ഭരണാധികാരിയായി ഔദ്യോഗികമായി തുടരാനാവില്ലെങ്കിലും, അടക്കി ഭരിക്കാൻ ഒരാൾക്ക് അധികാരം ആവശ്യമില്ല എന്ന വസ്‌തുത, കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായപ്പോൾ ലാലു പ്രസാദ് യാദവ് ലോകത്തിന് കാണിച്ചുകൊടുത്തു. തൻറെ ഭാര്യ റാബ്രി ദേവിയെ ബിഹാർ മുഖ്യമന്ത്രിയാക്കിയതിലൂടെ!!
അന്നവിടെ ലാലു പ്രസാദ് യാദവ് നടപ്പിലാക്കിയത് തന്നെയാണ് ഇവിടെ മുൻ പ്രസിഡൻറ് ഒബാമയും ശ്രമിച്ചത്, അതിൽ അദ്ദേഹം വിജയിച്ചത്! സ്വന്തം റാബ്രി ദേവിയെ പ്രസിഡൻറ് ആക്കാൻ പറ്റിയില്ലെങ്കിലും, ചൂണ്ടി കാണിക്കുന്നേടത്ത് ഒപ്പിടാൻ നൂറ് ശതമാനം സമ്മതമുള്ള ഒരാളെ ഉയർത്തിക്കൊണ്ടുവരാൻ പറ്റിയ ആ കൗശലം
അംഗീകരിക്കാതെ വയ്യ!
സ്വന്തമായി ഒരു റേഷൻ കടയെങ്കിലും നടത്താത്തയാളെ ഒരു രാജ്യത്തിൻറെ ഭരണാധികാരിയാക്കിയാൽ, അയാൾ ആ രാജ്യം കുട്ടിച്ചോറാക്കും എന്നതിൻറെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഒബാമയുടെ എട്ട് വർഷത്തെ ഭരണം!
മഹത്തായ ഈ രാജ്യത്തെ കാർന്നു തിന്നുന്ന കാൻസറായി, ഒബാമയുടെ ഭരണത്തിലെ ഏറ്റവും വലിയ പാളിച്ചയായി മാറിയ ഒബാമകെയർ! ചിലവ് താങ്ങാനാകാതെ ഓരോരോ വ്യവസായങ്ങളും പൂട്ടുമ്പോൾ, ഓരോരോ കമ്പനിയും ഷട്ടറിട്ട് വേറെ രാജ്യത്തേക്ക് പോകുമ്പോൾ അതിന് പിന്നിലുള്ള യഥാർത്ഥ വില്ലൻ ഒബാമകെയറാണ്.
പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണ്. ജോലി തരുന്നവരെ പാപ്പരാക്കാനുള്ള നിയമങ്ങൾ എന്നറിയാവുന്ന ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കേണ്ടതാണ് അമേരിക്കയുടെ ഇന്നത്തെ ആവശ്യം! കമ്പനികളുടെ നേത്യസ്ഥാനത്തിരുന്ന് പരിചയം ഉള്ളതുകൊണ്ടാണ്, വ്യാപാരങ്ങളേയും വ്യവസായങ്ങളേയും തകർക്കുന്ന ഒബാമ കെയർ പോലുള്ള നിയമങ്ങളെ നഖശിഖാന്തം എതിർക്കാനും ചുവപ്പ് നാടകളെ തൂത്തെറിയാനും രാഷ്ട്രീയം തൊഴിലായി കാണാത്ത, പിന്നിട് ഭരണത്തിൽ വന്ന നേതാക്കൾ കിണഞ്ഞു ശ്രമിച്ചത്.
അതുപോലെ തന്നെ അമേരിക്ക എന്ന ഈ മഹാരാജ്യത്ത് എല്ലാ വിധ വ്യക്തിഗത സഞ്ചാര സ്വാതന്ത്ര്യത്തോടും ജീവിക്കാൻ അവകാശമുള്ളവരാണ് എല്ലാ പൗരന്മാരും! മുൻ പ്രസിഡൻറ് ഒബാമയുടെ തെറ്റായ "തുറന്ന അതിർത്തികൾ" നയങ്ങൾ മൂലം, ഒരിക്കൽ അമേരിക്കയിൽ പടർന്ന് പന്തലിച്ച്, ലോകത്തിലെ ഏറ്റവും ക്രൂരമായ MS-13 തെരുവ് സംഘങ്ങൾ അടക്കി വാണിരുന്ന തെരുവുകൾ; അതിന് ശേഷം അധികാരത്തിൽ വന്ന, കടുത്ത തീരുമാനങ്ങൾ എടുക്കാൻ മനകരുത്തുള്ള ഭരണകൂടത്തിൻറെ നാല് വർഷത്തെ കാവലിൽ MS-13 സംഘങ്ങളുടെ പേര് പോലും കേൾക്കാതെയായി.
അമേരിക്കക്ക് ഇന്ന് വേണ്ടത് അമേരിക്കക്കാരുടെ ആവശ്യങ്ങൾക്ക് പ്രഥമസ്ഥാനമാണ് സുരക്ഷിതമായ അതിർത്തികളാണ്; നിയമപരവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ കുടിയേറ്റമാണ്; ഒളിഞ്ഞും തെളിഞ്ഞുമായുള്ള അനന്തമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കൻ സൈനികർക്ക് ഒരു മോചനമാണ്; ബ്ലൂ കോളർ ജോലികൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരികയാണ്.
രാജ്യത്തിൻറെ അതിർത്തികൾ നിയമപ്രകാരം പ്രവേശിക്കുന്ന എല്ലാവർക്കുമായി തുറന്നിരിക്കാനും, നിയമത്തെ മറികടക്കുന്ന അല്ലെങ്കിൽ അവഗണിക്കുന്ന എല്ലാവർക്കുമായി അടയ്ക്കാനും കഴിയണം! അതിർത്തിയേ പാടില്ല എന്ന കരച്ചിലുകാരുടെ വായടപ്പിക്കാൻ ഒരു എളുപ്പവഴിയുണ്ട്. അനധികൃത കുടിയേറ്റം നിയമവിധേയമാക്കുക!! സ്പോൺസർ ചെയ്യുന്ന അമേരിക്കൻ പൗരൻ തൻറെ സ്വത്തിൽ പാതി അനധികൃത കുടിയേറ്റം നടത്തുന്ന ഒരു കുടുംബത്തിന് ഉടൻ കൊടുക്കക്കണം; അവർ അമേരിക്കയിൽ ചെയ്യുന്ന എല്ലാ കുറ്റ കൃത്യങ്ങൾക്കുള്ള ഉത്തരവാദിത്വവും സ്പോൺസർ ഏൽക്കണം! ഇങ്ങനെ ഒരു നിയമം വന്നാൽ 99% കരച്ചിൽ തൊഴിലാളികളും കരച്ചിൽ നിറുത്തി അവരുടെ പണിക്ക് പൊയ്ക്കോളും. പിന്നെ മഷിയിട്ട് നോക്കിയാൽ പോലും മലയാളികളെ ആ വഴിക്ക് കാണുകയുമില്ലാ!!
അന്യൻറെ വ്രണം വളമാക്കി വളരാമെന്ന രാഷ്ട്രീയ തന്ത്രം വശമില്ലാത്ത; കഠിനമായ തീരുമാനങ്ങളെടുക്കാൻ കഴിവും പ്രാപ്‌തിയുമുള്ള നേതാവ് അധികാരത്തിൽ വരണം! പൗരന്മാരുടെ ജീവനും സ്വത്തും അപകടപ്പെടുത്തി; കൊള്ളയും പിടിച്ചുപറിയും നടത്തി; പൊതുമുതൽ അഗ്നിക്കിരയാക്കുന്ന രാജ്യദ്രോഹികളെ തുറങ്കലിലടക്കാൻ ശേഷിയുള്ള നേതാവ് അമേരിക്കയെ നയിക്കണം.