Image

പൊളാൻസ്കിക്കും വെയിൻസ്റ്റീനും പിന്നാലെ മലയാളി ഭീമന്മാർ (കുര്യൻ പാമ്പാടി)

Published on 25 August, 2024
പൊളാൻസ്കിക്കും വെയിൻസ്റ്റീനും പിന്നാലെ മലയാളി ഭീമന്മാർ (കുര്യൻ പാമ്പാടി)

മലയാള സിനിമ ലോകത്തെ പിടിച്ചുകുലുക്കിയ ഹേമകമ്മീഷൻ റിപ്പോട്ടിനു തൊട്ടു പിന്നാലെ ഉയർന്ന കൊടുങ്കാറ്റിൽ ചലച്ചിത്രഅക്കാദമി അധ്യക്ഷ സ്ഥാനത്ത് ഇന്ന് രഞ്ജിത്തും അമ്മ എന്ന താരസംഘ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് സിദ്ദിക്കും രാജി വച്ചു

ലോക സിനിമാ രംഗത്ത് പ്രസിദ്ധരായ  റോമൻ പൊളാൻസ്കിയും  ഹാർവി വെയ്ൻസ്റ്റീനും ലൈംഗികക്കേസിൽ പെട്ടുഴലുന്നതിനു പിന്നാലെ വന്ന ഈ കേസുകൾ മലയാള സിനിമാ രംഗത്തിന്റ്രെ മാത്രമല്ല  ഇന്ത്യൻ സിനിമയുടെ തന്നെ അടിവേരിളക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

നൈഫ് ഇൻ ദി വാട്ടർ, റോസ്‌മേരീസ്‌ ബേബി തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്ത റോമൻ പൊളാൻസ്കി  (91)  ഫ്രഞ്ച്-പോളിഷ് വംശജനാണ്, ദി പിയാനിസ്റ് എന്ന ചിത്രത്തിന് 1991ൽ ഓസ്‌ക്കാർ  നേടി. 1997 ൽ 13  വയസുള്ള തന്റെ മകൾ സമാന്ത ഗ്വിലിയെ  പൊളാൻസ്കി മയക്കു മരുന്ന് നൽകി ബലാൽസംഗം ചെയ്തു എന്ന്  ജെയിൻ ഡോ  എന്ന   സ്ത്രീ 2017ൽ ലോസ് ഏഞ്ചൽസ് കോടതിയിൽ കേസ് കൊടുത്തു.

ലൈംഗികാപരോപണവുമായി  രേവതി സമ്പത്, സോണിയ തിലകൻ, സോണിയ മൽഹാർ


അന്ന് അമേരിക്കയിൽ ഉണ്ടായിരുന്ന പൊളാൻസ്കി അറസ്റ്റിലായി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം  ഫ്രാൻസിലേക്ക് കടന്നുകളഞ്ഞു. കേസിന്റെ വിചാരണ അടുത്ത വർഷം  ഓഗസ്റ്റിൽ  ലോസാഞ്ചൽസ് കോടതിയിൽ ആരംഭിക്കും.  അതോടൊപ്പം ഷാലറ്റ് ലൂയിസ് എന്ന ബ്രിട്ടീഷ് നടി നൽകിയ മറ്റൊരു മാനഭാഗകേസ് ഫ്രാൻസിൽ നടന്നുകൊണ്ടിരിക്കുന്നു.

മിരാ മാക്സ്  എന്ന കമ്പനിയിലൂടെ ഹോളിവുഡിലെ പ്രബല നിർമാതാവായി വാണ ഹാർവി വെയ്ൻസ്റ്റീൻ (72} ബലാത്സംഗ കേസുകളിൽ പെട്ട് ന്യൂയോർക്കിൽ ജയിലിലാണ്.  കേസിൽ തൽക്കാലത്തേക്ക് രക്ഷപ്പെട്ടെങ്കിലും പുതിയ വിചാരണ ഈ വരുന്ന നവംബർ 12നു  ആരംഭിക്കും.

സാമൂഹ്യ മാധ്യമങ്ങളിൽ ആഞ്ഞടിച്ച 'മി ടൂ' പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് വെയ്ൻസ്റ്റീൻ കേസ് ആണ്. ആദ്യം ഒരു പെൺകുട്ടി പരാതി ഉന്നയിക്കാൻ ധൈര്യം കാണിച്ചു. പ്രതി പണം കൊടുത്തു കേസുകൾ ഒതുക്കാൻ ശ്രമിച്ചു. ആ ശ്രമങ്ങൾക്കു  തെളിവ് വന്നതാണ് അയാളെ കുടുക്കിയത്.  

ആദ്യത്തെ വെടിപൊട്ടിച്ച ശ്രീകല മിത്ര, ഇരയായ രഞ്ജിത്

 

എൺപതു പേരാണ് ലൈംഗിക പീഡനപരാതികളുമായി എത്തിയത്. ന്യുയോർക്ക് കോടതിയിൽ പുനർവിചാരണക്കു ഉത്തരവായെങ്കിലും ലോസ് ഏഞ്ചൽസ് കോടതിയിലെ കേസിൽ 16 വർഷം  ശിക്ഷിക്കപെട്ടതുകൊണ്ടു ജയിലിൽ  കിടക്കുന്നു.  


കേരളത്തിലാകട്ടെ "ഏറ്റവും പ്രതിഭാസമ്പന്നനായ സംവിധായകൻ ' എന്ന് വിശേഷിപ്പിച്ചു  രഞ്ജിത്തിനെ സംരക്ഷിക്കാൻ  പെടാപ്പാടുപെട്ട സാംസ്കാരിക വകുപ്പ് മന്ത്രി രാജിവച്ചു ഒഴിയണമെന്ന ആവശ്യം ഒരു ട്വിസ്റ്റർ പോലെ ഇടതുപക്ഷ ഗവർമെന്റിനെ വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ട്.

മി ടൂ കൊടുങ്കാറ്റ് ഉണർത്തിയ പൊളാൻസ്കി, വെയ്ൻസ്റ്റീൻ


"എനിക്ക് രഞ്ജിത്തിനോട് വിരോധം ഒന്നുമില്ല. എന്നെ അയാൾ ലൈംഗികമായി പീഡിപ്പിച്ചുമില്ല. സിനിമയിൽ  റോൾ തരാമെന്നു  വ്ശ്വസിപ്പിച്ച്  കേരളത്തിലേക്കു  വിളിച്ച് വരുത്തി എന്നെ വിലയിരുത്താ നെന്ന മട്ടിൽ  എന്റെ ശരീരത്തിലും മുടിയിലും സ്പർശിച്ചു. എനിക്കതു ഇഷ്ട്ടമായില്ല, ഞാൻ രക്ഷപെട്ട് പുറത്തു പോയി; തിരികെ പ്പോകാൻ വിമാനടിക്കറ്റു പോലും കയ്യിൽ നിന്ന് വാങ്ങേണ്ടി വന്നു," ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീകല മിത്ര തുറന്നു പറഞ്ഞു.

'കേരള മന്ത്രി ആവശ്യപ്പെട്ടതു പോലെ  കേരളത്തിൽ വന്നു പരാതി എഴുതിക്കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്കു  ധാരാളം ജോലിയുണ്ട്. എന്നാൽ  കൊൽക്കത്തയിലും ബോംബയിലും പരക്കെ നടക്കുന്നതുപോലെ ദുരനുഭവങ്ങൾ ഉള്ളവർ പുറത്തു പറയാത്തവിധം ഇത് ഒരു കൊടുങ്കാറ്റായി മാറണം. അങ്ങിനെ സംഭവിക്കുമെന്ന് ഞാൻ ആശിക്കുന്നു,' മിത്ര വ്യക്തമാക്കി.  


"എനിക്ക് മൂന്ന് പെണ്മക്കളാണുള്ളത്. അമ്മയും ഭാര്യയുമുണ്ട്," രാജി വച്ചുകൊണ്ടു സിദ്ദിഖ് വെളിപ്പെടുത്തി. 'മാനഭംഗത്തിന് ഞാൻ കേസ് കൊടുക്കും. അതു വരെ ഞാൻ പുറത്തു നിൽക്കും,' സിദ്ദിഖ് പ്രഖ്യാപിച്ചു.

എനിക്ക് മൂന്ന് പെണ്മക്കൾ'  എന്ന് രാജിവച്ച സിദ്ദിഖ്

 

"വയനാട്ടിലെ എന്റെ വീട്ടിൽ (അതൊരു റിസോർട്ട് ആണ്) പത്രക്കാരും ഫോട്ടോഗ്രാഫർമാരും ഇരച്ചുകയറി എന്റെ സ്വകാര്യതയെ ഭഞ്ജിച്ചു.  അക്കാദമി പ്രസിഡന്റ്  ആയതു മുതൽ എന്നെ പുകച്ച് പുറത്താക്കാൻ ശ്രമം തുടങ്ങി. അത് വളർന്നു ഞാൻ വിശ്വസിക്കുന്ന ഇടതുപക്ഷ ഗവര്മെന്റിനെതിരെ തിരിഞ്ഞതോടെയാണ് ഞാൻ രാജി വയ്ക്കുന്നത്," ശബ്ദ സന്ദേശത്തിൽ റീണിത് പറഞ്ഞു


രഞ്ജിത്തും സിദ്ദിക്കും കാമറകൾക്കും മുമ്പിൽ വരാൻ വിസമ്മതിച്ചു.  


മലയാള സിനിമയിലെ പുഴുക്കുത്തു ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആദ്യത്തെ മലയാള ചലച്ചിത്രമായ വിഗതകുമാരൻ എന്ന ചിത്രത്തിന്റെ ആദ്യപ്രദർശനംനടന്ന തീയറ്ററിൽ നായകനടി പികെ റോസിക്ക് പ്രവേശനം നിഷേധിച്ചതാണ്. സവര്ണകഥാപാത്രമായി അഭിനയിച്ചതിന്റെ പേരിൽ അവർക്കു നാടുവിട്ടോ ടേണ്ടി വന്നു. സംവിധായകൻ ജെ സി ഡാനിയലിനും അതേ  ഗതി.

13കാരിയെ (ഇടത്ത്) ബലാത്സംഗം ചെയ്ത്  അറസ്റ്റിലായ പൊളാൻസ്കി,കൂട്ടുകാരികളോടൊപ്പം. ചിത്രം ദി ന്യൂയോർക്കർ      

 

എന്നാൽ വർഷങ്ങൾക്കൊടുവിൽ ഏറ്റവും മികച്ച ചലച്ചിത്രത്തിനു ജെസി ഡാനിയൽ പുരസ്ക്കാരം ഏർ ർപ്പടുത്തിക്കൊണ്ടാണ് കേരളം അതിനു പ്രായച്‌ഛിത്തം ചെയ്തത്. എന്നിട്ടും റോസിയുടെ കഥ സെല്ലുലോയ്‌ഡ്‌ എന്ന പേരിൽ ചിത്രമാക്കിയ കമൽ അക്കാദമായി അധ്യക്ഷൻ ആയിരിക്കുമ്പോൾ പോലും അവരുടെ പേരിൽ അവാർഡ് ഏർപ്പെടുത്തണമെന്ന നിലവിളി കേട്ടില്ല.

കേരളത്തിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ ഒരാൾ തന്റെ പല ചിത്രങ്ങളിലും നായികയാക്കിയ കോട്ടയംകാരിയായ ഒരാൾക്ക്  തന്റെ കുട്ടികൾ സഹിതം വീടുവച്ചുകൊടുത്ത് താമസിപ്പിച്ച കഥ മുതിർന്ന പലർക്കും അറിയാം. അങ്ങിനെ എത്രയെത്ര സംഭാവങ്ങൾ! ഇത് വരെ അതൊന്നുംചോദിക്കാൻ മലയാളത്തിൽ ആരും ഒരുമ്പെട്ടിട്ടില്ല.  

ഇനി അതൊക്കെ മാറും. പ്രമുഖ നടൻ മുകേശിന് എതിരെയും ഒരു നടി ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇനിയും മലയാളത്തിലെ എത്രയോ  വൻ  വിഗ്രഹങ്ങൾ വീണുടയാൻ ഇരിയ്ക്കുന്നു!
 

Join WhatsApp News
Abdul 2024-08-26 03:18:40
Kurian sir, thank you for providing these exciting information.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക