ഗ്രീഷ്മകാല ഒളിംപിക്‌സിന്റെ ആരവം അടങ്ങും മുമ്പേ പാരിസ് വീണ്ടും ഉണരുന്നു. ഇനി പാരാലിംപിക്‌സ് ദിനങ്ങള്‍. 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയാണ് വൈകല്യമുള്ളവരുടെ ഒളിംപിക്‌സ്. ജന്മനാ വൈകല്യം സംഭവിച്ചവര്‍, അപകടത്തിലും യുദ്ധത്തിലുമൊക്കെ പരുക്കേറ്റ് വൈകല്യം സംഭവിച്ചവര്‍, അവര്‍ വിധിക്കെതിരെ പൊരുതുകയാണ്. വിധിയെ പഴിക്കാതെ, വിധിക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ അവര്‍ കളിക്കളത്തില്‍ ഇറങ്ങുന്നു.
പതിനേഴാമത് ഗ്രീഷ്മകാല പാരാലിംപിക് ഗെയിംസ്(പാരിസ് 2024 പാരാലിംപിക് ഗെയിംസ്) ആണ് പാരിസില്‍ നടക്കുക. 168 രാജ്യങ്ങള്‍ പങ്കെടുക്കും. 22 സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ 549 വിഭാഗങ്ങളിലാണ് മത്സരം. 22 സ്‌പോര്‍ട്‌സ് ഇനങ്ങള്‍ എന്നു പറയുമ്പോഴും സൈക്കിളിംഗിനെ റോഡ്, ട്രാക്ക്, ആന്‍ഡ് ഫീല്‍ഡ് എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതിനാല്‍ 23 സ്‌പോർട്സ് ഇനങ്ങൾ എന്നു പറയാം. 1960 ല്‍ പ്രഥമ പാരാലിംപിക്‌സില്‍ കേവലം എട്ട് ഇനങ്ങളില്‍ മാത്രമായിരുന്നു മത്സരം. 4400ല്‍ അധികം കായിക താരങ്ങള്‍ പാരിസില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷ.
രാജ്യാന്തര പാരാലിംപിക് കമ്മിറ്റിയാണ് പാരാലിംപിക്‌സ് നിയന്ത്രിക്കുന്നത്. പാരിസ് ആദ്യമായാണ് വേദിയാകുന്നത്. എന്നാല്‍ ഫ്രാന്‍സിലെ ടിഗ്നെസ് ആന്‍ഡ് ആല്‍ബര്‍ട് വി ലെയില്‍ 1992ല്‍ ശീതകാല പാരാലിംപിക്‌സ് നടന്നിട്ടുണ്ട്. പാരിസില്‍ സ്റ്റേഡ് ദ് ഫ്രാന്‍സിലാണ് ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുക. 17 വേദികളിലായിരിക്കും മത്സരങ്ങള്‍.
പാരാ ഇക്വസ്ട്രിയനിലും(67 വനതികള്‍, 17 പുരുഷന്മാര്‍) പാരാ ലിഫ്റ്റിങ്ങിലും(90 വനിതകള്‍, 89 വനിതകള്‍) വനിതകള്‍ക്കു മുന്‍തൂക്കമുണ്ട്. പാരാ ബാഡ്മിന്റന്‍, -, പാരാ റോവിങ്ങ്, വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവയില്‍ സ്ത്രീ-പുരുഷ സമത്വമുണ്ട് പങ്കാളിത്തത്തില്‍. 2020ല്‍ ടോക്കിയോയില്‍ 164 രാജ്യങ്ങളാണ് പങ്കെടുത്തത് എറിട്രിയ, കിരിബാറ്റി, കൊസവോ എന്നിവ നടാടെയാണ് പങ്കെടുക്കുന്നത്. പാരാലിംപിക്‌സ് റിഫ്യൂജി ടീമും മത്സരിക്കുന്നു. മൂന്നാം തവണയാണ് റിഫ്യൂജി ടീം മത്സരിക്കുന്നത്.
അമേരിക്കന്‍ ടീമില്‍ 225 പേര്‍ ഉണ്ട്. ഇതില്‍ അഞ്ചു പേര്‍ ഗൈഡുകളാണ്. 110 വീതം പുരുഷ വനിതാ താരങ്ങളെയാണ് യു.എസ്. ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 141 പേര്‍ ടോക്കിയോയിലും പങ്കെടുത്തവരാണ്. മൂന്ന് പേര്‍ ആറു തവണ പങ്കെടുത്തവരാണ്. നാലുപേര്‍ അഞ്ചു തവണയും എട്ടുപേര്‍ നാലു തവണയും 21 പേര്‍ മൂന്നു തവണയും 42 പേര്‍ രണ്ടു തവണയും മത്സരിച്ചവർ. 63 പേര്‍ക്ക് ഇത് രണ്ടാം ഗെയിംസ് ആണ്. 78 അത്‌ലറ്റുകള്‍ക്ക് പാരിസില്‍ അരങ്ങേറ്റമാണ്.
യു.എസ്. ടീമില്‍ സ്വർണ മെഡല്‍ നേടിയവര്‍ നൂറു പേരുണ്ട്. ഇവര്‍ എല്ലാം ചേര്‍ന്ന് 122 സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. 63 പേര്‍ ഒന്നിലധികം മെഡല്‍ നേടിയവരാണ്. 34 പേര്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്വര്‍ണ്ണം കിട്ടിയിട്ടുണ്ട്. ഇക്കുറിയും പാരാലിംപിക്‌സില്‍ യു.എസ്. ആധിപത്യം പ്രതീക്ഷാം. 'അഭിമാനത്തോടെയാണ് ഞങ്ങള്‍ യു.എസ്. ടീമിനെ പ്രഖ്യാപിക്കുന്നത്.' പാരിസ് പാരാലിംപിക്‌സിനുള്ള യു.എസ്. ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് യു.എസ്.ഒ.പി.സിയുടെ സി.ഇ.ഒ. സാറാ ഹിര്‍ഷ്‌ലാന്‍ഡ് പറഞ്ഞു.