Image

മുംബൈ ലൈഫ് (101 ചിന്തകൾ: രാജൻ കിണറ്റിങ്കര)

Published on 23 August, 2024
മുംബൈ ലൈഫ് (101 ചിന്തകൾ: രാജൻ കിണറ്റിങ്കര)

1.
രണ്ട് നെട്ടോട്ടങ്ങൾക്കിടയിൽ
കളഞ്ഞു പോയൊരു
ജീവിതം…


2
പുറകോട്ട്
തിരിഞ്ഞു നോക്കാതെയും
വന്ന വഴി
മറക്കാത്തവർ..



നീണ്ട് കിടക്കുന്ന
പ്ലാറ്റ്ഫോമും
അതിലിത്തിരി
സ്ഥലം ചികയുന്ന
മനുഷ്യരും ..


4
ഭാഷയോ അറിവോ
പരിജ്ഞാനമോ അല്ല
ആത്മവിശ്വാസമാണ്
അതിജീവന മന്ത്രം…


5
ലോക്കൽ ട്രെയിനിൽ
അഡ്ജസ്റ്റ് ചെയ്ത്
ജീവിതം ഒരു
അഡ്ജസ്റ്റ്മെന്റ് 
ആയവരുടെ ലോകം…


6
തുറന്നു കിടക്കുന്ന
ജനാലയിലൂടെ
സ്വപ്നങ്ങൾക്ക്
ചിറക് നൽകുന്നവർ…


7
ലോക്കൽ ട്രെയിനിലെ
വിൻഡോ സീറ്റിനുണ്ട്
ലോട്ടറി അടിച്ചവന്റെ
സന്തോഷം….


8
തോളിൽ കർമ്മഭാരവും
മനസ്സിൽ
ജീവിതഭാരവും പേറി
ഒറ്റവരിപ്പാതയിലെ 
യാത്രികർ….


9
ആൾക്കൂട്ടത്തിലും
ഒറ്റപ്പെട്ടവരുടെ
ഒറ്റമുറി തുരുത്ത്….


10
പ്രതീക്ഷിക്കാൻ
ഒന്നുമില്ലെങ്കിലും
പ്രതീക്ഷകൾ കൊണ്ട്
ഉണരുകയും
ഉറങ്ങുകയും ചെയ്യുന്നവർ…..


11
അകം പുകയുമ്പോഴും
ചുണ്ടിൽ ഒരു
നറുചിരി വിടരും….


12
കീബോർഡിലെ
വിരലുകൾ
ടൈപ്പ് ചെയ്യുകയല്ല
അവ കൂട്ടിമുട്ടിക്കുന്നത്
ജീവിതത്തിന്റെ 
രണ്ടറ്റങ്ങളെയാണ്…


13
വാട്സ് ആപ്പിൽ നിന്ന്
കണ്ണെടുക്കാത്തവർക്കും
ശമ്പള ദിവസം
പ്രിയം ബാങ്കിന്റെ
എസ്.എം.എസ് ആണ്….


14
മൂന്ന് പേരുടെ
സിറ്റിൽ
അഞ്ചു പേരിരുന്ന്
ഒരുമയുടെ 
വക്താക്കളായവർ…..


15
ഇടതു ചുമലിലെ
ബാഗിനും
വലതു കൈയിലെ
ഫോണിനും ഇടയിൽ
നില തെറ്റാതെ ഒരഭ്യാസി…..


16
വീട്ടിൽ 
ഉറക്കം നഷ്ടപ്പെട്ടവർക്കുള്ള
ശയനമുറിയാണ്
ട്രെയിൻ ബോഗികൾ…..


17
വെറുതെ കിട്ടിയ
സാധനത്തിനും
വിലപേശൽ
ശീലമാക്കിയവർ….


18
അകത്തെ വേഷം
മുഷിഞ്ഞാലും
പുറത്തെ വേഷം
ചുളിവ് വീഴില്ല……


19
ഓഫീസ് പ്യൂണിനും
ഭാവം, താൻ
എംഡിയേക്കാൾ
കേമനാണെന്ന്…..


20
വീട്ടിലെ പ്രശ്നം
ട്രെയിനിലും
ട്രെയിനിലെ ദേഷ്യം
ഓഫീസിലും
ഓഫീസിലെ പ്രശ്നം
ബാറിലും തീർക്കുന്നവർ…..


21
കരിയില വിറ്റാലും
പൈസ കിട്ടും
വടാപാവ് കഴിച്ചാലും
വിശപ്പടങ്ങും…..


22
ഉരുക്കു പാളങ്ങളിൽ
യാത്ര ചെയ്താണ്
മനസ്സ്
പരുക്കനായത്….


23
ഇവിടെ ആരും
അപരിചിതരല്ല
ഇവിടെ ആർക്കും
വഴി തെറ്റാറില്ല
തെറ്റുന്നതൊക്കെയും
കണക്കുകൂട്ടലുകളാണ്….


24
ഇവിടെ
തുറിച്ച് നോട്ടങ്ങൾ
ഇല്ലാത്തത്
മാന്യത കൊണ്ടല്ല
സമയക്കുറവു കൊണ്ടാണ്….


25
നഗരം
ഉറങ്ങാത്തതല്ല
അകച്ചൂടിൽ
ഉറക്കം
നഷ്ടപ്പെട്ടതാണ്….


26
മുംബൈക്ക്
ദേഷ്യവും പകയും
പ്രതികാരവുമില്ല
ഇതൊക്കെ
വിയർപ്പറിയാത്തവരുടെ
മാത്രം വിനോദങ്ങളാണ്….


27
ക്ഷമ പഠിപ്പിച്ചത്
യോഗയോ ധ്യാനമോ അല്ല
റോഡിലെ
ട്രാഫിക്ക് കുരുക്കുകളാണ്….


28
ഭക്ഷണം
വിരൽതുമ്പിലാ -
യപ്പോഴാണ്
അടുക്കളയിലെ
തീയണഞ്ഞത്….


29
സൗകര്യങ്ങൾ
കൂടിയപ്പോഴാണ്
നഗര ജീവിതം
സങ്കീർണ്ണമായത്….


30
ഇവിടെ എല്ലാം 
ഓൺലൈനിൽ
ലഭ്യമാണ്
സ്വസ്ഥതയൊഴിച്ച്….


31
ചോര കണ്ടു കണ്ടാവാം
റെയിൽ പാളങ്ങളുടെ
മനസ്സിത്ര
കഠിനമായത്….


32
ലോകത്തെ കണ്ടത്
ആദ്യം വാതിൽ തുറന്ന്
പിന്നെ
ജനാലയിലൂടെ
അതു കഴിഞ്ഞ്
പീപ് ഹോളിലുടെ
ഒടുവിൽ 
മൊബൈൽ സ്ക്രീനിലൂടെ….


33
നഗരത്തിൽ ഓണം 
വരുന്നത്
ഉത്രാട രാത്രിയിൽ
വിയർത്തൊലിച്ചാണ്….


34
പിൻ നമ്പറുകൾ
മനസ്സിലിട്ടോർത്ത്
പിൻകൊണ്ട്  കുത്തുന്ന
വേദന ….


35
പ്ലാറ്റ്ഫോം പടികൾ
ഓടിക്കയറി
ഒടുങ്ങി തീരുന്ന
യൗവനം….


36
ഓരോ യാത്രയിലും
ഒരു മുറിപ്പാട്
നൽകും നഗരം
മനസ്സിനോ
ശരീരത്തിനോ….


37
ഒന്നര മണിക്കൂർ
ഒറ്റക്കാലിൽ യാത്ര ചെയ്ത്
കിതപ്പണയും മുമ്പെ
നാട്ടിൽ നിന്ന് ഫോൺ
"മുംബൈയിലെന്താ ?
നിങ്ങക്കൊക്കെ 
സുഖ ജീവിതമല്ലേ"….


38
സിഗ്നൽ കാത്ത്
കിടക്കുന്ന ട്രെയിൻ
പോലെയാണ്
മുംബൈയിലെ
തൊഴിൽ രംഗം
ഒരാൾ പോകണം
മറ്റെയാൾക്ക് സിഗ്നൽ കിട്ടാൻ….


39
ഫുട്ബാൾ കളി
കാണുന്നവനോട്
എത്ര വിക്കറ്റ് പോയി 
എന്ന് ചോദിക്കുന്ന
മുംബൈ വാസികളുണ്ട്….


40
അപകടം
നടന്നിടത്ത്
കാഴ്ചക്കാർ ഒരുപാടുണ്ട്
എല്ലാവരും
മൊബൈൽ ഷൂട്ടിലാണ്….


41
ജോലിയിൽ 
സ്ഥാനക്കയറ്റമില്ലെങ്കിലും
ഓഫീസ് ബാഗിന്
സ്ഥാനക്കയറ്റമുണ്ട്
ആദ്യം തോളിലും
പിന്നെ പുറകിലും
ഇപ്പോൾ നെഞ്ചിലും….


42
എൺപത് കഴിഞ്ഞിട്ടും
ജോലി ചെയ്യുന്നവരുണ്ട്
നഗരത്തിൽ
വാർദ്ധക്യം ആഘോഷിക്കാനല്ല
യൗവനത്തിലെ
ബാധ്യതകൾ തീർക്കാൻ….


43
ആദ്യം നിഷേധിക്കുന്നത്
ടി.വി. റിമോട്ട്
പിന്നെ സോഫ
എ.സി. , ശീലങ്ങൾ
അങ്ങനെയാണ്
വാർദ്ധക്യം തുടങ്ങുന്നത്….


44
മാനം മുട്ടുന്ന 
കെട്ടിടങ്ങൾക്കുള്ളിൽ 
മനസ്സ് മുട്ടി 
കുറെ ജീവിതങ്ങൾ ….


45
അവധികൾ  
മുംബൈയ്ക്ക് 
ഉത്സവങ്ങളാണ് 
നാളെ എന്തെന്നറിയാത്തവന്റെ 
ആഹ്‌ളാദപ്രകടനങ്ങൾ ….


46
പ്ലാറ്റ്‌ഫോമുകൾ 
മാറിവരുന്ന 
വണ്ടികളെപ്പോലെ 
മുന്നറിയിപ്പുകളില്ലാത്ത 
അവിചാരിത യാത്രകൾ ….


47
ലോണെടുത്ത് 
വീടുവാങ്ങി 
ലോണെടുത്ത് 
കാറ് വാങ്ങി 
ലോണടച്ച് കഴിഞ്ഞപ്പോൾ 
എലോൺ ആയിപ്പോയി....


48
യൗവനത്തിൽ 
വാർദ്ധക്യം 
അറിയുന്നവരാണ് 
മുംബൈവാസികൾ  
വാർദ്ധക്യത്തിൽ 
യൗവനവും ….


49
മുംബൈയുടെ 
വദനത്തിന് 
സിന്ദൂരവർണ്ണമാണ് 
ദുഖത്തിലും സന്തോഷത്തിലും 
മനസ്സിൽ
നിസ്സംഗതയാണ്…


50
മുംബൈയുടെ 
ഭാഷ 
“മാലൂം നഹി”
മുംബൈയുടെ വഴി 
“ആഗേ ചലോ”  ….


51
പത്ത് വായനക്കാരും 
ഇരുപത്  എഴുത്തുകാരും 
അമ്പത്  വിമർശകരും
ചേർന്നാൽ 
മുംബൈ സാഹിത്യമായി….


52
ആരുടെ മുന്നിലും 
തലകുനിക്കാത്ത 
മുംബൈക്കാരെ 
തലകുനിക്കാൻ 
പഠിപ്പിച്ചത് 
മൊബൈൽ ആണ്….


53
ലോക്കൽ ട്രെയിനുകൾ 
ചൂളം വിളിക്കാറില്ല 
അതിലും ഉച്ചത്തിലാണല്ലോ 
അതിനുള്ളിലെ 
ഹൃദയതാളങ്ങൾ….


54
ജീവിതം 
ആരൊക്കെയോ നൽകിയ 
ഭിക്ഷ ആയതിനാലാണ് 
മുംബൈയ്ക്ക് 
സ്വാർത്ഥത ഇല്ലാത്തത്….


55
ചുള്ളിക്കമ്പുകൾ കൊണ്ട് 
പ്രാവുകൾ കൂടൊരുക്കിയ
ജനാലക്കരികിലാണ് 
വീടെന്ന സ്വപ്നം 
ആദ്യം മൊട്ടിട്ടത്  ….


56
മുംബൈയുടെ സമയം  
നിയന്ത്രിക്കുന്നത് 
ഘടികാര സൂചികളല്ല 
പ്ലാറ്റുഫോമിലെ 
അനൗൺസ്‌മെന്റുകളാണ്….


57
വഴിയോര വാണിഭത്തിൽ 
മൊട്ടുസൂചി മുതൽ 
ടൊയോട്ട വരെ ...
വഴിയോര തൊഴിലാളികളിൽ 
ചുമട്ടുകാർ  മുതൽ 
വക്കീലന്മാർ വരെ  …


58
ആകാശഗോപുരങ്ങളിൽ 
ശ്വാസം മുട്ടി 
ജീവിക്കുന്നവരും 
ചേരികളിൽ 
സ്നേഹം പങ്കുവയ്ക്കുന്നവരും ….


59
ഫൈവ് സ്റ്റാർ 
ഹോട്ടലിൽ താമസിച്ച്  
തട്ടുകടയിൽ 
പ്രാതൽ കഴിക്കുന്നവർ….


60
മുംബൈയിൽ 
ഭൂമി കുലുങ്ങാറില്ല 
ചുമന്ന് നിൽക്കുന്നത് 
രണ്ടു കോടി 
മനസ്സുകളുടെ 
ഭാരമാണ്….


61
മുഖത്തെ 
ചിരിമായും മുന്നേ 
ഉരുൾപൊട്ടിയൊരു 
സങ്കടക്കടൽ 
മിഴിതോരും മുന്നേ 
ചിരിയുടെ മഴപ്പൂരം….


62
രാവിലെയും വൈകീട്ടും 
ട്രെയിനിനുള്ളിൽ 
ചേക്കേറാൻ  കലപിലകൂട്ടി 
എങ്ങോട്ടോ 
പറന്നു പോകുന്ന 
ദേശാടനക്കിളികൾ ….


63
അതിസമ്പന്നരുടെ 
നാട്ടിൽ 
പ്ലാറ്റുഫോമിൽ 
അന്തിയുറങ്ങുന്നവരും ….


64
സമ്പന്നരുടെയും 
ദരിദ്രരുടെയുമിടയിൽ 
രണ്ടും ആകാനാവാത്തവരുടെ 
ജീവിതയുദ്ധമാണ് 
നഗരയാത്രകൾ  ….


65
വഴികൾ എല്ലാം 
ചെന്നെത്തുന്നത് 
കടലിലാണ് 
അതാണ് കരപറ്റാനുള്ള 
പോരാട്ടം കഠിനമായത്….


66
കൊറോണക്കാലത്തും
മുഖം മൂടിയില്ലാതെ
ഓടിക്കിതച്ച്
ലോക്കൽ ട്രെയിനുകൾ…
 

67
പള്ളിയിലും മസ്‌ജിദിലും 
അമ്പലത്തിലുമല്ല
പ്രാർത്ഥിച്ച് നിന്നത്
പ്ലാറ്റ്‌ഫോമിലാണ്….


68
മീൻ വിൽപ്പന പോലും
ഐ ഫോണിലും
ഐ പാഡിലുമാണ്
റീചാർജിനുപോലും
വകയില്ലാതെ
കസ്റ്റമേഴ്സ്…..


69
നഷ്ടപ്പെടുത്തിയ
സമയത്തിന്റെ 
കുറ്റബോധങ്ങളിൽ
വീർപ്പുമുട്ടിയൊരു
മഹാനഗരം….


70
ഒഴിവുദിവസങ്ങളിൽ
സ്ലോ  ട്രെയിനായും
പ്രവർത്തി ദിനങ്ങളിൽ
ഫാസ്റ്റ് ട്രെയിനായും
അടുക്കള ഇരമ്പുന്നു….


71
കുളിക്കാനും
പല്ലു തേക്കാനും മാത്രം
കൂടണയുന്ന
അശാന്ത യാത്രകളുടെ
ഉഷ്ണത്തുരുത്ത്….


72
മുന്നിലായത് കൊണ്ട് മാത്രം
ലക്ഷ്യത്തിൽ
എത്തുമെന്ന്
ഉറപ്പില്ലാത്ത
നഗരജീവിതം….


73
നിലാവ് പോലും
പൊള്ളുന്ന  നഗരത്തിന്
നിശാഭംഗികളോ
പകൽക്കിനാവുകളുമില്ല…..

74
വർഷം പകുതി
കഴിഞ്ഞിട്ടും
പേജുകൾ
മറയാതെ
ചുമരിലെ കലണ്ടർ….


75
നഗരത്തിൽ
വീടുകളിൽ
സന്ധ്യാദീപം
തെളിയുന്നത്
പാതിരക്കാണ്….


76
വിശപ്പും ഉറക്കവും
ഇല്ലാത്ത നഗരത്തിൽ
സ്വപ്നങ്ങൾക്കായി
ഹൃദയത്തിലൊരു
കൂടുണ്ട്….


77
കത്തുന്ന  വെയിലിൽ
റെയിൽ ട്രാക്കിൽ
പണിയെടുക്കുന്നവർക്ക്
തണലൊരുക്കി
വേനൽ മേഘങ്ങൾ….


78
മുംബൈയിൽ
എവിടെ പോകുന്നു
എന്നാരോടും ആരും ചോദിക്കാറില്ല 
എവിടെ എത്തുന്നു
എന്നറിയാത്ത യാത്രയല്ലേ ….


79
കരയാനും ചിരിക്കാനും
സമയമില്ലാത്തത്
കൊണ്ടാണ്
വികാരങ്ങൾ
സ്മൈലികളായത്….

80
വസന്ത കാലത്തിന്റെ
അപരാഹ്നവേളയിൽ
ഒരു ശിശിരം
ഇലകൊഴിഞ്ഞു നിൽപ്പുണ്ട്
നഗര സന്ധ്യയിൽ….

81
അധ്വാനിക്കുന്നവർ
ട്രെയിൻ പിടിക്കാനോടുന്നു
അധ്വാനിക്കാത്തവർ
മൈതാനത്ത് ഓടുന്നു 
വയറു നിറക്കാനും
വയർ കുറക്കാനുമുള്ള
ഓട്ടങ്ങൾ….

82
ഗെയ്റ്റ് ഓഫ് ഇന്ത്യയിൽ
കടൽ കാണുന്നവരും
ഹാജി അലിയിൽ
അസ്തമയം കാണുന്നവരും
ആഴങ്ങളിൽ മുങ്ങിപ്പോയ 
ചിലരുടെ സ്വപ്നങ്ങളറിയുന്നില്ല ….

83
ബോണസ്  കിട്ടിയാൽ
ലോണടവ് നടത്താം
ട്രെയിൻ അടുത്തെത്തും
മുന്നേ ട്രാക്ക് ക്രോസ്സ് ചെയ്യാം
മനക്കണക്കുകളുടെ
തെറ്റുന്ന നഗരയാത്രകൾ ….

84
ഊൺ മേശയിൽ
പരസ്പരം
കണ്ടിരുന്നവരെയും
മൊബൈൽ
അന്യരാക്കിയിരിക്കുന്നു…

85
ലോക്കൽ ട്രെയിനിൽ
മുന്നിലെ സീറ്റിലിരിക്കുന്നയാൾ
അടുത്ത സ്റ്റേഷനിൽ
ഇറങ്ങുമായിരിക്കും 
എന്നതാണ്
മുംബെവാസിയുടെ
ഏറ്റവും വലിയ മനക്കോട്ട ..

86
സൂര്യകാന്തിപ്പാടങ്ങൾ 
ചുറ്റിവരുന്ന 
ജയന്തി ജനതയിലെ 
ജനാലക്കമ്പികളിൽ  
പ്രവാസജീവിതത്തിന്റെ 
ജാതകം കുറിച്ചിരുന്നു …

87
ഒഴിവുദിനങ്ങളിൽ 
അരമണിക്കൂർ ജോലിക്ക് 
നാലുമണിക്കൂർ 
യാത്ര ചെയ്യേണ്ടിവരുന്ന 
ഹതഭാഗ്യർ…

88
പ്രണയം 
പ്ലാറ്റുഫോമിൽ തുടങ്ങി 
മറൈൻ ഡ്രൈവിൽ 
കറങ്ങി 
മാളുകൾ കയറി 
പോക്കറ്റ് കീറുമ്പോൾ 
ഇമോജിയിലൊടുങ്ങുന്നു…

89
പാൽക്കാരനും 
പത്രക്കാരനും 
പലചരക്കു കടക്കാരനുമാണ് 
മാസം കഴിഞ്ഞ കാര്യം 
ഓർമ്മിപ്പിക്കുന്നത്…

90
ഇ.എം. ഐ കൾ 
പാതിവഴിയിൽ 
ശൂന്യമാക്കിയ  അക്കൗണ്ട്  
ശമ്പളദിനം  പോലും 
സന്തോഷിക്കാനാകാതെ..

91
പ്ലാറ്റ്ഫോമിലെ 
ഇൻഡിക്കേറ്ററിലേക്കും 
മൊബൈലിലെ 
സമയത്തിലേക്കും നോക്കി 
ഒരു പ്രഭാതം 
വാടിക്കരിയുന്നു…

92
വീട്ടുകാരെയും
കമ്പനി മുതലാളിയെയും
സ്വയം തന്നെയും
തൃപ്തിപ്പെടുത്താനാകാതെ
ഓടിത്തീരുന്ന
ജീവിതങ്ങൾ ….

93
നിലയ്ക്കാത്ത
ട്രെയിൻ യാത്രയുടെ
ജീവന്മരണ പോരാട്ടത്തിൽ
മുറുകെപ്പിടിച്ച
സ്റ്റീൽ കമ്പി മാത്രമാണ് 
വിശ്വാസം ...

94
സൂര്യനസ്തമിച്ചാൽ
മഹാഭാരതയുദ്ധം
പോലും നിർത്തി വയ്ക്കും
അസ്തമയം വന്നിട്ടും
ഇരുട്ട് വീണിട്ടും നിർത്താതെ
ലേഡീസ് കോച്ചിലെ
പെൺ യുദ്ധങ്ങൾ…

95
ഒഴിഞ്ഞ സീറ്റുകളിൽ
ഏതിലിരിക്കണം
എന്നറിയാതെ
അങ്ങോട്ടുമിങ്ങോട്ടും ഓടി
ഒരു സീറ്റും കിട്ടാത്തവരാണ്
മുംബൈ യാത്രികർ…..

96
ഫാക്ടറികളിൽ നിന്നൊഴുകുന്ന
മാലിന്യ ജലത്തിൽ വളർന്ന
ചീരയും വെണ്ടയും കഴിച്ചാണ്
മുംബൈക്ക് മറ്റൊരു
വിഷവും തീണ്ടാത്തത്…..

97
കാത്ത് നിൽപ്പുകളുടെ
നഗരമാണ് മുംബൈ
ആശുപത്രികളിൽ,
ലിഫ്റ്റിന് മുന്നിൽ,
പ്ലാറ്റ്ഫോമിൽ, 
ആരാധനാലയങ്ങളിൽ
ഹോട്ടലുകളിൽ ....

98
എന്താണ് ജോലി
എന്നാരും ഇവിടെ
ചോദിക്കില്ല
എവിടെയാണ് ജോലി
എന്നേ ചോദിക്കൂ ….

99
ഇഴഞ്ഞു നീങ്ങുന്ന
വണ്ടിക്ക്
ഫാസ്റ്റ് ലോക്കൽ
എന്ന് പേരിട്ട
വിചിത്രനഗരമാണ് മുംബൈ….

100
മുംബൈയെ കുറിച്ചുള്ള
എഴുത്തുകളെല്ലാം
മനസ്സിന്റെയും
ട്രെയിനിന്റെയും
ജാലക പഴുതിലൂടെ
കണ്ട ലോകമാണ്

101
എഴുതിയാലൊടുങ്ങാത്ത
മദം പൊട്ടിയ
മഹാനഗരത്തെ
അക്ഷരച്ചങ്ങലയിൽ
തളച്ചിടാനൊരുമ്പെടുന്ന
വിഡ്ഢികളുടെ ലോകം.

അമ്മയെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും മഴയെക്കുറിച്ചും 101 ചെറുകവിതകൾ കുറഞ്ഞ മണിക്കൂറിൽ എഴുതി ശ്രദ്ധേയനായ രാജൻ കിണറ്റിങ്കര  ഇത്തവണ വെറും രണ്ടര മണിക്കൂർ കൊണ്ട് മുംബൈയെ വരച്ചിടുന്നു.     ആഗസ്ത് 22, 23 ദിവസങ്ങളിൽ  യാത്രയിലെ രണ്ടര മണിക്കൂർ സമയം കൊണ്ടാണ്  രാജൻ 101 ചെറു ആഖ്യായനങ്ങളിലൂടെ മുംബൈയെ നിർവചിച്ചത്‌.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക