മദ്ധ്യവയസ്‌ക ദമ്പതിമാരായ ഔസേപ്പച്ചന്റെയും കുഞ്ഞന്നാമ്മയുടെയും ജീവിതത്തില്‍ പെട്ടെന്ന് ഒരു കരിനിഴല്‍. സ്ഥലത്തെ വികാരിയച്ചന്‍ വിളിച്ചു തിരക്കിയപ്പോള്‍ ഔസേപ്പച്ചന്‍ തന്റെ ഒരു പഴയ പ്രണയകഥ അദ്ദേഹത്തോടു പറഞ്ഞു.
രണ്ടാനമ്മയുടെ പീഡനം നിമിത്തം ഔസേപ്പച്ചന്‍ തന്റെ കൗമാരകാലത്തെ താമസം അമ്മവീടായ പൂന്തേനരുവിയിലേക്കു മാറ്റി. അവിടെയുള്ള കോശി മുതലാളിയുടെ മകള്‍ വത്സമ്മ ഹൈസ്‌കൂള്‍ പഠനകാലത്ത് അവന്റെ സഹപാഠിയായിരുന്നു. അക്കാലത്ത് അവര്‍ തമ്മില്‍ അടുത്തു. പത്താംക്ലാസ് വരെയുള്ള പഠനത്തിനുശേഷം ഔസേപ്പച്ചന്‍ തന്റെ പിതാവിന്റെ പക്കലേക്കു മടങ്ങിയെങ്കിലും വത്സമ്മയുടെ പ്രണയലേഖനങ്ങള്‍ അവനു കിട്ടിക്കൊണ്ടിരുന്നു. സാമ്പത്തികമായി തങ്ങള്‍ തമ്മില്‍ വലിയ അന്തരം ഉണ്ടായിരുന്നതിനാല്‍ ഔസേപ്പച്ചന്‍ ആ ബന്ധത്തില്‍ ശുഭാപ്തി വിശ്വാസം കുറവായിരുന്നു.
ഒടുവില്‍ പ്രണയം കോശിമുതലാളി അറിഞ്ഞതോടെ പ്രശ്‌നങ്ങളായി. ഔസേപ്പച്ചനെ മാത്രമേ വിവാഹം കഴിക്കൂ എന്നു വാശിപിടിച്ച വത്സമ്മ വീട്ടുതടങ്കലിലായി.
സമ്പന്നനായ ഒരു ഡോക്ടറുമായുള്ള വിവാഹാലോചന അവള്‍ക്കു വന്നു. അതറിഞ്ഞ ഔസേപ്പച്ചനും അവളെ ഡോക്ടര്‍ ജോണിനെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. താനും മറ്റൊരു വിവാഹത്തിലേക്കു നീങ്ങുകയാണെന്നും ഭാവിയില്‍ തങ്ങള്‍ക്കു ജനിക്കുന്ന മക്കളെ തമ്മില്‍ വിവാഹിതരാക്കാമെന്നും അയാള്‍ പറഞ്ഞു.
അങ്ങനെ വത്സമ്മയും ഡോക്ടറുമായുള്ള വിവാഹം വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ നടന്നു. കോശിമുതലാളി അയാളുടെ സ്വത്തുക്കള്‍ മുഴുവന്‍ ഡോക്ടര്‍ ജോണിന്റെയും വത്സമ്മയുടെയും പേരില്‍ എഴുതിക്കൊടുത്തു.
മുടിയനായ ഡോക്ടര്‍ ജോണ്‍ മദ്യപാനത്തിലൂടെയും സ്ത്രീസേവയിലൂടെയും സമ്പത്തത്രയും നശിപ്പിച്ചുതുടങ്ങി. മരുമകന്റെ ദുര്‍ന്നടപ്പില്‍ മനസ്സുനീറി വത്സമ്മയുടെ മാതാപിതാക്കള്‍ മരിച്ചു. പ്രമാണങ്ങളില്‍ വത്സമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച ഒപ്പിടുവിച്ച് ഡോ. ജോണ്‍ സമ്പത്തു മുഴുവന്‍ കൈക്കലാക്കി.
അനന്തരം ഒരു സുപ്രഭാതത്തില്‍ അയാള്‍ അപ്രത്യക്ഷനായി. അയാള്‍ ഇംഗ്ലണ്ടിലേക്കു കടന്നെന്നും അവിടെ ഒരു മദാമ്മയെ വിവാഹം ചെയ്തുവെന്നും പിന്നാലെ ഒരു വാര്‍ത്ത കേട്ടു.
എന്തായാലും വത്സമ്മ ഒരു വാടകവീട്ടിലേക്കു മാറിതാമസിച്ചു. അവളുടെ മകള്‍ റോസിലിക്ക് ഇപ്പോള്‍ ഇരുപതു വയസ് പ്രായമായി.
തന്റെ പഴയ കാമുകനായ ഔസേപ്പച്ചന്റെ മകന്‍ സണ്ണിച്ചന്റെ വിവാഹം ഉറപ്പിച്ചെന്ന് വത്സമ്മ അറിയുന്നു. തങ്ങളുടെ മക്കളെത്തമ്മില്‍ വിവാഹം കഴിപ്പിക്കാമെന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയ വാഗ്ദാനം വത്സമ്മ ഓര്‍ക്കുന്നു.
കമ്പനി മാനേജരായ ഐസക് സാറിന്റെ മകള്‍ വിമലയുമായുള്ള വിവാഹനിശ്ചയമനുസരിച്ച് സണ്ണിച്ചന് നല്ല സ്ത്രീധനവും മികച്ചൊരു ജോലിയും ഓഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
അതിനിടയിലാണ് പഴയ വാഗ്ദാനം ഔസേപ്പച്ചനെ ഓര്‍മ്മപ്പെടുത്താനുള്ള വത്സമ്മയുടെ വരവ്. അതോടെ രംഗം കലുഷിതമായി. മകന്‍ വിമലയെ വിവാഹം കഴിക്കേണ്ടന്നായി ഔസേപ്പച്ചന്‍.
ഇങ്ങനെ കുടുംബാന്തരീക്ഷം ആകെ കലങ്ങി മറിയുന്ന അവസ്ഥയിലാണ് വികാരിയച്ചന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതും ഔസേപ്പച്ചനോടു കാര്യങ്ങള്‍ തിരക്കിയതും.
ഈ സമയം താന്‍ മൂലം ഔസേപ്പച്ചന്റെ കുടുംബജീവിതം തകരേണ്ടെന്ന ആഗ്രഹത്തോടെ വത്സമ്മ പിന്മാറി. എന്നാല്‍ തന്റെ വാക്കു പാലിക്കുന്നതിനുവേണ്ടി ഔസേപ്പച്ചന്‍ മകനെ നിര്‍ബന്ധിച്ച് വിമലയുമായുള്ള വിവാഹാലോചന ഉപേക്ഷിച്ചു.
ഒടുവില്‍ സണ്ണിച്ചനും റോസിലിയും വിവാഹിതരായി. എന്നാല്‍ വിമലയെ ഉപേക്ഷിച്ച് റോസിലിയെ വിവാഹം കഴിക്കേണ്ടി വന്ന സണ്ണിച്ചന് അവളോടു വെറുപ്പായിരുന്നു. ഔസേപ്പച്ചന്‍ ഒഴികെയുള്ള വീട്ടുകാരും അവളെ അവഗണിച്ചു.
നവദമ്പതികളെ വധുഗൃഹത്തിലേക്കു വിരുന്നിനു കൊണ്ടുപോകാന്‍ വന്ന വത്സമ്മ അപമാനിതയായി. തൊട്ടുപിന്നാലെ അവിടെ ഒരു കുടുംബകലഹം നടന്നു. കുഞ്ഞന്നാമ്മ കിണറ്റില്‍ ചാടുന്നിടം വരെയെത്തി പ്രശ്‌നങ്ങള്‍.
എങ്കിലും ക്ഷമാപൂര്‍വ്വമുള്ള റോസിലിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കുടുംബാംഗങ്ങള്‍ക്ക് അവളോടുള്ള നീരസം കുറഞ്ഞുവന്നു. എങ്കിലും വിമലയെ തഴഞ്ഞ് റോസിലിയെ വിവാഹം കഴിക്കേണ്ടി വന്ന സണ്ണിച്ചന് അവളോടുള്ള നീരസം ബാക്കിനിന്നു. ഭര്‍ത്താവിന്റെ സ്‌നേഹം ലഭിക്കാതിരുന്ന റോസിലി തന്റെ വീട്ടിലേക്കു മടങ്ങി.
വീട്ടിലെത്തിയ റോസിലി കൂട്ടുകാരി സൗമിയുടെ സഹായത്തോടെ വിദേശത്തേക്കു പോകുവാന്‍ ഒരുമ്പെട്ടു. അതിനുവേണ്ടി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ക്ക് പള്ളി വികാരിയെ സമീപിച്ചതോടെ ഫാ. ഫിലിപ്പ് വീണ്ടും പ്രശ്‌നത്തില്‍ ഇടപെട്ടു.
ഇതിനിടെ വിമലയുടെ ചില പരപുരുഷബന്ധങ്ങള്‍ സണ്ണിച്ചന്‍ അറിഞ്ഞു. അതോടെ അവന് തന്റെ മുന്‍കാമുകിയോടുള്ള താല്‍പര്യം കുറഞ്ഞു. സുന്ദരിയും സല്‍സ്വഭാവിയുമായ റോസിലിയിലേക്ക് അവന്റെ മനസ്സ് വീണ്ടും തിരിഞ്ഞു.
അപ്പോഴാണ് വിവാഹമോചന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് റോസിലി അച്ചനെ സമീപിക്കുന്നത്. റോസിലിക്ക് നിര്‍ബന്ധമാണെങ്കില്‍ വിവാഹ മോചനം ആവാം. പക്ഷേ, ബന്ധം പിരിയാന്‍ തനിക്കു താല്‍പര്യമില്ല എന്നായിരുന്നു അപ്പോള്‍ സണ്ണിച്ചന്റെ നിലപാട്.
സണ്ണിച്ചന്റെ കുടുംബാംഗങ്ങളും അപ്പോള്‍ ഒന്നടങ്കം റോസിലിക്കുവേണ്ടി രംഗത്തെത്തി. അറ്റുപോയ ആ ദാമ്പത്യബന്ധം വിളക്കിച്ചേര്‍ക്കുവാന്‍ ഫാ. ഫിലിപ്പും തന്നാലാവും വിധം ശ്രമിച്ചു.
ഇതിനിടെ വത്സമ്മയെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവ് ഡോക്ടര്‍ ജോണ്‍ ഇംഗ്ലണ്ടില്‍ വച്ച് മരണപ്പെട്ടു. അയാളുടെ വമ്പിച്ച സ്വത്തിന് വത്സമ്മയും റോസിലിയുമൊക്കെ അര്‍ഹരായി. പൂന്തേനരുവിയുടെ തീരത്ത് വത്സമ്മ വലിയൊരു ബംഗ്ലാവു വാങ്ങി. രമൃതയിലായ സണ്ണിച്ചനും റോസിലിയും അവിടെ നിന്നാണ് തങ്ങളുടെ ഹണിമൂണ്‍ ടൂറിന് പുറപ്പെട്ടത്.
ഒരാഴ്ചയ്ക്കുശേഷം ഫാ. ഫിലിപ്പിനെയും അവര്‍ സന്ദര്‍ശിച്ചു. വലിയൊരു തുക ഇടവകയിലെ സാധുയുവതികളുടെ വിവാഹത്തിനുവേണ്ടി അവര്‍ വികാരിയച്ചനെ ഏല്പിച്ചു.
പള്ളിയുടെ മുഖവാരത്തില്‍ ഉള്ള ക്രിസ്തുരാജന്റെ രൂപത്തിലേക്കു കൈകളുയര്‍ത്തി അച്ചന്‍ പറഞ്ഞു. ''എല്ലാം അവിടുത്തെ അനുഗ്രഹങ്ങള്‍. ഒരിക്കലും വറ്റാത്തതും മനുഷ്യന് ഊഹിക്കാനാവാത്തതുമായ കാരുണ്യത്തിന്റെ പൂന്തേനരുവി. ദൈവത്തില്‍ ആശ്രയിക്കൂ നമ്മള്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല''.
('പൂന്തേരുവി' സിനിമയായപ്പോള്‍ പ്രേംനസീറും നന്ദിതാ ബോസുംപ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു.)
Read More: https://emalayalee.com/writer/285