിച്ച മറ്റൊരു കാര്യം. വെള്ളക്കരനെപ്പോലെ തൊലിനിറമില്ലാത്ത എല്ലാവരും അവര്‍ക്ക് അടിമകളും, കൂലികളും ആയിരുന്നു. അവിടെയാണു ഗാന്ധിയിലെ പോരാട്ടക്കാരനെ ലൂധര്‍ കണ്ടെത്തിയത്. ഒരോ അനീതികള്‍ക്കും എതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടുള്ള ഗാന്ധിയുടെ പോരാട്ടങ്ങളും വിജയങ്ങളും മാര്‍ട്ടിന്‍ തിരിച്ചറിഞ്ഞു. അതാണു മാര്‍ട്ടിന്‍ നോന്‍വയലന്‍സ് എന്ന ആശയത്തില്‍ ഊന്നിയുള്ള സമരമാര്‍ഗ്ഗം അടിമകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സ്വീകരിച്ചത്. തോക്കിനേക്കാള്‍ ശക്തി സഹനത്തിനുണ്ടെന്ന തിരിച്ചറിവിനൊപ്പം, തോക്കെടുത്താല്‍ തന്റെ വംശത്തില്‍ ഉണ്ടാകാവുന്ന ആള്‍ നഷ്ടം മുന്‍കൂട്ടികാണാന്‍ മാര്‍ട്ടില്‍ ലൂഥര്‍ കിംഗിനു കഴിഞ്ഞു എന്നതും ഇതിനെക്കുറിച്ചു പഠിക്കുന്നവര്‍ തിരിച്ചറിയട്ടെ. അക്രമരഹിത, സത്യഗ്രഹത്തിലൂന്നിയ ഗാന്ധിനിലപാടുകള്‍ പലപ്പോഴും, രക്തം തിളയ്ക്കുന്ന ചെറുപ്പത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ഗാന്ധി അതു കാണിച്ചു കൊടുത്തു. രണ്ടില്‍ കൂടുതല്‍ പ്രാവശ്യം തന്നെ ഫസ്റ്റ്ക്ലാസ് ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്നും ഇറക്കിവിട്ടവരോട് കുത്തിയിരുന്ന് പ്രതിക്ഷേധിക്കാനും, ഒരിക്കല്‍ കരണത്തടിച്ച വെളുത്തവന് മറുകരണം കാണിച്ചുകൊടുക്കാനും ഗാന്ധിക്കല്ലാതെ ക്രിസ്ത്യാനികള്‍ എന്നു സ്വയം വിളിക്കുന്ന ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ. ഗാന്ധി എന്ന മനുഷ്യന്റെ ശക്തിയുടെ പരീക്ഷണശാലയായിരുന്നു സൗത്താഫ്രിക്ക. അവിടെയുള്ള ഇന്ത്യന്‍ വംശജരോട് യൂറോപ്പിയന്‍സ് കാണിച്ച വര്‍ണ്ണവിവേചനം ഒരു പക്ഷേ അമേരിയ്ക്കയിലെ പ്ലാന്റേഷനുകളില്‍ അടിമവംശം അനുഭവിച്ചതിനു തുല്ല്യമോ അല്പം താഴയോ ആയിരുന്നു എന്നു വേണം കരുതാന്‍. ആത്മാഭിമാനം അടിയറവെയ്ക്കാന്‍ തയ്യാറില്ലാത്ത ഗാന്ധി തുറന്ന സമരമാര്‍ഗ്ഗം അന്നുവരെ ആര്‍ക്കും പരിചിതമല്ലായിരുന്നു. ഗാന്ധിയെ പ്രചോദിപ്പിച്ച വ്യക്തികളില്‍ റഷ്യയിലെ വലിയ എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയും ഉണ്ടെന്നു വായിച്ചറിഞ്ഞ റീന അതില്‍ ശരിയുണ്ടോ എന്ന മട്ടില്‍ ആന്‍ഡ്രുവിനെ നോക്കി. ആന്‍ഡ്രു തുടരു എന്ന മട്ടില്‍ റീനയെ നോക്കി തലയൊന്നു കുലിക്കയതെയുള്ളു. ടോള്‍സ്റ്റോയി എഴുതിയ കഥയിലെ സന്മാര്‍ഗ്ഗത്തെക്കാള്‍, ടോള്‍സ്റ്റോയി തിരഞ്ഞെടുത്ത ജീവിത ശൈലിയായിരുന്നു ഗാന്ധിയെ ആകര്‍ഷിച്ചത്. ഒരു പ്രഭുവായിരുന്ന ടോള്‍സ്റ്റോയി ചെറുപ്പത്തിന്റെ ആവേശത്തില്‍ ജീവിച്ച തലതിരിഞ്ഞ ജീവിതത്തെ തിരുത്തിക്കുറിക്കാനായി, സ്വന്തം വസ്തുവകകള്‍ കൃഷിക്കാര്‍ക്കായി വീതിച്ചുകൊടുത്ത് അവരുടെ ഇയടയിലെ ഋഷിതുല്യനായ ടോള്‍സ്റ്റോയിയെ കാണാന്‍ ഗാന്ധി പോയി. അവിടെ നിന്നും ക്രിസ്തീയ സ്‌നേഹത്തെക്കുറിച്ച് ഏറെ കണ്ടും കേട്ടും പഠിച്ചിട്ടുണ്ടാകും.

ആന്‍ഡ്രു റീനയെ പുതിയ ഒരു കാഴ്ചപ്പാടില്‍ നോക്കി. ഇത്രനാളും താന്‍ എല്ലാം അറിയാവുന്നവനെപ്പൊലെ ചരിത്രം പറയുമ്പോള്‍ അവള്‍ ഒന്നും അറിയാത്തവളെപ്പോലെ തന്റെ അറിവില്‍ അത്ഭതപ്പെട്ടു നോക്കിയിരുന്നതല്ലെയുള്ളു. ഇപ്പോള്‍ ഇതാ അവള്‍ സ്വയം വെളിപ്പെടുത്തുന്നു. തന്നിലെ അറിവിന്റെ അഹങ്കാരം ആവിയായിപ്പൊയല്ലോ... ഇനി ഒരിക്കലും ആരേയും നിസാരരെന്ന് എണ്ണെരുതെന്നും സ്വന്തം അറിവില്‍ അഹങ്കരിക്കരുതെന്നും ഉള്ള വലിയ പാഠം തന്ന റീനയെ ആദരവോടെ മനസ്സില്‍ നമിച്ച് ആന്‍ഡ്രു റീനക്കായി കാതോര്‍ത്തു.

ആന്‍ഡ്രു ... ഞാന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കഥപാറയാന്‍ തുടങ്ങിയിട്ട് അതിലേക്കു പ്രവേശിക്കാന്‍ കഴിയാതെ ഇങ്ങനെ ചുറ്റിത്തിരിയുന്നതെന്തേ എന്നാണോ നീ ഇപ്പോള്‍ ചിന്തിക്കുന്നത്.നീ അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ അതു നേരാണ്. എന്നില്‍ക്കൂടി... അമ്മയില്‍ക്കൂടി മാര്‍ട്ടിനില്‍ എത്തണോ അതോ നേരിട്ട് മാര്‍ട്ടിന്റെ കഥയിലേക്ക് പ്രവേശിക്കണോ.... മൂന്നില്‍ ഒന്നും വ്യക്തമായി തെളിഞ്ഞുവരുന്നില്ല. ഞാന്‍ ഒരു മക്ഷിനോട്ടക്കാരിയെപ്പോലെ കാലത്തിലേക്കു നോക്കട്ടെ എന്തെങ്കിലും തെളിഞ്ഞുവരാതിരിക്കില്ല. 1963ല്‍ വാഷിംഗ്ടണിലെ പൊതുമൈതാനത്ത് പ്രസ്ംഗിക്കുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ഞാന്‍ കാണുന്നു. രണ്ടരലക്ഷം ജോടി കണ്ണുകളും, കാതുകളും അദ്ദേഹത്തില്‍ ശ്രദ്ധയൂന്നി; അഞ്ചു ലക്ഷം കാലുകളില്‍ ഉറച്ചു നില്‍ക്കേ അദ്ദേഹം പറഞ്ഞു; 'ഐ ഹാവേ ഡ്രീം'എനിക്കൊരു സ്വപ്നമുണ്ട്.... ജനം അത്ഭുതത്തോട് വീണ്ടും വീണ്ടും നോക്കി...ഒരു നീഗ്രോയ്ക്ക്, അടിമക്ക് സ്വപ്നമോ...? ഇന്നുവരെ അങ്ങനെയൊന്ന് ആരും പൊതുവേദിയില്‍ പറഞ്ഞിട്ടില്ല. മാര്‍ട്ടിന്റെ ശബ്ദം മുഴങ്ങി; 'ആള്‍ ദ പീപ്പിള്‍ ഓഫ് അമേരിയ്ക്ക, ബ്ലാക്ക് ആന്റ് വൈയ്റ്റ്, ലിവിങ്ങ് ടുഗദര്‍ ഇന്‍ പീസ് ആന്റ് ഫ്രീഡം.' അമേരിയ്ക്കയിലുള്ള എല്ലാ കറുത്ത വംശജരും, വെളുത്ത വംശജരും ഒന്നിച്ച് ശാന്തിയിലും സമാധാനത്തിലും ജീവിക്കുന്ന ഒരു ദിവസം സ്വപ്നം കണ്ടവന് അന്ന് കേവലം 34 വയസേ ഉണ്ടായിരുന്നുള്ളു. അവന്‍ ഒന്നുകൂടി പറഞ്ഞു; ആണിനും പെണ്ണിനും തുല്ല്യ നീതി.ജനം ആവേശത്തിലായി. ലോകം മുഴുവന്‍ ആ വാക്കുകള്‍ കേട്ടു.ആ പ്രസംഗത്തിന്റെ (സ്വപ്നം) പേരിലാണ് അദ്ദേഹം ഏറയും അറിയപ്പെടുന്നത്.

എന്നെപ്പോലെ ജോര്‍ജ്ജയിലെ അറ്റ്‌ലാന്റയിലാണ്മാര്‍ട്ടില്‍ ലൂഥര്‍ കിംഗ് ജനിച്ചത് എന്ന ജന്മദേശ വൈകാരികത ഞങ്ങളെകൂടുതല്‍ അടുപ്പിക്കുന്നു. പിന്നെ അമ്മ ആ കാലത്തു ജീവിക്കുകയും അദ്ദേഹം നയിച്ച പലസമരങ്ങലിലും പങ്കെടുത്തു എന്ന മേനിപ്പെടലും എന്നെ ഇമ്മിണി വല്ല്യോളാക്കുന്നില്ലെ എന്ന ഒരു തോന്നല്‍. 1929 ജനുവരി 15നാണ് മാര്‍ട്ടിന്‍ ജനിച്ചത്. അന്ന് ഗാന്ധിക്കെത്ര വയസുണ്ടായിരുന്നു... റീന ആന്‍ഡ്രുവിനെ നോക്കി. ഗാന്ധി ജനിച്ചത് ഒക്ടോബര്‍ രണ്ട് 1869. അന്ന് ഗാന്ധി 60 ആണ്ടിന്റെ സത്യാന്വേഷണ പരീക്ഷനങ്ങളുമായി ഈ ഭൂമിയില്‍ ഉണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നെടുനായകനും നേതാവുമായവന് അധികാരസ്ഥാനങ്ങള്‍ ഒന്നും ഇല്ലായിരുന്നു.ടെന്നസിലെ മെംഫിസില്‍ വെച്ച് വര്‍ഗ്ഗിയവാദിയായ ഒരു വെളുത്തവന്റെ വെടിയേറ്റു മരിക്കുമ്പോള്‍ മാര്‍ട്ടിന് വയസ് 39 അല്ലെ..ഗാന്ധി 1948 ജനുവരിയില്‍ ഒരു ഹിന്ദു വര്‍ഗ്ഗിയവാദിയുടെ വെടിയേറ്റു മരിക്കുമ്പോള്‍ വയസ് 78. 18 വര്‍ഷക്കാലം അവര്‍ ഈ ഭൂമിയുടെ രണ്ടറ്റങ്ങളിലെ പരസ്പരം അറിയാത്ത സഹയാത്രികരായിരുന്നു. അല്ലെങ്കില്‍ മാര്‍ട്ടിന് ഗാന്ധിയെ അറിയാനുള്ള പ്രായം ആയിട്ടില്ലായിരുന്നു. പക്ഷേ ഗാന്ധിയുടെ മരണം അല്ല കൊലപാതകവാര്‍ത്ത പത്രങ്ങളിലൂടെ, ടി. വി. യിലൂടെ അറിയുമ്പോള്‍ തന്റെ വിധിയുടെ തനിപ്പകര്‍പ്പാണു താന്‍ കാണുന്നതെന്ന് മാര്‍ട്ടിനറിയാമായിരുന്നുവോ...? ചോദ്യം റീനയോട് ആന്‍ഡ്രുവിന്റെ വകയായിരുന്നു. റീന ഒരുത്തരം തിരയുന്ന നേരത്തിനുള്ളില്‍ ആന്‍ഡ്രു പറഞ്ഞു; ഗാന്ധിയുടെ കൊലയാളിയും കൂട്ടരും ഇന്ത്യയുടെ സ്വാതന്ത്ര്യം ഉറപ്പായി എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം, ഇനി ഗാന്ധി നമുക്ക് ആവശ്യമില്ലന്നു തീരുമാനിച്ചു. വര്‍ഗ്ഗിയ വാദികളുടെ വഴിയില്‍ ഗാന്ധി എന്നും ഒരു തടസമായിരുന്നു. ബ്രിട്ടീഷ്‌കാര്‍ ഇന്ത്യ വിടുന്നവരെ ഈ പോരാളിയെ നമുക്ക് ആവശ്യമെന്നവര്‍ കണക്കുകൂട്ടി. അതായിരിക്കും ഗന്ധിജീക്ക് അത്രനാള്‍ ആയിസു കിട്ടിയത്. പക്ഷേ മാര്‍ട്ടില്‍ ലൂഥര്‍ കിംഗ്...?

ആന്‍ഡ്രു.. നിന്റെ ചിന്തകളിലെ കനല്‍ ഞാന്‍ കാണുന്നുണ്ട് ഒരേ പ്രവര്‍ത്തന പന്ഥാവില്‍ രണ്ടു കാലങ്ങളില്‍ കടന്നുവന്നവര്‍….അവരുടെ ചിന്താ രീതിയും ഒന്നായിരുന്നിരിക്കാം അവരുടെ അന്ത്യത്തിലും സമാനതകള്‍ ഏറെയുണ്ടല്ലോ. 39 വയസില്‍ കൊല്ലപ്പെട്ട മാര്‍ട്ടിനെ വെളുത്തവര്‍ ഭയപ്പെട്ടു. ആയുധമില്ലാതെ , രക്തം ചീന്താതെ കറുത്തവന്റെ പൗരാവകാശത്തിനായി പൊരുതുന്നവനെഎങ്ങനെ ഭയപ്പെടാതിരിക്കും. സെഗ്രിഗേഷനും, ജിംക്രോയും കറുത്ത വംശജരുടെ പാതയോരങ്ങളെ അടയാളപ്പെടുത്തുന്ന കരിനിയമങ്ങളായിരുന്നു. നിങ്ങളുടെ നാട്ടില്‍ തൊട്ടുകൂടാഴ്മ, തീണ്ടിക്കൂടാഴ്മ എന്നൊക്കെ പറയുന്ന നിയമങ്ങള്‍ തന്നെ. 1950 കളില്‍ പോലും അമേരിയ്ക്കയില്‍ മനുഷ്യന്‍ പരസ്പരം തൊട്ടുകൂടാഴ്മ ആചരിച്ചെങ്കില്‍ ക്രിസ്ത്യന്‍ സമൂഹം എങ്ങനെ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ആകും.1865 ല്‍ അടിമവ്യാപരം നിരോധിച്ചെങ്കിലും ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും കറുത്തവന്‍ എന്നും അടിമതന്നെ.

1929 ജാനുവരി 15 ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജോര്‍ജ്ജയിലുള്ള അറ്റ്‌ലാന്റ എന്ന സ്ഥലത്തു ജനിച്ചു എന്നു ഞാന്‍ പറഞ്ഞുവല്ലോ...അന്ന് മൈക്കിള്‍ കിംഗ് ജൂനിയര്‍ എന്നായിരുന്നു പേര്. പിന്നീട് അദ്ദേഹത്തിന്റെ പിതാവ്, പ്രൊട്ടസ്റ്റന്റ് സഭയുടെ സ്ഥാപകനായിരുന്ന,കത്തോലിക്ക സഭയിലെ പുരോഗമനവാദി, അല്ലെങ്കില്‍ വിഘടനവാദി എന്നു വിളിച്ചിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനോടുള്ള ആദരവിനാല്‍ ആപേരു സ്വീകരിക്കുകയും, അദ്ദേഹം സീനിയറും, മകന്‍ ജൂനിയറും ആയിപേരു മാറ്റി. മാര്‍ട്ടിന്‍ ജനിച്ചത് ഒരടിമജീവിതത്തിന്റെ പ്രാരാബ്ദങ്ങളുമായിട്ടല്ലായിരുന്നു. ഉണ്ണാനും ഉടുക്കാനുമുള്ള ഒരു പാസ്റ്ററുടെ മകന്‍ എന്ന നിലയില്‍ ഒരു സാധാരണ അടിമജീവിതവുമായി അതിനെ താരതമ്യം ചെയ്യാന്‍ ഒരിക്കലും പറ്റില്ല. കറുത്തവര്‍ക്കിടയിലെ ധനാഡ്യന്‍ തന്നെയായിരുന്നു മാര്‍ട്ടിന്റെ കുടുംബം എന്നാണു ഞാന്‍ പറയുന്നത്, എന്നിട്ടും തൊലിയുടെ നിറത്താല്‍ അനുഭവിക്കേണ്ടി വന്ന വിവേചനം എടുത്തു കാണിക്കാനാണ്. അദ്ദേഹത്തിന്റെ അച്ഛനും, അമ്മയും കോളേജ് വിദ്യാഭ്യാസം നേടിയവരായിരുന്നു. ഏബനേസര്‍ ചര്‍ച്ചിലെ പാസ്റ്റര്‍ എന്ന നിലയില്‍ ആദരിക്കപ്പെടുന്നതിനൊപ്പം, പണക്കാര്‍ താമസിക്കുന്ന ഒരു തെരുവിലെ താമസക്കാരായിരുന്നവരുടെ ഉള്ളില്‍ അപ്പോഴും അനുഭവിച്ചിരുന്ന വിവേചനത്തെക്കുറിച്ച് മുളച്ചുവരുന്ന അസ്വസ്ഥതകള്‍ ആ കുടുംബ സദസുകളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ടാകും. അതു തീര്‍ച്ചയാണ്. കാരണം മാര്‍ട്ടിന്റെ കഥയിലെ ഒരു സംഭവം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത്; ആദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അയല്‍ക്കാരനായ വെളുത്തുകുട്ടിയുമായി കളിച്ചു നടന്നെങ്കിലും, സ്‌കൂള്‍ കാലം തുടങ്ങിയപ്പോള്‍ കൂട്ടുകാരന്‍ ഒപ്പം കളിക്കാന്‍ വരാതായതെന്തേ എന്നന്വേഷിക്കാനായി അയല്‍ക്കാരന്റെ ഉമ്മറത്ത് മുട്ടിവിളിച്ചപ്പോള്‍ കൂട്ടുകാരന്റെ അമ്മപറഞ്ഞത്:

''മാര്‍ട്ടിന്‍, ഇനി നിന്റെ കൂടെ അവനു കൂട്ടുകൂടാന്‍ പറ്റില്ല... അവന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി... നിനക്ക് നീ ആരാണെന്നും നിന്റെ നിറം എന്താണെന്നും അറിയില്ലേ...?''മാര്‍ട്ടിനൊന്നും മനസ്സിലായില്ല. ഇന്നലത്തതില്‍ നിന്നും ഇന്ന് തന്റെ നിറത്തിനെന്താണു കുഴപ്പം. എവിടെയാണു കുഴപ്പം കൂട്ടുകാരന്റെ അമ്മക്ക് ആളുതെറ്റിയോ... ? അവര്‍ കൂടുതലൊന്നും പറയാതെ കതകടച്ചു. കണ്ണുനീരിന്റെ നെഞ്ചുവിലക്കവുമായിട്ടാ മാര്‍ട്ടിന്‍ അച്ഛനോട് കഥ പറഞ്ഞത്. അച്ഛന്‍ ചിരിച്ചതെയുള്ളു.... മാറ്റങ്ങള്‍പതുക്കയെ വരു...അപ്പോള്‍ അയാളുടെ കണ്ണൂകള്‍ വിദൂരതയില്‍ എവിടെയോ ആയിരുന്നു. തന്റെ മാതാപിതാക്കളുടെ ദുരിതങ്ങളും, തന്നെ സ്‌കൂളില്‍ വിടാന്‍ അവര്‍ അനുഭവിച്ച വിവേചനങ്ങളും, വാഷിങ്ങടനില്‍ വരെ അലയടിച്ച പ്രതിക്ഷേതങ്ങളും, ഒടുവില്‍ സ്‌കൂളില്‍ വേറിട്ട ഇരിപ്പടങ്ങള്‍ ഒരിക്കിയതും ഒക്കെ ഓര്‍മ്മയിലേക്കു വരുന്നു. ഇപ്പോള്‍ എന്റെ മകന്ഒരു വെളുത്തവന്റെ വീട്ടുമുറ്റത്തുകയറിയതിന്റെ പേരില്‍ ജീവന്‍ നഷ്ടമായില്ല.അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ ഇവനു മനസ്സിലാകുമോ... മാറ്റങ്ങള്‍ വരും. ഒരു പാസ്റ്റര്‍ സുഭാപ്തി വിശ്വാസിയാണ്. പക്ഷേ മാര്‍ട്ടിന്‍ ആ മാറ്റങ്ങള്‍ അപ്പോള്‍ ആഗ്രഹിച്ചിരുന്നു.

ഒന്നും പറയാന്‍ അറിയാത്ത മാര്‍ട്ടിന്റെ ഉള്ളില്‍ അന്നേ രൂപപ്പെട്ട ആശയം പുറത്തുവരാന്‍ 1963 ലെ വാഷിംഗ്ടന്‍ പ്രസംഗം വരെ കാക്കേണ്ടിവന്നു. 'കറുത്തവരും, വെളുത്തവരും കൈകോര്‍ത്തു നടക്കുന്ന ഒരമേരിയ്ക്കയാണെന്റെ സ്വപ്നം..' ആ മനസ്സിനെ ആ അയല്‍ക്കാരി അത്ര നൊമ്പരപ്പെടുത്തിയിട്ടുണ്ടാകും. ആ മുറ്റത്തു നിന്നും ഇറങ്ങി നടന്ന മാര്‍ട്ടിന്‍ അമേരിയ്ക്കയെ തിരിച്ചറിയുകായിയിരുന്നു ഒരോ ചുവടിലും. സ്‌കൂളിലെ കറുത്തവനും, വെളുത്തവനുമായുള്ള പ്രത്യേകം പ്രത്യേകം സുചിമുറികളും, വാട്ടര്‍ഫൗണ്ടനുകളും, ലഞ്ചുറൂമിലെ പ്രത്യേകം ഇരിപ്പിടങ്ങളും ഒക്കെ തിരിച്ചറിവുകളായിരുന്നു. തൊലികറുത്തവനെതിരെയുള്ള വിവേചനം. ബസുകളില്‍ പ്രത്യേക ഇരിപ്പിടം, ഗ്രോസറിക്കടകളില്‍ പ്രത്യേക കൗണ്ടറുകള്‍, റസ്റ്റോറന്റുകളിലെ തീന്മേശയില്‍ വിവേചനം. അങ്ങനെ അവനു വിവേചനമില്ലാത്ത ഇടം എവിടെയായിരുന്നു. നിങ്ങളുടെ നാട്ടില്‍ വിവേകാനന്ദന്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അവിടം ജാതിത്തിമരം ബാധിച്ചവരുടെ ഭ്രാന്താലയമാണന്നൊ മറ്റൊ അര്‍ത്ഥം വരുന്ന ഒരു പ്രസംഗം നടത്തിയതായി ആന്‍ഡ്രു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അതേ വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ പ്രസംഗത്തില്‍ ഇവിടം നരകമാണെന്നെന്തുകൊണ്ടു പറഞ്ഞില്ല എന്നു ഞാന്‍ അത്ഭുതപ്പെടുന്നു ചിലപ്പോള്‍ ഇവിടെ വെള്ളപൂശിയ ശവക്കലറകള്‍ മാത്രമേ അദ്ദേഹം കണ്ടിട്ടുണ്ടാകു. മാര്‍ട്ടിന്‍ ലൂഥര്‍ ഇവിടെ അനുഭവിച്ചറിഞ്ഞവനായതിനാല്‍ പറയാതിരിക്കാന്‍ കഴിയില്ലല്ലോ.

സ്‌കൂളുകളിലെ വിവേചനത്തിനു പുറമേയുള്ള പൊതുസ്ഥലങ്ങളിലെ വിവേചനം പ്രതികരിക്കാന്‍ ത്രാണിയില്ലാത്തവന്റെ മൗനമായി കണ്ടാല്‍ മതിയെന്ന് മോന്റോഗമറി ബസ് സമരം തെളിയിച്ചു. നയിക്കാന്‍ ആളുണ്ടെകില്‍ അവര്‍ പ്രതികരിക്കും.ആ സമരത്തിന്റെ നേതാവായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്ന പൊതുപ്രവര്‍ത്തകന്റെ ജനനം അതായിരുന്നു. പക്ഷേ യുവത്വത്തിലേക്ക് കാലുകുത്തുന്ന നാളുകളില്‍ അനുഭവപ്പെട്ട ഒരു അനുഭവം ചിലപ്പോള്‍ ഓര്‍മ്മയില്‍ വന്നിട്ടുണ്ടാകും. അച്ഛന്റെ ചര്‍ച്ചില്‍ വേദവാക്യങ്ങള്‍ വായിക്കാനും, ചെറുപ്രസംഗങ്ങള്‍ ചെയ്യാനും അവസരം കിട്ടിയിരുന്നത്, പഠനത്തിലെ സാമര്‍ത്ഥ്യത്തിനുള്ള ആംഗീകാരമായിട്ടായിരുന്നു. ആ പ്രസംഗ പരിശീലനം അദ്ദേഹത്തെ നല്ല ഒരു പ്രസംഗകനാക്കി. സ്‌കൂളില്‍ സമ്മാനങ്ങള്‍ കിട്ടാന്‍ തുടങ്ങി. അങ്ങനെ ദൂരെ ഒരു പ്രസംഗവേദിയില്‍ വിജയിച്ച്, ടീച്ചര്‍ക്കൊപ്പം തിരിച്ചുവരുമ്പോള്‍ ബസിലെ ഡ്രൈവര്‍ വെളുത്തവനുവേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കാന്‍ പറഞ്ഞത്, കൂട്ടുകാരന്റെ ഉമ്മറത്തിണ്ണയില്‍ നിന്നും ഏറ്റുവാങ്ങിയ അപമാനത്തിലും വലുതായിരുന്നു. ഒരു വെളുത്തവനുവേണ്ടി ഒരു കറുത്തവന്‍ സീറ്റൊഴിഞ്ഞു കൊടുക്കണമെന്ന അറിവ് തീവ്ര അപമാനമായി ഉള്ളില്‍ കുറിച്ചു. അതും പിന്നീട് ആ ബസ്സ്‌സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കാരണമായിരിക്കാം.

പതിനഞ്ചാം വയസു കഴിഞ്ഞപ്പൊഴേക്കും, രണ്ടു ക്ലാസുകളുടെ പ്രമോഷന്‍ കിട്ടുന്ന കറുത്തവര്‍ ആരെങ്കിലും ഉണ്ടായിരുന്നുവോ... മാര്‍ട്ടിന്‍ പഠിക്കാന്‍ അത്ര മികവുകാട്ടിയിരുന്നു. രണ്ടു ഡോക്ടറേറ്റു ഡിഗ്രികളുമായി കോളെജില്‍ കണ്ടുമുട്ടിയ കാമുകിയെ വിവാഹം കഴിച്ച് അലബാമായിലെ ചര്‍ച്ചിലെ പാസ്റ്ററായി, അച്ഛന്റേയും, മുത്തച്ഛന്റേയും വഴികളില്‍ ഉറച്ചത്, ആ വഴികള്‍ തന്നിലെ പോരാളിയെ കാത്തിരുന്നവരുടെ നടുവിലേക്കായിരുന്നുവെന്ന് പിന്നീടേ അറിഞ്ഞുള്ളു. റോസാ പാര്‍ക്ക് തുടങ്ങിവെച്ച സമരം ഏറ്റെടുക്കാന്‍ പ്രാദേശിക സിവില്‍ റൈറ്റ് പ്രവര്‍ത്തകര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ആണു സമീപിച്ചത്. പ്രസംഗിക്കാനുള്ള കഴിവും ആളുകളെ തന്നിലേക്കടിപ്പിക്കാനുള്ള വ്യക്തിപ്രഭാവവും , അറിവും ആ യുവാവിലേക്ക് ആളുകളെ എത്തിച്ചു. നേതൃത്വം ഏറ്റെടുക്കുമ്പോള്‍, ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ഒരു പരീക്ഷണശാല തുറക്കാനുള്ള അവസരം ഒത്തുവന്നല്ലോ എന്ന ചിന്തയില്‍, നോണ്‍വയലന്‍സ് മൂവ്‌മെന്റിന്റെ ആവശ്യകത അവരെ ബോദ്ധ്യപ്പെടുത്തിയെങ്കിലും എത്രപേര്‍ക്കു മനസിലായി എന്നറിയില്ല. എങ്ങനേയും ഈ സമരം തുടങ്ങിവെയ്ക്കുക എന്ന ആവേശത്തില്‍ കിംഗിന്റെ ആശയങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഗാന്ധി എത്രയോ നാളുകള്‍ ജനങ്ങള്‍ക്കിടയില്‍പ്രവര്‍ത്തിച്ച് നേടിയെടുത്ത വിശ്വാസം കേവലം ഒരു വര്‍ഷം മാത്രമായി അറിയുന്ന ഈ ജനങ്ങളില്‍ നിന്നും തനിക്കു കിട്ടുമോ എന്ന ആശങ്കയില്‍ രാത്രിയേറയും ഉറങ്ങാതെ ഭാര്യയുമായി തന്റെ ആശങ്കകള്‍ പങ്കുവെച്ചതായി ഏതൊ രേഖയില്‍ വായിച്ചിട്ടുണ്ട്.

‘കറുത്തവന്മറ്റുള്ളവരെപ്പോലെ ഇരുന്നു യാത്ര ചെയ്യാന്‍അവക്കാശമില്ലാത്ത ബസുകള്‍ ബഹിഷ്‌കരിക്കുക.’ വലിയ ഉറപ്പൊന്നുമില്ലാതെ വെറുതെ കുറെ നോട്ടിസുകള്‍ വിതരണം ചെയ്തു. അവിടെയും ഇവിടേയും ചില പോസ്റ്ററുകള്‍ ഒട്ടിച്ചു. സമരം സഹനമാര്‍ഗ്ഗത്തില്‍ ആയിരിക്കും. ആരും ആയുധം എടുക്കുകയോ, തിരിച്ചു തല്ലുകയോ ചെയ്യരുത്. അങ്ങനെ ഒന്നിനെക്കുറിച്ച് പുതിയ അറിവായിരുന്നു. കുറെക്കാലമായി പ്രതികരിക്കാന്‍ പഠിപ്പിക്കുന്ന ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. അതിരാവിലെ ആശങ്കകളോട്, സ്വന്തം ഹൃദയമിടുപ്പുകളെ നിയന്ത്രിക്കാന്‍ പാടുപെടുന്നവനായി ഭാര്യക്കൊപ്പം ബസ്സ്‌സ്റ്റോപ്പില്‍ ആദ്യത്തെ ബസിനായി കാത്തു. വലിയ കാത്തിനില്പിനിടം നള്‍കാതെ ആദ്യത്തെ ബസ്സു വന്നു നിന്നു. അതില്‍ ആരുമില്ല. ഡ്രൈവര്‍ കയറുന്നില്ലെ എന്ന മട്ടില്‍ തുറന്നുതന്ന വാതിലിലേക്ക് നോക്കി. കിംഗ് വെറുതെ ദൂരേക്കു നൊക്കി നില്‍ക്കവേ ബസ്സ് വിട്ടുപോയി. അടുത്ത ബസ്സും ആളില്ലാതെ വന്നുപോയി.ഒന്നിനു പിന്നാലെ നാലു ബസ്സുകള്‍ വന്നപ്പോഴേക്കും സമരം ജനങ്ങള്‍ ഏറ്റെടുത്തു എന്നുറപ്പിച്ച് ഭാര്യയെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും മറ്റു സമരസഖാക്കളും അവിടെ വന്നു ചേര്‍ന്നു. അവര്‍ ഭാവി പരിപാടികളെക്കുറിച്ചു ചിന്തിച്ചു. 1955 ഡിസംബര്‍ 1ന് ആരംഭിച്ച സമരം ക്രിത്യം ഒരു വര്‍ഷം നീണ്ടു നിന്നും ഒടുവില്‍ കോര്‍ട്ടില്‍ നിന്നും, സിറ്റി ബസില്‍ സെഗ്രിഗേഷന്‍ പാടില്ലെന്ന കോര്‍ട്ട് ഓര്‍ഡര്‍ നേടി കിംഗ് സമര നേതാവും വീര നായകനുമായി.അക്രമരാഹിത്യത്തിലൂടെ അമേരിക്കന്‍ സമരവിജയ ചരിത്രം എഴുതിച്ചേര്‍ക്കുകയായിരുന്നു. അതൊരു തുടക്കമായിരുന്നു.

ഈ സമരത്തിന്റെ മുന്നില്‍ നിന്ന മാര്‍ട്ടിന്‍ അനുഭവിച്ച മാസിക പിരിമുറുക്കമത്രയും തൊഴിലാളികളായവര്‍ എങ്ങനെ ജോലിസ്ഥലത്തെത്തും എന്നുള്ളതായിരുന്നു. ചെറുകാരണങ്ങളാല്‍ ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ടാല്‍ ആ പാവങ്ങള്‍ എങ്ങനെ ജീവിക്കും എന്ന ചിന്തയായിരുന്നു ഏറെ. പക്ഷേ കിംഗിനെ അതിശയിപ്പിക്കുമാറ് ജനം പത്തും പതിഞ്ചും മൈല്‍ നടന്ന് ജോലിക്കു പോകാന്‍ തയ്യാറായി. കരിങ്കാലികള്‍ ഇല്ലാതായി. ടാക്‌സി കാറുകാര്‍ ചിലയിടങ്ങളിലൊക്കെ ബസ്സ്ചാര്‍ജുമാത്രം ഈടാക്കി അവരുടെ സേവനം ഉറപ്പിച്ചപ്പോള്‍ സമരം പൂര്‍ണ്ണവിജയത്തിലേക്കെത്തുകയായിരുന്നു. സമരം വിജയിക്കുമെന്നുറപ്പായപ്പോള്‍ സമരനേതാക്കളെ സിവില്‍ ഡിസൊബീഡിയന്‍സിന് പ്രേരണാകുറ്റം ചുമത്തി അറസ്റ്റുചെയ്തു. ആരും സമരത്തില്‍ നിന്നും പിന്മാറിയില്ല. വെള്ളക്കാരായ പലരും കിംഗിനെ സഹായിക്കാന്‍ ഉണ്ടായിരുന്നു. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടം നേരിടെണ്ടി വന്നപ്പോള്‍ അവരുതന്നെ ഒത്തുതീര്‍പ്പിനു മുന്നോട്ടിറങ്ങി കോടതിയിലേക്കുള്ള വഴി തുറന്നു. ആ വിജയം കിംഗിനെ മിത്രങ്ങള്‍ എന്നപോലെ ശത്രുക്കളേയും ഉണ്ടാക്കി. അദ്ദേഹത്തിന്റെ വീടിനു ബോംബെറിഞ്ഞു, ചര്‍ച്ച് പൊളിക്കാനുള്ള ശ്രമത്തില്‍ നാശനഷ്ടങ്ങള്‍ ഏറെ... എന്നിട്ടും കിംഗ് തന്റെ അഹിംസാവാദത്തില്‍ ഉറച്ചു നിന്നു. അയിത്തവും, തീണ്ടലും തൊടീലും മാറണമെങ്കില്‍ തങ്ങളുടെ കൂടുതല്‍ ആളുകള്‍ വോട്ടിങ്ങിന് റെജിസ്റ്റ്രര്‍ ചെയ്യണമെന്നും, ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും, നമ്മുടെ ശബ്ദം കേള്‍ക്കാന്‍ എങ്കിലെ ആളുണ്ടാകു എന്നുള്ള ബോധവല്‍ക്കരണ പ്രക്രിയയില്‍ വലിയ നേട്ടം ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ ശത്രുക്കള്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി.

വോട്ടിങ്ങ് റെജിസ്റ്റ്രേഷന്‍ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒരു കറുത്തവന്‍ തങ്ങളുടെപേര് വോട്ടിങ്ങ് നാള്‍വഴിയില്‍ ചേര്‍ക്കണമെങ്കില്‍ തീരെക്കുറഞ്ഞത് ഒരുമാസമെങ്കിലും പടിക്കെട്ടു കയറിയിറങ്ങിയെങ്കിലെ മതിയാകുമായിരുന്നുള്ളു എന്നിരിക്കെ അതിനുള്ള സാവകാശമുള്ളവര്‍ ഏറെ ഇല്ലായിരുന്നു. ഒരു ദിവസത്തെ കൂലി നഷ്ടപ്പെട്ടാല്‍ ജീവിതം മുറ്റത്തു നിന്നു കലഹിക്കുമെന്നിരിക്കെ , പതിനൊന്നുമണിക്കുവരുന്ന സര്‍ക്കാന്‍ ജീവനക്കാരനേയും കാത്തിരിക്കാന്‍ എത്രപേര്‍ക്കു കഴിയും. ഇനി കണ്ടാലോ നിയമത്തിന്റെന്യായവാദങ്ങളാല്‍ അവനെ വട്ടം കറക്കാനെ അവര്‍ ശ്രമിക്കുകയുള്ളു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നടത്തിയ ജനകീയ സമരങ്ങളിലൂടെ സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഭാഗമായിയുള്ള ബോധവല്ക്കരണത്തില്‍ മാറിയ ഒത്തിരിയേറെഅടിമജീവിതം നയിച്ചിരുന്നവര്‍, തങ്ങള്‍ സ്വതന്ത്രരെന്നു തിരിച്ചറിഞ്ഞു. അതു തന്നെ വലിയ മാറ്റങ്ങളുടെ തുടര്‍ച്ചയായി. മാര്‍ട്ടില്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഒരു അടിമയുടെ ശബ്ദമായി അമേരിയ്ക്കയില്‍ അങ്ങോളം ഇങ്ങോളം മുഴങ്ങി. മാത്രമല്ല അന്നത്തെ നവമാദ്ധ്യമമായ ടെലിവിഷനില്‍ ലോകമെല്ലാം അദ്ദേഹത്തെ കേട്ടു. അമേരിയ്ക്കയുടെ ശരിയായ മുഖം ലോകം അറിയുകയായിരുന്നു. 1964 ലില്‍ നോബേല്‍ പ്രൈസ് നേടിയ രണ്ടാമത്തെ അമേരിയ്ക്കക്കാരനായി മാര്‍ട്ടിന്‍.

1960 ല്‍ അറ്റ്‌ലാന്റയിലേക്ക് താമസം മാറിയതുമുതല്‍ മാര്‍ട്ടിനൊപ്പം അമ്മയും സിവില്‍ ഡിസൊബീഡിയന്‍സ് മൂവിനൊപ്പം ഉണ്ടായിരുന്നു എന്ന് അമ്മയുടെ എഴുതാത്ത ആത്മകഥാ താളുകളില്‍ വായിക്കാമായിരുന്നു. അല്ലെങ്കില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കൊലപാതകനാളുകളിലെ വിലാപഗദ്ഗതങ്ങളില്‍ അത് ഏങ്ങലായി പുറത്തുവന്നത് മറ്റാരും കേള്‍ക്കാനായിരുന്നില്ല. അപ്പാര്‍ട്ടുമെന്റിലെ ജനലഴികളില്‍ പിടിച്ച് പുറത്തു നടക്കുന്ന കലാപകാരികളൊടുള്ള പ്രതിക്ഷേധമായി, 'നിങ്ങള്‍ കാണിക്കുന്ന അക്രമങ്ങളും, കലാപങ്ങളും, മാര്‍ട്ടിന്റെ പേരിലാണെങ്കിലും അദ്ദേഹം ഇതൊരിക്കലും അംഗീകരിക്കില്ല.'ആ വിലാപങ്ങള്‍ ആരും കേട്ടില്ല. നൂറോളം പട്ടണങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു...കുറെ ഏറെ ആളൂകള്‍ മരിച്ചു. എണ്ണം എത്രയെന്നു പറയുന്നതില്‍ കാര്യമില്ല. അതില്‍ കലാപത്തിനായി കാത്തിരുന്നവരുടെ പങ്കും ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കില്‍ മനഃപൂര്‍വ്വം മാര്‍ട്ടിന്റെ നോണ്‍വയലന്‍സ് പരാജയമായിരുന്നു എന്നു കാണിക്കാന്‍ കരുതിക്കൂട്ടി സൃഷ്ടിച്ച കലാപങ്ങള്‍. വെളുത്തവനും, കറുത്തവനും അതില്‍ പങ്കുണ്ടാകാം. വലിയ ഗൂഡാലോചന ഇതിന്റെ പിന്നില്‍ നടന്നിട്ടുണ്ടാകാം. അല്ലെങ്കില്‍ മാട്ടിന്റെ കൊലയാളി ആരെന്ന് ക്രിത്യമായി തെളിയ്ക്കാന്‍ ഇത്രവലിയ അന്വേഷണ ഏജന്‍സിയുള്ള ഒരു രാജ്യത്തിന് കഴിയാതെ പോയതെങ്ങനെ....? ഒരു വെളുത്തവനെ കുറ്റവാളിയാക്കിയെങ്കിലും, അവന്‍ പിന്നിട് താന്‍ ബലിയാടെന്ന് വിലപിച്ചതെന്തിന്.... തോക്കെടുക്കാത്തവന്റെ ബലത്തെ തടയാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ അവനെ തുടച്ചുമാറ്റി. ഇവിടുത്തെ ശക്തമായ ഗണ്‍ലോബി ഏറെ സന്തോഷിച്ചിട്ടുണ്ടാകും. ഇവിടെയുള്ള ക്രിസ്ത്യാനികള്‍ ആണ് തോക്കിന്റെ നിര്‍മ്മാതാക്കളും, വിതരണക്കാരും എന്നിരിക്കെ അവരുടെ ക്രിസ്തുമാര്‍ഗ്ഗം അതായിരിക്കും. രക്തത്തിന്റെ പാനപാത്രംരക്ഷയുടെ മാര്‍ഗ്ഗമായി സ്വീകരിച്ചവര്‍ എന്തിനു കൊല്ലാന്‍ മടിക്കുന്നു.

മാര്‍ട്ടിന് ജോണ്‍ എഫ്. കെന്നഡിയുമായുള്ള അടുത്ത ബന്ധം പറയാതെ പോകുന്നതെങ്ങനെ. ഒരിക്കല്‍ ജയിലായിരുന്ന മാര്‍ട്ടിന്‍, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന കെന്നഡിയുടെ ഇടപെടല്‍ മൂലം ജയില്‍ വിമോചിതനായ സംഭവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അതിനു ശേഷം എട്ടാം ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ കെന്നഡി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത് മാര്‍ട്ടിന്റെ ജനസ്വീകാര്യതയുടെ ഭാഗം കൂടിയാണെന്ന് ഇന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. മുഴുവന്‍ കറുത്തവരും പാര്‍ട്ടിനോക്കാതെ, മാര്‍ട്ടിന്റെ സ്‌നേഹിതന്‍ എന്ന പ്രചോദനത്തില്‍ കെന്നഡിക്ക് വോട്ട് ചെയ്തു എന്നാണു കരുതേണ്ടത്. അമേരിയ്ക്കയിലെ സെഗ്രിഗേഷനെതിരെ ശക്തമായ ഫെഡറല്‍ നിയമങ്ങള്‍ കൊണ്ടവാരാമെന്നും, എല്ലാ അടിമവംശജര്‍ക്കും വോട്ടവകാശം ജന്മവകാശമായി അംഗീകരിക്കാമെന്നും കെന്നഡി മാര്‍ട്ടിനു വാക്കുകൊടുത്തിരുന്നു. ആ ശ്രമത്തില്‍ ഇരിയ്ക്കെയാണു കെന്നഡി കൊല്ലപ്പെടുന്നത്. ജൂണ്‍ 11 1963 കെന്നഡി ടെലിവിഷനിലൂടെ അമേരിയ്ക്കക്കാരോടും ലോകത്തോടും പറഞ്ഞു:‘ഞാന്‍ അമേരിയക്കന്‍ കോണ്‍ഗ്രസിലേക്ക് ഉടനെ അയക്കുന്ന സിവില്‍ റൈയ്റ്റ് ബില്ല് ഇതുവരേയും അമേരിക്കന്‍ ജനതകണ്ടിട്ടില്ലാത്ത മേന്മയുടെ, ഐഖ്യത്തിന്റേയും ആയിരിക്കും എന്നെനിക്കുറപ്പുണ്ട്.വര്‍ഗ്ഗവിവേചനത്തിനും എതിരായ ഈ ബില്ല് അമേരിയ്ക്കന്‍ ചരിത്രത്തെത്തന്നെ മാറ്റിമറിയ്ക്കും.’ നിര്‍ഭാഗ്യവശാല്‍ ആ ബില്ല് നിയമാക്കാന്‍ അദ്ദേഹത്തിനവസരം ലഭിച്ചില്ല. 1963ല്‍ തന്നെ ടെക്‌സാസിലെ ഡാളസില്‍ വെച്ച് കെന്നഡി കൊല്ലപ്പെട്ടു. 46 വയസുമാത്രം പ്രായമുള്ള കെന്നഡി അമേരിയ്ക്കന്‍ ജനതക്ക് നള്‍കിയ വലിയ പ്രതീക്ഷയുടെമേല്‍ അവര്‍ വെള്ളത്തുണി പുതപ്പിച്ചു. എന്നും അവര്‍ അങ്ങനെ ആയിരുന്നു. ഇരപിടിയന്മാരെപ്പോലെ അവര്‍ നമുക്ക് ചുറ്റിനും ഒളിഞ്ഞിരിക്കും. അവര്‍ക്കെതിരായി ഒരു ചെറിയ നീക്കത്തില്‍ അവര്‍ മെല്ലെ ഇഴഞ്ഞിഴഞ്ഞു പുറത്തേക്കിറങ്ങി, നിനച്ചിരിക്കാത്ത സമയത്ത് മൊത്തമായി വിഴുങ്ങും. അടിമക്കച്ചോടം നിരോധിക്കുമെന്നു പറഞ്ഞ എബ്രഹാം ലിങ്കനെ അവര്‍ കൊന്നു. അടിമക്കച്ചോടത്തിനെതിരെ സായുധകലാപത്തിനൊരുങ്ങിയ ജോണ്‍ ബ്രൗണിനേയും മക്കളേയും അവര്‍ കഴുമരത്തില്‍ കയറ്റി, പിന്നെ എത്രയെത്ര പേരെ... ഇപ്പോള്‍ കെന്നഡി അവരുടെ തോക്കിനിരയായി. അതിന്റെ കാരണങ്ങളില്‍ മറ്റനേകം കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും അടിസ്ഥാനകാരണം നീതിക്കായി കരയുന്നവന്റെ നിലവിളികേട്ടു എന്നാല്ലാതെന്താണ്.

1964 ല്‍ സിവില്‍ റൈറ്റ് ആക്റ്റും, 1965 ല്‍ വോട്ടിങ്ങ് റൈറ്റ് ആക്ടും നിയമമായി തുല്ല്യം ചാര്‍ത്താനുള്ള നിയോഗം ലിണ്ടന്‍ ബി. ജോണ്‍സനായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗം തന്റെ ജീവിതകാല സമരത്തിന് ഫലം കണ്ടതില്‍ സന്തോഷിച്ചെങ്കിലും, കെന്നഡിയുടെ മരണത്തില്‍ ഖിന്നനായിരുന്നു. മാത്രമല്ല എന്നും തനിക്കു കിട്ടിക്കൊണ്ടിരിക്കുന്ന കൊല്ലും എന്ന ഭീഷണിയുടെ മാറ്റൊലി കാതുകളില്‍ മുഴങ്ങുന്നു. മരണം അടുത്തെവിടെയോ തന്നേയും കാത്തിരിക്കുന്നു എന്നൊരു തോന്നല്‍. പല സമരങ്ങളിലും പരാജയപ്പെടുന്നു ആത്മവീര്യം കെടുത്തുന്നപോലെ. തന്റെ സമരമാര്‍ഗ്ഗങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന സായുധകലാപം സ്വപ്നം കാണുന്നവര്‍ ഒരോ പരാജയങ്ങളും ആഘോഷിക്കുകയും, അവരുടെ പക്ഷത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഗാന്ധിയുടെ അവസാന കാലവും സ്വന്തം അനിയായികളില്‍ നിന്നുതന്നെ ഏറെ എതിര്‍പ്പുകളെ നേരിട്ടിരുന്നതായി വായിച്ചിട്ടുണ്ട്. പക്ഷേ പൊതുവേ സമാധാന കാംഷികളുടെ ഭൂമികയില്‍ ഗാന്ധി അതിജീവിച്ചപോലെ, ക്രൂരതയുടെ കൊല്ലും, കൊലയിലും അഭിരമിച്ച്, കീഴടക്കിയും,തോക്കിന്‍ കുഴലിനാല്‍ ഭയപ്പെടുത്തിയും നേടിയ ഒരു ജനതയ്ക്ക് അക്രമരാഹിത്യം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്ന് മാര്‍ട്ടിന്‍ ഉള്ളില്‍ വിങ്ങി. ബ്ലാക്ക് പാന്തേഷ്‌സിന്റെ ഉതിച്ചുവരവില്‍, അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ കൊലപാതകങ്ങളില്‍ അവസാനിക്കുമ്പോള്‍, ഒരോ വെളുത്തവന്റേയും മരണം തനിക്കെതിരെയുള്ള ആയുധമായി മാറുന്നത് മാര്‍ട്ടിന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

തന്റെ ഉള്ളിലെ ആധി മറച്ചുകൊണ്ടുതന്നെ തന്റെ കര്‍മ്മപഥത്തില്‍ മുന്നേറാന്‍ ഒരോ ദിവസവും സ്വയം ഉറയ്ക്കും...നല്ല പുസ്തകത്തിലെ വചനങ്ങള്‍ ഒന്നുകൂടി ഉറക്ക് വായിക്കുമ്പോള്‍ അര്‍ത്ഥവും വ്യാപ്തിയും ഏറുന്നപോലെ. അടിസ്ഥാനതൊഴിളികളെ ഒന്നിപ്പിക്കണം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും തന്നിലൂടെ നീതിയുടെ മകുടം ധരിക്കണം എന്ന ചിന്തയില്‍ തന്നെയാണ് ചിക്കാഗോയില്‍ തൂപ്പുകാരുടെയും, റോഡിലെ ചപ്പുചവറുകള്‍ വാരുന്നവരുടേയും, വേതന വര്‍ദ്ധനവിനും, ജോലിവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും യോഗം ചേര്‍ന്നത്. ചില എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും തിരിഞ്ഞോടാന്‍ തയ്യാറില്ലായിരുന്നു. . 1968ല്‍ ടെന്നസിലെ മെംഫിസില്‍ സാനിറ്റേഷന്‍ വര്‍ക്കേഴിന്റെ ഒരു റാലിയില്‍ പങ്കെടുക്കാന്‍ പോയ കിംഗ് ഏപ്രില്‍ 3ന് ഹോട്ടല്‍ ലോബിയില്‍ നടത്തിയ തന്റെ അവസാന പ്രസംഗം തന്റെ ജീവിതത്തിന്റെ അവസാനം മുന്നില്‍ കണ്ടവനെപ്പൊലെയായിരുന്നു. പ്രസംഗം ഇങ്ങനെ ആയിരുന്നു; 'ഞാന്‍ വാഗ്ദത്ത ഭൂമി അങ്ങു ദൂരെ കാണുന്നു. നമ്മള്‍ക്ക് ഒന്നിച്ച് അവിടെക്കെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. എന്നാല്‍ ഈ ഞാന്‍ നിങ്ങളോടു പറയുന്നു, നാം ഒരു ജനതയായി ആ വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കതന്നെ ചെയ്യും.' ആ രാത്രിയില്‍ അല്പം കാറ്റുകൊള്ളാനായി വരാന്തയില്‍ ഇറങ്ങിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ജീവന്‍ ഒരു സ്‌നൈപര്‍ ഉണ്ടയില്‍ അവസാനിച്ചു. തന്റെ സ്വപ്നങ്ങള്‍ ഇന്നും ബാക്കിയാണ്.ഞങ്ങള്‍ ആവും വിധം ശ്രമിക്കുന്നുണ്ട്. റീന ഒന്നു തേങ്ങി.ബസിലുള്ളവരെല്ലാം ഒന്നിച്ച് ആമേന്‍ പറഞ്ഞപ്പഴേറീനപറയുന്ന കഥ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് റീനയും ആന്‍ഡ്രുവും അറിഞ്ഞുള്ളു.

റീന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കഥ പറഞ്ഞ് പിരിയാന്‍ തുടങ്ങിയപ്പോഴാണ് ഉള്ളില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നത്.. പറഞ്ഞതത്രയും പൂര്‍ണ്ണമാണോ... ഇനി പറയാത്ത എത്ര സംഭവങ്ങള്‍... എത്ര ആത്മസംഘര്‍ഷങ്ങളുടെ നിമിക്ഷങ്ങള്‍.എത്രമാത്രം പൊട്ടിത്തിറികളും വിളക്കിച്ചേര്‍ക്കലും.... ഇതെല്ലാം ചേര്‍ന്നതാണ് ജീവിതം. ഒരാളുടേയും ജീവിതം പൂര്‍ണ്ണമായി മറ്റൊരാള്‍ക്ക് മനസ്സിലാകില്ല. ഇന്നലത്തെ നമ്മുടെ ജീവിതത്തെ നമ്മള്‍ പുനഃര്‍സൃഷ്ടിച്ച്, നമൂക്കാവശ്യമുള്ളതുമാത്രം ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നു...മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നു.ബാക്കിയൊക്കെ വിറകുപുരയില്‍ സൂക്ഷിക്കും. തണുത്ത രാത്രികളില്‍ അടക്കോഴിയുടെ ചിറകിനുള്ളില്‍ ആക്കി വിരിയാന്‍ വെയ്ക്കും,വിറകുപുരയക്ക് തീ കൊളുത്തി അവിടെ ഉപേക്ഷിച്ചതൊക്കെ കത്തിക്കാന്‍ മോഹിക്കും.പക്ഷേ ചിലതൊന്നും കത്തുകയില്ല. അതെല്ലാം സ്വാകാര്യ ഓര്‍മ്മകളില്‍ നിക്ഷേപിക്കും.ചിലപ്പോഴൊക്കെ അതു പുറത്തേക്കു തലനീട്ടും. റീനയുടെ ഉള്ളില്‍ നിന്നും ഇപ്പോള്‍ അത്തരം ഓര്‍മ്മകളുടെ ചില ചിറകൊച്ചകള്‍...

Read More: https://emalayalee.com/writer/119


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക