ഹേമാ കമ്മീഷൻ റിപ്പോർട്ട് 5 വർഷത്തോളം നിശബ്ദമായി പൂഴ്ത്തി വച്ചിട്ട് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ നിവൃത്തിയില്ലാതെ സർക്കാർ 'എഡിറ്റ് ചെയ്ത കോപ്പി' പുറത്തു വിട്ടു. യഥാർത്ഥത്തിലുള്ള റിപ്പോർട്ടിൽ നിന്നും ഏതാണ്ട് 100 പേജുകൾ നീക്കം ചെയ്‌താണ് പ്രസിദ്ധീകരിച്ചതെന്നു പറയുന്നു. അതിൽ മുഖ്യമായും സിനിമാ ഫീൽഡിൽ ലൈംഗിക പീഢനം നടക്കുന്നുവെന്നും പേര് വെളിയിൽ വിട്ടാൽ മലയാളികളുടെ മനസ്സിലെ പല വിഗ്രഹങ്ങളും വീണുടയുമെന്നും ആ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 'പവർ ഗ്രൂപ്പ് 15' എന്ന പേരിൽ ഒരു അധാർമ്മിക സംഘമാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നതെന്നും അവരുടെ കരാള ഹസ്തങ്ങളിൽ നിന്നും പുതിയ ആർട്ടിസ്റ്റുകൾക്കാർക്കും രക്ഷപ്പെടാൻ കഴിയില്ലെന്നും പലരും കമ്മീഷനോട് വെളിപ്പെടുത്തിയിട്ടുണ്ടത്രെ. എന്തായാലും ആരുടേയും പേരു പറയാതെ അവിടെയും ഇവിടെയും തൊടാതെ ഒരു റിപ്പോർട്ട് പുറത്തു വിട്ടതോടെ ചാനലുകൾക്ക് വീണ്ടും ചാകര വീണു കിട്ടി.
വയനാട്ടിൽ ദുരന്തമുണ്ടായപ്പോൾ ചാനലുകൾ മുഴുവൻ കർണാടകയിലെ ഗംഗാവലി പുഴയിൽ അർജുനനെ തപ്പി നീർക്കാംകുഴി ഇട്ടുകൊണ്ടിരിക്കയായിരുന്നു. ആ സൈറ്റിൽ നിന്നുമുള്ള റിപ്പോർട്ടിങ് കണ്ടാൽ പലപ്പോഴും പല റിപ്പോർട്ടർമാരും ശ്വാസം കിട്ടാതെ മരിച്ചു വീഴുമോ എന്നു പ്രേക്ഷകർ ഭയപ്പെട്ടു പോകുമായിരുന്നു. ഏതായാലും വയനാട് കിട്ടിയതോടെ അർജ്ജുനനെ അവിടെ ഉപേക്ഷിച്ചു ചാനലുകൾ വായനാട്ടിലേക്കോടി. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ അവിടെ പ്രത്യേകിച്ച് ഒന്നും ഇനി കുഴിച്ചെടുക്കാൻ ഇല്ലെന്നു മനസ്സിലായപ്പോൾ വീണ്ടും അവർ ഗംഗാവലി പുഴയിലേക്കൂളിയിട്ടു. അവിടെ “അർജ്ജുൻ ഓടിച്ചിരുന്ന ഭീമാകാരമായ ലോറിയുടെ ജാക്കി കണ്ടു, തടി കെട്ടിയിരുന്ന കയർ കണ്ടു, ഉടനെ തന്നെ ലോറി കാണും” എന്നു പറഞ്ഞു വീണ്ടും ശ്വാസം മുട്ടാൻ തുടങ്ങിയപ്പോളാണ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരുന്നത്. അർജ്ജുനനെ വീണ്ടും ആ പുഴയിലുപേക്ഷിച്ചു കമ്മീഷൻ റിപ്പോർട്ടിന്റെ പുറകേയോടി. പല മസാലക്കഥകളും തോടു പൊട്ടിച്ചു പുറത്തു വരാൻ തുടങ്ങി. 239 പേജുള്ള ആ റിപ്പോർട്ട് കണ്ടു ചാനലുകാർ ഞെട്ടിയത്രേ!
എന്നാൽ ഇന്നു രാവിലെ അതിനെപ്പറ്റി ഒരു ചാനലിലും ഒന്നും കണ്ടില്ല. കാരണം, അപ്പോഴാണ് 13 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതെ പോയത്. ആ കുട്ടി പോയ വഴിയും പോയപ്പോൾ ട്രെയിനിൽ നിന്നും പ്ലാറ്റുഫോമിൽ ഇറങ്ങി വെള്ളമെടുത്തതും തിരിച്ചുകയറിയതും ഇനിയും പോയേക്കാവുന്ന റൂട്ട് മാപ്പും എല്ലാം കൊടുത്തു ചാനലുകൾ അരങ്ങു തകർക്കുകയാണ്. എന്തു തരം മാധ്യമ പ്രവർത്തനമാണിത്? വാർത്തകൾക്ക് ആവശ്യമുള്ള പ്രാധാന്യമല്ലേ കൊടുക്കേണ്ടത്? പ്രാധാന്യമുള്ള വാർത്തകളല്ലേ കൊടുക്കേണ്ടത്? ഒരു വിഷയമുണ്ടായാൽ അതിനെപ്പറ്റി പഠിക്കാനോ ഉണ്ടായ ദുരന്തം ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യാമെന്നതിനെപ്പറ്റി ആധികാരികമായി വിശദീകരിക്കുന്നതോ ആയ ഒരു റിപ്പോർട്ടോ എത്ര ചാനലുകളും പത്രങ്ങളും കൊടുക്കുന്നുണ്ട്? 'ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസം' എന്നൊരു കാര്യം ഇവർക്ക് അറിവില്ലാത്തതായിട്ടാണ് തോന്നുന്നത്. അവിടെയാണ് നാം പാശ്ചാത്യ മാധ്യമങ്ങളുടെ വ്യത്യാസം മനസ്സിലാക്കുന്നത്.
ലിബിയയിൽ രണ്ട് അണക്കെട്ടുകൾ പൊട്ടി ഏതാണ്ട് പന്തീരായിരം പേർ മരിച്ചപ്പോൾ ന്യൂയോർക്ക് ടൈംസ് അതിനെപ്പറ്റി വിശദമായ ഒരു പഠനം നടത്തി. ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയോടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കാലപ്പഴക്കം കൊണ്ടും നിർമൃതിയുടെ ന്യൂനതകൾ കൊണ്ടും മനുഷ്യരാശിക്ക് ഭീഷണിയായി വിവിധ രാജ്യങ്ങളിൽ നിലകൊള്ളുന്ന അണക്കെട്ടുകളെപ്പറ്റിയുള്ള വിശദമായ ഒരു റിപ്പോർട്ട്. അതിൽ ഒന്നാം നമ്പരായി കൊടുത്തിരുന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യം. രണ്ടു മാസങ്ങൾ മുൻപാണ് കുവൈറ്റിൽ തൊഴിലാളികൾ താമസച്ചിരുന്ന ഒരു കെട്ടിടത്തിൽ രാത്രി തീപിടുത്തമുണ്ടായി 49 പേർ ദാരുണമായി കൊല്ലപ്പെട്ടത്. ന്യൂയോർക്ക് ടൈംസിന്റെ പ്രത്യേക റിപ്പോർട്ടർമാർ അവിടെപ്പോയി തൊഴിലാളികൾ അഭിമുഖീകരിക്കുന്ന കഷ്ടപ്പാടും അവർ നേരിടുന്ന ചൂഷണവും വിശദമായി പഠിച്ചു ഭരണാധികളുമായി ചർച്ച ചെയ്‌ത് ഇന്നലെ (Aug. 20) ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ഈ ലോകത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കുന്നു. അതൊന്നും വിഷയമാക്കാതെ എന്തെങ്കിലും കേട്ടാലുടൻ അതിനു പുറകെ ഓടുകയും പാതി വഴിയിൽ അതിനെ ഉപേക്ഷിച്ചു മറ്റൊന്നിന്റെ പുറകെ ഓടുകയും ചെയ്യുന്ന കേരളത്തിലെ ചാനലുകളുടെ ലക്ഷ്യം 'റേറ്റിങ്' മാത്രമാണ്. സിനിമാ ലോകത്തിലെ ലൈംഗിക പീഢനങ്ങളുടെ കഥകൾ കേട്ട് 'ഞെട്ടുന്ന' മാധ്യമ പ്രവർത്തകരോട് ഒരു കാര്യം ചോദിക്കട്ടെ. ലൈംഗിക പീഡനം സിനിമാ ലോകത്തു മാത്രമേയുള്ളോ? സിനിമയിൽ അഭിനയിക്കാനായി മദ്രാസിലേക്ക് വണ്ടി കയറുന്ന പെൺകുട്ടികൾ അവിടെ ഇങ്ങനെയുള്ള പുഴുക്കുത്തുകൾ ഉണ്ടെന്നു കേട്ടിട്ടെങ്കിലും ഉണ്ടാവും. അതുകൊണ്ട് സൂക്ഷിക്കേണ്ടവർ കുറച്ചെങ്കിലും മുൻകരുതലുകൾ എടുത്തേക്കും.
എന്നാൽ ഇങ്ങനെയുള്ള യാതൊരു പ്രശ്‌നവും ഒരിക്കലും നേരിടേണ്ടി വരില്ലെന്നുറച്ചു വിശ്വസിച്ച് ക്രിസ്‌തുവിന്റെ മണവാട്ടിയാകാൻ കന്യാസ്ത്രീ മഠങ്ങളിലേക്കു കയറി ചെല്ലുന്ന എത്രയോ പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായിരിക്കുന്നു! പലരും ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നു. കുമ്പസാരം മറയാക്കി എത്രയോ പേർ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. എത്രയോ കുടുംബങ്ങൾ വഴിയാധാരമായിരിക്കുന്നു. പുരോഹിതന്മാരാൽ പീഡിപ്പിക്കപ്പെടുന്ന ആൺകുട്ടികൾ പോലുമുണ്ട്. അൾത്താരയിൽ പുരോഹിതന്റെ കൂടെ ശുശ്രൂഷ ചെയ്യുന്ന എത്രയോ കുട്ടികൾ ഇതിന് ഇരയായിരിക്കുന്നു. മദ്രസകളുടെ കാര്യം ഒട്ടും വിഭിന്നമല്ല. മദ്രസകളിൽ മതം പഠിക്കാനായി പോകുന്ന എത്രയോ ആൺകുട്ടികളും പെൺകുട്ടികളും ഉസ്താദുമാരാൽ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. പല കുട്ടികളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ വക സ്ഥലങ്ങളിൽ നടക്കുന്ന പീഢന പരമ്പരകളുടെ കഥകൾ വെളിയിൽ കൊണ്ടുവരാൻ ഒരു കമീഷനെ സർക്കാർ നിയമിക്കാമോ? അങ്ങനെ ഒരാവശ്യം ഉന്നയിക്കാൻ ധൈര്യമുള്ള ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി കേരളത്തിലുണ്ടോ? സ്വാധീനമുള്ളവൻറെയൊന്നും എതിരായി ഒരു ചെറുവിരൽ പോലും അനക്കാൻ ഒരു സർക്കാരും മുതിരില്ല. ജസ്റ്റീസ് ഹേമയോട് നിർദ്ദേശിച്ച കാര്യം അവർ ചെയ്‌തു. പക്ഷേ, ഇരയുടെയും വേട്ടക്കാരൻറെയും ഒന്നും പേര് വെളിപ്പെടുത്തരുത് എന്ന് എഴുതി വച്ചതെന്തിനാണ്? ഇതു വച്ച് ഇതിൽ പരാമർശിച്ചിരിക്കുന്ന പ്രമുഖ നടന്മാരെ ബ്ളാക്ക് മെയിൽ ചെയ്‌തു കുറെപ്പേർക്ക് പ്രയോജനം ഉണ്ടാകുമെന്നല്ലാതെ ഇരകൾക്കു യാതൊരു നീതിയും ലഭിക്കില്ല. എല്ലാം വെറും പ്രഹസനം മാത്രം.
കാണാതെ പോയ പതിമൂന്നുകാരി പെൺകുട്ടിയെ കണ്ടു കിട്ടിയതുകൊണ്ട് ഇനി മാധ്യമങ്ങൾ ഹേമാ കമ്മീഷൻ റിപ്പോർട്ടിലേക്കു തിരിയുമോ അതോ ഗംഗാവലി പുഴയിലേക്കു ചാടുമോ എന്നു മാത്രമേ അറിയാനുള്ളൂ. കാത്തിരിക്കാം.