Image

പാരാലിംപിക്‌സില്‍ ഇന്ത്യക്കു വലിയ പ്രതീക്ഷ (സനില്‍ പി തോമസ്)

Published on 29 August, 2024
പാരാലിംപിക്‌സില്‍ ഇന്ത്യക്കു  വലിയ പ്രതീക്ഷ (സനില്‍ പി തോമസ്)

"ഒളിംപിക്‌സ് വേദിയില്‍ നിന്ന് പാരാലിംപിക്സ് വേദിയിലേക്ക് .ആവണി ലഖാറയ്‌ക്കൊപ്പം നില്‍ക്കാന്‍ അഭിമാനമുണ്ട്. ടോക്കിയോയുടെ ആവര്‍ത്തനം ആയി പാരിസിലും ഒളിംപിക്‌സിനു പിന്നാലെ പാരാലിംപിക്‌സിലും പരിശീലകയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു." പാരിസില്‍ ഇന്നലെ തുടങ്ങിയ പാരാലിംപിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിങ്ങ് താരം ആവണി ലെഖാറയുടെ പരിശീലകയായ ഒളിമ്പ്യന്‍ സുമ ഷിരൂര്‍ കഴിഞ്ഞ ദിവസം കുറിച്ചു. പാരിസ് ഒളിമ്പിക്‌സിലും സുമ ഇന്ത്യന്‍ ഷൂട്ടിങ്ങ് ടീമിനൊപ്പം പരിശീലകയായി ഉണ്ടായിരുന്നു.

ഒളിംപിക്‌സിന്റെ അത്ര പ്രാധാന്യം രാജ്യം പാരാലിംപിക്‌സിനും നല്‍കുന്നു. പക്ഷേ, പ്രതീക്ഷ കൂടുതലാണ്. പതിനേഴാമത് പാരാലിംപിക്‌സാണ് ഇന്നലെ പാരിസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ടോക്കിയോയില്‍ സ്വര്‍ണ്ണം നേടിയ ജാവലിന്‍ താരം സുമിത്  അന്റിലും ഏഷ്യന്‍ പാരാഗെയിംസ് വെള്ളി നേടിയ ഷോട്ട്പുട്ട് താരം ഭാഗ്യശ്രീ ജാദവും, ഇന്ത്യന്‍ പതാക ഏന്തി. സെപ്റ്റംബര്‍ എട്ടുവരെയാണ് ഗെയിംസ്.

പാരിസില്‍ ഓഗസ്റ്റ് 11 ന് കൊടിയിറങ്ങിയ ഗ്രീഷ്മകാല ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ ഇല്ലാതെ മടങ്ങിയ ഇന്ത്യക്ക് പാരാലിംപിക്‌സില്‍ സുവര്‍ണ്ണ പ്രതീക്ഷകള്‍ ഏറെയാണ്. 84 പാരാ അത്‌ലറ്റുകളാണ് പാരിസില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘം. ഇതില്‍ 47 പേര്‍ പുതുമുഖങ്ങളാണ്. 2020 ടോക്കിയോയില്‍ 56 അത്‌ലറ്റുകളാണ് ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. ഒമ്പത് ഇനങ്ങളില്‍ ഇന്ത്യ ടോക്കിയോയില്‍ മത്സരിച്ചു. ഇക്കുറി 12 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും.

പാരാലിംപിക്‌സില്‍ കഴിഞ്ഞ 11 പതിപ്പുകളിലായി ഇന്ത്യ 31 മെഡല്‍ നേടിയിട്ടുണ്ട്. ഒമ്പത് സ്വര്‍ണ്ണം, 12 വെള്ളി, 10 വെങ്കലം. ഇതില്‍ പകുതിയിലേറെ കൈവന്നത് കഴിഞ്ഞ തവണ ടോക്കിയോയില്‍ ആണ്.  ടോക്കിയോയില്‍ ആവണി ലെഖാറ(വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങ്), സുമിത് അന്റില്‍(പുരുഷന്മാരുടെ ജാവലിന് ത്രോ), മനീഷ് നര്‍വാള്‍(പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റല്‍), പ്രമോദ് ഭഗത്(പുരുഷന്‍മാരുടെ ബാഡ്മിന്റന്‍, കൃഷ്ണ നായര്‍(പുരുഷ ബാഡ്മിന്റന്‍) എന്നിവര്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടി. പാരാലിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ് ആവണി ലെഖാറ.

ഇത്തവണ 25 മെഡല്‍ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഗ്രീഷ്മകാല ഒളിമ്പിക്‌സില്‍ ഇന്ത്യ രണ്ടക്കം ലക്ഷ്യമിട്ടെങ്കിലും ആറു മെഡല്‍ ആണു കിട്ടിയത്. പക്ഷേ, പാരാലിംപിക്‌സില്‍ ഇന്ത്യ കൂടുതല്‍ ശക്തമാണ്. പാരാലിംപിക് കമ്മറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, രണ്ടു തവണ പാരാലിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള ദേവേന്ദ്ര ജജാരിയ, വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ' സമ്മര്‍ദത്തിലാകരുത്. കഴിവിന്റെ പരമാവധി പുറത്തെടുക്കുക മെഡല്‍ നിങ്ങള്‍ക്കും സ്വന്തമാകും.' തന്റെ  അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ജജാരിയ ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞു.

'രാജ്യത്തിന്റെ അഭിമാനം' എന്നാണ് ഇന്ത്യന്‍ സംഘത്തെ  കേന്ദ്ര സ്‌പോർട്സ് മന്ത്രാലയം വിശേഷിപ്പിച്ചത്. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെയും സഹമന്ത്രി രക്ഷാ ഖട്‌സെയുടെയും നേതൃത്വത്തില്‍ ഉജ്ജ്വല യാത്രയയപ്പാണ് ടീമിനു നല്‍കിയത്. മെഡല്‍ പട്ടികയില്‍ ആദ്യ 20ല്‍ വരികയാണ് ഇന്ത്യയുടെ ലക്ഷ്യം.
ടോക്കിയോയില്‍ ഇന്ത്യന്‍ സംഘത്തില്‍ 14 വനിതകള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി 32 വനിതകള്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നു. പാരാ സൈക്ക്‌ളിങ്ങ്, പാരാ റോവിങ്, ബ്‌ളൈന്‍ഡ് ജൂഡോ എന്നീ ഇനങ്ങളില്‍ ഇന്ത്യ ഇത്തവണ അധികമായി മത്സരിക്കുന്നുണ്ട്. ഇതുവരെ കണ്ടതില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്കിയോയില്‍ സാധ്യമായത്. അഞ്ചു സ്വര്‍ണ്ണം ഉള്‍പ്പെടെ 19 മെഡലുകള്‍(എട്ടു വെള്ളി, ആറു വെങ്കലം)നേടി.

ആര്‍ച്ചറി, അത്‌ലറ്റിക്‌സ്, ബാഡ്മിന്റൻ, കനൂയിങ്, സൈക്ക്‌ളിങ്ങ്, ജൂഡോ, പവര്‍ ലിഫ്റ്റിങ്, റോവിങ്, ഷൂട്ടിങ്ങ്, സ്വിമ്മിങ്, ടേബിള്‍ ടെന്നിസ്, തൈക്വാണ്‍ഡോ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. അത്‌ലറ്റിക്‌സില്‍ ആണ് ഏറ്റവും അധികം താരങ്ങള്‍ ഇറങ്ങുക. 38 പേര്‍. ബാഡ്മിന്റനില്‍ 13 പേര്‍ മത്സരിക്കും. ഷൂട്ടിങ്ങില്‍ 10 പേര്‍ ഉണ്ട്. 1972 ല്‍ ആണ് പാരാലിംപിക്‌സില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടുന്നത്. ഹിഡല്‍ബെര്‍ഗില്‍ നടന്ന മേളയില്‍ മുരളീകാന്ത് പേത്കര്‍ 50 മീറ്റര്‍ ഫ്രീസ്‌റ്റെല്‍ നീന്തലില്‍ സ്വര്‍ണ്ണം നേടി. ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞു.
 

Join WhatsApp News
I feel sorry man 2024-08-29 17:30:44
എന്ത് പ്രതീക്ഷ. കാലും കയ്യും ഉള്ളവർക്ക് കഴിയാത്തതാണോ ഇവർ നേടാൻ പോകുന്നത്? ചുമ്മാ വാചകം അടിയ്ക്കാതെ സനിലെ ? നിങ്ങൾ ആർക്കുവേണ്ടിയാണ് ഇതെഴുതുന്നത്. ഇന്ത്യയിലെ കൂറ രാഷ്ട്രീയക്കാർക്ക് വേണ്ടിയോ? അംഗ വൈകല്യമുള്ളവരെ ഒരിക്കലും മാനിക്കാത്ത ഇന്ത്യ, അവരെ ഓടിച്ചിട്ട് ഓടും, വെള്ളിയും, സ്വർണ്ണവും വാങ്ങി രാഷ്ട്രീയക്കാർക്ക് പൊങ്ങച്ചം അടിയ്ക്കാനോ ? ഐ ഫീൽ സോറി മാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക