Image

ഹോട്ടല്‍ മാര്‍സെയില്‍ (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-21: നീനാ പനയ്ക്കല്‍)

Published on 27 August, 2024
ഹോട്ടല്‍ മാര്‍സെയില്‍ (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-21: നീനാ പനയ്ക്കല്‍)

ജൂണ്‍ 23, 1947 ഉച്ചകഴിഞ്ഞ സമയം എന്റെ മമ്മായും ഞാനും ഒഴിഞ്ഞ ഇടനാഴിയിലൂടെ നടക്കുകയാണ്. നടന്നു നടന്ന് കപ്പല്‍ത്തുറയിലെ ഒരു വലിയ മുറിയില്‍ എത്തിച്ചേര്‍ന്നു. ഒരു ചെറിയ കളരിയോ പോര്‍ക്കളമോ പോലെ വിശാലമായിരുന്ന ആ മുറി. അവിടെ കപ്പലില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ പേരുകള്‍ ലൗഡ് സ്പീക്കറില്‍ വിളിച്ചു പറയും. ഇവിടെ നിന്നാണ് യാത്രക്കോരെ അവരുടെ സ്വന്തക്കാരോ കൂട്ടുകാരോ വന്ന് കൂട്ടിക്കൊണ്ടുപോകുന്നത്. ഞങ്ങള്‍ വളരെ താമസിച്ചാണ് ഈ മുറിയിലേക്ക് എത്തിയത്. അതുമൂലം അവിടെ മറ്റാരും ഉണ്ടായിരുന്നില്ല, ഒരാളൊഴികെ. നല്ല തടിച്ച് നീളം കുറഞ്ഞ, അന്‍പതിനോടടുത്ത് പ്രായമുള്ള അയാള്‍ ഒരു പനാമത്തൊപ്പി ധരിച്ചിരുന്നു. ലൗഡ്‌സ്പീക്കറില്‍ ഞങ്ങളുടെ പേരുകള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അങ്ങേര്‍ ഞങ്ങളെ നോക്കി ചിരച്ച്, ഊഷ്മളമായി ഞങ്ങളെ സ്വീകരിച്ചു. എന്തൊരത്ഭുതം!     വിക്ടര്‍ ആഡ്‌ലര്‍ എന്ന ഈ ആളുമായോ, ഭാര്യ ബെസ്സിയുമായോ ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. പപ്പായുടെ അകന്ന ബന്ധുക്കളായിരുന്നു ഇവര്‍. 1937ലോ 1938 ലോ ഇവര്‍ ഡ്യുസല്‍ഡോര്‍ഫ് വിട്ടിരുന്നു. ഞങ്ങള്‍ ഇവിടെ വ ന്നെത്തിയ വിവരം ആഡ്‌ലര്‍ കുടുംബം അറിഞ്ഞത് എങ്ങനെയെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല.
ഞങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത അമേരിക്കന്‍ ജോയിന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്മറ്റി  ബ്രോഡ്‌വേയിലെ മാന്‍ഹാറ്റനില്‍ 'ഹോട്ടല്‍ മാര്‍സെയിലില്‍' ബന്ധുക്കള്‍ ആരും സ്വീകരിക്കാന്‍ ഇല്ലാത്തവര്‍ക്കു വേണ്ടി മുറികള്‍ മാറ്റിവച്ചിരുന്നു. വിക്ടര്‍ അങ്ങേരുടെ വലിയ ലക്ഷ്വറി കാറില്‍ (അന്നു ഞങ്ങള്‍ക്ക് അങ്ങനെ തോന്നി) ഞങ്ങളെ കയറ്റി ഹോട്ടല്‍ 'മാര്‍സെയിലില്‍' കൊണ്ടുപോയി.
കാര്‍ യാത്രയില്‍ ഞാന്‍ കഴുത്തുവളച്ച് മാന്‍ഹാറ്റന്‍ എന്ന വലിയ സിറ്റിയിലെ കാഴ്ചകള്‍ കാണാന്‍ ശ്രമിച്ചു. ഏതെല്ലാം തരത്തിലുള്ള മനുഷ്യര്‍! സ്വര്‍ണ്ണമുടിയുളള സ്വര്‍ണ്ണ ശരീരവര്‍ണ്ണമുള്ളവര്‍, കറുത്തതും ഒലിവ് നിറത്തിലുമുള്ള തൊലിയുള്ളവര്‍, ഘനമില്ലാത്ത സ്യൂട്ടുകള്‍ ധരിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ അവര്‍ക്കും പനാമത്തൊപ്പികളുണ്ടായിരുന്നു. ആളുകള്‍ കാറുകളിലും, സൈക്കിളുകളിലും കാല്‍നടയായും പായുന്നു. വഴിയരികില്‍ വണ്ടികളില്‍ പഴവര്‍ഗ്ഗങ്ങളും, ജ്യൂസുകളും വില്‍ക്കാന്‍ ആളുകള്‍ നില്‍ക്കുന്നു. ഹോട്ട്‌ഡോഗ് വില്‍ക്കുന്നവരുമുണ്ട്. എങ്ങു നോക്കിയാലും വലിയ പരസ്യപ്പലകകള്‍. ഒരു വലിയ പരസ്യപ്പലകയില്‍ ഒരാള്‍ പുകവലിക്കുന്നു. അയാളുടെ വായില്‍ നിന്ന് പുക പുറത്തു വരുന്നുണ്ട്. വീഥികളില്‍ ചെകിട് അടപ്പിക്കുന്ന ശബ്ദം. ട്രാഫിക് കുരുക്കുകള്‍, കൂറ്റന്‍ കെട്ടിടങ്ങള്‍, ചൂളമടിച്ച് ട്രാഫിക്കിനെ നിയന്ത്രിക്കുന്ന പോലീസുകാര്‍. ഇവയെല്ലാം എന്റെ കണ്‍മുന്നിലൂടെ പായുകയാണ്, ഹൈവേയിലൂടെ ഉയര്‍ന്ന റോഡുകളിലൂടെ, പാലങ്ങള്‍ക്കിടയിലൂടെ തലകറക്കമുണ്ടാക്കുന്ന വേഗതയില്‍. വിക്ടര്‍ നല്ല കാഴ്ചകളെ വിരല്‍ ചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് എല്ലാം കൂടി തലയ്ക്കകത്തേക്ക് കയറുന്നില്ല.

വിക്ടര്‍ ഞങ്ങളെ ഹോട്ടല്‍ മാര്‍സിയേലില്‍ കൊണ്ടുപോയി. വളരെ പഴക്കമുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു അത്. കുറെയേറെ പഴക്കമതിനുണ്ടായിരുന്നു എങ്കിലും എനിക്കത് ലക്ഷ്വറിയായി തോന്നി. അകത്തു കയറാന്‍ ഒരു വലിയ വാതിലും വാതില്‍ കടന്നു ചെല്ലുമ്പോള്‍ വിശ്രമമുറിയും ഉണ്ട്. ഞങ്ങളുടെ മുറി വലുതും നല്ല വെളിച്ചമുള്ളതും ആയിരുന്നു. വിക്ടര്‍ ഞങ്ങളോട് എല്ലാമൊന്ന് നോക്കി പരിചയപ്പെടാനും അവിടെയുള്ള ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്യാനും പറഞ്ഞു. കുറച്ചു കഴിഞ്ഞിട്ട് അയാള്‍ വന്ന് ഞങ്ങളെ കൊണ്ടുപോകും.
ഒരിക്കലും നിന്നുപോകാത്ത ചൂടുവെള്ളത്തില്‍ ഒരു നല്ല കുളി കഴിഞ്ഞ് (സ്വര്‍ഗ്ഗം കിട്ടിയതുപോലെ തോന്നി കുളി കഴിഞ്ഞപ്പോള്‍) ഞങ്ങള്‍ ബ്രോഡ്‌വേയില്‍ ആളുകളോടൊപ്പം നടക്കാനും പുതിയ ദേശം കാണാനുമിറങ്ങി. ചെറിയ കടകളില്‍ കുന്നുകളുടെ ആകൃതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിവിധയിനം പഴങ്ങളും ആഹാരക്കടകളും ഗ്രോസറിക്കടകളും നോക്കി ഞങ്ങള്‍ അതിശയിച്ചു നിന്നു. എണ്ണമില്ലാത്ത വിധങ്ങളിലുള്ള മാംസവും, മത്സ്യവും കോള്‍ഡ് കട്ടുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നിരവധി റസ്റ്റോറന്റുകളും ബാങ്കുകളും!! ന്യൂസ് പേപ്പര്‍ ബൂത്തുകളും ഷൂ തിളക്കുന്ന സ്റ്റാന്റുകളും ബാര്‍ബര്‍ ഷോപ്പുകളും തുണിയലക്കു കടകളും .
ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് നേരത്തേ രാത്രി ഭക്ഷണം കഴിച്ചു. അഖഉഇ ആണ് അത് ഏര്‍പ്പെടുത്തിയിരുന്നത്. വിക്ടര്‍ ആഡ്‌ലറും പത്‌നിയും വൈകുന്നേരം വന്ന് ഞങ്ങളെ ഒരു ഹോണ്‍ ആന്‍ഡ് ഹാര്‍ഗാര്‍ട്ട്  കഫേയില്‍ ഡിസേര്‍ട്ട് കഴിക്കാനും ഡ്രിങ്കിനും കൊണ്ടുപോയി. എങ്ങനെയാണ് ആഹാരം വാങ്ങേണ്ടത് എന്നതിന് വിക്ടര്‍ ഒരു ക്ലാസ്സ് തന്നു. ഒരുപാടുതരം പഴവര്‍ഗ്ഗങ്ങളും കേക്കുകളും ഐസ്‌ക്രീമുകളും ചോക്കളേറ്റുകളും ക്രീം പഫ്‌സുകളും കണ്ടപ്പോള്‍ തലകറങ്ങിപ്പോയി. ഗ്രേപ്പ്ഫ്രൂട്ട്, പൈനാപ്പിള്‍, മെലന്‍ ഇവ ചെറിയ കഷണങ്ങളായി ചെറിയ അറകളില്‍ ഗ്ലാസ് കതകുകള്‍ക്കുള്ളില്‍ വച്ചിരിക്കുന്നു. ഓരോന്നിനും വിലയും നമ്പരും ഉണ്ട്. വില സ്ലോട്ടില്‍ ഇട്ടശേഷം നമ്പരില്‍ കുത്തിയാല്‍ നമുക്കിഷ്ടമുള്ള സാധനം നമ്മുടെ മുന്നില്‍ വരും. കണ്ണാടിക്കതകു തുറന്ന് എടുത്താല്‍ മാത്രം മതി. ഞങ്ങളെ അതിശയിപ്പിച്ച സാധനങ്ങള്‍ക്ക് അറുതിയില്ലായിരുന്നു.
അടുത്ത ദിവസം ആല്‍ബര്‍ട്ട് ഐസിംഗ് ഹോട്ടലില്‍ എന്നെ കാണാന്‍  വന്നു. ഒരു ചെറിയ ഗ്രോസറിക്കടയില്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന ജോലി അയാള്‍ക്ക് കിട്ടി. ചലം ഥീൃസ ഠശാല െന്യൂയോര്‍ക്ക് ടൈംസ് പേപ്പറില്‍  ഹെല്‍പ്പ് വാണ്ടഡ് കോളം ജോലിയന്വേഷിക്കുന്നവര്‍ക്ക് ഉപകാരപ്പെടുമെന്ന് അയാള്‍ പറഞ്ഞു.
ഞാന്‍ ഒരു ന്യൂസ്‌പേപ്പര്‍ വാങ്ങി. ഒരു നാനി(ആയ)ക്കു വേണ്ടിയുള്ള പരസ്യം കണ്ടു. ഇന്റര്‍വ്യൂവിനുള്ള സ്ഥലവും തീയതിയും പത്രത്തില്‍ ഉണ്ടായിരുന്നു. അഡ്രസ് ഒരു വലിയ ഓഫീസ് ബില്‍ഡിംഗിന്റേത് ആയിരുന്നു, മിഡ്ടൗണ്‍ മാന്‍ഹാട്ടനില്‍. ഞാന്‍ എന്റെ ആദ്യത്തെ ട്രെയിന്‍ (സബ്‌വേ) യാത്ര നടത്തി. ട്രെയിന്‍ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ വെന്‍ടിംഗ് മെഷീന്‍ കണ്ടപ്പോള്‍ വല്ലാത്ത ആഗ്രഹം തോന്നി. എന്റെ കൈയില്‍ ഉണ്ടായിരുന്ന ഒരു പെനി കൊണ്ട് ഞാനൊരു ചെറിയ ഹെര്‍ഷി ചോക്കളേറ്റോ, ച്യൂയിംഗ് ഗമ്മോ, അതോ ചിക്ക്‌ലെറ്റോ ഇതിലേതോ വാങ്ങിയെന്നാണ് എന്റെ ഓര്‍മ്മ. യാത്രക്കാരെല്ലാവരും ഗം ചവച്ചിരുന്നു. എല്ലാ സ്ത്രീകളും ചുവന്ന നെയില്‍ പോളിഷ് ഉപയോഗിച്ച് നഖങ്ങള്‍ക്ക് നിറം കൊടുത്തിരുന്നു. അതുകൊണ്ട് ഞാനും ഒരു ചുവന്ന നെയില്‍ പോളീഷ് വാങ്ങണമെന്ന കാര്യം മനസ്സില്‍ കുറിച്ചിട്ടു. എന്റെ സംസാരത്തിലെ ആക്‌സെന്റിനെക്കുറിച്ച് ഞാന്‍ ബോധവതിയായിരുന്നു. എനിക്ക് അമേരിക്കക്കാരെപ്പോലെ പെരുമാറണമെന്നും, അവരെപ്പോലെ ആവണമെന്നും തോന്നി.
ഒരു വലിയ വ്യാപാരസ്ഥലത്തെ ഓഫീസില്‍ വച്ചായിരുന്നു ഇന്റര്‍വ്യൂ നടന്നത്. വിശാലമായ ആഫീസ് മുറിയിലേക്ക് സെക്രട്ടറി എന്നെ ആനയിച്ചു. അവിടെ ഇരുപതോളം കറുത്തവര്‍ഗ്ഗക്കാരികള്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ മാത്രമായിരുന്നു ഒരേയൊരു വെളുത്ത അപേക്ഷക. വളരെ നേരത്തെ കാത്തിരിപ്പിനു ശേഷം ഏറ്റവും അവസാനത്തെ ആളായി എന്നെ മനോഹരമായ ഒരു ഓഫീസ് മുറിയിലേക്ക് ആനയിച്ചു. അവിടെ  വളരെ ഭംഗിയില്‍ വസ്ത്രധാരണം ചെയ്ത, കറുത്ത തലമുടിയുള്ള ഏകദേശം മുപ്പതു വയസ്സു തോന്നിപ്പിക്കുന്ന ഒരു യുവതി എന്നെ അഭിവാദനം ചെയ്തു. ഞാന്‍ കുട്ടികളെ മുന്‍പ് നോക്കിയിട്ടുണ്ടോ എന്നവര്‍ ചോദിച്ചു. ഞാന്‍ എപ്പോഴെങ്കിലും നാനി എന്ന പദവിയില്‍ ജോലി ചെയ്തിട്ടുണ്ടോ?
തെരിസിന്‍സ്റ്റാട്ടിലും ഡെഗ്ഗന്‍ഡോര്‍ഫിലും ഞാന്‍ കുട്ടികളുടെ ഇടയില്‍ ജോലി ചെയ്തകാര്യം വിവരിച്ചു. അപ്പോള്‍ തന്നെ ആ സ്ത്രീ എന്നെ ജോലിക്ക് എടുത്തു. അവര്‍ക്ക് അത്യാവശ്യമായി ഒരാളെ ജോലിക്ക് വേണ്ടിയിരുന്നു. അവരുടെ നാനി പെട്ടെന്ന് പോയതിന്റെ ഒഴിവില്‍. ഞാന്‍ ഹ്യൂലിറ്റില്‍ ട്രെയിനില്‍ ചെന്നെത്തിയിട്ട് അവരെ വിളിക്കണമെന്നും അവര്‍ സ്റ്റേഷനില്‍ വന്ന് എന്നെ കൊണ്ടുപോകാമെന്നും ഞങ്ങള്‍ പറഞ്ഞൊത്തു. (ആ സമയത്ത് അവിടെയിരുന്ന കറുത്ത സ്ത്രീകളില്‍ ഒരാളെയും ജോലിക്കെടുക്കാതെ എന്നെ എടുത്തതിന്റെ ലക്ഷ്യമെന്താണെന്ന് ഞാന്‍ ചിന്തിച്ചില്ല. ്യൂഞാന്‍ തീര്‍ച്ചയാക്കിയത് എനിക്ക് ആ ജോലിക്കുള്ള ഉയര്‍ന്ന ക്വോളിഫിക്കേഷന്‍ ഉണ്ടായിരുന്നു എന്നാണ്.)
ഡ്യൂസല്‍ഡോര്‍ഫില്‍ വിക്ടറും ബെസ്സിയും തഴച്ചുവളരുന്ന ഒരു ചോക്കളേറ്റ് കമ്പനി നടത്തിയിരുന്നു. അവര്‍ അതിനേക്കാള്‍ വലിയ ഫാക്ടറിയും സ്റ്റോറും ന്യൂയോര്‍ക്കിലെ അപ്പര്‍ ബ്രോഡ്‌വേയില്‍ നടത്തുകയാണ് ഇപ്പോള്‍. അവരുടെ മിഠായികളും കാന്‍ഡികളും കൈകൊണ്ട് ചോക്കളേറ്റില്‍ മുക്കി അലങ്കരിച്ചവയായിരുന്നു. പ്രത്യേകമായും വളരെ വിശേഷപ്പെട്ട ഒരു കാന്‍ഡിയെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. അവരുടെ ഫാക്ടറിയില്‍ ഒരു തടിച്ചു കുറുകിയ മധ്യവയസ്‌കയായ സ്ത്രീയുണ്ടായിരുന്നു. അവര്‍ ഓരോ കാന്‍ഡിയും കട്ടിയുള്ള ഒഴുകുന്ന ചോക്കളേറ്റില്‍ മുക്കും. അവരുടെ വിരലുകളിലൂടെ കട്ടിയുള്ള ചോക്കളേറ്റ് കുഴുമ്പ് ഒഴുകും. ഓരോ കാന്‍ഡിയും ഓരോ പെര്‍ഫക്ട് ആര്‍ട്ട് വര്‍ക്കായി തീരും. അവരുടെ വിരലുകളില്‍; നിരവധി ഡിസൈനുകളില്‍ അവരുടെ കൈവേഗം അതിശയകരമായിരുന്നു. ഓരോ ബാച്ച് കാന്‍ഡിയും പെര്‍ഫെക്ട്. പൂര്‍ത്തിയാക്കിയ കാന്‍ഡികള്‍ റഫ്രിജറേറ്ററില്‍ വച്ച് തണുപ്പിച്ച് ബലവത്താക്കിയ ശേഷം അവയെ ബോക്‌സുകളിലാക്കും. ബെസ്സി ഈ ചോക്കളേറ്റില്‍ മുക്കിയ കാന്‍ഡി നിറച്ച ബോക്‌സുകളില്‍ ഭംഗിയുള്ള ചോക്കളേറ്റ് 'ബോ'കള്‍ പതിപ്പിച്ച് സ്റ്റോറിന്റെ ജനാലകളില്‍ പ്രദര്‍ശിപ്പിക്കും. അവര്‍ക്ക് ഡയബറ്റിക്ക് കാന്‍ഡിയും നോണ്‍ഡയബറ്റിക് കാന്‍ഡിയും വില്പനയ്ക്കുണ്ടായിരുന്നു.

വിക്ടറിനും ബെസ്സിക്കും രണ്ടു മക്കളാണ്. ഒരു മകനും മകളും. അവരുടെ മകന്‍ കാള്‍ ഹെയിന്‍സ് ചാര്‍ലി എന്നാണയാളെ വിളിക്കുക. എന്നെക്കാളും കുറച്ചു മൂത്തവന്‍ ആയിരുന്നു. പ്രായത്തില്‍ വളരെ സ്വയം പര്യാപ്തതയുള്ള ചെറുപ്പക്കാരന്‍. എന്നെ ഒരിക്കല്‍ അവന്റെ ഡാഡിയുടെ കാറില്‍ യാത്രക്കു കൊണ്ടുപോയി. മെയ്‌സീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ കാണിച്ചുതന്നു. നിരവധി നിലകളുള്ള, എലിവേറ്ററും എസ്‌കലേറ്ററുകളുമുള്ള, കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ പരസ്യങ്ങളുള്ള പണമുള്ളവര്‍ക്ക് വാങ്ങാന്‍ എന്തും കിട്ടുന്ന അന്തമില്ലാത്ത തരം സാധനങ്ങളുള്ള ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറായിരുന്നു മെയ്‌സീസ്.
ബെസ്സി എന്റെ മമ്മായെ ഒരു ഡോക്ടറെ കാണിച്ചു. ബ്രെമേനിലെ ഡോക്ടറുടെ രോഗനിര്‍ണ്ണയം ശരിയാണെന്ന് ഈ ഡോക്ടറും വിധിച്ചു. ഭാഗ്യത്തിന് മമ്മായുടെ ഗാള്‍ ബ്ലാഡര്‍ ഒരു  വിധത്തിലുള്ള ശല്യവും ചെയ്യുന്നില്ലായിരുന്നു. പക്ഷെ 'ഹോട്ട് ഫ്‌ളാഷ്' എപ്പോഴും മമ്മായെ ശല്യപ്പെടുത്തി. അതിന് എന്തെങ്കിലും മരുന്നു തരണമെന്ന് മമ്മാ ഡോക്ടറോട് ആവശ്യപ്പെട്ടു. മമ്മാ ആ അവസ്ഥയെ ജര്‍മ്മന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഡോക്ടറോട് പറഞ്ഞു. ''ഡോക്ടര്‍ ഞാന്‍ വളരെ കഷ്ടപ്പെടുകയാണ് ഈ പറക്കുന്ന ചൂടില്‍.'' ബെസ്സിയില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്. ''ആ ഡോക്ടര്‍ മമ്മായുടെ പ്രസ്താവന മെഡിക്കല്‍ ടെര്‍മിനോളജിയില്‍ ചേര്‍ത്തു.''
ആഡ്‌ലര്‍ കുടുംബം 180-#ാ#ം സ്ട്രീറ്റ് അപ്പര്‍ മാന്‍ഹാറ്റനിലാണ് താമസിച്ചിരുന്നത്. ഹ്യൂലിസ്റ്റി (ലോംഗ് ഐലന്റ്) പുതിയജോലി തുടങ്ങുന്നതിനു മുന്‍പ് അവര്‍ ഞങ്ങളെ അവരുടെ വീട്ടില്‍ ഡിന്നര്‍ കഴിക്കാന്‍ ക്ഷണിച്ചു. അവിടെ വച്ച് അവരുടെ മകള്‍ ഇല്‍സിനെ കണ്ടു. അവള്‍ ഹൈസ്‌കൂളിലോ കോളേജിലോ പഠിക്കുകയായിരുന്നു, ആ സമയത്ത്. ബുദ്ധിമതിയായ, പഠിക്കാന്‍ വളരെ ഇഷ്ടമുള്ള അവള്‍ എന്നില്‍ മതിപ്പുളവാക്കി. എനിക്കും അവളെപ്പോലെ പഠിക്കാന്‍ സാധിച്ചില്ലല്ലോ എന്നൊരു സങ്കടം അന്ന് എന്റെ മനസ്സില്‍ ഉടലെടുത്തു.

Read More: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക