പരുന്തു പറക്കും പോൽ മാനത്തു പറക്കുവാൻ
പരുങ്ങി നടക്കുന്ന കോഴിക്കു കഴിയുമോ?
പറക്കാൻ പഠിച്ചൊരാ നാളുതൊട്ടാകാശത്തിൽ
കറങ്ങും പരുന്തിനു വിണ്ണുതാനതിമുഖ്യം !
പറക്കാൻ കഴിയുമോ? കഴിയില്ലയോ? യെന്നു
പറയാനാവില്ലതു ശ്രമിക്കുന്നതു വരെ!
'ആയിരം കാതം ദൂരം നടക്കാനാണെങ്കിലും
ആദ്യത്തെ കാൽവയ്പ്പല്ലോ മുഖ്യമാം ഘടകവും'!
'എനിക്കു കഴിയുമെന്ന' വിശ്വാസമൊന്നല്ലയോ
എപ്പോഴും വിജയത്തി ലെത്തിയ്ക്കുന്നതു നമ്മെ!
'എന്നാലതാവില്ലെന്നു' മനസ്സു ചോന്നെന്നാലും
'എന്നാലതാവുമെന്നു' മാറ്റി നാം ചൊല്ലിക്കണം!
നല്ലതിനാണെന്നാകിൽ നന്മ താൻ ഫലമെങ്കിൽ
നമുക്കു നമ്മെത്തന്നെ മാറ്റുവാൻ പഠിക്കണം!
മനസ്സു ചൊല്ലുന്നതു ശരിയോ തെറ്റോ യെന്നു-
മറിയാൻ പുനർ പുനർ ചിന്തനം ചേയ്യേണം നാം!
ആർത്തനായിരിക്കാതെ, ആരെയും ഭയക്കാതെ
തന്നാലാതാവുമെന്നു തിരുത്തി ചിന്തിപ്പോരേ,
സന്ദേഹമെന്യേ ചൊല്ലാം, ആശയും', സ്വപ്നങ്ങളും
സന്തോഷ പ്രദായിയായ് സാക്ഷാത്കരിക്കും നാളെ!
പരുന്തു പറക്കും പോൽ കോഴിയും പറക്കുമ്പോൾ
പറക്കില്ലെന്നു ചൊന്നോർ വിസ്മയസ്തബ്ദരാകും!
വെടിയൂ, അപകർഷ ചിന്തയും സങ്കോചവും
വെന്നിക്കൊടി പാറട്ടെ, വിജയം വരിക്കട്ടെ!
---------------