ഓണമിന്നോർമ്മയിൽ ഓളമല്ലോ
ഒരുമ തൻ നാളോ നിനവിലല്ലോ
ഒന്നായിരിക്കുവാൻ മുന്നേ പറഞ്ഞൊരാ
ഓണ,മന്നൻ്റെ കാലമോ കഥകളല്ലോ
നേടുന്നതൊക്കെ പകുത്തു നൽകി
നന്മകൾ മാത്രം നിറഞ്ഞ നാട്ടിൽ
കളിയില്ല ചിരിയില്ല പാട്ടുമില്ല
നല്ലൊരു നാളേ,യിന്നകലെമാത്രം
ഓണ നിലാവ് തെളിഞ്ഞതില്ല
മാനത്ത് കരിമുകിൽ മാറിയില്ല
പാടത്ത് കതിരോ മുളച്ചതില്ല
പുന്നെല്ല് വേവുന്ന ഗന്ധമില്ല
പാണൻ്റെ പാട്ടുകൾ കേൾപ്പതില്ല
അഞ്ഞലൂഞ്ഞാലിന്ന് കാണ്മതില്ല
താഴത്തെ തൊടിയിലും ചുറ്റുവട്ടത്തിലും
തുമ്പയും തെച്ചിയും പൂത്തതില്ല
ചെത്തിയൊരുക്കാനോ മുറ്റമില്ല
തുമ്പികൾ പാറിപ്പറപ്പതില്ല
വറ്റലുണ്ടാക്കുവാൻ നട്ടൊരാ വാഴയും
വെട്ടുകൊണ്ടെന്ന പോൽ വീണു കാറ്റിൽ
വാഴയിലയിൽ പുലിക്കളികൾ
കണ്ടൊരാ കാലവും പോയ് മറഞ്ഞു
അത്തമൊരുക്കിയും പൂക്കളിറുത്തുമാ
മുറ്റത്തു കൂടിയ നാൾ മറന്നു
പുത്തനുടുപ്പും തുമ്പിലസദ്യയും
മുളയിൽ കയറ്റം വടംവലിയും
ഓണത്തിനോർമ്മകളൊന്നായണയുമ്പോൾ
ഓടിക്കളിക്കുന്നുണ്ടെൻ മനവും
വറുതിയിൽ എരിയുന്ന കാലമേ നീ
തിരികെയീ ദുരിതങ്ങൾ കൊണ്ടുപോകൂ
വീണ്ടുമുയരട്ടെ പൂവിളികളലകളായ്
പൂവേ... പൊലി... പൂവേ...പൊലി... പൂവേ