''എല്ലാം മറക്കൂ മാനവികതയെ കുറിച്ച് മാത്രം ചിന്തിക്കൂ''( ആൽബർട്ട്ഐൻസ്റ്റീൻ).
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ആൽബർട്ട് ഐൻസ്റ്റീൻ കൊടിയ വിഷാദത്തിനിരയായി. താൻ ഒരു ശാസ്‌ത്രജ്‌ഞനായി ജനിച്ചില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്നുപോലും അദ്ദേഹം ചിന്തിച്ചു. ഹിരോഷിമയിലും, നാഗസാക്കിയിലും അമേരിക്ക ന്യൂക്ലിയാർ ബോംബെറിഞ്ഞുമാനവരാശിയെ നശിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ പിടഞ്ഞ ഹൃദയങ്ങളിലൊന്ന് ഐൻസ്റ്റീൻന്റേതായിരുന്നു. 'ലിറ്റിൽബോയ്' , 'ഫാറ്റ്മാൻ' എന്നീ പേരുകളിട്ടു വിളിച്ച ബോംബുകൾ നിർമിക്കാൻ നിദാനമായ തന്റെ കണ്ടു പിടുത്തങ്ങളായിരുന്നുവെന്നത് അദ്ദേഹത്തെ ഏറെ ദുഖിപ്പിക്കുകയും വിഷാദത്തിൽ കൊണ്ടെത്തിക്കുകയും ചെയ്തു. ഈ വിഷാദത്താലാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത് എന്ന നിരീക്ഷണവും നിലനിൽക്കുന്നു. അദ്ദേഹം ഏറ്റവും വലിയ ഒരു ഫിസിസ്ററ് ആയിരുന്നിട്ടു പോലും മാനവികതയെ കുറിച്ച് സംസാരിക്കാനും ‘’ESSAY IN HUMANISM’’ (1950) എന്ന ഈടുറ്റ ഗ്രന്ഥം രചിക്കാനും കാരണമായത് അദ്ദേഹത്തിന്റെ അനുഭവജ്ഞാനമാണ്. മനുഷ്യത്വവും മാനവികതയും നഷ്ട്ടപ്പെട്ട എല്ലാ ശാസ്ത്ര ശാഖകളും നിരർത്ഥകമാണെന്ന് അദ്ദേഹം വാദിക്കുന്നതും വെറുതെയല്ല. ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം നല്ലൊരു സാമൂഹിക ശാസ്‌ത്രജ്‌ഞനും കൂടിയായിരുന്നെന്ന് അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും നിരീക്ഷിച്ചാലറിയാം.
നിലവിലുള്ള സാമുഹിക ശാസ്ത്രങ്ങളിൽ ഏറ്റവും പുതിയ സാമൂഹികശാസ്ത്രമാണ് സോഷ്യോളജി. പത്തൊമ്പതാം നൂറ്റാണ്ടിൽ ആധുനികതയുടെ ഒരു അനിവാര്യ സൃഷ്ടിയായിട്ടാണ് സോഷ്യോളജി ഉത്ഭവിക്കുന്നത്, ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള നവോത്ഥാന ചിന്തയുടെ പശ്ചാത്തലത്തിലാണ് അക്കാദമിക വിഷയമായിസോഷ്യോളജി പിറവിയെടുക്കുന്നത്. എന്നാൽ അതിന്റെയും എത്രയോ വർഷങ്ങൾക്ക് മുൻപ് ഇബ്‌നു ഖൽദൂൻ(1332 - 1406) തന്റെ പ്രശസ്ത ഗ്രന്ഥമായ മുഖദ്ദിമ (1377) യിൽ സോഷ്യോളജിയെ കുറിച്ചും അതിന്റെ സൈദ്ധാന്തിക വശങ്ങളെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്, asabiyyah(social solidarity സാമൂഹികഐക്യം) എന്ന സിദ്ധാന്തം ഇന്നും ആധുനിക സോഷ്യോളജിയിൽ പ്രാധാന്യപൂർവം ചർച്ച ചെയ്യുന്നു.
സമൂഹത്തെ കുറിച്ചും സാമൂഹിക ബന്ധങ്ങളെക്കുറിച്ചും സംസ്കാരങ്ങളെകുറിച്ചും, സാമൂഹിക വ്യവഹാരങ്ങളെ കുറിച്ചും സാമൂഹിക ഘടനകളെ കുറിച്ചുമെല്ലാമുള്ള ശാസ്ത്രീയ പഠനമാണ് സോഷ്യോളജി.
മാതാവും പിതാവും അന്യ വൽക്കരണത്തിനു വിധേയമായി വൃദ്ധസദനങ്ങളിലേക്ക് കുടിയിറക്കപ്പെടുകയും, മൂല്ല്യങ്ങളും, ധാർമികതയും ചോദ്യം ചെയ്യലുകൾക്കും വിധേയമാവുകയും, ഭൂമിശാസ്ത്രപരമായ അതിരുകൾക്കുള്ളിൽ പൗരത്വമെന്ന ചങ്ങലയിൽ മാത്രം മനുഷ്യനെ തളച്ചിട്ടു രാഷ്ട്രീയ മൃഗമായി മാത്രം മനുഷ്യനെ കണക്കാക്കി മാനവികതയെ തൂക്കിലേറ്റുമ്പോൾ അവക്കെതിരെ നട്ടെല്ല് വളയാതെ പ്രതികരിക്കുന്ന ഒരു തലമുറയെയാണ് സോഷ്യോളജി ക്ലാസ്സുകളിൽ വാർത്തെടുക്കുന്നത്. സാമൂഹിക മാറ്റങ്ങൾ ഏതു ദിശയിൽ നടക്കണമെന്നും അവ എങ്ങനെയായിരിക്കണമെന്ന് നിർണയിക്കാനുമുള്ള ധൈഷണിക വ്യാപ്തിയുള്ളവരാണ് സോഷ്യോളജിസ്റ്റുകൾ. യൂറോപ്പും ആഫ്രിക്കയുമുൾപ്പെടെയുള്ള വികസിത രാഷ്ട്രങ്ങൾ സോഷ്യോളജിയെ പഠിക്കുകയും ഗവേഷണങ്ങളിലൂടെ അവയുടെ വ്യത്യസ്ത ശാഖകളെ വേർതിരിക്കുകയും ചെയ്‌തിട്ടുണ്ട്. കാംബ്രിഡ്ജ്, ഓക്സ്ഫെഡ് തുടങ്ങീ വിശ്വപ്രസിദ്ധസർവ്വകലാശാലകളിലെല്ലാം വളരെ വലിയ മേധാവിത്വം പുലർത്തുന്ന പാഠ്യ വിഷയങ്ങളാണ്സോഷ്യോളജി.
അമേരിക്കയിൽ ആദ്യമായി സോഷ്യോളജി ഡിപ്പാർട്ടമെന്റ് ആരംഭിച്ചത് 1890 ൽ കൻസാസ് സർവ്വകലാശാലയിലാണ്, എന്നാൽ ഏഷ്യയിൽ അതിനും മുൻപേ സോഷ്യോളജിക്ക് ആദ്യമായി ഒരുഡിപ്പാർട്ടമെന്റ് ആരംഭിച്ചു, അത് ടോക്കിയോ സർവ്വകലാശാലയിൽ 1883 ലാണ്. ഇന്ത്യയിൽ ആദ്യമായി ബോംബെ സർവ്വകലാശാലയിലാണ് 1919 ൽ സോഷ്യോളജി ഡിപാർട്മെന്റ് ആരംഭിച്ചത്; ഇത് ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഡിപ്പാർട്മെന്റായിരുന്നു. ആദ്യ കാലത്ത് സർപാട്ട്രിക്ക് ഗേഡസും, ജി. എസ്. ഗുര്യയെ പോലുള്ള സാമൂഹിക ശാസ്ത്രത്തിലെ അധികായരായിരുന്നു ഇവിടുത്തെ പ്രൊഫസർമാർ. ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി എന്ന അക്കാദമിക സംഘടനയും, സോഷ്യോളജിക്കൽ ബുള്ളറ്റിൻ എന്ന ജേണലും സ്‌ഥാപിച്ചത് ജി.എസ്. ഗുര്യയാണ്.
സോഷ്യോളജി
കേരളത്തിൽ ഓരോ വർഷവും നാല്പതിനായിരത്തി ഇരുനൂറിലധികം വിദ്യാർഥികൾ ഹയർ സെക്കണ്ടറിയിൽ സോഷ്യോളജി പഠിച്ചു പുറത്തു വരുന്നുണ്ട്, ഇവർക്ക് സോഷ്യോളജി ബിരുദപഠനത്തിന് അവസരമില്ല.
പലപ്പോഴും വിദ്യാർത്ഥികൾ സമാന്തര കലാലയങ്ങളെയും പ്രൈവറ്റ് രജിസ്ട്രേഷനെയും മറ്റും ആശ്രയിക്കാൻ നിർബന്ധിതരാകുന്നു, ഇന്ത്യൻ സോഷ്യോളജിയുടെ അക്കാദമിക ഗുണത്തേയും, വ്യാപ്തിയേയും, ഗവേഷണ നിലവാരത്തെയും മോശമായിബാധിക്കുന്നു.
സർക്കാർ തലത്തിൽ സോഷ്യോളജി കോഴ്സ് ലഭ്യമല്ലാത്തതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പഠനമുപേക്ഷിക്കാൻ നിർബന്ധിതരാവുന്നു.
കേരളത്തിൽ ആദ്യമായി ഒരു സോഷ്യോളജി പഠന വിഭാഗം ആരംഭിക്കുന്നത് 1969 ൽ കേരള സർവ്വകലാശാലയിലാണ്. എന്നാൽ ഏതാണ്ട് അര നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും വെറും നാല് സർവ്വകലാശാലകളിൽ മാത്രമാണ് പേരിനെങ്കിലും സോഷ്യോളജി ഡിപ്പാർട്മെന്റുകളുള്ളത്. കേരള, സംസ്‌കൃത, കണ്ണൂർ, മലയാള സർവ്വകലാശാലകളിലാണിവ. കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കാലിക്കറ്റ് യൂനിവാഴ്‌സിറ്റിയിൽ പോലും ഈ അടുത്ത കാലം വരെ സോഷ്യോളജി ഡിപ്പാർട്മെന്റില്ലായിരുന്നു എന്നത് ചിന്തനീയമാണ്; എന്നാൽ ഈ അടുത്ത വർഷങ്ങളിലായി ഒരു അൺ - എയ്ഡഡ് സെൽഫ് ഫിനാൻസിംഗ് ഡിപ്പാർട്മെൻ്റ് തുടങ്ങിയിട്ടുണ്ട്. ബിരുദാനന്തര ബിരുദത്തിനു ഒരു സെൽഫൈനാൻസ് ഡിപ്പാർട്ട്മെന്റ് ആണ് അവിടെ ആരംഭിച്ചിട്ടുള്ളത്. എന്നാൽ ബിരുദ പഠനത്തിനോ ഗവേഷണ പഠനത്തിനോ ഇവിടെ അവസരമില്ല.
വർഷങ്ങളായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന പാഠ്യ വിഷയം സോഷ്യോളജിയാണ്, എന്നിട്ടു പോലും ഇവിടെ സോഷ്യോളജി ഡിപാർട്മെൻറ് ആരംഭിക്കാത്തത് യൂണിവേഴ്‌സിറ്റിയുടെ പണക്കൊതി ഒന്നു കൊണ്ട് മാത്രമാണെന്ന് സംശയിച്ചാൽ അതിനെ കുറ്റപ്പെടുത്താനാവുമോ?
ഈയിടെ ആരംഭിച്ച മലയാളം സർവ്വകലാശാലയിൽ സോഷ്യോളജി ഡിപ്പാർട്ടമെന്റ് ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ബിരുദാനന്തര ബിരുദ പഠനത്തിന് ഇരുപത് സീറ്റുകൾ ഇവിടെയുണ്ട്, എന്നാൽ ബിരുദ പഠനത്തിനും ഗവേഷണ പഠനങ്ങൾക്കും സൗകര്യങ്ങളില്ല.
കേരളത്തിൽ സർക്കാർ തലത്തിൽ ഏതാണ്ട് അറുപതിനടുത്ത് ആർട്സ് ആൻഡ് സയിൻസ് കോളേജുകളുണ്ട്, ഇവിടങ്ങളിൽ വെറും രണ്ട് കോളേജുകളിൽ മാത്രമാണ് സോഷ്യോളജി ഡിപ്പാർട്മെന്റുള്ളത്. സോഷ്യോളജി ബിരുദാനന്തര ബിരുദപഠനത്തിന് കേരളത്തിൽ ആകെ തൊണ്ണൂറിനു താഴെ സീറ്റുകളാണുള്ളത്. എന്നാൽ ബിരുദ തലത്തിൽ കേരളത്തിൽ അഞ്ഞൂറ്‍ വിദ്യാർത്ഥികൾക്കു പോലും സോഷ്യോളജി പഠിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നതിൽ ഇവിടുത്തെ മാറി മാറി ഭരിച്ച സർക്കാരുകൾ പരാചയപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം വ്യവസായവൽക്കരണത്തിനു വിധേയമായ ഇക്കാലഘട്ടത്തിൽ ഇത്തരത്തിലുള്ള അക്കാദമിക അരികുവൽക്കരണങ്ങളെ കണ്ടില്ലെന്നു നടിച്ചു നിശബ്ദരാവാൻസാധ്യമല്ല.
എം.ഫിൽ, പി.എച്ച്.ഡി. ഗവേഷണ പഠനങ്ങൾക്ക് പത്തു വിദ്ദ്യാർത്ഥികൾക്കു പോലും പ്രവേശനം കൊടുക്കാൻ നമ്മുടെ സർവ്വകലാശാലകൾക്കാകുന്നില്ല. ബിരുദപഠനം മുതൽ ഉന്നത ഗവേഷണപഠനം വരെയുള്ള സോഷ്യോളജി പഠന മേഖലയിൽ കടുത്ത അവഗണനയാണ് കേരളത്തിൽ നേരിടുന്നത്. അക്കാദമിക വിഷയങ്ങൾക്കിടയിൽ അവസര സമത്വമുണ്ടാവാനും മാനവ വിഷയങ്ങളെ വാണിജ്ജ്യവൽകൃത വിഷയങ്ങൾക്കായി കുരുതി കൊടുക്കാതിരിക്കാനും സർക്കാരുകൾ തയ്യാറാവണം.
കേരളത്തിൽ സോഷ്യോളജി പഠനത്തിന് അവസര മൊരുക്കുന്നതിൽ മാറി മാറി വന്ന സർക്കാരുകൾ പരാജയപ്പെട്ടതിനാൽ ബിരുദ പഠനം മുതൽപി.എച്. ഡി. വരെയുള്ള പഠനങ്ങൾക്കായി സംസ്ഥാനത്തെ വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായിവരുന്നു. സാമ്പത്തിക പ്രയാസമുള്ളവരും പുറത്തു പോവാൻസാഹചര്യമില്ലാത്തവരും പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇത് ഭരണഘടനാ സ്വാതന്ത്ര്യ നിഷേധവും സോഷ്യോളജി ക്കെതിരെ യുള്ള കടന്നുകയറ്റവുമാണ്.
കേരളത്തിൽ ഇരുപതിനടുത്ത് എയ്ഡഡ് കോളേജുകളുണ്ട്, എന്നാൽ ഇവകളിൽ വളരെ കുറച്ച് കാമ്പുസുകളിലെ സോഷ്യോളജി ഡിപ്പാർട്മെന്റുകളൊള്ളൂ. ക്രിസ്ത്യൻ മാനേജുമെന്റുകളാണ് സോഷ്യോളജിയെ കൂടുതലായി പരിഗണിക്കുന്നതും പഠിപ്പിക്കുന്നതും. അതിനാൽ തന്നെ കേരള സോഷ്യോളജിക്കൽ സൊസൈറ്റിയിൽ മേധാവിത്വം പുലർത്തുന്നതും കൃസ്തീയ സമുദായമാണ്.
മലബാറിൽ സോഷ്യോളജിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഈയിടെ കാലികറ്റ് യൂണിവേഴ്‌സിറ്റി പുതിയ കോഴ്‌സുകൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചപ്പോൾ സോഷ്യോളജി കോഴ്സ് ആരംഭിക്കാൻ ആരും അപേക്ഷ സമർപ്പിച്ചു കണ്ടില്ല, മറിച്ച് സാമ്പത്തിക നേട്ടം മാത്രം പരിഗണിച്ച് ചിലപ്രത്യേകകോഴ്സുകളെമാത്രമാണ്പരിഗണിച്ചത്. നിലവിൽ സോഷ്യോളജി ബിരുദ പഠന വിഭാഗമുള്ള കോളേജുകൾ ബിരുദാനന്തര ബിരുദ പഠന ഡിപ്പാർട്മെന്റുകൾ ആരംഭിക്കാൻ അപേക്ഷിച്ചതുമില്ല.
റൂറൽ സോഷ്യോളജി പഠനത്തിനായി രണ്ടായിരമാണ്ടിൽ വയനാട് മാനന്തവാടിയിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി ഒരു ഡിപ്പാർട്ടമെന്റ് അനുവദിച്ചിരുന്നു, കുറച്ച് വർഷങ്ങൾക്ക് ശേഷം അതിനെ ആന്ത്രപ്പോളജി ഡിപ്പാർട്മെന്റാക്കി മാറ്റുകയാണ് ചെയ്തത്. ഇന്ത്യയിൽ അക്കാദമിക തലത്തിൽ സോഷ്യോളജിയെ ഏറ്റവും കൂടുതൽ അവഗണിക്കുന്നത് കേരളമാണെന്നു പറയാതിരിക്കാനാവില്ല. വിദ്യാഭ്യാസത്തിന്റെ വാണിജ്ജ്യ വൽക്കരണമാണ് സോഷ്യോളജിയെ പരിഗണിക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്. ജാത്യാധിഷ്ഠിത, മതാധിഷ്ഠിത, അധികാര കേന്ദ്രീകൃത വാർപ്പ് മാതൃകകൾക്കെതിരെ വിമർശനാത്മക ചിന്തയേയും നിർമാണാത്മക പരിഹാരങ്ങളെയും നിർദേശിക്കുന്നതിനെ ആർക്കാണിത്ര ഭയം? സാമൂഹിക പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നതിനെയും, ചോദ്യങ്ങളുയർന്നു വരുന്നതിനെയും സമത്വത്തിനായി ശബ്ദിക്കുന്നതിനേയും സ്വതന്ത്ര ചിന്തകളേയും എന്തിനു ഭയപ്പെടണം. ജെ. എൻ. യു. വിലെയും ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെയുമെല്ലാം വിദ്യാർത്ഥി കളുടെ സാമൂഹിക ഇടപെടലുകൾക്ക് ധൈഷണിക പിൻബലം നൽകുന്നതിൽ സോഷ്യോളജി നേതൃപരമായ പങ്ക് വഹിക്കുന്നു.
എയ്‌ഡഡ് കോളേജുകളും അൺ-എയ്ഡഡ് കോളേജുകളുമെല്ലാം സമൂഹത്തിൻ്റെ നന്മ മുൻനിർത്തി സോഷ്യോളജി പഠന വിഭാഗത്തെ ഉൾക്കൊള്ളാൻ തയ്യാറാവണം. അക്കാദമിക അരികു വൽക്കരണത്തിനെതിരെ സർക്കാർ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. ഏതായാലും അധിക കാലമൊന്നും സോഷ്യോളജിയെ ബാക്ക് ബെഞ്ചിൽ തളച്ചിടാമെന്നു ആരും വ്യാമോഹിക്കേണ്ടതില്ല. നവ ലോക ക്രമവും സാമൂഹിക വെല്ലുവിളികളും നേരിടുന്ന പ്രശ്നങ്ങൾക്ക് ആധികാരിക പരിഹാരം നിർദ്ദേശിക്കാൻ സോഷ്യോളജിക്കേ സാധിക്കൂ.